ഒരു ഡിറ്റക്ടീവായി
ഒരു ഡിറ്റക്ടീവായി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഒരു കുടുംബപുരാണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 76 |
ജോസഫേട്ടന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ആദ്യം ശ്രദ്ധിച്ചത് പാറുകുട്ടിയായിരുന്നു. പെരുമാറ്റത്തിലല്ല. രൂപത്തിലായിരുന്നു ആദ്യത്തെ മാറ്റം. പ്രാതലിനു മുമ്പ് രണ്ടു ചായ കുടിക്കുന്ന പതിവുണ്ട് ജോസഫേട്ടന്ന്. ആദ്യത്തെ ചായ അക ത്തു ചെന്ന് അനുകൂലമായ ഒരു പശ്ചാത്തലമൊരുക്കും. പിന്നെ അര മണിക്കൂർ കഴിഞ്ഞ് രണ്ടാമത്തെ ചായ കുടിക്കുമ്പോഴാണ് ഒരു കമ്പനാവസ്ഥയും തുട ർന്ന് ഒരന്തർപ്രചോദനത്തിന്റെ സർഗ്ഗാത്മകമായ ബഹിർസ്ഫുരണവുമുണ്ടാകുക. ആദ്യത്തെ ചായ കൊണ്ടുപോയി കൊടുക്കുമ്പോൾ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. രണ്ടാമത്തെ ചായ കൊണ്ടുപോയി കൊടുക്കുമ്പോഴും പാറുകുട്ടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അല്ലാ, ഒന്നും പ്രതീക്ഷിക്കാനും വയ്യല്ലോ. ചായ കയ്യിൽ കൊടുത്തു മുഖത്തു നോക്കിയപ്പോഴാണതു കണ്ടത്. പെട്ടെന്നുയർന്നു വന്ന ചിരി എങ്ങിനേയോ അമർത്തി അവൾ അടുക്കളയിലേക്കോടി.
“എന്താ പെണ്ണേ നിന്നെയാരെങ്കിലും കിക്കിളിയാക്കിയോ?”
ത്രേസ്യാമ്മ അല്പം നീരസത്തോടെ ചോദിച്ചു.
“ഇല്ലമ്മച്ചീ,” അവൾ ചിരിക്കിടയിൽ പറഞ്ഞു, “അമ്മച്ചിയൊന്നു പോയി നോക്കിയേ.”
ത്രേസ്യാമ്മ ഉമ്മറത്തുപോയി. അച്ചായൻ ദിനപത്രം മുമ്പിൽ വച്ച് ചായഗ്ലാസു പിടിച്ച് ഇരിക്കയാണ്. മുഖത്ത് എന്തോ ഒരു പന്തിയില്ലായ്മ. അവർ അകത്തുപോയി വെള്ളെഴുത്തുകണ്ണട വച്ചു വന്ന് ഒരിക്കൽക്കൂടി നോക്കി. “എന്റെ ഈശോയേ!”
ജോസഫേട്ടന്റെ മീശ കറുത്തിരിക്കുന്നു. എന്നുവെച്ചാൽ ചിരട്ടക്കരിപോലെ കറുപ്പ്. മുകളിൽ പുരികത്തിന്റെ രോമം വെളുത്തുതന്നെ. തലമുടിയും സാന്തക്ലോസിന്റെ പോലെ. ആദ്യത്തെ അമ്പരപ്പ് തമാശക്കു വഴിമാറിക്കൊടുക്കുമ്പോഴാണവർ ശ്രദ്ധിച്ചത്. അച്ചായൻ ഇവിടെയൊന്നുമായിരുന്നില്ല. താൻ വന്നതും, മുഖത്തു സൂക്ഷിച്ചു നോക്കിയതുമൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. പത്രം വായിക്കുക പോയിട്ട്, ചായ കുടിക്കുകകൂടി ചെയ്യാതെ അദ്ദേഹം എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഒരു ചിരിയും. കർത്താവേ ഈയ്യാക്ക് എന്തു പറ്റി?
കനത്ത കാൽവെപ്പോടെ ത്രേസ്യാമ്മ അടുക്കളയിലേയ്ക്കു പോയി. ഷെർലോക് ഹോംസ് ഒമ്പതാം ക്ലാസ് സിലബസ്സിലുണ്ടായിരുന്നില്ലെങ്കിലും സാമാന്യം കുറ്റാന്വേഷണബുദ്ധിയുള്ള സ്ത്രീയായിരുന്നു അവർ. ജോസഫേട്ടന്ന് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്നവർക്കു മനസ്സിലായി. അവർ അടുക്കളയിൽ നിലത്ത് കുഴഞ്ഞിരുന്നു. എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടാകുമ്പോഴാണ് ത്രേസ്യാമ്മ നിലത്തിരിക്കാറ്. അല്ലെങ്കിൽ കസേരയിലെ ഇരിക്കു. പാറുകുട്ടി ചോദിച്ചു.
