close
Sayahna Sayahna
Search

ഒരു സംവിധായകന്റെ സമീപനം


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50


ഒരു സംവിധായകന്റെ സമീപനം[1]

യശഃശരീരനായ പുളിമാനയുടെ പ്രസിദ്ധീകൃതമായ ഒരേ ഒരു നാടകമാണ് സമത്വവാദി. കവിതകളിലൂടെയും കഥകളിലൂടെയും സ്വന്തം വ്യക്തിവൈഭവം വെളിപ്പെടുത്തിയ ആ പ്രതിഭാശാലി ഈ ഒരൊററ നാടകംകൊണ്ട് മലയാളനാടകവേദിക്ക് അവിസ്മരണീയനായിത്തീര്‍ന്നിരിക്കുന്നു. ആയിരത്തിതൊളളായിരത്തി നാല്പത്തിനാലിലാണ് അതിന്റെ പ്രസിദ്ധീകരണം. അക്കാലത്തിനുശേഷം രണ്ടോ മൂന്നോ പ്രാവശ്യമേ അത് അരങ്ങേറിയിട്ടുള്ളു. പലതുകൊണ്ടും അന്നത്തെ മാത്രമല്ല ഇന്നത്തെയും, നാടകസാഹിത്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ഗ്രന്ഥമാണിത്. ഇന്നും നമ്മുടെ നാടകസാഹിത്യത്തില്‍ എക്സ്പ്രഷനിസ്ററ് നാടകങ്ങള്‍ തുലോം വിരളം. ആ നിലയ്ക്ക്, നവീനമേഖലകള്‍ അന്വേഷിച്ച് നമ്മുടെ നാടകസാഹിത്യം പ്രയാണമാരംഭിച്ച ആ ആദ്യഘട്ടങ്ങളില്‍ത്തന്നെ ഭാവാത്മകത്വത്തിന്റെ അംശങ്ങള്‍ ധാരാളമുള്ള ഒരു നാടകമുണ്ടായി എന്നത് ഒരത്ഭുതമാണ് - വിശേഷിച്ചും അതിഭാവുകത്വത്തിന്റെ അതിവിശാലമായ ഒരു കളിയരങ്ങില്‍.

ഇങ്ങനെ പലേ സവിശേഷതകളുമുള്ള ഈ നാടകത്തെ ഒരു സംവിധായകന്റെ കാഴ്ചപ്പാടിലൂടെ സമീപിച്ചുനോക്കുവാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. യഥാര്‍ത്ഥ നാടകങ്ങളില്‍നിന്നും വ്യത്യസ്തമായതുകൊണ്ട് ഈ സമ്പ്രദായത്തിലുളള നാടകങ്ങളെ ഒന്നിലധികം രീതികളില്‍ കാണുകയും വ്യഖ്യാനിക്കുകയും ആകാം. റിയലിസ്ററിക് നാടകത്തില്‍പോലും കഥാപാത്രങ്ങള്‍ ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്കു വിഷയമാകാറുണ്ട്. യാഥാര്‍ഥ്യത്തിന്നതീതമായ അന്തരീക്ഷങ്ങള്‍കൂടി ഉള്‍ക്കൊളളുന്ന നാടകങ്ങളെ സംബന്ധിച്ചാകുമ്പോള്‍ ഇതിവൃത്തഘടനയും, പാത്രസംവിധാനവും ക്രിയാംശവികാസം സംഭാഷണം തുടങ്ങിയ അതിന്റെ വിശദാംശങ്ങളോരോന്നും വ്യാഖ്യാനവിധേയമാകാം. ഇത്രയും ഇവിടെ പറഞ്ഞതിനു കാരണമുണ്ട്. സമത്വവാദിക്ക് ഞാന്‍ ഇവിടെ നല്‍കുന്ന വ്യാഖ്യാനം ആ നാടകത്തിന്റെ സവിശേഷതകൊണ്ടുതന്നെ പലതില്‍ ഒന്നുമാത്രമായിത്തീരുന്നു. ഓരോ സംവിധായകനും ഓരോ രീതിയില്‍ ഈ നാടകത്തെ കാണാം; താന്‍ കാണുന്ന ആ പ്രത്യേകരീതിക്കിണങ്ങുന്ന വിധത്തില്‍ അരങ്ങെന്ന മാധ്യമത്തിലൂടെ ആവിഷ്കരിക്കാം. പ്രധാനമായ കാര്യം ഒന്നേയുള്ള. സ്വന്തം മാധ്യമത്തിലൂടെ രംഗവേദി, നടീനടന്‍മാര്‍, ചമയം, രംഗവിതാനം, ദീപവിധാനം, ആദിയായവയിലൂടെ എങ്ങനെ ആ വ്യാഖ്യാനത്തെ അഭിവ്യജ്ഞിച്ചുകാട്ടുന്നു എന്നതാണ്.

