close
Sayahna Sayahna
Search

സമത്വവാദി-രംഗം രണ്ട്


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50

അങ്കം രണ്ട്

രംഗം രണ്ട്

(ഒന്നാംരംഗത്തിലെ മുറി. അതേ സമയം. ഇളയമകള്‍ അതേ നിലയില്‍ നില്‍ക്കുന്നു.)

ഇ: മകള്‍: നശിപ്പിക്കുന്ന വശ്യത!

(സമത്വവാദി പ്രത്യക്ഷപ്പെടുന്നു.)

ഇ: മകള്‍: ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കയായിരുന്നു.

സ: വാദി: എന്നെ?

ഇ: മകള്‍: നിങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. നിങ്ങള്‍ ഇതേവരെ പിടികൊടുത്തില്ല… നിങ്ങള്‍ക്ക് എന്റെ ചേച്ചിയെ കാണണം.

സ: വാദി: അതെ.

ഇ: മകള്‍: നിങ്ങളുടെ ജീവനുവേണ്ടി യാചിക്കുവാന്‍.

സ: വാദി: എന്നെ അനുവദിക്കൂ. ഞാന്‍ അവളെ ഒന്നു കണ്ടുകൊള്ളട്ടെ. അവള്‍ക്കെന്നെ രക്ഷിക്കാന്‍ കഴിയും.

ഇ: മകള്‍: യാചന! നിങ്ങള്‍ എങ്ങനെ ധൈര്യപ്പെടുന്നു, ഇതിനകത്തു കാലുകുത്താന്‍?

സ: വാദി: ധൈര്യമല്ല. ഭീരുത.

ഇ: മകള്‍: കൊലമരവും കയറും –

സ: വാദി: ഭയങ്കരങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍.

ഇ: മകള്‍: കൊലപാതകീ, മറ്റെന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്… ഞങ്ങള്‍ക്കു് ഒരു കടമയുണ്ട്. ഞങ്ങളുടെ സിരകളില്‍ക്കൂടെ പായുന്ന രക്തം, ആ കടമ നിര്‍വ്വഹിക്കാന്‍ ഞങ്ങളോടാവശ്യപ്പെടുന്നു. ഞങ്ങളുടെ ഹൃദയത്തുടിപ്പു ഞങ്ങള്‍ക്കു കേള്‍ക്കാതിരിക്കാന്‍ ഒക്കുകില്ല.

സ: വാദി: നിങ്ങളുടെ രക്തം. അതു സമ്മതിക്കയില്ല.

ഇ: മകള്‍: ഭയങ്കരനായ മനുഷ്യാ! തോക്കുയര്‍ത്തി, കൂസലില്ലാതെ, ഒരു മനുഷ്യനെ കൊല്ലാന്‍ സാധിച്ച നിങ്ങള്‍ –

സ: വാദി: നിനക്കു മനസ്സിലാകയില്ല. ഒരു നിമിഷം എനിക്കനുവദിക്കൂ. അവള്‍ക്കു മനസ്സിലാകും… നീ എന്നെ നശിപ്പിക്കാന്‍ നിൽക്കയാണ്.

ഇ: മകള്‍: നശിക്കൂ. നശിക്കൂ. നിങ്ങള്‍ എന്തിനു ജീവിക്കണം?

സ: വാദി: (മൂത്ത മകള്‍ അകത്തുണ്ടെന്നുള്ള സങ്കല്പത്തില്‍ ഉറച്ച്) സഖീ! നിനക്കു മനസ്സിലാകുന്നില്ലേ? എന്റെ വിളി നീ കേള്‍ക്കുന്നില്ലേ? എന്റെ ശബ്ദം –

ഇ: മകള്‍: കൊലപാതകിയുടെ ശബ്ദം.

സ: വാദി: സഖീ! നിയെന്നെ കാണുകയില്ലേ?

ഇ: മകള്‍: പിതാവന്റെ രക്തം പുരണ്ട ആ മുഖം മകള്‍ക്കു കമനീയമായ കാഴ്ചയായിരിക്കും.

സ: വാദി: നീ എന്തിനെന്നെ തടുക്കുന്നു?

ഇ: മകള്‍: എന്റെ കടമ.