“എന്തു പറ്റി അമ്മച്ചീ?”
“അതിയാന് ഇപ്പോ ഇതിന്റെയൊക്കെ ആവശ്യമുണ്ടോടീ?”
“ഏതിന്റെ, അമ്മച്ചീ?”
“അല്ല, മീശേമ്മല് ഇങ്ങനെ ഓരോന്ന് തേച്ച് പിടിപ്പിച്ച്.....”
“നല്ല ഭംഗീണ്ട് അല്ലെ അമ്മച്ചീ?”
“എന്തൂട്ട് ഭംഗീ?” അച്ചായന്റെ അക്ഷോഭ്യനായുള്ള ഇരുത്തം ആലോചിക്കുകയായിരുന്നു അവർ. താൻ മുമ്പിൽ വന്നുനിന്നതൊന്നും അതിയാൻ അറിഞ്ഞിട്ടില്ല. എന്തോ കാര്യമായ ആലോചനയിലാണ്. അതിനിടക്ക് ഒരു ചിരിയും. എന്താണാ ചിരിയുടെ അർഥം?
അച്ചായൻ പ്രേമത്തിലാണെന്ന് അദ്ഭുതത്തോടെ, വ്യസനത്തോടെ അവർ മനസ്സിലാക്കി.
“പാറുകുട്ടീ...”
“എന്തോ”
“നമുക്ക് ഇതൊന്നറിയണം.”
“എന്ത് അമ്മച്ചീ?”
“അച്ചായൻ പ്രേമത്തിലാണ്ന്നാണ് തോന്നണത്.”
“ജോസഫേട്ടനോ? ഈ വയസ്സു കാലത്തോ?”
“എന്തെടീ ജോസഫേട്ടന് അത്രയൊന്നും വയസ്സായിട്ടില്ല. പോരാത്തതിന് പ്രേമം എപ്പഴാണ് ഉണ്ടാകുക എന്നൊന്നും പറയാൻ പറ്റില്ലല്ലോ.”
പാറുകുട്ടി വാപൊളിച്ച് നിന്നുപോയി. അങ്ങിനെയൊരു സാദ്ധ്യത അവൾ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ജോസഫേട്ടനെപ്പറ്റി അവൾ പലതും സങ്കല്പിക്കാറുണ്ട്. ഒരു കച്ചവടക്കാരനായിട്ട്, മന്ത്രിയായിട്ട്, ഗുസ്തിക്കാരനായിട്ട്, പക്ഷെ ഒരു കാമുകനായിട്ട് ഇതുവരെയില്ല. ആരോടായിരിക്കും ജോസഫേട്ടന് പ്രേമം? ചുറ്റുവട്ടത്ത് കണക്കാക്കാൻ പറ്റുന്ന വേറൊരു സ്ഥാനാർഥിയെയും കാണാത്തതിനാൽ തന്നോടായിരിക്കുമോ അദ്ദേഹത്തിന് പ്രേമമെന്ന് അവൾ സംശയിച്ചു. അവൾ ചോദിച്ചു.
“അമ്മച്ചീ വയസ്സായോർക്ക് ചെറുപ്പക്കാരികളോട് പ്രേമം തോന്നുവോ?”
“ഊം, എന്താ തോന്നാതെ?”
“അപ്പോ....’ അവൾ സംശയിച്ചുകൊണ്ട് പറഞ്ഞു, “ജോസഫേട്ടന് എന്നോടായിരിക്കുമോ പ്രേമം?”
“നിന്നോടോ?” ത്രേസ്യാമ്മ ഉറക്കെ ചോദിച്ചു. “എന്നിട്ട് നീയെന്താണ് എന്നൊടൊന്നും പറയാതിരുന്നത്?”
“എനിക്കറിയില്ല അമ്മച്ചീ, ഞാൻ ചോദിച്ചതാ.”
സാധാരണഗതിയിൽ ത്രേസ്യാമ്മക്ക് ദേഷ്യംപിടിക്കേണ്ടതാണ്. പക്ഷെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഒരു സാദ്ധ്യതയും തള്ളിക്കളയാനാവില്ലല്ലോ. അവർ പാറുകുട്ടിയെ ഒന്നുഴിഞ്ഞു നോക്കി. പ്രകൃതി ആ ഇരുപതു വയസ്സുകാരിയിൽ അവശ്യം വേണ്ട സമ്പത്തെല്ലാം ലോഭമന്ന്യേ നൽകിയിട്ടുണ്ട്. ആർക്കെങ്കിലും അവളിൽ പ്രേമമുദിച്ചാൽ തെറ്റൊന്നും പറയാനില്ല. ഇനി ഇവൾ തന്നെയാണോ പ്രേമഭാജനമെന്നറിയാൻ എന്തു വഴി? അവർ ചോദിച്ചു.
