close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 09


അറിയാത്തലങ്ങളിലേയ്ക്ക് 09
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

‘ഇന്നെന്താ നിനക്ക് ഒറക്കല്ല്യേ?’

സാധാരണ അമ്മയുമതെ മോളുമതെ, കിടന്ന ഉടനെ ഉറങ്ങും. വന്ദന മുകളിൽ കാര്യമായി ഇരുന്ന് പഠിക്കുകയാണ്. ഇനി പതിനൊന്നു മണിയ്ക്ക് താഴെ ഇറങ്ങിവന്ന് അവളുടെ മുറിയിലേയ്ക്ക് കടക്കും.

‘ഉംങും. ഓർമ്മല്ല്യേ?’ ഇന്ദിര വീണ്ടും ചോദിയ്ക്കുന്നു.

‘ഓർമ്മണ്ട്.’

‘ഇനീം പോവ്വാൻ തോന്ന്ണ്‌ല്ല്യേ?’

‘ഇല്ല.’ ഞാൻ സത്യം പറഞ്ഞു.

‘നിക്ക് പോവ്വാൻ തോന്ന്ണ്ണ്ട്. നമുക്ക് അടുത്ത പ്രാവശ്യം പോവുമ്പോ എന്തായാലും മോളില് പോയി നോക്കണം.’

‘നമുക്ക് ആലോചിക്കാം. നീ ഇപ്പൊ കെടന്നൊറങ്ങാൻ നോക്ക്.’

അവൾ പിന്നീടൊന്നും സംസാരിച്ചില്ല. എന്തിനാണ് സംസാരിക്കുന്നത്. അവൾ ഒരൊറ്റ ചോദ്യംകൊണ്ട് എന്റെ മനസ്സിൽ ഒരു മല ഇടിച്ചിട്ടിരിയ്ക്കയാണ്. ഇന്ദിരയുടെ ഒപ്പം തട്ടിൻപുറത്തു ഓരോ പ്രാവശ്യം പോയതും എനിയ്ക്ക് നല്ലപോലെ ഓർമ്മയുണ്ട്. ആദ്യം കയറിയത് ഒരു ഞായറാഴ്ച ഉച്ചയ്ക്കാണ്. ഞങ്ങൾ മുകളിൽ ചതുരംഗം കളിക്കുകയായിരുന്നു. താഴെ നിലയിൽ ഓരോരോ ശബ്ദങ്ങളായി കുറഞ്ഞുവന്ന് ഒടുവിൽ തീരെ നിശ്ശബ്ദമായി. താഴെ പോയാൽ അമ്മാവന്റെ കൂർക്കംവലി കേൾക്കാം. അമ്മായി കോണിച്ചുവട്ടിൽ നിന്ന് ഇന്ദിരയെ വിളിച്ചു.

‘മോളെ ഒറങ്ങ്ണില്ല്യേ?’

ഇന്ദിര കോണിയുടെ അടുത്തേയ്ക്കു ചെന്ന് പറയും.

‘ഇല്ലമ്മേ, ഞാൻ നന്ദുവേട്ടന്റെ ഒപ്പം ചതുരംഗം കളിക്ക്യാണ്.’

‘ഞാൻ ഒറങ്ങാൻ പോണു.’ അമ്മായി നടന്നു പോയി. അവർ തളത്തിൽ സിമന്റിട്ട നിലത്താണ് കിടക്കുക. അവിടെ നല്ല തണുപ്പാണ്.

അമ്മായി പോയിക്കഴിഞ്ഞപ്പോൾ ഇന്ദിര തിരിച്ചു വന്നു. നേരെ വന്ന് നിലത്ത് ജനലിനരികെ വച്ച ചതുരംഗപ്പലകയുടെ മുമ്പിലിരിക്കാതെ അവൾ എന്നെ വിളിക്കുകയാണ്.

‘വരൂ, മോളില് പോവ്വാ.’

