close
Sayahna Sayahna
Search

എന്റെ പ്രിയപുത്രൻ


എന്റെ പ്രിയപുത്രൻ
EHK Novel 03.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഒരു കുടുംബപുരാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 76

ഒരു നല്ല പുൽത്തകിടിയുണ്ടാക്കാൻ ഒരു നൂറ്റാണ്ട് വേണമെന്ന് ജോസഫേട്ടൻ എവിടെയൊ വായിച്ചിട്ടുണ്ട്. ശരിയായിരിക്കാം. പക്ഷേ, താൻ ഒരു പുൽത്തകിടിയുണ്ടാക്കാൻ പോകുന്നു. ഈ വിവരം ജോസഫേട്ടൻ പ്രഖ്യാപിച്ചു.

പ്രാതലിന്റെ സമയമാണ്. തെളിഞ്ഞ പ്രഭാതം. ഇടിയപ്പവും മുട്ടക്കറിയുമാണ് മേശപ്പുറത്ത്. ജോസഫേട്ടന് വളരെ ഇഷ്ടമുള്ള ഭക്ഷണസാധനമാണ്. ഒരുവിധ പരാതിക്കും ഇടയില്ല. പിന്നെ ഇതു പറയാൻ മാത്രം എന്ത് പ്രകോപനമാണ് താനുണ്ടാക്കിയതെന്ന് ത്രേസ്യാമ്മ ആലോചിച്ചു.

“മുറ്റത്ത് രണ്ടു വശത്തുമായി ഓരോ പുൽത്തകിടി. ഇംഗ്ലീഷിൽ ലാണെന്ന് പറയും. അതിനു ചുറ്റും തോട്ടച്ചീരകൊണ്ട് ബോർഡറിട്ടാൽ നന്നായിരിക്കും.”

സംഗതി മുഴുവൻ പിടികിട്ടിയില്ലെങ്കിലും ജോസഫേട്ടൻ പറയുന്നതു കേട്ടപ്പോൾ നന്നായിരിക്കുമെന്ന് ത്രേസ്യാമ്മയ്ക്കു തോന്നി. പക്ഷെ ഐഡിയ ജോസഫേട്ടന്റേതായതുകൊണ്ട് എതിർക്കാതിരിക്കാൻ വയ്യ. മൂപ്പത്തിയാർ അങ്ങിനെയാണ്. ജോസഫേട്ടൻ പറയുന്നതെല്ലാം എതിർക്കുക. താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കുക. അവർ പറഞ്ഞു.

“അതൊന്നും വേണ്ട. മുറ്റത്ത് അല്ലെങ്കിലേ സ്ഥലല്യ. ഇനി ഇങ്ങനെ ഒരോന്നൂടെ കൊണ്ടുവച്ചാൽ ശര്യാവില്യ.”

ജോസഫേട്ടന്റെ മനസ്സിൽ രാവിലെ നടക്കാൻ പോകുമ്പോൾ കണ്ട ദൃശ്യം പച്ചപിടിച്ച് നിൽക്കുകയാണ്. കുറെക്കാലത്തിനു ശേഷം ഇന്നാണ് വഴിവക്കത്തുള്ള ആ ബങ്കളാവിന്റെ ഗെയ്റ്റ്തുറന്നു കണ്ടത്. ഗെയ്റ്റ് കടന്ന ഉടനെ കാറു പോകാനുളള വഴിക്ക് ഇരുവശവും ഇളംപച്ച കാർപെറ്റു വിരിച്ചിട്ടപോലെ പുൽത്തകിടി. സമനിരപ്പല്ല. കൊച്ചു കുന്നുകളും താഴ്‌വരകളും സമതലപ്രദേശങ്ങളും. ഒരഞ്ചുമിനിറ്റുനേരം, തോട്ടക്കാരൻ വന്ന് എന്താണ് കാര്യമെന്നന്വേഷിക്കുന്നവരെ, അന്തം വിട്ട് നിന്നുപോയി ജോസഫേട്ടൻ.

അത്രയൊന്നും വേണ്ട. അതിന്റെ ഒരു ചെറിയ പതിപ്പെങ്കിലും ഉണ്ടാക്കണം. തോട്ടക്കാരനിൽ നിന്ന് പുൽത്തകിടിയുണ്ടാക്കാനുള്ള ടെക്‌നോളജി പഠിച്ചു വച്ചിരുന്നു ജോസഫേട്ടൻ. അദ്ദേഹത്തിന്റെ മനസ്സിൽ മുറ്റത്ത് ഇരുവശത്തുമായി ഒരു പുൽത്തകിടി ഉണ്ടായിക്കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ അതിൽ ഓടിക്കളിക്കുന്നതും തലകുത്തിമറയുന്നതും കണ്ടു. ഉച്ച കഴിഞ്ഞാൽ പടിക്കലുള്ള മൂവാണ്ടൻമാവിന്റെ തണലുമുണ്ടാകും.

“പുല്ല് നഴ്‌സറീല് കിട്ടും. ഇന്നു തന്നെ പോയി വാങ്ങണം.”

“ഇനി അതിനുകൂട്യേ പണം ചെലവാക്കേണ്ടു. നിങ്ങ ഒരു ഭാഗത്തിരി.”

മനുഷ്യരായാൽ കുറച്ചെങ്കിലും ഭാവന വേണം. ജോസഫേട്ടൻ കരുതി.

“നടുവിലായി ഒരു ചെറിയ ഫൗണ്ടൻ വെക്കണം. നല്ല രസംണ്ടാവും.”

