സമത്വവാദി-അങ്കം മൂന്ന്
|
സമത്വവാദി | |
---|---|
ഗ്രന്ഥകർത്താവ് | പുളിമാന പരമേശ്വരന്‍പിളള |
മൂലകൃതി | സമത്വവാദി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നാടകം |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 50 |
അങ്കം മൂന്ന്
(ഒന്നാം അങ്കത്തിലെ രംഗം. റേഡിയോയുടെ സമീപം ഇരിക്കുന്നത് കാമുകനാണ്. അല്പം ദൂരെ മൂത്തമകള്‍ തുന്നിക്കൊണ്ടിരിക്കുന്നു. അവള്‍ ഒരു കുഞ്ഞിന്റെ ഉടുപ്പു തുന്നുകയാണ്. അരികെയുള്ള ചെറുമേശമേല്‍ ഒരു ശിശുവിനു ധരിക്കാനുള്ള കമ്പിളിത്തൊപ്പിയും കാലുറകളും കിടക്കുന്നു. ദമ്പതികള്‍ അവരുടെ ചിന്തകളില്‍ ലയിച്ചിരിക്കയാണ്. ചിലപ്പോള്‍ അവള്‍ തയ്യല്‍ നിറുത്തി അയാളെ നോക്കും — ഒരു വിഷമിപ്പിക്കുന്ന പ്രശ്നം! വീണ്ടും തയ്ച്ചുതുടങ്ങും. അയാള്‍ റേഡിയോ നിര്‍ത്തുന്നു. നിശബ്ദത)
കാമുകന്‍ : മുഷിഞ്ഞു!
മൂ: മകള്‍ : ജീവിതം?
കാമുകന്‍ : അല്ല. പാട്ട്.
മൂ: മകള്‍ : സ്വരമൊന്നു മാറണം.
കാമുകന്‍ : എന്തിന്?
മൂ: മകള്‍ : നവീനത.
കാമുകന്‍ : നീ എന്താണ് മനസ്സിലാകാത്ത രീതിയില്‍ സംസാരിക്കന്നത്? ഈയ്യിടെ?
മൂ: മകള്‍ : ആറുമാസമായി —
കാമുകന്‍ : നമ്മുടെ വിവാഹം കഴിഞ്ഞിട്ട്.
മൂ: മകള്‍ : അതേ.
കാമുകന്‍ : അതിന്?
മൂ: മകള്‍ : എന്റെ സംസാരം മനസ്സിലാകുന്നില്ലേ?
കാമുകന്‍ : വിഷമിപ്പിക്കുന്നു.
മൂ: മകള്‍ : രസിപ്പിച്ചിരുന്നു. ഇല്ലേ?
കാമുകന്‍ : നീ മാറിപ്പോയി.
മൂ: മകള്‍ : കാലം.
കാമുകന്‍ : കഷ്ടം!
(മൂത്തമകള്‍ വീണ്ടും തയ്യല്‍. തയ്ച്ചു തീര്‍ന്നത് എടുത്തു വിടര്‍ത്തിപ്പിടിക്കുന്നു. സംതൃപ്തിയോടെ നോക്കി ആനന്ദിക്കുന്നു. ഒരു ശിശുവിന്റെ കുപ്പായം.)
കാമുകന്‍ : എന്തോരു തയ്യലാണിത്?
മൂ: മകള്‍ : കുപ്പായം, തൊപ്പി, പാപ്പാസ്. ഒരു കൊച്ചു പുരുഷന്റെ വേഷം മുഴുവന്‍.
കാമുകന്‍ : കൊച്ചു പുരുഷനായിരിക്കുമെന്നെന്താ നിശ്ചയം?
മൂ: മകള്‍ : എന്തോ, എനിക്കു നിശ്ചയമാണ്.
കാമുകന്‍ : ഹും. പെണ്ണായിക്കൂടെ?
മൂ: മകള്‍ : എനിക്കാണുങ്ങളെക്കണ്ടു കൊതി തീര്‍ന്നില്ല.
കാമുകന്‍ : ഹും.
മൂ: മകള്‍ : എന്റെ പൊന്നോമനമകന്‍!
