close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 08


അറിയാത്തലങ്ങളിലേയ്ക്ക് 08
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

പരീക്ഷയ്ക്കിനി രണ്ടു മാസമേയുള്ളൂ. ഉണ്ടോ എന്നുതന്നെ ഇനിയും തീർച്ചയില്ലാത്ത ഈ നിധിയുടെ പിന്നാലെ നടന്നാൽ ഈ ക്ലാസ്സിൽത്തന്നെയിരിക്കേണ്ടി വരും. കുട്ടേട്ടനാണെങ്കിൽ ഇത് എസ്.എസ്.എൽ.സി.യാണ്. ഏതെങ്കിലും കോളജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ നല്ല മാർക്കുതന്നെ കിട്ടണം.

ഞാൻ പെട്ടെന്ന് വർത്തമാനത്തിലേയ്ക്കു തിരിച്ചെത്തി. മുമ്പിൽ വന്ദന ഒരു മാന്ത്രികവലയത്തിൽ പെട്ടപോലെ ഇരിക്കുകയാണ്. അവളുടെ പരീക്ഷയും അടുത്തിരിയ്ക്കയാണ്. മുപ്പതു കൊല്ലം മുമ്പ് എന്റെ പരീക്ഷ നശിപ്പിച്ചതുപോലെ അവളുടെ പരീക്ഷയും നശിപ്പിക്കാനാണോ ഈ ചതുരംഗപ്പലക ഈ സമയത്ത് പ്രത്യക്ഷപ്പെട്ടത്? എനിയ്ക്കു ബലമായ സംശയമുണ്ടായി. അവൾക്കും പതിനഞ്ചു വയസ്സു തികയാൻ രണ്ടു മാസം കൂടിയേ ഉള്ളു.

‘എന്നിട്ട് അച്ഛാ, എന്തുണ്ടായി?’ വന്ദന ഉണർന്നു.

‘മോളെ, നിന്റെ പ്രധാനപ്പെട്ട പരീക്ഷയാണ് വരണത്. മോള് ഇനി പഠിയ്ക്കാൻ നോക്ക്. ബാക്കിയെല്ലാം പരീക്ഷ കഴിഞ്ഞിട്ട് പറയാം.’

‘അതു പറ്റില്ല, മുഴുവൻ കേക്കാതെ എനിയ്ക്ക് പഠിയ്ക്കാൻ പറ്റില്ല.’

‘പിന്നെ ഒന്നുംണ്ടായില്ല. എന്തുണ്ടാവാനാ. അതിന്റെ പിന്നാലെ നടന്ന് അച്ഛൻ പരീക്ഷേല് തോറ്റു, കുട്ടേട്ടൻ കഷ്ടിച്ച് രക്ഷപ്പെട്ടു. അമ്മാവന്റെ അടുത്ത്ന്ന് രണ്ടു പേർക്കും നല്ലവണ്ണം കിട്ടി, അത്ര്യന്നെ.’

‘എന്നിട്ട് കുട്ടമ്മാമയ്ക്ക് എങ്ങിന്യാ കോളജില് അഡ്മിഷൻ കിട്ടീത്?’

‘അന്നൊന്നും ഇത്ര തെരക്കുണ്ടായിര്ന്നില്ല കോളജില്. അപ്ലൈ ചെയ്താൽ മിക്കവാറും കിട്ടും.’

‘അച്ഛൻ ബാക്കീം കൂടി പറയണം, ഞാനിപ്പൊ പഠിക്കാൻ പോവ്വാണ്.’

വന്ദനയ്ക്കു പേടി പിടിച്ചെന്നു തോന്നുന്നു.

‘ഇനി ഒന്നുംണ്ടായിട്ടില്ല മോളെ, വിശ്വസിയ്ക്ക്. എന്റെ പരീക്ഷെടെ റിസൾട്ട് വന്നപ്പോൾ അമ്മാവന്റെ വക വിചാരണയുണ്ടായിരുന്നു. ആദ്യം സാക്ഷി പറഞ്ഞത് നിന്റെ അമ്മ തന്നെയാണ്. ഞങ്ങള് ഏതു നേരവും, കളിക്കാൻ പറ്റാത്ത ഒരു ചതുരംഗപ്പലകയും വെച്ചിരിയ്ക്ക്യാണെന്നും തട്ടിൻപുറത്ത്ന്ന് ഒരു പഴേ ഫോട്ടോ എടുത്ത് കൊണ്ടന്ന് കേടു വരുത്തീന്നൊക്കെ അവൾ ജൂറി സമക്ഷം ബോധിപ്പിച്ചു.’