ഒന്ന്:

സമത്വവാദിയുടെ രചനയ്ക്കു പിന്നിലുണ്ടായിരുന്ന ലക്ഷ്യമെന്തെന്ന് ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു. അതിപ്രകാരമാണ്: “ഇതാണ് ഞാന്‍ ചെയ്തത്. ഈ അരിസ്റ്റോക്രസിയുണ്ടല്ലോ. അതിനെ ഒരുപിടി മണ്ണു വാരി തറയിലിട്ടു ചികഞ്ഞുനോക്കുംപോലെ ഉദാസീനനായി, പക്ഷെ ഒരു ദാക്ഷിണ്യവുമല്ലാതെ ഞാന്‍ ഒന്നു പരിശോധിച്ചു. അത്രേയുളളൂ.” ഒരു സംവിധായകന്റെ വ്യാഖ്യാനം ഗ്രന്ഥകാരന്റെ വിശദീകരണത്തില്‍തന്നെ അധിഷ്ഠിതമായിക്കൊള്ളണമെന്ന് നിയമമൊന്നുമില്ല. എങ്കിലും നാടകകൃത്തിന്റെ ഉദ്ദേശ്യങ്ങള്‍ അയാള്‍ കണ്ടെത്തിയിരിക്കേണ്ടത് ആവശ്യം പുളിമാനയുടെ മേല്പറഞ്ഞ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ആ നാടകത്തെ നാം പരിശോധിച്ചു നോക്കുക.

ഈ നാടകത്തില്‍ നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം വീര്‍പ്പുമുട്ടിക്കുന്ന, ജീര്‍ണ്ണിച്ചുതുടങ്ങിയ, ആ ‘അരിസ്റ്റോക്ര’സിയുടേതുതന്നെ. അതിനെ എതിര്‍ക്കാനും നശിപ്പിക്കാനും മുന്നോട്ടെത്തുന്ന പുരോഗമനേച്ഛതന്നെയാണ് സമത്വവാദി. ഈ സംഘട്ടനം.

പുളിമാനകൃതികള്‍ - അവതാരിക. പുളിമാന ഇപ്രകാരം തന്നോടു പറഞ്ഞതായി അവതാരികാകാരനായ ശ്രീ. എന്‍. കൃഷ്ണപിളള രേഖപ്പെടുത്തുന്നു.

നിരന്തരവും കാലാതീതവും ആണ്. രണ്ടു സ്ഥാപനങ്ങള്‍, ആശയങ്ങൾ തമ്മില്‍ത്തന്നെ വേണമെന്നുമില്ല; ഒരു വ്യക്തിത്വത്തിന്റെ ആഭ്യന്തരഘടകങ്ങള്‍ തമ്മില്‍ത്തന്നെയാകാം. ഏതായാലും ആ എതിര്‍പ്പിനും സമരത്തിനും പരിണാമങ്ങള്‍ സംഭവിക്കുന്നു; അവ്യക്തലക്ഷ്യങ്ങളുടെ അയാഥാര്‍ത്ഥഭൂവുകള്‍ മറയുന്നു. പരമാര്‍ത്ഥങ്ങളുടെ ദീപരശ്മികള്‍ പുതിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഏതൊരു ഭാവാത്മനാടകത്തിലുമെന്നപോലെ, ഇതിലും ഒന്നിലധികം തലങ്ങളുണ്ട് - അന്തരീക്ഷത്തില്‍. കഥാപാത്രങ്ങളില്‍, അവയിലൂടെ അഭിവ്യഞ്ജിച്ചുവരുന്ന അന്തിമലക്ഷ്യത്തില്‍. ആ ഓരോ തലവും സ്വയം പൂര്‍ണ്ണവും മറ്റൊന്നിനെ ധ്വനിപ്പിക്കുന്നതുമാണുതാനും. പ്രത്യക്ഷത്തില്‍ സമത്വവാദി പ്രദര്‍ശിപ്പിക്കുന്ന തലമെന്താണ്?

