പീഡാനുഭവം
പീഡാനുഭവം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഒരു കുടുംബപുരാണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 76 |
മുന്തിരിക്കാരന്റെ വരവ് കോളനിവാസികൾക്ക് ഒരുത്സവമായതിൽ അദ്ഭുതപ്പെടാനില്ല. മുട്ടക്കാരി ഉമ്മയുടെ ആഴ്ചയിലൊരിക്കലുള്ള സന്ദർശനം മാത്രമാണ് ആ കോളനിയെ വഴിപോക്കവാണിഭലോകവുമായി ബന്ധപ്പെടുത്തുന്നത്. പിന്നെ വല്ലപ്പോഴും ചുറ്റുവട്ടത്ത് താമസിക്കുന്നവർ പറമ്പിലെ കപ്പ കിളച്ചാലോ, ഞാലിപ്പൂവൻ കുല പഴുത്താലോ, വിൽക്കാനായി അതുമേറ്റി അധികം ദൂരം നടക്കേണ്ടല്ലോ എന്നു കരുതി തലച്ചുമടുമായി കോളനിയിലേയ്ക്കു കടക്കും. രണ്ടു മണിക്കൂർ കോളനി മുഴുവൻ ചുറ്റിയാൽ തലച്ചുമടു കുറഞ്ഞു കിട്ടുമെന്നല്ലാതെ കീശയുടെ കനം കാര്യമായി കൂടില്ല. പിശകലിന്റെ ശക്തി കാരണം തിരിച്ചുള്ള യാത്ര ഏകദേശം ഓട്ടത്തിന്റെ അടുത്തെത്തുകയും ചെയ്യും. ഇനി വീട്ടിലൊരു കുല കായയുണ്ടായാൽ അത് കിളികൾ തിന്നുപോയാലും വേണ്ടില്ല, ഈ കോളനിയിലേയ്ക്ക് വില്ക്കാൻ കൊണ്ടുവരില്ലെന്ന് അന്തോണിയോസ് പുണ്യാളനേയോ, കൊടുങ്ങല്ലൂരമ്മയേയോ പിടിച്ച് ആണയിടുകയും ചെയ്യും.
മുന്തിരിക്കാരന്റെ സാഹസികത ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അയാൾ നാലു ചക്രമുള്ള ഒരു പുത്തൻ വണ്ടിയുന്തിക്കൊണ്ടാണ് വന്നത്. മഞ്ഞച്ചായമടിച്ച വണ്ടിയുടെ മേൽ പച്ച മുന്തിരിക്കുലകളുടെ ചിത്രം വരച്ചിരുന്നു. മാർക്കറ്റിൽ അന്നന്നു കിട്ടുന്നതിൽവച്ച് വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ വാങ്ങി വിറ്റ് അമിതലാഭമെടുക്കുന്ന അലവലാതി കച്ചോടക്കാരനല്ല, ഒരു പ്രൊഫഷണൽ തന്നെയാണ് അയാളെന്ന് വ്യക്തം. ചെറുപ്പക്കാരൻ, ഏറിയാൽ മുപ്പത് മുപ്പത്തിരണ്ട് വയസ്സു കാണും. പാന്റും ഷർട്ടുമാണ് വേഷം. തലയിൽ ഉറുമാലുകൊണ്ട് ഒരു കെട്ടുണ്ട്. അയാളുടെ വണ്ടിയിൽ ഘടിപ്പിച്ച മണിയുടെ നാദമാണ് എല്ലാവരേയും ആകർഷിച്ചത്. ഒരുപറ്റം കാളകൾ വഴിയിലൂടെ നടന്നുപോവുകയാണെന്നു കരുതിയിരുന്നവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കച്ചവടക്കാരെന്റ ശബ്ദം കേട്ടു. ‘നല്ല മുന്തിരി, കുരുവില്ലാത്ത പച്ച മുന്തിരി......’ മുമ്പ് വണ്ടിക്കച്ചവടക്കാർ വന്നിരുന്ന കാലത്ത് അവരുടെ മണിയൊച്ച കോളനിവാസികൾക്ക് ഒരു ഭീഷണിയായിരുന്നു. ഐസ്‌ക്രീം കൊണ്ടു വന്നിരുന്നവൻ ഒരു ഇരുമ്പുദണ്ഡ് എടുത്ത് സൈക്കിളിന്റെ തണ്ടിന്മേൽ അടിക്കകയായിരുന്നു പതിവ്. വല്ലാത്തൊരു ശബ്ദം! ഉച്ചയുറക്കത്തിൽനിന്ന് ഞെട്ടിയുണർന്നവർ അയാളെ പിരാകി. അവസാനം അയാളുടെ കയ്യിൽനിന്ന് ഒന്നും വാങ്ങരുതെന്ന് കോളനിവാസികൾ തീർച്ചയാക്കി. മാത്രമല്ല ഇനി ഇത്തരത്തിൽ ശബ്ദമുണ്ടാക്കിയാൽ ആ ഇരുമ്പുദണ്ഡ് അയാളുടെ തലയിൽ പ്രയോഗിക്കുമെന്നും അറിയിച്ചു. ആ പരീക്ഷണത്തിൽ താല്പര്യമില്ലാതിരുന്നതുകൊണ്ടോ കൂടുതൽ പച്ചപ്പുള്ളിടത്തേയ്ക്കു പോകാമെന്നു തീരുമാനിച്ചതുകൊണ്ടോ ഐസ്‌ക്രീംകാരൻ സ്ഥലം വിട്ടു. കോളനിയിൽ ഉപഭോക്തപ്രതിരോധ പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയത് അന്നായിരുന്നു.
