അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം
അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഒരു കുടുംബപുരാണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 76 |
എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ടാവും. ത്രേസ്യാമ്മ ഓർത്തു. പാറുകുട്ടി തന്റെ സ്വഭാവമായി മാറിയിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എട്ടുകൊല്ലം കൊണ്ട് അവൾ തൻെ ആറാം ഇന്ദ്രിയമായി വളർന്നിരുന്നു. ഇപ്പോൾ, അവൾ പോയപ്പോൾ താൻ അനങ്ങാൻ വയ്യാതെ നില്ക്കയാണ്. ഞായറാഴ്ച അവളും ഭർത്താവും കൂടി വന്നു, ബിരിയാണി സദ്യ ഒരുക്കിക്കൊടുത്തു. വളരെ സന്തോഷത്തോടെയാണ് പോയത്. അവൾ പോയപ്പോഴാണ് ത്രേസ്യാമ്മയ്ക്ക് വിഷമമായത്. അവർ അടുക്കളയിൽ ഒറ്റക്കിരുന്നുകൊണ്ട് പലതും ആലോചിച്ചു. ആലോചിച്ചുകൊണ്ടിരിക്കെ മനസ്സിൽ വേദന വളർന്നുവന്നു. കണ്ണ് ഈറനായി. അപ്പോൾ അവർ ആലോചിച്ചുകൊണ്ടിരുന്നത്, “എന്തു പറ്റീ അമ്മച്ചീ” എന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ എന്താണ് പാറുകുട്ടി വരാത്തതെന്നായിരുന്നു. അവർ പാറുകുട്ടിക്കുവേണ്ടി ചുറ്റും നോക്കി. പെട്ടെന്നാണ് ഇനി ആ വിളിയോടെ ആരും തന്നെ ആശ്വസിപ്പിക്കാൻ വരില്ലെന്ന ക്രൂരമായ യാഥാർത്ഥ്യം അവരിൽ ഉദിച്ചത്. ഉയർന്നു വന്ന തേങ്ങലടക്കാൻ അവർ പാടുപെട്ടു.
പിറ്റേന്നാണ് ജോമോന്റെ കത്തു കിട്ടുന്നത്. കത്തു വായിച്ചുകൊണ്ട് ജോസഫേട്ടൻ പറഞ്ഞു.
“കൊച്ചു ത്രേസ്യേ, അവൻ ഇരുപത്തഞ്ചാന്തി വര്ണൂ.”
“ആര്?”
“നമ്മടെ ജോമോൻ.”
“അവൻ വന്ന് പോയിട്ട് എട്ട് മാസല്ലെ ആയിട്ടുള്ളൂ?” അവൻ വരുന്നതിലുള്ള സന്തോഷം മറച്ചുവച്ച് ത്രേസ്യാമ്മ ചോദിച്ചു.
“ഈസ്റ്ററ് കാണക്കാക്കിയിട്ടാണ് വരവ്. പോരാത്തതിന് കല്യാണോം വേണംത്രെ.’
“കല്യാണോ, അത്രക്കൊക്കെ പ്രായായോ അവന്?”
“ഇരുപത്താറു തികഞ്ഞില്ലെ.”
“കർത്താവേ എന്റെ മോൻ വലുതായിരിക്കുന്നു !”
“അവന്റെ ഒരു ഫ്രണ്ടും ഒപ്പം വരുന്നുണ്ടത്രെ. ഒപ്പം ജോലിയെടുക്കുന്ന ആളാണ്.’
“അയാള് എന്തിനാണ് വരുന്നത്?” ത്രേസ്യാമ്മ ചോദിച്ചു. മകന്റെ ഒപ്പം ഒരാൾ വരുന്നത് അവർക്കത്ര തൃപ്തിയായില്ല. വർഷത്തിലൊരിക്കൽ വരുമ്പോൾ മകനെ തനിക്കായികിട്ടണം. അതിന്റെ ഇടയിൽ വേറൊരാൾ, അതവന്റെ സ്‌നേഹിതനാണെങ്കിലും ശരിയാവില്ല.
“ഇനി അയാള് നമ്മടെ വീട്ടിലായിരിക്ക്യോ താമസിക്കുക?”ത്രേസ്യാമ്മ ചോദിച്ചു.
“അല്ലാതെ എവിടെ താമസിക്കാനാ, ഹോട്ടലിലോ?”
“അതേ.”
“അവൻ അവന്റെ സ്‌നേഹിതനെ കൊണ്ടുവരുമ്പോൾ അമ്മച്ചീടെ പാചകൊക്കെ വർണ്ണിച്ചിട്ടുണ്ടാവും. ഇവിടെ വന്ന് ഭക്ഷണം കഴിച്ചുനോക്കിയാലല്ലെ മനസ്സിലാവൂ. ഇതുവരെയൊക്കെ ചെയ്തിരുന്നത് പാറുകുട്ടിയായതു കൊണ്ട് കുഴപ്പമില്ലായിരുന്നു. ഇപ്പോ അതല്ലല്ലോ സ്ഥിതി.”
“എന്റെ പാചകത്തിന് എന്താ ഒരു ദൂഷ്യം?”
“ദൂഷ്യണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ കൊച്ചുത്രേസ്യേ. കഴിച്ചുനോക്ക്യാലല്ലെ മനസ്സിലാവൂന്ന് പറഞ്ഞതാ.”
ജോസഫേട്ടൻ പറഞ്ഞതിൽ എന്തെങ്കിലും അപാകതയുണ്ടോ എന്ന് ത്രേസ്യാമ്മ കുറച്ചുനേരം ആലോചിച്ചു നോക്കി. ഒരടിപിടിക്ക് അവസരമുണ്ടോ എന്നു നോക്കുകയായിരുന്നു അവർ. ഇല്ല കുഴപ്പമൊന്നും കാണുന്നില്ല. കഴിച്ചുനോക്കിയാൽത്തന്നെയല്ലെ അറിയൂ സാധനങ്ങളുടെ ഗുണം?
