close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 07


അറിയാത്തലങ്ങളിലേയ്ക്ക് 07
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ഇനി? എന്ന ചോദ്യം എന്റെ മനസ്സിൽ മാത്രമേ ഉണ്ടായിരുന്നുള്ള. എന്താണ് ചെയ്യേണ്ടതെന്ന് കുട്ടേട്ടൻ അപ്പോൾത്തന്നെ തീർച്ചയാക്കിയിരുന്നു. അതിന് എന്നെ കിട്ടില്ലെന്ന് ഞാൻ പറഞ്ഞു.

‘എന്താണച്ഛൻ അങ്ങിനെ പറഞ്ഞത്?’ വന്ദന ചോദിക്കുന്നു.

‘ഇനിയുമൊരിക്കൽ തട്ടിൻപുറത്തു കയറാൻ അച്ഛനെക്കൊണ്ട് സാധിക്കില്ല അതുകൊണ്ടു തന്നെ.’

‘അച്ഛന് ഇത്ര പേടിയാണോ?’

‘ശരിയാണ് മോളെ അച്ഛന് പേടി തന്ന്യാണ്. എനിയ്ക്കന്ന് പതിനഞ്ചു വയസ്സേ ആയിട്ടുള്ളു. പേടിക്കേണ്ട എന്തോ ആ തട്ടിൻപൊറത്ത് ഉണ്ട്. എന്താണതെന്നറിയില്ല. അദൃശ്യമായ എന്തോ ഒന്ന് നമ്മുടെ പിന്നിൽ നിൽക്കുന്നുണ്ടെന്ന തോന്നൽ. പിന്നെ എഴുത്തുപെട്ടി പൂട്ടി ഞങ്ങൾ തിരിച്ചു വരുമ്പോൾ എപ്പോഴും കേൾക്കാറുള്ള ക്ലിക് ശബ്ദം. അതെന്റെ മാത്രം ഭാവനയല്ല, കുട്ടേട്ടനും കേൾക്കാറുണ്ട്. മാത്രല്ല, പെട്ടി ഞാൻ തുറക്കുമ്പോ മാത്രെ തുറന്നു വരു. പിന്നെ എന്റെ നാള് ആയില്യാണ്ന്നറിഞ്ഞപ്പോ പണിക്കരമ്മാവൻ ആ ജാതകം ഒന്നുകൂടി വാങ്ങി നോക്കീത്. അതിലൊക്കെ എന്തോ കെടക്ക്ണ്ണ്ട്, നമുക്ക് മനസ്സിലാവാത്ത എന്തോ.’

വന്ദന നിശ്ശബ്ദയായി. അവൾ ഒരവലോകനം നടത്തുകയാണെന്നു തോന്നുന്നു. എത്രയോ പ്രാവശ്യം അവളെയും കൂട്ടി ഞങ്ങൾ ആ നാലുകെട്ടിലേയ്ക്കു പോയിട്ടുണ്ട്. പക്ഷെ ഒരിക്കൽപ്പോലും ഞാനവളെ ആ തട്ടിൻപുറം കാണിച്ചു കൊടുത്തിട്ടില്ല, എന്നു മാത്രമല്ല അങ്ങിനെ ഒരു സ്ഥലം ആ പടുകൂറ്റൻ കെട്ടിടത്തിൽ ഉണ്ടെന്നുതന്നെ പറഞ്ഞിട്ടില്ല. അതുകൊണ്ട് അതിനു മുകളിലെ അന്തരീക്ഷമെങ്ങിനെയായിരിക്കുമെന്ന് അവൾക്ക് മനസ്സിലാവുന്നില്ല. ഞങ്ങൾ വല്ലപ്പോഴും താമസിക്കാൻ പോകുമ്പോൾ രണ്ടോ മൂന്നോ മുറികൾ മാത്രം തുറന്ന് വൃത്തിയാക്കും. താഴത്തെ രണ്ടു മുറികളും, ഒന്നാം നിലയിലെ കിടപ്പുമുറിയും. അത് ഞാനും കുട്ടേട്ടനും കിടന്നിരുന്ന മുറിയായിരുന്നു. ഭാർഗ്ഗവിയമ്മയുടെ മകൾ ദേവി വന്ന് സഹായിക്കും. അവളുടെ ഭർത്താവ് ഗൾഫിലാണ്. നല്ല ജോലി. ‘അവർക്കിപ്പോൾ നമ്മളെക്കാളും നല്ല നിലയാണ്.’ ഇന്ദിര പറയാറുണ്ട്. അവളെ വെറുമൊരു വേലക്കാരിയായി കാണരുതെന്ന് അറിയിക്കാനായിരുന്നു അത്. ഒരു പഴയ കൂറിന്റെ പേരിൽ അവൾ ഇന്ദിര വിളിച്ചാൽ വരുന്നു. മുറികൾ വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും സഹായിക്കുന്നു. എനിയ്ക്ക് എറണാകുളത്തു പോകേണ്ടി വന്നാൽ രാത്രി ഇന്ദിരയ്ക്കും മോൾക്കും കൂട്ടിനായി ദേവി വന്നു കിടക്കുന്നു. ഇന്ദിരയും വന്ദനയും വലിയ കട്ടിലിന്മേൽ കിടക്കുമ്പോൾ അവൾ മുറിയുടെ മറുഭാഗത്തിട്ട കട്ടിലിൽ കിടക്കും. അത് വന്ദനയുടെ കട്ടിലാണ്.

