close
Sayahna Sayahna
Search

പ്രപഞ്ചത്തിന്റെ ആരംഭത്തിൽ


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചും അതിന്റെ മൗലിക ഘടകങ്ങളെക്കുറിച്ചുമാണു് ഇതുവരെ പ്രതിപാദിച്ചതു്. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള ഒരേകദേശരൂപം അതിൽനിന്നു് ലഭിച്ചിട്ടുണ്ടായിരിക്കുമല്ലോ. ഇനി നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതിനെക്കാളെല്ലാം കുഴഞ്ഞുമറിഞ്ഞതാണു്. മനുഷ്യനിൽ ചിന്താപാടവം നാമ്പെടുത്ത അന്നുമുതൽ ആരംഭിച്ച അന്വേഷണങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവും അതുതന്നെയായിരുന്നു. തത്ത്വചിന്തകന്മാരും മതസ്ഥാപകന്മാരും ഈ മൗലികപ്രശ്നത്തിനു് വിവിധ തരത്തിലുള്ള ഉത്തരങ്ങളേകി. അത്തരം സിദ്ധാന്തങ്ങൾ, ഭൂരിപക്ഷവും ആദിമമനുഷ്യ മസ്തിഷ്കത്തിന്റെ ഭാവനാവിലാസങ്ങളുടെ പ്രതിഫലങ്ങളായിരുന്നു. എങ്കിലും മനുഷ്യസമൂഹത്തിന്റെ പരിവർത്തനങ്ങൾക്കിടയ്ക്കു് അത്തരം സിദ്ധാന്തങ്ങളിൽ പലതും ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെട്ടുവന്നു. പല ജനസമൂഹങ്ങളും അവയെ തങ്ങളുടെ അപഞ്ചലവിശ്വാസപ്രമാണങ്ങളായി സ്വീകരിച്ചു. പ്രപഞ്ചത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള അത്തരം സാങ്കല്പികകഥകൾ പലതും ഇന്നും പല മതങ്ങളുടെയും തത്ത്വചിന്തകളുടെയും അനുയായികൾ അതേപടി നിലനിർത്തിപ്പോരുന്നു.

ശാസ്ത്രത്തിനു് ഇത്തരം മുൻ വിധികളോടുകൂടിയ വിശ്വാസപ്രമാണങ്ങളെയൊന്നും സ്വീകരിക്കുക വയ്യ. വസ്തുനിഷ്ഠമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളെ മാത്രമേ ശാസ്ത്രമംഗീകരിക്കുകയുള്ളു. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള പ്രശ്നം, മതസ്ഥാപകരും മറ്റും കൈകാര്യം ചെയ്തതുപോലെ അത്ര എളുപ്പത്തിൽ വിശദീകരിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. അന്ധമായ വിശ്വാസപ്രമാണങ്ങൾ വെച്ചു പുലർത്തുന്നവരെപ്പോലെ ഏതെങ്കിലും സിദ്ധാന്തങ്ങൾ ശരിയാണെന്നു് ഉറപ്പിച്ചു പറയാനും ശാസ്ത്രത്തിനു് കഴിയുകയില്ല. കിട്ടാവുന്നിടത്തോളം തെളിവുകളെയെല്ലാം സമാഹരിച്ചു് അവയുടെ അടിസ്ഥാനത്തിൽ, ആ വസ്തുതകളുമായി പൊരുത്തപ്പെടുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ മാത്രമേ ശാസ്ത്രത്തിനു് കഴിയൂ. പ്രപഞ്ചത്തിന്റെ ആരംഭം എപ്പോൾ എങ്ങനെ നടന്നു, അല്ലെങ്കിൽ പ്രപഞ്ചത്തിനു് ആരംഭവും അവസാനവും തന്നെയുണ്ടോ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കുത്തരം കണ്ടെത്താൻ, ശാസ്ത്രം സ്വീകരിക്കുന്ന സമ്പ്രദായമിതാണു്.

പ്രപഞ്ചം വികസിക്കുകയാണു്

പ്രപഞ്ചത്തിന്റെ ആരംഭത്തെക്കുറിച്ചു് അന്വേഷണം നടത്താൻ മുതിർന്ന ശാസ്ത്രജ്ഞന്മാർക്കു് അത്യന്തം ശ്രദ്ധേയമായ ചില തെളിവുകൾ ലഭിക്കുകയുണ്ടായി. അതു മറ്റൊന്നുമല്ല, പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു് അവർ കണ്ടെത്തി. ഓരോ നക്ഷത്രങ്ങളും ഓരോ നക്ഷത്രസമൂഹങ്ങളും പരസ്പരം അകന്നുകൊണ്ടിരിക്കുകയാണു്. ഈ വികാസപരമായ ചലനത്തിൽ പങ്കെടുക്കാത്ത ഒന്നും തന്നെ പ്രപഞ്ചത്തിലില്ല. നാം — സൗരയൂഥം — മറ്റു നക്ഷത്രങ്ങളിൽ നിന്നകന്നുകൊണ്ടിരിക്കുന്നതു പോലെ ആ നക്ഷത്രങ്ങളും നമ്മിൽ നിന്നകന്നുകൊണ്ടിരിക്കുകയാണു്. കൂടുതൽ കൂടുതൽ അകലേയ്ക്കു പൊയ്ക്കൊണ്ടിരിക്കുംതോറും അകന്നുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുടെ പ്രവേഗവും വർദ്ധിക്കുന്നു.

നക്ഷത്രങ്ങളുടെ ഈ സവിശേഷസ്വഭാവത്തെക്കുറിച്ചു് അറിവു ലഭിച്ചതു് സാങ്കല്പികസിദ്ധാന്തങ്ങൾ വഴിയല്ല. സ്പെക്ട്രോഗ്രാഫിൽ പ്രകടമാവുന്ന ചില പ്രതിഭാസങ്ങളാണു് ഇതിനാധാരം. ഒരു തീവണ്ടി അടുത്തുവരും തോറും അതിന്റെ ചൂളംവിളിയുടെ താരത്വം ഉയർന്നുവരുന്നതായി നമുക്കനുഭവപ്പെടുന്നു. വണ്ടി അകന്നകന്നു പോകുംതോറും ഈ താരത്വം കുറഞ്ഞുവരികയും ചെയ്യുന്നു. സ്വരം പ്രദർശിപ്പിക്കുന്ന ഈ സവിശേഷ സ്വഭാവത്തെ ‘ഡോപ്ലർ ഇഫക്റ്റു്’ എന്നു പറയുന്നു. പ്രകാശത്തിന്റെ കാര്യത്തിലും ഇത്തരമൊരു സവിശേഷതയുണ്ടെന്നു ഹബിൾ സിദ്ധാന്തിക്കുകയുണ്ടായി.