‘അത് ശരി, അമ്മയ്ക്ക് ഇതൊക്കെയായിരുന്നു പണി അല്ലെ? അച്ഛനീം കുട്ടമ്മാമനീം തല്ലു കൊള്ളിക്കല്?’

‘അതു ഞാൻ ആദ്യേ പറയാറില്ലെ?’

‘ശരി എന്നിട്ട്?’ അവൾക്ക് ബാക്കി ഭാഗം കേൾക്കാൻ ധൃതിയായി.

‘എന്നിട്ടെന്താ അമ്മാമ ഞങ്ങടെ മുറി പരിശോധിച്ചു. ഞങ്ങളാണെങ്കിൽ ഇങ്ങിനെയൊന്ന് പ്രതീക്ഷിച്ചതുമില്ലല്ലൊ, എല്ലാം മേശപ്പുറത്ത് വച്ചിരിക്കയായിരുന്നു. അമ്മാമ അതെല്ലാം എടുത്ത് എങ്ങോട്ടോ വലിച്ചെറിഞ്ഞു. ഫോട്ടോ തിരിച്ച് തട്ടിൻപുറത്തുതന്നെ കൊണ്ടുപോയി ഇട്ടു. അന്ന് കിട്ടിയ അത്ര അടി ജീവിതത്തിലൊരിക്കലും കിട്ടിയിട്ടില്ല.’

‘എന്നിട്ടും അച്ഛൻ അമ്മേനെ കല്യാണം കഴിച്ചൂ? പാവം അച്ഛൻ!’

ഞാൻ ഒന്നും പറഞ്ഞില്ല. അതൊരു വലിയ ചരിത്രമാണ്. ഇനി അതിനെപ്പറ്റി വല്ലതും പറഞ്ഞാൽ പിന്നെ വന്ദന അതു മുഴുവൻ കേൾക്കാതെ എഴുന്നേൽക്കില്ല. എങ്ങിനെയെങ്കിലും അവൾ ഇതെല്ലാം മറന്ന് പഠിത്തത്തിൽ ശ്രദ്ധ കൊടുത്താൽ മതിയായിരുന്നു.

‘മതി. ഇനി മോള് പോയി പഠിയ്ക്കൂ.’ കഥയുടെ പരിണാമം അവളെ തൃപ്തിപ്പെടുത്തിയില്ലെന്ന് എനിയ്ക്കു മനസ്സിലായി. ഞാനവളെ ഒരുവിധം പറഞ്ഞയച്ചു. ഒറ്റയ്ക്കായപ്പോൾ വീണ്ടും മനസ്സ് തെന്നിത്തെന്നി പോവുകയാണ്. പരീക്ഷയിൽ തോറ്റതിനേക്കാൾ വിഷമമായത് അമ്മാമന്റെ അടുത്തുനിന്ന് അടി കിട്ടിയപ്പോഴായിരുന്നു. ആ വേദന ദിവസങ്ങളോളം തങ്ങിനിന്നു.

