close
Sayahna Sayahna
Search

രണ്ടാം ദിവസം


രണ്ടാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

രാവിലെ ഉണര്‍ന്നപ്പോള്‍ നാന്‍സി ആലോചിച്ചു. മറ്റൊരു ദിവസംകൂടി തന്റെ മണ്ടയി­ലിട്ടിരിക്കുന്നു. ദൈവമേ, അതിന്റെ ആവശ്യമുണ്ടാ­യിരുന്നോ. വെറും സാധാരണ ദിവസം. ഇതുകൊണ്ട് ഞാനെന്തു ചെയ്യാനാണ്? എഴുന്നേല്‍ക്കണം, പല്ലു തേക്കണം, കുളിക്കണം. മേല്‍ക്കുളി മാത്രമേയുള്ളൂ. തല കഴുകുന്നത് വൈകുന്നേ­രമാണ്. രാവിലെ തലകുളിച്ചാല്‍ മുടി ഉണങ്ങി­ക്കിട്ടില്ല. ചേച്ചിയുടെ കയ്യില്‍ ഡ്രൈയറുണ്ട്. കഴിഞ്ഞ പ്രാവശ്യം ഭര്‍ത്താവ് ദുബായില്‍നിന്നു ലീവില്‍ വന്നപ്പോള്‍ കൊണ്ടുവ­ന്നതാണ്. അത് ചേച്ചിതന്നെ ഉപയോ­ഗിക്കാതെ അമുല്യനി­ധിയായി അലമാറിയില്‍ വച്ചിരിക്കയാണ്. പുറപ്പെട്ട്, ചേച്ചിയുണ്ടാക്കിയ പൂട്ടും കടലയും..... പൂട്ടും കടലയും! ദൈവമേ എന്നെങ്കിലും കുറച്ചുകൂടി തിന്നാന്‍ കൊള്ളാവുന്ന സാധനങ്ങളു­ണ്ടാക്കാന്‍ ചേച്ചിയെക്കൊണ്ട് തോന്നിക്കണമേ!

സ്വര്‍ണ്ണബക്കിളുകളുള്ള തോല്‍സഞ്ചി തോളിലിട്ട് അവള്‍ വാതില്‍ തുറന്നു. മുട്ടുകുത്തി ഇരുന്നുകൊണ്ട്, മുമ്പില്‍ പ്രതീക്ഷകളോടെ നില്‍ക്കുന്ന നെല്‍സനെ അടുത്തു പിടിച്ചു. അവന്റെ മുഖം നിറയെ ഐസ്‌ക്രീം പരന്നിരിക്കുന്നു. ഉമ്മ കൊടുക്കാന്‍ ഒരു പഴുതിനുവേണ്ടി അവള്‍ പരതി. ഇല്ല ഒരിഞ്ചു പഴുതില്ല.

‘എന്തിനാ ചേച്ചീ ഈ കൊച്ചിന് രാവിലെത്തന്നെ ഐസ്‌ക്രീം കൊടുത്തത്?’

‘ഓ, ഞാന്‍ കൊടുത്തിട്ട് വേണല്ലോ അവന്?’ കാര്യം ശരിയാണ്. അവന്‍ തന്നെ ഫ്രിജ്ജ് തുറന്ന് മുമ്പില്‍ ഒന്നോ രണ്ടോ ഡബ്ബകള്‍ വച്ച് അതിനുമുകളില്‍ കയറി ഫ്രീസറെന്ന സ്വര്‍ഗ്ഗത്തി­ലെത്തുന്നു. പിന്നെ കയ്യിട്ടു മാന്തലാണ്.

‘ഞാനെങ്ങനാ ഇതിനൊരുമ്മ കൊടുക്ക്വാ?’

അന്വേഷണം നിര്‍ത്തി, അവസാനം ഒരുമ്മ അവന്റെ മുഖത്തേയ്ക്ക് കാറ്റില്‍ പറത്തി കാര്യം കഴിച്ച് അവള്‍ പുറത്തേയ്ക്കിറങ്ങി.

പ്ലാറ്റ്‌ഫോമില്‍ കടന്നപ്പോഴാണ് ഒരു വണ്ടി വരുന്നത് കണ്ടത്. വൈകിയോടുന്ന ഏതെങ്കിലും വണ്ടിയായിരിക്കും. അതില്‍ കയറാം ആലുവാ എത്തുമ്പോഴേയ്ക്ക് സീറ്റു കിട്ടാതിരിക്കില്ല. അല്ലെങ്കില്‍ വേണ്ട. തന്റെ സ്ഥിരം പുഷ്പുള്‍ തന്നെ വരട്ടേ. അതില്‍ അവള്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതൊക്കെയുണ്ട്. മൂന്നു മാസമായി നഷ്ടപ്പെട്ട ചിലത്. ഒരു നോട്ടം മാത്രമായിരിക്കാം. അതു മതി. ആ നോട്ടം അവളെ ഒരു ദിവസം മുഴുവന്‍ കൊണ്ടു നടക്കുന്നു.

