close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 17


അറിയാത്തലങ്ങളിലേയ്ക്ക് 17
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

കറന്റ് വന്നത് രാത്രി ഏഴു മണിയ്ക്കാണ്. ഞങ്ങൾ മുറി പരിശോധിക്കാൻ ഓടുന്നതു കണ്ട ഇന്ദിര പറഞ്ഞു.

‘ഇനി ഊണു കഴിഞ്ഞിട്ടു പോരെ. അച്ഛനും മോൾക്കും തീരെ ക്ഷമല്ല്യ.’

‘ഒരു കാര്യും കൂടി നോക്കാന്ണ്ട്. അത് കഴിഞ്ഞിട്ടു വരാം. അപ്പഴയ്ക്ക് നീ ഊണു ശരിയാക്കു.’

ഞങ്ങൾ ഓടുകതന്നെയായിരുന്നു. വിളക്ക് കത്തി നിന്നിരുന്നത് എടുത്തു തട്ടിന്റെ മേലേയ്ക്കു പിടിച്ചു ഓരോ ഭാഗമായി പരിശോധിയ്ക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ ഹൃദയം പുറത്തു ചാടിയില്ലാ എന്നെയുള്ളു. ഒരു മൂലയിലായി ഒരിക്കൽ കോണി പിടിപ്പിച്ചിരുന്ന ഭാഗം കണ്ടു. ഒരു കൂട്, അത് പിന്നീട് അടച്ചതാണ്. അടച്ച ഭാഗം ഒരു ഫ്രെയിമായി കാണുന്നു.

‘ഇതാണ് ഞാൻ പറഞ്ഞത്, നോക്ക് ഇവിടെ ഒരു കോണിണ്ടായിരുന്നു.’

വന്ദനയ്ക്ക് തൃപ്തിയായി.

‘ഇതായിരിക്കണം ആ മുറി. എന്തായാലും ഇപ്പൊ നോക്കാനൊന്നും പറ്റില്ല. ഊണു കഴിഞ്ഞ് സാവധാനത്തിൽ നോക്കാം. അതിനെടയ്ക്ക് മോളില്‌ത്തെ നെലേല് പോയി അവിടീം ഒന്ന് പരിശോധിയ്ക്കാം.’

ഞങ്ങൾ ഇടനാഴികകളുടെ വളവുകൾ കടന്ന് പുറത്തേയ്ക്കു കടന്നു. നടുമുറ്റത്തിന്റെ വശത്തുകൂടി നടന്ന് കോണി കയറി. നീണ്ട വയർ പ്ലഗ്ഗിൽ നിന്നെടുത്തത് ഒപ്പം കൊണ്ടുപോയി. അവിടെ നല്ല ഇരുട്ടുതന്നെ. പുറത്ത് മായാൻ മടിച്ചുനിന്ന നേരിയ വെളിച്ചം ആ മുറിയിൽ ഒട്ടും എത്തുന്നില്ല. അടുക്കളയുടെ വാതിലിലൂടെ ഭർത്താവിന്റെയും മകളുടെയും പരാക്രമങ്ങൾ വീക്ഷിക്കുന്ന ഇന്ദിര തലയാട്ടി.

മുകളിലെ മുറി കണ്ടുപിടിയ്ക്കുക എളുപ്പമായിരുന്നു, കാരണം അത് ഏറ്റവും അറ്റത്തെ മുറിയാണ്. മുകളിലെ വരാന്തയിൽക്കൂടി ഇടനാഴികയിലേയ്ക്കു കടക്കാം. ഞങ്ങൾ കിടപ്പറയിൽനിന്ന് പ്ലഗ്ഗുുവഴിയെടുത്ത വിളക്ക് കത്തിച്ചു നടന്നു. ആ മുറിയിലും ഒരു സൂത്രോട്ട മാത്രമെയുള്ളു. ജനലുകളില്ല. അതൊരു സാധാരണ മുറി മാത്രം. വീട്ടുസാമാനങ്ങളെല്ലാം മാറ്റിയിരുന്നു. പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ആ മുറിയുടെ തട്ടിൽനിന്നും തട്ടിൻപുറത്തേയ്ക്ക് കോണിവച്ചതിന്റെ തെളിവുണ്ട്. മനസ്സിലാവാത്ത കാര്യം ഒന്നാമതായി ഈ മുറിയിൽനിന്ന് തട്ടിൻപുറത്തേയ്ക്ക് എന്തിനാണ് കോണി വച്ചത്. രണ്ടാമത്, എന്തിനാണ് ആ കോണി എടുത്തു മാറ്റിയത്? കാരണവർ ചെയ്തതെന്തും ദുരൂഹതയുള്ളതായിരുന്നു. ആ മുറിയിലൊന്നും ഒരു നിധി ഒളിപ്പിച്ചു വെയ്ക്കാനുള്ള സ്ഥലം കണ്ടില്ല. ഞങ്ങൾ താഴേയ്ക്കു തിരിച്ചു പോയി. മേശപ്പുറത്ത് ഊണു തയ്യാറായി ഇന്ദിര കാത്തുനിൽക്കുകയാണ്.