“ഇനി അത്മ്മലായി. ഞാൻ പറഞ്ഞേക്കാം, ഇങ്ങിനെ അതിനും ഇതിനും ഒന്നും പണം ചെലവാക്കല്ലെ. നല്ല ഒരു മുണ്ട് വാങ്ങാൻ പറഞ്ഞാൽ കേക്കില്ല. കീറിയത് ഇട്ടോണ്ട് നടക്കും. ഇങ്ങിനെ ഒരോ കാര്യത്തിന് എത്രയാ ചെലവാക്ക്വാ.”

കുറച്ചെങ്കിലും ഭാവന. ജോസഫേട്ടൻ വിചാരിച്ചു അത് ഈ സ്ത്രീയുടെ മനസ്സിൽ വിരിയില്ല.

“ഇനി വല്ലതും പറഞ്ഞാൽ എനിക്ക് ഭാവനയില്ല എന്നൊക്കെ പറയും” ത്രേസ്യാമ്മ പറഞ്ഞു.

“അതിന് കൊച്ചുത്രേസ്യേ ഞാനൊന്നും പറഞ്ഞില്ലല്ലൊ.”

ജോസഫേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല. ത്രേസ്യാമ്മയുടെ മുൻകൂർ ജാമ്യം തേടലായിരുന്നു അത്.

“അല്ല നിങ്ങളിനി പറയാൻ പോണത് അതല്ലെ?”

“നീയെന്തു പറഞ്ഞാലും ശരി, ഞാനത്ണ്ടാക്കാൻ തീർച്ചയാക്കിക്കഴിഞ്ഞു.” ജോസഫേട്ടൻ എഴുന്നേറ്റു.

ത്രേസ്യാമ്മ ഒഴിഞ്ഞ ചായപ്പാത്രവുമായി അടുക്കളയിലേക്ക് പോയി.

“നീ കേട്ടോടി പാറുക്കുട്ടി, അതിയാൻ മുറ്റത്ത് ഏതാണ്ടൊക്കെണ്ടാക്കാൻ പോണു. വല്ല കാര്യംണ്ടോ? ഞാൻ പറഞ്ഞാൽ ഒരു വെലേംല്ല്യ. ഇനി അതിനും കുറെ പണം ചെലവാക്കും.”

ഭാര്യയും ഭർത്താവും കൂടിയുള്ള ഡയലോഗ് പാറുക്കുട്ടിയും ശ്രദ്ധിച്ചിരുന്നു. അവൾ പറഞ്ഞു.

“അമ്മച്ചീടെ പ്രശ്‌നം എന്താന്നറിയോ. ക്ഷമല്ല്യായ. ജോസഫേട്ടൻ എന്തെങ്കിലും പറേമ്പോഴേക്കും അമ്മച്ചി എതിരു പറയും. അപ്പൊ ജോസഫേട്ടന് വാശി കയറും. അതല്ലെങ്കി ജോസഫേട്ടൻ അതൊന്നും ചെയ്യണ്ടാവില്ല്യ.”

പാറുക്കുട്ടി പറഞ്ഞത് ശരിയായിരുന്നു. ജോസഫേട്ടൻ എന്തെങ്കിലും പറയുമ്പോൾ അതിനോട് അനുകൂലമായി പ്രതികരിച്ചാൽ മതി. അതിനെപ്പറ്റി വിശദമായി താൽപര്യത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കെ പോരായ്മകളെപ്പറ്റി, ചതിക്കുഴികളെപ്പറ്റി,ജോസഫേട്ടനുതന്നെ ബോദ്ധ്യമാവും. മിക്കവാറും ആ പരിപാടി വേണ്ടെന്ന് സ്വയം തീരുമാനിക്കുകയും ചെയ്യും. മറിച്ച് ത്രേസ്യാമ്മയുടെ എതിർപ്പ് വരുമ്പോഴേ വാശി കയറുകയും അതോടെ യുക്തി തട്ടിൻപുറത്ത് കയറുകയും ചെയ്യും. ചെയ്യണമെന്ന് വലിയ നിർബന്ധമില്ലാത്ത കാര്യങ്ങൾ കൂടി ചെയ്യുകയും ചെയ്യും. കാര്യമെന്തായാലും ശരി, ഉമ്മറത്തു വന്നു നോക്കിയ ത്രേസ്യാമ്മ കണ്ടത് തൂമ്പയുമേന്തി വരണ്ടമണ്ണിൽ പൊരുതുന്ന ജോസഫേട്ടനെയാണ്. ഉച്ചയോടെ മുറ്റത്തിന്റെ രണ്ടു ഭാഗത്തും മണ്ണ് നിരപ്പാക്കി തടമുണ്ടാക്കി. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ ഉടനെ പുറത്തിറങ്ങിയ ജോസഫേട്ടൻ തിരിച്ചുവന്നത് നാലുമണിയോടെയാണ്. കൈയിലുണ്ടായിരുന്ന ചാക്ക് നിലത്തുവെച്ച് അദ്ദേഹം ചുറ്റും നോക്കി. ഉണ്ട് എല്ലാവരും ഉണ്ട്. ചാക്ക് അഴിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും വലിയ പ്രതീക്ഷകളോടെ അടുത്തുകൂടി. ത്രേസ്യാമ്മ, പാറുക്കുട്ടി, ഉറക്കം കഴിഞ്ഞെഴുന്നേറ്റ കൊച്ചു കുട്ടികൾ, പോരാത്തതിന് ത്രേസ്യാമ്മയുടെ കോഴിയും. ഒരു മാന്ത്രികൻ തൊപ്പിയിൽ നിന്ന് മുയലിനെ എടുക്കുന്ന ലാഘവത്തോടെ അദ്ദേഹം ആ ചാക്ക് മുറ്റത്ത് കൊട്ടി. എന്തോ അത്ഭുതം കാണാനായി നിന്ന കാണികളുടെ മുഖം മങ്ങി. കുറേ പുല്ലു മാത്രം. വേരുകളും മണ്ണും കലർന്ന പുല്ലിന്റെ ഒരുണ്ട. പരവതാനി പോലെ എന്തോ ഒരു സാധനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ത്രേസ്യാമ്മ.