“ജോസഫേട്ടൻ നിന്നെ നോക്കി ചിരിച്ചുവോ?”
“ഇന്ന് ചിരിച്ചതൊന്നുംല്ല്യ. പക്ഷെ സാധാരണ ചിരിക്കാറ്ണ്ട്.”
“ങേ!”
കുറച്ചുനേരത്തെ ആലോചനക്കുശേഷം അവർ പറഞ്ഞു. “പാറുകുട്ടി, നീയൊരു ചായകൂട്ടി ജോസഫേട്ടന് കൊണ്ടുപോയികൊടുക്ക്. എന്തു പറയുന്നു എന്ന് നോക്കാം.” പാറുകുട്ടിയുമായുള്ള ജോസഫേട്ടന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും അപാകതയുണ്ടോ എന്നറിയാമല്ലൊ.
പാറുകുട്ടി ധൃതിയിൽ ഒരു ഗ്ലാസ് ചായയുണ്ടാക്കി. പെട്ടെന്നവൾക്ക് പരിഭ്രമമായി. ഗ്ലാസ് മേശപ്പുറത്ത് വച്ച് അവൾ പറഞ്ഞു.
“അമ്മച്ചി ഞാനിപ്പോ വരാം.”
“നീ എങ്ങോട്ടാണ് പോണത്?” എന്നു ചോദിക്കുമ്പോഴേയ്ക്ക് അവൾ കുളിമുറിയിൽ കടന്നു കഴിഞ്ഞിരുന്നു. അവൾ കണ്ണാടിനോക്കി തലമുടി ഒതുക്കി, മുഖത്തെ എണ്ണമയം ഒരു തോർത്തെടുത്തു തുടച്ചു. പൗഡർഡപ്പിയെടുത്ത് കുറച്ചു പൗഡറും മുഖത്തിട്ടു. ജോസഫേട്ടന് അങ്ങിനെയൊന്നുമില്ലായിരിക്കാം. ഇനി അഥവാ ഉണ്ടെങ്കിലോ?
കുളിമുറിയിൽനിന്നു പുറത്തുകടന്ന പാറുകുട്ടിയെ ത്രേസ്യാമ്മ സംശയത്തോടെ വീക്ഷിച്ചു. അവൾ ചായഗ്ലാസുമെടുത്ത് നടന്നപ്പോൾ അവർ പിന്നാലെ കൂടി, തളത്തിന്റെ ജനലിലൂടെ നോക്കി. അച്ചായൻ വർത്തമാനപത്രം പിടിച്ച് കസേരയിലിരിക്കയാണ്. ഒന്നും വായിക്കുന്നില്ല. പാറുകുട്ടി കൊണ്ടുപോയികൊടുത്ത ഗ്ലാസ് അവളുടെ മുഖത്തേക്കു നോക്കുകപോലും ചെയ്യാതെ വാങ്ങി കുടിക്കാൻ തുടങ്ങി. ഒരു ചോദ്യം പോലുമുണ്ടായില്ല. ത്രേസ്യാമ്മ ആശയക്കുഴപ്പത്തിലായി.
അടുക്കളയിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് മേശക്കരികെ വാടിയ മുഖവുമായി നിൽക്കുന്ന പാറുകുട്ടിയേയാണ്.
‘നിനക്കെന്തു പറ്റി കൊച്ചേ?”
“ഒന്നുമില്ലമ്മച്ചീ.” അവൾ മുഖം തിരിച്ചു.
“നീ ശ്രദ്ധിച്ചോ പെണ്ണേ, അച്ചായൻ ആ ചായയും കുടിക്ക്യാണ്.” മൂന്നാമത്തെ ചായ പ്രാതലിന്റെ ഒപ്പമല്ലാതെ കുടിക്കാറില്ല ജോസഫേട്ടൻ. രണ്ടു ചായ അകത്താക്കിയ ബോധമില്ലാതെയാണ് മൂന്നാമത്തെ ചായയും കുടിക്കുന്നത്. കാര്യം ഗൗരവം തന്നെയാണ്. പുള്ളിക്കാരൻ ആപാദചൂഢം പ്രേമത്തിൽ തന്നെയാണ്. ആരാണ് അപരയെന്നു കണ്ടുപിടിക്കാതെ ഇനി ഇരിപ്പുറക്കില്ല.