രണ്ടു ദിവസത്തിന്നുള്ളിൽ ജോമോന് ആദ്യത്തെ കല്യാണാലോചന വന്നു. ജോസഫേട്ടൻ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ത്രേസ്യാമ്മയുടെ പേരിൽ മതിപ്പുണ്ടായി.
“കൊച്ചു ത്രേസ്യേ,” അദ്ദേഹം വിളിച്ചു ചോദിച്ചു. “ജോമോൻ വരുന്ന കാര്യം നീ റേഡിയോവിലോ ടീവീലോ പരസ്യം കൊടുത്തത്?”
“ഞാൻ പരസ്യൊന്നും കൊടുത്തിട്ടില്ലല്ലോ?’ അവർ അദ്ഭുതം പ്രകടിപ്പിച്ചു.
“പിന്നെങ്ങനാ അവൻ വരണ കാര്യത്തിന് ഇത്ര പരസ്യം കിട്ടീത്?”
“അത്, ഞാനേയ്, ഈ കോളനീലെ പിള്ളാരോട് പറഞ്ഞൂ.”
“പോരെ, ഇനിയെന്തിനാ ടീവീലൊക്കെ പരസ്യം ചെയ്യണത്. ഇതാ അന്വേഷിച്ച് മൂന്നാൻ എത്തിയിരിക്കുന്നു.”
മുമ്പിലിട്ട കസേരയിൽ ചടഞ്ഞുകൂടിയ മെലിഞ്ഞ മനുഷ്യനെ അപ്പോഴാണവർ ശ്രദ്ധിക്കുന്നത്.
“നല്ല ആലോചന്യാ കൊച്ചുത്രേസ്യേ.” ജോസഫേട്ടൻ പറഞ്ഞു. ആറേക്കർ റബ്ബർതോട്ടംണ്ട്, ടൌണീത്തന്നെ എട്ട് കെട്ടിടങ്ങളുണ്ട്, പിന്നെ കണ്ടമാനം സ്വത്തുക്കള് വേറേംണ്ട്. ഈ ആറേക്കർ റബ്ബർതോട്ടും, എട്ട് കെട്ടിടത്തില് മൂന്ന് നെലള്ള നാല് കെട്ടിടവും ജോമോന്റെ ഭാര്യടെ പേരില് എഴുതിത്തരും. പിന്നെ അഞ്ചുലക്ഷം വേറീം തരും. ഒരുമാതിരി കഴിയാനുള്ള വകയായില്ലേ?”
“അതെയതെ.” മൂന്നാൻ ഉത്സാഹത്തോടെ തലയാട്ടി. ജോസഫേട്ടൻ തുടർന്നു. “ഇതൊക്കെ മേടിച്ചുവെച്ചാൽ പെണ്ണിനെ വീട്ടില് കൊണ്ടുവരണംന്ന് നിർബ്ബന്ധവുംണ്ടാവില്ല അല്ലെ?”
മൂന്നാൻ തലയാട്ടി. പെട്ടെന്നാണ് അവസാനഭാഗത്ത് എന്തോ ഒരു പന്തികേട് മൂന്നാന് അനുഭവപ്പെട്ടത്. അയാൾ വിശദീകരണം ചോദിച്ചു.
“ചേട്ടൻ എന്താ പറഞ്ഞത്?”
“അല്ല, ഇതൊക്കെ കിട്ടിയാൽ പിന്നെ പെണ്ണിന്റെ ആവശ്യം എന്താണ്ന്ന് ചോദിച്ചതാ.”
മൂന്നാൻ തലയാട്ടൽ നിർത്തി. തലയാട്ടിക്കൊണ്ടിരുന്നാലത്തെ ഭവിഷ്യത്തുകൾ അയാൾക്ക് മനസ്സിലായി.
പിന്നെ ആലോചനകളുടെ ബഹളമായിരുന്നു. ജോസഫേട്ടന് വിവാഹദല്ലാളമ്മാരെ പൊതുവേ ഇഷ്ടമല്ലായിരുന്നു. അവർ വന്നാൽ ജോസഫേട്ടന്റെ മൂഡ് പോകും.
“നിങ്ങളെന്തിനാണ് അവരോടൊക്കെ ഇങ്ങനെ കയർക്കണത്?” ത്രേസ്യാമ്മ ചോദിക്കും.
“ഒരു മൂന്നാൻ കാരണമാണ് ഇരുപത്തെട്ടു കൊല്ലം ഞാൻ കഷ്ടപ്പെടേണ്ടി വന്നത്. അതറിയ്വോ നെനക്ക്?”
ത്രേസ്യാമ്മയ്ക്ക് അതിന്റെ പൊരുൾ മനസ്സിലായില്ല. വല്ല മൂന്നാൻമാരും ജോസഫേട്ടനെ വെച്ചു പോയിട്ടുണ്ടാകും. അതിനെപ്പറ്റി അധികം ആലോചിച്ച് തല പുണ്ണാക്കാൻ അവർ ശ്രമിച്ചില്ല. വിവാഹദല്ലാളന്മാർ അവശ്യം വേണ്ട ഉപദ്രവമാണെന്നവർ വിശ്വസിച്ചു. ഒരു വീട്ടിൽ കല്യാണത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നതിൽ അവർക്ക് നല്ലൊരു പങ്കുണ്ട്.
“നമുക്ക് നേരിട്ട് എവിടെനിന്നെങ്കിലും ആലോചിക്കാം.” ജോസഫേട്ടൻ പറഞ്ഞു. “പോരാത്തതിന് ജോമോൻ എഴുതിയിട്ടുമുണ്ട്, അവൻ വന്ന ശേഷം തുടങ്ങിയാ മതി ആലോചനാന്ന്. നമ്മള് വിചാരിക്കണതാവില്ല അവനു താല്പര്യം.”