നക്ഷത്രങ്ങളിൽ നിന്നുവരുന്ന പ്രകാശരശ്മികളെ പ്രിസത്തിലൂടെ കടത്തിവിട്ടാലുണ്ടാകുന്ന സ്പെക്ട്രത്തെ കൂലങ്കഷമായി പരിശോധിച്ചിട്ടാണു് നക്ഷത്രങ്ങളുടെ വിവിധ സവിശേഷതകൾ നാം മനസ്സിലാക്കുന്നതു്. നക്ഷത്രങ്ങളുടെ സഞ്ചാരഗതികൾക്കനുസരിച്ചു് സ്പെക്ട്രത്തിലെ പ്രകാശക്രമം വ്യതിചലിക്കുന്നു. നക്ഷത്രം നമ്മോടടുത്തു വരികയാണെങ്കിൽ സ്പെക്ട്രം ഇടതുവശത്തോട്ടു് അഥവാ വയലറ്റിലേയ്ക്കു നീങ്ങിയാണു് കാണുക. അതേസമയം നക്ഷത്രം അകന്നുപോവുകയാണെങ്കിൽ സ്പെക്ട്രം വലതുവശത്തേയ്ക്കു അഥവാ ചുകപ്പുവശത്തേയ്ക്കു നീങ്ങിയിരിക്കും. സ്പെക്ട്രത്തിലുണ്ടാകുന്ന ഈ വ്യതിയാനങ്ങൾ നോക്കി നക്ഷത്രങ്ങളുടെ ഗതി നിർണ്ണയിക്കാൻ കഴിയും. നമ്മുടെ സമീപപ്രദേശങ്ങളിലുള്ള അപൂർവ്വം ചില ഗാലക്സികളൊഴിച്ചാൽ ബാക്കിയെല്ലാം തന്നെ ചുകപ്പുവശത്തേയ്ക്കു നീങ്ങിയിരിക്കുന്നതു് കാണാം. അതായതു് അവ നമ്മിൽനിന്നു് അകന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നു സാരം. മാത്രമല്ല, ഏറ്റവും കൂടുതൽ ‘ചുകപ്പുനീക്കം’ പ്രദർശിക്കുന്നവ വളരെ അകലെയുള്ള ഗാലക്സികളാണു്. തന്മൂലം അവ അടുത്തുള്ളവയേക്കാൾ കൂടുതൽ വേഗത്തിൽ അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്നു അംഗീകരിക്കേണ്ടിയിരിക്കുന്നു. സെക്കൻഡിൽ 30,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ചില നക്ഷത്രസമൂഹങ്ങളുണ്ടെന്നു് ‘ചുകപ്പുനീക്കങ്ങൾ’ വ്യക്തമാക്കി തരുന്നു. ഈ വസ്തുത മൗലികമായ ആ പ്രാപഞ്ചിക പ്രശ്നത്തിനുള്ള ഉത്തരത്തിലേയ്ക്കു വിരൽ ചൂണ്ടുന്നുണ്ടു്.

സ്ഫോടന സിദ്ധാന്തം

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണു് നാം ജീവിക്കുന്നതെന്നും, വികാസവേഗം ദൂരത്തിനനുസരിച്ചു് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉള്ള നിഗമനം ഒരു യാഥാർത്ഥ്യമാണെന്നു് വന്നിരിക്കയാണിപ്പോൾ. ഈ വസ്തുത കുറേക്കൂടി ദൂരവ്യാപകമായ ചില നിഗമനങ്ങളിലേയ്ക്കു നമ്മെ നയിക്കുന്നു. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തു സഞ്ചയങ്ങളും പരസ്പരം അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണെങ്കിൽ ഇവയെല്ലാം ഒരുകാലത്തു് ഒന്നിച്ചിരുന്നവയായിരിക്കേണ്ടതല്ലേ? അങ്ങനെയാണെങ്കിൽ ഇന്നത്തെ അവയുടെ ചലനദിശയ്ക്കു വിപരീതമായി അന്വേഷിച്ചു പോവുകയാണെങ്കിൽ ഇന്നത്തെ പ്രപഞ്ചത്തിനു് ഒരു ആരംഭമുണ്ടായിരുന്നിരിക്കണം. ഒരന്ത്യമുണ്ടാവുകയും ചെയ്യും! ഈ വക ചോദ്യങ്ങളും നിഗമനങ്ങളുമാണു് പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സ്ഫോടനസിദ്ധാന്തത്തിനു് കളമൊരുക്കിയതു്.

ഈ ചിന്താഗതിക്കു ഉപോൽബലകമായ ചില വസ്തുതകളുമുണ്ടു്. പ്രപഞ്ചത്തിന്റെ ഇന്നത്തെ വികാസഗതി വെച്ചു് കണക്കാക്കി നോക്കുമ്പോൾ എട്ടോ ഒമ്പതോ ബില്യൻ (ശതകോടി) വർഷങ്ങൾക്കു മുമ്പു് പ്രപഞ്ചം അത്യധികം ഇടതൂർന്നതായിരുന്നുവെന്നു കരുതാൻ ന്യായമുണ്ടെന്നു് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. വേറൊരുവിധത്തിലും ഈ പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ കഴിയുന്നുണ്ടു്. നമ്മോടടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങൾക്കുള്ളിൽ അണുപ്രവർത്തനങ്ങളുടെ സവിശേഷതകൾ പഠിച്ചുകൊണ്ടു് അവയുടെ പ്രായം നിർണ്ണയിക്കാൻ കഴിയും. ഈ വിധത്തിലുള്ള ഗവേഷണങ്ങൾ വഴി തെളിഞ്ഞിട്ടുള്ളതു് ഏറ്റവും പ്രായം കൂടിയ നക്ഷത്രത്തിന്റെ വയസ്സു് എട്ടോ ഒമ്പതോ ബില്യൻ വർഷങ്ങളാണെന്നാണു്. ഈ രണ്ടുരീതിയിലുള്ള പഠനങ്ങളുടെ ഫലമായി ലഭിച്ചിട്ടുള്ള നിഗമനങ്ങൾ പൊരുത്തപ്പെടുന്നവയായതുകൊണ്ടു് ഈ നിഗമനത്തിനു സാധുതയുണ്ടെന്നു കരുതാവുന്നതാണു്. ഈ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ ആരംഭം കുറിച്ചതു് ഏതാണ്ടു്, പത്തു ബില്യൻ അഥവാ ആയിരം കോടി വർഷങ്ങൾക്കുമുമ്പാണെന്നു കരുതാവുന്നതാണു്.

ആയിരംകോടി വർഷങ്ങൾക്കുമുമ്പു് പ്രപഞ്ചപദാർത്ഥം മുഴുവൻ ഒരു കേന്ദ്രത്തിൽ സമ്മേളിച്ചിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. ഈ സങ്കല്പം നമ്മുടെ ഭാവനയെ പിടിച്ചുകുലുക്കുന്നു. കാരണമുണ്ടു്. പ്രപഞ്ചത്തിലിന്നു നിലനിൽക്കുന്ന പദാർത്ഥസഞ്ചയം മുഴുവൻ ഒരേ സ്ഥാനത്തു് കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ അവിടെ നിലനിന്നിരുന്ന സമ്മർദ്ദം എത്ര ഭീമമായിരുന്നിരിക്കണം! പക്ഷേ, ഇന്നും നമ്മുടെ ഭാവനയെ അതിശയിക്കുന്ന തരത്തിലുള്ള പദാർത്ഥരൂപങ്ങൾ നിലനിൽക്കുന്നുണ്ടു്. ചില നക്ഷത്രങ്ങൾ അങ്ങേ അറ്റത്തെ സാന്ദ്രതയുള്ളവയാണു്. കഴിഞ്ഞ അദ്ധ്യായത്തിൽ പ്രതിപാദിച്ച വെള്ളക്കുള്ളന്മാർ ഇത്തരത്തിൽ പെട്ടവയാണു്. അവയിൽ ചിലതു് പദാർത്ഥകണികകളുടെ അസാധാരണമായ സാന്ദ്രത നിമിത്തം ഒരു ഘനസെന്റിമീറ്റർ നക്ഷത്രവസ്തുവിനു് ആയിരം ടൺ ഭാരമുണ്ടായിരിക്കുമത്രേ! എങ്കിലും ഇതിനേക്കാളും വളരെ വളരെ സാന്ദ്രതയുണ്ടായിരുന്ന ഒരവസ്ഥയെക്കുറിച്ചാണു് നമുക്കിവിടെ ചിന്തിക്കേണ്ടതു്.