“ഇതെന്താ അപ്പൂപ്പൻ കൊറെ പുല്ലും മണ്ണും കൊണ്ടന്നിരിക്കണത്?” കുട്ടികളിലാരോ പറഞ്ഞു.

ആർക്കും ബോധിച്ചിട്ടില്ലെന്ന് ജോസഫേട്ടന് മനസ്സിലായി. അദ്ദേഹം പറഞ്ഞു

“നൂറ്റിയിരുപത്തഞ്ചു രൂപേടെ മൊതലാ ഇക്കെടക്കണത്.”

ആർക്കും ഒരു മതിപ്പുണ്ടായില്ല. ഓരോരുത്തരായി സ്ഥലം വിടുകയാണ്.

“എനിക്ക് അടുക്കളേല് ജോലീണ്ട്.” ത്രേസ്യാമ്മ നടന്നുകൊണ്ട് പറഞ്ഞു.

“അയ്യോ ഞാൻ അടുപ്പത്ത് പാല് വെച്ചിട്ടുണ്ട്.” പാറുക്കുട്ടി ഓടിപ്പോയി.

കുട്ടികളും കളിക്കാനായി ഓടിപ്പോയി. കോഴി മാത്രം മുന്നോട്ട് വന്ന് കാലുകൊണ്ട് ചിക്കി വല്ല മണ്ണിരയും ഉണ്ടോ എന്ന് കുറച്ചുനേരം പരതിനോക്കി. അവസാനം അതും നിരാശയോടെ തല വെട്ടിച്ച് നടന്നകന്നു. താനും മുമ്പിലെ പുല്ലുണ്ടയും ചുറ്റുമുള്ള ഏകാന്തതയും മാത്രം. ജോസഫേട്ടൻ ജോലി ചെയ്യാനിറങ്ങി.

“നീ കണ്ടോടി വാങ്ങിച്ചുകൊണ്ടോന്നിരിക്കണത്? നൂറ്റിരുപത്തഞ്ചു രൂപേയ്.” ത്രേസ്യാമ്മ മൂക്കത്ത് വിരൽ വെച്ചുകൊണ്ട് പറഞ്ഞു.

“ആ അമ്മച്ചീ, ഒരഞ്ചു രൂപ തന്നാൽ ഞാൻ ഇതിലുമധികം പുല്ല് വെട്ടിക്കൊണ്ടു വരാം.”

“ഞാൻ പറഞ്ഞാൽ കേക്കുമോ അച്ചായൻ? ഇനി എത്ര രൂപയാ തൊലക്ക്യാന്ന് കണ്ടറിയണം.”

“ശര്യാ അമ്മച്ചി.” ജോസഫേട്ടന്റെ പെർഫോമൻസിൽ അവൾക്കുണ്ടായ ഇച്ഛാഭംഗം ആ ശബ്ദത്തിൽ നിഴലിച്ചിരുന്നു. പൊതുവേ വലിയ കുഴപ്പമില്ലാത്ത ആളായിരുന്നു. ഇന്നെന്തു പറ്റിയാവോ. ആരോ ജോസഫേട്ടനിട്ടു വെച്ചതാണെന്നു തോന്നുന്നു.

വൈകുന്നേരമായപ്പോഴേക്കും എല്ലാം നട്ടു കഴിഞ്ഞിരുന്നു. വാടി ഉണങ്ങിയ പുല്ലിൻതുമ്പുകൾ നനഞ്ഞ മണ്ണിൽ ഒട്ടിക്കിടക്കുന്നത് ത്രേസ്യാമ്മ അതിലും വാടിയ മുഖത്തോടെ നോക്കിനിന്നു. പാവം അച്ചായന് എന്തോ തെറ്റു പറ്റിയതുതന്നെയാണ്. അച്ചായന്റെ പല വകതിരിവില്ലായ്മകളിലൊന്നായി അവർ ഇതിനേയും തള്ളി. ജോസഫേട്ടൻ വളരെ കൃത്യമായി രണ്ടു നേരം ഹോസെടുത്ത് നനയ്ക്കും. ത്രേസ്യാമ്മ നോക്കുമ്പോൾ തടത്തിലൊന്നും കാണില്ല. ഉള്ള പുല്ലെല്ലാം ഉണങ്ങിപ്പോയിരിക്കുന്നു. അവർ അടുക്കളയിലേക്കോടി പാറുക്കുട്ടിയോട് പറയും.

“അതിയാൻ ഹോസെടുത്ത് നനക്കുന്നുണ്ട്. തടത്തിലൊന്നും കാണുന്നില്ല. എന്താണ്ട് പൊട്ടിമുളച്ചു വരുംന്ന്ള്ള മട്ടിലാണ് നന.”