ഒരു ദിവസം കുട്ടേട്ടനും പോയി. കുട്ടേട്ടൻ അമ്മാവന്റെ കൂടെയാണ് കോഴിക്കോട്ടു ഗുരുവായൂരപ്പൻ കോളജിൽ ചേരാൻ പോയത്. മുമ്പിൽ അമ്മാവനും പിന്നിൽ ഒരു ചെറിയ സഞ്ചി പിടിച്ചുകൊണ്ട് കുട്ടേട്ടനും അതിനും പിന്നിൽ കിടയ്ക്കയും ഇരുമ്പുപെട്ടിയും തലയിലേറ്റി ചാത്തപ്പനും വയലിന്റെ അപ്പുറത്ത് ഇടവഴികളിൽ നഷ്ടപ്പെട്ടപ്പോൾ ഞാൻ വരമ്പിൽ നിന്ന് തിരിച്ചു നടന്നു, പടിപ്പുരയുടെ അറ്റക്കടായ ചാടിക്കടന്ന് മുറ്റത്തെത്തി. അമ്മായി മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചിട്ടാണെന്നു തോന്നുന്നു മുറ്റത്തുകൂടെ അടുക്കളയിലേയ്ക്കു നടക്കുകയാണ്. പൂമുഖത്ത് തിണ്ണയിൽ ഇന്ദിര ഒരു ഉഷാറില്ലാതെ ഇരിക്കുന്നു. ഞാൻ അവളെ വകവെയ്ക്കാതെ അകത്തു തളത്തിലേയ്ക്കു കടന്നു, കോണി കയറി മുകളിലേയ്ക്കു പോയി. അമ്മാവന്റെ അടുത്തുനിന്ന് അടി കിട്ടിയശേഷം ഞാനും കുട്ടേട്ടനും അവളെ തഴഞ്ഞ പോലെയാണ്. ഏകദേശം ഒരു മാസം കഴിെഞ്ഞങ്കിലും മനസ്സിലെ വേദന തികച്ചും വിട്ടു മാറുന്നില്ല. അതിന്റെ കാരണക്കാരി ഇന്ദിരയാണെന്നതുകൊണ്ട് അവളോട് അടുക്കാൻ തോന്നുന്നില്ല. അവൾ വാ തുറന്നതു കൊണ്ടാണ് അമ്മാവന് ഞങ്ങളുടെ മുറി പരിശോധിക്കാനും ഞങ്ങളെ ശിക്ഷിക്കാനും തോന്നിയത്. അല്ലെങ്കിൽ ഒരര മണിക്കൂർ നേരത്തെ ശകാരത്തിൽ ഒതുങ്ങിയേനെ ശിക്ഷ.

മുറി ഒഴിഞ്ഞു കിടന്നു. കട്ടിൽ ഒഴിഞ്ഞു കിടന്നു. ഉയർന്നുവന്ന ഒരു തേങ്ങൽ മനസ്സിലൊതുക്കി ഞാൻ കട്ടിലിൽ മലർന്നു കിടന്നു. കുട്ടേട്ടനുമായുണ്ടായ ആദ്യത്തെ പരിചയപ്പെടൽ വീണ്ടും ഓർത്തു. അന്ന് പകലുണ്ടായ ഏകാന്തത വീണ്ടും നാലിരട്ടിയായി അനുഭവപ്പെട്ടു. ഇനി ഒറ്റയ്ക്കാണ് എന്ന ബോധം വന്നപ്പോൾ അമ്മയെയും രാധേട്ത്തിയെയും ഓർമ്മ വന്നു. അടുത്ത ശനിയാഴ്ച വീട്ടിൽ പോണം. അമ്മ ഏട്ടനെ കാണാൻ വരാറെയില്ല. വളരെ പഴയൊരു കുടിപ്പകയുടെ ബാക്കിപത്രമാണ്. ഭർത്താവിന്റെ ഒപ്പം ഭാഗവും വാങ്ങി പോകുമ്പോൾ ഇനി ഈ മണ്ണിൽ കാലു കുത്തില്ലെന്ന് ശപഥം ചെയ്തതാണ്. വിധി അമ്മയുടെ ഭാഗത്തായിരുന്നില്ല. ഭർത്താവ് പെ ട്ടെന്നു മരിച്ചു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഒറ്റയ്ക്കു പോറ്റാനുണ്ടായ കഷ്ടപ്പാടിൽ അമ്മയുടെ തീരുമാനങ്ങളും മയപ്പെട്ടു. പെൺകുട്ടിയുടെ ജനനത്തോടെ അമ്മാവനും പഴയ കാര്യങ്ങളെല്ലാം മറന്നു, പെങ്ങളെ കാണാൻ പോയി. മരുമകനിൽ മകളുടെ ഭാവിവരനെ കണ്ട് അവരെ സഹായിക്കാൻ തുടങ്ങി. മരുമകൻ ഹൈസ്‌കൂളിലായപ്പോൾ അവനെ തറവാട്ടിലേയ്ക്കു കൊണ്ടു വന്നു.