ജോസഫേട്ടൻ പുറപ്പെടുകയാണ്. അലമാറി തുറന്ന് നല്ലൊരു വരയൻ ഷർട്ടെടുത്തിട്ടു. ജോമോൻ ഗൾഫിൽനിന്നു കൊണ്ടുവന്നു കൊടുത്ത ഷർട്ടാണത്. എന്താണ് ഒരുക്കമെന്നറിയാൻ ത്രേസ്യാമ്മ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ചുറ്റിപ്പറ്റിനിന്നു. നല്ല വീതിയുള്ള കരയുള്ള ഡബ്ൾമുണ്ടുമുടുത്തശേഷം ജോസഫേട്ടൻ പറഞ്ഞു.
“ത്രേസ്യേ, ഞാനൊന്ന് ടൗണിലോട്ട് പോയേച്ചു വരാം.”
എങ്ങോട്ടാണ് ഒരുമ്പെട്ടു പോകുന്നതെന്ന് ചോദിക്കാനാണ് നാവെടുത്തത്. പക്ഷെ ചോദിച്ചത് ഇത്രമാത്രം.
“എന്തിന്നാ ഇത്രേം കാലത്തേ പോണ്?” അസാധാരണമായ ആ ചോദ്യത്തിനു മുമ്പിൽ ജോസഫേട്ടൻ ഒരു നിമിഷം പകച്ചു നിന്നു. അങ്ങിനത്തെ ചോദ്യങ്ങളൊന്നും പതിവില്ല; ഇന്നെന്താണ് പ്രത്യേകതയെന്ന മട്ടിൽ ജോസഫേട്ടൻ ഭാര്യയെ നോക്കി.
“കുറച്ചു കാര്യമുണ്ടായിരുന്നു.”
“അപ്പോ നെങ്ങക്ക് ഭക്ഷണം ഒന്നും വേണ്ടേ?”
പ്രാതൽ കഴിച്ചിട്ടില്ലെന്ന കാര്യം അപ്പോഴാണ് അച്ചായൻ ഓർത്തത്.
“സാരല്യ.” അയാൾ പോകാനൊരുങ്ങി. പെട്ടെന്ന് എന്തോ ഓർത്ത് തിരിച്ചുവന്ന് ഇന്നലെ ഇട്ട് ആണിമേൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് പോക്കറ്റിലിട്ട് പുറത്തേയ്ക്കു കടന്നു.
“പോഴത്തായി.” ത്രേസ്യാമ്മ പാറുകുട്ടിയോട് പറഞ്ഞു. “നമ്മള് ജോസഫേട്ടന്റെ പോക്കറ്റ് പരിശോധിക്കേണ്ടതായിരുന്നു.”
“അതിന് അമ്മച്ചി, ജോസഫേട്ടൻ പോക്കറ്റില് പെൺപിള്ളാര്‌ടെ ഫോട്ടോ ഇട്ടോണ്ട് നടക്ക്വാണ്ന്ന് നമ്മ ഓർത്തോ.”
“നീയെന്താണ് കൊച്ചേ അങ്ങനെ പറേണത്.” ത്രേസ്യാമ്മ ദേഷ്യപ്പെട്ടു. “ആരടെ ഫോട്ടോ ആണെന്നൊന്നും ഞാങ്കണ്ടില്ല.”
ശരിക്കു പറഞ്ഞാൽ അവർ ഒരു നോട്ടം കണ്ടിരിക്കുന്നു. ഒരു പെൺകുട്ടിയുടേതാണ് ആ ഫോട്ടോ എന്നവർക്കു മനസ്സിലായിരിക്കുന്നു. പക്ഷെ അതു പാറുകുട്ടിയോട് പറയാൻ വിഷമം. ഇക്കാര്യത്തിൽ പാറുകുട്ടിയുടെ സഹായം തനിക്കാവശ്യമാണ്. പക്ഷെ അവൾ എല്ലാമറിയുന്നതിൽ ഒരു ചമ്മൽ.
“പിന്നെ നീയൊരു കാര്യം ശ്രദ്ധിച്ചോ പെണ്ണേ, എട്ടുമണിക്ക് ചായേം പലഹാരോം കിട്ടിയില്ലെങ്കില് ബഹളണ്ടാക്കണ ആളാണ് ഇന്ന് ഭക്ഷണം കഴിക്കാൻ തന്നെ മറന്നത്.”
“ശരിയാ അമ്മച്ചീ.”
ഒരു മണിക്കൂറിനകം ജോസഫേട്ടൻ തിരിച്ചുവന്നു. ഷർട്ട് ഊരിയശേഷം, പാറുകുട്ടി കൊണ്ടുവന്നുകൊടുത്ത വെള്ളം കുടിച്ച് ഒരു ഭാഗത്തിരുന്നു ജോസഫേട്ടൻ. ത്രേസ്യാമ്മയുടെ കണ്ണുകൾ ഭർത്താവ് ഊരി കയ്യിൽ പിടിച്ചിരിക്കുന്ന ഷർട്ടിലായിരുന്നു. ഒന്നുരണ്ടു പ്രാവശ്യം അതു വാങ്ങാൻ അവർ ശ്രമിച്ചു. പക്ഷെ അവർ അതു തൊടാൻ പോകുമ്പോഴേയ്ക്ക് ജോസഫേട്ടൻ അതു മറ്റെ കയ്യിലേക്കു മാറ്റും.