ജോസഫേട്ടന്റെ ബുദ്ധിശൂന്യതയിൽ രണ്ടുപേരും പരിതപിക്കും. അങ്ങിനെ ഒരു പത്തു ദിവസം കഴിഞ്ഞു കാണും. അച്ചായൻ എന്നും രണ്ടു നേരം നനയ്ക്കും. ഇടയ്ക്ക് വളർന്നുവരുന്ന മുത്തങ്ങപ്പുല്ലുകളും മറ്റു കളകളും പിഴുതെറിയും. ഒരു ദിവസം മുറ്റത്തു നടക്കുമ്പോൾ ത്രേസ്യാമ്മയുടെ കണ്ണുകൾ ഈർപ്പമുള്ള തടത്തിൽ ചെന്നു പെട്ടു. തടത്തിൽ നിറയെ എന്തോ ജന്തുക്കൾ ഇഴയുന്നപോലെ തോന്നി നോക്കിയതാണ്. അടുത്തു ചെന്നു നോക്കി. തേളിനെപ്പോലെ എന്തോ ജന്തുക്കൾ. കുറച്ചുകൂടി അടുത്തുചെന്നു നോക്കിയപ്പോഴാണ് മനസ്സിലായത്, അവ ജന്തുക്കളല്ല പുല്ലിന്റെ മുളകളാണെന്ന്. നിറയെ മുളകൾ വന്നിരിക്കുന്നു. അവർ കൌതുകപൂർവം, വാൽസല്യപൂർവം ആ മുളകളെ നോക്കി. ഉണങ്ങിയെന്നു കരുതിയിരുന്ന പുൽത്തണ്ടുകൾ മഞ്ഞച്ചു കിടന്നു. അവയുടെ ഏണുകളിൽ നിന്ന് ശക്തിയായ മുളകൾ പൊട്ടിവരുന്നു, കൊച്ചുകിടാങ്ങളെപ്പോലെ. ജീവന്റെ ശക്തമായ കുതിപ്പ്. മുന്നേറ്റം. അതു ത്രേസ്യാമ്മയെ കീഴടക്കി. അതിൽപ്പിന്നെ മുറ്റത്തിറങ്ങുമ്പോഴെല്ലാം അവർ തടങ്ങൾക്കരികിൽ കുറച്ചുനേരം ഇരിയ്ക്കുക പതിവായി. അവർ പാറുക്കുട്ടിയെ വിളിച്ച് കാണിച്ചുകൊടുക്കുകയയും ചെയ്തു.

ഇതിനിടയിൽ ജോസഫേട്ടൻ പുൽത്തകിടിയിലെ ഒരു കൊച്ചു കുന്നിന്മേൽ ഒരു ചെറിയ ജലധാരയും ഉണ്ടാക്കിയിരുന്നു. ജലധാരയിൽനിന്നുള്ള വെള്ളം കുന്നിന്റെ ഓരത്തുകൂടെ കൊച്ചരുവിയായി താഴോട്ടൊഴുകിവരുന്നു. ത്രേസ്യാമ്മയുടേയും പാറുകുട്ടിയുടേയും കണ്ണു തള്ളിപ്പോയി. അച്ചായന്റെ കൈയിൽ കോപ്പുണ്ടെന്ന് അവർ സമ്മതിച്ചു. നോക്കിക്കൊണ്ടിരിക്കെ പുൽത്തലപ്പുകൾ പടർന്നു. ഇളംപച്ച നിറത്തിൽ ഒരു പരവതാനിയൊരുക്കുവാൻ ഏറെ ദിവസങ്ങൾ വേണ്ടിവന്നില്ല. വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് അതിനുമേൽ വെറുതെ നടക്കാനുള്ള അനുവാദം കൊടുത്തു ജോസഫേട്ടൻ. കളിക്കാറായിട്ടില്ല, ഒന്നുകൂടി ഉറയ്ക്കണം.

കുറച്ചു ദിവസത്തേക്ക് ജോസഫേട്ടന്ന് നല്ല കാലമായിരുന്നു. ത്രേസ്യാമ്മ അദ്ദേഹത്തെ പ്രേമത്തോടെ കടാക്ഷിച്ചു. പാറുക്കുട്ടി പോലും ജോസഫേട്ടനെ അദ്ഭുതം കലർന്ന പ്രശംസയോടെ നോക്കി. ചായയിൽ ത്രേസ്യാമ്മ അറിയാതെ കൂടുതൽ മധുരം ഇട്ടുകൊടുത്തു. ജോസഫേട്ടനുള്ള ചായയിൽ അര സ്പൂൺ പഞ്ചസാരയേ ഇടാവു എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതായിരുന്നു ത്രേസ്യാമ്മ. ചായയിൽ മധുരം കുറവാണെന്ന പരാതി കേൾക്കാതായപ്പോൾ ത്രേസ്യാമ്മ പറഞ്ഞു

“നോക്ക് പെണ്ണെ, അച്ചായന് ഇപ്പോ മധുരം കൊറച്ചിട്ട് പരിചയായിരിക്കുന്നു. ഇനി തൊട്ട് കാൽ സ്പൂൺ പഞ്ചസാര ഇട്ടാൽ മതി.”

പാറുക്കുട്ടി ചിരിച്ചു. മനസ്സിൽ വിചാരിക്കുകയും ചെയ്തു. വല്യമ്മച്ചി വന്നാലാണ് ജോസഫേട്ടന്റെ കഷ്ടകാലം തുടങ്ങുക. പ്രഷർ കൂടി ആശുപത്രിയിൽ കിടന്ന ശേഷം വല്ല്യമ്മച്ചിയുടെ ഭക്ഷണക്രമങ്ങളെല്ലാം വളരെ കണിശമാക്കിയിരുന്നു. രാത്രി ഉപ്പിടാത്ത ഗോതമ്പുകഞ്ഞി മാത്രം. ത്രേസ്യാമ്മയാകട്ടെ ചെറിയ തോതിലൊരു ഹാർട്ടറ്റാക്കുണ്ടായ ജോസഫേട്ടനേയും ഭക്ഷണക്കാര്യത്തിൽ അമ്മച്ചിയോടൊപ്പം കൂട്ടും. അതുകൊണ്ട് അമ്മച്ചി വന്നാൽ പോകുന്നവരെ ഭക്ഷണമേശക്കു മുമ്പിൽ നിരന്തര കലഹമായിരിക്കും. അമ്മച്ചി വരേണ്ട സമയമടുത്തിരിക്കുന്നു.

അമ്മച്ചി ഇപ്രാവശ്യം ഒന്നാംതിയതി തന്നെ എത്തി. വൈകിട്ട് ഓട്ടോവിൽ വന്നിറങ്ങിയ മറിയാമ്മ ചോദിച്ചു. “എത്രയായെടോ?”