എനിയ്ക്ക് മാനസികമായി ഒരു തയ്യാറെടുപ്പിനും അവസരം തരാതെയാണവൾ അതു പറഞ്ഞത്. ഞാൻ മടിച്ചു നിന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു വലിക്കയാണ്. ദൈവമേ, ഈ തട്ടിൻപുറത്ത് ഒടുങ്ങാനുള്ളതാണോ എന്റെ ജീവിതം? ഏട്ടൻ പോയപ്പോൾ അനുജത്തി തുടങ്ങിയിരിയ്ക്കയാണ്! ഞാൻ എഴുന്നേറ്റു. എഴുന്നേൽക്കാൻ നിർബ്ബന്ധിതനായി എന്നു പറയുന്നതാവും സത്യം.

തട്ടിൻപുറത്തേയ്ക്കുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവമായിരുന്നു. ഓരോ കാൽ വെപ്പും എന്റെ ധൈര്യത്തിനുള്ള പരീക്ഷയും. പിന്നിൽ നടന്നിരുന്ന ഇന്ദിരയ്ക്ക് യാതൊരു ടെൻഷനുമില്ല. അവൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ സംസാരിക്കുകയാണ്. ശബ്ദം താഴ്ത്തുന്നത് പേടിച്ചിട്ടല്ല മറിച്ച് താഴെ കിടന്നുറങ്ങുന്ന അച്ഛൻ ഉണരുമോ എന്ന് ഭയന്നിട്ടാണ്. തട്ടിൻപുറം കഴിഞ്ഞ പ്രാവശ്യം ഞാനും കുട്ടേട്ടനും പോയിക്കണ്ട അതേ മട്ടിൽത്തന്നെയാണ്. അല്ലെങ്കിൽ മനുഷ്യന്മാർ കയറാത്ത ആ സ്ഥലത്ത് എന്തു മാറ്റമാണ് ഞാൻ പ്രതീക്ഷിക്കുന്നത്? കോണി കയറിയ ഉടനെ കിടന്ന മൂന്നരക്കാലുള്ള മേശമേൽ ആ പഴയ ചിത്രങ്ങൾ കിടന്നിരുന്നു. അവ ഒതുക്കിവച്ച മട്ടിലല്ല, അവിടവിടെയായി അശ്രദ്ധയോടെ വാരിവലിച്ചിട്ടിരിയ്ക്കയാണ്. ഞാൻ മുമ്പോട്ടു നടന്നു. എങ്ങിനെയെങ്കിലും ആ എഴുത്തുപെട്ടി ഇന്ദിരയ്ക്കു കാണിച്ചുകൊടുത്ത് വേഗം സ്ഥലം വിടണമെന്നേ എനിയ്ക്കുള്ളൂ.

എഴുത്തുപെട്ടിയുടെ ഭാഗത്തെത്തിയപ്പോൾ ഞാനവളുടെ മുഖത്തു നോക്കി. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു, എന്താ എന്ന മട്ടിൽ. ഞാനവൾക്കാ പെട്ടി ചൂണ്ടിക്കാട്ടി. അവൾ വേഗം നടന്ന് ആ പെട്ടിയുടെ മുമ്പിൽ ചെന്നിരുന്നു. അവളതു തുറക്കാൻ ശ്രമിക്കുകയാണ്. പക്ഷെ കഴിയുന്നില്ല.

‘ഇതു തുറക്കാൻ കഴിയ്ണില്ല്യ.’ അവൾ നിരാശയോടെ പറഞ്ഞു.

എനിയ്ക്കു വിഷമമായി. എന്തുകൊണ്ടോ അതു തുറക്കാൻ പറ്റുമെന്ന ധാരണയിലാണ് അവൾ അതിനു മുമ്പിലിരുന്നത്. പറ്റുമെന്ന ധാരണ എനിയ്ക്കുമുണ്ടായിരുന്നു. ഞാനവളുടെ അടുത്തു ചെന്നിരുന്ന് അവളോടു പറഞ്ഞു. ‘ഒന്നുകൂടി നോക്ക്, പറ്റും.’