‘കിട്ടിയോ?’ അവൾ ചോദിച്ചു?

‘എന്ത്?’

‘നിങ്ങളന്വേഷിക്കണ നിധി?’

‘കളിപ്പിച്ചോട്ടെ അല്ലെ മോളെ?’

‘അല്ല, അതു കിട്ടിയിട്ട് നിങ്ങളെന്താ ചെയ്യാൻ പോണത്?’

‘ഞങ്ങളത് കിട്ടിയിട്ട് ആദ്യം പുതുതായി നല്ലൊരമ്മയെ കൊണ്ടുവരും, അല്ലെ മോളെ?’

‘അല്ലാതെ? ഒരു ബ്രാന്റ് ന്യു അമ്മയെ.’

‘ഇതൊക്കെയാണ് അച്ഛന്റീം മോളടീം മനസ്സിലിരിപ്പ് അല്ലെ? പറഞ്ഞത് നന്നായി. ഇപ്പൊ എന്തായാലും ഭക്ഷണം തയ്യാറായിട്ടുണ്ട്. അതു കഴിച്ചോളു. നാളെ മുതൽ വന്ദനടെ ബ്രാന്റ് ന്യൂ അമ്മയുണ്ടാക്കിത്തരും.’

‘നമ്മളത് പറഞ്ഞത് കുറച്ചു നേരത്തെയായി അല്ലെ?’ വന്ദന പറഞ്ഞു.

കൈ കഴുകി ഊൺമേശയ്ക്കു മുമ്പിലിരിക്കുമ്പോൾ ഞാൻ പറഞ്ഞു.

‘ഗുണപാഠം, മറ്റൊന്നു കിട്ടിയിട്ടേ കയ്യിലുള്ള കിളിയെ വിടാവൂ.’

‘ആട്ടെ, ശരിയ്ക്കു പറയൂ, നിധി കിട്ടിയാൽ എന്താണ് ചെയ്യാൻ പോണത്?’

‘നേർ പകുതി കുട്ടേട്ടനു കൊടുക്കും. മൂപ്പർക്കുകൂടി അവകാശപ്പെട്ടതാണ് ഈ സ്ഥലം, അതോണ്ട്തന്നെ ഈ നിധീം. ബാക്കി പകുതികൊണ്ട് നമ്മടെ കടൊക്കെ വീട്ടും. നമ്മടെ വീടു വെച്ചതിന്റെ കടം ഇനീം ബാക്കിണ്ടല്ലൊ. അതും മറ്റു ചില അല്ലറചില്ലറ കടോം ഒക്കെക്കൂടീട്ട് തീർക്കും. ബാക്കി വല്ലതുംണ്ടെങ്കിൽ അത് നമ്മടെ മോളടെ കല്യാണത്തിന് എടുത്തുവെയ്ക്കും. പോരെ?’

‘മതിമതി, അല്ല, ചോദിച്ചതാ. എന്നിട്ട് വേണല്ലൊ പോയിട്ട് എന്റെ സൂട്ട്‌കേസ് പേക്ക് ചെയ്യാൻ.’

അങ്ങിനെ കാര്യങ്ങൾ രമ്യമായി പരിഹരിച്ച് ഞങ്ങൾ മൂന്നു പേരും ഭക്ഷണത്തിനിരുന്നു.