“പതിനഞ്ചു രൂപ.”

“സൌത്ത് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് ഇത്രേടംവരാൻ പതിനഞ്ചു രൂപയോ? ഞാൻ തന്റെ ഓട്ടോവിന്റെ വിലയല്ല ചോദിച്ചത്, വാടകയാ.” പത്തു രൂപയെടുത്ത് കൊടുത്ത് മറിയാമ്മ പറഞ്ഞു.

“പെട്രോളിന്റെ വില കൂടിയതൊന്നും വല്ല്യമ്മ അറിഞ്ഞില്ലായിരിക്കും.”

“ആട്ടെ തനിക്കിനി എത്ര വേണം?”

“ഒരു രണ്ടു രൂപ കൂടി എടുക്ക് വല്ല്യമ്മേ.” പൊക്കണസഞ്ചിയിൽ നിന്ന് രണ്ടു രൂപ കൂടി എടുത്തുകൊടുത്ത് അവർ ഗെയ്റ്റു കടന്നു.

“കൊച്ചുത്രേസ്യേ, ജോസേ....”

കൊച്ചുത്രേസ്യയും ജോസും സ്ഥലത്തുണ്ടായിരുന്നില്ല. ശബ്ദം കേട്ട് പാറുക്കുട്ടി പുറത്തേക്ക് വന്നു.

“വല്ല്യമ്മച്ചി വന്നാ?”

“എടി ജോസെവിടെ? കൊച്ചുത്രേസ്യേം.”

“അവർ ഒരു വൗത്തീസിന് പോയിരിക്ക്യാണ് വല്ല്യമ്മച്ചി.”

“ആരടെ വൗത്തീസാടി കൊച്ചേ?”

“ആഹ് അറിയാമ്പാട്ല്ല. അമ്മച്ചീടെ വല്ല്യപ്പച്ചന്റെ മോക്കടെ...... ആ, ആർക്കറിയാം. ഒരു കൊച്ചിന്റേതാ.”

“ആഹാ, വൗത്തീസ് ഒരു കൊച്ചിന്റേതാണല്ലേടി.” മറിയാമ്മ പറഞ്ഞു “നീ പോയി ഒരു ചായ ഇട്ടോണ്ടു വാ.”

പാറുക്കുട്ടി തിരിഞ്ഞപ്പോൾ അവർ വിളിച്ചു പറഞ്ഞു. “ചായേല് നല്ല മധുരം ഇട്ടോ പെണ്ണേ. നീ കേക്ക്ണ്‌ണ്ടോ? പിന്നേയ് നീയിത് കൊച്ചുത്രേസ്യയോടൊന്നും വിളിച്ചു കൂകല്ലേ.”

ചായ കുടിച്ച ശേഷം അവർ ഒരു പ്ലാസ്‌ററിക്ക് സഞ്ചിയിൽ നിന്ന് കുറെ ചെടിത്തൈകൾ പുറത്തെടുത്തു. വഴുതിന, വെണ്ട, പച്ചമുളക് തുടങ്ങിയ പല തരം പച്ചക്കറികളുടെ തൈകൾ. അവയുടെ കഴുത്തുകൾ വാടി കുഴഞ്ഞിരുന്നു.

“പൗലോസിന്റവിടുന്ന് പറിച്ചെടുത്തതാണ്.” മറിയാമ്മ പറഞ്ഞു. “അവൻ എല്ലാതരം പച്ചക്കറികളും വീട്ടുപറമ്പിൽത്തന്നെയുണ്ടാക്കും. പച്ചക്കറിക്കെല്ലാം ഇപ്പൊ എന്നാ വെല്യാ?’ പിന്നെ ശബ്ദം താഴ്ത്തി സ്വകാര്യമായി പറഞ്ഞു. “ജോസിന് പണ്ടും അതൊന്നും വയ്യ. അവന് മെക്കാനിക്ക് പണിയൊക്കെ വശാണ്. കൃഷി ചെയ്യാൻ കൊള്ളൂലാ.”

“കൊച്ചുത്രേസ്യും ജോസും വൗത്തീസിന് എങ്ങാട്ടാ പോയത്..?”

“പെരുമ്പാവൂരാ വല്ല്യമ്മച്ചി രാത്ര്യാവും എത്താൻന്ന് പറഞ്ഞിരിക്ക്ണ്.”

“ന്നാ പത്രോസിന്റെ മോന്റെ മോക്കടെ മാമൂദീസ്യായിരിക്കും.” അവർ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.”എടീ കൊച്ചേ നീ ആ തൂമ്പയൊന്ന് എടുത്തു താ. ഞാനീ ചെടികളൊക്കെ ഒന്നു നടട്ടെ.”

“അയ്യോ വേണ്ട വല്ല്യമ്മച്ചി, ഞാൻ ചെയ്‌തോളാം. വല്ല്യമ്മച്ചി ഈ വയസ്സുകാലത്ത് തൂമ്പയെടുത്ത് കെളക്കാനൊന്നും നിൽക്കണ്ട.” വല്ല്യമ്മച്ചിക്ക് വയസ്സൊന്നു ആയിട്ടില്ലെടീ. പൗലോസിന്റെവിടെ ഞാൻ തന്ന്യാ പച്ചക്കറിയൊക്കെ കൃഷി ചെയ്യണത്. അവന് എവിടാ നേരം ഏതു സമയവും റബ്ബറിന്റെ പിന്നാലെയല്ലെ.” അവൾ തൂമ്പയെടുത്തു കൊടുത്തു.

“വല്ല്യമ്മച്ചി ഞാനൊന്ന് അടുക്കളയിലോട്ട് പോട്ടെ. ജോലീണ്ട്. ഉച്ചക്ക് ആരുംല്ല്യാത്തോണ്ട് ഒറങ്ങിപ്പോയി.”

