നേർച്ചക്കോഴി
നേർച്ചക്കോഴി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഒരു കുടുംബപുരാണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 76 |
ഇടപ്പള്ളി ഫൊറോന പള്ളിയിൽ പെരുന്നാളിന് കുർബാന കൊള്ളുമ്പോൾ ത്രേസ്യാമ്മ ചിന്തിച്ചിരുന്നത് കോഴികളെപ്പറ്റിയായിരുന്നു. സർവത്ര കോഴികൾ, നേർച്ചക്കോഴികൾ. സഞ്ചികളിൽ, കൂടകളിൽ, ആവരണങ്ങളൊന്നുമില്ലാതെ കീഴ്ക്കാംതൂക്ക് പിടിച്ച നിലയിൽ ഒക്കെയായി അവ ചുറ്റുമുണ്ടായിരുന്നു. ത്രേസ്യാമ്മയുടെ മനസ്സ് അച്ചന്റെ പ്രസംഗത്തിൽനിന്ന് വളരെയകന്നുപോയി. പ്രസംഗം കഴിഞ്ഞ് കുരിശു വരച്ച് പ്രാർഥനയ്ക്കായി എല്ലാവരും മുട്ടു കുത്തിയപ്പോൾ ത്രേസ്യാമ്മ മാത്രം കുത്തനെ നിൽക്കുകയായിരുന്നു.
‘പ്രസംഗത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരുന്ന ആൾക്കാരും പ്രാർഥനസമയത്ത് മുട്ടുകുത്തിയിരിക്കണം’, എന്ന് മാത്യുഅച്ചൻ പറഞ്ഞപ്പോഴാണ് ഹാളിൽ മുട്ടുകുത്തിയിരിക്കുന്നവർക്കിടയിൽ താൻ മാത്രം എഴുന്നേറ്റു നിൽക്കുകയായിരുന്നെന്നും അടുത്തിരുന്ന സോഫി തന്റെ ചട്ട പിടിച്ചുവലിക്കുകയായിരുന്നെന്നും ത്രേസ്യാമ്മ മനസ്സിലാക്കുന്നത്. നടുറോട്ടിലൂടെ നടക്കുമ്പോൾ നഗ്നയായപോലെ തോന്നി ത്രേസ്യാമ്മക്ക്. മുട്ടു കുത്തിയിരുന്ന് കുരിശുവരയ്ക്കുമ്പോൾ ത്രേസ്യാമ്മ ആണയിട്ടു. ‘കർത്താവാണേ സത്യം ഇനി കുർബാന സമയത്ത് കോഴികളെപ്പറ്റി ആലോചിക്കില്ല.’
കാണുന്നതെന്തും ലാഭകരമായി നടത്തുന്ന കച്ചവടമാക്കി മാറ്റാൻ കഴിവുള്ള അവരുടെ ബുദ്ധി പക്ഷെ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. (ലാഭകരമായി എന്നു പറഞ്ഞുവോ?)
വിറകുപുരയിൽ ചിതലുകയറാതെ സൂക്ഷിച്ചുവച്ച ഒരു വലിയ പീഞ്ഞപ്പെട്ടിയാണ് മനസ്സിൽ വന്നത്. കോയമ്പത്തൂരിൽ നിന്ന് മോണോബ്ലോക്ക് പമ്പ് വരുത്തിയപ്പോൾ കിട്ടിയതാണ്. നല്ല കട്ടിയുള്ള പീഞ്ഞയായതു കൊണ്ട് വിറകാക്കാൻ തോന്നിയില്ല. അതിനൊരു വാതിലുണ്ടാക്കാൻ പറഞ്ഞാൽ അച്ചായൻ ചെയ്തുതരും. ജോസഫേട്ടന് എന്തു പണിയും വശമാണ്, അതിനുള്ള ആയുധങ്ങളൊക്കെയുണ്ടുതാനും. റിട്ടയർ ചെയ്തു വീട്ടിൽ ഇരിപ്പായതിൽപ്പിന്നെ അങ്ങിനെയുള്ള പണികൾക്കൊ ക്കെ വലിയ ഉത്സാഹവുമാണ്.
ജോസഫേട്ടൻ ഈർച്ചവാളും ഉളിയും ചുറ്റികയും എടുത്ത് പെരുമാറുന്ന മിഴിവുറ്റ ചിത്രം മനസ്സിൽ വന്നപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.
‘അപ്പോ കൂടു തയ്യാറായി, ഇനി കോഴി?’
ഹാൾ ഒരു നിമിഷം നിശ്ശബ്ദമായി, പിന്നെ പ്രാർഥന തുടർന്നു. ഇടത്തുവശത്ത് കുമ്പിട്ടുനിൽക്കുന്ന ലില്ലി ത്രേസ്യാമ്മയെ കുറച്ചു ശക്തിയോടെത്തന്നെ തോണ്ടിയപ്പോഴാണ് താൻ കോഴിക്കാര്യം പറഞ്ഞത് കുറച്ചുറക്കെയായി എന്നവർക്കു മനസ്സിലായത്. അവർ മുന്നോട്ടു നോക്കി അക്ഷോഭ്യയായി അച്ചൻ പറഞ്ഞത് കുറച്ചുറക്കെത്ത ന്നെ ഏറ്റുപറഞ്ഞു.
‘കർത്താവായ യേശുവിനെ........’
ജോസഫേട്ടൻ നേർച്ചപ്പെട്ടിക്കു സമീപം നിന്നിരുന്നു. അദ്ദേഹത്തിന്റെ പതിവ് അതാണ്. ത്രേസ്യാമ്മ സഖിമാരുടെ ഒപ്പം നടന്ന് എത്തുമ്പോഴേക്കും ജോസഫേട്ടൻ ഒരു നാരങ്ങ സോഡയും കുടിച്ച് പോകാൻ തയ്യാറായിരിക്കും.
‘താനിന്ന് എന്തോന്നാ കാട്ടിക്കൂട്ടീത്?’ ജോസഫേട്ടൻ ചോദിച്ചു.
കോഴികളുടെ കാര്യം വീണ്ടും ഓർത്തത് അപ്പോഴാണ്. നേർച്ചക്കോഴികളെ ലേലം ചെയ്തു വിൽക്കുകയാണ് പതിവ്. ഒരെണ്ണത്തിനെ വാങ്ങാമെന്ന് ജോസഫേട്ടനെക്കൊണ്ട് സമ്മതിപ്പിച്ചശേഷമാണ് ത്രേസ്യാമ്മ ബസ്സിൽ കയറിയത്.