ഒരു പ്രഭുമന്ദിരം അതിന്റെ സര്‍വ്വാധികാരിയായ പ്രഭു. അയാളുടെ രണ്ടു പെണ്‍മക്കള്‍. അനന്തരവനായ സമത്വവാദി. ആ വീട്ടിലെ ഏതെങ്കിലും ഒരു കുമാരിയോട് - ആ അന്തരീക്ഷത്തോടുതന്നെ - ഒട്ടിപ്പിടിച്ചുനില്‍ക്കുന്ന കാമുകന്‍. ഇവരാണ് കഥാപാത്രങ്ങള്‍. ഇവരോടൊക്കെ ന്യായവാദം ചെയ്യുകയും അവരെല്ലാം വികാരചപലരാകുമ്പോള്‍ നിഷേധഹാസത്തിന്റെ സ്വരത്തിലും രൂപത്തിലും അവരെ ഉപദേശിക്കുകയും ചെയ്യുന്ന കുടുംബസുഹൃത്തായ ഒരു ബാരിസ്റ്ററും കൂടിയുണ്ട്. സമത്വവാദിയുടെ കയ്യാലുളള പ്രഭുവിന്റെ അന്ത്യം അയാള്‍ക്കു ലഭിക്കുന്ന വധശിക്ഷ, അതില്‍ അയാള്‍ക്കെതിരായി മൊഴികൊടുക്കുന്ന കാമുകിയുടെ വിശ്വാസരാഹിത്യം; അവളെക്കാണ്ട് ആ കൃത്യം നടത്തിക്കുന്ന ഇളയ മകളുടെ സമത്വവാദിയോടുള്ള പ്രണയപ്രതികാരം: അച്ഛന്‍ മരിച്ച രാത്രിയില്‍, കമിതാവുമായുണ്ടായ ഭയവിഹ്വലമായ സംഗമവേളയില്‍ തന്റെ ഉദരം സ്വീകരിച്ച ചൈതന്യത്തെ കിനാവുകാണുന്ന നിത്യവിരഹിണിയായ കാമുകിയുടെ സ്വപ്നങ്ങള്‍ - ഇവയിലൂടെയെല്ലാം കടന്നുപോകുമ്പോള്‍ ആ തലം വിശദമായി നമുക്കു ഉള്‍ക്കൊള്ളുവാനാകും. മററുതലങ്ങളോ?

അവ കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നതും സഹായിക്കേണ്ടതും നാടകകൃതിയാണ്. അങ്ങനെ നോക്കുമ്പോള്‍ ചില സംഭാഷണശകലങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമായിത്തോന്നും. ഒന്നാമങ്കത്തില്‍ സമത്വവാദിയും ബാരിസ്റ്ററും തമ്മിലുള്ള സംഭാഷണം:

സമത്വവാദി: ഞാന്‍ സ്നേഹത്തില്‍ വിശ്വസിക്കുന്നു; സ്നേഹത്തിന്റെ ഗീത ഞാന്‍ പ്രചരിപ്പിക്കുന്നു - സ്ഥിതിസമത്വം.
ബാരിസ്റ്റര്‍: നിങ്ങള്‍ ഒന്നിലും വിശ്വസിക്കുന്നില്ല. നിങ്ങള്‍ക്കു നിങ്ങള്‍ അജ്ഞാതനാണ്.

രണ്ടാമങ്കം.