അവൾ തുറക്കാൻ ശ്രമിക്കുമ്പോൾ ഞാൻ അവളറിയാതെ പെട്ടിയുടെ വശത്ത്, അമർത്തിപ്പിടിയ്ക്കാനെന്ന മട്ടിൽ കൈവെച്ച് അടപ്പ് തിക്കി. പെട്ടി തുറന്നു.

‘തൊറന്നു!’ അവൾ അദ്ഭുതത്തോടെ പറഞ്ഞു. അവളറിയാതെ ഞാൻ കൈ വലിച്ചിരുന്നു. അവൾക്കു ചെയ്യാൻ പറ്റുമെന്ന ധാരണയിൽ ഇരിക്കട്ടെ. അവൾ ഉള്ളിൽ കയ്യിട്ട് പരതുകയാണ്. ആകെ കിട്ടിയത് ആ ജാതകം മാത്രം. അതു പുറത്തേയ്‌ക്കെടുത്തപ്പോൾ ഞാൻ പറഞ്ഞു.

‘അത് തിരിച്ച് വെയ്ക്ക്.’

‘എന്തേ?’ അതെടുത്ത് തിരിച്ചും മറിച്ചു നോക്കിക്കൊണ്ട് ഇന്ദിര ചോദിച്ചു.

‘അത് ഏതോ കാരണവര്‌ടെ ജാതകാണ്. മരിച്ചു പോയോര്‌ടെ ജാതകം എടുക്കാൻ പാടില്ല്യാന്ന് പണിക്കരമ്മാവൻ പറഞ്ഞിട്ട്ണ്ട്.’

‘എന്താ കാരണം?’

‘കാരണൊന്നും എനിയ്ക്കറിയില്ല.’ ഞാനത് ധൃതിയിൽ അവളുടെ കയ്യിൽനിന്ന് വാങ്ങി പെട്ടിയിൽ നിക്ഷേപിച്ചു. അവൾ സാവധാനത്തിൽ ഉള്ളിലെല്ലാം നന്നായി നോക്കിക്കൊണ്ട് പെട്ടി അടച്ചു.

‘നമ്ക്ക് തിരിച്ചു പോവ്വാ?’ ഞാൻ പറഞ്ഞു.

‘അപ്പൊ നമ്ക്ക് തട്ടിൻപൊറൊക്കെ കാണണ്ടെ?’

‘വേണ്ട നമ്ക്ക് പോവ്വാം.’

‘നന്ദേട്ടൻ പൊയ്‌ക്കോളു. ഞാൻ ഇവിട്യൊക്കെ നടന്ന് നോക്കീട്ടേ വരു. എനിയ്ക്ക് നിങ്ങള് കണ്ട ആ കോണി കാണണം.’

പൊല്ലാപ്പായി. അവൾ അവിടെയൊക്കെ ചുറ്റി നടന്നിട്ടേ വരൂ എന്ന് എനിയ്ക്കറിയാം. അവളെ അവിടെ ഒറ്റയ്ക്കിട്ട് പോകാനും ഭയം. അവസാനം പറയേണ്ടി വന്നു.

‘എന്നാൽ വാ. വേഗം നടന്ന് കണ്ടിട്ട് പോണം.’