കാര്യമെന്തൊക്കെയായാലും മൂന്നാന്മാർ വരുമ്പോൾ ജോസഫേട്ടൻ ഉണ്ടാവണമെന്നുണ്ട് ത്രേസ്യാമ്മയ്ക്ക്. പിന്നിൽ ഒരു ബലത്തിന്ന്. കാര്യങ്ങളെല്ലാം ത്രേസ്യാമ്മ തന്നെ പറയുമെങ്കിലും ആണൊരുത്തൻ ഒപ്പമുണ്ടാവുന്നതല്ലെ നല്ലത്? ഞായറാഴ്ച പള്ളിയിൽ പോയി വരുമ്പോഴേയ്ക്കും രണ്ടു പേർ പടിക്കൽതന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതെ മൂന്നാന്മാർതന്നെ. വിവരങ്ങളെല്ലാം ശേഖരിച്ചുവെച്ച് അവരെ പറഞ്ഞയച്ചു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ജോസഫേട്ടൻ പുറത്തിറങ്ങി. ഒന്ന് നടുനീർത്താമെന്നു കരുതി ത്രേസ്യാമ്മ അതിനുള്ള ഒരുക്കങ്ങൾ ചെയ്തു. പാറുകുട്ടി പോയതിനുശേഷം ഉച്ചക്കുള്ള കിടത്തവും നിന്നിരുന്നു. പിള്ളാരെ കയറൂരിവിട്ട് കിടന്നാൽ സമാധാനമില്ല. അപ്പോൾ ഞായറാഴ്ചയേ ഉച്ചയുറക്കം പറ്റൂ. ഉമ്മറത്തെ വാതിലടക്കാൻ നിൽക്കുമ്പോഴാണ് ഒരാൾ പടികടന്നു വരുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൻ അതൊരു മൂന്നാനാണെന്ന് ത്രേസ്യാമ്മയ്ക്കു മനസ്സിലായി. മൂന്നാന്മാരെ ഇപ്പോൾ ഒരു നാഴിക ദൂരെവച്ചു കണ്ടാൽപോലും ത്രേസ്യാമ്മയ്ക്കു മനസ്സിലാവും.
പത്തറുപതു വയസ്സു പ്രായമായിട്ടുണ്ടാകും അയാൾക്ക്. നരയും കഷണ്ടിയും കയറിയ തല. അയാൾ അകത്തു കയറിയിരുന്ന് കയ്യിലുള്ള തുകൽസഞ്ചി അടുത്തുതന്നെ വെച്ചു, അതിന്മേൽ സ്‌നേഹത്തോടെ തൊട്ടുതലോടി.
“ഞാനൊരു ആലോചനയുംകൊണ്ട് വന്നതാണ്.” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്കു മനസ്സിലായി.” ത്രേസ്യാമ്മ പറഞ്ഞു. അവതരണമൊന്നുമില്ലാതെ കാര്യം പറഞ്ഞു പൊയ്ക്കൂടെ എന്നാണ് അവർ ആലോചിച്ചിരുന്നത്.
“എങ്ങിനെ മനസ്സിലായി? കത്തുണ്ടായിരുന്നോ?”
“അല്ലാ, ഇന്ന് രാവിലെത്തൊട്ട് വരുന്ന മൂന്നാമത്തെ മൂന്നാനാണ് നിങ്ങള്. ജോമോന്റെ കത്തു കിട്ടിയശേഷം ആലോചനകള് കൊറച്ചൊന്നുമല്ല വരുന്നത്.”
മൂന്നാമത്തെ മൂന്നാൻ ! ആ പ്രയോഗം അയാൾക്കിഷ്ടമായി.
“നല്ല പയ്യനല്ലെ? എഞ്ചിനീയറാണ്, ഗൾഫില് നല്ല ജോലീം. അപ്പോപ്പിന്നെ ആലോചനകള് വരാണ്ടിരിക്ക്വോ?” അയാൾ പറഞ്ഞു.
“ജോസഫേട്ടൻ പൊറത്തു പോയിരിക്ക്യാണ്. വിവരങ്ങളൊക്കെ തന്ന് പൊയ്‌ക്കോളു. ഞങ്ങള് അറിയിക്കാം, താല്പര്യണ്ടെങ്കില്. ഒന്നുരണ്ട് ആലോചനകള് കാര്യായിട്ട്തന്നെണ്ട്. അതിലൊന്ന് മിക്കവാറും ഒറപ്പിക്കും.”
“അപ്പോ ഞാൻ വൈകിയോ വരാൻ?”
അയാൾ സഞ്ചിതുറന്ന് ഒരു ഫോട്ടോ എടുത്തു ത്രേസ്യാമ്മയുടെ കൈയിൽ കൊടുത്തു.
“ഇതാണ് കുട്ടി.” അയാൾ പറഞ്ഞു.
ത്രേസ്യാമ്മ നോക്കി. തരക്കേടില്ല. സൂക്ഷ്മമായി നോക്കണമെങ്കിൽ ജോസഫേട്ടന്റെ കണ്ണട വേണം. പിന്നീട് നോക്കാം. അവർ ചോദിച്ചു.
“അപ്പോ എവിട്യാണ് പെണ്ണിന്റെ വീട്?”
“തിരുവല്ലായിലാണ്.”
“തിരുവല്ലായിലോ?” ത്രേസ്യാമ്മ കുറച്ചുറക്കെത്തന്നെ പറഞ്ഞു. “ഇത്ര ദൂരത്തൊന്നും പോകാൻ താല്പര്യല്ല്യ. ഞാനിവിടെ അടുത്തെങ്ങാനുമാണെന്നു കരുതിയാ സംസാരിച്ചത്.”