പിറ്റേന്നു രാവിലെ ഇടിയപ്പവും മുട്ടക്കറിയും കഴിച്ച് പണിയായുധങ്ങളുമായി ഒരു ഇരുപ്പിരുന്ന ജോസഫേട്ടൻ പിന്നെ എഴുന്നേറ്റത് ഒന്നര മണിക്കാണ്. ഇടയ്ക്ക് ത്രേസ്സ്യാമ്മ കുടിക്കാനുള്ള വെള്ളമോ ചായയോ കൊണ്ടുവന്നു കൊടുക്കും. കുറച്ചുനേരം പണി നോക്കിക്കൊണ്ടു നിൽക്കും. ഉടനെ സംശയങ്ങൾ തല പൊക്കുകയായി. നിരവധി സംശയങ്ങൾ. അച്ചായൻ ശരിയായിട്ടു തന്നെയാണോ ചെയ്യുന്നത്? ചോദിക്കാൻ ധൈര്യമില്ലാതെ കുറച്ചു നേരം നില്ക്കും. സസ്‌പ്പെൻസ് സഹിക്കാതായാൽ അവസാനം ധൈര്യം സംഭരിച്ച് ചോദിക്കും.
‘ഇതെന്താ ഈ പലക ഇങ്ങനെ കണ്ടിച്ചിരിക്കണത്?’
‘അതോ, അത് കൂടിന്റെ വാതിലാ.’
‘വാതിലോ?’ ത്രേസ്യാമ്മ സംശയം പ്രകടിപ്പിക്കും. ‘അതിന് ഇത്ര വലുപ്പം മതിയോ?’
ജോസഫേട്ടൻ ഉളിയും ചുറ്റികയും നിലത്തിട്ട് നിവർന്നിരുന്നു, മൂക്കിലേയ്ക്ക് ഊർന്നിറങ്ങിയ വെള്ളെഴുത്ത് കണ്ണടയുടെ മുകളിലൂടെ ഭാര്യയെ നോക്കിക്കൊണ്ട് പറഞ്ഞു.
‘നീ എന്നോട് ഒട്ടകപ്പക്ഷിക്ക് കൂടുണ്ടാക്കാനാണോ പറഞ്ഞത്?’
ഇനി സംസാരിച്ചാൽ ശരിയാവില്ലെന്ന് ത്രേസ്യാമ്മക്ക് നന്നായറിയാം. അവർ ഒഴിഞ്ഞ ഗ്ലാസെടുത്ത് നടന്നു. തിരിഞ്ഞു നിന്ന് ഇത്രയും പറയുകയും ചെയ്തു.
‘നിങ്ങ എന്താച്ചാ ചെയ്‌തോ. പക്ഷെ, കോഴി വാതല് കെടക്കുകെല കെട്ടോ.’
ഭർത്താവിന്റെ വീട്ടുകാരുടെ ഭാഷയാണത്. ഇടക്കൊച്ചിയിൽനിന്ന് നാത്തൂമ്മാര് വരുമ്പോൾ ഈ ഭാഷ കേൾക്കാനായി ത്രേസ്യാമ്മ അവരെ പിടിച്ചു നിർത്താറുണ്ട്.
വാക്കുകൾക്ക് അറം പറ്റുക എന്നൊക്കെ കേട്ടിട്ടില്ലേ? ത്രേസ്യാമ്മയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്.
ഉച്ചയോടുകൂടി കൂടിന്റെ പണി കഴിഞ്ഞു. ജോസഫേട്ടനെ ഊണിനു വിളിക്കാൻ വന്ന ത്രേസ്യാമ്മയുടെ കണ്ണ് തള്ളിപ്പോയി. ഒരു മണിക്കൂർ മുമ്പ് ഇറച്ചിക്കറി അടുപ്പത്താക്കി വന്ന് നോക്കിയപ്പോൾ കുറേ പലകകൾ മാത്രം. ഇപ്പോൾ ഇതാ ഒരു വീട്. കണ്ടാൽ ശരിക്കും ഒരു വീടുതന്നെ. രണ്ടുഭാഗത്തേക്കും ചെരിഞ്ഞു കിടക്കുന്ന മേൽപ്പുര. തുറക്കാൻ പിടിയുള്ള വാതിൽ. വീട് നിൽക്കുന്നത് നാലു കാലിൻമേലാണ്. ഒരു കോഴിയായി വന്ന് ആ കൂട്ടിൽ ചേക്കേറാൻ ത്രേസ്യാമ്മക്ക് മോഹമുണ്ടായി.
‘നിങ്ങള് നല്ലൊരു മരപ്പണിക്കാരനാണ്,’ ത്രേസ്യാമ്മ പറഞ്ഞു. പിന്നെ ഭദ്രമായ അകലത്തിൽ നിന്നു കൊണ്ടവർ തുടർന്നു. ‘പോരാത്തതിന് പാരമ്പര്യവുമുണ്ടല്ലോ.’
ത്രേസ്യാമ്മ അല്പം കൊള്ളിച്ചുകൊണ്ട് പറഞ്ഞതാണ്. അവർ സ്വന്തം പൈതൃകത്തിന്റെ ആഢ്യതയിൽ ഊറ്റം കൊള്ളാറുണ്ട്.
‘എന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ നമ്പൂതിരിയായിരുന്നു. ഞങ്ങള് വല്ല്യ ജന്മിമാരായിരുന്നു. ധാരാളം നെലോം, അമ്പലവും ഒക്കെണ്ടായിരുന്നു. വേദോം ഓത്തും ഒക്കെണ്ടാർന്നു. മാനസാന്തരപ്പെട്ടപ്പോ അമ്പലം വിട്ടുകൊടുത്തു. എമ്പാടും സ്വത്തുണ്ടായിരുന്നതൊക്കെ പോയത് ഭൂനിയമം വന്നപ്പോഴാ. മതം മാറിയെങ്കിലും വല്ല്യപ്പൂപ്പൻ വീട്ടുപേര് മാറ്റിയിട്ടില്ല. അതാണ് ഞങ്ങടെ വീട്ടുപേര് കിള്ളിമനക്കൽന്നായത്.’
