close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 19


അറിയാത്തലങ്ങളിലേയ്ക്ക് 19
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ഞാൻ എഴുന്നേറ്റു നോക്കി. കുളിമുറിയുടെ വാതിൽ തുറന്നു കിടക്കയാണ്. ഉള്ളിൽ വെളിച്ചമില്ല. അപ്പോൾ ഇന്ദിര എവിടെയാണ്. പെട്ടെന്നുണ്ടായ തോന്നൽ അവളെങ്ങാനും താഴേയ്ക്കിറങ്ങി പോയോ എന്നായിരുന്നു. എന്തിന്? ഇനി അവൾക്കെന്തെങ്കിലും പറ്റിയോ? എന്റെ മനസ്സിൽ ഭയം നുരഞ്ഞു പൊങ്ങുകയാണ്.

‘നന്ദേട്ടൻ ഒണർന്ന്വോ?’

ഞാനൊന്ന് നിശ്വസിച്ചു. ഇന്ദിര നിലത്തിട്ട പുൽപ്പായിലിരുന്ന് കുടത്തിൽ നിന്നു കിട്ടിയ ആഭരണങ്ങളുടെ സഞ്ചികൾ അഴിയ്ക്കുകയാണ്. പുറത്തേയ്‌ക്കെടുത്തവയെല്ലാം വെവ്വേറെയായി പായിൽ വച്ചിട്ടുണ്ട്.

‘നീയൊറങ്ങീല്ല്യേ? ഇതൊക്കെ രാവിലെ ചെയ്യാംന്നല്ലെ പറഞ്ഞിര്ന്നത്?’

‘എനിയ്ക്ക് ഒറക്കം വന്നില്ല നന്ദേട്ടാ. അപ്പൊ തോന്നി എല്ലാം പൊറത്തെടുത്ത് നോക്കാംന്ന്. നോക്കു എന്തൊക്കെ തരം പണ്ടങ്ങളാണ്ന്ന്.’

ഞാൻ എഴുന്നേറ്റു ചെന്നു. ശരിയാണ്. പലതും കലാപരമായി വളരെ മികച്ചവയാണ്. അതുണ്ടാക്കിയ സ്വർണ്ണപ്പണിക്കാരുടെ കരവിരുത് ഓരോ ആഭരണത്തിലും ശരിയ്ക്കു കാണുന്നുണ്ട്. ഒരു കാലത്ത് ജനങ്ങൾ രണ്ടാംതരം കൊണ്ട് സംതൃപ്തരായിരുന്നില്ല. ഏറ്റവും മികച്ചതിനു മാത്രമെ അംഗീകാരം കിട്ടിയിരുന്നുള്ളു.

ഇന്ദിര ഒരു നെക്‌ലസ് കഴുത്തിലൂടെ ഇട്ട് കാണിച്ചു. നല്ല ഭംഗിയുണ്ട്.

‘എങ്ങിനെണ്ട്? എനിയ്ക്ക് ചേരുന്നുണ്ടോ?’

‘നിന്റെ കഴുത്തില് ചേരാത്ത ആഭരണം ഏതാണുള്ളത്?’

‘ഓ, വേണ്ടാ, വേണ്ടാ.’ അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

മുമ്പിൽ പരന്നു കിടക്കുന്ന മഞ്ഞലോഹത്തിന്റെ പളപളപ്പിൽ ഞാൻ ഒരു നിമിഷം ആകൃഷ്ടനായി. എനിയ്ക്ക് വാങ്ങിക്കൊടുക്കാൻ പറ്റാത്ത തരം ആഭരണങ്ങളാണ് കുമിഞ്ഞുകൂടിയിരിയ്ക്കുന്നത്. അതിനിടയ്ക്കു കണ്ട ചെറിയ കൂട്ടങ്ങളിൽ ഒരെണ്ണം ഞാനെടുത്തു നോക്കി. കട്ടി കുറഞ്ഞ രണ്ടു വളകൾ ഒരു മോതിരം, പിന്നെ താലി കോർത്ത, വണ്ണം കുറഞ്ഞ ഒരു താലിമാലയും.