പുഷ്പുള്‍ പ്രസരിപ്പോടെ പ്ലാറ്റ്‌ഫോമിലെ­ത്തിച്ചേര്‍ന്നു. എഞ്ചിന്‍റൂ­മില്‍നിന്ന് പുറത്തേക്കു പറന്നു വന്ന ചിരി തിരിച്ചുകൊടുത്ത് അവള്‍ വേഗം തൊട്ടടുത്തുള്ള കമ്പാര്‍ട്ടുമെന്റില്‍ കയറി. അവളുടെ ഗാങ്ങ് അവള്‍ക്കായി കരുതിവച്ച സീറ്റില്‍ അമര്‍ന്നിരു­ന്നപ്പോള്‍ അവള്‍ ആലോചിച്ചു. ഞാന്‍ വീണ്ടും പ്രണയത്തിന്റെ നറുമണം പൊഴിക്കുന്ന പൂന്തോട്ടത്തി­ലെത്തിച്ചേര്‍ന്നി­രിക്കുന്നു. ഇത്രയും കടുപ്പമുള്ള വാക്കുകള്‍ മനസ്സില്‍ വന്നതില്‍ അവള്‍ക്ക് സ്വയം മതിപ്പുതോന്നി. എഞ്ചിന്‍റൂമിലെ സുന്ദരമുഖം തല്ക്കാലം മനസ്സില്‍ നിന്ന് തുടച്ചുമാറ്റി കൂട്ടുകാരി­കളുമായി സംസാരിക്കാന്‍ തുടങ്ങി. വണ്ടി നീങ്ങിയപ്പോള്‍ അവര്‍ നിര്‍ത്തിവച്ച അന്താക്ഷരി വീണ്ടും തുടങ്ങി. അതങ്ങിനെയാണ്. സ്റ്റേഷനില്‍ വണ്ടി നിന്നാല്‍ കളി നിര്‍ത്തും, പുറപ്പെട്ടാല്‍ നിന്നിടത്തു നിന്നുതന്നെ തുടങ്ങും. അതിന്റെ കണിശം നാന്‍സിയെ അദ്ഭുതപ്പെടു­ത്തിയിട്ടുണ്ട്. ഒരിക്കലെങ്കിലും പറഞ്ഞുനിര്‍ത്തിയ പാട്ട് മറന്നുപോവുകയോ അടുത്തു പാടാനുള്ള പാട്ടിന്റെ ഈരടികള്‍ നാവില്‍ വരാതിരിക്കയോ ചെയ്യില്ല. സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോ­ഴുണ്ടാവുന്ന വിരസത അവര്‍ മനസ്സിന്റെ തല്‍ക്കാല സ്റ്റോര്‍ റൂമില്‍, ഓര്‍മ്മയില്‍ നിന്നെടുത്ത പാട്ടുകള്‍ നിറക്കുക വഴി ഇല്ലാതാക്കുന്നു. അതുകൊണ്ട് ഒരോ സ്റ്റേഷന്‍ പിന്നിടുമ്പോഴും അവര്‍ ടാങ്കു നിറയെ പെട്രോളടിച്ച വണ്ടിപോലെ ഇരമ്പുന്നു.

തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് നാന്‍സിക്കറിയാം. പാട്ടുകള്‍ ഇഷ്ടപ്പെടാത്ത­തുകൊണ്ടല്ല. അവ ഓര്‍മ്മയില്‍ വരില്ല. മനസ്സില്‍ മറ്റു പ്രധാനപ്പെട്ട കാര്യങ്ങളാണ്. രണ്ടു ദിവസം തുടര്‍ച്ചയായി കണ്ടിരുന്ന ഒരാളെ മൂന്നാം ദിവസം കാണാതി­രുന്നാല്‍ അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കണം. ലേഡീസ് സ്റ്റോറുകളിലെ സേയില്‍സ്മാന്‍മാര്‍ നല്ല ജോലികിട്ടി പോയാലുണ്ടാകുന്ന വിടവ് നികത്തണം. ഇതിനൊക്കെ­യിടയില്‍ പാട്ടുകളോര്‍ത്തി­രിക്കാന്‍ വിഷമമാണ്. അവള്‍ സിനിമ കണ്ടിരുന്നത് പുതിയ ചൂരിദാറു­കളുടെയും മാലകളുടെയും ഫാഷന്‍ അറിയാ­നായിരുന്നു. പിന്നെ നായകന്മാരെ കാണാനും. പാട്ടുകള്‍ അവളില്‍ വലിയൊരു മതിപ്പ് ഉണ്ടാക്കി­യിരുന്നില്ല.