ഊണു കഴിഞ്ഞപ്പോൾ സുഖമായി കിടന്നുറങ്ങാനാണ് തോന്നുന്നത്. തണുത്ത കാറ്റു വീശുന്നുണ്ട്. എവിടെയോ മഴ പെയ്യുന്നുണ്ട് എന്നർത്ഥം. ഇനി മഴയുടെ ആരവം കേൾക്കാം. ദൂരെനിന്ന് തുടങ്ങി സാവധാനത്തിൽ അടുത്തേയ്ക്കു വന്ന് അത് ഓട്ടിൻപുറത്ത് ശക്തിയോടെ പതിയ്ക്കും. അതിന്റെ ആസുരശബ്ദത്തിൽ ഉറക്കം എവിടെ നിന്നോ ഇരച്ചുവരും. പിന്നെ പിടിച്ചാൽ കിട്ടാതെ കണ്ണുകൾ അടഞ്ഞുപോകുന്നു. ഇന്ന് രണ്ടാലൊന്നറിയുംവിധം തിരച്ചിൽ അവസാനിപ്പിയ്ക്കണം. ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം അവസാനിപ്പിച്ച് തിരിച്ചു പോണം. എത്ര കാലമായി ഈ ഭ്രാന്തു തുടങ്ങിയിട്ട്?

‘ദേവി പറയ്യാണ്,’ ഇന്ദിര സംഭാഷണം തുടങ്ങി. ‘എന്താ നിങ്ങള് വല്ല നിധീം അന്വേഷിക്ക്യാണോന്ന്.’

‘എന്താ അവൾക്കങ്ങിനെ തോന്നാൻ?’

‘അച്ഛന്റീം മോളടീം വെപ്രാളം കണ്ടാല് ഏത് മരമണ്ടനും മനസ്സിലാവും എന്തോ അന്വേഷിക്ക്യാണ്ന്ന്. പത്തിരുനൂറു കൊല്ലം പഴക്കള്ള തറവാടല്ലെ? ഇവിടെ വേറെ എന്ത് അന്വേഷിക്കാനാ?’

ശരിയാണെന്ന് എനിയ്ക്കിപ്പോൾ തോന്നുന്നു.

‘ദൈവമേ, ഇനി അവള് അതും പാട്ടാക്ക്വോ?’

‘ആർക്കറിയാം?’

ഒരു കാര്യം തീർച്ചയായി. വല്ലതും നോക്കാനുണ്ടെങ്കിൽ അതു വേഗം നോക്കി സ്ഥലം വിടുക. ഊണു കഴിക്കൽ ഒരു ചടങ്ങ് മാത്രമായി മാറിയിരുന്നു. കഴിക്കുമ്പോഴും സംസാരിച്ചിരുന്നത് ഒരേയൊരു വിഷയത്തെപ്പറ്റിയായിരുന്നു. എങ്ങിനെയൊക്കെയോ ഭക്ഷണം കഴിച്ചുവെന്നു വരുത്തി ഞാനും വന്ദനയും മുകളിലെത്തി സ്‌കെച്ചു പഠിക്കാൻ തുടങ്ങി. ഊണു കഴിഞ്ഞ ഉടനെ ജോലിയെടുക്കാൻ വയ്യ. പോരാത്തതിന് അയൽക്കാരൊക്കെ ഉറക്കമാവട്ടെ എന്നും ഉദ്ദേശമുണ്ട്.

ഇന്ദിര അടുക്കള പൂട്ടി മുകളിലേയ്ക്കു വന്നു.

‘എവിടെയെത്തി നിങ്ങടെ അന്വേഷണം?’

ഞാൻ ഒന്നും പറയാതെ കമ്പ്യൂട്ടറിന്റെ മോണിറ്റർ അവളുടെ നേരെ തിരിച്ചു പിടിച്ചു. ഞങ്ങളുടെ സംസാരത്തിൽനിന്നും അപ്പപ്പോഴായി ഞങ്ങൾ കമ്പ്യൂട്ടറിൽ ജോലിയെടുക്കുന്നതു നോക്കിയിരുന്നതിൽനിന്നും ഇന്ദിര പ്രശ്‌നത്തിന്റെ കാതലെന്താണെന്ന് മനസ്സിലാക്കിയിരുന്നു.

‘ഇപ്പോൾ നിങ്ങളന്വേഷിക്കണത് ഈ മുറിയിലാണ് അല്ലെ?’ സൂത്രോട്ടയുള്ള വടക്കെ അറ്റത്തെ മുറി ചൂണ്ടിക്കാട്ടി അവൾ ചോദിച്ചു.

‘അതെ?’

‘എന്താ അങ്ങിനെയൊരു ഊഹം നിങ്ങക്ക് കിട്ടിയത്?’