സ: വാദി: നിന്റെ കടമ!… അപ്പോള്‍ ഞാന്‍ ചെയ്തത്?

ഇ: മകള്‍: കൊല.

സ: വാദി: അവളുടെ കാല്‍വിലങ്ങു പൊട്ടിക്കാന്‍; അവളെ സ്വതന്ത്രയാക്കാന്‍, അവളുടെ ഹൃദയത്തിന്റെ ആവേശങ്ങളെ പ്രതിരോധിക്കുന്ന സകല ശക്തികളേയും തകര്‍ക്കാന്‍ – ഞാന്‍ ചെയ്തത്?

ഇ: മകള്‍: കൊല

സ: വാദി: ഞാനാ നിമിഷം ശക്തനായിരുന്നു.

ഇ: മകള്‍: കഴുമരത്തെയും കയറിനെയും നേരിടാന്‍ ആ ശക്തി സഹായിക്കയില്ലേ?

സ: വാദി: ആ ശക്തി പൊയ്പോയി.

ഇ: മകള്‍: അതൊരു ശക്തിയല്ലായിരുന്നു. നൈമിഷികമായ ഒരുന്മാദം.

സ: വാദി: നീ എന്തറിഞ്ഞു?… അന്നുരാത്രി — ലോകം മൂര്‍ഛിച്ചു കിടന്നപ്പോള്‍ — ഇരുട്ടിന്റെ മറവില്‍ — അവളെന്റെ ചൂടുപിടിച്ച നെററിത്തടത്തില്‍ കുളുര്‍മ്മയേറിയ കൈത്തലംകൊണ്ടു തലോടി —

ഇ: മകള്‍: എന്ത്?

സ: വാദി: മധുരമായ സ്വരത്തില്‍, സ്നേഹത്തിന്റെ ഗൂഢഭാഷയില്‍ അസ്ഫുടാക്ഷരങ്ങള്‍ മന്ത്രിച്ചപ്പോള്‍ എന്റെ സിരകള്‍ക്കന്നാദ്യമായി ഒരു അജയ്യമായ ശക്തി. (പെട്ടെന്ന്) ഞാന്‍ ഭ്രാന്തു പുലമ്പുന്നു.

ഇ: മകള്‍: അല്ല. നിങ്ങള്‍ ഒരു രഹസ്യം വെളിപ്പെടുത്തി.

സ: വാദി: (ഉഗ്രമായി) നീ ഒരു പിശാചാണ്… ആ നിമിഷം, ദിഗന്തങ്ങളെ വെല്ലുവിളിച്ചു. പതിനായിരം പനിമതിബിംബങ്ങള്‍ വിളക്കുപിടിച്ച ഒരു വിസ്തൃതപന്ഥാവില്‍ക്കൂടെ എന്റെ ജീവിതത്തിന്റെ ഘോഷയാത്ര മുന്നോട്ടു നീങ്ങുന്നതായി ഞാന്‍ ദര്‍ശിച്ചു. എന്റെ സ്നേഹഗീതയില്‍ ഉയര്‍ന്നു ലോകം സ്ഥിതിസമത്വം വരിക്കുന്നതായും —

ഇ: മകള്‍: അങ്ങിനെ ആ ഘോഷയാത്രയിലെ, ആദ്യത്തെ ആചാരവെടി സ്വന്തം സ്നേഹഭാജത്തിന്റെ പിതൃവക്ഷസ്സില്‍ത്തന്നെ സാധിച്ചു. അങ്ങിനെ ആ സ്നേഹപ്രസ്ഥാനം ഒരു സഹജീവിയുടെ വധംകൊണ്ട് ഉത്ഘാടനം ചെയ്യപ്പെട്ടു.

സ: വാദി: (തകര്‍ന്ന്) പിശാച്… നിന്നെ ഞാന്‍ വെറുക്കുന്നു.

ഇ: മകള്‍: എന്താണു നിങ്ങളുടെ യാഥാര്‍ത്ഥ്യം? — സ്നേഹപ്രവാചകനോ, നാശമൂര്‍ത്തിയോ?

സ: വാദി: നീ എന്റെ രക്തത്തില്‍ നരകം കലര്‍ത്തുന്നു.