തോല്‍വിയുടെ ചീത്ത ചുവയും വായില്‍പേറി അവള്‍ കമ്പാര്‍ട്ടുമെ­ന്റില്‍നിന്നു പുറത്തുകടന്നു. സ്‌നേഹിതകള്‍ കമ്പാര്‍ട്ടുമെ­ന്റിനുള്ളില്‍ മാത്രമായിരുന്നു. പുറത്ത് അവള്‍ ഒറ്റയ്ക്കു നടക്കാന്‍ ഇഷ്ടപ്പെട്ടു. അവളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ അവളാരെയും അനുവദിച്ചില്ല. നടുറോട്ടിലായിരുന്നു അവളുടെ സ്വകാര്യത­യെന്നത് വേറെ കാര്യം. അവള്‍ പാലത്തിനു മീതെ പോകാതെ വണ്ടിയുടെ മുന്നിലേയ്ക്കു പ്ലാറ്റുഫോമിലൂടെ നടന്നു. ഡ്രൈവര്‍ ചിരിക്കുകയാണ്. അയാളുടെ നോട്ടത്തില്‍ ചോദ്യമുണ്ട്. എന്താണ് പാലത്തിന്മേല്‍ കയറാതെ പാളങ്ങള്‍ മുറിച്ചു കടക്കുന്നതെന്ന ചോദ്യം. അവള്‍ക്കും ചോദ്യമുണ്ടാ­യിരുന്നു. കഴിഞ്ഞ മൂന്നു മാസക്കാലം എവിടെയാ­യിരുന്നു? ചോദിക്കാത്ത ചോദ്യങ്ങള്‍ മനസ്സില്‍ കിടന്ന് വിങ്ങിയപ്പോള്‍ അവള്‍ക്ക് ദ്വേഷ്യം പിടിച്ചു. അവള്‍ ഒന്നും പറയാതെ തലവെട്ടിച്ചു നടന്നു റെയില്‍­പാളങ്ങള്‍ മുറിച്ചുകടക്കാന്‍ തുടങ്ങി. വിലങ്ങനെയിട്ട രണ്ടു വണ്ടികളില്‍ കയറിയി­റങ്ങിയതു ലാഭം. ദിവസത്തിന്റെ ലാഭനഷ്ടക്ക­ണക്കുകളുടെ പേജില്‍ അതു കുറിച്ചിട്ടുകൊണ്ട് അവള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി.

ഷോപ്പില്‍ മാലതി കമ്പ്യൂട്ടറിനു മുമ്പില്‍ ജോലി തുടങ്ങിയിരുന്നു. ചേമ്പറില്‍, മുകളില്‍ നിന്നുള്ള സ്‌പോട്ട്‌ലൈറ്റ് ഭാസ്‌കരന്‍ നായരുടെ കഷണ്ടി­ത്തലയില്‍ ഒരു നിലവിളക്കു കൊളുത്തിവച്ച പ്രതീതിയു­ണ്ടാക്കി. ആദ്യമുണ്ടായ വികാരം മുമ്പില്‍ പോയി ഒരു ശ്രീകോവി­ലിലെന്ന പോലെ തൊഴാനാണ്. അവള്‍ പള്ളിയില്‍ പോകുന്ന പോലെത്തന്നെ അമ്പലത്തിലും പോയിരുന്നു. ചേച്ചി അവളെ ശാസിക്കാറുണ്ട്. നമ്മുടെ മതത്തിന് പറ്റിയതല്ല അമ്പലത്തില്‍ പോക്കും മറ്റും. നമുക്ക് നമ്മുടെ വിശ്വാസങ്ങള്‍, അവര്‍ക്ക് അവരുടേതും. നാന്‍സി പക്ഷേ കൂടുതല്‍ ചിന്തിച്ചിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നവള്‍ക്കു നിശ്ചയമില്ല. ചില കാര്യങ്ങള്‍ കാണുമ്പോള്‍ തോന്നും ദൈവമില്ല എന്ന്. ഉദാഹരണമായി മോഹന്‍ലാ­ലിന്റെ പുതിയ സിനിമ കാണാന്‍ ആര്‍ത്തി പിടിച്ച് പോകുമ്പോള്‍ ടിക്കറ്റ് കിട്ടാതിരിക്കുക, ബോസ് പുറത്തുപോയ തക്കം നോക്കി ആണ്‍പി­ള്ളേരെ ആരെയെങ്കിലും ഫോണില്‍ വിളിച്ചു കൊണ്ടിരിക്കെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയുന്ന നിര്‍ണ്ണായക­ഘട്ടത്തില്‍ അദ്ദേഹം തിരിച്ചു വരിക തുടങ്ങിയ ദുരന്തങ്ങള്‍ വരുമ്പോള്‍ അവള്‍ക്കു തോന്നും ദൈവമില്ല എന്ന്. എങ്കിലും ഒരു റിസ്‌ക് എടുക്കാന്‍ അവള്‍ ശ്രമിച്ചില്ല. ദൈവമില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷേ ഉണ്ടെങ്കിലോ? ഉണ്ടെങ്കില്‍ അത് പള്ളിയിലെ­ന്നപോലെ അമ്പലങ്ങളിലും ഉണ്ടാവാനാണ് സാധ്യത. ഇത് മുന്‍കൂട്ടിക്കണ്ട് അവള്‍ അമ്പലത്തിലും പോയി. മാത്രമല്ല ചെറുപ്പക്കാരനും സുമുഖനുമായ ശാന്തിക്കാരന്റെ അര്‍ദ്ധന­ഗ്നദേഹം അവള്‍ക്കിഷ്ട­മായിരുന്നു. വെളുത്ത് വിരിഞ്ഞ മാറില്‍ നിറയെ രോമങ്ങള്‍. ആകെ പുതച്ചുമൂടിയ പള്ളീലച്ചന്റെ ദേഹവുമായി അവള്‍ താരതമ്യ­പ്പെടുത്തും. പള്ളീലച്ചനും ചെറുപ്പക്കാരനും സുമുഖനും തന്നെയാണ്. പക്ഷേ വസ്ത്രധാര­ണത്തിലുള്ള വ്യത്യാസം ശാന്തിക്കാരന് ഒരു മാര്‍ക്ക് കൂട്ടിക്കൊടുത്തു. പ്രസാദം തരുമ്പോള്‍ ശാന്തിക്കാരന്റെ കണ്ണുകള്‍ അവളുടെ ദേഹം ആരാധനയാല്‍ ഉഴിഞ്ഞ് അസ്വാസ്ഥ്യമു­ണ്ടാക്കുമ്പോള്‍ അവള്‍ അതേ കര്‍മ്മം കൊണ്ട് ശാന്തിക്കാ­രനെയും വിഷമിപ്പിച്ചു. അമ്പലത്തില്‍നിന്നു പുറത്തു കടക്കുമ്പോള്‍ ലാഭനഷ്ട­ക്കണക്ക് തുല്യമായിരിക്കും.