ജോസഫിന്റെ വീട്ടുകാർ രണ്ടു തലമുറ മുമ്പുവരെ മരപ്പണിക്കാരായിരുന്നു. അപ്പൂപ്പൻ തൊട്ടാണ് മരപ്പണി നിർത്തിയത്. അപ്പൂപ്പന് കപ്യാരുടെ ജോലിയായിരുന്നു. വയസ്സു കാലത്ത് പക്ഷെ അദ്ദേഹം ആ ജോലി വെറുത്തു. അപ്പന്റെ പണിയായുധങ്ങൾ ഏറ്റുവാങ്ങാഞ്ഞതിൽ പരിതപിച്ചു. ആശാരിപ്പണി കലയാണെന്ന് മനസ്സിലാക്കിയപ്പോഴേക്ക് വൈകിയിരുന്നു. മകനെ പക്ഷെ ആ വഴിക്കു വിടാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായില്ല. അതു നന്നായെന്ന് ജോസഫേട്ടൻ കരുതി. അപ്പച്ചൻ കച്ചവടത്തിനു പകരം മരപ്പണിക്കു പോയിരുന്നെങ്കിൽ താൻ കഷ്ടപ്പെട്ടേനേ.
‘എടീ, മരപ്പണിക്ക് എന്താ മോശം?’ ജോസഫേട്ടൻ ചോദിച്ചു. ‘വൈകുന്നേരം വരെ ജോലിയെടുത്താൽ രൂപ നൂറ്റിയിരുപത്തഞ്ചാ കിട്ടുന്നത്. പിന്നെ മറിയത്തിന്റെ ഭർത്താവ് ജോസഫും മരപ്പണിക്കാരനായിരുന്നൂന്ന് ഓർക്കണം.’
കന്യാമറിയത്തിന്റെ കാര്യമാണ് പറയുന്നത്. േ്രതസ്യാമ്മ മാറിൽ കുരിശു വരച്ചു.
‘ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.’
ഉച്ചയുറക്കം കഴിഞ്ഞശേഷം ജോസഫേട്ടൻ കടയിൽ പോയി പെയ്ന്റ് വാങ്ങിക്കൊണ്ടുവന്നു. കുറേ നേരത്തേക്ക് പെയ്ന്റ് പണിയായിരുന്നു. സന്ധ്യയായപ്പോഴേയ്ക്ക് മനോഹരമായ ഒരു വീട് അടുക്കളമുറ്റത്ത് സ്ഥാപിക്കപ്പെട്ടിരുന്നു. വൈകുന്നേരംവരെ ഇര തേടിയുള്ള അലച്ചിൽ കഴിഞ്ഞ് ഒരു സുന്ദരരാത്രിയുടെ മോഹന സ്വപ്‌നങ്ങളുമായി ആ കൂട്ടിൽ ചേക്കേറാൻ കോഴിക്കെന്നല്ല ഏതു പക്ഷിക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ട.
(എന്നൊക്കെ നമ്മൾ വിചാരിക്കുന്നു. കാര്യങ്ങൾ എങ്ങിനെയൊക്കെയാണ് നീങ്ങിയതെന്ന് നോക്കാം.)
ത്രേസ്യാമ്മ പുറത്തിറങ്ങി കോളനിയിലെ കൂട്ടുകാരെ മുഴുവൻ വിളിച്ചുവരുത്തി.
‘അച്ചായൻ കോഴിക്കൂടുണ്ടാക്കീട്ട്ണ്ട്. നീ ഒന്ന് വന്ന് കാണ് പെണ്ണേ.’
ജോസഫേട്ടൻ ഉണ്ടാക്കിയ ഭംഗിയുള്ള കൂട് അഭിമാനപൂർവം കാണിക്കുക മാത്രമായിരുന്നില്ല ത്രേസ്യാമ്മയുടെ ഉദ്ദേശ്യം. അതിനുമുപരിയായി ഒരു വിപണനതന്ത്രം കൂടിയായിരുന്നു ആ എക്‌സിബിഷൻ. കോഴിമുട്ടയായാലും കമ്പ്യൂട്ടറായാലും ഇക്കാലത്ത് വിൽക്കണമെങ്കിൽ ഹൈടെക്ക് മാർക്കറ്റിങ് തന്നെ വേണം. ഇന്ന് കൂട്, നാളെ കോഴി. ഉൽപ്പന്നം മാർക്കറ്റിലെത്തുമ്പോഴേക്ക് അത്യാവശ്യം പരസ്യം കിട്ടിയിരിക്കണം.
പിറ്റേന്ന് ജോസഫേട്ടൻ പള്ളിയിൽ നിന്ന് തിരിച്ചു വന്ന് കയ്യിലുണ്ടായിരുന്ന സഞ്ചി നിലത്തുവെച്ച് സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
‘ഹാവു എന്തു ചൂട്.’
സഞ്ചിക്കുള്ളിൽ നിന്ന് അനക്കം ശ്രദ്ധിച്ച ത്രേസ്യാമ്മ ചോദിച്ചു.
‘കോഴിയാണല്ലേ?’
‘നിനക്കെങ്ങനെ മനസ്സിലായെടി കൊച്ചുത്രേസ്യേ?’ ജോസഫേട്ടൻ ചോദിച്ചു.
‘അതിനകത്ത് അനങ്ങ്ണ്ണ്ട്.’
‘നെന്റെ ഒരു കഴിവുതന്നെ.’ ജോസഫേട്ടൻ തുടർന്നു. ‘എന്നോട് കോഴീനെ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞിട്ട് ഞാനൊരു സഞ്ചിയുമായിട്ട് തിരിച്ചു വര്വാ. എന്നിട്ട് അതു നെലത്ത് വെച്ചപ്പോ അതിനകത്ത്ന്ന് അനക്കവും. അപ്പോ നെന്റെ കണ്ടുപിടുത്തം അതു കോഴിയാണെന്ന് അല്ലെടീ കൊച്ചു ത്രേസ്യേ?’
‘നിങ്ങളതിനെ തുറന്ന് വിടുന്നുണ്ടോ?’ ത്രേസ്യാമ്മക്ക് ദ്വേഷ്യം പിടിച്ചു. ‘അതിന് ശ്വാസം മുട്ടുന്നുണ്ടാവും.’
അച്ചായന് വളരെ സ്‌നേഹം തോന്നുമ്പോഴോ വളരെ ദ്വേഷ്യം പിടിക്കുമ്പോഴോ മാത്രമേ കൊച്ചുത്രേസ്യ എന്ന ഓമനപ്പേര് വിളിക്കാറുള്ളു. അതവരെ അരിശം പിടിപ്പിച്ചു.