ഇത്രയൊക്കെയായിട്ടും അമ്മ പഴയ കറ വച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും അമ്മാവൻ ഓരോ ചാക്ക് കുത്തരിയും തറവാട്ടു വളപ്പിലുണ്ടായ പച്ചക്കറികളും കൊടുത്തയക്കുമ്പോൾ ‘അതൊന്നും എനിയ്ക്കറിയില്ല’ എന്ന ഭാവത്തിൽ അമ്മ തല തിരിക്കും. അതെവിടെയാണ് ഇറക്കി വെയ്‌ക്കേണ്ടത് എന്ന് രാധേട്ത്തി ചുമട്ടുകാർക്ക് പറഞ്ഞു കൊടുക്കും. അവരെക്കൊണ്ടു തന്നെ അത് കലവറയിൽ കൊണ്ടുപോയി വെപ്പിയ്ക്കും. അവരെ വിളിച്ച് അടുക്കളച്ചായ്പ്പിൽ ഇരുത്തി ചായയും പലഹാരങ്ങളും കൊടുത്ത് അമ്മായിയുടെ വിവരങ്ങൾ ചോദിച്ചറിയും. അമ്മയുടെ പെരുമാറ്റം ഒരുതരം കാപട്യമാണെന്ന് നന്ദന് തോന്നാറുണ്ട്. അല്ലെങ്കിൽ യാഥാർത്ഥ്യത്തെ അംഗീകരിയ്ക്കാതിരിക്കാൻ മനസ്സിൽ സ്വയം നിർമ്മിച്ച ഒരു കെട്ടായിരിക്കണം അത്. മരണംവരെ അവർ ആ കെട്ട് അഴിയ്ക്കലുണ്ടായിട്ടില്ല.

വീണ്ടും കുട്ടേട്ടന്റെ കാര്യം ഓർമ്മ വന്നു. രാധേട്ത്തിയ്ക്ക് പകരമായിരുന്നില്ല കുട്ടേട്ടൻ. അതിലുമപ്പുറത്ത് എന്തോ. സ്‌കൂളിലും പുറത്തും തന്നെ സംരക്ഷിച്ചു കൊണ്ടിരുന്നു, തന്നേക്കാൾ രണ്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടേട്ടൻ. ഇപ്പോൾ ഞാൻ ഏകനാണ്. എന്റെ പ്രശ്‌നങ്ങൾ ആരോടും പറയാനില്ല, ആരിൽനിന്നും സാന്ത്വനം പ്രതീക്ഷിക്കാനുമില്ല.

‘നന്ദേട്ടനെന്താ കരയ്യാണോ?’

ഞാൻ കണ്ണു തുറന്നു നോക്കി. ഇന്ദിര കട്ടിലിന്റെ അടുത്ത് വന്ന് നോക്കി നിൽക്കുകയാണ്. ശരിയാണ് ഞാൻ കരയുകയാണ്. ഞാനറിയാതെ കണ്ണീർ വാർന്നൊഴുകി തലയിണ നനയ്ക്കുകയായിരുന്നു. ഞാൻ കണ്ണു തുടച്ച് എഴുന്നേറ്റിരുന്നു. എന്തുകൊണ്ടോ ഇന്ദിരയോടുള്ള ശത്രുത ആ നിമിഷത്തിൽ ഞാൻ മറന്നുപോയി. ഞാനവളെ നോക്കി. അവൾക്ക് വല്ലാതെ മാറ്റം വന്നിരുന്നു. പെട്ടെന്നവൾ വലിയൊരു കുട്ടിയായ പോലെ. കഴിഞ്ഞ ഒരു മാസമായി ഞാനവളുടെ മുഖത്തേ നോക്കിയിരുന്നില്ല. ഇപ്പോൾ അവൾ മുമ്പിൽ നിൽക്കുകയാണ്, എന്നെ പിച്ചി ഉപദ്രവിച്ചിരുന്ന കാലത്തു നിന്ന് വളരെ വളർന്ന് പക്വത വന്ന പോലെ.

‘കുട്ടേട്ടൻ പോയതില് സങ്കടംണ്ടോ?’ അവൾ വീണ്ടും ചോദിക്കുകയാണ്.

‘നിനക്ക് സങ്കടംല്യേ?’

‘ഉം, കുറേശ്ശെ. അമ്മേടെം നന്ദേട്ടന്റീം അത്രെ്യാന്നുംല്യ.’

ഞാൻ അവളെ ഒരു ചോദ്യത്തോടെ നോക്കി.

‘എന്താന്നറീല്യ. എനിയ്ക്ക് സങ്കടൂം സന്തോഷും ഒക്കെ കൊറവെ വരാറുള്ളു. നന്ദേട്ടന് ഒറ്റയ്ക്ക് കെടക്കാൻ പേടിണ്ടോ?’