പറഞ്ഞു വരുന്നത് തറവാട്ടിൽ പോയാൽ ഞങ്ങളുടെ ചലനങ്ങൾ ഈ മൂന്നു മുറികളിലും നടുമിറ്റത്തും പൂമുഖത്തുമായി പരിമിതപ്പെടുകയാണ്. അതിനപ്പുറത്തും ഇപ്പുറത്തുമുള്ള പൂട്ടിയിട്ട മുറികൾ തുറന്നു കാണാനോ പരിശോധിക്കാനോ ഉള്ള യാതൊരു താല്പര്യവും വന്ദന കാണിക്കാറില്ല. ഒരു പക്ഷെ അവളൊരാൺകുട്ടിയായിരുന്നെങ്കിൽ സംഗതി വ്യത്യസ്തമായേനേ. വന്ദനയ്ക്ക് ആകെ താല്പര്യമുള്ളത് ആ വലിയ പറമ്പും അതിലെ മരങ്ങളും രാവിലെ എട്ടു മണിയ്ക്ക് അമ്മയുമൊത്ത് ആമ്പൽക്കുളത്തിലെ കുളിയുമാണ്.

ഇപ്പോൾ ചതുരംഗപ്പലകയുടെ കാര്യം അറിഞ്ഞപ്പോൾ അവൾക്ക് ആ സ്ഥലമെല്ലാം കാണണമെന്നു തോന്നിയിട്ടുണ്ടാകണം. അവൾ ചോദിച്ചു.

‘ന്ന്ട്ട്? അച്ഛൻ പോയില്ലേ?’

‘നല്ല ആളല്ലെ നിന്റെ അമ്മാവൻ! ഒരു കാര്യം ചെയ്യണംന്ന് തീർച്ചയാക്ക്യാൽ അതു ചെയ്‌തേ അടങ്ങൂ. അവസാനം എനിയ്ക്ക് പോണ്ടിവന്നു.’

‘ന്ന്ട്ട്?’

എന്നിട്ട്? ഞാൻ ആലോചിക്കുകയാണ്. എന്താണുണ്ടായത്? ഞാൻ എന്തിൽനിന്ന് ഓടിപ്പോകാൻ ആഗ്രഹിക്കുന്നുവോ അതിലേയ്ക്ക് എന്നെ ഏതോ ഒരു ശക്തി വലിച്ചിഴക്കുകയാണ്. കുട്ടേട്ടൻ അതിലൊരു കരു മാത്രമാണെന്നു തോന്നുന്നു. ഞായറാഴ്ച. അമ്മാവന് ഞായറാഴ്ചയില്ല, ജോലി ദിനങ്ങൾ മാത്രം. നെൽച്ചെടികൾക്ക് അവധിദിനങ്ങളില്ലെന്നാണ് അദ്ദേഹം പറയുക. അമ്മാവൻ പുറത്തേയ്ക്കിറങ്ങുമ്പോൾ മുന്നിൽ ചെന്നു പെടാതിരിക്കാൻ ഞങ്ങൾ രണ്ടു പേരും ശ്രമിക്കാറുണ്ട്. കണ്ടാൽ എന്തെങ്കിലും ജോലി ഏൽപ്പിച്ചേ പോകു. മുകളിലെ വരാന്തയിൽനിന്ന് അമ്മാവൻ പടികടന്ന് വരമ്പിലൂടെ നടക്കുന്നത് കണ്ടു. കുട്ടേട്ടൻ പറഞ്ഞു. ‘വാ’.