ശ്രുതിമധുരമായ ഈ മണിയടി, കച്ചവടക്കാരനെ കോളനിവാസികൾ പെട്ടെന്ന് അംഗീകരിക്കാൻ സഹായിച്ചു. വണ്ടിക്കു മാത്രമായിരുന്നില്ല, അയാളുടെ വാക്കുകളിലുമുണ്ടായിരുന്നു മണിയടി. ആൾക്കാർ അയാളുടെ സംസാരത്തിൽ മയങ്ങിനിന്നുപോയി. കുട്ടികളുടെ ബഹളം കേട്ടപ്പോഴാണ് ത്രേസ്യാമ്മ നോക്കിയത്. വണ്ടിക്കാരൻ ഗേയ്റ്റിനു മുമ്പിൽത്തന്നെ വണ്ടി നിർത്തിയിരിക്കയാണ്. ഗേയ്റ്റിനു പിന്നിൽ കച്ചവടച്ചരക്ക് നോക്കി ആസ്വദിച്ചുകൊണ്ട് അര ഡസൻ പിള്ളേരും. അയാളാകട്ടെ ഒരു കുലമുന്തിരിങ്ങയിൽനിന്ന് കുറച്ചെണ്ണം എടുത്ത് തുടച്ച് ഗേയ്റ്റിന്നുള്ളിലൂടെ നീട്ടുന്ന കുഞ്ഞികൈകളിൽ ഒരോന്നു വച്ചുകൊടുത്തു. ത്രേസ്യാമ്മ വന്നപ്പോൾ എല്ലാവരും കോറസ്സായി പറഞ്ഞു. “ഞങ്ങക്ക് മുന്തിരിങ്ങ വേണം.”
“എന്തടോ മുന്തിരിങ്ങ വെല?”
“വെലയൊന്നും നോക്കണ്ട ചേച്ചീ, ഒരു രണ്ടു കിലോ എടുക്കട്ടെ?”
“പുളിണ്ടോ?”
“ഇല്ല ചേച്ചി, വേണങ്കീ പുളീള്ളത് നാളെ കൊണ്ടെത്തരാം.”
തനിക്കിനി പിടിച്ചു നില്ക്കാനാവില്ലെന്ന് ത്രേസ്യാമ്മയ്ക്കു മനസ്സിലായി. അവർ പറഞ്ഞു. “ഒരു കിലൊ എടുക്ക്, തൂക്കത്തിലൊന്നും കള്ളത്തരം കാണിക്കല്ലേ. പിന്നെ, ഇരുപതുരൂപയിലും ഒറ്റ പൈസ കൂടുതൽ തരില്ല.”
അയാൾ പുരാതനമായ ഒരു തുലാസ് എടുത്തു തട്ടുകൾ ശരിയാക്കി മുന്തിരിക്കുലകൾ എടുത്തു തൂക്കാൻ തുടങ്ങി.
“താൻ തമാശക്കാരനാണല്ലോ. ആട്ടെ വെല പറാ.”
“വെല കൊറവാ ചേച്ചീ, 400 ഗ്രാമിന് പത്തുറുപ്പിക മാത്രം.”
വില പറച്ചിലാണ്? ഒരു കിലോവിന് എന്തുവരുമെന്നാണ് അറിയേണ്ടത്. ചോദിക്കാനൊട്ടു നിവൃത്തിയുമില്ല. അവർ പറഞ്ഞു.
“മാർക്കറ്റിലൊക്കെ വില കൊറവാണ്.”
“മാർക്കറ്റില് കുരുള്ള മുന്തിരിക്ക് ഇരുപത്തഞ്ചാണ് ചേച്ചി വില. ഞാൻ കുരുവില്ലാത്ത അസ്സല് മധുരംള്ള മുന്തിരിയാണ് ഇരുപത്തഞ്ചിന് തരുന്നത്.” ബഹളം കൂട്ടുന്ന പിള്ളരെ നോക്കി അയാൾ തുടർന്നു. “പേരക്കിടാങ്ങൾക്കൊക്കെ വാങ്ങിക്കൊടുക്ക് ചേച്ചി.”
“ഈയ്യാക്ക് എന്തിന്റെ കേടാ. ഇതൊന്നും എന്റെ പേരക്കിടാങ്ങളല്ല.’
“അല്ലേ? പിന്നെവിടുന്ന് കിട്ടി കുറെ എണ്ണത്തിനെ?”
“തനിക്ക് വായിക്കാനറിയ്യ്വോ, ഒന്ന് മുകളിൽ നോക്കിയേ.”