‘നീതന്നെ അങ്ങ് തൊറന്നു നോക്ക്യേ.’
ത്രേസ്യാമ്മക്ക് പേടിയുണ്ടായിരുന്നു. തുറന്നാൽ അത് വെപ്രാളത്തിൽ തന്റെ തലയിലെങ്ങാനും കയറിയിരിക്കുമോ ആവോ. ധൈര്യം സംഭരിച്ച് സഞ്ചിയുടെ കെട്ടഴിച്ച് പക്ഷിയെ പുറത്തെടുത്തു. പ്രതീക്ഷക്കെതിരായി അത് അനങ്ങാതെ കിടക്കുകയാണ്. അതിന്റെ കാലുകൾ കെട്ടിയിട്ടിരുന്നു.
‘ഭംഗിയുള്ള കോഴി.’ ത്രേസ്യാമ്മക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല. നാടൻ കോഴിയുടെ ചാരനിറമല്ല. പൂവൻ കോഴിയുടെ തൂവൽപോലെ വർണശബളമായ ചിറകുകൾ. കഴുത്തിന്റെ പൂടമേൽ മഴവില്ലിന്റെ ചാരുത.
‘ഒരു പൂവൻ കോഴിടെ മാതിരിണ്ട്’ത്രേസ്യാമ്മ പറഞ്ഞു. ‘നല്ല തടീംണ്ട്’
‘നീ പോയി അതിനെ കൂട്ടിൽ കൊണ്ടുപോയി ഇട്, എന്നിട്ട് എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ കൊണ്ടുവാ’
ത്രേസ്യാമ്മ അതിനെ എടുത്ത് അടുക്കളമുറ്റത്തേക്ക് പോയി, കൂട്ടിന്റെ വാതിൽ തുറന്ന് അകത്താക്കി കാലിന്റെ കെട്ടഴിച്ചു. കെട്ടഴിച്ച വിവരം അറിയാതെ കോഴി കുറച്ചു നേരം കിടന്നു, പിന്നെ എഴുന്നേറ്റ് നൊണ്ടിക്കൊണ്ട് നടന്നു. ക്രമേണ അതിന്റെ കാലുകൾക്ക് സ്വാധീനം വെച്ചു. അത് വാതിലിന്റെ കമ്പിവലയുടെ അടുത്തു വന്ന് ത്രേസ്യാമ്മയെ നോക്കി, എന്തിനാണ് എന്നെ ഇതിനുള്ളിലാക്കിയിരിക്കുന്നതെന്ന് ചോദിക്കുന്ന മട്ടിൽ.
‘ഇനി മുതൽ നെന്റെ വീടാണിത് കെട്ടോ.’
കോഴിക്കതു മുഴുവൻ ബോധ്യമായില്ലെന്നു തോന്നുന്നു.
എന്തായാലും പിറ്റേന്ന് രാവിലെ കൂടു തുറന്നു കൊടുക്കാൻ ചെന്നപ്പോൾ ത്രേസ്യാമ്മക്ക് ഒരു മുട്ട ദാനമായി കിട്ടി. സാമാന്യം വലിപ്പമുള്ള മുട്ട. അവൾ കോഴിയെ സ്‌നേഹപൂർവം നോക്കി.
രാവിലെ അച്ചായന്ന് പിട്ടും കടലയും ചായയും കൊടുത്ത ശേഷം ത്രേസ്യാമ്മ ഒരു നോട്ടു പുസ്തകവും പെൻസിലുമായി പുറത്തിറങ്ങി.
‘കൊച്ചുത്രേസ്യ എവിട്യാ പോണ്.’ ജോസഫേട്ടൻ വിളിച്ചു ചോദിച്ചു.
‘ഞാനിപ്പോ വരാം.’
ഭാര്യയുടെ ബിസിനസ്സ് യാത്രകളെപ്പറ്റി അറിവുള്ളതു കൊണ്ട് ജോസഫേട്ടൻ പിന്നെ ഒന്നും ചോദിച്ചില്ല.
അര മണിക്കൂർ നേരത്തെ വിജയകരമായ യാത്രയുടെ അന്ത്യത്തിൽ അവരുടെ ഓർഡർ പുസ്തകം നിറഞ്ഞിരുന്നു. ഏതൊരു ബിസിനസ്സുകാരന്നും (ബിസിനസ്സുകാരിക്കും) അസൂയയുണ്ടാക്കിയേക്കാവുന്ന ആ പുസ്തകം ജോസഫേട്ടന്ന് നേരെ നീട്ടിക്കൊണ്ട് ത്രേസ്യാമ്മ പറഞ്ഞു.
‘നോക്കിക്കേ എന്തോരം ഓർഡറാ കിട്ടിയിരിക്കണത്?’
അദ്ദേഹം കണ്ണട എടുത്തുവെച്ചു പുസ്തകം നിവർത്തി നോക്കി. ആദ്യത്തെ പേജിൽ എഴുതിയിട്ടുണ്ട് ,
ജലജ — 6 എണ്ണം.
അടുത്തപേജിൽ, പത്മാവതി — 4 എണ്ണം. അതിനടുത്ത പേജിൽ, ദേവകി — 4 എണ്ണം. ഓരോ പേജും ഓരോരുത്തർക്കായി നീക്കിവെച്ചിരിക്കയാണ്. തുടർച്ചയായി കിട്ടാൻ പോകുന്ന ഓർഡറുകൾ രേഖപ്പെടുത്താൻ സ്ഥലമില്ലാതെ പോകേണ്ട. ജോസഫേട്ടൻ കണക്കാക്കി നോക്കി. ആകെ നാൽപ്പത്തെട്ടു മുട്ടയുടെ ഓർഡർ ഉണ്ട്.
‘ഇവിടെ മുട്ട കൊണ്ടുവരണ ഉമ്മ ഒരു രൂപക്കാണ് വിൽക്കുന്നത്. ഞാൻ തൊണ്ണൂറു പൈസക്കു കൊടുക്കാംന്ന് ഏറ്റു. അപ്പൊ എല്ലാരും എന്റെ അടുത്തുനിന്നേ വാങ്ങൂന്ന് പറഞ്ഞിരിക്ക്യാണ്. ഞാൻ അച്ചാരം വാങ്ങിയിട്ടുണ്ട്.’