എങ്ങോട്ടാണെന്ന് ചോദിക്കേണ്ട കാര്യമില്ല. ഞാൻ മയക്കുമരുന്നു കഴിച്ച ആളെപ്പോലെ അയാളുടെ പിന്നാലെ ഒരടിമയായി നടന്നു.

‘ആ ചിത്രം കിട്ടിയിട്ട് നമുക്കെന്താണ് കാര്യം?’ ഞാൻ ചോദിച്ചു.

‘നിനക്കറിയാഞ്ഞിട്ടാ. ഈ മനുഷ്യനില്ലെ. മുപ്പര് വളരെ ബുദ്ധിമാനാണ്. ചെലപ്പൊ ഈ ചിത്രത്തിന്റെ ഫ്രെയ്മിലായിരിക്കും ഒരു കുറിപ്പ് ഒളിപ്പിച്ചു വച്ചിട്ടുണ്ടാവുക. ആ കുറിപ്പ് കിട്ടിയാൽ നമുക്ക് ആ ചതുരംഗപ്പലകേടെ രഹസ്യം മനസ്സിലാക്കാൻ പറ്റും.’

തിരച്ചിൽ ദുഷ്‌കരമായിരുന്നു. എത്ര ഉത്തരങ്ങളുടെ താഴേക്കൂടി നൂന്നു പോകേണ്ടിവന്നു എന്നറിയില്ല. എഴുത്തുപെട്ടി ഇരുന്ന സ്ഥലത്തെത്തിയപ്പോൾ ഞാൻ ഒളികണ്ണിട്ട് നോക്കി. എന്തുകൊണ്ടോ അതപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന തോന്നലിനു വിപരീതമായി അതവിടെത്തന്നെ ഉണ്ടായിരുന്നു. കുട്ടേട്ടൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. അയാളുടെ മനസ്സിൽ ഫ്രെയ്മിട്ട ഒരു ഫോട്ടോ മാത്രമേയുള്ളു. അതിന്റെ വലുപ്പമെന്താണെന്നോ ഒന്നും അറിയില്ല. പെട്ടെന്നത് എവിടെയെങ്കിലും ചാരിവച്ച പോലെ കാണപ്പെടുമെന്ന വിശ്വാസത്തിലാണെന്നു തോന്നുന്നു മൂപ്പർ. തട്ടിൻപുറത്തിന്റെ പരപ്പ് അന്നാണ് എനിയ്ക്കു മനസ്സിലായത്. ഒരു ഗ്രൗണ്ടു പോലെ തുറന്നതല്ല അത്. നിറയെ ഊടുവഴികൾ നിറഞ്ഞത്. കുറച്ചു നടന്നപ്പോൾ എന്റെ ദിശാബോധം നശിച്ചു. ഞാൻ ചോദിച്ചു.

‘കുട്ടേട്ടാ, എങ്ങിന്യാ ഇനി തിരിച്ചു പോവ്വാ?’

കുട്ടേട്ടൻ പെട്ടെന്ന് നിന്ന് തിരിഞ്ഞു നോക്കി. അതിനെപ്പറ്റി മൂപ്പർ ആലോചിച്ചിട്ടില്ല. അയാൾ കുറച്ചു ദൂരം തിരിച്ചു നടന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലാവുന്നത് വന്ന വഴിയല്ല അതെന്ന്. കുട്ടേട്ടന്റെ മുഖത്തും അല്പം ഭയമുള്ളതുപോലെ തോന്നി. അനന്തമായൊരു ഗുഹയിലെത്തിപ്പെട്ട പോലെ, വഴികൾ എവിടെയും എത്തുന്നില്ല. ഓരോ വഴിയും മുമ്പു സഞ്ചരിച്ച പോലെയല്ല.

‘ഇത്രയധികം ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ എങ്ങിനെ വന്നു.’ എനിയ്ക്കദ്ഭുതായി.

‘ഈ വീട്ടിന് അത്ര പഴക്കംണ്ട്. പത്തിരുനൂറു കൊല്ലായിട്ട് എത്ര തലമുറ താമസിച്ചിട്ടുണ്ടാവുംന്ന് അറിയ്യോ. അവരെല്ലാം ഉപേക്ഷിച്ച സാധനങ്ങളുണ്ടാവും ഇവിടെ.’