‘ഇന്നെന്താ സമയത്തിനു തന്നെ എത്തിയിട്ടുണ്ടല്ലോ?’ ഭാസ്‌കരന്‍ നായര്‍ വിളിച്ചു പറഞ്ഞു.

‘അദ്ഭുതങ്ങള്‍ സംഭവിക്കാം അല്ലേ?’

‘ഞാനല്ലെങ്കിലേ ദ്വേഷ്യം പിടിച്ചിട്ടാ വരുന്നത്.’ നാന്‍സി പറഞ്ഞു. ‘ഇനി സാറും എന്നെ ദ്വേഷ്യം പിടിപ്പിക്കണ്ട.’

‘എന്തു പറ്റീ മോളെ?’ അയാള്‍ ചേമ്പറിനു പുറത്തു കടന്നുകൊണ്ട് ചോദിച്ചു.

‘ഒന്നുമില്ല.’

‘ഇന്ന് എഞ്ചിന്‍ ഡ്രൈവര്‍ നിന്നെ നോക്കി ചിരിച്ചില്ലേ?’

‘ചിരിച്ചു. അതാണ് എനിക്ക് ദ്വേഷ്യം പിടിക്കാന്‍ കാരണം.’

ഭാസ്‌കരന്‍ നായര്‍ ആശയക്കുഴ­പ്പത്തിലായി. ഒരു ചെറുപ്പക്കാരന്‍ നോക്കി ചിരിച്ചി­ല്ലെങ്കില്‍ മാത്രം ദ്വേഷ്യം പിടിക്കുന്ന ആളാണ് മുമ്പില്‍ നില്‍ക്കുന്നത്? അപ്പോള്‍ കുഴപ്പം മറ്റെന്തോ ആണ്. അയാള്‍ നാന്‍സിക്ക് ചെയ്യാനുള്ള ജോലി ഏല്‍പ്പിച്ചു കൊടുത്തു, തന്റെ ചേമ്പറില്‍ പോയി. മകന്റെ കത്തുണ്ട്. ‘അച്ഛന്‍ ഇന്റനെറ്റെടുക്കു. ഞാന്‍ ഇ—മെയിലില്‍ ദിവസവും ബന്ധപ്പെടാം. ഒരു ലോക്കല്‍ കാളിന്റെ ചിലവില്‍ എനിക്ക് അമേരിക്കയില്‍നിന്ന് ഇ—മെയില്‍ അയക്കാം. എത്ര ചിലവു വരുമെന്ന് അറിയിക്കൂ, ഞാന്‍ ചെക്കയച്ചുതരാം.’

അവന് വട്ടാണ്!