നമുക്കജ്ഞാതമായ ഏതോ ഒരു രൂപത്തിലായിരിക്കണം പദാർത്ഥം അന്നു നിലനിന്നിരുന്നതു്. മാത്രമല്ല, ഇത്രയേറെ സാന്ദ്രതയോടുകൂടി നിലനിന്നിരുന്ന ആ പ്രാരംഭപദാർത്ഥം സ്ഫോടനോന്മുഖമായിരുന്നെന്നും കരുതാൻ ന്യായമുണ്ടു്. ആരംഭത്തിലുള്ള ഈ അതിഭീമസാന്ദ്രത വളരെ കുറച്ചു സമയമേ നിലനിന്നിരിക്കൂ. അതിനുശേഷം ഒരു പൊട്ടിത്തെറി പോലെ അതിവേഗം അതു വികസിക്കാൻ തുടങ്ങി. വികാസത്തിന്റെ വർദ്ധനവനുസരിച്ചു് സാന്ദ്രത കുറഞ്ഞുവരുമല്ലോ. അങ്ങനെ ആദ്യത്തെ നൂറുകോടി വർഷങ്ങളിൽ നടന്ന വികാസകാലഘട്ടത്തിൽ ഗാലക്സികളും മറ്റും രൂപംകൊണ്ടു. പിന്നെയും അവ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണു്. അന്നു തുടങ്ങിയ ആ വികാസഗതിതന്നെയാണു് ആയിരം കോടി വർഷങ്ങൾക്കുശേഷവും നാമിന്നു കണ്ടുകൊണ്ടിരിക്കുന്നതു്. അങ്ങനെ വരുമ്പോൾ അതിവിദൂരമായ ഒരു ഭാവിയിൽ ഗാലക്സികളെല്ലാം അകന്നകന്നു പോയി, പ്രാപഞ്ചികമേഖല മുഴുവൻ നിതാന്തശൂന്യമായിത്തീരുകയില്ലേ? അന്നു ഗാലക്സികളിലെയെല്ലാം പ്രവർത്തനം നിലച്ചു് അവ മൃതവസ്തു സഞ്ചയങ്ങളായി മാറുകയില്ലേ? അതായിരിക്കുമോ പ്രപഞ്ചത്തിന്റെ അവസാനം? സ്ഫോടനസിദ്ധാന്തത്തിൽ നിന്നുടലെടുക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാൻ നമുക്കിന്നു കഴിയുകയില്ല.

സ്ഫോടനസിദ്ധാന്തത്തിനു് അടിസ്ഥാനപരമായ മറ്റൊരു ന്യൂനതകൂടിയുണ്ടു്. പ്രപഞ്ചം ഇന്നു വികസിച്ചുകൊണ്ടിരിക്കുന്ന അതേവേഗത്തിൽ എന്നെന്നും വികസിച്ചുകൊണ്ടിരുന്നെങ്കിൽ മാത്രമേ അതിന്റെ ആരംഭം ആയിരം കോടി വർഷങ്ങൾ മുമ്പായിരുന്നുവെന്നു പറയാൻ കഴിയുകയുള്ളു. എന്നാൽ ഈ വികാസഗതിക്കു് എന്തെങ്കിലും മാറ്റമുണ്ടായില്ല എന്നുപറയാൻ നമുക്കു കഴിയില്ല. തന്മൂലം ഈ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ നമ്മുടെ പ്രശ്നത്തിനു് തൃപ്തികരമായ പരിഹാരം നൽകുന്നുമില്ല.

വികാസസങ്കോചസിദ്ധാന്തം

സ്ഫോടനസിദ്ധാന്തത്തോടു് ചില കാര്യങ്ങളിൽ സാമ്യമുള്ളതെങ്കിലും കുറേകൂടി വ്യത്യസ്തമായ ചില സിദ്ധാന്തങ്ങൾകൂടി ഉടലെടുക്കുകയുണ്ടായി. അതിൽ പ്രധാനമായതാണു് ലെമെയ്ട്ടറുടെ സിദ്ധാന്തം. ആ സിദ്ധാന്തപ്രകാരം പ്രാരംഭപദാർത്ഥം സ്ഫോടനോന്മുഖമായ സാന്ദ്രതയോടുകൂടി നിലനിന്നിരുന്നതു്‌‌ ആയിരംകോടി വർഷങ്ങൾക്കുമുമ്പല്ല; പക്ഷേ, ആറായിരം കോടി വർഷങ്ങൾക്കുമുമ്പു് ആ ‘ആദിമ അണ്ഡം’ ഇന്നത്തെ നമ്മുടെ സൗരയൂഥ% ത്തിന്റെ വലുപ്പത്തിൽ സങ്കോചിച്ചിരിക്കുകയായിരുന്നു. അതു് ഛിന്നഭിന്നമായതോടെയാണു് പ്രപഞ്ചം ആരംഭിക്കുന്നതു്. അയ്യായിരം കോടി വർഷങ്ങൾക്കുശേഷം ഏകരൂപമായ വിധത്തിൽ ഹൈഡ്രജൻ വാതകത്താൽ നിറഞ്ഞ ഏറെക്കുറെ സ്ഥായിയായ ഒരവസ്ഥയിലേയ്ക്കു പ്രപഞ്ചം എത്തിച്ചേർന്നു. എന്നാൽ വാതകവിതരണത്തിലുണ്ടായ ക്രമക്കേടുകൾ നിമിത്തം ഗുരുത്വാകർഷണശക്തികൾക്കെതിരായി പ്രാപഞ്ചിക വികർഷണശക്തികൾ പ്രവർത്തിക്കാൻ തുടങ്ങി. ആദ്യം വലിയ വാതകസഞ്ചയങ്ങളിൽ വികർഷണശക്തികൾ പ്രവർത്തിച്ചതിന്റെ ഫലമായി കാലക്രമത്തിൽ ഗാലക്സി സമൂഹങ്ങൾ ജന്മമെടുത്തു. ഈ സിദ്ധാന്തപ്രകാരം ഇന്നു നാം കാണുന്ന പ്രപഞ്ചവികാസത്തിനു കാരണം പ്രാപഞ്ചികവികർഷണവും പ്രാപഞ്ചികസ്ഥിരാങ്കവും തമ്മിലുള്ള പ്രവർത്തനമാണു്. സ്ഫോടനസിദ്ധാന്തത്തിലെപ്പോലെ ആദിമസ്ഫോടനമല്ല ഇതിനു കാരണം. എങ്കിലും ഈ രണ്ടു സിദ്ധാന്തങ്ങളിലും പ്രപഞ്ചം ആരംഭിക്കുന്നതു് ഒരു ഏകാവസ്ഥയിൽ നിന്നാണു്. എങ്കിലും പ്രപഞ്ചം സ്വയം നശിക്കുന്നില്ലെന്നു് ഈ സിദ്ധാന്തത്തെത്തുടർന്നു് വാദിക്കുന്നവരുണ്ടു്. അതിൻപ്രകാരം ഈ വികാസം ഒരു പ്രത്യേക പരിധിയിലെത്തുമ്പോൾ പ്രാപഞ്ചികശക്തികളുടെ പ്രവർത്തനം എതിർദിശയിലാവുകയും പ്രപഞ്ചം സങ്കോചിക്കാൻ തുടങ്ങുകയും ചെയ്യും. സങ്കോചിച്ചു് സങ്കോചിച്ചു് പ്രപഞ്ചപദാർത്ഥം മുഴുവൻ ഒത്തുചേർന്നു് ‘ആദിമാണ്ഡ’ത്തിന്റെ രൂപത്തിലാവുന്നു. ആ അവസ്ഥയിലെത്തിയാൽ വീണ്ടും വികാസമാരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ വികാസവും സങ്കോചവും മാറിമാറി നടന്നുകൊണ്ടിരിക്കുന്നു.