രണ്ടാംരംഗത്തില്‍ ഇളയ മകള്‍ സമത്വവാദിയോടു ചോദിക്കുന്നു:

ഇളയമകള്‍: എന്താണ് നിങ്ങളുടെ യാഥാര്‍ത്ഥ്യം? സ്നേഹപ്രവാചകനോ നാശമൂര്‍ത്തിയോ?
സമത്വവാദി: നീ എന്റെ രക്തത്തില്‍ നരകം കലര്‍ത്തുന്നു.
ഇളയമകള്‍: ഞാന്‍ നിങ്ങളെ നിങ്ങള്‍ക്കുതന്നെ മനസ്സിലാക്കിത്തരുന്നു. നാടകത്തിന്റെ അന്ത്യത്തില്‍ മൂത്തമകള്‍ സമത്വവാദിയോടു ചോദിക്കുന്നു:
മൂത്തമകള്‍: ഏതാണ് സത്യം? സ്നേഹപ്രവാചകനോ നാശമൂര്‍ത്തിയോ?
സമത്വവാദി: രണ്ടും.

ഈ സംഭാഷണങ്ങള്‍ നാടകത്തിന്റെ പല ഭാഗങ്ങളിലായി പലരുടെ നാവുകളിലൂടെ വെളിപ്പെടുന്ന സംഭാഷണങ്ങള്‍, ഒരു ചൂണ്ടുപലകയായി ഞാന്‍ കാണുന്നു.

സമത്വവാദത്തിന്റെ ലക്ഷ്യമറിയാതെ, മാര്‍ഗ്ഗമറിയാതെ സ്നേഹവിദ്വേഷങ്ങള്‍ എന്തിനെന്നും, ആരിലെന്നും രൂപമില്ലാതെ, ഭാവചപലമായ നിമിഷങ്ങളിലെ അതിസാഹസം കെണ്ടു തന്റെ ലക്ഷ്യം സ്ഥാപിച്ചുകളയാമെന്ന് തെററിദ്ധരിക്കുന്ന സമത്വവാദം വിജയിക്കുന്നില്ല. അതിന് പ്രഭുത്വത്തെ പൂര്‍ണ്ണമായി നശിപ്പിക്കാനാവില്ല. ആ ആവേശം മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമായി പാകപ്പെടും. സ്നേഹപ്രവാചകന്‍ നാശമൂര്‍ത്തിയുമാണെന്ന സത്യം ഗ്രഹിക്കും. ഈ നാടകത്തില്‍ നിശിതവും, പരിഹാസനിര്‍ഭരവുമായ സ്വരത്തില്‍ എല്ലാ കഥാപാത്രങ്ങളുമായി സംവദിക്കുന്ന മനസ്സിന്നുള്ളിലെ തീഷ്ണശക്തമായ യുക്തിചിന്ത - ബാരിസ്റ്റര്‍ - സമത്വവാദിയോടു് ഒരിക്കല്‍ പറയുന്നു.

“നിങ്ങള്‍ വെറുക്കാന്‍ ശക്തനാണോ? ഭയങ്കരമായ, നിഖിലവും ഭസ്മീകരിക്കുന്ന, ഒരു വിദ്വേഷകൊടുംതീ സൃഷ്ടിക്കുവാന്‍ നിങ്ങള്‍ ശക്തനാണോ? അല്ലെങ്കില്‍, സുശക്തമായ, ഗംഭീരമായ, സ്നേഹത്തിനുള്ള പ്രാപ്തി നിങ്ങള്‍ക്കെങ്ങനെയുണ്ടാവും?”

ആ സത്യം അറിയുന്ന - യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും ഭയന്നോടുകയോ, ലക്ഷ്യം നേടാന്‍ തകര്‍ക്കേണ്ടത് ഏതിനെയെന്നറിയാതെ ചഞ്ചലപ്പെടുകയോ ‘ഗംഭീരവും അഗാധവുമായ’ സ്നേഹം കണ്ടറിയുവാന്‍ മാര്‍ഗ്ഗമില്ലാതെ ഉഴലുകയോ ചെയ്ത്, നാശത്തെ അഭിമുഖീകരിച്ചിട്ടും നശിക്കാതെ നില്‍ക്കുന്ന ഒരു പുതിയ ചൈതന്യത്തിന്റെ ഉദയം - അതു സൂചിപ്പിച്ചുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.