‘കൊറേശ്ശെ.’ ഞാൻ പകുതി സത്യം പറഞ്ഞു. ശരിയ്ക്കു പറഞ്ഞാൽ ഒറ്റയ്ക്കു കിടക്കുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ഓർത്തത്. മുകളിലെ നിലയിൽ ഞാൻ ഒറ്റയ്ക്കാവും. അതിനും മുകളിലാണ് ആ ശപിയ്ക്കപ്പെട്ട തട്ടിൻപുറം. എനിയ്ക്ക് നല്ല പേടിയുണ്ട്.

‘ഞാൻ വരണോ കൂട്ടു കിടക്കാൻ?’

ഓ! ഒരു ധൈര്യശാലി! എന്ന മട്ടിൽ ഞാനവളെ നോക്കി.

‘ശരിക്കും പറയ്യാണ്. ഈ ഭാഗത്ത് ഒരു കട്ടിലിട്ടു തരാൻ പറഞ്ഞാ മതി. ന്നാ അമ്മെടെ അട്ത്ത്ന്നും രക്ഷപ്പെടാലോ. ധൈര്യശാല്യായിട്ടല്ല, എനിയ്ക്ക് സങ്കടും സന്തോഷും മാതിരി പേടീം കൊറവാ. ‘

അതു ശരിയാണ്. കാരണം നേരം ഇരുട്ടിയാലും അവൾ ഒറ്റയ്ക്ക് പറമ്പിലുള്ള കാവിൽ വിളക്കു വെയ്ക്കാൻ പോകാറുണ്ട്. സത്യം പറഞ്ഞാൽ എനിയ്ക്ക് ഒറ്റയ്ക്ക് ആ കാവിന്റെ അടുത്ത് പകൽ നേരത്തു കൂടി പോവാൻ പേടിയാണ്.

‘വേണങ്കിൽ പറഞ്ഞോളു. ഞാൻ അമ്മ്യോട് ചോദിച്ചിട്ട് ഇവിടെ കിടക്കാം.’

‘വേണ്ട താൻ അമ്മേടെ ഒപ്പം തന്നെ കിടന്നാ മതി.’ ധൈര്യത്തിനുവേണ്ടി കൂട്ടുകിടക്കാൻ വരുന്നത് എന്നേക്കാൾ നാലു വയസ്സു താഴെയുള്ള ഒരു പെൺകുട്ടി. ഇതിനേക്കാൾ നാണക്കേടെന്താണുള്ളത്?

താഴെ കോണിച്ചുവട്ടിൽ നിന്ന് അമ്മായി വിളിച്ചു. ഇന്ദിര വിളി കേട്ടു. ‘എന്താ അമ്മേ?’

‘നിങ്ങക്ക് ചായ കുടിയ്ക്കണ്ടെ. നന്ദേട്ടനോടും വരാൻ പറേ.’

താഴെ തളത്തിലിരുന്ന് ഇലയട തിന്നുമ്പോൾ ഇന്ദിര പറഞ്ഞു.

‘അമ്മേ നന്ദേട്ടൻ കരയ്യായിരുന്നു.’

‘എന്തിന്?’

‘കുട്ടേട്ടൻ പോയ സങ്കടംകൊണ്ട്.’

അമ്മായി നിശ്ശബ്ദയായി. ഞാൻ തലയുയർത്താതെ അട തിന്നു തീർത്തു.

എന്തായാലും അതിനു ശേഷം ഇന്ദിര എന്നോട് വളരെ നന്നായിട്ടേ പെരുമാറിയിട്ടുള്ളു. അച്ഛന്റെ അടുത്ത് ഏഷണി കൂട്ടുന്ന സ്വഭാവം തീരെ വിട്ടു. സാവധാനത്തിൽ അവളോട് രഹസ്യങ്ങൾകൂടി പറയാമെന്നായി. അവളെയും ഏകാന്തത ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ടാവും, അവളറിയാതെത്തന്നെ.

എന്തോ ഭാഗ്യത്തിന് അമ്മാവൻ വലിച്ചെറിയുന്നതിനു മുമ്പു തന്നെ ഞാനാ ചതുരംഗപ്പലകയുടെ ഒരു പകർപ്പ് കടലാസ്സിലെടുത്തു വെച്ചിരുന്നു. ഇപ്പോൾ അതെടുത്തു നോക്കുമ്പോൾ ഇന്ദിര വന്നാലും ഒളിപ്പിച്ചു വെയ്ക്കാറില്ല. അവൾ അതെന്റെ കയ്യിൽനിന്ന് വാങ്ങി നോക്കും. തിരിച്ച് മേശവലിപ്പിലിട്ടുകൊണ്ട് പറയും.