ഇ: മകള്‍: ഞാന്‍ നിങ്ങളെ നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കിത്തരുന്നു.

സ: വാദി: നിന്റെ മുന്നില്‍ ഭയങ്കരമായ ഒരു പ്രേരണയ്ക്കു ഞാന്‍ വിധേയനാകുന്നു. വെറുക്കാന്‍, വെറുക്കാന്‍, നീ ഒരു പിശാചാണ്.

ഇ: മകള്‍: ഞാന്‍ വെറുമൊരു സ്ത്രീ. നിങ്ങളുടെ സ്നേഹഭാജനത്തെപ്പോലെ.

സ: വാദി: നീ അവളെപ്പോലെയോ? എന്റെ സ്വപ്നങ്ങള്‍ വിരിയുന്ന മലര്‍വാടിയാണവള്‍. എന്നിലുള്ള നീചമായ സകലതിനേയും തട്ടിയുണര്‍ത്തുന്ന ദുര്‍മന്ത്രവാദിയാണ് നീ. നിന്നില്‍ ആശ്വാസമുണ്ടോ? കുളുര്‍മ്മയുണ്ടോ? നീ നരകത്തീയാണ്.

ഇ: മകള്‍: (അര്‍ദ്ധസ്വഗതം) ഒരു ചൂടുപിടിച്ച നെറ്റിത്തടത്തിനാശ്വാസമരുളാനുള്ള കുളുര്‍മ്മ — ഈ മാറിടത്തിലും കാണുമായിരുന്നു.

സ: വാദി: നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

ഇ: മകള്‍: നിങ്ങള്‍ എന്നെ വെറുക്കുന്നു.

സ: വാദി: ഞാന്‍ നിന്നെ വെറുക്കുന്നു.

ഇ: മകള്‍: നിങ്ങള്‍ എന്റെ ജ്യേഷ്ഠത്തിയെ സ്നേഹിക്കുന്നു.

സ: വാദി: നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ?

ഇ: മകള്‍: എന്റെ സ്നേഹം നിന്ദാപൂര്‍വ്വം തട്ടിയെറിയാനുള്ള ഒരു കാണിക്കയല്ല.

സ: വാദി: നീ എന്നെ സ്നേഹിക്കുന്നെങ്കില്‍ —

ഇ: മകള്‍: സ്വയം തരംതാഴാതിരിക്കൂ. നിങ്ങള്‍ നിഷേധിക്കുന്നതിനെ എന്തിനു കൂട്ടു വിളിക്കുന്നു? നിങ്ങള്‍ വെറുക്കുന്നതിനോടെന്തിനു യാചിക്കുന്നു?

സ: വാദി: ഞാന്‍ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും —

ഇ: മകള്‍: ഓരോ നിമിഷവും നീതിയുടെ വിറയ്ക്കാത്ത കൈകള്‍ നിങ്ങളുടെ കഴുത്തിന് ഒരു കഷണം ബലമുള്ള കയറു പിരിക്കയാണ്.

സ: വാദി: നീ എന്നെ വെറുക്കുന്നു. വെറുക്കുന്നു.

ഇ: മകള്‍: ഞാനും പ്രേരണകള്‍ക്കു വശംവദയാണ്.

സ: വാദി: നിന്റെ പ്രേരണ എന്റെ രക്തത്തെ തിളപ്പിക്കുന്നു.

ഇ: മകള്‍: ഒരിക്കല്‍ കൊന്ന കൈകള്‍ക്കു പിന്നെ മടിയില്ല.

സ: വാദി: നീ എന്നെ അനുവദിക്കയില്ലേ?

ഇ: മകള്‍: തോക്കു കൊണ്ടു വഴി തെളിക്കൂ.

സ: വാദി: അവസാനമായി.

ഇ: മകള്‍: ഘോഷയാത്ര നടക്കട്ടെ.

സ: വാദി: (പെട്ടെന്ന് തളര്‍ന്ന്) ഹാ! ഇന്നെനിക്കു ശക്തിയില്ല.

ഇ: മകള്‍: കൊലപാതകിയുടെ ധൈര്യം ധൈര്യമല്ല. ഭീരുത്വത്തിന്റെ മുറുമുറുപ്പു മാത്രം.