വീണ്ടും ഊടുവഴികളിലൂടെ യാത്ര. ഇപ്രാവശ്യം മുമ്പ് പോയിട്ടില്ലാത്ത വഴികളിലൂടെയാണ് യാത്ര. ആ തട്ടിൻപുറത്ത് ഇത്രയധികം വഴികളെങ്ങിനെ വന്നു എന്നത് എന്റെ യുക്തിക്കു ചേരാത്ത കാര്യമായിരുന്നു. ഇരുവശത്തും പഴയ വസ്തുക്കൾ തന്നെയാണ്. ചീനഭരണികൾ, വീട്ടുസാമാനങ്ങൾ. പൊട്ടിയതും പൊട്ടാത്തതുമായ ഓടുകൾ. ഇന്ദിരയ്ക്കാണെങ്കിൽ ഓരോന്നും വിശദമായി പരിശോധിക്കുകയും വേണം. പല സാധനങ്ങളും ഉപയോഗിക്കാൻ പറ്റിയ നിലയിലായിരുന്നു. ഒരുപക്ഷെ ആ നാലുകെട്ടിൽ താമസിച്ച പല താവഴികളുടെ സാധനങ്ങൾ അപ്പപ്പോഴായി ഉപേക്ഷിച്ചതായിരിയ്ക്കും. അവയുടെ പിന്നിലെല്ലാം ഓരോ കഥകളുണ്ടാവും. തകർന്നുപോയ താവഴികൾ, പല ദുരന്തങ്ങൾ. തലമുറകളുടെ തലച്ചോറിൽനിന്ന് നഷ്ടപ്പെട്ടുപോയ ഓർമ്മകൾ. ഇടയ്ക്കിടയ്ക്ക് ഇന്ദിര ഓരോ സാധനവുമായി എന്റെ അടുത്ത് വരും. ‘നമുക്ക് ഇത് കൊണ്ടു പോവ്വാ?’

അതൊന്നും കൊണ്ടുപോവ്വാൻ പാടില്ലെന്നും, കൊണ്ടുപോയാൽ അവളുടെ അച്ഛൻ രണ്ടുപേരുടെയും ചന്തിയുടെ തോലെടുക്കുമെന്നും പറഞ്ഞപ്പോൾ മാത്രമേ അവൾ അടങ്ങിയുള്ളു. അവൾ പിന്നിൽ നിന്ന് സംസാരിച്ചു കൊണ്ടിരുന്നു. സംസാരം കുറച്ചു ദൂരത്തു നിന്നാവുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി അവളെ വിളിയ്ക്കും. എന്തെങ്കിലും സൂക്ഷ്മമായി പരിശോധിക്കുന്ന അവൾ ആ സാധനം അവിടെ ഇട്ട് ഓടി വരും. അങ്ങിനെ നടന്നുകൊണ്ടിരിയ്‌ക്കെ ഞാൻ എന്റേതായ ഒരു ലോകത്തെത്തി. എന്താണ് ആലോചിച്ചിരുന്നതെന്നറിയില്ല. പിന്നിൽ ഇന്ദിരയുടെ സംസാരം ദൂരെയായി വന്നു. ഞാനതറിയുന്നുണ്ട്. പക്ഷെ അതു കാര്യമാക്കാതെ നടന്നു നീങ്ങുകയാണ്.

പെട്ടെന്ന് ഇന്ദിരയുടെ വിളി കേട്ടു. വളരെയടുത്തുനിന്നായിരുന്നു അത്. ‘നന്ദേട്ടാ, ഇങ്ങട്ടു വരൂ.’

