close
Sayahna Sayahna
Search

സമത്വവാദി-അവതാരിക


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50

ആദ്യപതിപ്പിനെഴുതിയ അവതാരിക

— എസ്സ്. വേലായുധന്‍പിളള

പണ്ടത്തെ സോളമന്‍ രാജാവിനെപ്പോലെ, പുതിയതെന്നൊന്നില്ലെന്നു ശഠിക്കുന്ന ഒരു വിഭാഗം എപ്പോഴും ജനസമുദായത്തിലുണ്ട്. എങ്കിലും നമുക്കറിയാം ചലനാത്മകമാണ് പ്രപഞ്ചമെന്നും, ലോകം മുന്നോട്ടു ഗമിക്കുകയാണെന്നും ഉളള പരമാര്‍ത്ഥം. ബുദ്ധിയുള്ള മനുഷ്യനെ ഒരിക്കലും അവന്റെ പരിസരങ്ങള്‍ തൃപ്തിപ്പെടുത്തുന്നില്ല. മോഹനതരമായ ഒരു ലോകവ്യവസ്ഥ കൈവരുത്തുവാന്‍ അഭിലഷിക്കന്ന മനുഷ്യന്‍ മുന്നോട്ടു പോകുവാന്‍ യത്നിക്കുന്നു. മനുഷ്യസമുദായത്തിന്റെ ഭാവിയിലുള്ള ഈ വിശ്വാസമാണ്. പുരോഗതിയുടെ - നവീനതകളിലേക്കു സംക്രമിക്കുന്ന ജീവിത യത്നത്തിന്റെ അടിസ്ഥാനം.

മാമൂലിന്റെ പഴയ പാഠംചൊല്ലല്‍ ക്രൂരമായി ബഹിഷ്കരിക്കപ്പെടുന്നു. പുതിയ ആശയങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ലോകവ്യവസ്ഥയുടെ ആണിക്കല്ലുകള്‍ കുലുങ്ങുന്നു. മൂല്യങ്ങള്‍ക്കു വ്യതിയാനം നേരിടുന്നു. ജീവിതം മററ് എന്തിനെയുംകാൾ വിലമതിക്കപ്പെട്ടു. മതാരംഭകാലം മുതല്‍ നിര്‍ദ്ദയം അടക്കപ്പെട്ടിരുന്ന ഭീമമായ ഒരു സ്വാതന്ത്ര്യവാഞ്ഛയ്ക്കു മോചനം ലഭിച്ചു. ജീവിക്കാനുള്ള വ്യഗ്രത, അക്ഷമ; ധൃതിപിടിച്ച പരീക്ഷണങ്ങള്‍ - മറ്റെന്താണ് ഇന്നുനാം കാണുന്നത്?

ഭാഗധേയങ്ങളേ നിര്‍മ്മിക്കയും, ഭാവിയെ വാര്‍ത്തെടുക്കുകയും ചെയ്യുന്നത്, എന്നും കലാകാരന്‍ തന്നെയാണ്. ഇന്നത്തെ കല, മറ്റെന്നത്തേതിനേയുംകാൾ കൂടുതലായി ജീവിതത്തിന്റെ തത്വം അംഗീകരിക്കപ്പെടുന്നുണ്ട്.