എന്റെ അത്ര പൊക്കമുള്ള ഉപ്പുമാങ്ങ ഭരണികൾ. അതിനൊന്നും കേടുപാടുകൾ കാണാനില്ല. പിന്നെ എന്തിനാണവ ഉപേക്ഷിച്ചത്? നടന്നു നടന്ന് അവസാനം ഞങ്ങൾ എത്തിച്ചേർന്നത് താഴേയ്ക്കുള്ള ഒരു കോണിയുടെ മുമ്പിലായിരുന്നു.

‘ഇതേതാണ് കോണി?’

ഞങ്ങൾ ആ മരക്കോണിയിറങ്ങി. നല്ല കട്ടിയുള്ള മരംകൊണ്ട് ഉണ്ടാക്കിയ കോണി. ഒരു വശത്ത് വെള്ളവലിച്ച ചുമരാണ്, മറ്റെ വശത്ത് കൊത്തുപണികളുള്ള കൈവരിയും. ഇതേതു കോണിയാണ്. ഞങ്ങൾ തട്ടിൻപുറത്തേയ്ക്കു കയറിവന്നതാകട്ടെ വളരെ കട്ടികുറഞ്ഞ പേരിനുമാത്രം ബലമുള്ള ഒരു താല്ക്കാലിക കോണിയായിരുന്നു.

കോണിയുടെ താഴത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് അവിടെ പൂട്ടിയിട്ട ഒരു വാതിലാണ്. ഇങ്ങിനെ ഒരു വാതിൽ ഞങ്ങൾ താഴത്തെവിടെയും കണ്ടിട്ടില്ല. ഏതു മുറിയിലേയ്ക്കാണാവോ ഈ വാതിൽ തുറക്കുന്നത്. അതു തുറക്കാനാവാത്ത വിധം ഭദ്രമായി അടച്ചിരിക്കയാണ്. ഞങ്ങൾ തിരിച്ചു കയറി, വീണ്ടും ഗുഹയിലൂടെ യാത്ര തുടങ്ങി. എന്താണ് അന്വേഷിക്കുന്നത് എന്ന കാര്യം രണ്ടുപേരും മറന്നെന്നു തോന്നുന്നു. ഞാനെന്തായാലും മറന്നിരിക്കയാണ്. ഏതൊക്കെ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചുവെന്നറിയില്ല, പെട്ടെന്ന് ഞങ്ങളുടെ മുമ്പിൽ ഒരു കാൽ നഷ്ടപ്പെട്ട മേശയ്ക്കു മീതെ ഫ്രെയിം ചെയ്ത മൂന്നു വലിയ ഫോട്ടാകൾ കമിഴ്ത്തി വച്ചിരിക്കുന്നു. കുട്ടേട്ടന്റെ മുഖം വികസിച്ചു.

‘ഇതാ ഫോട്ടോകള്!’

മുകളിലെ ഫോട്ടോ വല്ലാതെ പൊടി പിടിച്ചിരുന്നു. അത് ഒരു വൃദ്ധയുടെ ഫോട്ടോ ആണ്. മേൽമുണ്ടില്ലാതെ സമൃദ്ധമായ അമ്മിഞ്ഞയും പ്രദർശിപ്പിച്ച് കൈയ്യുള്ള കസേലയിൽ ഇരിക്കുന്നു. അവരുടെ മുഖം ചുളിഞ്ഞിരിക്കുന്നു. അടുത്ത ഫോട്ടോ ഒരു കാരണവരുടേതാണ്. കനത്ത പുരികവും തീക്ഷ്ണമായ കണ്ണുകളുമുള്ള ഒരാൾ. ഒരു വേഷ്ടിയാണ് വേഷം. നെറ്റിമേൽ ചന്ദനക്കുറി പ്രകടമായി കാണുന്നു. കസേലയിൽ വാക്കിങ് സ്റ്റിക് ചാരിവച്ചിട്ടുണ്ട്. കസേല ആദ്യത്തെ ഫോട്ടോവിൽ ഉള്ളതു തന്നെയാണ്. മൂന്നാമത്തെ ഫോട്ടോവിന്റെ ഫ്രെയിം ദ്രവിച്ചു തുടങ്ങിയിരുന്നു. ചില്ലിനുള്ളിൽ വെളുത്ത പൂപ്പൽ വന്ന് ഉണങ്ങിയപോലെ പാടുണ്ട്. മുഖം ഒരുമാതിരി വ്യക്തമാണ്. അധികം ഉയരമില്ലാത്ത ഒരാൾ.