കാമുകന്‍ : പെണ്ണായാല്‍ മതിയെന്നാണ് എന്റെ ആശ.
മൂ: മകള്‍ : അയ്യോ! ഞാന്‍ സഹിക്കില്ല. എന്റെ സ്വപ്നം — എന്റെ സ്വപ്നം മുഴുവന്‍ എന്റെ മകനെപ്പററിയാണ്. എനിക്കറിയാം, അവന്‍ എങ്ങിനെ ഇരിക്കുമെന്ന്. അവന്റെ കണ്ണും, വായും, കയ്യും — എല്ലാം.
കാമുകന്‍ : എങ്ങിനിരിക്കും? —
മൂ: മകള്‍ : അവന്റെ (പെട്ടെന്ന്) ഹാ! ഇപ്പോഴാണ് — എനിക്കു മനസ്സിലായത്. അവന്റെ അച്ഛന്റെ കൂട്ടിരിക്കും. അതേയതേ അവന്റെ അച്ഛന്റെ കൂട്ട്.
കാമു : നീയിതു മനഃപൂര്‍വ്വം പറയുകയാണോ?
മൂ: മകള്‍ : ആ മുഖമാണ് ഞാന്‍ സ്വപ്നം കാണാറുള്ളത്. അതേ കണ്ണും, വായും, കയ്യും — എല്ലാം… ഒരു സ്ത്രീ ആദ്യം അറിഞ്ഞചൂടും, ആദ്യം ചുംബിച്ച മുഖവും മറക്കയില്ല. അവളുടെ ഏററവും മധുരമായ സ്മരണകള്‍ പിന്നവള്‍ ആ സ്മരണയെ പ്രസവിക്കന്നു എന്റെ പൊന്നോമനമകന്‍.
കാമുകന്‍ : നീ ഇതു മുമ്പും പറഞ്ഞിട്ടുണ്ടല്ലോ.
മൂ: മകള്‍ : സ്മരണകള്‍.
കാമുകന്‍ : എന്തിനാണിതെപ്പോഴും പറയുന്നത്?
മൂ: മകള്‍ : ഓര്‍ത്തു പോകുന്നു.
കാമുകന്‍ : എന്നെ ഓര്‍മ്മിപ്പിക്കാന്‍. എന്നെ അപമാനിക്കാന്‍.
മൂ: മകള്‍ : ഞാന്‍ അവനെ പ്രസവിക്കാന്‍ പോകയല്ലേ?
കാമുകന്‍ : ഞാന്‍ നിന്നെ അപമാനത്തില്‍ നിന്നു രക്ഷിച്ചു. ഇല്ലെങ്കില്‍ ഇന്നു നീ ആരാകുമായിരുന്നു? നീയും നിന്റെ പൊന്നോമനമകനും.
മൂ: മകള്‍ : എന്റെ ആനന്ദം എന്തിനു നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഞാനൊന്നാനന്ദിച്ചുകൊള്ളട്ടെ.
കാമുകന്‍ : മാതാവിന്റെ സ്വപ്നം! കുറേ മുമ്പ് കാമുകിയുടെ സ്മരണയായായിരുന്നു.
മൂ: മകള്‍ : അതേയതേ. രണ്ടും എങ്ങിനെ ലയിച്ചു ചേരുന്നു?
കാമുകന്‍ : ഇതെല്ലാം എന്റെ മുമ്പില്‍ എന്തിനഭിനിയിക്കുന്നു?
മൂ: മകള്‍ : അടക്കാന്‍ വയ്യാത്ത പ്രേരണകൊണ്ട്. അഭിനയമല്ല.
കാമുകന്‍ : എന്നെ വേദനിപ്പിക്കാന്‍.
മൂ: മകള്‍ : അതില്‍ എനിക്കാനന്ദമില്ല. എന്റെ ആനന്ദം എന്തിനു മററുള്ളവരെ വേദനിപ്പിക്കുന്നു?
കാമുകന്‍ : നിനക്കറിയാം.
മൂ: മകള്‍ : പലതും.
കാമുകന്‍ : ഞാനഭിമാനമില്ലാത്തവനാണെന്ന്.