“ത്രേസ്യേ, എനിക്കെന്താണിന്ന് വല്ലാത്ത വിശപ്പ്.”
“ഇപ്പപ്പോഴായി ഭക്ഷണം കഴിക്കാനും കൂടി മറക്ക്ണ്ണ്ട്.” ത്രേസ്യാമ്മ പറഞ്ഞു.
“എന്തേ, ഞാനിന്ന് ഒന്നും തിന്നില്ലേ?”
“ഇല്ല, അതിനു മുമ്പല്ലെ ധൃതിപിടിച്ച് പോയത്? എങ്ങോട്ടാണ് രാവിലെത്തന്നെ പോയത്?”
അതിനു മറുപടി പറയാതെ ജോസഫേട്ടൻ ഷർട്ടെടുത്ത് ഭാര്യയുടെ കയ്യിൽ കൊടുത്തു. “നീ ഇതൊന്ന് വിരിച്ചിട്. ആകെ വിയർത്തിരിക്കുന്നു. പാറുകുട്ടി ഒരു ചായയുണ്ടാക്ക്.”
ത്രേസ്യാമ്മ തെല്ലൊരദ്ഭുതത്തോടെ ആ ഷർട്ട് വാങ്ങി അർഥഗർഭമായി പാറുകുട്ടിയെ നോക്കി. ജോസഫേട്ടൻ കുളിമുറിയിൽ കയറുന്നതും കാത്ത് അവർ ചുറ്റിപ്പറ്റിനിന്നു. കുളിമുറിയുടെ വാതിലടഞ്ഞതും രണ്ടുപേരും കൂടി ഷർട്ടിന്റെ പോക്കറ്റ് പരിശോധന ആരംഭിച്ചു.
“നല്ല ഭംഗിള്ള കൊച്ച്.” ഫോട്ടോവിൽ നോക്കിനിൽക്കേ ത്രേസ്യാമ്മയ്ക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല. നല്ല കണ്ടുപരിചയവും. പേട്ടെന്നാണ് ആ പെൺകുട്ടിയും ജോസഫേട്ടനും കൂടി താൻ സംശയിക്കുന്ന ബന്ധത്തെപ്പറ്റീ അവർ ഓർത്തത്. അവർ പെട്ടെന്ന് ഫോട്ടോ തിരിച്ചുവെച്ചു പാറുകുട്ടിയോട് പറഞ്ഞു. “എടീ, നീയെന്താണ് നോക്കിനിക്കണത്, പോയി ചായയുണ്ടാക്ക്.”
ജോസഫേട്ടന്റെ രുചിയെപ്പറ്റി പാറുകുട്ടിക്ക് നല്ല മതിപ്പുണ്ടായി. പക്ഷെ മനസ്സിലെവിടേയോ ഒരു നീറ്റം.
ഉച്ചഭക്ഷണം കഴിഞ്ഞ് ജോസഫേട്ടൻ ഉറക്കമായപ്പോൾ ത്രേസ്യാമ്മ കുട്ടികളെ പാറുകുട്ടിയെ ഏല്പിച്ച് ക്ലാരയുടെ വീട്ടിൽ പോയി. ജോസഫേട്ടനുമായി വൈകാരിക സംഘർഷമുണ്ടാകുമ്പോഴെല്ലാം സഹായത്തിനെത്തുക അനുജത്തിയാണ്. ക്ലാരയുടെ കയ്യിൽ ഇപ്പോഴത്തെ പ്രതിസന്ധിക്കും എന്തെങ്കിലും മരുന്നുണ്ടാകുമെന്ന് തേസ്യാമ്മക്കറിയാം. നെട്ടൂര് താമസിക്കുന്ന അനുജത്തിയുടെ വീട്ടിലെത്തിയപ്പോഴേക്കും ത്രേസ്യാമ്മ ക്ഷീണിച്ചിരുന്നു. കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ ക്ലാര ക്ഷോഭിച്ചു.
“ഞാനല്ലാതെ വേറെയൊരു പ്രേമഭാജനോ ജോസഫേട്ടന്. ഇയ്യാക്കടെ കുറുമ്പ് ഞാൻ മാറ്റിക്കൊടുക്കാം.”
‘നീ കളി പറയല്ലെ എന്റെ ക്ലാരെ, എന്റെ മനസ്സാകെ തീയാണ്. അതിയാന് ഈ വയസ്സുകാലത്ത് ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ.”