‘ഇതായിരിക്കും ഫോട്ടോ.’ കുട്ടേട്ടൻ പറഞ്ഞു. ‘ഇതാണ് ഏറ്റവും പഴേതായി തോന്നണത്.’

‘ഇനി നമക്ക് പൊറത്ത് കടക്കണ്ടെ?’ ഞാൻ പറഞ്ഞു. ഞങ്ങൾ വന്ന വഴിയിലേയ്ക്കു തന്നെ തിരിഞ്ഞു. ഞങ്ങളുടെ അദ്ഭുതത്തിന് അതിരില്ലായിരുന്നു. തൊട്ട മുമ്പിൽ ഞങ്ങൾ സാധാരണ കയറി വരാറുള്ള കോണിതന്നെ കിടക്കുന്നു, യാതൊരു തടസ്സവുമില്ലാതെ! അപ്പോൾ ഏതു വഴിയ്ക്കാണ് ഞങ്ങൾ ഇത്ര ദൂരം അലഞ്ഞു വന്നത്? എങ്ങിനെയാണ് പുറപ്പെട്ട സ്ഥലത്ത് തന്നെ ഇപ്പോൾ എത്തിയത്?

താഴെ ഞങ്ങളുടെ മുറിയിൽ എത്തിയതിനു ശേഷമാണ് കുട്ടേട്ടൻ സംസാരിച്ചത്.

‘നിനക്കെന്തു തോന്നുന്നു?’ ഫോട്ടോ ഒരു നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കുന്നതിനിടയിൽ കുട്ടേട്ടൻ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. മുകളിലെ ഗുഹകളുടെ അനിശ്ചിതത്തിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നു.

വൃത്തിയാക്കിയതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ല. ചില്ലിന്റെ ഉൾവശത്താണ് പൂപ്പലിന്റെ പാടുകൾ. എത്രയോ വർഷങ്ങളിലെ മഴക്കാലത്തെ ഈർപ്പം ചില്ലിനുള്ളിൽ കട്ടിയുള്ള ഒരാവരണം തന്നെ തീർത്തിരുന്നു.

‘നമ്ക്ക് ഏതായാലും ഈ ഫ്രെയിം ഇളക്കിയെടുക്കണം. അതിന്റെ ഉള്ളില് വല്ല സൂചനീംണ്ടോന്ന് നോക്കണം.’ കുട്ടേട്ടൻ ഫ്രെയിം കമിഴ്ത്തി വെച്ച് പരിശോധിച്ചു. പുറത്തു പതിച്ച ഹാർഡ്‌ബോർഡ് ദ്രവിച്ചു തുടങ്ങിയിരുന്നു. ഒരു കത്തിയെടുത്ത് ആ ബോർഡ് ഇളക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ അത് പൊട്ടിപ്പൊട്ടി വന്നു. അത് കേടു വരുത്താതെ എടുക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ കുട്ടേട്ടൻ അത് കഷ്ണം കഷ്ണമായി പൊട്ടിച്ചെടുത്തു. അര മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷം ആ ഫോട്ടോ പുറത്തെടുത്തു. അതൊരു ഫോട്ടോ ആയിരുന്നില്ല. വരച്ചുണ്ടാക്കിയ ഒരു ഛായാചിത്രം മാത്രം.

‘അന്നൊന്നും ഫോട്ടോ എടുക്കാന്ള്ള സൗകര്യംല്ല്യ. അപ്പൊ എല്ലാം വരച്ച്ണ്ടാക്വാണ് ചെയ്യാ. വരയ്ക്കണ ആളടെ മുമ്പില് നമ്മള് കൊറെ നേരം ഇരുന്നു കൊടുക്കണം. ചെലപ്പൊ രണ്ടും മൂന്നും ദെവ സം ഇരുന്നു കൊടുക്കേണ്ടി വരും.’

കുട്ടേട്ടന്നറിയാത്ത കാര്യങ്ങൾ കുറവായിരുന്നു. പരപ്പിലുള്ള വായനയുടെ ഫലമാണ്. ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി.

ചിത്രം കേടു കൂടാതെ നല്ല തെളിമയോടെ ഉദിച്ചു നിന്നു. ചില്ലിന്മേൽ കണ്ട പൂപ്പൽ ചിത്രത്തെ ബാധിച്ചിട്ടില്ല.

‘ഇതൊരദ്ഭുതാണ്.’ കുട്ടേട്ടൻ പറഞ്ഞു. ‘നെനക്ക് തോന്ന്ണ്‌ല്യേ?’