സ: വാദി: ഞാനെങ്ങിനെ വിശ്വസിക്കും? കൊലപാതകി!… ഞാന്‍ — അതാണെന്ന്? എനിക്കു വിശ്വാസമാകുന്നില്ല.

ഇ: മകള്‍: നിങ്ങളുടെ ചിന്താമണ്ഡലം കേടുപിടിച്ചുപോയി. നിങ്ങള്‍ ഒരു കൊലപാതകിയാണ്. നരഹത്യചെയ്യുന്ന മറ്റാരെയുംപോലെ. നിങ്ങള്‍ വ്യത്യസ്തനാണെന്നു വെറുതെ സ്വപ്നം കാണാതിരിക്കൂ.

സ: വാദി: (വ്യഗ്രതയോടെ) അവള്‍ അകത്തുണ്ട്. ഒന്നു കാണാന്‍ — ഒന്നു മറക്കാന്‍ — പരമാര്‍ത്ഥങ്ങളുടെ വിളിയില്‍ നിന്നും —

ഇ: മകള്‍: നിങ്ങള്‍ക്കു കണ്ണില്ലേ? ഈ ചുററും എന്താണു കാണുന്നതു്? ഈ കറുത്ത വിരികള്‍; ഈ ശ്മശാനനിശ്ശബ്ദത; ഈ ഞരുങ്ങിനിന്നു മൂര്‍ച്ഛിക്കുന്ന മ്ലാനത. ഇതെല്ലാം ആരു സൃഷ്ടിച്ചു?

സ: വാദി: കറുത്ത വിരികള്‍… ശ്മശാനനിശ്ശബ്ദത…

ഇ: മകള്‍: ആരു സൃഷ്ടിച്ചു?

സ: വാദി: ആരു സൃഷ്ടി… എനിക്കു രക്ഷ വേണം. അഭയം.

ഇ: മകള്‍: ഭീരു.

സ: വാദി: പിശാചേ —

ഇ: മകള്‍: ഈ കറുത്ത വിരികള്‍; ഈ ശ്മശാനനിശ്ശബ്ദത; ഈ നിറഞ്ഞു നിന്നു മൂര്‍ച്ചിക്കുന്ന മ്ലാനത — ഇവയ്ക്കൊരൊററ വ്യാഖ്യാനമേ ഉള്ളൂ. നിങ്ങളുടെ രക്തം.

സ: വാദി: എന്റെ രക്തം. എന്റെ രക്തം… ഇതേതു നരകം? ഇതിനകത്തെവിടെയാണെന്റെ ആശ്വാസം? ഞാനാരെത്തേടി?

ഇ: മകള്‍: ഇവയുടെ ദാഹം ഭയങ്കരമാണു്. നിങ്ങളുടെ രക്തം!

സ: വാദി: എന്റെ രക്തം — ആര്‍ക്കാണു ദാഹം? നല്കാം. എന്റെ രക്തം! നീ ഈ വിളി കേള്‍ക്കുന്നില്ലേ? അകത്ത് മൂടുപടമിട്ടിരിക്കുന്നവളേ! എന്റെ രക്തം! ഹായ് ഈ വീടിന്റെ ദാഹം!

ഇ: മകള്‍: പ്രതികാരം.

സ: വാദി: പ്രതികാരം! അതുതന്നെ… കേള്‍ക്കൂ. ഇതു വീടല്ല. തകര്‍ന്ന സ്വപ്നങ്ങളുടെ ശവകുടീരം. ഇതിനു ചുററും പിശാചുക്കളുണ്ട്. പ്രേതങ്ങളുടെ ഞരങ്ങലുണ്ട്. വീടല്ല. ശ്മശാനം. ഞാന്‍ പോകയാണ്. (സാവധാനം നടക്കുന്നു. പെട്ടെന്നു തിരിഞ്ഞുനിന്ന്) ഇന്നലെവരെ ഞാന്‍ സ്നേഹത്തില്‍ വിശ്വസിച്ചു. നാളെ — ആര്‍ക്കറിയാം. (മറയുന്നു)

ഇ: മകള്‍: (നോക്കിനിന്നിട്ട്) അതാ പോകുന്നു — ഞാന്‍ സ്നേഹിക്കുന്ന ഒററ മനുഷ്യന്‍!