മുകളിൽ വച്ച ബോർഡ് അയാൾ അപ്പോഴാണ് കാണുന്നത്. “ഓ, പ്ലേസ്‌കൂളാണല്ലെ? അങ്ങനെയാണെങ്കിൽ ഇനിയും കുറെയെണ്ണം അകത്തും കാണുമല്ലൊ. ചേച്ചീ ഒരു നാലു കിലോ വാങ്ങ്.”
“എന്താടോ തന്റെ പേര്?”
“നാസർ.”
“ഓ, കാക്കയാണല്ലെ? എവിടാ തന്റെ നാട്?”
“ചാവക്കാട്ടാണ് ചേച്ചി.”
“ഇയ്യാള് പറക്ക്വോ, ആന്റീ?” സജി ചോദിച്ചു.
“പിന്നേ,” നാസർ പറഞ്ഞു. “ഞാൻ ചാവക്കാട്ട്ന്ന് പറന്ന് വര്വല്ലേ?”പണം കൊടുത്ത് പൊതിയുമായി പിള്ളേരുടെ അകമ്പടിയോടെ അകത്തു വന്നപ്പോൾ ത്രേസ്യാമ്മക്ക് സംശയമായി. തൂക്കുന്ന സമയത്ത് മുന്തിരിവെച്ച തട്ട് വല്ലാതെ താഴ്ന്നു നിന്നതായി അവർ ശ്രദ്ധിച്ചിരുന്നു. അവരുടെ മതിപ്പിൽ ഒരു ഒന്നര കിലോവെങ്കിലും തൂക്കം കാണും. ഒരു കിലോവിന്റെ പണം വാങ്ങി ഒന്നര കിലോ തരാൻ മാത്രം പരോപകാരതല്പരനാണോ ഇയ്യാള്? പെട്ടെന്നാണ് അവർക്ക് ജോമോൻ ഗൾഫിൽനിന്ന് വന്നപ്പോൾ കൊണ്ടുവന്ന തുലാസിന്റെ കാര്യം ഓർമ്മ വന്നത്. അവർ അകത്തുപോയി അലമാറിയിൽനിന്ന് ആ തുലാസ് എടുത്തുകൊണ്ടുവന്നു, പൊതി തട്ടിൽ വച്ചു. സത്യസന്ധമായ സൂചി 900 എന്നെഴുതിയതിന്നെതിരെ വന്നുനിന്നു.
“എൻറീശോയേ!” അവർ തലയിൽ കൈവച്ചു. “ഇയ്യാള് എനിക്കിട്ടു വെച്ചതാ.”
അവർ ഓടി ഗേയ്റ്റിന്നു പുറത്തേയ്ക്കു പോയി നോക്കി. വണ്ടിക്കാരൻ അടുത്ത വീട്ടിന്റെ ഗേയ്റ്റിൽ എത്തിയിട്ടേയുള്ളൂ. അവർ വിളിച്ചു. “ഏയ്, ഒന്നിങ്ങോട്ടു വന്നേ.”
“എന്താ ചേച്ചീ” അയാൾ വണ്ടി ഉന്തിക്കൊണ്ടു തിരിച്ചുവന്നു.
“താൻ ഇതൊന്ന് നോക്ക്.”
അയാൾ ഗേയ്റ്റുകടന്നു വന്ന് ത്രേസ്യാമ്മ ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്കു നോക്കി. അവിടെ ചുവപ്പു നിറത്തിൽ ഒരു കൊച്ചു സുന്ദരി ഇരിക്കുന്നു, തലയിൽ താൻ നേരത്തെ പൊതിഞ്ഞുകൊടുത്ത പൊതിയുമായി.
“ഒരു കിലോ എന്നു പറഞ്ഞ് താനെനിക്ക് 900 ഗ്രാമാണ് തന്നത്.”
അയാൾ ഒരു വിദഗ്ദനെപ്പോലെ തുലാസിന്റെ ഡയൽ പരിശോധിച്ചു. പെട്ടെന്ന് കാര്യം പിടികിട്ടിയെന്ന മട്ടിൽ അയാൾ നിവർന്നുനിന്നു.
“ഇത് ഫോറിനാണല്ലെ ചേച്ചീ?”
“അതേ..?”
“അതാണ് കാര്യം. ഫോറിൻ ത്‌ലാസും നമ്മടെ ത്‌ലാസുമായി നൂറു ഗ്രാമിന്റെ വ്യത്യാസമുണ്ട്. അത് അവിട്‌ത്തെ കാലാവസ്ഥയും നമ്മടെ കാലാവസ്ഥയും തമ്മില്ള്ള വ്യത്യാസം കാരണാണ്. അവിട്യൊക്കെ നല്ല തണുപ്പല്ലെ. ഇതാ ഇതിൽത്തന്നെ എഴുതീട്ട്ണ്ടല്ലോ, ചേച്ചീ നോക്ക്.”
ത്രേസ്യാമ്മ നോക്കി. ഡയലിന്റെ മേൽ എന്തോ എഴുതിവച്ചിട്ടുണ്ട്, അതിനുശേഷം 100 ഴാ.െ എന്നും. അപ്പോൾ അവൻ പറഞ്ഞതുതന്നെയായിരിക്കുമോ കാര്യം? 100 ഗ്രാമിന്റെ വ്യത്യാസമുണ്ടാകുമെന്നാണോ? അവരുടെ മനസ്സു വായിച്ചിട്ടെന്നപോലെ അയാൾ പറഞ്ഞു.
“അതുതന്നെയാണ് ചേച്ചീ.”
രാത്രി ഉറങ്ങാൻ നേരത്ത് അവർ മുട്ടുകുത്തി പ്രാർഥിച്ചു. “കർത്താവേ, അപ്പച്ചൻ എന്നെ മലയാളം മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്നതിനു പകരം ഇംഗ്ലീഷു മീഡിയത്തിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്കിന്ന് ഈ പോഴത്തം പറ്റില്ലായിരുന്നു. ഒരു കാര്യവുമില്ലാതെ ഞാൻ ആ സാധു മനുഷ്യനെ തെറ്റിദ്ധരിച്ചു.....”
“എന്തു പറ്റീ കൊച്ചു ത്രേസ്യേ?”
“ഒന്നുമില്ല കർത്താവേ, അയാൾ...” ഇത്രയും പറഞ്ഞപ്പോാണ് അവർ കടക്കൺകോണിലൂടെ അച്ചായനെ കണ്ടത്. ജോസഫേട്ടൻ കിടക്കയിൽ എഴുന്നേറ്റിരിക്കയാണ്. അപ്പോൾ “എന്തു പറ്റീ..” എന്ന് ചോദിച്ചത് കർത്താവായിരുന്നില്ല. ജോസഫേട്ടൻ ഉറങ്ങിയെന്നാണ് വിചാരിച്ചിരുന്നത്. ഒരു വികാരിയച്ചൻ കുമ്പസാരം ഏറ്റുവാങ്ങുന്നപോലെ ജോസഫേട്ടൻ ഭാര്യയിൽനിന്ന് എന്താണുണ്ടായതെന്ന് ചോദിച്ചറിഞ്ഞു. എല്ലാം കേട്ടപ്പോൾ അദ്ദേഹം ചിരിക്കാൻ തുടങ്ങി.
ഭർത്താവിന്റെ തലക്കിട്ട് ഒന്ന് കൊടുക്കുവാനുള്ള ആഗ്രഹം അമർത്തിപ്പിടിച്ച് അവർ ചോദിച്ചു. “നെങ്ങ എന്തിനാ ചിരിക്കണേ?”
“എന്റെ കൊച്ചുത്രേസ്യേ, ആ ചാവക്കാട്ടുകാരൻ നിനക്കിട്ടു പാരവെച്ചതാ.”
“എൻറീശോയേ !”
“നൂറു ഗ്രാം എന്നെഴുതിയത് ഡയലീമ്മലത്തെ ഓരോ വരയെത്രയാന്നാ. എന്നുവച്ചാ ഒരുകിലോവിൽ പത്തു വരയുണ്ടാവും. ഓരോ വര കൂടുമ്പോഴും നൂറു ഗ്രാം കൂടും എന്നർഥം.”
എന്റെ കർത്താവേ, ആ ചാവക്കാട്ടുകാരൻ ഇങ്ങട്ടു വരട്ടെ നാളെ.
അതിനുശേഷം കർത്താവിന് കാര്യമായി നന്ദി പറയാൻ ഒന്നും കാണാഞ്ഞ് ആ സാധ്വി കുരിശു വരച്ചു കിടന്നു.
പിറ്റേന്ന് രാവിലെ ത്രേസ്യാമ്മ ആദ്യം ചെയ്ത കാര്യം മുന്തിരിക്കാരന്റെ തൂക്കക്കുറവിനെപ്പറ്റി കോളനിവാസികളെ മുഴുവൻ അറിയിക്കലായിരുന്നു. കിലോവിൽ ഇരുന്നൂറു ഗ്രാം കുറവുണ്ടെന്ന് അവർ പറഞ്ഞു. മുന്തിരിക്കാരന്ന് നൂറു ഗ്രാം കുറക്കാമെങ്കിൽ തന്റേതായി ഒരു നൂറു ഗ്രാം കൂടി കുറക്കുന്നതിൽ തെറ്റൊന്നുമില്ലെന്നവർ കണക്കാക്കി. വാർത്ത കാട്ടുതീ പോലെ പടർന്നു പിടിച്ചു. ത്രേസ്യാമ്മ ഓരോ വീട്ടിലെത്തുന്നതിനു മുമ്പുതന്നെ വാർത്ത അവിടെ എത്തിയിരുന്നു. ഉപഭോക്തപ്രതിരോധത്തിന്റെ പാരമ്പര്യമുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇനി മുതൽ അയാളുടെ പക്കൽനിന്ന് മുന്തിരി വാങ്ങരുതെന്ന് എല്ലാവരും തീർച്ചയാക്കി.