മൂ: മകള്‍ : സ്വന്തം കുററങ്ങള്‍ ഏററുപറയുന്നവര്‍ക്ക് രക്ഷയുണ്ട്.
കാമുകന്‍ : എന്റെ കുററം എനിക്കറിയാം. ഒരു പ്രഭുകുമാരിയുടെ.
മൂ: മകള്‍ : പാപത്തന്റെ കുരിശ് ഏറ്റുവാങ്ങി.
കാമുകന്‍ : അഭിമാനമുള്ളവന്‍ ചെയ്കയില്ല. അല്ലേ?
മൂ: മകള്‍ : അങ്ങേയ്ക്കു കൂടുതല്‍ ഏതോ വേണമായിരുന്നു.
കാമുകന്‍ : നിനക്ക് നിന്റെ കുഞ്ഞിന് ഒരച്ഛനേയും.
മൂ: മകള്‍ : (മിണ്ടുന്നില്ല)
കാമുകന്‍ : നിന്റെ കുഞ്ഞ് ആരെ അച്ഛനെന്നു വിളിക്കുമായിരുന്നു?
മൂ: മകള്‍ : അതിന്റെ അച്ഛനെ.
കാമുകന്‍ : ഭ്രാന്തനെ. ആ കുഞ്ഞ് വളര്‍ന്നുവന്നു ചോദിക്കും, അമ്മേ, എന്റച്ഛനെവിടെ? ആരാണെന്റെ അച്ഛന്‍? നീ എന്തുത്തരം പറയും? പൊന്നോമനേ മകനേ! നിന്റച്ഛനെ, എന്റച്ഛനെ വെടിവച്ചുകൊന്നതിനു തൂക്കിക്കൊന്നെന്നോ?
(അകത്ത് ഒരു പടം പൊട്ടി വീഴുന്നു.)
കാമുകന്‍ : ആരാത്?
മൂ: മകള്‍ : ആരാത്?
(നിശ്ശബ്ദം)
കാമുകന്‍ : പ്രേതം.
മൂ: മകള്‍ : (സ്വപ്നത്തിലെപ്പോലെ) ഇതിനു ചുററും പിശാചുക്കളുണ്ട്. പ്രേതങ്ങളുടെ ഞരങ്ങലുണ്ട് —
കാമുകന്‍ : തകര്‍ന്ന സ്വപ്നങ്ങളുടെ ശവകൂടിരം — ഇത് നിന്റെ അനിയത്തി പറഞ്ഞതല്ലേ?
മൂ: മകള്‍ : സ്മരണകള്‍.
കാമുകന്‍ : നീ ആ ഭ്രാന്തനെ ഓര്‍ത്തു പറകയാണ്. അല്ലേ?
മൂ: മകള്‍ : ഓര്‍ത്തു പോകുന്നു.
കാമുകന്‍ : നിനക്കാ സ്മരണയില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കയില്ലേ?
മൂ: മകള്‍ : സകലരും അധിക്ഷേപിച്ചപ്പോള്‍ ആ മുഖം മങ്ങിയില്ല. ഒരിക്കല്‍മാത്രം ആ കണ്ണില്‍ നീരുനിറഞ്ഞു. അതെന്റെ പാദത്തില്‍ വീഴ്ത്താനായിരുന്നു. സകലതും സകലര്‍ക്കുമായി കൊടുത്തയാള്‍ എന്നോടു യാചിച്ചു. ‘സഖീ! അഭയമേ! സ്വപ്നമേ!’ അതെല്ലാം ഞാനായിരുന്നു. ഞാനൊരു സ്ത്രീയാണ്. അന്നു രാത്രി എന്റെ ഹൃദയകവാടം തുറന്നുപോയി. എന്റെ കൈകള്‍ നീണ്ടുപോയി. ആ ചുടുപിടിച്ച നെററിത്തടത്തിലെ വിയര്‍പ്പുതുളളികള്‍ എന്റെ തുടിക്കുന്ന മാറിടത്തില്‍ പററിപ്പിടിച്ചപ്പോള്‍ — ഞാനൊരു ചാരിതാര്‍ത്ഥ്യംകൊണ്ട് മതിമറന്നു പോയി.