“ഞാൻ കളി പറയല്ല,” ക്ലാര പറഞ്ഞു, “ഞാനും ചേച്ചിയുമല്ലാതെ വേറെയാരും വേണ്ട അച്ചായന്”.
ത്രേസ്യാമ്മ ചിരിച്ചു. ഒരു പഴയ കഥയാണ്. തന്റെ കല്യാണം കഴിയുമ്പോൾ ക്ലാരക്ക് എട്ടുവയസ്സാണ്. ജോസഫേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ അവളായിരുന്നു സംസാരിച്ചതെല്ലാം. ഫ്രോക്കിട്ട് ഓടിച്ചാടി നടന്നിരുന്ന ക്ലാരയെ അവർക്കൊക്കെ ഇഷ്ടമായി, പ്രത്യേകിച്ച് ജോസഫേട്ടന്. പെണ്ണുകാണാൻ വന്നവർ പോയിക്കഴിഞ്ഞപ്പോൾ അമ്മച്ചി അവളോട് ചെക്കനെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ ക്ലാരയാണ് പറഞ്ഞത് അവൾക്ക്ഇഷ്ടമായി എന്ന്. മാത്രമല്ല ചേച്ചിയൊടൊപ്പം അവളും ജോസഫേട്ടനെ കല്യാണം കഴിക്കുമെന്നും.
കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവന്ന അന്ന് രാത്രിയിൽ എല്ലാവരും നവദമ്പതികളെ മണിയറയിൽ വിട്ട് പുറത്തുകടന്നു വാതിലടച്ചു. ജോസഫേട്ടൻ അവളുടെ അടുത്തിരുന്ന് പതുക്കെ പ്രേമപ്രകടനങ്ങൾ നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു രാത്രികളിലും ത്രേസ്യാമ്മ ജോസഫേട്ടന്റെ മുന്നേറ്റത്തെ തടഞ്ഞുവച്ചിരുന്നു. തന്റെ വീട്ടിൽ ചെന്നിട്ട് എല്ലാം സമ്മതിക്കാമെന്ന് ത്രേസ്യാമ്മ ഉറപ്പു കൊടുത്തിരുന്നു. ഇപ്പോൾ രാത്രി വളർന്ന സമയത്ത് അലങ്കരിച്ച മണിയറയിൽ സുരഭിലമായ അന്തരീക്ഷത്തിൽ അവർ പരസ്പരം ചേരാൻ തയ്യാറെടുത്തു. ജോസഫേട്ടൻ പതുക്കെ ത്രേസ്യാമ്മയെ തന്റെ കരവലയത്തിലാക്കി. പെട്ടെന്നാണ് ഒരു പോണിടെയിൽ കെട്ടിയ തല കട്ടിലിന്റെ അടിയിൽനിന്ന് പുറത്തേക്കു വന്നത്. അവർ രണ്ടുപേരും ഞെട്ടിമാറി. ചാടി എഴുന്നേറ്റ ക്ലാര അവർക്കു നടുവിലിരുന്നു, ഇന്നു താൻ ജോസഫേട്ടന്റെ ഒപ്പമാണ് കിടക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒരനുനയത്തിനും അവളെ പിൻതിരിക്കാൻ പറ്റിയില്ല. അപ്പച്ചനും അമ്മച്ചിയും വന്ന് ആവുന്നതും ശ്രമിച്ചു. അവസാനം ജോസഫേട്ടൻ തന്നെയാണ് പറഞ്ഞത്, ഇന്ന് അവൾ തങ്ങളുടെ ഒപ്പം കിടന്നോട്ടെയെന്ന്. തനിക്കും ജോസഫേട്ടനും നടുവിൽ ക്ലാരയുടെ കിടപ്പ് ഓർമ്മ വന്നപ്പോൾ ത്രേസ്യാമ്മ ഉറക്കെ ചിരിച്ചുപോയി. അവൾ ഉറങ്ങിയശേഷം രണ്ടുപേരും കട്ടിലിന്റെ അടിയിലേക്ക് നുണുകടക്കുകയാണ് ചെയ്തത്. ആദ്യരാത്രി മുഴുവൻ ചെലവിട്ടത് കട്ടിലിന്റെ അടിയിലായിരുന്നു.
“എന്താണ്ണ്ടായത്?” ക്ലാര ചോദിച്ചു.
“അതിയാനുണ്ട് മീശയൊക്കെ കറുപ്പിച്ചിരിക്കുന്നു.”
“അതത്ര കാര്യമാക്കാനുണ്ടോ ചേച്ചി, ഞാൻ തന്നെ ചേട്ടനോട് പറയാറുള്ളതാണത്. എന്റെ ബോയ്ഫ്രണ്ടായി നടക്കണമെങ്കിൽ മുടീം മീശേം ഒക്കെ കറുപ്പിക്കണമെന്ന്.”