സാഹിത്യത്തില്‍ പല പ്രസ്ഥാനങ്ങളുടേയും പേരുകളുമായി നാം പരിചയപ്പെട്ടുകഴിഞ്ഞു : ക്ലാസിസിസം; റോമാന്റിസിസം, നാച്ച്വറലിസം, റീയലിസം, എക്സ്പ്രഷനിസം ഇങ്ങനെ പലതും. ഇവയില്‍ പലതും തനിരൂപത്തില്‍ ഇന്നും നിലനില്ക്കുന്നുണ്ട്; പലതും ബഹിഷ്കൃതങ്ങളായിട്ടുണ്ട്; വീണ്ടും അംഗീകരിക്കപ്പെടുന്നുമുണ്ട്. ഇന്നത്തെ കലയില്‍ ദൃശ്യമാകുന്ന പ്രത്യേകത, ഈ സകല പ്രസ്ഥാനങ്ങളിലുമുളള സാരാംശങ്ങളെ സ്വീകരിക്കാന്‍ അതു സന്നദ്ധമാണെന്നുളളതാണ്. ഇതൊരു ട്രാജഡിയാണെന്നോ, ഇതു കോമഡിയെന്നോ; ഇത് റീയലിസമെന്നോ, ഇത് എക്സ്പ്രഷനിസമെന്നോ ഇന്നത്തെ നാടകങ്ങളെ സൂക്ഷ്മമായി അതിര്‍ത്തി കല്പിച്ചു പേരിടാന്‍ പ്രയാസമായിരിക്കുന്നു. ജീവിതത്തെ സംബന്ധിച്ച സുവ്യക്തമായ ഒരു തത്വചിന്തയുടേയും, കലയുടെ പരമപ്രയോജനത്തെപ്പററിയുളള സുദൃഢമായ ഒരു ബോധത്തിന്റെയും ഫലമാണ് സാഹിത്യത്തിലെ ഓരോ പ്രസ്ഥാനവും. എല്ലാററിനും അവയുടെ പ്രയോജനവുമുണ്ട്. പക്ഷേ, കാലം വെളിപ്പെടുത്തിയത്, അവ, പൂര്‍ണ്ണതയുടെ സുവര്‍ണ്ണസിംഹാസനത്തിലേക്കുളള ഓരോ പടികള്‍ മാത്രമായിരുന്നുവെന്നും, സത്യത്തിന്റെ താക്കോൽ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ വകയല്ലെന്നുമാണ്. ഓരോ പ്രസ്ഥാനവും ജീവിതത്തിന്റെ ഓരോ വശത്തില്‍ നിര്‍ബ്ബന്ധംപിടിച്ചിരുന്നു. അതാണ് അവയുടെ തെററ്, അഥവാ അപൂര്‍ണ്ണത.

ഇതാ ഒരു പുതിയ നാടകം: ശ്രീ. പുളിമാന പരമേശ്വരന്‍പിളളയുടെ ‘സമത്വവാദി’. കെട്ടിനിന്നു കൃമിക്കുന്ന ഒരു അവസ്ഥയില്‍ നിന്ന്, യാതൊരു മുന്നറിയിപ്പും കൂടാതെ മലയാളസാഹിത്യം മുന്നോട്ട് ഒരു കുതിപ്പ്! അമ്പരപ്പിക്കുന്ന ഒരു പരമാര്‍ത്ഥം! പക്ഷേ, എത്ര സ്വാഗതാര്‍ഹമായ, അഭിമാനാര്‍ഹമായ ഒരു വ്യതിയാനം! മലയാളസാഹിത്യത്തില്‍ മാത്രമല്ല, ഇതരസാഹിത്യങ്ങളില്‍പ്പോലും മാന്യമായ ഒരു സ്ഥാനം സമത്വവാദിക്ക് അനായാസേന ലഭ്യമാകുന്നതാണ്.

ചിന്തയ്ക്കുദീപനമരുളുന്ന ഗ്രന്ഥങ്ങള്‍ മലയാളഭാഷയില്‍ വിരളമാണെന്നു സമ്മതിച്ചേതീരൂ. നൈമിഷികമായ വികാരങ്ങളുടെ ബീഭത്സമായ താണ്ഡവരംഗങ്ങളായാണ് നമ്മുടെ പല നാടകങ്ങളും പ്രത്യക്ഷപ്പെടുന്നത്. ചരിത്രനാടകങ്ങളിലെ ചരിത്രത്തിന്റെ അംശം ഒഴിച്ചാല്‍, പിന്നെ നമ്മുടെ ഭാഷയില്‍ അവശേഷിക്കുന്നത് ശൃംഗാരം മാത്രമാണ്. ചിന്തിപ്പിക്കുന്നത് ഒരപരാധമായി. നമ്മുടെ പ്രേക്ഷകലോകം കണക്കാക്കും. എന്തുകൊണ്ടെന്നാല്‍ അത് കീഴ് നടപ്പിനു വിപരീതമാണ്. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ വിരളതകൊണ്ട്, ചിന്തയും കാവ്യവും ധ്രുവങ്ങളുടെ അന്തരമുള്ള വസ്തുക്കളാണെന്നൊരു വിശ്വാസം ഉണ്ടായിട്ടുണ്ട്. പലനാളായുള്ള ശീലംകൊണ്ട് സംഗീതാത്മകമായ ശബ്ദ ഭംഗിയോ, ഉത്ക്കടവികാര പ്രധാനമായ ഭാഷയോ ഇല്ലാത്ത മലയാളകൃതികള്‍, മലയാളിക്ക് രുചിക്കാതെയായിട്ടുണ്ട്. ചിന്തിക്കുവാനല്ല, ബുദ്ധിപൂര്‍വ്വമായ ആസ്വാദനത്തിനല്ല - എന്തുകൊണ്ടെന്നാല്‍ ചിന്ത കൂടാതെ അതു സാധിക്കയില്ല - തങ്ങളടെ വികാരങ്ങളെ ഒന്നു കാററത്തെടുക്കുവാന്‍; നല്ലതങ്കാളും കുട്ടികളും കളളക്കിണറില്‍ ചാടി മരിക്കുന്നതു കണ്ടു കണ്ണീരൊലിപ്പിക്കുവാന്‍ മാത്രമാണ് നമ്മുടെ പ്രേക്ഷകന്‍ ഹാജരാകുന്നത്. പ്രേക്ഷകലോകത്തോടു ചിന്തിക്കാന്‍ ആവശ്യപ്പെടുന്ന സമത്വവാദി എന്തൊരു ധിക്കാരമാണ് കാണിക്കുന്നത്.