എന്തോ കാണിക്കാനാണ്. ഞാൻ തിരിഞ്ഞുനോക്കി. അവൾ അവിടെയെങ്ങുമില്ല. ഞാൻ കുറച്ചു ദൂരം തിരിഞ്ഞു നടന്നു. അവളുടെ വിളി ഒരിക്കൽക്കൂടി കേട്ടു, പിന്നെ നിശ്ശബ്ദം. എനിയ്ക്കു ഭയമായി. ഞാനവളുടെ പേരു വിളിച്ചുകൊണ്ട് വേഗത്തിൽ നടന്നു. ഓടുകയായിരുന്നെന്നു പറയാം. ഒഴിഞ്ഞു കിടക്കുന്ന അസംഖ്യം ഇടവഴികൾ മാത്രം. എവിടെയും ഇന്ദിരയുടെ നിഴൽ പോലുമില്ല. അവൾ തിരിച്ചു പോയിട്ടുണ്ടാകുമോ? അതോ അവൾക്കു വല്ലതും പറ്റിയിട്ടുണ്ടാകുമോ? ജീവിതത്തിൽ ഇത്രയധികം ടെൻഷനനുഭവിച്ച ഒരവസരം പിന്നീടുണ്ടായിട്ടില്ലെന്നുതന്നെ പറയാം. എനിക്കിപ്പോൾ എങ്ങിനെയെങ്കിലും ആ തട്ടിൻപുറത്തുനിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. ഇന്ദിര താഴേയ്ക്കിറങ്ങിപ്പോയിട്ടുണ്ടാകുമെന്ന ദുർബ്ബല വിശ്വാസത്തിൽ ഞാൻ രക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ ആരായുകയായിരുന്നു. അതിനിടയ്ക്ക് ആരുടെയോ ഒക്കെ നിശ്വാസങ്ങൾ തൊട്ടടുത്തു കേൾക്കുന്നപോലെ തോന്നി. തലമുറകളിലൂടെ, കാലത്തിന്റെ അസ്വസ്ഥമായ വീഥിയിലൂടെ ഞാൻ പിന്നോക്കം യാത്ര ചെയ്യുകയാണ്. എന്തൊരു ഭീതിദമായ തോന്നലായിരുന്നു അത്!

അവസാനം ഞങ്ങൾ കയറിവന്ന കോണി കണ്ടതും ഞാൻ ചടുപിടുന്നനെ താഴേയ്ക്കിറങ്ങി. വീണ്ടും താഴേയ്ക്കുള്ള കോണി ചാടിയിറങ്ങി അടുക്കളത്തളത്തിലേയ്ക്ക് ഓടി. അവിടെ അമ്മായി കിടക്കുന്നുണ്ടാവുമെന്നും അവരോട് ഇന്ദിരയെപ്പറ്റി ചോദിക്കാമെന്നും കരുതി. അടുക്കളത്തളം ശൂന്യമായിരുന്നു. അടുക്കളയിൽനിന്ന് അമ്മായിയുടെ ശബ്ദം കേട്ടപോലെ തോന്നി. ഞാൻ വിളിച്ചു. ‘ഇന്ദിരേ…’

ഇന്ദിര അടുക്കളയിൽനിന്ന് വന്നു. ‘ദാ അമ്മേ നന്ദേട്ടൻ വന്നു, ചായ കൊടുത്തോളു.’

ഞാൻ ഓടിച്ചെന്ന് ഇന്ദിരയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു. ഞാൻ കിതയ്ക്കുന്നുണ്ടായിരുന്നു. ഇന്ദിര കുറച്ചു നേരം പകച്ചു നിന്നു. പിന്നെ ഒരു ചിരിയോടെ ചോദിച്ചു.

‘എന്താ നന്ദേട്ടന് പറ്റീത്? വല്ലാതെ കിതയ്ക്ക്ണ്ണ്ടല്ലോ.’

‘ങുംങും, ഞാൻ തട്ടിൻപൊറത്ത്ന്ന് നെന്നെ കാണാതെ ഓടി വന്നതാ.’

‘അപ്പൊ നന്ദേട്ടൻ ഇത്രേം സമയം തട്ടിൻപൊറത്തായിരുന്നോ?’ അവൾ ശബ്ദം താഴ്ത്തി ചോദിച്ചു. ഞാൻ തലയാട്ടി. അപ്പോഴാണ് ഞാൻ തളത്തിലെ ക്ലോക്കിൽ നോക്കുന്നത്. സമയം ആറുമണിയാവുന്നു. അപ്പോൾ രണ്ടു മണി മുതൽ ആറുമണിവരെ, ഏകദേശം നാലു മണിക്കൂർ ഞാൻ തട്ടിൻപുറത്ത് അലയുകയായിരുന്നു!