“നെനക്ക് കളിയാണ്,” തേസ്യാമ്മ ദേഷ്യത്തോടെ പറഞ്ഞു. “അച്ചായൻ ഏതോ പെങ്കൊച്ചിന്റെ ഫോട്ടോവും പോക്കറ്റിലിട്ടാ ഇപ്പം നടത്തം.’
“ഫോട്ടോവോ, പെങ്കൊച്ചിന്റെയോ?” ഇപ്പോൾ ചേച്ചി പറയുന്നതിൽ കാര്യമുണ്ടെന്നമട്ടിൽ ക്ലാര എഴുന്നേറ്റു.
“മാത്രല്ലെടീ, ജോസഫേട്ടൻ രാവിലെ പലഹാരം കഴിക്കാൻ കൂടി മറന്നു.”
കാര്യം ഗൗരവമാണെന്ന് ക്ലാരക്കു ബോധ്യമായി. അച്ചായൻ ശ്വാസം കഴിക്കാൻ മറന്നെന്നു വരും, പക്ഷെ പ്രാതൽ കഴിക്കാൻ മറക്കില്ല.
“ചേച്ചി നിക്ക്, ഞാൻ വരാം. ജോസഫേട്ടനെ ഒന്ന് കാണട്ടെ.”
അവൾ ക്ഷണം പുറപ്പെട്ടു. ബസ്സിറങ്ങിയപ്പോഴാണ് കണ്ടത്, മുമ്പിൽ എറണാകുളത്തേക്കുള്ള ബസ്സിൽ ജോസഫേട്ടൻ കയറുന്നു.
“നോക്ക് ക്ലാരേ അത് ജോസഫേട്ടനല്ലെ?” ത്രേസ്യാമ്മ ചോദിച്ചു.
ക്ലാര അപ്പോഴാണ് തിരക്കിട്ട ബസ്സിൽ അള്ളിപ്പിടിച്ചു കയറുന്ന ആളെ ശ്രദ്ധിച്ചത്. “അതേ ചേച്ചീ, അത് ജോസഫേട്ടൻ തന്നാ. എനിക്ക് അച്ചായനെ പിന്നിലെ കൊച്ചു കഷണ്ടി കൊണ്ട് തിരിച്ചറിയാം,” അവൾ പറഞ്ഞു.
“പോടി ജോസഫേട്ടന് കഷണ്ടിയൊന്നുമില്ല. തലമുടി ചെറുതാക്കി വെട്ടുന്നതുകൊണ്ടാ.”
“വാ ചേച്ചി നമുക്ക് പിന്നാലെ പോവാം.”
അവർ ഒരു ഓട്ടോയിൽ കയറി പറഞ്ഞു. “ഈ ബസ്സിനു പുറകെ വിട്.”
ഉദ്വേഗം നിറഞ്ഞ നീണ്ട ചേയ്‌സിന്റെ അവസാനത്തിൽ അവരെത്തിച്ചേർന്നത് കലൂർ ബസ്‌സ്റ്റോപ്പിലായിരുന്നു. ബസ്‌സ്റ്റോപ്പിൽ ഓട്ടോ വിട്ടശേഷം അനുധാവനം കാൽനടയിലായി. അച്ചായൻ ഒരു പഴയ വീട്ടിന്റെ മുമ്പിലെത്തി വാതിലിൽ മുട്ടി. ആരാണ് വാതിൽ തുറന്നതെന്ന് മനസ്സിലായില്ല. ജോസഫേട്ടൻ അകത്തു കയറി, വാതിൽ അടയുകയും ചെയ്തു. ത്രേസ്യാമ്മയ്ക്ക് പെട്ടെന്ന് തോന്നിയത് പോയി വാതിൽക്കൽ മുട്ടാനായിരുന്നു. പക്ഷെ ക്ലാര സമ്മതിച്ചില്ല.
“എന്താണ് സംഭവമെന്നറിയട്ടെ ചേച്ചീ, അല്ലെങ്കില് നമ്മള് നാറിയെന്നു വരും.”
ഉദ്വേഗം നിറഞ്ഞ പതിനഞ്ചു മിനുറ്റുകൾക്കുശേഷം ജോസഫേട്ടൻ പുറത്തിറങ്ങി, ബസ്‌സ്റ്റോപ് ലക്ഷ്യമാക്കി നടന്നു. കെട്ടിടങ്ങളുടെ മറപിടിച്ച് രണ്ട് ഡിറ്റക്ടീവുകളും പിന്നാലെ നടന്നു. ജോസഫേട്ടൻ ബസ്സിൽ കയറിയപ്പോൾ അവർ ഓട്ടോ പിടിച്ച് യാത്ര തിരിച്ചു. ഭാഗ്യത്തിന് നല്ല ഓട്ടോ കിട്ടിയതുകൊണ്ടും ജോസഫേട്ടന്റെ ബസ്സ് മേനകവഴി വളഞ്ഞുപോയതുകൊണ്ടും അവർ ആദ്യംതന്നെ വീട്ടിലെത്തി.
