← കെ.ബി.പ്രസന്നകുമാർ
ഇരുള്‍ വനങ്ങൾ പറയുന്നത്
ഇരുള്‍
ഓര്‍മ്മയുടെ അഗാധത.
പുഴയുടെ തന്ത്രികളില്‍
ജലമര്‍മ്മരങ്ങളുടെ
ആഭേരി.
മരത്തലപ്പുകള്‍
നിശ്ശബ്ദതയുടെ
ഗിരിശിഖരങ്ങള്‍.
എരിയുന്ന
വിറകുകളില്‍
കനലിന്റെ
ചിത്രരേഖകള്‍.
സമയത്തിന്റെ
ഇരുള്‍ കമ്പളങ്ങളിലെ
തണുപ്പ്
വിദൂരഭൂതത്തില്‍നിന്ന്
രാപ്പക്ഷിയുടെ
ചിറകടി.
മരങ്ങളെയുറക്കി
നേര്‍ത്തൊരു സ്ഥായിയില്‍
കാറ്റിന്റെ
കാലസഞ്ചാരം.
ഇരുള്‍ധ്വനികളിലേക്ക്
നിശ്ശബ്ദമാകുന്ന
വാക്ക്.
പുഴ.
വനം.
നിശാസ്പന്ദങ്ങള്‍
ഉളളിലേക്ക്
തുറക്കുന്ന
ജലകവാടങ്ങള്‍.
മുങ്ങിനിവരുമ്പോള്‍
എവിടെ ഭൂതം, ഭാവി,
വര്‍ത്തമാനം?
ഇരുള്‍വനാന്തരങ്ങിലേക്ക്
വിദൂരമായ
സ്മൃതിമേഖലയായ്
നനുത്ത
ആകാശപ്രകാശം
(സൈലന്റ് വാലിയിലെ
ചെറിയ വാഴക്കാട്ടിലെ
രാത്രിവാസത്തിന്റെ ഓര്‍മ്മയ്ക്ക്…)