കാമുകന്‍ : അന്നു രാത്രി —
മൂ: മകള്‍ : ഞാനൊരമ്മയായി.
കാമുകന്‍ : അന്നുരാത്രി നിന്റച്ഛന്റെ ജീവന്‍ —
മൂ: മകള്‍ : ജീവനു പകരം ജീവന്‍.
കാമുകന്‍ : പിന്നെ നീ എന്തുകൊണ്ടയാളുടെകൂടെ പോയില്ല.
മൂ: മകള്‍ : എന്റച്ഛന്റെ രക്തം. എന്റെ കാല് അനങ്ങിയില്ല.
കാമുകന്‍ : നീ അയാള്‍ക്കാശ നല്‍കി. അതാണ് —
മൂ: മകള്‍ : ഹാ! നിറുത്തണം. എന്തിനാണിപ്പഴങ്കഥകളെല്ലാം പറയുന്നത്?
കാമുകന്‍ : ഓര്‍ത്തുപോകുന്നു സ്മരണകള്‍.
മൂ: മകള്‍ : എന്നെ ഓര്‍മ്മിപ്പിക്കാന്‍, അല്ലേ? പകരത്തിനു പകരം.
കാമുകന്‍ : നിനക്കതു മധുരമല്ലേ?
മൂ: മകള്‍ : (എഴുന്നേററു ദൃഢസ്വരത്തില്‍) അതേ, എനിക്കതു മധുരമാണ്. ഞാനതു പറഞ്ഞിട്ടുമുണ്ട്. ഞാന്‍ നിങ്ങളെ വഞ്ചിച്ചില്ല. സകലതും ആദ്യംതന്നെ പറഞ്ഞു. ഒരുവേള നിങ്ങള്‍ സ്വയം വഞ്ചിതനായിരിക്കാം… നിങ്ങള്‍ക്കിന്നു പരിഭവിക്കാന്‍ കാരണമില്ല.
കാമുകന്‍ : ഇല്ലേ? നീ ഇന്നു മാറിപ്പോയി.
മൂ: മകള്‍ : ജീവിതം മുഴുവന്‍ മധുചന്ദ്രികയല്ല.
കാമുകന്‍ : നീ ആറിത്തണുത്തുപോയി.
മൂ: മകള്‍ : നിങ്ങള്‍ക്കന്നെ മുഷിഞ്ഞു. അതാണ്… ഇന്നു ഞാന്‍ വ്യത്യസ്ഥയാണ്. ദിവസവും കൂടുതല്‍ വ്യത്യസ്ഥയാകുന്നു. കൂടുതല്‍ കൂടുതല്‍ ഞാന്‍ ഒരമ്മയാകുന്നു. അന്ന് നമ്മുടെ ദാമ്പത്യജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഞാന്‍ മിക്കവാറും അതു വിസ്മരിച്ചുപോയിരുന്നു.
കാമുകന്‍ : അന്ന് ഞാനൊരു പുതുമയുമായിരുന്നു?
മൂ: മകള്‍ : നിങ്ങള്‍ എന്റെ മുന്നില്‍ കണ്ണീരൊലിപ്പിച്ചപ്പോള്‍ എന്റെ അനുജത്തിയുടെ ക്രൂരതയെപ്പററി വിലപിച്ചപ്പോള്‍ എനിക്കു് നിങ്ങളോടു അനുകമ്പ തോന്നി. നിങ്ങള്‍ എന്നോടു ഒട്ടിപ്പിടിച്ചു.
കാമുകന്‍ : നിനക്കൊരു ഭര്‍ത്താവിനെ വേണമായിരുന്നു.