ഏതെങ്കിലും ഒരു ‘ഇസ’ത്തില്‍ പററിപ്പിടിച്ചുനില്‍ക്കാന്‍ ശ്രീ. പരമേശ്വരന്‍പിളള വിസമ്മതിക്കുമെങ്കിലും, ഭാവാത്മകപ്രസ്ഥാനത്തെ സ്വാഗതാര്‍ഹമായ ആയാമൃതയോടുകൂടി സ്വീകരിച്ചിരിക്കുന്ന ഒരു കൃതിയാണ് സമത്വവാദി, എന്നു സൗകര്യത്തിനുവേണ്ടി നിര്‍വ്വചിക്കാം. നാച്ച്വറലിസവും, റീയലിസവും കേവലം ബാഹ്യമായതിനെപ്പററി, മൂലകാരണങ്ങളെപ്പററി അശ്രദ്ധമാണെന്നും പരാതിപ്പെടുന്നു. എക്സ്പ്രഷനിസ്ററു നാടകകര്‍ത്താക്കള്‍, ബാഹ്യമായ സകലതിനേയും തിരസ്കരിച്ച് നിരങ്കുശന്‍മാരായി. എന്നാല്‍ ബാഹ്യസത്യങ്ങളെ സ്വീകരിച്ചും, അന്തര്‍നാടകങ്ങളെ ചിത്രീകരിച്ചും, മൂലകാരണങ്ങളിലേക്കു കടന്നുചെന്ന്, സാര്‍വ്വജനീനമായ സത്യങ്ങളില്‍ എത്തിച്ചേരുകയാണ് സമത്വവാദിയുടെ കര്‍ത്താവു ചെയ്യുന്നത്.

ഒരു പിതാവ് (പ്രഭു): അദ്ദേഹത്തിന്റെ രണ്ടു പുത്രികള്‍; മൂത്ത മകളില്‍ അനുരക്തനായ സമത്വവാദി; ഇളയ മകള്‍ക്കു പ്രതിശ്രുതനായ ഒരു പ്രഭുകുമാരന്‍: ആരിലും അനുരക്തനല്ലാത്ത ബാരിസ്ററര്‍ - ഇവരാണ് സമത്വവാദിയിലെ കഥാപാത്രങ്ങള്‍.

അനിയന്ത്രിതമായ ചില പ്രേരണകള്‍ക്കു വശപ്പെട്ടുപോയ സമത്വവാദി പ്രഭുവിനെ വധിക്കുന്നു. കൊലക്കുററത്തിന് അയാളെ തൂക്കാന്‍ വിധിക്കുന്നു. ലോകം പിന്നെയും മുന്നോട്ടു പോകുന്നു - വലിയ അസാധാരണത്വമൊന്നും ഇല്ലാത്ത ഈ ഒരു സംഭവത്തിനു ചുററുമാണ് പ്രസ്തു നാടകം രചിക്കപ്പെട്ടിരിക്കന്നത്. യുദ്ധകാലപരിതഃസ്ഥിതികളില്‍ കടലാസിന്റെ വിലക്കൂടുതല്‍ തൂലികയ്ക്കു മുന്നില്‍ വിലങ്ങടിച്ചു നില്‍ക്കുകയാണ്. എങ്കിലും, ഏതാനും ചില വരകള്‍ കൂടി ഇട്ട് ഈ ചിത്രം ഏതാണ്ട് പൂര്‍ണ്ണമാക്കാമെന്നു വിചാരിക്കുന്നു.