‘അതോ, നമ്മടെ ചതുരുംഗപ്പലക ഈ പറമ്പിന്റെ മാതിര്യാണ്ന്ന് പറഞ്ഞൂലോ. അപ്പോ ഗണപതിയ്ക്ക് പകരം ആനയാണ് സൂചന. കുതിരയ്ക്ക് പകരം പണ്ടുണ്ടായിരുന്ന കുതിരപ്രതിമ. അതിന് നടുവിൽ ദേവൻ അല്ലെങ്കിൽ രാജാവ്. അതായത് അമ്പലം. ഗണപതിയ്ക്കും കുതിരയ്ക്കും എടേല് ഒരു വര വരച്ചൂലോ? രണ്ടിനീം ഘടിപ്പിച്ചുകൊണ്ട്? അതിന്റെ ഒത്ത നടുവിന്ന് താഴോട്ട് ഒരു വര വരച്ചാൽ അത് ഈ മൂന്നു മുറീക്കൂട്യാണ് കടന്നു പോവ്വാ. ഇങ്ങിനെ ഒരു ആശയം കിട്ടീത് ത്രികോണം വരക്കണ എന്റെ സ്വഭാവംണ്ട്‌ലൊ, അത്ന്നാ. അപ്പൊ ആ ത്രികോണങ്ങള് കൂട്ടിച്ചേർക്കാനൊരു നേർരേഖ വരച്ചതാ.’

ഇന്ദിര കുറച്ചുനേരം മോണിറ്ററിൽ നോക്കിയിരുന്നശേഷം എന്തോ പിടികിട്ടിയപോലെ ഞങ്ങളെ നോക്കി. പിന്നെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

‘എവിടെ ആ ചതുരംഗപ്പലക? നോക്കട്ടെ.’

ഒരു മിനുറ്റ് ആ പലക നോക്കിയശേഷം അവൾ ചിരിക്കാൻ തുടങ്ങി.

‘നിങ്ങളെന്തിനാണ് ഇങ്ങിനെ കൂട്ടിക്കൊഴക്കണത്? ആനടീം കുതിരടീം നടുവില്ള്ളത് വെളുത്ത ദേവനാണ്, അല്ലെ? അങ്ങേർക്കല്ലെ ചെക്കു കൊടുത്തിരിയ്ക്കണത്?’

‘അതെ.’

ഭഗവതീന്യാണ് വെളുത്ത ദേവനായിട്ട് കാണിച്ചിരിക്കണത്. മറ്റേ ദേവൻ, കറുത്ത ദേവൻ വെളുത്ത ദേവന് നേരെ എതിർവശത്താണ്. എന്നുവച്ചാൽ പൂജാമുറീല്‌ത്തെ ദേവൻ. അതാരാണ്? നമ്മടെ ശ്യാമകൃഷ്ണൻ തന്നെ. അപ്പൊ ഈ രണ്ടു രാജാക്കന്മാരീം കൂട്ടിച്ചേർത്ത് ഒരു വര വരയ്ക്ക്യല്ലെ വേണ്ടു? അതാണെങ്കിലോ ഒരു നേർവരയും ആണ്. നിങ്ങള് നോക്കണ്ടത് പൂജാമുറീലാണ്.’

EHK Novel 06 Ch17.jpeg

വന്ദന അമ്മയെ ആരാധനയോടെ നോക്കി.

‘ശര്യാണല്ലെ അച്ഛാ, അങ്ങിനീം ഒരു സാധ്യതണ്ടല്ലെ?’

ഞാൻ ഇന്ദിരയുടെ ബുദ്ധിയിൽ അദ്ഭുതപ്പെട്ട് ഇരിയ്ക്കയാണ്.

‘നീ ജീവിതത്തിൽ രണ്ടാമത്തെ പ്രാവശ്യാണ് ബുദ്ധി കാണിക്കണത്.’ ഞാൻ ഇന്ദിരയോട് പറഞ്ഞു.

‘അതെന്താ?’

‘ആദ്യത്തെ പ്രാവശ്യം എന്നെ കല്യാണം കഴിച്ചപ്പോ.’

‘ങാ…അത്രേള്ളൂ?’

വന്ദന അന്വലവും വീട്ടിനുള്ളിലെ പൂജാമുറിയും കൂട്ടിച്ചേർത്തുകൊണ്ട് ഒരു രേഖ വരച്ചു. ശരിയ്ക്കും ഒരു നേർരേഖ. ഒരു ദേവന്റെ അടുത്തുനിന്ന് മറ്റെ ദേവനിലേയ്ക്ക് ഒരു രാജപാത.

‘നമുക്ക് പോയി നോക്കാം.’ ഞാൻ പറഞ്ഞു. ‘നോക്കുന്നതിൽ തെറ്റൊന്നുമില്ലല്ലൊ.’