മൂ: മകള്‍ : സത്യമാണ്. എനിക്കൊരു കാമുകന്‍ പോരാ ഒരു ഭര്‍ത്താവു വേണമായിരുന്നു… (പെട്ടെന്ന്) നിങ്ങള്‍ ചോദിച്ചല്ലോ, ഞാന്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ ഇറങ്ങിപ്പോയില്ല എന്ന്. നോക്കണം. ആ പടങ്ങള്‍ — ആ വലിയ വട്ടമേശ, ഈ മുറി. ഈ വീട് — എല്ലാം എന്റെ ജനനം മുതല്‍ ഇതേ രീതിയില്‍ ഞാന്‍ കാണുന്നതാണ്. ഒന്നും ഞാന്‍ മാററിയിട്ടില്ല. എനിക്കു മാററാന്‍ സാധിക്കയില്ല. എനിക്കിതിനോടെല്ലാം അങ്ങിനെ ഒരു സ്നേഹമാണ്; അങ്ങിനെ ഒരു ബഹുമാനമാണ്. ഈ വീട്ടില്‍ നിന്നു് — എന്റെ വീട്ടില്‍ നിന്നു് ഞാനെങ്ങിനെ പോകും? അദ്ദേഹം എന്നെ പരിഹസിച്ചു, പുരാണവസ്തു സംരക്ഷകയെന്ന്. ഈ വീടും ഞാനുമായി രക്തബന്ധമുണ്ട്. ദിവസവും ആയിരം അസ്ഫുടശബ്ദങ്ങള്‍ കൊണ്ട് അതെന്നെ ഓമനപ്പേരുകള്‍ വിളിക്കുന്നു. ഞാന്‍ എങ്ങിനെ ഇറങ്ങിപ്പോകും. ഗദ്ഗദം എന്നെ പിന്തുടരും. അതിന്റെ ശാപം എന്റെ പുറകേ ഓടിയെത്തും. ഞാന്‍ പോകുകയില്ല. എന്റെ കാലനങ്ങുകയില്ല.
കാമുകന്‍: നീയും നിന്റെ വീടും. ഇവിടെ ഞാനൊരധികപ്പററാണ്.
മൂ: മകള്‍: എന്റെ ഭര്‍ത്താവ്!
കാമുകന്‍ : അതായത് ഞാന്‍ കൂടെവേണം. എങ്കിലേ ഇതിനൊരു പൂര്‍ണ്ണതയുള്ളൂ. അല്ലേ?
മൂ: മകള്‍ : എങ്കിലേ ഇതിനൊരു പൂര്‍ണ്ണതയുള്ളു. ആയില്ല. ഇനിയുമുണ്ട്. കൊച്ചു കാലുകള്‍ ഇതിലെ ഓടിനടക്കണം. ഇതിനകത്തും കിളിക്കൊഞ്ചലുകള്‍ ഉതിരണം. ഒരു കൊച്ചു പുരുഷന്റെ കുസൃതികള്‍! എന്റെ പൊന്നോമന മകന്‍!
കാമുകന്‍ : ഇതനെല്ലാം ഒരവകാശി.
മൂ: മകള്‍ : എങ്കിലേ പൂര്‍ണ്ണമായുളളൂ.
കാമുകന്‍ : ഭര്‍ത്താവ്! ആ പടം, ആ വലിയ വട്ടമേശ — എല്ലാംപോലെ ഈ വീടിന്റെ ഒരു ഭാഗം. ഒരു ജംഗമസാധനം! എന്നെയും തുടച്ചു മിനുക്കി വെടിപ്പാക്കിവയ്ക്കും, അല്ലേ?
മൂ: മകള്‍ : എന്റെ ഭര്‍ത്താവ്! എനിക്കതു കേള്‍ക്കാന്‍ എന്തൊരു സുഖമാണ്.
കാമുകന്‍ : ഭര്‍ത്താവ്! കേള്‍ക്കാന്‍ ഇമ്പുള്ള ഒരു പദം!
മൂ: മകള്‍ : എനിക്കഭിമാനമുണ്ട് -
കാമുകന്‍ : നിന്റേതെന്ന്. നിന്റെ വീട്; നിന്റെ മേശ; നിന്റെ ഭര്‍ത്താവ്!… പക്ഷേ, നിനക്കു മനസ്സിലായിട്ടുണ്ടോ, നിന്റെ ഭര്‍ത്താവെന്ന വീട്ടു സാധനത്തിന് ഒരു ചലിക്കുന്ന ഹൃദയമുണ്ടെന്ന്.
മൂ: മകള്‍ : എന്റെ ഭര്‍ത്താവിന് ഒരു ഹൃദയമുണ്ടെന്ന്. എനിക്കതെന്തുകൊണ്ട് മനസ്സിലാകുന്നില്ല?