അവർ ബ്ലൌസിന്റെ ഉള്ളിൽനിന്ന് കൊച്ചു പഴ്‌സ് പുറത്തെടുത്തു, നോട്ടുകളും ചില്ലറകളും മേശപ്പുറത്തിട്ട് എണ്ണാൻ തുടങ്ങി.
‘ഇതൊന്ന് കണക്കാക്കിയേ.’ അവർ ജോസഫേട്ടന്റെ സഹായത്തിന് അഭ്യർഥിച്ചു.
‘പത്തിന്റെ ഒരു നോട്ട്, അഞ്ചിന്റെ നാല്...’ പെട്ടെന്ന് തലയുയർത്തിക്കൊണ്ടവർ ചോദിച്ചു. ‘പെന്നും കടലാസും വേണോ?’
‘ഇല്ലാതെത്തന്നെ നോക്കട്ടെ, നീ പറ.’
‘അഞ്ചിന്റെ കഴിഞ്ഞില്ലേ. ഇനി രണ്ടിന്റെ മൂന്ന് നോട്ട്. ഒറ്റ രൂപ രണ്ടെണ്ണം. പിന്നെ ചില്ലറയായിട്ട് രണ്ടു രൂപ മുപ്പത് പൈസ.’
‘നാല്പതു രൂപ മുപ്പതു പൈസ.’ ജോസഫേട്ടൻ പറഞ്ഞു. ‘നാല്പത്തെട്ടു മുട്ടക്ക് തൊണ്ണൂറ് പൈസ പ്രകാരം നാല്പത്തിമൂന്ന് രൂപ ഇരുപത് പൈസ വരും. അപ്പോൾ ബാക്കിയുള്ള പൈസയോ?’
‘അതോ, അത്.... നാരായണി അച്ചാരം തന്നിട്ടില്ല. അവൾക്ക് ഒരു മുട്ടയേ വേണ്ടു. പാവം കൊച്ചിന് നല്ല ഇഷ്ടാത്രെ. അവളുടെ കയ്യിൽനിന്ന് അയ്മ്പതു പൈസയേ വാങ്ങൂ. ദേവകിക്ക് നാല്പത് പൈസ തിരിച്ചു കൊടുക്കണം. മേരിക്കുട്ടി ഒരു രൂപ തരാനുണ്ട്, അതോ അങ്ങോട്ടു കൊടുക്കാനോ? ജലജ മുഴുവൻ പണവും തന്നുവോ?.....’
കണക്കിന്റെ കാര്യത്തിൽ ത്രേസ്യാമ്മ ശകുന്തളാദേവിയുടെ അടുത്തൊന്നും എത്തിയിരുന്നില്ല.
‘അപ്പോ കൊച്ചു ത്രേസ്യേ, ഒരു കാര്യം ചോദിച്ചോട്ടേ?’
ഒന്ന് പറഞ്ഞു തുലച്ചുകൂടെ എന്ന് ഏത് സാദ്ധ്വിയും ചോദിച്ചേക്കാവുന്ന രംഗം. പക്ഷെ ത്രേസ്യാമ്മ മയത്തിൽ ചോദിച്ചു.
‘എന്തോന്നാ?’
‘നീയിപ്പോ നാല്പ്പത്തെട്ടു മുട്ടടെ ഓർഡർ പിടിച്ചില്ലേ?’
‘ഉം?’
‘അത് ഒരാഴ്ചയ്ക്ക് വേണ്ടതല്ലെ?’
‘അതേ. മുട്ടക്കാരി ഉമ്മ ആഴ്ചയിലൊരിക്കലാണ് വര്വാ. അപ്പോ ഒരാഴ്ചക്കുള്ള മൊട്ടയാണ് എല്ലാരും വാങ്ങിവെയ്ക്ക്യാ.’
‘ശരി, പക്ഷെ നമ്മടെ അടുത്ത് ഒരു കോഴിയല്ലെ ഉള്ളൂ. അതോണ്ട് എങ്ങനാ ഇത്രയും മുട്ട കൊടുക്കുന്നത്?’
‘അതിനെന്താ?’ അച്ചായന്റെ അറിവുകേടിൽ വിഷമം തോന്നിയ ത്രേസ്യാമ്മ പറഞ്ഞു. ‘കോഴി ദെവസൂം മൊട്ടയിടില്ലേ?’
അവർ അടുക്കളയിലേയ്ക്ക് പോയി. ജനലിലൂടെ അടുക്കള മുറ്റത്ത് ചിനക്കി ഭക്ഷണം തേടുന്ന കോഴിയെ അഭിമാനപൂർവം നോക്കി.
‘ദേണ്ടെ നോക്കിയേ, എന്തൊരൈശ്വര്യാ നമ്മടെ കോഴിക്ക്.’
വൈകുന്നേരം ചേക്കേറേണ്ട സമയമായപ്പോൾ ത്രേസ്യാമ്മ കൂട്ടിനുള്ളിൽ വെള്ളവും തീറ്റയായി കുറച്ചു നെല്ലും ഇട്ട് കൂട്ടിന്റെ വാതിൽ മലർക്കേ തുറന്നിട്ടു. സ്വന്തം വീട്ടിന്റെ ഉടമസ്ഥതയെപ്പറ്റി കോഴിക്കിനി ഒട്ടും ആശങ്ക വേണ്ട. ഒന്നു പരിചയമാകുന്നവരെ ഇതൊക്കെ ചെയ്യുകയാണ് നല്ലത്. കോഴി പറമ്പിൽ നടന്നു കൊണ്ട് ത്രേസ്യാമ്മയുടെ നീക്കങ്ങൾ സംശയത്തോടെ വീക്ഷിച്ചു; കൂട്ടിലേയ്ക്കു വരാൻ ധൃതിയൊന്നും കാണിച്ചുമില്ല. സമയമാവുന്നേയുള്ളു എന്ന് ത്രേസ്യാമ്മയും സമാധാനിച്ചു.