എന്തുകൊണ്ടോ ഞാൻ വല്ലാതായി. അപ്പോഴാണ് കൊച്ചുകൊച്ചു സഞ്ചികളിൽ നിറച്ചുവച്ച ഈ പണ്ടങ്ങളുടെ ഉദ്ഭവത്തെപ്പറ്റി ഞാൻ ആലോചിക്കുന്നത്. ആ പണ്ടങ്ങൾ കാരണവരുടെ കയ്യിൽ എങ്ങിനെ എത്തിപ്പെട്ടു? മുമ്പൊരിക്കൽ ഈ തറവാടിനെപ്പറ്റി കൂടുതൽ അറിയാൻ നാണിമുത്തശ്ശിയുടെ അടുത്തു പോയത് ഓർമ്മ വന്നു. അവർ പറയുകയുണ്ടായി, ഇട്ടിരാമൻ കാരണവർക്ക് പണം പലിശയ്ക്കു കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നെന്ന്. ഈ ആഭരണങ്ങളെല്ലാം അങ്ങിനെയായിരിക്കണം കാരണവരുടെ കൈവശം എത്തിപ്പെട്ടത്. പണയം വച്ചത് എടുക്കാൻ കഴിയാതെ നശിച്ചു പോയ എത്രയോ കുടുംബങ്ങളുടെ നെടുവീർപ്പുകൾ ആ പണ്ടങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്നുണ്ട്. കെട്ടുതാലിയടക്കം പണയം വയ്ക്കാൻ മാത്രം കഷ്ടപ്പാടു നിറഞ്ഞ ജീവിതങ്ങൾ. എന്റെ കവിളിൽ ആരുടെയൊക്കെയോ നിശ്വാസങ്ങൾ വന്നു പതിയ്ക്കുന്നതായി എനിയ്ക്കു തോന്നി. പണ്ടൊരിയ്ക്കൽ തട്ടിൻപുറത്തു പോയപ്പോഴാണ് അങ്ങിനെയൊരു തോന്നലുണ്ടായത്.

ഒരിയ്ക്കൽ അമ്മയുടെ മാലയും രണ്ടു വളകളുമായി സ്വർണ്ണക്കടയിൽ കയറിയത് ഓർമ്മ വന്നു. അമ്മയ്ക്ക് പെട്ടെന്ന് പണത്തിനാവശ്യം വന്നപ്പോൾ പണയം വയ്ക്കാൻ രാധേട്ത്തിയുടെ ഒപ്പം പോയി, തിരിച്ചു വന്നത് ഇനി ഇങ്ങിനെയൊരു കാര്യത്തിനായി ഒരു സ്ഥലത്തു പോവില്ലെന്ന് ശപഥം ചെയ്തുകൊണ്ടാണ്. അത്രയ്ക്കധികം ആത്മാഭിമാനം സ്വർണ്ണത്തോടൊപ്പം ആ കടയിൽ പണയപ്പെടുത്തേണ്ടി വന്നു. അന്നെനിയ്ക്ക് വയസ്സു പത്തേ ആയിരുന്നുള്ളു.

ഇപ്പോൾ ഈ പണ്ടങ്ങൾ കണ്ടപ്പോൾ അതെല്ലാം വീണ്ടും ഓർത്തു. ഈ നിധി ശപിയ്ക്കപ്പെട്ടതാണ്.

ഞാനാ താലിമാലയും കൈയ്യിലെടുത്ത് ഇരിയ്ക്കുന്നത് ഇന്ദിര കണ്ടു. അവൾ ചോദിച്ചു.

‘എന്താ നന്ദേട്ടാ?’

‘ഇന്ദിരേ, നമുക്ക് ഈ നിധി വേണ്ടെന്നു വയ്ക്കാം.’

വിശ്വസിക്കാൻ പ്രയാസമായ പോലെ എന്റെ മുഖത്തു നോക്കിക്കൊണ്ട് അവളിരുന്നു. ഞാൻ തമാശ പറയുകയാണെന്നവൾ ഒരു നിമിഷം കരുതിക്കാണും. പക്ഷെ എന്റെ മുഖഭാവം ഒരു സംശയത്തിനും ഇടം കൊടുക്കാത്ത വിധം ഗൗരവവും സ്പഷ്ടവുമായിരുന്നു.

‘എന്താ നന്ദേട്ടൻ പറേണത്?’

‘ഇത് പാപം നിറഞ്ഞതാണ്. നീയൊന്ന് ആലോചിച്ചു നോക്ക്, എത്ര കുടുംബങ്ങൾ നശിച്ചതിന്റെ ബാക്കിയാണീ കാണണത്ന്നറിയ്യോ? ഈ ആഭരണങ്ങളൊക്കെ… അതൊക്കെ എങ്ങിന്യാണ് കാരണവർക്ക് കിട്ടിയത്?’

‘ആവോ, എനിക്കറീല്ല്യ.’