പ്രഭുത്വം (Aristocracy) ഒരു സ്ഥാപനമെന്ന നിലയില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയിരിക്കുന്നുവെന്നു വിശ്വസിക്കുന്ന ഒരാളാണ് സമത്വവാദിയുടെ കര്‍ത്താവ്. ലോകത്തില്‍ രണ്ടു ശക്തികളുണ്ട്: കേന്ദ്രത്തില്‍നിന്നു അകന്നുപോകാന്‍ ഇച്ഛിക്കുന്നതും, കേന്ദ്രത്തെ പ്രാപിക്കാന്‍ ഇച്ഛിക്കുന്നതും. കേന്ദ്രത്തില്‍ നിന്നു അകന്നുപോകാന്‍ ഇച്ഛിക്കുന്ന ശക്തികള്‍ കൂടുമ്പോള്‍ സ്ഥാപനം നശിക്കുകതന്നെ ചെയ്യാം. സമത്വവാദിയിലെ അന്തരീക്ഷം പ്രഭുത്വത്തിന്റെയാണ്. തകരുന്ന ആ സ്ഥാപനം, പ്രഭുത്വം എങ്ങിനെയാണ് തകരുന്നതെന്നുള്ള ചിത്രമാണ് ശ്രീ. പരമേശ്വരന്‍പിളള പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നത്. ഇളയ മകള്‍, ബാരിസ്ററര്‍, സമത്വവാദി ഇവര്‍ കേന്ദ്രത്തില്‍ നിന്നു അകന്നുപോകാന്‍ ഇച്ഛിക്കുന്ന ബലമുററ ശക്തികളാണ്. പ്രഭുത്വത്തിന്റെ ദുഷിച്ച സന്താനമാണ് കാമുകന്‍. അയാള്‍ എങ്ങോട്ടും കടന്നുകളയാന്‍ യത്നിക്കുന്നില്ല; അതിനുള്ള ബുദ്ധിയില്ല. സ്വയം ദുഷിച്ചുപോയതിനാല്‍ അയാള്‍ പരിസരങ്ങളെ ദുഷിപ്പിക്കുന്നു. മൂത്തമകള്‍ മാത്രമാണ് കേന്ദ്രത്തിനുവേണ്ടി നില്ക്കുന്നത്. ഈ ഒരു പശ്ചാത്തലം ഒരിക്കലും വിസ്മരിച്ചുകൂടാ.

മനസ് തത്വശാസ്ത്രത്തില്‍ സമത്വവാദി വളരെ മുന്നോട്ടു പോയിട്ടുണ്ടെന്നു സമ്മതിക്കണം. മനുഷ്യമനസ്സിന്റെ അഗാധതയിലേക്കു്, മൂലകാരണങ്ങളിലേക്ക്, ശ്രീ. പരമേശ്വരന്‍പിളള വിദഗ്ദ്ധകരങ്ങള്‍ ചെലുത്തി ചില നിത്യസത്യങ്ങളെ എടുത്തുകാണിക്കുന്നു.

സമത്വവാദിയിലെ ഭാഷാരീതിയും, ശ്രീ. പുളിമാന നമ്മെ കാട്ടുന്ന ഒരു പുതുമയാണ്. ഓരോ വാക്കും, ഓരോ വാചകവും, അവയ്ക്കു കഴിവുളളത്ര ഭാരം വഹിക്കുന്നുണ്ട്. ഒററവാക്കുകള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ചെറു വാചകങ്ങള്‍ എന്നിവയില്‍ നിന്നു് പെട്ടെന്ന്, കാവ്യസൗന്ദര്യത്തിന്റെ പാരമ്യത്തിലേക്ക് എത്തിച്ചേരുന്ന മറ്റൊരുതരം വാചകങ്ങള്‍. ഈ രണ്ടു രീതികളുടെ സമഞ്ജസമായ സമ്മേളനം ചമയ്ക്കുന്ന ഇന്ദ്രജാലത്തില്‍ക്കൂടെയാണ് സമത്വവാദിയുടെ കര്‍ത്താവ് നമ്മെ അവസാനംവരെ എത്തിക്കുന്നത്.