രാവിലെ നടന്ന കാര്യങ്ങളൊന്നുമറിയാതെ, തലേന്നത്തെ കച്ചവടത്തിന്റെ മധുരസ്മരണകളുമയവിറക്കി നാസർ വണ്ടിയുന്തി നടന്നു. നേരിയ മണികളുടെ നാദത്തിന് പ്രതികരണമൊന്നും കാണാതായപ്പോൾ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. “മുന്തിരി....നല്ല കുരുവില്ലാ മുന്തിരി.”
ഗേയ്റ്റുകൾ അടഞ്ഞുകിടന്നു. വാതിലുകൾ അടഞ്ഞുകിടന്നു. ഒരു ദിവസത്തെ പരിചയമുള്ള മുഖങ്ങൾ തികച്ചും അപരിചിതങ്ങളായി. കണ്ണുകൾ കണ്ണുകളുമായി ഇടയാതെ തെന്നിമാറി. ഒരു രാത്രികൊണ്ട് ഈ ദേശക്കാർക്ക് എന്തുപറ്റിയെന്നറിയാതെ നാസർ വിഷമിച്ചു. കോളനി മുഴുവൻ വണ്ടിയുന്തി നടന്ന ശേഷം അയാൾ ഒരു സോഡ കുടിക്കാനായി നാരായണന്റെ പെട്ടിക്കടക്കു മുമ്പിൽ നിർത്തി. നാസറുടെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാവണം അയാൾ ചോദിച്ചു.
“എന്താ മാഷെ ഒന്നും ചെലവായില്ലെ?”
നാസർ തലയാട്ടി. അയാൾ തുടർന്നു. “ഇവിടെ ഇതൊന്നും പോവില്ല മാഷെ. വല്ല ചക്കയൊ മാങ്ങയൊ ഒക്കെയാണെങ്കി ചെലവാവും. മുന്തിരിയൊന്നും ഇവിടെ ആർക്കും ദഹിക്കൂല.”
നാരായണൻ കോളനിക്കാരനല്ലായിരുന്നു. അതൊന്നുമല്ല കാര്യമെന്ന് നാസർ ഊഹിച്ചു. ഏതായാലും വണ്ടി അവിടെവെച്ച് കോളനിയിൽ ഒന്നു കറങ്ങാമെന്ന് അയാൾ തീർച്ചയാക്കി. തന്റെ നേവൽ ബ്ലോകേയ്ഡ് എങ്ങിനെ ഫലിക്കുന്നു എന്നറിയാൻ ത്രേസ്യാമ്മ പുറത്തിറങ്ങിയതും അതേ സമയത്തായിരുന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കി. അയാൾ ചോദിച്ചു. “എന്താ ചേച്ചീ മുന്തിരി വേണ്ടേ?”
“താൻ എന്നെ പറ്റിച്ചു അല്ലെ?”
“എന്താ ചേച്ചീ അങ്ങനെ പറയണത്?”
തുടർന്നുണ്ടായ പത്തുമിനിറ്റ് ഡയലോഗിൽ, താൻ നാസറേയും, അതുപോലുള്ള മറ്റു വണ്ടിക്കച്ചവടക്കാരേയും എങ്ങിനെ കണക്കാക്കുന്നു എന്നതിനേപ്പറ്റി ഏകദേശമൊരു രൂപം കൊടുക്കാൻ ത്രേസ്യാമ്മ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തുവെന്ന് നാസറുടെ മുഖഭാവം വ്യക്തമാക്കി. പോകുന്ന പോക്കിൽ ഇത്രയും കൂടി കൂട്ടിച്ചേർക്കാനും അവർ മറന്നില്ല.
“ഈ കോളനീന്ന് ഒരാളും ഇനി തന്റെ മുന്തിരി വാങ്ങുകേലാ കേട്ടോ.’
പകൽ ഇടക്കിടയ്ക്ക് ത്രേസ്യാമ്മ ജനലിലൂടെ നോക്കുമ്പോൾ നാസറുടെ വണ്ടി നാരായണന്റെ സി–ക്ലാസ് കടക്കടുത്ത് ഇട്ടിരിക്കുന്നതായും നാസർ അതിനടുത്ത് ഒരിക്കലും വന്നുചേരാനിടയില്ലാത്ത പതിവുകാർക്കായി കാത്തുനില്ക്കുന്നതായും കാണും. അവർ സംതൃപ്തയാകും. ഇടയ്ക്ക് വണ്ടി മാത്രമേ ഉണ്ടാവു, നാസർ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും.
ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് പിള്ളേരെ ഉറക്കിക്കിടത്തിയാൽ പാറുകുട്ടിയെ ഏല്പ്പിച്ച് പുറത്തിറങ്ങാറുണ്ട് ത്രേസ്യാമ്മ. കോളനിയിലെ കുടുംബസന്ദർശനമാണ് ലക്ഷ്യം. ഭവാനിയുടെ വീട്ടിലാണ് ആദ്യം കയറിയത്. രണ്ടു കാര്യങ്ങളുണ്ടായിുന്നു. ഒന്ന് മുന്തിരിക്കാരന്നെതിരെയുള്ള പ്രതിരോധത്തിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ. രണ്ടാമതായി അവളുടെ അമ്മായിയമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞിരുന്നു. ഒരു ചിന്നൻ പിടിച്ച തള്ളയാണത്. ഇന്നു പറയുന്നതല്ല നാളെ പറയുക. മരുമകളുമായി എന്നും വഴക്കാണ്. ശരിക്കു പറഞ്ഞാൽ മരുമകളും ഒട്ടും മോശക്കാരിയല്ലെന്ന് ത്രേസ്യാമ്മക്കറിയാം.