“സാരംല്ല്യ.” അയാൾ പറഞ്ഞു. ‘ഞാൻ വിവരങ്ങളൊക്കെ ഒരു കടലാസിൽ എഴുതിത്തരാം. ചേട്ടൻ വരുമ്പോൾ കൊടുക്കൂ. താല്പര്യംണ്ടാവുംന്ന് തന്ന്യാ എനിക്കു തോന്നണത്. ദൂരൊക്കെ ഇക്കാലത്ത് ഒരു പ്രശ്‌നാണോ?”
അയാൾ ഒരു കടലാസിൽ വിവരങ്ങളൊക്കെ കുറിച്ച് കൊടുത്തു.
“എന്നാൽ ഞാനിറങ്ങട്ടെ. ഞാനിനിയും വരും.”
അയാൾ ഇറങ്ങിപ്പോയപ്പോൾ ത്രേസ്യാമ്മയ്ക്കു വിഷമമായി. ഒരു ഗ്ലാസു പച്ചവെള്ളം പോലും കൊടുത്തില്ല. പാവം അയാളുടെ തൊഴിലാണത്. പെണ്ണിന്റെ വീട്ടുകാർ കൊടുക്കുന്ന കമ്മീഷൻ കൊണ്ടാണയാൾ ജീവിക്കുന്നത്. അതിനു വേണ്ടിയാണ് തിരുവല്ലായിൽനിന്ന് ഇതുവരെ യാത്ര ചെയ്തു വന്നത്. വണ്ടിക്കൂലിക്ക് എന്തെങ്കിലും ചില്ലറ കൊടുക്കാമായിരുന്നു.
മൂന്നാനോടുണ്ടായ അനുതാപം പക്ഷെ ആ ആലോചന സ്വീകരിക്കുന്നതിൽ േ്രതസ്യാമ്മ കാണിച്ചില്ല. അനുതാപം വേറെ. മകന്റെ ഭാവി വേറെ. രണ്ടും കൂട്ടിക്കുഴച്ചാൽ ശരിയാവില്ല. ഈ ആലോചന ജോസഫേട്ടനെ കാണിക്കേണ്ടെന്നു തീരുമാനിച്ചു.
മൂന്നാന്മാരുടേയും മൂന്നാത്തികളുടേയും തിരക്കിൽ ത്രേസ്യാമ്മ തിരുവല്ലക്കാരന്റെ കാര്യം മറന്നുപോയി.
ജോമോൻ എത്തിയപ്പോൾ രാത്രി ഒമ്പതുമണിയായിരുന്നു. ടാക്‌സിയുടെ ശബ്ദം കേട്ടു പുറത്തുവന്ന ത്രേസ്യാമ്മ മകൻ രണ്ടു പെട്ടികൾ ഏറ്റി പടി കടന്നു വരുന്നതു കണ്ടു. പിന്നാലെ അവന്റെ സ്‌നേഹിതനുമുണ്ടായിരുന്നു. അടുത്തു വന്നപ്പോഴാണ് മനസ്സിലായത് അത് ആണല്ല, ചൂരിദാർ ധരിച്ച ഒരു പെൺകുട്ടിയാണെന്ന്. അവർ അന്തംവിട്ടു നിന്നുപോയി. പെട്ടികൾ ഉമ്മറത്തേയ്ക്ക് കയറ്റിവെച്ചശേഷം അപ്പോഴും വാപൊളിച്ചു നില്ക്കുന്ന ത്രേസ്യാമ്മയോട് ജോമോൻ പറഞ്ഞു.
“അമ്മച്ചീ, എന്റെ ഫ്രണ്ട് !”
“അപ്പോ നെന്റെകൂടെ ഒരു ഫ്രണ്ടുണ്ടാവുംന്നല്ലെ എഴുതിയിര്ന്നത്?”
“അതെ അമ്മച്ചീ, ഇത് എന്റെ ഫ്രണ്ടാണ്. അല്ലെ ജെസ്സീ?”
അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി.
ജോസഫേട്ടൻ പുറത്തേയ്ക്കുവന്നു. ത്രേസ്യാമ്മയ്ക്ക് സമാധാനമായി. സാധാരണഗതിയിൽ പ്രശ്‌നങ്ങളെല്ലാം തീർന്നശേഷമേ അച്ചായന്റെ എഴുന്നള്ളത്തുണ്ടാകാറുള്ളൂ. പക്ഷെ അച്ചായന്റെ മുഖത്ത് വലിയ ഭാവഭേദമൊന്നും കണ്ടില്ല. അങ്ങിനെയാണെങ്കിൽ അങ്ങിനെയെന്ന മട്ടിൽ.
“നീയാ കൊച്ചിനെ അകത്തേയ്ക്ക് വിളി ക്ക് കൊച്ചുത്രേസ്യേ.”
ത്രേസ്യാമ്മ അനങ്ങിയില്ല. അച്ചായന് അങ്ങിനെ ഒരു കുഴപ്പമുണ്ട്. പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാവാനുള്ള വിഷമം. അന്തംല്ല്യായ എന്നു പറയില്ലേ. അതുതന്നെ. എന്തൊ ക്കെ പ്രശ്‌നങ്ങളാണ് ജോമോൻ ഉണ്ടാക്കിവച്ചിരിക്കുന്നത്? രാത്രി ഒമ്പതുമണിക്ക് ഒരു പെൺകൊച്ചുമായി വന്നിരിക്കുന്നു. ഇനി ഇവരുടെ കല്യാണംതന്നെ കഴിഞ്ഞുവോ എന്നും സംശയമുണ്ട്. പെണ്ണുകാണൽ ചടങ്ങു മാത്രം ബാക്കിനിർത്തി ഒരുക്കിവച്ച ആലോചനകളുണ്ട്. ഇനി അവരോടൊക്കെ എന്തു പറയും? ഇതിനെപ്പറ്റിയൊന്നും ബോധമില്ലാതെ അച്ചായൻ ഇളിച്ചുകൊണ്ട് നില്ക്കയാണ്.