‘ഒരിയ്ക്കൽ ഞാനും കുട്ടേട്ടനും കൂടി നാണിമുത്തശ്ശ്യോട് സംസാരിച്ചത് ഓർമ്മണ്ടോ? നീയപ്പോൾ ലക്ഷ്മി വല്ല്യമ്മടെ ഒപ്പം അടുക്കളേലേയ്ക്ക് പോയി.’

ഇന്ദിര തലയാട്ടി.

‘അപ്പൊ മുത്തശ്ശി പറയ്യണ്ടായിട്ട്ണ്ട് ഈ കാരണവർക്ക് പണം പലിശയ്ക്ക് കൊടുക്കണ ഏർപ്പാടുണ്ടായിരുന്നൂന്ന്. അങ്ങിനെ വന്നതായിരിക്കണം ഈ പണ്ടൊക്കെ. പാവങ്ങൾക്ക് തിരിച്ചെടുക്കാൻ പറ്റാത്ത പണ്ടങ്ങളായിരിക്കും ഇതെല്ലാം. നോക്ക് ഈ കെട്ടുതാലിയും വളയും ഒക്കെ. ആവശ്യള്ള പണത്തിന് പണ്ടങ്ങള് മത്യാവാതെ വന്നപ്പൊ വച്ചതായിരിക്കും കെട്ടുതാലി. പണ്ടൊക്കെ സ്ത്രീകള് ഒരിക്കലും താലി അഴിച്ചു വെയ്ക്കില്ല. ചെലപ്പൊ ഭർത്താവു മരിച്ച് ഗതിയില്ലാതായപ്പൊ അതും പണയംവച്ചതാവാനും വഴിണ്ട്. അങ്ങിനെ എത്ര കഥകള്ണ്ടാവും ഇതിന്റെയൊക്കെ പിന്നില്. ഒരുപക്ഷെ നമ്മട്യന്നെ ഏതെങ്കിലും താവഴീല്‌ള്ളോര് അത്യാവശ്യായപ്പൊ കാരണോര്‌ടെ അട്ത്ത്ന്ന് പണം പലിശയ്ക്ക് വാങ്ങീട്ട്ണ്ടാവും. എന്തിനാണ് നമുക്കും നമ്മുടെ മോക്കും അവര്‌ട്യൊക്ക ശാപം? ഈ പണം നമുക്കു വേണ്ട.’

ഇന്ദിര കുറച്ചുനേരം ഒന്നും മിണ്ടാതെയിരുന്നു.

‘എന്താ ഒന്നും മിണ്ടാതിരിക്കണത്?’

‘നന്ദേട്ടൻ പറേണതൊക്കെ ശര്യായിരിക്കാം. പക്ഷെ നമ്മള് എത്ര അദ്ധ്വാനിച്ചതാ ഇതിന്റെ മേലെ? എത്ര മോഹിച്ചതാ ഇതൊക്കെ. എന്നിട്ട് അത് കയ്യില് കിട്ടിയപ്പൊ കളയ്യാന്ന് പറേമ്പൊ ഒരു വെഷമം.’

‘ശരിയാണ്, ഞാൻ ഒരു കാര്യം പറയട്ടെ. ഒരിക്കല് ഞാനും കുട്ടേട്ടനും കൂടി പണിക്കരമ്മാവന്റെ അടുത്ത് കാരണോര്‌ടെ ജാതകുംകൊണ്ട് പോയി. അന്നറിയില്ല്യായിരുന്നു അത് കാരണോര്ട്യാണ്ന്ന്. പണിക്കരമ്മാവനാണത് പറഞ്ഞത്. മൂപ്പര് വേറൊരു കാര്യം കൂടി പറ്യേണ്ടായിട്ട്ണ്ട്. എന്താ അറിയ്യോ? ഈ കാരണോര് മരിച്ചിട്ട് പത്തറുപതു കൊല്ലായി, പക്ഷെ അങ്ങേരടെ ജന്മം ഇനീം കഴിഞ്ഞിട്ടില്ലാന്ന്. ഈ പാപൊക്കെ, ശാപൊക്കെ പേറി നടക്ക്വാണ് കാരണോര്ന്ന് തോന്നുണു. അതാര്‌ടേങ്കിലും മണ്ടയ്ക്കിട്ടാലെ ആ ജന്മം തീരൂന്നായിരിയ്ക്കും. അതാണ്ന്ന് തോന്നുണു കാരണോര് എന്റെ പിന്നാലെ നടന്നിരുന്നത്. എന്തിനാ നമ്മളായിട്ട് അത് ഏറ്റുവാങ്ങണത്?’