ദാരിദ്രത്തിന്റെ ദംഷ്ട്രകളില്‍നിന്ന് രക്ഷപ്പെട്ട്, ദാരിദ്രത്തിനെതിരായി തന്റെ ജീവിതത്തെ സുരക്ഷിതമാക്കുന്ന പ്രഭുപാരമ്പര്യം, മാന്യത എന്നിവയ്ക്കു വേണ്ടി സ്നേഹത്തെ ബലികൊടുക്കുന്ന മൂത്തമകള്‍. ചിന്താമണ്ഡലം കേടുപിടിച്ച, സ്വപ്നലോകദര്‍ശിയും, വികാരഭരിതനുമായ സമത്വവാദി. ശരീരവും മനസ്സും ദുഷിച്ച, സംശയാലുവും വിഷാദപൂര്‍ണ്ണനുമായ കുബേരകുമാരനായ കാമുകന്‍. അങ്ങിനെ ഒരു ദുഷിച്ച പുരുഷനുമായുള്ള സഹവാസംകൊണ്ടും, പ്രേമപ്രതീക്ഷയില്‍ കടന്ന തീവ്രനിരാശകൊണ്ടും, വിദ്വേഷം വമിക്കാന്‍ ഇടയാക്കിയ ഒരു ലോകത്തില്‍നിന്നും ഓടി രക്ഷപെടുന്ന ബുദ്ധിശാലിനിയായ ഇളയ മകള്‍. അവള്‍ ഒരു പുതിയ ലോകത്തിന്റെ ഔവ്വായാകയില്ലെന്നാരറിഞ്ഞു! സ്ത്രീയുടെ വശ്യശക്തിയെ ഭയക്കുകമൂലം, ആ പരമാര്‍ത്ഥം മൂടാന്‍ സ്ത്രീവിദ്വേഷിയായി വേഷംകെട്ടുന്ന ബുദ്ധിമാനെങ്കിലും സാധുവായ ബാരിസ്ററര്‍. ഇങ്ങനെ വിരുദ്ധസ്വഭാവങ്ങളും, വിരുദ്ധാദര്‍ശങ്ങളും, വിരുദ്ധതാല്‍പര്യങ്ങളും തമ്മില്‍തമ്മില്‍ കൂട്ടിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു ചെറിയ ലോകമാണ് അറുപത്തിനാലുപേജില്‍ സമത്വവാദിയുടെ കര്‍ത്താവു വരച്ചുകാണിക്കുന്നത്.

കഷ്ടിച്ച് ഏഴു കഥാപാത്രങ്ങളുളള ഈ നാടകം ഒരൊററ പൂര്‍ണ്ണമായ ആശയത്തിന്റെ നാനാഭാഗങ്ങളെ വിദഗ്ദ്ധമായ രീതിയില്‍ ആവിഷ്കരിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണംകൊണ്ട് ആശയം പൂര്‍ണ്ണതയെ പ്രാപിക്കുന്നു. നന്‍മയും തിന്‍മയും, ദ്വേഷവും സ്നേഹവും രണ്ടും രണ്ടായി നിലനില്ക്കുന്നവയല്ലെന്നും, ഒന്നിനെകൂടാതെ മറ്റൊന്നിന് നിലനില്ക്കാന്‍ സാധിക്കയില്ലെന്നും, ശ്രീ. പരമേശ്വരന്‍പിളള തെളിയിക്കുന്നു. ഇവയ്ക്കെല്ലാം അപ്പുറം നില്ക്കുന്നതും, ഇവ രണ്ടിനാലും ഒരുപോലെ പരിപുഷ്ടമാക്കപ്പെടുന്നതുമാണ് ജീവിതം എന്ന് സമത്വവാദിയില്‍ സമര്‍ത്ഥിക്കപ്പെടുന്നു. ബുദ്ധിമതിയായ ഇളയ മകള്‍ പരിസരങ്ങളില്‍ തൃപ്തിപ്പെടാതെ ഒരു പുതിയ ലോകം ചമയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നു. പാരമ്പര്യത്തിലും, മാന്യതയിലും വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതിക ജീവിയായ മൂത്തവള്‍, മാന്യതയ്ക്കുവേണ്ടി അവളുമായടുക്കുന്ന ജീവിതത്തെയെല്ലാം തുലയ്ക്കുന്നു. എങ്കിലും ഒരു വസ്തുത വ്യക്തമാകുന്നുണ്ട് - അപ്രതിഹതമായ ജീവിതതത്വം.

ചവറ

1-3-1120

എസ്സ്. വേലായുധന്‍പിളള

എം.എ.എല്‍.എല്‍.ബി.