ഞാൻ കമ്പ്യൂട്ടറിലെ സ്‌കെച്ച് ഒരിക്കൽക്കൂടി പഠിച്ചു. പൂജാമുറി 15 അടി നീളവും ആറടി വീതിയുമുള്ള ചെറിയ മുറിയാണ്. ഞങ്ങൾ എഴുന്നേറ്റു. കോണിയുടെ അടുത്തെത്തിയപ്പോൾ വന്ദന പറഞ്ഞു.

‘അച്ഛാ ഞാനാ അളവു ടേപ്പ് എടുക്കട്ടെ. എന്തെങ്കിലും ആവശ്യം വന്നാലോ?’

അവൾ ടേപ്പ് എടുത്തു കൊണ്ടുവരുന്നതുവരെ ഞങ്ങൾ കോണിച്ചുവട്ടിൽ കാത്തുനിന്നു. ഞാൻ ചോദിച്ചു.

‘മോളെ നീ അളവെടുത്തതൊക്കെ ശരി തന്ന്യല്ലെ?’

എന്താണങ്ങിനെ ചോദിക്കാൻ എന്നെക്കൊണ്ട് തോന്നിപ്പിച്ചത് എന്നറിയില്ല. പക്ഷെ അതു നന്നായി, കാരണം അവൾക്കിപ്പോൾ സംശയമായി.

‘അതേന്നാ തോന്ന്ണത്.’ അവൾ സംശയിച്ചുകൊണ്ട് പറഞ്ഞു. ‘നമുക്ക് എന്തായാലും ഒരിക്കൽക്കൂടി അളവെടുക്കാം.’

ആദ്യം പോയത് പൂജാമുറിയിലേയ്ക്കു തന്നെയായിരുന്നു. വീതി ശരിയ്ക്കും ആറടി തന്നെ. നീളം പക്ഷെ പതിനഞ്ചിനു പകരം 13 അടി മാത്രമേയുള്ളു. അപ്പോൾ? കാരണവരുടെ മുറിയ്ക്കും അടുത്ത മുറിയ്ക്കുമിടയിൽ ഒളിഞ്ഞുകിടക്കുന്നപേലെ ഒരറ പൂജാമുറിയിലും ഉണ്ട്! ആ മുറിയേക്കാൾ സൂരക്ഷിതമാണ് പൂജാമുറി എന്ന് ഇട്ടിരാമക്കാരണവർ കരുതിയിട്ടുണ്ടാവും. ഞങ്ങൾ മൂന്നുപേരും മുഖത്തോടുമുഖം നോക്കി നിൽക്കുകയാണ്.

‘അപ്പ എന്തേ അങ്ങിനെ സംഭവിയ്ക്കാൻ?’ അല്പം കുറ്റബോധത്തോടുകൂടി നിൽക്കുന്ന വന്ദനയെ നോക്കി ഇന്ദിര ചോദിച്ചു.

‘ഞാൻ പറഞ്ഞുതരാം.’ വന്ദനയെ ഒരു വിഷമസന്ധിയിൽ നിന്ന് രക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ‘വരൂ…’

ഞാൻ പൂജാമുറിയ്ക്ക് എതിരെയുള്ള മുറിയിലേയ്ക്ക് അവരെ കൊണ്ടുപോയി. അതൊരു കലവറയാണ്. പൂജാമുറിയുടെ തൊട്ടടുത്തായതുകൊണ്ട് അടുക്കളസാധനങ്ങളൊന്നും അതിൽ വെച്ചിരുന്നില്ല. പൂജാ സാമഗ്രികൾ — അതുതന്നെയുണ്ട് ധാരാളം. പല വലുപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, പിച്ചളത്താലങ്ങൾ, ചെറിയ ചെമ്പുപാത്രങ്ങൾ, എണ്ണപ്പാത്രങ്ങൾ അങ്ങിനെ പലതും. പിന്നെ സദ്യയ്ക്കുപയോഗിച്ചിരുന്ന ചരക്കുകളും ഉരുളികളും വലിയ ചട്ടുകങ്ങളും ഒക്കെ ആയിരുന്നു ആ മുറിയിൽ.