ഈ സിദ്ധാന്തങ്ങളെല്ലാമനുസരിച്ചു്, പ്രപഞ്ചപദാർത്ഥം ക്ലിപ്തമാണു്. അതിനു് പരിമിതിയുണ്ടു്. സ്ഫോടനസിദ്ധാന്തപ്രകാരം സ്ഥലത്തിനു് പരിമിതിയില്ല; കാരണം സ്ഫോടനത്തിന്റെ ഫലമായി പ്രപഞ്ചം എന്നെന്നും അനന്തമായി വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാൽ വികാസസങ്കോച സിദ്ധാന്തപ്രകാരം സ്ഥലത്തിനും സീമയുണ്ടു്. വികാസദിശയിൽ ആ സീമയിലെത്തുമ്പോഴാണല്ലോ അതു് സങ്കോചിക്കാൻ തുടങ്ങുന്നതു്.

സ്ഥിരസ്ഥിതിസിദ്ധാന്തം

ഇരുപതില്പരം വർഷങ്ങൾക്കുമുമ്പു്, അത്യന്തം പുതുമ കലർന്ന ഒരു സിദ്ധാന്തം ഉടലെടുത്തു. സ്ഥിരസ്ഥിതിസിദ്ധാന്തം. ഫ്രെഡ് ഹോയൽ, ഹെർമൻ ബോണ്ടി, തോമസ് ഗോൾഡ് എന്നിവരാണു് ഈ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താക്കൾ. ഈ സിദ്ധാന്തമനുസരിച്ചു്, പ്രപഞ്ചത്തിനു് ആദിയോ അന്തമോ ഇല്ല. പ്രപഞ്ചത്തിന്റെ സമഗ്രമായ ഘടന എന്നെന്നും വ്യത്യാസമില്ലാതെ നിലനിൽക്കുന്നു. സ്ഥലകാലങ്ങളിൽ അതിവിപുലമായ ഒരു ഏകാത്മകത്വം അതു് പുലർത്തുന്നു. അതേസമയം ഗാലക്സികളുടെ പലായനത്തെ ഈ സിദ്ധാന്തം അംഗീകരിക്കുന്നു. പക്ഷേ, ഇതു് ഐൻസ്റ്റീന്റെ സിദ്ധാന്തവുമായി ഈ ഘട്ടത്തിൽ പൊരുത്തപ്പെടാതെവരും. കാരണം, സാപേക്ഷതാ സിദ്ധാന്തപ്രകാരം, പ്രപഞ്ചത്തിലെ പദാർത്ഥചലനത്തിന്റെ സ്ഥിരാങ്കമാണു് പ്രകാശത്തിന്റെ വേഗത. അതിനെ കവച്ചുവയ്ക്കുന്ന വേഗതയുള്ള ഒന്നുംതന്നെ പ്രപഞ്ചത്തിലില്ലെന്നാണു് ഐൻസ്റ്റീൻ സിദ്ധാന്തം അനുശാസിക്കുന്നതു്. പക്ഷേ, സ്ഥിരസ്ഥിതിസിദ്ധാന്തം പറയുന്ന തരത്തിൽ ഗാലക്സികളും മറ്റും, പ്രകാശവേഗത്തെ കവച്ചുവയ്ക്കുന്നതു്, ഐൻസ്റ്റീന്റെ പ്രപഞ്ചത്തിൽനിന്നു് പുറത്തു കടന്നതിനുശേഷമാണെന്നു് വാദിക്കാം. കാരണം; ഐൻസ്റ്റീന്റെ സിദ്ധാന്തപ്രകാരം, പ്രപഞ്ചപദാർത്ഥത്തിന്റെ ചലനവേഗത പരിമിതമായതിനാൽ, പ്രപഞ്ചം വർത്തുളമായിരിക്കണം. ആ വർത്തുളപ്രപഞ്ചത്തിനു് സീമയുണ്ടായിരിക്കണമല്ലോ. എന്നാൽ സ്ഥിരസ്ഥിതിസിദ്ധാന്തത്തിൽ, ഈ വർത്തുള പ്രപഞ്ചത്തിൽനിന്നു് ഗാലക്സികളും മറ്റും പുറത്തു കടക്കുന്ന അവസ്ഥയെയാണു് ചൂണ്ടിക്കാണിക്കുന്നതു്. ആ അവസ്ഥയിൽ, അവ പ്രകാശവേഗത്തെ അതിക്രമിക്കുന്നതിനാൽ, പിന്നീടൊരിക്കലും അവയെ നമുക്കു കാണാനാവില്ല.

പ്രപഞ്ചത്തിന്റെ നിരന്തരമായ വികാസപ്രക്രിയമൂലം നമ്മുടെ വീക്ഷണപരിധിയിൽനിന്നു് ഗാലക്സികളും മറ്റും നിരന്തരമെന്നോണം അപ്രത്യക്ഷമായിരിക്കൊണ്ടിരിക്കുകയാണു്. അപ്പോൾ ഈ പ്രക്രിയ അനവരതം തുടർന്നാൽ, പ്രപഞ്ചത്തിൽ ഇന്നു നാം കാണുന്ന ഗാലക്സികളെല്ലാം തന്നെ ഒരു കാലത്തു് അപ്രത്യക്ഷമാവുമെന്നു് കരുതണം. പക്ഷേ, അതിനു പരിഹാരം സ്ഥിരസ്ഥിതിസിദ്ധാന്തം നിർദ്ദേശിക്കുന്നുണ്ടു്. പ്രപഞ്ചത്തിൽ അനവരതമായ സൃഷ്ടി നടന്നുകൊണ്ടിരിക്കുകയാണു്. നമുക്കു് ചുറ്റുമുള്ള അതിബൃഹത്തായ ഈ പ്രപഞ്ചമേഖലകളിലെങ്ങും ഹൈഡ്രജൻ അണുക്കൾ നിരന്തരമെന്നോണം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവ ഒത്തുചേർന്നുണ്ടാകുന്ന വാതകപടലങ്ങളിൽനിന്നു് പുതിയ പുതിയ നക്ഷത്രസമൂഹങ്ങൾ ജന്മമെടുക്കുകയും ചെയ്യുന്നു. ഈ സൃഷ്ടി പ്രക്രിയയാണു്, നിരന്തരം വികസിച്ചുകൊണ്ടിരിക്കാനുള്ള പ്രേരണയും ശക്തിയും പ്രപഞ്ചത്തിനു് നൽകുന്നതു്. ഈ പ്രക്രിയ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. അപ്പോൾ, ഓരോ പദാർത്ഥകണികയ്ക്കും ഓരോ നക്ഷത്രത്തിനും ഓരോ ഗാലക്സിക്കും ആദിയും അന്തവുമുണ്ടു്. അവ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ പ്രപഞ്ചത്തിനാകട്ടെ ആദിയും അന്തവുമില്ല; ജനനവും മരണവുമില്ല; അതെന്നും ഏകരൂപമായി നിലകൊള്ളുന്നു.