ഇരുട്ടിത്തുടങ്ങിയിട്ടും കോഴി ചേക്കേറാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ ത്രേസ്യാമ്മ പരിഭ്രമിച്ചു. കോഴി മുറ്റത്തു വന്നെങ്കിലും കൂട്ടിന്റെ അടുത്തു പോകാതെ നില്ക്കയാണ്. കൂട്ടിന്റെ വാതിൽ പതുക്കെ തട്ടി കോഴിയുടെ ശ്രദ്ധയാകർഷിച്ചു ഉള്ളിൽ പ്ലാസ്റ്റിക്കു പാത്രത്തിലിട്ട തുടമുള്ള നെന്മണികൾ കയ്യിലെടുത്തു ഉലർത്തിക്കാണിച്ചു കൊടുത്തു. കോഴി അതെല്ലാം നോക്കി താല്പര്യമില്ലാതെ തലതിരിച്ചു. അവർ മയത്തിൽ വിളിച്ചു.
‘കോയി ബാ ബാ...’
കേട്ട ഭാവമില്ല. ഇരുട്ടിത്തുടങ്ങി. സ്വമേധയാ കൂട്ടിൽ കയറില്ലെന്നുറപ്പായപ്പോൾ അവർ കോഴിയെ പിടിക്കാൻ ശ്രമമാരംഭിച്ചു. അതാകട്ടെ കൂടുതൽ അപകടത്തിൽ കലാശിച്ചു. ത്രേസ്യാമ്മയെയും അടിയന്തിര സന്ദേശം നല്കി അടുക്കളയിൽ നിന്ന് വരുത്തിയ പാറുക്കുട്ടിയേയും പതിനഞ്ചു മിനുറ്റുനേരം ഓടിച്ചിട്ടശേഷം കോഴി പറന്നുയർന്ന് മുറ്റത്തെ മാവിന്റെ കൊമ്പത്ത് കയറിയിരുപ്പായി.
രാത്രി ത്രേസ്യാമ്മയ്ക്ക് ഉറക്കം വന്നില്ല. തന്റെ മൂലധനമാണ് മരക്കൊമ്പത്ത് വല്ല കുറുക്കന്റേയും തിരുവത്താഴമാകാൻ പാകത്തിൽ കയറിയിരിക്കുന്നത്.
‘എടി കൊച്ചു ത്രേസ്യേ,’ ജോസഫേട്ടൻ സമാധാനിപ്പിച്ചു, ‘അതിന് ഒന്നുകൂടി പരിചയമാവണം. അതാണ് കാരണം, അല്ലാതെ കൂട് ഇഷ്ടമാവാതെയൊന്നുമല്ല.’
‘അതിന് പെയ്ൻറിന്റെ മണം ഇഷ്ടമായില്ലെ ആവോ?’
‘ഏയ് അതൊന്നുമല്ല.’ ജോസഫേട്ടൻ താൻ നിർമ്മിച്ച വീടിന്റെ രക്ഷക്കെത്തുകയാണ്. ‘പക്ഷികളുടെ ജാതിസ്വഭാവാ മരത്തിമ്മല് ചേക്കേറണത്. നമ്മള് അവരെ ഇണക്കിയെടുത്തതോണ്ടാ കോഴികള് കൂട്ടില് താമസിക്കണത്.’
ഈ കോഴിയുടെ ജനിതകശ്രേണിയിൽ എന്തോ അപാകതയുണ്ടെന്നുതോന്നുന്നു. രാവിലേയും തന്നെ പിടിച്ചു കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ കോഴി വിദഗ്ദമായി പരാജയപ്പെടുത്തി. തലേന്ന് മുട്ടയിട്ടതാണ്. ഇന്നും മുട്ടയിടാൻ സ്വയം തോന്നി കൂട്ടിൽ വരേണ്ടതല്ലെ? ഇനി അതു വേറെ വല്ല വീട്ടു പറമ്പിലും പോയി മുട്ടയിടും. അതിനെ എങ്ങിനെയെങ്കിലും പിടിക്കാൻ തന്നെ തീർച്ചയാക്കി ത്രേസ്യാമ്മ. പിന്നീട് കോഴിയും അതിന്റെ ഉടമസ്ഥയും കൂടിയുണ്ടായ ബഹളം ആ കോളനി നിവാസികളെ മുഴുവൻ ആകർഷിച്ചു, രസിപ്പിച്ചു. അരമണിക്കൂറിനും, അര ഡസൻ പോറലുകൾക്കും ശേഷം കോഴി അടുക്കളമുറ്റത്ത് മാവിൽകൊമ്പിൽ തലേന്നു ചേക്കേറിയ അതേ സ്ഥാനത്ത് കയറി താഴെ പോറലുകൾ തലോടി നില്ക്കുന്ന ത്രേസ്യാമ്മയേയും നോക്കിയിരിപ്പായി.
‘താനതിനെ വെറുതെ വിട്.’ ജോസഫേട്ടൻ ജനലിലൂടെ വിളിച്ചു പറഞ്ഞു. ‘എന്നിട്ട് വന്ന് ചായയുണ്ടാക്കാൻ നോക്ക്.’
‘ഞാനിതിന്റെ കുറുമ്പ് മാറ്റിക്കൊടുക്കാം.’
ത്രേസ്യാമ്മ മുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു. അപ്പോഴാണ് അതു കണ്ടത്. കോഴിയുടെ മൂട്ടിൽ ഒരു ചെറിയ വെള്ള നിറം. അതു വലുതായിവരുന്നു. അതെന്താണെന്ന് മനസ്സിലാക്കാൻ ഒരു സെക്കന്റേ എടുത്തുള്ളൂ.
‘ഇതാ പോണു എന്റെ തൊണ്ണൂറു പൈസ.’ എന്നു പറഞ്ഞുകൊണ്ട് കൈ നീട്ടി മുന്നോട്ടു കുതിക്കലും മാവിന്റെ വേരിൽ തടഞ്ഞ് കമിഴ്ന്നടിച്ചു വീഴലും അടുത്ത സെക്കൻറിൽ കഴിഞ്ഞു.
ശബ്ദം കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ ജോലിക്കാരി പാറു ചോദിച്ചു.
‘അമ്മച്ചി വീണുവോ.’
‘ഇല്ലെടീ’, അവർ പറഞ്ഞു. ‘ഞാൻ വെറുതെ ഒന്നു കിടന്നുനോക്കിയതാ. നീ ഇളിക്കാതെ എന്റെ കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്ക്.’
‘ഞാനപ്പോഴേ പറഞ്ഞതാ.’ ജോസഫേട്ടൻ പുറത്തു വന്നു. ‘ഒന്നും പറ്റിയില്ലല്ലോ കൊച്ചുത്രേസ്യേ?’