“ഉച്ചക്ക് ഒറങ്ങണ്ട പെണ്ണെ, തടിക്കും” അവളുടെ തുടുത്ത ദേഹം ആകെയൊന്ന് ഉഴിഞ്ഞുനോക്കിക്കൊണ്ട് മറിയാമ്മ പറഞ്ഞു.

അവർ നടീൽത്തയ്യുകൾ ഇട്ട പ്ലാസ്റ്റിക്ക് സഞ്ചിയും തൂമ്പയുമായി മുറ്റത്തേക്കിറങ്ങി. പാറുക്കുട്ടി അടുക്കളയിലേക്കും. വൈകിട്ടത്തേക്ക് ജോസഫേട്ടനും വല്ല്യമ്മച്ചിക്കും ഗോതമ്പുറവകൊണ്ട് കഞ്ഞിയുണ്ടാക്കണം. തനിക്കും ത്രേസ്യാമ്മക്കും സാമ്പാറും മെഴുക്കുപെരട്ടിയുമുണ്ടാക്കണം. ത്രേസ്യാമ്മ രാത്രി മത്സ്യമാംസാദികൾ കഴിക്കാറില്ല. ഓരോ ജോലികൾ ചെയ്ത് സമയം പോയതറിഞ്ഞില്ല. വല്ല്യമ്മച്ചി ജോലിയൊക്കെ കഴിഞ്ഞു വന്ന് “എടീ മോളെ എനിക്കിത്തിരി ചായ കൂട്ടിത്താ” എന്നു പറഞ്ഞപ്പോഴാണ് സമയബോധമുണ്ടായത്. ഇരുട്ടിത്തുടങ്ങിയിരുന്നു.

“ ആ ഞാൻ വല്ല്യമ്മച്ചീടെ കാര്യം തന്നെ മറന്നു” അവൾ പറഞ്ഞു.

“നെനക്ക് അല്ലേലും വല്ല്യമ്മച്ചീടെ കാര്യം അത്രക്കേള്ളുന്ന് വല്ല്യമ്മച്ചിക്കും അറിയാമെടീ കൊച്ചേ.”

“അയ്യോ അങ്ങിനല്ല അമ്മച്ചീ...”

“ഞാൻ ചുമ്മാ പറഞ്ഞതല്ലെടീ. നീ ഒരു കാര്യം ചെയ്യ്. എന്റെ സഞ്ചീല് പിണ്ണത്തെലംണ്ട്. അതെടുത്ത് കൊണ്ടുവാ. എന്നിട്ട് എന്റെ കയ്യേല് ഒന്നുഴിഞ്ഞു താ.”

“എന്തു പറ്റീ വല്ല്യമ്മച്ചീ”

“ഒന്നും പറ്റീല്ലെടി. ഒരു കടച്ചില്. വയസ്സായില്ലേ. ഇപ്പോ മുമ്പത്തെപ്പോലൊന്നും ജോലിയെടുക്കാൻ മേല.”

“അത് തന്നല്ലെ വല്ല്യമ്മച്ചി ഞാൻ പറഞ്ഞത് ഞാൻ നടാംന്ന്.”

“സാരംല്ല്യ എന്റെ കൊച്ചേ. നീയിതൊന്നും കൊച്ചുത്രേസ്യോട് പറയല്ലെ കേട്ടോ.”

ചുളിവു വീണ കൈയിൽ തൈലം പുരട്ടി ഉഴിയുമ്പോൾ പാറുക്കുട്ടിക്കു വ്യസനമായി. പാവം തള്ള. അവർ ഒരു മാസം മുഴുവൻ ഈ ചെടികളെ ശുശ്രൂഷിക്കും. അവ പൂവും കായുമാകുമ്പോഴേക്കും മറ്റു മക്കളുടെ അടുത്തേക്ക് പോകുകയും ചെയ്യും. പിന്നെ രണ്ടു മാസം കഴിഞ്ഞാണ് തിരിച്ചെത്തുക. ഈ ചെടികളിൽ ഉണ്ടാകുന്ന പച്ചക്കറികളെല്ലാം അനുഭവിക്കുന്നത് ഇവിടെയുള്ളവരാണ്. മറ്റുള്ളവർക്കു വേണ്ടിയാണ് തള്ള ഈ കഷ്ടപ്പാടൊക്കെ അനുഭവിക്കുന്നത്.

ജോസഫേട്ടനും ത്രേസ്യാമ്മയും എത്തിയപ്പോൾ രാത്രി എട്ടുമണിയായി.

“അമ്മച്ചി എപ്പോഴാ വന്നേ?” രണ്ടുപേരും ഒരുമിച്ചു ചോദിച്ചു.

“ഞാൻ വൈകിട്ടെത്തി ജോസേ. വൗത്തീസൊക്കെ എങ്ങനെണ്ടാർന്നു?”

“ഗംഭീരമായി അമ്മച്ചി. നമ്മടെ മാതിര്യാണോ, പണംളള പാർട്ടിയല്ലെ, പിന്നെന്താ.”

“നെണക്കെന്താടാ മോശം?” മറിയാമ്മ ചോദിച്ചു.

“നമുക്കെന്താള്ളത് അമ്മച്ചീ?”ജോസഫേട്ടന്റെ ശബ്ദത്തിൽ പല ദു:സൂചനകളുമുണ്ടായിരുന്നു. അപ്പച്ചന് കുറേക്കുടി പണം ഉണ്ടാക്കി വെക്കാമായിരുന്നില്ലേ? എങ്കിൽ മക്കളുടെ ജീവിതം കുറേക്കൂടി എളുപ്പമായിരുന്നില്ലേ? എന്നെല്ലാം. സംഗതികളുടെ പോക്ക് എവിടേക്കാണെന്ന് അറിയുന്ന ത്രേസ്യാമ്മ വിഷയം മാറ്റി.