‘ണ്ടാക്ക്യേ ചായ തണ്ത്ത് കുടിക്കാൻ കൊള്ളാതായിരിക്കുണു. നീയെവിട്യായിരുന്നു? ഞാൻ വേറെണ്ടാക്കിത്തരാം.’ അമ്മായി അടുക്കളയിൽനിന്ന് വിളിച്ചു പറഞ്ഞു. ‘മോളെ അപ്പളയ്ക്ക് നന്ദേട്ടന് ആ അട എടുത്ത് കൊട്ക്ക്.’

ഇന്ദിര പ്ലെയ്റ്റിൽ കൊണ്ടുവന്നു വച്ച അടയുടെ ഇല മാറ്റുന്നതിനിടയിൽ ഞാൻ ആലോചിച്ചു. എന്താണ് സംഭവിച്ചത്? ഇന്ദിര എന്താണ് എന്നെ കൂട്ടാതെ താഴേയ്ക്ക് വന്നത്? ഇനി വേറെ വല്ല വഴിയിൽക്കൂടിയായിരിക്കുമോ അവൾ ഇറങ്ങിയത്? ഇപ്പോൾ ഒന്നും ചോദിയ്ക്കാൻ പറ്റാത്ത സമയമാണ്. എന്റെ കണ്ണുകളിൽ തങ്ങി നിൽക്കുന്ന ചോദ്യങ്ങൾ അവൾ ശ്രദ്ധിച്ചുവെന്നു തോന്നുന്നു. അവൾ പുരികം ഉയർത്തി കാര്യമെന്തെന്ന് അന്വേഷിച്ചു. പറയാമെന്ന് ഞാൻ ആംഗ്യം കാണിച്ചു. അമ്മായി ചായ കൊണ്ടുവന്ന് മേശപ്പുറത്തു വച്ചു.

‘നീ എവിട്യായിരുന്നു?’

‘അമ്മായീ, ഞാൻ വിനോദിന്റെ വീട്ടിൽ പോയിരിക്ക്യായിരുന്നു. കുറച്ച് നോട്ടെഴുതിയെടുക്കാനുണ്ടായിരുന്നു.’ നുണ പൊളിയരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പറഞ്ഞു. അമ്മായി തൃപ്തയായി.

സന്ധ്യയ്ക്ക് വിളക്കു കൊളുത്തി നാമം ചൊല്ലൽ കഴിഞ്ഞാൽ അമ്മയെ സഹായിക്കാൻ പോകുന്നതിനു മുമ്പ് ഇന്ദിര കുറച്ചു നേരം എന്തെങ്കിലും സംസാരിച്ചുകൊണ്ട് എന്റെ പിന്നാലെ നടക്കാറുണ്ട്. ഞാൻ പോകുന്നിടത്തൊക്കെ സംസാരത്തിന്റെ കണ്ണി മുറിയാതെ അവളുമുണ്ടാകും. അമ്മാവൻ പുറത്തു പോയിരിയ്ക്കയാവും. അമ്മായി അടുക്കളയിൽത്തന്നെയായിരിക്കും. അമ്മായിയുടെ പകുതി ജീവിതവും അടുക്കളയിലാണ്. ബാക്കി പകുതി ജീവിതം ഉറക്കത്തിലും.

മുറ്റത്ത് അരണ്ട വെളിച്ചം മാത്രം. പറമ്പിൽ നിഴൽ വീണുകഴിഞ്ഞിരുന്നു. പലതരം പക്ഷികളുടെ ശബ്ദം മുറ്റത്തെ മൂവാണ്ടൻ മാവിനെ അന്വേഷിച്ചു വരുന്നുണ്ട്. അടുക്കളയിൽനിന്ന് ചോദിക്കാൻ കഴിയാതിരുന്ന കാര്യം ഞാൻ അപ്പോൾ ഇന്ദിരയോട് ചോദിച്ചു.

‘നീ എങ്ങിന്യാണ് തട്ടിൻപൊറത്ത്ന്ന് താഴത്തിറങ്ങിയത്?’