കോഴി ഈ വിചിത്രമായ പരിപാടി അടുത്ത മൂന്ന് ദിവസങ്ങളിലും വിജയകരമായി അരങ്ങേറി. ത്രേസ്യാമ്മക്ക് പക്ഷെ തന്റെ ഭാഗം ആവർത്തിക്കാൻ തോന്നിയില്ല. മുറ്റത്ത് വീണുകിടക്കുന്ന മുട്ടത്തോടുകൾ പെറുക്കി പറമ്പിലേയ്ക്കു വലിച്ചെറിയുമ്പോൾ അവർ കോഴിയെ നോക്കി പ്രാകും.
‘നിന്നെ കാണിച്ചു തരാമെടി.’
ശനിയാഴ്ച ത്രേസ്യാമ്മ പതിനൊന്നു മണിയുടെ ചായയും നുകർന്ന് ഉമ്മറത്തിരിക്കുമ്പോഴാണ് മുട്ടക്കാരി ഉമ്മയുടെ വരവുണ്ടായത്. തലയിൽ മുട്ട നിറച്ച കൂടയുമായി അവർ ഗേയ്റ്റു കടന്നുവന്നു. തുറന്ന വാതിൽക്കൽ കൂട ഇറക്കിവെച്ച്, ചട്ട ശരിയാക്കി അവർ ഉമ്മറപ്പടിയിലിരുന്ന് ത്രേസ്യാമ്മയെ നോക്കി. ത്രേസ്യാമ്മ അല്പം പരുങ്ങലോടെ ഉമ്മയെ നോക്കി. ഉമ്മ ഭാവഭേദമൊന്നുമില്ലാതെ തന്റെ ശുഭ്രവസ്ത്രത്തിൽ പറ്റിപ്പിടിച്ച വൈക്കോൽ തുരുമ്പ് എടുത്തുകളഞ്ഞുകൊണ്ട് ചോദിച്ചു.
‘എങ്ങനെണ്ട് മുട്ടക്കച്ചോടം ത്രേസ്യാമ്മേ?’
‘ആ തരക്കേടില്ല’ എന്നു പറഞ്ഞപ്പോഴാണ് ചോദ്യത്തിന്റെ മുഴുവൻ വ്യാപ്തിയും അവർക്ക് പിടികിട്ടിയത്. അവർ ചോദിച്ചു.
‘എന്താ എലിസബത്തേ അങ്ങിനെ ചോദിക്കണത്?’
‘അല്ല ചോദിച്ചതാ. നിങ്ങള് മൊട്ടക്കച്ചോടം തൊടങ്ങീന്ന് കോളനീല് എല്ലാരും പറഞ്ഞു.’
മറുപടിയൊന്നുമില്ലെന്നു കണ്ടപ്പോൾ അവർ തുടർന്നു.
‘ഞാൻ രാവിലെ ഒമ്പതു മണിക്ക് നടക്കാൻ തൊടങ്ങീതാ. ഒരൊറ്റ മൊട്ട ചെലവായിട്ടില്ല.’
അവർ കൂടയുടെ മൂടി തുറന്നു. സത്യമായിരുന്നു; നിറയെ മുട്ടകൾ.
‘രാവിലെ അഞ്ചരമണിക്ക് വീട്ടീന്ന് എറങ്ങിയതാ, മാർക്കറ്റിലേയ്ക്ക്. അവിടെപ്പോയി ലോറി വരണതും കാത്തു നിന്നു. എട്ടുമണിക്കാണ് ലോറി വന്നത്. ആ തെരക്കിന്റെ എടേന്ന് പൊറത്ത് കടന്നപ്പോ എട്ടേമുക്കാല്. അപ്പോ തൊടങ്ങിയ നടത്താ.’
ഉമ്മയുടെ സ്വരത്തിൽ പരിഭവമില്ല, ആക്ഷേപമില്ല.
‘കോളനീല് വന്നപ്പോഴാ മനസ്സിലായത് നെങ്ങ ഈ വിസിനസ്സ് തൊടങ്ങീന്ന്. എല്ലാരടേം അടുത്ത്ന്ന് അച്ചാരോം വാങ്ങീട്ട്ണ്ട്ന്ന്. ഇനിയിപ്പോ ഈ മൊട്ടയും വെച്ച് ഞാനെന്ത് ചെയ്യാനാ.’
അവർ കൂട കുറച്ചുകൂടി ഉള്ളിലേയ്ക്ക്, ത്രേസ്യാമ്മയുടെ അടുത്തേയ്ക്ക് നീക്കിവെച്ചു.
‘ഇതാ, ഇതിവിടെ വെച്ചോ. ഇരുനൂറ് മൊട്ടണ്ട്, ഞാൻ തൊണ്ണൂറു പൈസ പ്രകാരം വാങ്ങിയതാ. ഒരു മൊട്ടേല് പത്തു പൈസ ലാഭം വെച്ച് ഒരു രൂപക്കാ കൊടുക്കണത്. വൈകുന്നേരം വരെ നടന്നാല് പത്തിരുപത് രൂപ തടയും. അതോണ്ടാ മക്കള് പട്ടിണിയില്ലാതെ കഴീണത്.’
അവർ ചട്ടയുടെ അറ്റംകൊണ്ട് കണ്ണു തുടച്ചു.
‘ഇനിയിപ്പോ ഈ വിസിനസ്സും പറ്റില്ലല്ലോ. കർത്താവ് വേറെ വല്ല വഴീം കണ്ടിട്ട്ണ്ടാവും.’
ഉമ്മ എഴുന്നേറ്റു, ഒരിക്കൽകൂടി കണ്ണുതുടച്ച് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി.
ത്രേസ്യാമ്മ സ്തംഭിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയും മുമ്പ് എലിയുമ്മ ഗേയ്റ്റ് കടന്നുപോയിരുന്നു. ഇവിടെ താനും ഒരു കൂട മുട്ടയും തന്നെ ചൂഴ്ന്നുനിൽക്കുന്ന ഭീഷണമായ ഏകാന്തതയും മാത്രം. സാധാരണ ഉമ്മ വന്നാൽ കുറേ നേരം നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കാറുള്ളതാണ്. ചെല്ലാനം പള്ളിയിലെ പെരുന്നാൾ വിശേഷങ്ങൾ, വീട്ടിലെ ആടു പ്രസവിച്ചത്, അയൽപക്കത്തെ എട്ടു വയസ്സുള്ള കുട്ടി പരീക്ഷയിൽ തോല്ക്കുമെന്ന ഭയത്താൽ ഓടിപ്പോയത്, അങ്ങിനെയെല്ലാം. പകരമായി കോളനി വിശേഷങ്ങൾ ത്രേസ്യാമ്മ അവർക്കും പകർന്നു കൊടുത്തു; അതിനിടയിൽ കുഴലപ്പത്തിന്റേയോ അച്ചപ്പത്തിന്റേയോ കൂടെ കടുപ്പമുള്ള ചായയും.