പദാർത്ഥത്തിന്റെ നിരന്തരസൃഷ്ടിയെക്കുറിച്ചുള്ള ഈ സിദ്ധാന്തത്തിനുപോൽബലകമായി അണുഘടനയെക്കുറിച്ചുള്ള ആധുനിക കണ്ടുപിടുത്തങ്ങൾ അവർ ചൂണ്ടിക്കാണിക്കുന്നു. പദാർത്ഥത്തിന്റെ മൗലികഘടനയെക്കുറിച്ചു് രണ്ടാമദ്ധ്യായത്തിൽ വിശദീകരിച്ചിട്ടുള്ള കാര്യങ്ങൾ ഓർക്കുക. അടിസ്ഥാനപരമായ പല പദാർത്ഥകണികകളും നിരന്തരം സൃഷ്ടിക്കപ്പെടുകയും നിമിഷത്തിനുള്ളിൽ നശിച്ചുകൊണ്ടിരിക്കയുമാണു്. അവയുടെ ജീവിതകാലം ഊഹാതീതമാംവണ്ണം ഹ്രസ്വമായ കാലയളവാണെന്നു് വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഈ പദാർത്ഥകണികകളുടെ ഈ അശാശ്വതികയാണു് നിരന്തരസൃഷ്ടിക്കു് നിദാനമായി ഉന്നയിക്കപ്പെട്ടിട്ടുള്ളതു്.

പക്ഷേ, ഇവിടെ അത്യധികം ശ്രദ്ധാർഹമായ ഒരു വസ്തുതയുണ്ടു്. പദാർത്ഥകണികകൾക്കുള്ളിൽ നടക്കുന്ന ഈ നിരന്തരസൃഷ്ടിസംഹാരങ്ങൾ ശൂന്യതയിൽ സംഭവിക്കുന്നതല്ല. കണികകൾ സൃഷ്ടിക്കപ്പെടുന്നതു് ഊർജ്ജത്തിൽനിന്നാണു്. അവ നശിക്കുമ്പോൾ ഊർജമായി മാറുകയും ചെയ്യുന്നു. ഊർജ-പദാർത്ഥസംരക്ഷണനിയമം, ആധുനിക പരമാണുശാസ്ത്രത്തിൽ നിഷേധിക്കപ്പെടുകയല്ല, കൂടുതൽ വ്യക്തമായി സ്ഥിരീകരിക്കപ്പെടുകയാണു ചെയ്തിട്ടുള്ളതു്. ആ നിലയ്ക്കു് സ്ഥിരസ്ഥിതിസിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നതുപോലെ പ്രപഞ്ചത്തിലെമ്പാടും ഹൈഡ്രജൻ അണുക്കൾ നിരന്തരം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അതു ശൂന്യതയിൽനിന്നാവാൻ വഴിയില്ല. മറ്റേതെങ്കിലും രൂപത്തിൽ ഊർജത്തിന്റെയോ, മണ്ഡലങ്ങളുടെയോ രൂപത്തിൽ നിലനിൽക്കുന്ന പദാർത്ഥത്തിൽനിന്നായിരിക്കില്ലേ ഇവയുടെ ആവിർഭാവം? ഗുരുത്വാകർഷണമണ്ഡലം തന്നെ, വൈദ്യുതകാന്തമണ്ഡലത്തിനു് സമാനമായ ഒന്നാണെന്നു തെളിയിക്കപ്പെട്ട നിലയ്ക്കു് അങ്ങനെ കരുതാൻ ന്യായമുണ്ടു്. മാത്രമല്ല, ഭൂരിപക്ഷം നക്ഷത്രങ്ങളും വിവിധ ദശകളിലൂടെ കടന്നുപോയി, അവസാനം വളരെ ചെറിയ കറുത്ത കുള്ളന്മാരായി തീരുന്നതിനിടയ്ക്കു് അവയിൽ അടങ്ങിയിരുന്ന പദാർത്ഥസഞ്ചയത്തിന്റെ ബഹുഭൂരിഭാഗവും വൈദ്യുതകാന്തമണ്ഡലങ്ങളും ഊർജവുമായി വിക്ഷേപിക്കുകയാണു് ചെയ്യുന്നതു്. ഇവയെല്ലാം തന്നെ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ സമാഹരിക്കുകയും പുതിയ പദാർത്ഥകണികകൾക്കു് ജന്മമേകുകയും ചെയ്യുന്നുണ്ടായിരിക്കാം.

അപ്പോൾ വേറൊരു പ്രശ്നം കൂടി തലപൊക്കും. നമ്മുടെ പ്രാപഞ്ചികമേഖലകളിൽ നടക്കുന്ന സൃഷ്ടി പ്രക്രിയ ശൂന്യതയിൽനിന്നല്ലെങ്കിൽ, അകന്നകന്നു് പോയി, നമ്മുടെ പ്രാപഞ്ചിക മേഖലകളിൽനിന്നു് അപ്രത്യക്ഷമാകുന്ന ഗാലക്സികളും മറ്റും യഥാർത്ഥത്തിൽ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നതു്. ഈ വികാസവും അതിനെ തുടർന്നുള്ള നഷ്ടവും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, നമ്മുടെ പ്രപഞ്ചം ഒരു കാലത്തു് ശൂന്യമായി തീരുകയില്ലേ? ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ശൂന്യതയിൽനിന്നു് ഹൈഡ്രജൻ അണുക്കൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നു് തെളിയിക്കേണ്ടതുണ്ടു്. അതു തെളിയിക്കപ്പെട്ടാൽ, അടിസ്ഥാനപരങ്ങളായ മറ്റു പല ഭൗതികതത്ത്വങ്ങളും അപകടത്തിലാവുകയും ചെയ്യും.