‘നമ്ക്ക് ചതുരംഗം കളിക്ക്യാ?’

ആദ്യമൊക്കെ നിരന്തരം താക്കീത് കൊടുക്കേണ്ടി വന്നിരുന്നു അവളെ. അല്ലെങ്കിൽ അവളുടെ തേരോ ആനയോ കുതിരയോ ഒക്കെ നഷ്ടപ്പെടും. പിന്നീട് അവൾ ശ്രദ്ധിച്ചു കളിക്കാൻ തുടങ്ങി. ഞാൻ കുതിരയെ മുന്നോട്ടു കൊണ്ടു വരുമ്പോൾ അതിന്റെ പിന്നീടുണ്ടായേക്കാവുന്ന രണ്ടു ചലനങ്ങൾകൂടി അവൾ കണക്കിലെടുക്കും. എന്റെ ഉദ്ദേശ്യം അത്രതന്നെ പാവനമല്ലെന്നും അരശു തരുമ്പോൾ അവളുടെ തേരിനെയും കൂട്ടിക്കോർത്ത് അതു തട്ടിയെടുക്കാനല്ലെ എന്നും ചോദിയ്ക്കും.

ആയിടയ്ക്കാണ് തട്ടിൻപുറത്ത് ഒരിക്കൽക്കൂടി പോകാനുള്ള ആഗ്രഹം എനിയ്ക്കുണ്ടായത്. ഒരു തോന്നലായിരുന്നു അത്. എന്തോ എന്നെ പിടിച്ചു വലിക്കുന്നപോലെ. ഓരോ ദിവസം കൂടുംതോറും ആ തോന്നൽ ശക്തമായി വന്നു. എനിയ്ക്കാണെങ്കിൽ ഒറ്റയ്ക്കു പോകാനും നല്ല പേടിണ്ട്. ശരിയ്ക്കു പറഞ്ഞാൽ അതിനെപ്പറ്റി ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥ.

ഒരിക്കൽ ചതുരംഗം കളിയ്ക്കുമ്പോൾ ഇന്ദിര ചോദിച്ചു.

‘നന്ദേട്ടനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയ്യോ?’

‘എന്താ പറയാതെ?’

‘നിങ്ങൾക്ക് ആ ചതുരംഗപ്പലക എവിട്ന്നാ കിട്ടീത്?’ അവളുടെ ചോദ്യം പെട്ടെന്നായിരുന്നു.

ഇനി അവൾ അമ്മാവന്റെ അടുത്ത് ഇതൊന്നും കൊളുത്താൻ പോകുന്നില്ലെന്ന് എനിയ്ക്കറിയാമായിരുന്നു. മാത്രമല്ല ഈ രഹസ്യം, ഞാനും കുട്ടേട്ടനും മാത്രമറിയുന്ന രഹസ്യം, കുട്ടേട്ടനില്ലാത്ത അവസ്ഥയിൽ മറ്റാരോടെങ്കിലും പങ്കുവെയ്ക്കണമെന്നും എനിയ്ക്കുണ്ടായിരുന്നു. ഞാൻ പറഞ്ഞു.

‘മോളില് തട്ടിൻപൊറത്ത് ഒരു പെട്ടീന്ന്.’

അവൾക്കതിന്റെ കഥ മുഴുവൻ അറിയണം. പറയാൻ ഞാനും അതീവ തല്പരനായിരുന്നു. ഒരു മണിക്കൂർ നേരത്തെ കഥാകഥനത്തിനു ശേഷം അവൾ പറഞ്ഞു.

‘ശരിക്കും അദ്ഭുതായിരിക്കുണു അല്ലെ?’

‘അല്ലാതെ?’ ഞാൻ ഇന്ദിരയെ കളിയാക്കിക്കൊണ്ട് പറഞ്ഞു. അതിലെ തമാശ മനസ്സിലാക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവളപ്പോൾ. അവൾ പറഞ്ഞു.

‘നമുക്ക് തട്ടിൻപൊറത്ത് പോയി നോക്ക്വാ?’

‘എന്ത്???’

‘നമുക്കേയ് തട്ടിൻപൊറത്ത് പോയി നോക്കാം. എനിയ്ക്കതൊക്കെ കാണണം. ആ പെട്ടീം, പിന്നെ നിങ്ങള് അലഞ്ഞു തിരിഞ്ഞൂന്ന് പറഞ്ഞില്ലേ ആ വഴീം ഒക്കെ. പറ്റുവെങ്കില് ആ കോണീം.’