‘ശരിയാണ്, പക്ഷെ…’

അവൾ വീണ്ടും ആലോചനയിലേർപ്പെട്ടു. വന്ദന ഉണർന്ന് എഴുന്നേറ്റു വന്നു.

‘എന്തു പറ്റീ അച്ഛാ?’

ഇന്ദിര മൗനത്തിലാണ്. ഞാൻ വന്ദനയെ എന്റെ ധർമ്മസങ്കടം പറഞ്ഞു മനസ്സിലാക്കി. അതു മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

‘ശരിയാണച്ഛാ, നമുക്കത് വേണ്ട.’

അവളെ സംബന്ധിച്ചേടത്തോളം ത്യാഗം എളുപ്പമായിരുന്നു. അവളുടെ പ്രായത്തിന്റേതായിരിക്കണം. നിഗൂഢമായ ആ നിധി കണ്ടു പിടിയ്ക്കുക എന്ന വെല്ലുവിളിയാണ് അവൾക്കു പ്രധാനം, ആ പണം എങ്ങിനെ ചെലവാക്കുന്നു എന്നതല്ല. അല്ലെങ്കിൽ ഞങ്ങൾ കടന്നുവന്ന വഴികളിലൂടെ അവൾക്ക് സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിട്ടില്ല എന്നതു കൊണ്ടായിരിയ്ക്കാം. അവൾക്ക് ഓർമ്മ വച്ച മുതൽ വീട്ടിൽ വലിയ കഷ്ടപ്പാടൊന്നും ഉണ്ടായിട്ടില്ല.

‘നമുക്കൊരു കാര്യം ചെയ്യാം.’ ഇന്ദിര പറഞ്ഞു. ‘ഈ സമ്പത്ത് മുഴുവൻ കാരണോര് ഇങ്ങിനെ ഉണ്ടാക്കിയതാവണംന്നില്ലല്ലൊ. കൊറെയൊക്കെ നെല്ലും തേങ്ങേം വിറ്റ പണായിരിയ്ക്കൂലോ. ആയിരിയ്ക്കും, കാരണം അത്രയധികം കൃഷിണ്ടായിരുന്നൂലോ തറവാട്ടില്. വീടിന് ചുറ്റുംള്ള പറമ്പന്നെണ്ടായിരുന്നു എട്ടേക്ര സ്ഥലംന്നല്ലെ പറഞ്ഞത്? നെല്ലും തേങ്ങേം വിറ്റ പണത്തിനെന്താ കൊഴപ്പം. അതെത്ര്യാവുംന്നൊന്നും നമുക്ക് വേർതിരിച്ചു കണ്ടുപിടിയ്ക്കാൻ കഴീല്ല്യ. അപ്പൊ ഒരു കാര്യം ചെയ്യാം. നമ്മടെ വീടുണ്ടാക്കിയതിന്റെ കടോം പലിശേം, പലിശേമ്മല് പലിശേം ഒക്കെക്കൂടി എത്രണ്ടാവും?’

‘ഒരു രണ്ടര ലക്ഷം ഉണ്ടാവും.’

‘അത്രേം പവൻ നമുക്ക് ഇതീന്ന് എടുക്കാം. ബാക്കിള്ളത് നന്ദേട്ടൻ എന്തു ചെയ്യാനാണ് ഉദ്ദേശ്യം?’

‘നമുക്കത് മൂന്നോ നാലോ അനാഥാലയങ്ങൾക്ക് ദാനം കൊടുക്കാം. അപ്പൊ ശാപൊന്നും ഏശില്ല. നല്ലൊരു കാര്യത്തിനല്ലെ?’

‘ശരി നമ്മടെ കടം വീടാൻ മാത്രം എത്ര പവൻ മാറ്റിവയ്‌ക്കേണ്ടി വരും?’

‘വളരെ കുറച്ച് മാത്രം. ഏകദേശം എഴുപത്തഞ്ച്, എൺപതെണ്ണം മാത്രം.’

‘അങ്ങനെ മതി അച്ഛാ.’ അത് വന്ദനയ്ക്കും സ്വീകാര്യമായിരുന്നു. ‘അപ്പൊ കുട്ടമ്മാമെ വിളിച്ചു പറയണ്ടെ, ഇങ്ങിന്യാണ് ചെയ്യാൻ പോണത്‌ന്ന്?’

‘പിന്നേ?’

ഞാൻ വീണ്ടും കുട്ടേട്ടന്റെ നമ്പർ ഡയൽ ചെയ്തു.