ക്വാസർ

കഴിഞ്ഞ രണ്ടു് ദശാബ്ദകാലമായിട്ടു് ജ്യോതിശ്ശാസ്ത്രജ്ഞന്മാരെ വല്ലാതെ കുഴക്കിക്കൊണ്ടിരുന്ന മറ്റൊരു പ്രശ്നമുണ്ടായിരുന്നു. വലിയ റേഡിയോ ടെലസ്കോപ്പുകളുപയോഗിച്ചു്, ക്ഷീരപഥത്തിലെയും ബാഹ്യനെബുലകളിലെയും റേഡിയോ പ്രസര ഉറവിടങ്ങളെല്ലാം നിരീക്ഷിച്ചിട്ടും, ആയി% രക്കണക്കിനു് വ്യതിരിക്തങ്ങളായ റേഡിയോ പ്രസരോറവിടങ്ങൾ ശാസ്ത്രജ്ഞന്മാർക്കു് പിടികൊടുക്കാതെ നിലനിന്നിരുന്നു. മൗണ്ടു് പലോമറിലെ 200-ഇഞ്ചു് ദൂരദർശിനി ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണങ്ങളുടെ ഫലമായി ഈ ഉറവിടങ്ങളിലൊന്നു് ക്ഷീരപഥത്തിലെ ഒരു നീലനക്ഷത്രമാണെന്നു്, അത്ഭുതകരമായ വിധത്തിൽ 1960-ൽ തെളിയിക്കപ്പെട്ടു. പിന്നെ, മറ്റു ചിലവകൂടി ഇത്തരം നക്ഷത്രങ്ങളാണെന്നു് വ്യക്തമായി. എന്നാൽ, എല്ലാ ശാസ്ത്രജ്ഞന്മാരെയും അത്ഭുതപ്പെടുത്തുമാറു് 1962-ൽ, ഈ നീലനക്ഷത്രങ്ങളിലൊന്നിന്റെ സ്പെക്ട്രത്തിൽ ഒരു ‘ചുവപ്പുനീക്കം’ കണ്ടെത്തുകയുണ്ടായി. പിന്നീടു് ആ നീലനക്ഷത്രങ്ങളുടെ കാര്യത്തിലെല്ലാംതന്നെ അതു് നിരീക്ഷിക്കപ്പെടുകയുണ്ടായി. ഇവയെയാണു് അർദ്ധ–നക്ഷത്ര–റേഡിയോപ്രസര–ഉറവിടങ്ങൾ അഥവാ ക്വാസറുകൾ എന്നു വിളിക്കുന്നതു്. ഇവയുടെ ‘ചുവപ്പുനീക്കം’ കാണിക്കുന്നതു് ഇവ അതിവേഗത്തിൽ പലായനം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണല്ലോ. ഇവയിൽ ചിലതിനു് പ്രകാശപ്രവേഗത്തിന്റെ 75-80 ശതമാനം വരെ എത്തുന്ന വേഗതയുണ്ടെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റൊരു ഗാലക്സിക്കും ഇത്രയും വേഗതയുള്ളതായി അറിവായിട്ടില്ല. മാത്രമല്ല, ഈ ‘ചുവപ്പുനീക്ക’ത്തെക്കുറിച്ചുള്ള ഈ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ചില ക്വാസറുകൾ 700-800 കോടി പ്രകാശവർഷങ്ങൾ അകലെയാണെന്നു തെളിയുന്നു.

ക്വാസറുകളും റേഡിയോപ്രസരഗാലക്സികളും വമ്പിച്ച തോതിൽ ഊർജം പ്രസരിച്ചുകൊണ്ടിരിക്കുകയാണു്. ഇവയിൽ ഇത്തരത്തിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുന്നതെങ്ങിനെയാണെന്നതിനെക്കുറിച്ചു് വ്യക്തമായ ധാരണകളൊന്നുമിന്നു് രൂപീകരിക്കപ്പെട്ടിട്ടില്ല. ഭൂമിയിൽ ഊർജോല്പാദനത്തിനുള്ള ഏതൊരു സമ്പ്രദായവും ക്വാസറുകൾ പുറപ്പെടുവിക്കുന്ന ഊർജത്തിന്റെ ഉറവിടത്തെ വിശദീകരിക്കാൻ അപര്യാപ്തമായിരിക്കും. റേഡിയോ ഗാലക്സികളിൽ, വമ്പിച്ച പൊട്ടിത്തെറികൾക്കു് തുല്യമായ കോളിളക്കങ്ങളാണു് ഈ ഊർജോല്പാദനത്തിനു് കാരണമെന്നു് വ്യക്തമാണു്. ക്വാസറുകളുടെ കാര്യത്തിൽ, ഒരു കോടിയോ പത്തു കോടിയോ നക്ഷത്രങ്ങൾ ഒന്നിച്ചു് കട്ടകൂടിയിരിക്കുകയും ആകർഷണശക്തികളുടെ ആന്തരികോന്മുഖപ്രവർത്തനം മൂലം വമ്പിച്ച തോതിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുകയും ആണെന്നു് ഒരു കൂട്ടർ കരുതുന്നു. പദാർത്ഥവും എതിർ–പദാർത്ഥവും തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ഫലമായി അവ നശിക്കുകയും വമ്പിച്ച തോതിൽ ഊർജം പുറപ്പെടുവിക്കുകയും ചെയ്യുന്നതിന്റെ ഫലമാണു് ക്വാസറുകൾ എന്ന മറ്റൊരു നിഗമനം കൂടിയുണ്ടു്.

അടുത്ത കാലത്തുണ്ടായ ഈ കണ്ടുപിടുത്തങ്ങളെല്ലാം സ്ഥിരസ്ഥിതിസിദ്ധാന്തത്തെ ഒരു വിധത്തിൽ ശക്തിപ്പെടുത്തുന്നതാണു്. ക്വാസറുകളെക്കുറിച്ചുള്ള നിരീക്ഷണത്തിൽ ടെലസ്കോപ്പുകളിൽ ശേഖരിക്കപ്പെട്ട ഊർജം അധികപക്ഷവും ഏതാണ്ടു് 800 കോടി വർഷങ്ങൾക്കുമുമ്പു് പുറപ്പെട്ടവയായിരിക്കണം. ആ നിലയ്ക്കു് ഇന്നു അവയിൽ നിന്നു പുറപ്പെടുന്ന ഊർജപ്രസരങ്ങൾ ഒരിക്കലും നമ്മുടെ നിരീക്ഷണമേഖലയിൽ എത്തപ്പെടുകയില്ല. കാരണം ഈ കഴിഞ്ഞ 800 കോടി വർഷങ്ങൾകൊണ്ടു് അവ പിന്നിട്ട ദൂരവും അതിനനുസരിച്ചു് അവയിലുണ്ടായ വേഗവർദ്ധനവും ഊഹാതീതമാംവണ്ണം വലുതായിരിക്കും. അവയിൽ പലതും പ്രകാശവേഗത്തെ അതിജീവിച്ചുകൊണ്ടു് പ്രകാശവേഗത്തിൽ അധിഷ്ഠിതമായ നമ്മുടെ നിരീക്ഷണമേഖലകളിൽ നിന്നു മുക്തമായിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. ആ നിലയ്ക്കു് അവയെക്കുറിച്ചു് എന്തെങ്കിലും മനസ്സിലാക്കാൻ നാം ഒരു കാലത്തും ശക്തരാവുകയില്ല.