“നീ നാളെ വരുംന്നല്ലെ എഴുതിയത്?” ജോസഫേട്ടൻ ചോദിച്ചു.
“ഞങ്ങള് ശരിക്കു പറഞ്ഞാൽ ഇന്നലെ രാത്രി ബോംബേയിലെത്തി. ജെസ്സിക്ക് കുറച്ചു ഷോപ്പിങ്ങുണ്ടായിരുന്നു. ഇന്നുച്ചക്കുണ്ടായിരുന്ന ഫ്‌ളൈറ്റ് വൈകി.”
അവർ ഇന്നലെ രാത്രി ബോബെയിലെത്തിയിരിക്കുന്നു. ത്രേസ്യാമ്മ വിചാരിച്ചു. പ്രശ്‌നങ്ങൾ കൂടുതൽ ആഴത്തിലേക്ക് പതിക്കുകയാണ്. അവർ ചോദിച്ചു.
“നിങ്ങള് ബോംബെയില് എവിടാ താമസിച്ചത്?”
“സെന്റോർ ഹോട്ടലിലാ അമ്മച്ചീ. എയർലൈൻസ് ഏർപ്പാടു ചെയ്യണതാ.”
“ഒരേ ഹോട്ടലിലാ?”
“അതേ....?”
ത്രേസ്യാമ്മയ്ക്ക് ഒരുപാടു സംശയങ്ങളുണ്ടായി. അവർ ഒരു മുറിയിലായിരിക്കുമോ താമസിച്ചിട്ടുണ്ടാവുക? ഈ ആൺപിള്ളാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല. എങ്ങിനെയാണതു ചോദിക്കുക.
ജോസഫേട്ടൻ ജോമോനോട് ജെസ്സിയുടെയും വീട്ടുകാരുടേയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയാണ്. എന്താണ് അവന്റെ ഉദ്ദേശ്യങ്ങളെന്നും.
“നീയെന്താടാ ഞങ്ങളോടൊന്നും പറയാതിരുന്നത്?” ത്രേസ്യാമ്മ ചോദിച്ചു.
“എന്ത്, അമ്മച്ചീ?”
“നെനക്ക് ഇങ്ങനെ ഒരു പ്രേമംണ്ട്ന്ന്.”
“അതിന് എനിക്കു പ്രേമൊന്നുംല്ല്യല്ലൊ, അമ്മച്ചീ.”
“അപ്പോ ഈ പെൺകൊച്ചൊ?
“അതെന്റെ ഫ്രണ്ടാമ്മച്ചീ.” അവൻ തിരിഞ്ഞ് ജെസ്സിയോട് ചോദിച്ചു. “ജെസ്സിക്കെന്നോട് പ്രേമണ്ടോ?”
ഇല്ലെന്നവൾ തലയാട്ടി. ജോമോൻ തുടർന്നു.
“ഞങ്ങൾ ഒപ്പം ഒരേ ഡിപ്പാർട്ട്‌മെന്റിൽ ജോലിയെടുക്കുന്നു. രണ്ടുപേർക്കും കല്യാണം വേണം. അപ്പോ ഇങ്ങിനെയായിക്കൂടെ എന്ന് തോന്നി.”
ത്രേസ്യാമ്മയ്ക്ക് സമാധാനമായി. പ്രേമം ഒന്നുമില്ല. അതാണ് നല്ലത്. കല്യാണം കഴിച്ചിട്ട് മതി പ്രേമമൊക്കെ.
ജോസഫേട്ടന്റെ വിദഗ്ദനയനങ്ങൾ പക്ഷെ കൂടുതൽ മനസ്സിലാക്കിയിരുന്നു.
ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനുള്ള ശ്രമങ്ങളായി. ജോസഫേട്ടൻ കിടപ്പുമുറിയിൽനിന്ന് നിഷ്‌കാസിതനായി. മകന്റെ ഒപ്പം കിടക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് അദ്ദേഹം തളത്തിൽ തന്റെ ഉച്ചയുറക്കത്തിന്റെ സ്ഥാനത്ത് കിടന്നു. ഉറങ്ങാനുള്ള ഉദ്ദേശമൊന്നുമില്ലാതെ സംസാരിച്ചുനിന്ന ജോമോനെ അവന്റെ മുറിയിലേക്കോടിച്ചിട്ട് ത്രേസ്യാമ്മ ജെസ്സിയുമായി കിടക്കാനൊരുങ്ങി. ജെസ്സിയോട് കിടന്നുകൊള്ളാൻ പറഞ്ഞ് ത്രേസ്യാമ്മ കിടക്കയിൽ മുട്ടുകുത്തി പ്രാർഥിക്കാൻ തുടങ്ങി.
“കർത്താവേ, ഇങ്ങനൊക്ക്യാ സംഭവിച്ചത്. എല്ലാം നല്ലതിന് തന്നെയായിരിക്കുംന്ന് സമാധാനിക്കുന്നു. അവൻ പറേണതിലും കാര്യംണ്ട്. അവളും എഞ്ചിനീയറാണ്. ഒരേ ഡിപ്പാർട്ട്‌മെന്റിലാണ്. ശമ്പളവും ഏകദേശം ഒപ്പാത്രെ. രണ്ടുപേരുംകൂടി കാശു കൊറച്ചുണ്ടാക്കുന്നുണ്ട്. പ്രേമം ഒന്നുല്ല്യാന്ന് പറഞ്ഞു. അതു നന്നായി. കല്യാണം കഴിച്ചിട്ട് പ്രേമൊക്കെ ആയിക്കോട്ടെ. എന്റേം അച്ചായന്റേം പോലെ. ഞങ്ങക്കെന്താപ്പൊ ഒരു മോശം പറ്റീത്? കൊച്ച് തരക്കേടില്ലകെട്ടോ. നല്ല സൊഭാവാന്നാ തോന്നണത്.........”