ത്രേസ്യാമ്മ വാതിൽക്കലെത്തിയ ഉടനെ സോഫയിൽ ഇരുന്നിരുന്ന ഭവാനി അഴിച്ചുകൊണ്ടിരുന്ന ഒരു പൊതി ധൃതിയിൽ കെട്ടി അകത്തേയ്ക്കു പോയി. അതോടെ അവളുടെ മകൾ ശാഠ്യം പിടിക്കാനും തുടങ്ങി. ഭവാനി തിരിച്ചു വന്നപ്പോൾ ത്രേസ്യാമ്മ ചോദിച്ചു. “എന്തിനാ മോള് കരേണത്?”
“അതിന് വേറെ പണിയൊന്നുമില്ല.”
“നിക്ക് മുന്തിഞ്ഞ മേണം.” ആ മൂന്നു വയസ്സുകാരി കണ്ണും തിരുമ്മിക്കരഞ്ഞുകൊണ്ട് പറയുകയാണ്.
“ഇവിടെ മുന്തിരിങ്ങയൊന്നുമില്ല.”
ത്രേസ്യാമ്മയ്ക്കു വിഷമമായി. താനാണ് മുന്തിരി ഉപരോധം കൊണ്ടുവന്നത്. അത് ഒരു കൊച്ചുകുട്ടിയെ ഇത്തരത്തിൽ ബാധിക്കുമെന്നോർത്തില്ല. ഏതായാലും കോളനിക്കാരുടെ പൊതുഗുണത്തിന്നായി ഉപരോധം തുടരുകതന്നെ വേണം. അപ്പോഴാണ് കുഞ്ഞ് പറഞ്ഞത്.
“മുന്തീഞ്ഞ പൊതീല്ണ്ട്....”
“പൊതീലോ?” ത്രേസ്യാമ്മയാണ് ചോദിച്ചത്.
“അതേ, അടുക്കളേല് പൊതീല്ണ്ട്.”
സംഗതി വളരെ വ്യക്തമായിരുന്നു. താൻ വന്നപ്പോൾ ഭവാനി ധൃതിയിൽ അകത്തേയ്ക്കു കൊണ്ടുപോയിവെച്ച പൊതിയിൽ മുന്തിരിങ്ങയായിരുന്നു.
“അപ്പോ നീ അയാക്കടെ കയ്യീന്ന് മുന്തിരിങ്ങ വാങ്ങിയോ ഭവാനീ?”
ഭവാനി ഒന്നും പറയാതെ നില്ക്കുകയാണ്. അകത്തുനിന്ന് തള്ളയുടെ ശബ്ദം കേൾക്കാനുണ്ട്. “അയ്യാള് കൊണ്ടുവന്ന് കൊടുത്തതാ. ഓരോരുത്തരെ വിളിച്ചു കേറ്റും അശ്രീകരം. ശേഖരൻ ഇങ്ങട്ട് വരട്ടെ.....”
ത്രേസ്യാമ്മ പുറത്തിറങ്ങി. പിന്നിൽനിന്ന് ഒരടിയുടെ ശബ്ദവും തുടർന്ന് കുട്ടിയുടെ കരച്ചിലും ഉറക്കെ കേട്ടു. ഒരു വളവ് കടന്നാൽ പത്തുമുറി വീടുകളാണ്. നളിനിയുടെ വീട്ടിൽ പോകാൻവേണ്ടി തിരിഞ്ഞപ്പോഴാണ് കണ്ടത്. നാസർ അവളുടെ ഗെയ്റ്റിന്നു മുമ്പിൽ പരുങ്ങുന്നു. ത്രേസ്യാമ്മയെ കണ്ടപ്പോൾ കയ്യിലുള്ള പൊതി മറച്ചുവെക്കാൻ അയാൾ ശ്രമിച്ചു. ത്രേസ്യാമ്മയുടെ സാന്നിദ്ധ്യം അറിയാതെ നളിനി വാതിൽ തുറന്ന് ഒരു നോട്ട് നീട്ടി, പൊതി വാങ്ങാനായി മറ്റെ കൈ നീട്ടി. അപ്പോഴാണ് അവൾ ത്രേസ്യാമ്മയെ കാണുന്നത്. അവൾ ഒരു നിമിഷത്തേയ്ക്ക് വല്ലാതായി. അപ്പോൾ അതാണ് കാര്യം. നാസർ വീടായവീടൊക്കെ സന്ദർശിച്ച് ഓർഡർ പിടിച്ച് അതു കൊണ്ടുപോയിക്കൊടുക്കുകയായിരുന്നു. താൻ പ്രഖ്യാപിച്ച ഉപരോധമൊക്കെ കാറ്റിൽ പറപ്പിച്ചുകൊണ്ട് കോളനിവാസികൾ ഒന്നടങ്കം മുന്തിരി വാങ്ങിത്തിന്നിരിക്കുന്നു! ത്രേസ്യാമ്മ കോളനിയിലെ ഓരോ വീടുകളിലായി കയറിയിറങ്ങി. ഓരോ വീടുകളിലും മുന്തിരിങ്ങ വാങ്ങിയിട്ടുണ്ട്. അത് ആ വീട്ടുകാരുടെ പെരുമാറ്റത്തിൽ നിന്ന്, കുട്ടികളുടെ സംസാരത്തിൽനിന്ന് ഒക്കെ അവർക്കു മനസ്സിലായി. താൻ തോറ്റുപോയെന്ന് അവർ ഖേദത്തോടെ മനസ്സിലാക്കി. നാസറുടെ വണ്ടി ദൂരെ കിടന്നിരുന്നു. രാവിലെ കൂമ്പാരമായി കിടന്നിരുന്ന മുന്തിരിക്കുലകളിൽ വളരെക്കുറച്ചു മാത്രമേ ഇനി ബാക്കിയുള്ളു. അയാൾ ഇന്ന് നല്ല കച്ചവടം നടത്തിയിട്ടുണ്ടെന്നർഥം. ഇടിഞ്ഞ മനസ്സുമായി ത്രേസ്യാമ്മ വീട്ടിലേയ്ക്കു തിരിച്ചു.