ആ ഉമ്മയാണ് തന്നോടു യാത്രപോലും പറയാതെ പടിയിറങ്ങിപ്പോയത്.
ജോസഫേട്ടൻ മാർക്കറ്റിൽ നിന്നു വന്നപ്പോൾ കണ്ടത് ഒരു കൂട മുട്ടക്കു മുമ്പിലിരുന്ന് കണ്ണീരൊഴുക്കുന്ന ത്രേസ്യാമ്മയെയാണ്.
‘എന്തു പറ്റി കൊച്ചു ത്രേസ്യേ?’
നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ജോസഫേട്ടൻ പറഞ്ഞു.
‘എലിയുമ്മ പറഞ്ഞത് സത്യാണെടീ. ഞാനിന്ന് മൊത്തക്കച്ചോടക്കാരോട് വെല ചോദിച്ചു. തൊണ്ണൂറു പൈസ തന്നെയാ. പാവം ഉമ്മ പത്തു പൈസ തന്നെയാണ് ലാഭമെടുക്കണത്. പൊറത്ത് കടേലൊക്കെ ഒരു രൂപ പത്തു പൈസയാണ് വില. ഇങ്ങിനെ തലേല് ഏറ്റി നടന്ന് വിൽക്കണതിന് അവര് പത്തു പൈസയേ ലാഭമെടുക്കന്നുള്ളൂ.’
‘നീ ഒരു കാര്യം ചെയ്യ്,’ ജോസഫേട്ടൻ അടുത്തിരുന്ന് അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. ‘നാളെ നമുക്ക് ചെല്ലാനം പള്ളീല് പോവാം. എലിയുമ്മ അവിടെണ്ടാവും. ഇരുനൂറ് മൊട്ടയെന്നല്ലെ പറഞ്ഞത്. ഇരുനൂറു രൂപ കൊടുക്കാം, കച്ചോടം നിർത്തണ്ടാന്നും പറ. ഇത് ഇവിടെ തൊണ്ണൂറു പൈസക്കു വിറ്റാൽ ഇരുപതു രൂപയല്ലേ നഷ്ടം വരൂ. അത് ഗീവർഗീസു പുണ്യാളന്റെ കാണിക്കപ്പെട്ടീല് ഇട്ടൂന്ന് കൂട്ടിക്കോ. പുണ്യാളനല്ലെ നെന്റെ തലേല് മുട്ടക്കച്ചോടം കുത്തിനെറച്ചത്.’
രാവിലെ ചെല്ലാനം പള്ളിയിൽ പോയി വന്നപ്പോൾ ത്രേസ്യാമ്മ ഏതാണ്ടൊക്കെ തീരുമാനിച്ചിരുന്നു. പള്ളിയിൽ വെച്ച് എലിയുമ്മയെ കണ്ടതും, ഇരുന്നൂറു രൂപ കൊടുത്തപ്പോൾ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതും, മുട്ടക്കച്ചവടം തുടരാമെന്ന് സമ്മതിച്ചതും ത്രേസ്യാമ്മയുടെ ആത്മാവിനെ കഴുകി ശുദ്ധീകരിച്ചിരിക്കയാണ്. അങ്ങിനെ പരിശുദ്ധാത്മാവിന്റെ ആലയമായ ആ സ്ത്രീരത്‌നം കോഴിക്കറിക്കുള്ള മസാല അരയ്ക്കാൻ പാറുകുട്ടിക്ക് നിർദ്ദേശം കൊടുത്ത് മൂർച്ചയുള്ള ഒരു കത്തിയുമായി അടുക്കള മുറ്റത്തേയ്ക്ക് പ്രവേശിച്ചു....
ഒരു സുഹൃൽബന്ധത്തിനല്ല ത്രേസ്യാമ്മ വരുന്നതെന്ന് കോഴിക്കു മനസ്സിലായെന്നു തോന്നുന്നു. കോഴി രണ്ടു ചുവട് പിന്നോക്കം വെച്ചു, പിന്നെ ത്രേസ്യാമ്മയുടെ കാൽവെപ്പുകൾ ശ്രദ്ധിച്ചുകൊണ്ട് നടക്കാൻ തുടങ്ങി. കോഴിയെ പേടിപ്പിച്ച് പറപ്പിക്കാൻ ഉദ്ദേശമില്ലാതിരുന്ന ത്രേസ്യാമ്മ പതുക്കെ ചുവടുകൾ വെച്ചു. കോഴി, മുറ്റത്തിന്റെ അരുകു പറ്റി നടന്ന് മറുവശത്ത് കൂട്ടിന്റെ അടുത്തെത്തി. പിന്നെ സംഭവിച്ച അദ്ഭുതം കണ്ട് ത്രേസ്യാമ്മ അന്തിച്ചു നിന്നുപോയി.
കൂട്ടിന്റെ മുമ്പിലെത്തിയ കോഴി അന്തസ്സോടെ വലതു കാൽ ആദ്യം വെച്ച് കൂട്ടിനുള്ളിൽ കയറി ഒത്ത നടുക്ക് ഇരുപ്പായി. ഒരു മിനുറ്റ് മാത്രം. ത്രേസ്യാമ്മ ശ്വാസമടക്കിപ്പിടിച്ചിരിക്കേ അത് എഴുന്നേറ്റ് താൻ ഇട്ട മുട്ട അഭിമാനപൂർവം വീക്ഷിച്ച്, ത്രേസ്യാമ്മയെ നോക്കി ഇത്രയല്ലെയുള്ളൂ, അതിന് നിങ്ങളെന്തിനാണ് ചൂടാവുന്നത് എന്ന മട്ടിൽ ഒരു ശബ്ദം പുറപ്പെടുവിച്ചു, കൂട്ടിനുള്ളിൽ കയറിയ അതേ അന്തസ്സോടെ പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തു.
|