കടിഞ്ഞാണിടാൻ ജോസഫേട്ടനില്ലാത്തതു കാരണം പ്രാർഥന നീണ്ടുപോയി. ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും, കർത്താവിന് മുഷിഞ്ഞിട്ടുണ്ടാകണം, അദ്ദേഹം അവർക്ക് പരിസരബോധം വരുത്തി. കർത്താവിന് ഒരിക്കൽക്കൂടി സ്തുതി പറഞ്ഞ് അവർ കിടന്നു. അപ്പോഴാണ് കിടക്കയിൽ ജെസ്സിയില്ലെന്ന് അവർ മനസ്സിലാക്കിയത്. കുളിമുറിയിൽ പോയിട്ടുണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ കുളിമുറിയിൽ വെളിച്ചമില്ലല്ലോ. അവർ എഴുന്നേറ്റു ലൈറ്റിട്ടു പതുക്കെ വിളിച്ചു. “ജെസ്സീ...”
“ആന്റീ...” അവൾ ധൃതിയിൽ ഓടിവന്നു. ജോമോന്റെ മുറിയിലായിരുന്നു അവൾ എന്ന് ത്രേസ്യാമ്മയ്ക്ക് മനസ്സിലായി.
“നീയെന്തെടുക്കുവാ അവിടെ?”
“ആന്റീ,” അവൾ കിതച്ചുകൊണ്ട് പറഞ്ഞു. “ഞാൻ ഒരു കാര്യം നോക്കാൻ പോയതാ... എന്റെ പാസ്‌പോർട്ട്, അത് എയർപോർട്ടീന്ന് എടുത്തുവോന്ന് സംശയായി.”
“അപ്പോ നെനക്ക് ലൈറ്റിട്ട് നോക്കായിരുന്നില്ലേ?”
“അത്, ജോമോൻ ഒറങ്ങ്വല്ലേന്ന് കരുതീട്ടാ.”
“അതെല്ലാം നാളെ നോക്കാം, നീ ഒറങ്ങാൻ നോക്ക്.”
ത്രേസ്യാമ്മ തിരിഞ്ഞ സമയത്ത് അവൾ ജോമോന്റെ മുറിയിലേക്കു നോക്കി ദീർഘശ്വാസമിട്ട് കുരിശ് വരച്ചു.
“ബോംബേല് നിങ്ങള് ഹോട്ടലില് ഒരു മുറിയിലാ താമസിച്ചത്?” ത്രേസ്യാമ്മ മയത്തിൽ ചോദിച്ചു.
“അയ്യേ, അല്ല ആന്റീ, ഞങ്ങള് രണ്ടു മുറീലാ താമസിച്ചത്.”
ത്രേസ്യാമ്മയ്ക്ക് സമാധാനമായി. “പിന്നെ പെണ്ണേ, നീയെന്നെ ആന്റിയെന്നൊന്നും വിളിക്കണ്ടകെട്ടോ. അമ്മച്ചീന്ന് തന്നെ വിളിച്ചാ മതി.”
“ശരി അമ്മച്ചീ.....”
ത്രേസ്യാമ്മ അവളെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് സംസാരിച്ചു. രാത്രി രണ്ടുമണിവരെ കിടപ്പറയുടെ വാതിൽക്കൽ വന്ന് ജെസ്സിയോട് ആംഗ്യഭാഷയിൽ സംസാരിച്ച ജോമോനും രക്ഷയില്ലെന്നു മനസ്സിലാക്കി പോയി കിടന്നു. ജെസ്സി ജോമോന്റെ കോമാളിത്തം കണ്ട് ചിരിക്കുമ്പോൾ ത്രേസ്യാമ്മ ചോദിക്കും “എന്തിനാ നീ ചിരിക്കണത് മോളെ?”
“ഒന്നുല്ല്യ അമ്മച്ചീ”, അവൾ പറയും. “ജോമോൻ ഓരോ തമാശ കാണിക്കണത് കണ്ട്..... അല്ല പറേണത് ഓർത്തു ചിരിച്ചതാ.”
ജെസ്സിയുടെ അപ്പനും അമ്മാവനും രാവിലെത്തന്നെ അവളെ കൊണ്ടുപോകാൻ എത്തി. അപ്പന് പത്തയ്മ്പതു വയസ്സേ ആയിട്ടുള്ളൂ. അമ്മാവന് കുറച്ചുകൂടി വയസ്സായിരിക്കുന്നു. കഷണ്ടി കയറിയ തല. അയാളെ എവിടേയോ വച്ച് കണ്ടപോലെ തോന്നി ത്രേസ്യാമ്മയ്ക്ക്. ചായ കൊണ്ടുപോയി കൊടുക്കുമ്പോഴും അവർ അയാളെ നല്ലപോലെ നോക്കി. അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“എന്താ പരിചയമുണ്ടോ?”
ത്രേസ്യാമ്മ ആലോചിക്കുകയാണ്. ഓർമ്മ കിട്ടുന്നില്ല.
“തിരുവല്ലായിൽനിന്ന് ഒരു മൂന്നാൻ വന്നത് ഓർമ്മയുണ്ടോ?”
ത്രേസ്യാമ്മക്ക് പെട്ടെന്ന് ആളെ മനസ്സിലായി.
“ചേട്ടൻ ഉണ്ടായിരുന്നില്ല. ഞാൻ ഫോട്ടോവും മറ്റു വിവരങ്ങളും ഇവിടെ ഏല്പിച്ചുപോയി.”