കാമുകന്‍ : നീ ഭൂതകാലത്തിലും ഭാവിയിലും ജീവിക്കയാണ്. നിനക്കൊരു വര്‍ത്തമാനകാലമില്ല.
മൂ: മകള്‍ : എന്റെ സ്മരണകളിലും എന്റെ പ്രതീക്ഷകളിലും… എന്താണ് വര്‍ത്തമാനകാലം? അസ്വരസങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍, അതില്‍ ജീവിക്കാന്‍ ഒരു സ്ത്രീ ഇഷ്ടപ്പെടുകയില്ല. ഒരു സ്ത്രീയ്ക്കും വര്‍ത്തമാനകാലമില്ല. സ്മരണകളും പ്രതീക്ഷകളും ഭൂതവും ഭാവിയും- അതാണവളുടെ ജീവിതം.
(പെട്ടെന്ന്, അകത്ത് ഒരു കണ്ണാടിപ്പാത്രം വീണു ഛിണിം എന്ന ശബ്ദത്തോടുകൂടിത്തകരുന്നു. രണ്ടുപേരും ഞെട്ടിപ്പോകുന്നു.)
മൂ: മകള്‍ : ആരാത്? അകത്താര്? (നിശ്ശബ്ദത)
കാമുകന്‍ : ഭൂതകാലം
മൂ: മകള്‍ : പൂച്ച ആയിരിക്കാം… അതുടഞ്ഞുകാണും.
കാമുകന്‍ : (പരിഹസിച്ച്) ഇതിനു ചുററും പിശാചുക്കളുണ്ട്. തകര്‍ന്ന സ്വപ്നങ്ങളുടെ ശവകുടീരം.
മൂ: മകള്‍ : (പെട്ടെന്ന്, പ്രേതാവേശംകൊണ്ടന്നപോലെ) സ്നേഹത്തെ കൊലയ്ക്കു കൊടുത്തവളേ - (തണുത്ത കാററടിച്ചിട്ടെന്നപോലെ വിറയ്ക്കുന്നു.)
(അല്പം കഴിഞ്ഞ്)
കാമുകന്‍ : നീ അതെന്താ ഇപ്പൊഴോര്‍ക്കുവാന്‍?
മൂ: മകള്‍ : എന്തോ ഓര്‍ത്തുപോയി. എന്തു ഭയങ്കരമായിരുന്നു-
കാമുകന്‍ : ആ വിദ്വേഷം.
മൂ: മകള്‍ : എനിക്കതോര്‍ക്കാന്‍ വയ്യ രാത്രിയില്‍, കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍, ചിലപ്പോള്‍ ആ ശബ്ദം ഭീകരമായ ശക്തിയോടെ എന്റെ കാതില്‍ വന്നലയ്ക്കും - ‘സ്നേഹത്തെ കൊലയ്ക്കു കൊടുത്തവളേ’ ഞാന്‍ വാടിത്തളര്‍ന്നുപോകും.
കാമുകന്‍ : നീ മറക്കാന്‍ പഠിക്കണം
മൂ: മകള്‍ : ചിലതെല്ലാം ജീവിനില്‍ ഒട്ടിപ്പിടിച്ചുപോയി. ജീവനെക്കൂടാതെ അവ നുളളിയെടുത്തുകളയാനൊക്കുകയില്ല.
കാമുകന്‍ : നിന്റെ സ്മരണകള്‍ നമ്മെ അകററുന്നു.
മൂ: മകള്‍ : എന്റെ ഭൂതകാലം.
കാമുകന്‍ : ബീഭത്സമായ ചിത്രങ്ങൾ. അവ നമുക്കിടിയില്‍ കയറി നില്‍ക്കുന്നു.
മൂ: മകള്‍ : ഞാനെന്തുചെയ്യും?
കാമുകന്‍ : മറക്കണം.
മൂ: മകള്‍ : അസാദ്ധ്യം.