ഞാനവളെ അദ്ഭുതത്തോടെ, ആദരവോടെ നോക്കുകയാണ്.

‘പിന്നെ ആ പെട്ടി എനിയ്ക്ക് തൊറക്കാൻ പറ്റ്വോന്നും നോക്കണം.’

ഇത് ഏട്ടന്റെ അനിയത്തി തന്നെ. കുട്ടേട്ടനേക്കാൾ ധൈര്യമുണ്ടെന്നു തോന്നുന്നു ഈ പെണ്ണിന്. ഞാൻ പറഞ്ഞു. ‘നോക്കാം.’

ഇപ്പോൾ മുപ്പതു വർഷങ്ങൾക്കും പതിനാറിലേറെ പഴക്കമുള്ള കൂട്ടുജീവിതത്തിനും ശേഷം ഞാൻ ഇന്ദിരയോട് ചോദിക്കുകയാണ് ആ ചതുരംഗപ്പലകയെപ്പറ്റി. മോൾ അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണ്. അവൾ ഒറ്റയ്ക്കു കിടക്കാൻ തുടങ്ങിയ ശേഷം ഞങ്ങൾ ഉറങ്ങുമ്പോൾ മുറി അടയ്ക്കാറില്ല. അവളും അമ്മയെപ്പോലെ ധൈര്യശാലിയാണ്. വലുതായപ്പോൾ, അമ്മയ്ക്കും അചഛ്‌നും അല്പം സ്വകാര്യത ആവശ്യമുണ്ടാകുമെന്ന് അവൾക്കു തോന്നിക്കാണണം. അവൾ പറയും, ‘നിങ്ങള് മുറി അടച്ചോളു, എനിയ്ക്ക് പേട്യൊന്നുംല്ല്യ.’ എങ്കിലും ഞങ്ങൾ മുറി അടയ്ക്കാറില്ല. ‘എന്തിനാ മുറി അടയ്ക്കണത്? നെനക്കെന്തെങ്കിലും എടുക്കാണ്ടെങ്കില് ഞങ്ങളെ ഒണർത്താതെത്തന്നെ വന്നൂടെ?’

ഞാൻ ഇന്ദിരയോടു ചോദിച്ചു. ‘എങ്ങിനെയാണ് ആ ചെസ്സ്‌ബോർഡ് നിന്റെ കയ്യിൽ പെട്ടത്?’

‘അതൊരു വല്യ കഥ്യാണ്?’ ഇന്ദിര പറഞ്ഞു. ‘ശരിയ്ക്കു പറഞ്ഞാൻ ഒരു മനം മാറ്റത്തിന്റെ കഥ തന്നെ.’

‘ന്ന് വെച്ചാ?’

‘അച്ഛൻ നിങ്ങളെ രണ്ട് പേരേം തല്ലണത് കണ്ടപ്പൊ എനിയ്ക്ക് വല്ലാതെ വിഷമായി.’

‘അങ്ങിന്യൊന്നും ണ്ടാവാറില്ലല്ലൊ. എന്തേ അങ്ങിന്യൊക്കെ തോന്നാൻ?’

‘എന്താന്നറീല്ല്യ. മുമ്പൊക്കെ നിങ്ങളെ അടിക്കണത് കാണുമ്പോ അച്ഛന്റെ പിന്നില് നിന്ന് നന്നായിട്ടുണ്ട്ന്ന് ആംഗ്യം കാണിക്കാറില്ലെ?’

‘ഉണ്ടായിരുന്നു ഞാനതൊന്നും മറന്നിട്ടില്ല, ദുഷ്ട!’

ഇന്ദിര ചിരിച്ചു. ‘പക്ഷെ ആ പ്രാവശ്യത്തെ അടി കുറച്ചു കൂടുതലായി. എനിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി, നിങ്ങളെ ഒറ്റിക്കൊടുത്തതിന്. അതോടെ ഞാൻ അച്ഛന്റെ ഭാഗം വിട്ട് നിങ്ങള്‌ടെ ഭാഗത്തു ചേർന്നു. പക്ഷെ അത് നിങ്ങളെ അറീയ്ക്കാൻ ഒരു വഴീംല്ല്യാ. ഞാൻ അട്ത്ത് വരുമ്പോഴേയ്ക്ക് നിങ്ങള് രണ്ടാളും ഒഴിഞ്ഞു പോവും. എനിയ്ക്ക് വല്യ സങ്കടായി. ഒരീസം ഞാനിരുന്ന് കരഞ്ഞു.’