“അയ്യോ അതു പെണ്ണിന്റെ അച്ചയായിരുന്നൂന്ന് അറിഞ്ഞില്യാട്ടോ. മൂന്നാനാണെന്നാണ് ഞാൻ കരുതീത്.” ത്രേസ്യാമ്മ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ മൂന്നാന്റെ വേഷമിട്ടുതന്നെയാ അന്നു വന്നത്.” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ത്രേസ്യാമ്മ കർത്താവിന് നന്ദി പറയുകയായിരുന്നു, കൂടുതൽ വിഢ്ഢിത്തമൊന്നും തന്നെക്കൊണ്ട് അന്നു കാണിപ്പിക്കാത്തതിന്. വണ്ടിക്കൂലി കൊടുക്കാനൊന്നും മെനക്കെടാത്തതു നന്നായി !
“നീയെന്നോട് ഒന്നും പറഞ്ഞില്ലല്ലോ കൊച്ചുത്രേസ്യേ?” ജോസഫേട്ടൻ നീരസത്തോടെ ചോദിച്ചു.
എങ്ങിനെ പറയാനാണ്. തിരുവല്ലായിൽനിന്നാണ്, പോരാത്തതിന് പെണ്ണിന് ജോലിയുമുണ്ട് എന്നും പറഞ്ഞപ്പോൾത്തന്നെ അവർ ആ ആലോചന വേണ്ടെന്നു വച്ചിരുന്നു. ജോലിയുള്ള കുട്ടിയൊന്നും വേണ്ട ജോമോനെന്ന് അവർ ആദ്യമേ തീർച്ചയാക്കിയിരുന്നു. താൻ ആ കടലാസും ഒപ്പമുണ്ടായിരുന്ന ഫോട്ടോവും എവിടെയാണ് വെച്ചത് എന്നോർക്കുകയായിരുന്നു ത്രേസ്യാമ്മ.
“ഞാനത് വിട്ടുപോയി” അവർ പറഞ്ഞു. അച്ചായന് അപ്പോൾ അതു ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. ഇവരൊക്കെ പോയിട്ട് എഴുന്നള്ളിച്ചാൽ മതിയായിരുന്നില്ലേ?
പെണ്ണുകാണാൻ പോകുന്ന ദിവസം തീർച്ചയാക്കപ്പെട്ടു. അവർ ജെസ്സിയേയുംകൊണ്ട് പോയി. ത്രേസ്യാമ്മ മേശവലിപ്പുതുറന്ന് ആ ഫോട്ടോവിനുവേണ്ടി പരതി. തള്ളിക്കളഞ്ഞ പല ആലോചനകൾക്കൊപ്പം ആ കവറും ഉണ്ടായിരുന്നു. ജെസ്സിയുടെ ഫോട്ടോ അവർ വെളിച്ചത്തു കൊണ്ടുവന്ന് നോക്കി. നന്നായിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന കടലാസ് അവർ ജോസഫേട്ടനെ ഏല്പിച്ചു.
“കൊച്ചു ത്രേസ്യേ, അവള് ജോമോന്റെ കമ്പനീലാണ് ജോലിയെടുക്കണത്ന്ന് ഇതിലുണ്ട്. നീ ഇതെന്നെ കാണിച്ചിരുന്നെങ്കിൽ ഈ പങ്കപ്പാടൊന്നുംണ്ടായിര്ന്നില്ല. ഒരേ ഒരു മകളാ. ധാരാളം സ്വത്തുള്ളവരാണ്. നെന്റെ മോന് മോശൊന്നും പറ്റീട്ടില്ല.”
സദുദ്ദേശത്തോടുകൂടിയാണ് ത്രേസ്യാമ്മ അത് ജോസഫേട്ടനെ കാണിക്കാതിരുന്നത്. നല്ല ആലോചനകൾ മാത്രം കാണിച്ചാൽ മതിയല്ലൊ എന്നു കരുതി. അല്ലെങ്കിൽ സ്വതവേ വകതിരിവു കുറഞ്ഞ അച്ചായൻ അനാവശ്യമായി ഓരോന്നിന്റെ പിന്നാലെ പോയി സമയം കളയും. അത്‌പ്പോ ഇങ്ങിനെയൊക്കെ ആകുമെന്ന് ആരു കരുതി?
ജോമോൻ അവരെ വണ്ടികയറ്റി തിരിച്ചുവന്നു. അവൻ ചോദിച്ചു.
“അമ്മച്ചിക്കും അപ്പച്ചനും ഇഷ്ടായോ ജെസ്സിയെ?”
“ഞങ്ങൾക്കല്ലല്ലോ, നിനക്കല്ലേ ഇഷ്ടമാവേണ്ടത്?” ത്രേസ്യാമ്മ ചോദിച്ചു. അവരുടെ സ്വരത്തിൽ പരിഭവമുണ്ടായിരുന്നു. “പക്ഷെ നിനക്ക് ഇത് ഞങ്ങളോട് ആദ്യമേ പറയായിരുന്നു. പോട്ടെ സാരംല്ല്യ. നല്ല കുട്ടിയാണ്.”
അവർ അടുക്കളയിലേക്ക് പോയി. ജോസഫേട്ടൻ മകന് അമ്മച്ചിയുടെ ബിസിനസ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. ഓരോ ബിസിനസ്സും എങ്ങിനെ തുടങ്ങിയെന്നും, എങ്ങിനെ അവസാനിച്ചുവെന്നും.