കാമുകന്‍ : നിന്റെ ഓര്‍മ്മശക്തി! അതു നശിപ്പിക്കണം. നീ ഓര്‍ത്തോര്‍ത്ത് എന്നെ നശിപ്പിക്കും. നിന്റെ ശിരസ്സില്‍ ദുഷിച്ച രക്തമുണ്ട്. ദുഷിച്ച രക്തം. എനിക്കിവിടെ എങ്ങോട്ടും തിരിയാന്‍ വയ്യാ. ഓരോ മുറിക്കും ഓരോ ചരിത്രമുണ്ട്. നിന്റെ ഭൂതകാലത്തിന്റെ ഈരണ്ടു വരികള്‍ ഓരോ മുറിയിലും വച്ച് എഴുതപ്പെട്ടിട്ടുണ്ട്. ആ മുറിയില്‍ വച്ചാണ് അയാള്‍ നിന്നെ ആദ്യമായി ‘ഓമനെ’ എന്നു വിളിച്ചത്! ആ ചെടിയുടെ പൂവാണ് നീ ആദ്യം അയാള്‍ക്കു സമ്മാനിച്ചത്! എവിടെയും നിന്റെ ഭൂതകാലം. ഇവിടെ ഞാനെങ്ങിനെ ശ്വസിക്കും ?
മൂ: മകള്‍ : ഞാനെങ്ങിനെ മറക്കും ?
കാമുകന്‍ : എനിക്കു ജീവിക്കാന്‍ നീ മറക്കണം.
മൂ: മകള്‍ : നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ? ആ സ്മരണകള്‍ ഇന്നെനിക്കു സജീവങ്ങളാണ്. ഹൃദയത്തിന്റെ സ്വപ്നങ്ങള്‍ ഇന്നെന്റെ ഉദരത്തില്‍ ചലനങ്ങളുളവാക്കുന്നു. കാമുകിയുടെ സ്മരണ മാതാവിന്റെ സങ്കല്പങ്ങളായി വികസിച്ചു നില്ക്കുന്നു. എന്റെ സങ്കല്പം എന്റെ സകലതും നിങ്ങള്‍ക്കൊന്നും മനസ്സിലാകയില്ല… ഞാനിന്നാരാണെന്നറിയാമോ?
കാമുകന്‍ : ഒരു ദുര്‍ഭൂതം.
മൂ: മകള്‍ : ഒരു മഹാശക്തി. ഞാന്‍ ജീവനെ ഉള്‍ക്കൊള്ളുന്നു. നാശം എന്നെ കണ്ടു നടുങ്ങും. ഞാന്‍ മാതാവ്; പ്രകൃതിയാണ്. ഞാന്‍ നശിക്കയില്ല.
കാമുകന്‍ : നീ സകലതിനേയും നശിപ്പിക്കും.
മൂ: മകള്‍ : ഓമനക്കുഞ്ഞിന്റെ ആദ്യത്തെ കരച്ചില്‍! വേദനയുടെ അവസാന നിമിഷം!
കാമുകന്‍ : ഭൂതവും ഭാവിയും. ഭൂതവും ഭാവിയും. നിനക്കു വര്‍ത്തമാനകാലമില്ല. എനിക്കതു മാത്രമേയുള്ളു. നിന്റെ ഭൂതവും ഭാവിയും കൂടെ ഞെരുക്കി ഞെരുക്കി എന്റെ വര്‍ത്തമാനത്തെ നശിപ്പിക്കും. കഷ്ടം, കഷ്ടം, കഷ്ടം.
(മറയുന്നു)
(മൂത്തമകള്‍ ശിശുവിന്റെ കുപ്പായം എടുത്തു നിവര്‍ത്തു പിടിച്ച്, ഹൃദയത്തോടു ചേര്‍ത്തുവച്ച്, അന്തരീക്ഷത്തിലേക്കു്, ഭാവിയിലേക്കു് ദൃഷ്ടിവച്ചു നിശ്ചലയായി നില്ക്കുന്നു. മുഖം ആനന്ദവികസിതമാകുന്നു.)
മൂ: മകള്‍ : എന്റെ പൊന്നോമന മകന്‍!