സ്ഥിതിസമത്വത്തിനുവേണ്ടിയുളള ആവേശം പ്രഭുത്വത്തോടു ബന്ധപ്പെട്ടതാണ്. പ്രാചീനമായ സമത്വാവസ്ഥയില്‍ നിന്നും ദരിദ്രനും പണക്കാരനുമായി മനുഷ്യന്‍ വേര്‍തിരിഞ്ഞു. ദരിദ്രന്‍ ദാരിദ്ര്യത്തെ ഭയപ്പെട്ട്, അതിനെതിരായി കോട്ടകെട്ടാന്‍ പണക്കാരനായി, പ്രഭുത്വം നേടിയെടുത്തു. ആ ഭയവും, അതിനെതിരായി അയാള്‍ കെട്ടുന്നകോട്ടയും വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രഭുത്വം നേടിയെടുക്കുന്നവന് ആ ഭയത്തില്‍നിന്നും മോചനമില്ല! ‘സമത്വവാദി’യിലെ പ്രഭു ഇതിന്റെ പ്രതിനിധിയാണ്. ആ പ്രഭുത്വത്തിന്റെ അവിഭാജ്യഘടകമാണ് അതിനു ജീവാധാരമായി വര്‍ത്തിക്കുകയും പുതിയ ചൈതന്യങ്ങളേ സ്വപ്നംകാണുകയും സ്നേഹിക്കുകയും അവയുടെ ബീജാധാനത്തിന് തന്നെത്തന്നെ അര്‍പ്പിക്കുയും ചെയ്യുന്ന പ്രകൃതി. സ്നേഹം, വിദ്വേഷം, സ്വാതന്ത്ര്യാഭിവാഞ്ഛ, ജാഡ്യത്തേയും അസ്തപൗരുഷത്തേയും അപഹസിച്ചുതളര്‍ത്തുന്ന ചൈതന്യശക്തി - ഇവ ആ പ്രകൃതിയുടെ മുഖമുദ്രകളാണ്. ഈ നാടകത്തിലെ മൂത്തമകളും ഇളയമകളും ആ പ്രകൃതിയുടെ വ്യത്യസ്തകളെ വെളിപ്പെടുത്തുന്ന രണ്ടു മുഖങ്ങള്‍ മാത്രമാണ്. രണ്ടുപേരും ഒന്നുതന്നെ. മൂത്തമകള്‍ സ്നേഹത്തിന്റെ ഉപരിപ്ലവഭാവത്തെ വെളിപ്പെടുത്തുന്നു. അവള്‍ക്ക് പ്രഭുവിനേയും സമത്വവാദിയേയും ഒപ്പം സ്നേഹിക്കണം. ഒന്നിനേയും വെറുക്കാന്‍ വയ്യാത്ത അവള്‍ കമിതാവിനെ ഒററുകൊടുത്തു എന്നു വരും. ഇളയവളാകട്ടെ ശക്തമായി സ്നേഹിക്കുന്നു; ശക്തമായി വെറുക്കുന്നു. പുരുഷനു ദാസ്യംചെയ്യുവാനല്ല, അവനോടൊപ്പം അന്തസ്സു നിലനിറുത്തുവാന്‍ അഭിലഷിക്കുന്നു. ഒരു പുരുഷനെ, എല്ലാ അര്‍ത്ഥത്തിലും ഒരു പുരുഷനെ അവള്‍ അഭിലഷിക്കുന്നു. നാടകത്തിന്റെ അന്ത്യത്തില്‍ ഈ പ്രകൃതിവൈരുദ്ധ്യങ്ങള്‍ വിസ്മരിച്ച്, സ്വശക്തികള്‍ മുഴുവന്‍ ആവാഹിച്ച്, പുതുതായി ഉയിര്‍ത്തെഴുന്നേല്ക്കുന്ന നവീനചൈതന്യത്തിന് മാതൃത്വമരുളുന്നു. ഇളയ മകള്‍ മൂത്തവളോടു ചേരുന്നു; ദ്വന്ദ്വങ്ങള്‍ ഏകീഭവിക്കുന്നു. അതു പ്രഖ്യാപിക്കുന്നു. “ഞാന്‍ ജീവനെ ഉള്‍ക്കൊള്ളുന്നു. നാശം എന്നെക്കണ്ടു നടുങ്ങും. ഞാന്‍ മാതാവാണ്; പ്രകൃതിയാണ്; ഞാന്‍ നശിക്കുകയില്ല.” അതെ. ആ പ്രകൃതിയുടെ ഉദരത്തില്‍ പുതിയ ചൈതന്യം ഒരു പൊന്നോമനമകന്‍ ജന്‍മമെടുക്കുന്നു. പാരമ്പര്യപ്രഭുത്വത്തിന്റെ അസ്തശക്തമായ കൈകള്‍ ഈ പ്രകൃതിയെ സ്നേഹിക്കാനോ, ഭരിക്കാനോ വേണ്ടി അഭിലഷിച്ചേക്കും; ആ ആഗ്രഹത്തില്‍ അതിനെ പ്രദക്ഷിണം ചെയ്തേക്കും. പക്ഷെ, അതിന്റെ വന്ധ്യശക്തിക്ക് ഒന്നുമൊന്നും ചെയ്യുവാനാവില്ല. ഈ നാടകത്തിലെ കാമുകനെപ്പോലെ ‘കഷ്ടം’ ‘കഷ്ടം’ ‘കഷ്ടം’ എന്ന് അനുപദം ഉരുവിട്ടുകൊണ്ട് നടക്കാം. അത്രമാത്രം. സമത്വവാദിക്ക് അതിനെ നശിപ്പിക്കേണ്ട കാര്യമില്ല. എന്തെന്നാല്‍ അത് ജീര്‍ണ്ണിച്ചു കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ പ്രകൃതിയുടെ ബന്ധം വിട്ടിട്ടില്ലാത്ത, തനിക്കെതിരെ കോട്ടകെട്ടാന്‍ ശ്രമിക്കന്ന പ്രഭുത്വത്തെ എതിര്‍ക്കണം. പ്രകൃതിയെ ആ ബന്ധത്തില്‍ നിന്നു് വിനിവര്‍ത്തിപ്പിക്കണം. അതിന് ആ പ്രകൃതിയെ ഒന്നായിക്കണ്ടേ പററൂ. അതിന്റെ സ്നേഹചപലത മാത്രമല്ല, സ്നേഹവിദ്വേഷങ്ങളുടെ അഗാധമായ അര്‍ത്ഥങ്ങള്‍ അറിയണം. തീഷ്ണനിഷേധത്തിന്റെ സര്‍ഗ്ഗശക്തമായ ആഭിമുഖ്യത്തെ വിഗണിച്ചുകൊണ്ട് - ആ ഇളയ കുമായിയുടെ മൗനസ്നേഹത്തെ അവഗണിച്ചുകൊണ്ട് - സൗമ്യസ്നേഹത്തില്‍ ആമഗ്നനായി സാഹസിക നാശം ചെയ്തതുകൊണ്ടുമായില്ല. യാഥാര്‍ത്ഥ്യമെന്തെന്നറിയാതെ, അതിന്റെ മുന്നില്‍ത്തളര്‍ന്ന് അഭയമായും, സ്വപ്നമായും, ലക്ഷ്യത്തെ വിദൂരതയില്‍ കണ്ടു ഭ്രമിച്ച്, ക്ഷീണിച്ചുപോകുന്നു എന്ന ബോധം ജനിക്കാം; സമത്വവാദം എന്നന്നേയ്ക്കുമായി കഴുവേററപ്പെട്ടതായിത്തോന്നാം. പ്രഭുപാരമ്പര്യം പ്രകൃതിയെ കീഴടക്കിയിരിക്കുന്നതായി വ്യാമോഹവുമുണ്ടാകാം.