“മുട്ടക്കച്ചവടത്തിലാ തുടക്കം. ഒരു കോഴീനിംവച്ച്, അതും മാവിൻകൊമ്പില് കയറി മുട്ടയിടണ കോഴി, ഒരു കോളനീല് ആവശ്യംള്ള മുട്ട മുഴുവൻ കൊടുക്കാൻ നോക്കീതാ. കർത്താവ് പണ്ട് ഒരപ്പംകൊണ്ട് അയ്യായിരം പേരെ തീറ്റിയിട്ടുണ്ട്. നിന്റെ അമ്മച്ചി വിചാരിച്ചാൽ നടക്കുമോ അത്? പിന്നെ തൊടങ്ങീത് വീഡിയോ ബിസിനസ്സാ, അതും പൊളിഞ്ഞു.”
വീഡിയോ ബിസിനസ്സ് എങ്ങിനെ പൊളിഞ്ഞുവെന്ന് ജോസഫേട്ടൻ വ്യക്തമാക്കിയില്ല. അതു പൊളിയാനുള്ള കാരണങ്ങൾ മകന് പറഞ്ഞുകൊടുക്കാൻ പറ്റില്ല. ചമ്മലുണ്ടാക്കുന്ന കാര്യമാണ്.
“പിന്നെ തൊടങ്ങീതാ പ്ലേസ്‌കൂൾ. അത് വലിയ കൊഴപ്പം ഇല്ലാതെ കൊണ്ടു നടന്നിരുന്നതാ. ലാഭൊന്നുംല്ല്യ. പിന്നെ പകല് പിള്ളാര്‌ടെ കളി കണ്ട് സമയം പോണതറിയില്ല. ഇപ്പോ പാറുകുട്ടി പോയപ്പോ അതും നിർത്തേണ്ടിവന്നിരിക്ക്യാണ്. അടുത്ത മാസം നിർത്തും. ഞാൻ പറയ്ണ്ണ്ട് ഇനി ഒരു ബിസിനസ്സും തൊടങ്ങണ്ടാന്ന്. ഇനി ഒന്നിനുംല്ല്യാന്നൊക്കെ ഇപ്പോ പറയ്ണ്ണ്ട്. എത്രകാലം ഒതുങ്ങിയിരിക്കുംന്ന് കർത്താവിനറിയാം.”
അവസാനം പറഞ്ഞത് കേട്ടുകൊണ്ടാണ് ത്രേസ്യാമ്മ വന്നത്.
“ഇല്ലില്ല. ഇനി ബിസിനസ്സിനൊന്നും ഞാനില്ല. എനിക്കേയ് വയസ്സായിത്തൊടങ്ങീരിക്കുണു.” അവർ പറഞ്ഞു. “ഇനി ഒരു ഭാഗത്ത് ഇരിക്കാമ്പോവ്വാ. ബിസിനസ്സിന്ന്ന് മാത്രല്ല, മറ്റുള്ളോരടെ കാര്യത്തിലൊന്നും ഞാനിനി തലയിടാൻ പോണില്ല. പോയേടത്തൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ട്ണ്ട്.”
വൈകി വന്ന ഒരു കുമ്പസാരമായിരുന്നു അത്. ജോസഫേട്ടൻ കുരിശു വരച്ചു, കർത്താവിന് നന്ദി പറഞ്ഞു.
ജോമോൻ അകത്തുപോയി ഒരു ഉപകരണം എടുത്തുകൊണ്ടുവന്നു, അതുംകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ഇടയ്ക്ക് അതെടുത്ത് കണ്ണിനുനേരെ പിടിക്കും. അപ്പോൾ അതിൽനിന്ന് ഒരു വെളിച്ചം വന്നിരുന്നു. അതെന്താണെന്ന ത്രേസ്യാമ്മയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. ഒരു പത്തു മിനുറ്റുനേരം അങ്ങിനെ നടന്നശേഷം അവൻ ടി.വി. ഓണാക്കി വിസിയാറിൽ ഒരു കാസറ്റിട്ടു. ത്രേസ്യാമ്മയുടെ അദ്ഭുതത്തിന്ന് അതിരില്ലായിരുന്നു. കാരണം സ്‌ക്രീനിൽ വന്നത് തന്റെയും ജോസഫേട്ടന്റെയും ചിത്രങ്ങളായിരുന്നു, ഒപ്പം സംസാരവും. ജോമോൻ കൊണ്ടുവന്നത് ഒരു ഹാന്റികാമായിരുന്നു. ത്രേസ്യാമ്മ ആ കാമറ തിരിച്ചും മറിച്ചും നോക്കി.
“ഇതോണ്ട് കല്യാണങ്ങളൊക്കെ എടുക്കാൻ പറ്റില്ലേ?” അവർ ജോമോനോട് ചോദിച്ചു.
“വേണെങ്കിലെടുക്കാം.”
ജോസഫേട്ടൻ ടിവിയിൽ നോക്കിയിരിക്കയാണ്. തന്റെ നരച്ച തലമുടിയെല്ലാം പാറിപ്പറന്നിരിക്കുന്നു. ഇവൻ ഫോട്ടോ എടുക്കുകയാണെന്നറിഞ്ഞെങ്കിൽ തലമുടി നേരെയാക്കി, ഷർട്ടും മാറ്റി ഇരിക്കാമായിരുന്നു.
“എടാ ജോമോനേ നീയ് ഒരു കാര്യം ചെയ്യണം.”
“എന്തു കാര്യം അമ്മച്ചീ?”
“നീയ് എനിക്ക് ഈ സാധനം ഒന്ന് പഠിപ്പിച്ചു തരണം.”
“എന്തിനാ അമ്മച്ചീ ഇതു പഠിക്കണത്?”
“കോളനീല് ഒന്നു രണ്ടു കല്യാണങ്ങള് അടുത്തു വര്ണ്ണ്ട്. ഞാനിതൊരു ബിസിനസ്സാക്കാൻ പോവ്വ്വാണ്.”
“എന്റെ കർത്താവേ....” ജോസഫേട്ടൻ തലയിൽ കൈവച്ചു.
|