‘ഞാനോ, ഞാൻ നന്ദേട്ടനെ വിളിച്ചു. അപ്പൊ നന്ദേട്ടൻ മുമ്പില് നടക്ക്വായിരുന്നു. അപ്പൊ ഞാൻ തിരിച്ചു നടന്നു. ഞാൻ വിചാരിച്ചു ഏട്ടനും വര്ണ്ണ്ടാവുംന്ന്.’

‘നീ വിളിച്ച ഒടനെ ഞാൻ തിരിഞ്ഞ് നോക്കി. നെന്നെ കണ്ടില്ലല്ലൊ. ഞാൻ കൊറേ നേരം നെന്നേം തെരഞ്ഞ് തട്ടിൻപൊറത്ത് നടന്നു. നെനക്കെന്തെങ്കിലും പറ്റീട്ട്‌ണ്ടോന്ന് വിചാരിച്ചിട്ട് എനിയ്ക്ക് പേടിയായി.’

‘ഇത്രീം നേരം എന്നേം തെരഞ്ഞ് നടക്ക്വായിരുന്നോ?’

‘അതെ.’

‘പാവംട്ടാ, ഞാൻ വിചാരിച്ചു നന്ദേട്ടൻ അറിഞ്ഞിട്ട്ണ്ടാവും ഞാൻ കോണിയിറങ്ങി വന്നത്ന്ന് …~ഒരു മിന്റ്റ്… കോണിയിറങ്ങീട്ട്? ഞാനേതു കോണിയാണ് ഇറങ്ങീത്? അല്ലാ ഞാനെറങ്ങീത്, നന്ദേട്ടൻ പറഞ്ഞില്ലേ ഒരു കോണിയെപ്പറ്റി? ആ കോണ്യാണ്.’ അവൾ കുറച്ചുനേരം ആലോചനയിലായി. ‘ഒരു കോണി… നല്ല ഭംഗിള്ള കോണി. ഒരു ഭാഗത്ത് കടഞ്ഞ അഴികള് വച്ച കോണി. അതിന്റെ ഏറ്റവും താഴത്തെ അഴി പൊട്ടി തൂങ്ങിക്കെടക്ക്വാണ്. ആ കോണി എറങ്ങീത് എനിക്കോർമ്മണ്ട്. താഴത്ത് ഒരു വാതില്ണ്ടായിരുന്നു. അടച്ചിട്ട വാതില്. അത് കടന്ന്…… ഞാനെങ്ങിന്യാണ് താഴെ തളത്തിലെത്തീത്. ഞാൻ അമ്മടെ ഒപ്പം ഒറങ്ങീത് മാത്രേ ഓർമ്മള്ളു.’

ഇന്ദിര ആകെ ആശയക്കുഴപ്പത്തിലായി. എന്റെ ആശയക്കുഴപ്പം മാറി വരികയാണ്. അവൾ ആ കോണിയെപ്പറ്റി ഭാവനയിൽ നിന്നെടുത്തു പറയുകയല്ല. ആ കോണിത്തണ്ടിന്റെ ഏറ്റവും താഴെയുള്ള അഴി അടിയിൽ നിന്ന് പൊട്ടി കൂടുതലുള്ള മുകൾഭാഗം തൂങ്ങിക്കിടക്കുന്നത് കണ്ടതായി എനിക്കിപ്പോൾ ഓർമ്മ വന്നു. അപ്പോൾ? അപ്പോൾ തട്ടിൻപുറത്തു നിന്ന് അങ്ങിനെ ഒരു കോണി ശരിക്കും ഇറങ്ങി വരുന്നുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും കാലത്ത് അങ്ങിനെയൊന്ന് ഇറങ്ങി വന്നിരുന്നു. ഞാൻ എന്നെത്തന്നെ തിരുത്തി. പക്ഷെ അതിപ്പോൾ പൊന്തിവരാൻ കാരണം?