ഞാൻ തലയാട്ടി. എന്നെ സംബന്ധിച്ചേടത്തോളം അദ്ഭുതത്തിന്റെയും സ്വാഭാവികതയുടെയും വേലി പൊളിഞ്ഞിട്ട് കുറച്ചു നേരമായി. ഞാൻ ആലോചിക്കുകയായിരുന്നു. ഇത്രയും ദൂരം സഞ്ചരിച്ചത് ശരിക്കുണ്ടായതാണോ അതോ ഒരു വെറും മായക്കാഴ്ചയായിരുന്നോ. ഞാൻ ചോദിച്ചു.

‘കുട്ടേട്ടാ നമ്മള് മോളില് കൊറേ ദൂരം നടന്ന മാതിരി തോന്നുണു. അത് ശരിയാണോ? ഈ തട്ടിൻപുറത്ത് ഇത്ര വഴികളൊക്കെണ്ടോ?’

കുട്ടേട്ടൻ നിശ്ശബ്ദനായി, എന്തോ ആലോചിക്കുകയായിരുന്നു. അയാൾ ഇപ്പോഴേ അതിനെപ്പറ്റി ചിന്തിച്ചുള്ളൂ എന്നു തോന്നുന്നു. അയാൾ പറഞ്ഞു.

‘ശര്യാണല്ലെ. അതുപോലെ നമ്മള് ഒരു കോണി കണ്ടില്ലെ. അത് താഴത്ത് ഏത് മുറീലേയ്ക്കാണ് പോണത്? നമ്മടെ നെലേല് അങ്ങനെ എറങ്ങിവരണ ഒരു കോണീല്ല്യ, പൂട്ടീട്ട കോണിവാതിലുംല്ല്യ. ഇതൊക്കെ ശരിക്ക്ണ്ടായതന്യാണോ?’

‘നിക്കറിയില്ല്യ.’

കുട്ടേട്ടൻ ചിത്രം പരിശോധിക്കാൻ തുടങ്ങി. ഫ്രെയിമിനുള്ളിൽ രേഖകളൊന്നുമുണ്ടായിരുന്നില്ലെന്നത് അയാളെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.

‘സാരല്ല്യ. ഈ കാരണവര് നല്ല സൂത്രക്കാരനാണ്ന്ന് തോന്നുണു. ചെലപ്പൊ ഈ ചിത്രം വരച്ചതിന്റെ അടീലെവിടെയെങ്കിലും ബ്രഷുകൊണ്ട് വല്ല കുറിപ്പും എഴുതിവച്ചിട്ടുണ്ടാവും.’

കുട്ടേട്ടൻ ആ ഛായാചിത്രം ജനലിന്നടുത്തു കൊണ്ടുപോയി സൂക്ഷ്മമായി പരിശോധിക്കുകയാണ്. എനിക്കതിൽ വിശ്വാസം നശിച്ചു തുടങ്ങി. അതൊരു വെറും ചിത്രമാണെന്നും ഞങ്ങളുടെ ഇന്നത്തെ അദ്ധ്വാനമെല്ലാം പാഴായിയെന്നും എനിയ്ക്കു തോന്നിത്തുടങ്ങി. കറുത്ത പിടിയുള്ള ഒരു ഭൂതക്കണ്ണാടിയിലൂടെ കുട്ടേട്ടൻ ചിത്രം പരിശോധിക്കുന്നത് ഞാൻ കുറച്ച് സഹതാപത്തോടെ നോക്കിയിരുന്നു. പത്തുമിനുറ്റ് നേരത്തെ പരിശോധനയ്ക്കു ശേഷം ചിത്രം മേശപ്പുറത്തു കൊണ്ടുവച്ച് ക്ഷീണിച്ച് കട്ടിലിന്റെ തലഭാഗത്ത് ചാരിയിരുന്ന കുട്ടേട്ടന്റെ മുഖം അനുകമ്പാർഹമായിരുന്നു.

ഞാൻ ചിത്രമെടുത്തു നോക്കി. വെറും ചിത്രം മാത്രം, അതിനപ്പുറത്തൊന്നുമില്ല. ചിത്രത്തിനു താഴെ വലത്തുഭാഗത്തായി ചിത്രകാരന്റെ പേരാണെന്നു തോന്നുന്നു ഹിന്ദിയിലോ സംസ്‌കൃതത്തിലോ എഴുതിവച്ചിട്ടുണ്ട്. കൃഷ്ണരായർ എന്നോ മറ്റോ ആണത്.