തളത്തിൽ ആരുമുണ്ടായിരുന്നില്ല. എവിടെപ്പോയി ജോസഫേട്ടൻ? എവിടെപ്പോയി പിള്ളേര്? അവർ അടുക്കളയിൽ പോയി നോക്കി. പാറുകുട്ടിയേയും കാണാനില്ല. അടുക്കള മുറ്റത്തും ആരേയും കണ്ടില്ല എന്നു വന്നപ്പോൾ അവർക്ക് പരിഭ്രമമായി. പിള്ളേർക്ക് വല്ലതും പറ്റിയോ? ഒരു ശബ്ദവും കേൾക്കാനുമില്ല. അവർ ഓരോ മുറികളിലായി പോയിനോക്കി. പെട്ടെന്ന് ആരോ “ആൻറി”യെന്നു വിളിച്ചപോലെ തോന്നി. കിടപ്പറയിൽ നിന്നാണോ. അവിടെ ഒരിക്കൽ നോക്കിയതു തന്നെയാണ്, ആരേയും കണ്ടിരുന്നില്ല. അവർ വീണ്ടും പോയിനോക്കി. അപ്പോഴാണവർ കണ്ടത്. കട്ടിലിന്റെ പിറകിൽ ഒരു നരച്ച തല, പിന്നെ കുറെ കുഞ്ഞിത്തലകൾ. ഇപ്പുറത്ത് പാറുകുട്ടിയുടെ ഇളിച്ചുകൊണ്ടുള്ള മോന്തയും.
“നിങ്ങ ഇവ്‌ടെ എന്തൂട്ടാ ചെയ്യണത്?”
“ഞങ്ങള് മുന്തിരിങ്ങ കട്ടുതിന്നുവാ.” ശാരദയുടെ മകൾ സുനിയാണ് പറഞ്ഞത്. ത്രേസ്യാമ്മ കട്ടിൽചുറ്റി അടുത്തു ചെന്നു.
“എൻറീശോയേ!”
ശൈലജയുടെ മകൾ മിനിക്കുട്ടി ജോസഫേട്ടന്റെ മടിയിൽ രാജകീയമായി ഇരിക്കുന്നു. അദ്ദേഹം കുഞ്ഞിമോൾക്ക് മുന്തിരി തോലു കളഞ്ഞ് കൊടുക്കുകയാണ്. മുമ്പിൽ വന്ന രണ്ടു കീരിപ്പല്ലുകൊണ്ട് മുന്തിരിങ്ങ കടിച്ചു തിന്നുന്ന ആ കൊച്ചു സുന്ദരിക്ക് അമ്മച്ചിയെ കണ്ട ഭാവമേയില്ല. മറ്റു കുട്ടികൾ മുമ്പിൽവച്ച സ്റ്റീൽ പാത്രത്തിൽനിന്ന് മുന്തിരിങ്ങ വാരിയെടുത്തു തിന്നുകയാണ്. മുഖത്തുനിറയെ മുന്തിരിച്ചാറ് ഒലിക്കുന്നു.
ത്രേസ്യാമ്മയുടെ പിണക്കം മാറ്റാൻ ജോസഫേട്ടന് കുറച്ചധികം അദ്ധ്വാനിക്കേണ്ടി വന്നു. “കോളനിക്കാരെല്ലാം എന്നെ പറ്റിച്ചു. സാരമില്ല, പക്ഷെ നിങ്ങളും...” എന്നാണ് അവർ പറയുന്നത്.