“അമ്മച്ചി ഓട്ടോവിൽത്തന്നെയല്ലെ വന്നത്?”

“അതേ കൊച്ചുത്രേസ്യേ.”

രാത്രി കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ മറിയാമ്മ പറഞ്ഞു. “പൗലോസിന്റോടന്ന് കുറേ തയ്യുകള് കൊണ്ടുവന്നിട്ടുണ്ട്. വഴുതിനീം വെണ്ടീം പാവക്കീം ഒക്കെണ്ട്. എല്ലാം നട്ടിട്ടൊണ്ട്.”

“അയ്യോ അമ്മച്ചി തന്നെ എല്ലാം നട്ടുവോ? ഞങ്ങള് വന്നിട്ട് നട്വായിർന്ന്.” ത്രേസ്യാമ്മ പറഞ്ഞു. “അപ്പോ പാറുക്കുട്ടി നെനക്കൊന്ന് സഹായിക്കായിര്ന്നില്ലെ?”

“ഞാൻ നടാംന്ന് പറഞ്ഞു അമ്മച്ചി, പക്ഷേ കേൾക്കണ്ടെ? ഇപ്പൊ ഇതാ ഇവിടെ വേദന, അവിടെ വേദനാന്നൊക്കെ പറേണ്ണ്ട്.”

“ഇല്ലെടി കൊച്ചെ, അവള് വെറുതെ പറയണതാ. നനഞ്ഞ മണ്ണില് വെട്ടാൻ ഇത്ര പണീണ്ടോ?”

നനഞ്ഞ മണ്ണ് എവിടെ? ഈ കുംഭമാസത്തിൽ മണ്ണ് പാറ പോലെയാണ്. ജോസഫേട്ടൻ ആലോചിച്ചു. പാവം നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ടാവും.

“മുറ്റത്തെന്താ, കൊറേ കാടും പടലും പുല്ലും ഒക്കെ?” മറിയാമ്മ ചോദിച്ചു.

“അതോ അതിന്റെ ഭംഗി നാളെ അമ്മച്ചിക്കു കാണിച്ചുതരാം.” ജോസഫേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാൾ വീണ്ടും ഒരു കുട്ടിയായി. സ്‌ക്കൂളിൽ നിന്ന് ക്രാഫ്റ്റിന് ഓരോന്നുണ്ടാക്കിക്കൊണ്ടുവരും. അത് പിന്നിൽ ഒളിപ്പിച്ചുവെച്ച് അവൻ അമ്മച്ചിയോട് ചോദിക്കും. “അമ്മച്ചിക്ക് ഒരു സാധനം കാണണോ?”

മറിയാമ്മക്ക് അതെല്ലാം ഓർമ്മയുണ്ട്. അവർ ചോദിക്കും. “അമ്മച്ചീടെ മുത്ത് ഇന്നെന്താണുണ്ടാക്കീരിക്കണത്? നോക്കട്ടെ.” അവർ ഓർമ്മയിൽ ചിരിച്ചു. പെട്ടെന്ന് അവർ വർത്തമാനകാലത്തിലേക്ക് തിരിച്ചുവന്നു.

“എടാ ജോസേ ഒരു കാര്യം പറഞ്ഞാൽ നീയ് വഴക്കു പറയ്വോ?”

“എന്താ അമ്മച്ചീ?”

“ഞാനില്ലേ, ഞാനാ പുല്ലൊക്കെ ....”

“പുല്ലൊക്കെ?” ഉദ്വേഗം കൊണ്ട് പകുതി എഴുന്നേറ്റുപോയ ജോസഫേട്ടൻ ചോദിച്ചു.

“ഞാനേയ് , ഞാനതൊക്കെ ചെത്തിക്കളഞ്ഞു. അവിടാ തൈകള് നട്ടത്. നല്ല നനവുണ്ടായിരുന്നു അവടെ.”

“ചതിച്ചോ!” എന്നു പറയലും ചാടി എഴുന്നേൽക്കലും ഒരുമിച്ചു കഴിഞ്ഞു. അയാൾ അടച്ചിട്ട ഉമ്മറവാതിൽ തുറന്ന് ലൈറ്റിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങി. എല്ലാം പോയിരിക്കുന്നു. പുല്ല് മുഴുവൻ ചെത്തിയെടുത്ത് തടമുണ്ടാക്കി തൈകൾ നട്ടിരിക്കയാണ്.

“എന്റെ കർത്താവേ.”

അകത്തിരുന്നുകൊണ്ട് ത്രേസ്യാമ്മ എല്ലാം കേൾക്കുന്നുണ്ട്. പൊട്ടലുകൾ, ചീറ്റലുകൾ, ഇടിവെട്ടലുകൾ, ശകാരവർഷം. മറിയാമ്മ സ്വസ്ഥമായിരുന്ന് കഞ്ഞി കുടിക്കുകയാണ്. ഒരു നേരിയ ചിരിയോടെ, വാത്സല്യത്തോടെ, അവർ മകൻ പറയുന്നതു മുഴുവൻ കേൾക്കുന്നുണ്ട്. നിസ്സഹായയായി നോക്കിനിൽക്കുന്ന ത്രേസ്യാമ്മയോട് അവർ പറഞ്ഞു.

“നീ പോയി ജോസിനോട് കഞ്ഞി കുടിക്കാൻ വരാൻ പറ.”

ത്രേസ്യാമ്മ അനങ്ങാതിരിക്കയാണ്. ജോസഫേട്ടന്റെ അടുത്തു പോകാൻ ഭയം. മറിയാമ്മ തുടർന്നു.