എന്നാല്‍ പ്രകൃതി അവിടെ ഒന്നാകുന്നു. സ്നേഹത്തിന്റെ ദൗർബ്ബല്യത്തിന് വിദ്വേഷം ബലം നല്‍കുന്നു. യുക്തിയെ അതു ചൊല്‍പ്പടിക്കാക്കുന്നു. പ്രകൃതി ശക്തയാകുന്നു. ഭൂതകാലത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഭാവിക്കു വ്യക്തമായ രൂപവും, അതു കൈവരിക്കാന്‍വേണ്ട ശക്തിയും നല്‍കുന്നു. വര്‍ത്തമാനത്തില്‍ മാത്രം കണ്ണുനടാന്‍ കല്പിക്കുന്ന പ്രഭുപാരമ്പര്യത്തെ വിഗണിക്കുന്നു. അതിന്റെ ബീജത്തില്‍ ഒരു നവീനസങ്കല്പം വളരുന്നു.

ഒരു സമത്വവാദി യഥാര്‍ത്ഥ സമത്വവാദിയായി പരിണമിക്കുന്നതിനിടയ്ക്കുള്ള മാനസിക പ്രക്രിയകളെ ആവിഷ്കരിക്കുകയാണോ ഈ നാടകം? മനുഷ്യമനസ്സില്‍ അധീശത്വം സ്വാതന്ത്ര്യാഭിവാഞ്ഛ, നവീന മോഹങ്ങള്‍, ഇവ തമ്മില്‍ ഏററുമുട്ടി ജയപരാജയങ്ങളുടെ ഈ നിത്യനാടകം എന്നും നടക്കുന്നുണ്ടാവില്ലെ?

യുക്തിയും പ്രകൃതിയും ഈ നാടകത്തിലെ കഥാപാത്രങ്ങളായി മാറുന്നു. അങ്ങനെ ഒന്നിലധികം തലങ്ങളിലേക്ക്, ഭാവസങ്കല്പങ്ങളിലേയ്ക്ക്, നമ്മെ ഈ നാടകം കൊണ്ടു പോകുന്നു.

ഇത്തരം ഒരു എക്സ്പ്രഷനിസ്ററ് നാടകത്തിന്റെ അന്തരീക്ഷം അഭിവ്യഞ്ജിപ്പിക്കുവാന്‍ അരങ്ങിന്റെ എല്ലാ ഘടകങ്ങളിലൂടെയും സംവിധായകന്‍ ശ്രമിക്കണം. വെളിച്ചവും സംഗീതവുംകൊണ്ടു മാത്രമല്ല, നടീനടന്‍മാരുടെ രംഗസഞ്ചാര നിയന്ത്രണം നിജപ്പെടുത്തിക്കൊണ്ടും, രംഗവേദിക്കുതന്നെ വിവിധതലങ്ങള്‍ കല്പിച്ചുകൊണ്ടും ആവണം അതു സാധിക്കേണ്ടത്. ഒരു യഥാര്‍ത്ഥ നാടകത്തിന്റെ രംഗപ്രസാധനത്തേക്കാള്‍ കൂടുതല്‍ ക്ലേശകരവും, അതുകൊണ്ടുതന്നെ കൂടുതല്‍ ആനന്ദകരവുമാണ് സമത്വവാദിയുടെ അവതരണ യത്നമെന്നു ചുരുക്കം.

മലയാളസാഹിത്യത്തില്‍ ഇരുപത്തഞ്ചുകൊല്ലം മുമ്പുതന്നെ ഇങ്ങനെ ഒരു നാടകമുണ്ടായി എന്നത് നമ്മുടെ നാടകരചനയ്ക്ക് ഒരര്‍ത്ഥത്തില്‍ ഭൂഷണമാണ്. അതിന് ഒരുകാലവും നമമുടെ നാടകമണ്ഡലത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയാതെപോയി എന്നതാകട്ടെ നമ്മുടെ നാടകവേദിക്ക് അപകര്‍ഷവും.

ജി. ശങ്കരപ്പിളള

24-7-‘70.


  1. ’’തിരുവനന്തപുരത്തെ ‘സുവര്‍ണ്ണരേഖ’ എന്ന കലാസംഘടന സമത്വവാദി അവതരിപ്പിച്ചപ്പോള്‍’’