ഞാൻ വന്ദനയുടെ കയ്യിൽനിന്ന് ടേപ്പു വാങ്ങി അളക്കാൻ തുടങ്ങി. അതിന്റെ വീതി 9 അടി. സ്‌കെച്ചിൽ അടയാളപ്പെടുത്തിയ പോലെത്തന്നെ. നീളം 15 അടിയും. അവൾക്കു പറ്റിയ അബദ്ധം രണ്ടു മുറികളും പുറമെനിന്ന് നോക്കുമ്പോൾ ഒരേ നീളമുള്ളതുകൊണ്ട് ഒരു മുറിയുടെ വീതിയെടുത്തുകഴിഞ്ഞപ്പോൾ അതേ അളവ് മറ്റെ മുറിയ്ക്കും, അതായത് പൂജാമുറിയ്ക്കും, ശരിയ്ക്ക് അളവെടുക്കാതെ കൊടുത്തു എന്നതാണ്. കാരണവരുടെ മുറിയിൽ അളവുപിശകു കണ്ടപ്പോഴെങ്കിലും ഞങ്ങൾ അളവുകൾ ഒരിക്കൽക്കൂടി പരിശോധിക്കേണ്ടതായിരുന്നു.

ഞങ്ങൾ പൂജാമുറിയിലേയ്ക്കു പോയി. മുറിയ്ക്ക് നഷ്ടപ്പെട്ട നീളം പ്രതിഷ്ഠയ്ക്കു പിന്നിലാണ് കിടക്കുന്നത് എന്നു മനസ്സിലായി. ആ ചുമരാണ് പൊളിയ്‌ക്കേണ്ടത്.

പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഓട്ടിൻപുറത്ത് കനത്ത തുള്ളികൾ ശക്തിയോടെ വീഴുന്ന ശബ്ദം. കാറ്റിന്റെ ചൂളംവിളി. പക്ഷെ എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ ഇന്ദിരയോട് പറഞ്ഞു.

‘നമുക്ക് പൊളിയ്‌ക്കേണ്ടത് ഈ ബിംബത്തിനു പിന്നിലെ ചുമരാണ്.’

‘അതിനെന്താ?’ അവൾ വളരെ ശാന്തയായി പറഞ്ഞു. ‘നമുക്ക് പൊളിയ്ക്കാം. പിക്കാക്‌സെടുക്കു.’

എനിയ്ക്ക് അദ്ഭുതം തോന്നി. എന്നേക്കാൾ ഭക്തിയുള്ള കൂട്ടത്തിലാണ് അവൾ. എന്നും അമ്പലത്തിൽ പോകും, പ്രാർത്ഥിയ്ക്കും. ഇവിടെ താമസിക്കുന്നിടത്തോളം ദിവസങ്ങൾ മുടക്കാതെ പൂജാമുറിയിൽ വിളക്കു കൊളുത്തും. നാമം ജപിയ്ക്കും. അത്യാവശ്യം ഏകാദശിയും മറ്റും നോൽക്കും. ഇതൊന്നും ചെയ്യാത്ത കക്ഷിയാണ് ഞാനെങ്കിലും ആ ബിംബം അവിടെനിന്ന് മാറ്റുക എന്നാലോചിക്കുമ്പോൾ പേടി തോന്നുന്നു. വന്ദന ഒന്നും പറയാതെ നിൽക്കുകയാണ്. അമ്മ കാര്യങ്ങൾ ഏറ്റെടുത്തത് ഒട്ടൊരാശ്വാസത്തോടെയാണ് അവൾ നോക്കുന്നത്.

‘അപ്പൊ ഈ ബിംബം അവിടന്ന് മാറ്റണ്ടെ?’

‘അതിനെന്താ നന്ദേട്ടാ? ഞാനത് എടക്കെടയ്ക്ക് മാറ്റി അവിട്യൊക്കെ വൃത്തിയാക്കാറ്ണ്ട്. പോയി പൊളിക്കാന്ള്ള ആയുധങ്ങളൊക്കെ എടുത്തു കൊണ്ടുവരു. ഞാനിപ്പ ഈ മൂപ്പരെ മാറ്റിത്തരാം.’

അവൾ കുനിഞ്ഞിരുന്ന് പ്രതിമ കയ്യിലെടുത്തു.

‘ഉണ്ണിക്കൃഷ്ണാ, കൊറച്ചു നേരം ഒന്ന് മാറിയിരിയ്ക്കണംട്ട്വോ. ഒന്നും വിചാരിയ്ക്കര്ത്. ഞങ്ങക്ക് ഒരു കാര്യം നോക്കാനാണ്………’

ഞാൻ ആയുധങ്ങളെടുക്കാൻ പോയി.