“കൊച്ചായിരിക്കുമ്പഴും അവൻ അങ്ങനാ. കണ്ട പുല്ലും കാട്ടുചെടികളും കൊണ്ടുവന്ന് നടും. പൗലോസ് നേരെ മറിച്ചാണ്. അവൻ അന്നും ആവശ്യമുള്ള ചെടികളെ നടു. ചേട്ടൻ നട്ട പാഴ്‌ച്ചെടികള് അവൻ പറിച്ച് ദൂരെക്കളയും. എന്നും വഴക്കായിരുന്നു വീട്ടില്. കൊറച്ച് കഴിഞ്ഞാൽ അവൻ ശരിയായിക്കൊള്ളും. നീ ഊണു കഴിച്ചോ കൊച്ചുത്രേസ്യേ.”

കിടക്കാൻ നേരത്ത് ജോസഫേട്ടൻ കുറച്ച് തണുത്തിരുന്നു. അദ്ദേഹം പറഞ്ഞു. “അമ്മച്ചിക്ക് എന്നോടൊന്ന് ചോദിക്കായിരുന്നു.”

“സാരംല്ല്യ നമുക്ക് വേണ്ടിയല്ലെ അമ്മച്ചി അതൊക്കെണ്ടാക്കണത്. അത്രയൊന്നും ആലോചിച്ചിട്ട്ണ്ടാവില്ല. വയസ്സായില്ല്യേ. കെളയ്ക്കാൻ എളുപ്പംള്ള സ്ഥലം കണ്ടപ്പോ കെളച്ചതാ. എന്നിട്ട് തന്നെ കയ്യിന് വേദനാന്ന് പറഞ്ഞ് പാറുക്കുട്ടീനെക്കൊണ്ട് തൈലം പെരട്ടി ഉഴിയിക്ക്യായിരുന്നു. വേദനടെ കാര്യം നമ്മളോടൊന്നും പറയല്ലേന്ന് പാറുക്കുട്ടിയോട് പ്രത്യേകം പറഞ്ഞേല്പിച്ചിരിക്ക്യാണ്, പാവം. ഇങ്ങനത്തെ ഒരമ്മേനെ കാണാൻ കിട്ട്വോ? സാധാരണ അമ്മമാർക്കൊക്കെ ഈ പ്രായമായാൽ പരാതി മാത്രല്ലെണ്ടാവൂ.”

ജോസഫേട്ടൻ ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് കിടന്നു. തന്റെ ഡയലോഗ് കുറിക്കു കൊണ്ടിട്ടുണ്ടോ എന്നു നോക്കി ത്രേസ്യാമ്മ പ്രാർത്ഥിക്കാനായി മുട്ടു കുത്തി. ജോസഫേട്ടൻ സാവധാനത്തിൽ എഴുന്നേറ്റു പോകുന്നത് അവർ കൺകോണിലൂടെ കണ്ടു.

“കർത്താവേ ഞാൻ പറയാറില്ലേ, അച്ചായന് അത്രയേയുള്ളു. ആദ്യം ഒരെടുത്തുചാട്ടം. അതു കഴിഞ്ഞാൽ കഴിഞ്ഞു. ഇനി അമ്മ കെടക്കണേടത്ത് പോയി അമ്മയെ കൊഞ്ചിക്കും. എനിക്ക് ഒരു പ്രാർത്ഥനയേയുള്ളു. എന്റെ മോനും എന്നോട് ഇതേ പോലെ സ്‌നേഹംണ്ടാവണേന്ന് മാത്രം.

ത്രേസ്യാമ്മ പറഞ്ഞത് ശരിയായിരുന്നു. ജോസഫേട്ടൻ അമ്മ കിടക്കുന്നിടത്ത് ചെന്നു. ലൈറ്റിട്ടപ്പോൾ അവർ തിരിഞ്ഞുകൊണ്ട് ചോദിച്ചു. “എന്താടാ ജോസേ നീ ഒറങ്ങീലെ?”

“അമ്മച്ചീടെ ഏത് കയ്യിനാ വേദന?”

“വലത്തെ കയ്യിനായിരുന്നു. അതു മാറിയെടാ.” ജോസഫേട്ടൻ കട്ടിലിലിരുന്ന് അമ്മച്ചിയുടെ കൈയെടുത്ത് മടിയിൽ വെച്ച് തലോടി.

അതിരാവിലെ മുറ്റമടിക്കാൻ ചൂലുമായി വീടിന്റെ പുറകുവശത്തുനിന്നു വന്ന പാറുക്കുട്ടി ഒരു രസകരമായ ദൃശ്യം കണ്ടു. അവൾ ചൂല് നിലത്തിട്ട് അകത്തേക്കോടി ഉറങ്ങുകയായിരുന്ന ത്രേസ്യാമ്മയെ വിളിച്ചുണർത്തി.

“അമ്മച്ചീ ഒരു തമാശ കാണണേൽ വാ.”

അവർ കണ്ട കാഴ്ച ഇതായിരുന്നു. ഒരമ്മയും മോനും കൂടി മുറ്റത്ത് ജോലിയെടുക്കുന്നു. തലേന്ന് ചെത്തിക്കളഞ്ഞ പുല്ലെല്ലാം പറമ്പിൽ നിന്ന് എടുത്ത് കൂമ്പാരമായി കൂട്ടിയിട്ടുണ്ട്. ഇന്നലെ നട്ട ചെടികൾക്ക് കൊച്ചുതടങ്ങളുണ്ടാക്കി ബാക്കിയുള്ള സ്ഥലത്തെല്ലാം പുല്ല് വെച്ചു പിടിപ്പിക്കുകയാണ്.

ത്രേസ്യാമ്മ എന്തു കൊണ്ടോ ജോമോനെപ്പറ്റി ആലോചിച്ചുപോയി