ഞാൻ അദ്ഭുതത്തോടെ അവളെ നോക്കി. ഇന്ദിര കരയുക! സത്യമായും ഞാനതു വിശ്വസിച്ചില്ല. പക്ഷെ അവളുടെ മുഖത്തെ ഭാവം. എന്തുകൊണ്ടോ അത് വിശ്വസനീയമായിരുന്നു.

‘ഒരു ദിവസം അച്ഛൻ ഈ ചെസ്സ്‌ബോർഡും കൊണ്ട് പറമ്പിലേയ്ക്കു നടക്കണത് കണ്ടു. പറമ്പില് ചവറ് കൂമ്പാരായി കൂട്ടിയിട്ടിട്ട്ണ്ടായിരുന്നു, കത്തിച്ചു കളയാൻ. പറമ്പില് തെങ്ങിന്റെ കടയ്ക്കല് കത്തിക്കാറില്ലെ? ഞാൻ അച്ഛനറിയാതെ ഒളിഞ്ഞുനിന്നു നോക്കി, എന്താണ് മൂപ്പര്‌ടെ ഉദ്ദേശ്യംന്ന്. അച്ചനത് ഒരു ചവറ് കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് അതിന് തീയിട്ടു.’

‘ന്ന്ട്ട്?’

‘എനിയ്ക്ക് വല്ല്യെ സങ്കടായി. എനിക്കറിയാം നിങ്ങൾക്കാവശ്യള്ള ഒരു സാധനാണത്ന്ന്. തീ കത്താൻ തൊടങ്ങ്യേപ്പൊ അച്ഛൻ പോയി. ഞാൻ വേഗം പോയിട്ട് ആ തീയിന്റെ എടേന്ന് ആ ബോർഡ് തപ്പിയെടുത്തു. എന്റെ കൈ പൊള്ളി. ന്നാലും വേണ്ടില്ല, നിങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണംന്ന്ണ്ടായിരുന്നു എനിയ്ക്ക്. ഒരു കാര്യത്തില് എനിയ്ക്ക് അദ്ഭുതം തോന്നി. ആ ചെസ്സ്‌ബോർഡ് നല്ല ചൂടുണ്ടായിരുന്നു. എന്റെ കയ്യ് പൊള്ളിക്കാൻ മാത്രം. ഞാനത് കൊളത്തില് കൊണ്ടുപോയി കഴുകി. നോക്ക്യേപ്പൊ അതിന് ഒന്നും പറ്റീട്ടില്ല്യ. എന്റെ കയ്യും പൊള്ളീല്യ. അതൊരദ്ഭുതല്ലെ?’

ഞാൻ ശാന്തനായി മൂളി. ‘എന്നിട്ട് നീയത് എവിടെ ഒളിപ്പിച്ചുവച്ചു?’

‘ഞാനത് പല സ്ഥലത്തായി ഒളിപ്പിച്ചു വക്ക്യായിരുന്നു.’

‘എന്തേ നീയത് ഞങ്ങൾക്ക് തരാതിരുന്നത്?’

‘അതോ? അത് നിങ്ങടെ പഠിത്തം കൊഴപ്പാക്ക്ണ്ണ്ട്ന്ന് മനസ്സിലായി. അതോണ്ടാ തരാതിരുന്നത്. പിന്നെ നമ്ക്ക് വയസ്സാവുമ്പോ വേറെ പണിയൊന്നുംണ്ടാവില്ലല്ലൊ. അപ്പൊ രണ്ടുപേർക്കും കൂടി അത് നോക്കാംന്നും കരുതി.’

‘മിടുക്കി. അപ്പൊ നീയ് അന്ന്തന്നെ തീർച്ച്യാക്കിക്കഴിഞ്ഞു, ഞാൻ നെന്നെ കെട്ടുംന്ന്. അല്ലെ?’

‘അല്ലാതെ? ഇതിലും നല്ല പെണ്ണിനെ അന്വേഷിച്ച് നന്ദേട്ടൻ എവിടെ പോവാനാ?’

‘പിന്നേയ്…’

‘നമ്മള് തട്ടിൻപൊറത്ത് പോയത് ഓർമ്മണ്ടോ?’ ഇന്ദിര ചോദിച്ചു.