ഇവിടെ നാം കണക്കിലെടുക്കേണ്ടതായ മറ്റൊരു സാധ്യതകൂടിയുണ്ടു്. പ്രാപഞ്ചികപദാർത്ഥത്തിന്റെ ചലനവേഗതയുടെ പരമാവധിപരിധി പ്രകാശവേഗമാണെന്നുള്ള ഐൻസ്റ്റീൻ സിദ്ധാന്തം അപ്പടി അംഗീകരിക്കാവുന്നതല്ലെന്നു പുതിയ ചില സിദ്ധാന്തങ്ങൾ സ്ഥാപിക്കാൻ മുതിർന്നിട്ടുണ്ടു്. ഡോ. സുദർശനന്റെയും മറ്റും പ്രസ്തുത സിദ്ധാന്തമനുസരിച്ചു് പ്രപഞ്ചത്തിൽ പ്രകാശവേഗത്തിനപ്പുറത്തുള്ള, പ്രകാശത്തെക്കാൾ വളരെയേറെ വേഗതയുള്ള പദാർത്ഥകണികകൾ നിലനിൽക്കുന്നുണ്ടു്. ഇവ, ആദ്യം പ്രകാശത്തേക്കാൾ കുറഞ്ഞ വേഗത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടു് പിന്നീടു് പ്രകാശവേഗത്തെ അതിക്രമിച്ചു കടക്കുകയല്ല ചെയ്യുന്നതു്; മറിച്ചു് അവ സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ പ്രകാശത്തെക്കാൾ കൂടുതൽ വേഗതയുള്ളവയാണു്. ‘ടാക്കിയോൺ’ എന്ന പേരു് നൽകപ്പെട്ടിട്ടുള്ള ഈ വസ്തുക്കളുടെ യഥാർത്ഥ അസ്തിത്വത്തെക്കുറിച്ചു് വസ്തുനിഷ്ഠമായ തെളിവുകൾ ലഭിച്ചിട്ടില്ല. അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. എങ്കിലും താത്ത്വികമായി അവയുടെ നിലനില്പു് സാധ്യമാണെന്നു വ്യക്തമായ സ്ഥിതിക്കു് അവയുടെ അസ്തിത്വവും ഒരു യാഥാർത്ഥ്യമായി ഭവിച്ചേക്കാം. അങ്ങനെയാണെങ്കിൽ പ്രകാശവേഗത്തെ അതിക്രമിച്ചു കടക്കുന്നതെന്നു നാം കരുതുന്ന അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഗാലക്സികളും ക്വാസറുകളും മറ്റും ഈ ‘പുതിയ’ വസ്തുക്കളുടെ സഹായത്തോടെ നമ്മുടെ പര്യവേക്ഷണമേഖലയിൽ തന്നെ വന്നുപെടും. അപ്പോൾ ഐൻസ്റ്റീന്റെ വർത്തുളപ്രപഞ്ചത്തിനു പുറത്തുള്ള പ്രപഞ്ചങ്ങളും എന്നെന്നും നമുക്കജ്ഞാതമായിരിക്കുകയില്ല. വാസ്തവത്തിൽ പ്രാപഞ്ചിക പ്രശ്നങ്ങളെക്കുറിച്ചു് ഉത്തരം കണ്ടെത്താൻ കഴിയാത്തതെന്നു നമുക്കു തോന്നുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉടലെടുക്കുംതോറും, നമുക്കപ്രാപ്യമെന്നു തോന്നിയിരുന്ന പല മേഖലകളിലേയ്ക്കും നമ്മുടെ കഴിവുകൾ വികസിച്ചുകൊണ്ടിരിക്കുകയാണു്. പ്രകാശവേഗത്തിൽ കവിഞ്ഞ വേഗതയുള്ള ഒന്നും നമ്മുടെ അറിവിൽ പെടുകയില്ലെന്ന ധാരണയെ തകർത്തുകൊണ്ടു് അനന്തതയുടെ അപാരമേഖലകളിലേയ്ക്കു മുന്നേറാൻ ശാസ്ത്രം തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ പ്രപഞ്ചത്തിന്റെ ഏതെങ്കിലും മേഖലകൾ എന്നെന്നും നമുക്കജ്ഞാതമായിരിക്കുമെന്നു് ഉറപ്പിച്ചു പറയാൻ കഴിയില്ല.

പ്രാദേശിക പ്രപഞ്ചം

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശാസ്ത്രരംഗത്തു സമാഹരിക്കപ്പെട്ട ഇത്തരം പരസ്പരവിരുദ്ധങ്ങളായ ഒട്ടേറെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പഴയ സ്ഥിരസ്ഥിതിസിദ്ധാന്തത്തെ ചില രൂപാന്തരങ്ങൾക്കു വിധേയമാക്കിക്കൊണ്ടു് 1966-ൽ ഫ്രെഡ് ഹോയലും ജയന്തവിഷ്ണു നാർലിക്കറും കൂടി അവതരിപ്പിക്കുകയുണ്ടായി. ഇതിൻ പ്രകാരം പ്രപഞ്ചം എന്നെന്നും സ്ഥിരസ്ഥിതമായിത്തന്നെ നിലനിൽക്കുന്നു. വികസനം മൂലമുണ്ടാകുന്ന ഗാലക്സികളുടെ നഷ്ടം തുടർച്ചയായ പദാർത്ഥസൃഷ്ടികൊണ്ടു് പരിഹരിക്കപ്പെടുന്നു. പക്ഷേ, നമ്മുടെ നിരീക്ഷണമേഖലയിലുൾപ്പെടുന്ന പ്രപഞ്ചം ഒരു പരിണാമപ്രക്രിയയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണു്. ഈ പ്രപഞ്ചം വാസ്തവത്തിൽ മുഴുവൻ പ്രപഞ്ചത്തെയും കൂടി കണക്കിലെടുക്കുമ്പോൾ പ്രാദേശികമായ ഒരു കുമിളമാത്രമാണു്. പക്ഷേ, ഈ പ്രാദേശിക പ്രപഞ്ചത്തിന്റെ തന്നെ വളരെ കുറച്ചു ഭാഗങ്ങളേ ഇതുവരെ നമ്മുടെ നിരീക്ഷണത്തിനു വിധേയമായിട്ടുള്ളു. ഇങ്ങനെയുള്ള എണ്ണമറ്റ പ്രപഞ്ചങ്ങളടങ്ങുന്ന വിശ്വമാണു് വാസ്തവത്തിൽ സ്ഥിരസ്ഥിതമായി നിലകൊള്ളുന്നതു്. അതേസമയം പ്രാദേശിക പ്രപഞ്ചങ്ങൾ നശിക്കുമ്പോൾ മറ്റു ചിലവ ഉടലെടുത്തുകൊണ്ടിരിക്കും. അങ്ങനെ വിശ്വം എന്നും ഒരേ നിലയിൽതന്നെ നിലകൊള്ളും.

കാലത്തിന്റെ ഗതി?

പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നാം ചെന്നുമുട്ടിയതു് ഒട്ടേറെ പരസ്പരവിരുദ്ധങ്ങളായ ചോദ്യങ്ങളിലും ഉത്തരങ്ങളിലുമാണു്. അന്തിമമായ ഒരു തീരുമാനത്തിലെത്താൻ നമുക്കു കഴിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അങ്ങനെ കഴിയില്ലെന്നോ കഴിയുമെന്നോ പറയാൻ ശ്രമിക്കുന്നതും ബുദ്ധിപൂർവകമല്ലെന്നു് നാം കണ്ടു. ആ നിലയ്ക്കു് കുഴപ്പംപിടിച്ച മറ്റൊരു പ്രശ്നം കൂടി നമുക്കു പരിശോധിക്കാം.