“കൊച്ചു ത്രേസ്യേ, അവൻ എന്നോടു സംസാരിച്ചു. അവൻ പറയുന്നതുകൂടി നീ കേൾക്ക്. ഈ മുന്തിരിയൊക്കെ വരണത് ഉത്തരേന്ത്യയീന്നാ. അവിട്ന്ന്ള്ള യാത്രക്കൂലീം ടാക്‌സും കൂലിക്കാരടെ ചാർജ്ജും ഒക്കെ കൂട്ടിയാൽ ഇവർക്കു വരും കിലോവിന്ന് പതിനഞ്ച്, പതിനെട്ട് രൂപ. ആ സാധനം കിലോവിന്ന് ഇരുപത്തഞ്ചായി കൊടുത്താ കിലോവില് അഞ്ചെട്ടുരൂപ തടയും. അങ്ങനെ പത്തിരുപത് കിലോ വിറ്റാൽ എന്തു കിട്ടും. അതോണ്ടൊന്നും അയാള് പണക്കാരനാവില്ല. പിന്നെ കിലോവിന് ഇരുപത്തഞ്ചൊന്നും ആരും കൊടുക്കില്ല. നീ കൊടുത്തോ? ഇല്ലല്ലോ. അപ്പൊപ്പിന്നെ ആയാളെന്താ ചെയ്യ്വാ? നൂറു ഗ്രാം തുക്കം കൊറച്ചാലും ആയാക്ക് ഇരുപത്തഞ്ചൊന്നും കിട്ടുകേല. സാധനങ്ങടെ വെലേല് പെശങ്ങണതും, തൂക്കം കൊറക്കണമാതിരിത്തന്നെ ചീത്ത്യാണ് കൊച്ചു ത്രേസ്യേ. പലപ്പോഴും നമ്മള് അവരടെ വെല കൊറക്കുമ്പഴാണ് അവര് തൂക്കോം കൊറക്കണത്. അതു നീ മനസ്സിലാക്ക്.”
ഒരു പുതിയ ലോകം തുറന്നു കിട്ടിയ മാതിരി തോന്നി ത്രേസ്യാമ്മയ്ക്ക്. ജോസഫേട്ടൻ തുടർന്നു.
“അയാക്കടെ പെമ്പ്രന്നോരും നാലു മക്കളുംണ്ട് നാട്ടില്. അയാള് നാലു കാശുണ്ടാക്കീട്ടു വേണം ആ പാവങ്ങൾക്ക് കഞ്ഞി കുടിക്കാൻ. പാവങ്ങള് എങ്ങനേങ്കിലും പെഴച്ചുപോട്ടെ കൊച്ചു ത്രേസ്യേ.”
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ത്രേസ്യാമ്മ പ്രാർഥിച്ചു.
“കർത്താവേ വല്ലാത്തൊരു ദെവസായി ഇന്നത്തെത്. എന്തിനാണ് എന്നെക്കൊണ്ട് ഇങ്ങനത്തെ വിഢ്ഢി വേഷം കെട്ടിക്കണത്. അയാള് നൂറു ഗ്രാം കൊറച്ചതിനല്ല എനിക്കു ദ്വേഷ്യം പിടിച്ചത്. ജോമോൻ കൊണ്ടുവന്ന തുലാസ് ശരിയല്ലെന്നു പറഞ്ഞ് എന്നെ പറ്റിച്ചതിലാണ്. ഇപ്പോ ഞാൻ എവിടെയുമല്ലാത്ത പരുവത്തിലായി. ഞാനിനി കോളനീല്‌ത്തെ പിള്ളാര്‌ടെ മൊകത്ത് എങ്ങിനെ നോക്കും?”
“അതൊന്നും സാര്യംല്ല്യ കൊച്ചുത്രേസ്യേ, ഞാൻ അതിലുമധികം അപമാനം സഹിച്ചവനല്ലെ?”
അച്ചായന് അങ്ങിനെയൊക്കെ പറയാം. ത്രേസ്യാമ്മ വിചാരിച്ചു.
“അവർ മുൾക്കിരീടം മെടഞ്ഞ് എന്നെ അണിയിച്ച് ‘യഹൂദരുടെ രാജാവേ, സ്വസ്തി!’ എന്നു പറഞ്ഞു. അവർ എന്റെ മേൽ തുപ്പി....”
ത്രേസ്യാമ്മ ഞെട്ടി. ഇതൊന്നും അച്ചായന്റെ അനുഭവങ്ങളല്ല. അച്ചായന്റെ തലയിൽ മുൾക്കിരീടം പോയിട്ട് ഒരു ഗാന്ധിത്തൊപ്പികൂടി ആരും അണിയിച്ചിട്ടില്ല. അച്ചായന്ന് അങ്ങിനത്തെ പീഡാനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. അവർ തിരിഞ്ഞുനോക്കി; ജോസഫേട്ടൻ ശാന്തമായി കൂർക്കം വലിച്ച് കിടന്നുറങ്ങുകയായിരുന്നു. ത്രേസ്യാമ്മ മുട്ടുകുത്തി കുരിശുവരച്ചു.
“രാജാക്കന്മാരുടെ രാജാവേ, അവിടുത്തേയ്ക്ക് സ്തുതി.”
|