ജോസഫേട്ടൻ വന്ന ഉടനെ ഷർട്ടഴിച്ച് ഫാനിന്റെ കീഴിൽ വന്നുനിന്നു. അപ്പോഴാണ് വാതിൽക്കൽ തന്നെ ഉറ്റുനോക്കി നിന്നിരുന്ന ഭാര്യയെയും അനുജത്തിയേയും കണ്ടത്.
“ആ നീ ഇവിടെയുണ്ടോ? കലൂരില് നിന്നെപ്പോലത്തെ ഒരു പെണ്ണിനെ കണ്ടു, നീയാണെന്നുതന്നെ വിചാരിച്ചു. ഒപ്പം ഒരു വയസ്സായ സ്ത്രീയുംണ്ടായിരുന്നു.”
വയസ്സായ സ്ത്രീ! ത്രേസ്യാമ്മ പല്ലു കടിച്ചു. വരട്ടെ കാണിച്ചുകൊടുക്കാം.
“ജോസഫേട്ടനെന്തിനാ കലൂരില് പോയത്?” ക്ലാര ഒന്നുമറിയാത്തപോലെ ചോദിച്ചു.
“ഒരു കാര്യം അന്വേഷിക്കാനാ പെണ്ണേ.” ജോസഫേട്ടൻ കീശയിൽ നിന്ന് ഒരു ഫോട്ടോ എടുത്തു മേശപ്പുറത്തുവെച്ചു. പിന്നെ ത്രേസ്യാമ്മയോടായി പറഞ്ഞു. “നിന്റെ ചിറ്റപ്പൻ എഴുതിയ കാര്യമില്ലെ കൊച്ചു ത്രേസ്യേ, അത് നടക്കുന്നാണ് തോന്നണത്. പെണ്ണ് ഭംഗിള്ള കാരണം അവര് രണ്ടു ലക്ഷും അമ്പത് പവനും മാത്രം മതീന്ന് പറഞ്ഞു. നെന്റെ ചിറ്റപ്പന് അത്രേം കൊടുത്തുകൂടെ?”
ചിറ്റപ്പന്റെ കത്തും ഒപ്പം വന്ന ജെൻസിയുടെ ഫോട്ടോവും ജോസഫേട്ടന് കൊടുത്ത്, വന്ന ആലോചനയൊന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ട കാര്യം അപ്പോഴാണ് ത്രേസ്യാമ്മ ഓർത്തത്.
“എന്റെ കർത്താവേ” അവർ തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. “ഞാനെന്തൊക്കെയാണ് ആലോചിച്ചുണ്ടാക്കിയത് !”
“നല്ല കുടുംബക്കാരാണ്. ബ്രോഡ്‌വേയില് സ്റ്റേഷനറിക്കടയാണ്. ഞാനതോണ്ടാ ഇത്രേം പെട്ടെന്ന് അന്വേഷിച്ചത്. വിടണ്ടാന്ന് പറഞ്ഞോ ചിറ്റപ്പനോട്.”
“ഇതെന്തോന്നാ മീശവെച്ച് കാണിച്ചിരിക്കുന്നത്?” ക്ലാര ചോദിച്ചു.
“എന്തേ?’ ജോസഫേട്ടൻ മീശ തടവിക്കൊണ്ടു ചോദിച്ചു.
“ഡൈചെയ്യാനറിയില്ലെങ്കിൽ, അറിയുന്ന ആളെ ഏല്പിക്ക്യാ. ഇങ്ങട്ടു വരു ഞാൻ ചെയ്തു തരാം.”
ക്ലാര ഡൈ എടുക്കാൻ കുളിമുറിയിലേക്കു പോയി. ത്രേസ്യാമ്മ അടുക്കളയിലേക്കും പോയി.
“എന്തു പോഴത്താ ഞാൻ ചെയ്തത് പാറുകുട്ടീ.” ത്രേസ്യാമ്മ പറഞ്ഞു. “ഞാൻതന്നാ ജോസഫേട്ടന് ചിറ്റപ്പന്റെ കത്തും ജെൻസിടെ ഫോട്ടോവും കൊടുത്തത്. തരി ബോധം വേണ്ടേ?’
പാറുകുട്ടിയും ആലോചിച്ചിരുന്നത് അതുതന്നെയായിരുന്നു.
|