സാധാരണയായി നാം ദൃഢമായി വിശ്വസിക്കുന്നതു് കാലത്തിന്റെ ഗതി നമുക്കറിയാമെന്നാണു്. ഭൂതകാലത്തിൽനിന്നു വർത്തമാനത്തിലേയ്ക്കും ഭാവിയിലേയ്ക്കും അതു് കുതിച്ചുപായുന്നതായി നാം കണക്കാക്കുന്നു. കാലം ഇങ്ങനെ ഒരു ദിശയിൽ മാത്രം മുമ്പോട്ടുമാത്രം സഞ്ചരിക്കുന്നുവെന്നു് ഉറപ്പിച്ചു പറയാമോ? ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെല്ലാം കാലത്തെ സംബന്ധിച്ചിടത്തോളം സമമിതമാണു്. അതായതു് കാലത്തിന്റെ ഗതി നേരെ മറിച്ചിട്ടാലും ആ നിയമങ്ങൾക്കു യാതൊരു മാറ്റവും വരുന്നില്ല. പഴയ ഭൗതികശാസ്ത്രസിദ്ധാന്തങ്ങളുടെ കാര്യത്തിലാണിതു്. പക്ഷേ, ഈ നിയമങ്ങളെ ലംഘിക്കുന്ന ചില പ്രതിഭാസങ്ങളും ഇന്നു വെളിവായിട്ടുണ്ടു്. ഇലക്ട്രോണുകളും മറ്റും ഊർജവിതാനത്തിൽനിന്നു മറ്റൊന്നിലേയ്ക്കു മാറുന്നുണ്ടു്, ഈ മാറ്റം രണ്ടുതരത്തിലുണ്ടു്. ഒന്നു് ബാഹ്യപ്രേരിതം, മറ്റേതു് സ്വതപ്രവർത്തിതവും. ആദ്യത്തേതിൽ താഴ്ന്ന ഊർജത്തിൽ നിന്നു് ഉയർന്നതിലേയ്ക്കും മറിച്ചും പരിവർത്തനമുണ്ടാകും. എന്നാൽ രാണ്ടാമത്തേതിൽ എല്ലായ്പ്പോഴും ഉയർന്ന ഊർജത്തിൽനിന്നു് താഴ്ന്നതിലേയ്ക്കു മാത്രമേ മാറ്റമുണ്ടാകുന്നുള്ളു. സ്ഥിരസ്ഥിതിസിദ്ധാന്തത്തിന്റെ ആധുനിക പ്രോക്താക്കളുടെ അഭിപ്രായത്തിൽ ഇതിനു സാധുതയുണ്ടു്. എന്തുകൊണ്ടെന്നാൽ, പ്രപഞ്ചം വികസിക്കുന്നതുകൊണ്ടു് അണു–ഇലക്ട്രോൺ പിമ്പോട്ടു ഗമിക്കുന്നു! ആ നിലയ്ക്കു കാലം മുമ്പോട്ടു മാത്രമല്ല; പിമ്പോട്ടും ഗമിക്കുന്നുണ്ടായിരിക്കുമെന്നു കരുതുന്നതിൽ തെറ്റില്ല!

സൃഷ്ടി ഗാലക്സികേന്ദ്രങ്ങളിൽ

സ്ഥിരസ്ഥിതിസിദ്ധാന്തവുമായി സാമ്യമുള്ളതും എന്നാൽ അടിസ്ഥാനപരമായ വ്യത്യാസമുള്ളതുമായ ഒരു പുതിയ സിദ്ധാന്തം 1970 ജനുവരിയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. അമേരിക്കയിലെ അരിസോണാ സർവകലാശാലയിലെ 36–കാരനായ ഡോ. ഫ്രാങ്കു് ജെ. ലൊ ആണു് ഇതിന്റെ പ്രണേതാവു്. സ്ഥിരസ്ഥിതിസിദ്ധാന്തത്തിൽ പറയുന്നതുപോലുള്ള പദാർത്ഥത്തിന്റെ നിരന്തര സൃഷ്ടി ഓരോ ഗാലക്സികളിലുമുള്ള പ്രത്യേക കേന്ദ്രങ്ങളിലാണു നടക്കുന്നതെന്നു് അദ്ദേഹം സിദ്ധാന്തിക്കുന്നു. ഇതു വെറും താത്ത്വിക പരികല്പന മാത്രമല്ല; നമ്മുടെ ഗാലക്സിയായ ക്ഷീരപഥം ഉൾപ്പെടെ 12 ഗാലക്സികളിൽ ഇത്തരം കേന്ദ്രം അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ടു്. ഇത്തരം കേന്ദ്രങ്ങൾക്കു് അദ്ദേഹം നൽകിയിട്ടുള്ള പേരു് ‘ഇർട്രോണുകൾ’ എന്നാണു്. ഈ കേന്ദ്രങ്ങൾ പ്രധാനമായും വമിച്ചുകൊണ്ടിരിക്കുന്നതു് ഇൻഫ്രാറെഡ് റേഡിയോപ്രസരങ്ങളായതു കൊണ്ടാണു് ഈ പേരു നൽകപ്പെട്ടതു്.

ഈ സിദ്ധാന്തം പുതിയതല്ലെന്നു ലൊ പറയുന്നു. കാരണം സർ ജെയിംസു് ജീൻസു് വർഷങ്ങൾക്കുമുമ്പു് ഇത്തരമൊരു സിദ്ധാന്തമാവിഷ്കരിച്ചിരുന്നു. അന്നു് ആരും അതിനെ കാര്യമായെടുക്കുകയുണ്ടായില്ല. പക്ഷേ, ഇന്നു് വസ്തുനിഷ്ഠമായ തെളിവുകൾ ലഭിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ആ നിഗമനങ്ങൾക്കു സാധുത ലഭിച്ചിട്ടുള്ളതായി ലൊ പറയുന്നു. സ്ഥിരസ്ഥിതിസിദ്ധാന്തവുമായി ഇതിനൊരു വ്യത്യാസമുണ്ടു്. സ്ഥിരസ്ഥിതിസിദ്ധാന്തത്തിൽ പദാർത്ഥസൃഷ്ടി നടന്നുകൊണ്ടിരിക്കുന്നതു് പ്രപഞ്ചത്തിന്റെ എല്ലാ മേഖലകളിലും ഒരുപോലെയാണു്. പ്രത്യേക സൃഷ്ടികേന്ദ്രങ്ങൾ ആ സിദ്ധാന്തത്തിൽ വിഭാവന ചെയ്യപ്പെടുന്നില്ല. എന്നാൽ പുതിയ സിദ്ധാന്തപ്രകാരം ഓരോ ഗാലക്സിയുടെയും കേന്ദ്രത്തിലുള്ള ഇർട്രോണുകളിൽ വെച്ചു മാത്രമാണു സൃഷ്ടിപ്രക്രിയ നടക്കുന്നതു്.

ഈ സിദ്ധാന്തം ശരിയാണെന്നു പൂർണ്ണമായി തെളിയുകയാണെങ്കിൽ അടിസ്ഥാനപരമായ പല ഭൗതികനിയമങ്ങളും പൊളിച്ചെഴുതേണ്ടി വരും. പ്രത്യേകിച്ചും പദാർത്ഥതിന്റെ സംരക്ഷണനിയമം. ഈ പുതിയ പ്രതിഭാസത്തെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ നിയമങ്ങൾ ആവിഷ്കരിക്കപ്പെടേണ്ടതായും വരും.

ഏതായാലും ഒരു കാര്യം വ്യക്തമാണു്. സങ്കീർണ്ണങ്ങളായ എത്രയോ പ്രാപഞ്ചികപ്രശ്നങ്ങളുടെ നൂലാമാലകൾ ഇനിയും കെട്ടഴിഞ്ഞുരുത്തിരിയാനിരിക്കുന്നു!