(ക്രമേണ രംഗം ഇരുളുന്നു. താളനിയന്ത്രിതമായ ഒരു ശബ്ദം, ഹൃദയത്തുടിപ്പുപോലെയുള്ള ഒരു ശബ്ദം ക്രമേണ ഉയരുന്നു. രംഗം നിശ്ശേഷം ഇരുട്ടിലാകുന്നതോടുകൂടി ശബ്ദം ഉച്ചാവസ്ഥയിലെത്തുന്നു. പെട്ടെന്ന് അകത്തൊരു വെടി. നിശ്ശബ്ദത. ഒരു വാതില്‍ തുറന്നടയുന്ന ശബ്ദം. നിശബ്ദത. ക്രമേണ ഒരു ചെറിയ പ്രകാശം അടുത്തടുത്തുവരുന്നു. ഒരു ചെറുദീപം കയ്യിലേന്തി മൂത്തമകള്‍ പ്രവേശിക്കുന്നു. ഉറക്കത്തില്‍നിന്നുണര്‍ന്നു വരുന്ന പരിഭ്രമം. മറുവശത്തുകൂടി കയ്യില്‍ തോക്കുമായി സമത്വവാദി പ്രവേശിക്കുന്നു. ഇരുവരും ഓരോ അടി പുറകോട്ടു വച്ചു പോകുന്നു.)
(സമത്വവാദി ഇരുട്ടിലും, മൂത്തമകള്‍ പ്രകാശത്തിലുമാണ്.)
സ: വാദി : ഇത്തവണ നിന്റെ ഭര്‍ത്താവിനെ. (നിശ്ശബ്ദത)
മൂ: മകള്‍ : ഇനി. നീ. (നിശ്ശബ്ദത)
സ: വാദി : കോടീശ്വരന്‍ ജനിക്കരുത്.
മൂ: മകള്‍ : (പെട്ടെന്നുച്ചാരണം ലഭിച്ചവളെപ്പോലെ) അവന്‍ ജനിച്ചു!
സ: വാദി : (ഉദ്വേഗത്തോടെ) എവിടെ? (തോക്കുയര്‍ത്തുന്നു)
മൂ: മകള്‍ : (ഭീതിയോടെ ഒരു കൈ ഉദരത്തില്‍ വച്ചു കൊണ്ട്) നിങ്ങള്‍ അവനെ നശിപ്പിക്കയില്ല. ചെയ്തുകൂടാ.
സ: വാദി : മഠയീ! ഞാന്‍ സമത്വവാദിയാണ്. കോടീശ്വരന്റെ ശത്രു.
മൂ: മകള്‍ : ഞാന്‍ മാതാവാണ്.
സ: വാദി : ആ മാറിലെ പാലു കുടിച്ച് ഒരു കോടീശ്വരന്‍ വളരരുത്. നീ നശിക്കണം.
മൂ: മകള്‍ : ഈ മാറിലെ കുളുര്‍മ്മയില്‍ - ഓര്‍ക്കുന്നില്ലേ?
സ: വാദി : (ഉഗ്രമായി) ഇല്ല
മൂ: മകള്‍ : ആ മധുമാസ രാത്രിയില്‍ - സഖീ, അഭയമേ, സ്വപ്നമേ, എന്നൊരു സ്നേഹയാചകന്‍ -
സ: വാദി : (ഉഗ്രമായി) ഓര്‍മ്മിപ്പിക്കാതിരിക്കൂ.
മൂ: മകള്‍ : നിങ്ങളുടെ രക്തം! നിങ്ങള്‍ കൊടുത്ത ജീവന്‍! അതാണീ ഉദരത്തില്‍ ചലിക്കുന്നത്.
സ: വാദി : ഓര്‍മ്മിപ്പിക്കാതിരിക്കൂ.
മൂ: മകള്‍ : ഉച്ചാരണരഹിതമായ ജിഹ്വയാല്‍, പുളകത്തിന്റെ ഭാഷയില്‍, അച്ഛാ എന്നു വിളിക്കാന്‍ അതു വെമ്പുകയാണ്. തോക്കുയര്‍ത്തുമോ നിങ്ങള്‍?
സ: വാദി : ഹാ! യാഥാര്‍ത്ഥ്യങ്ങള്‍! (കൈകുഴഞ്ഞു വീഴുന്നു)
മൂ: മകള്‍ : ഹാ! അവന്‍ ജീവിക്കും!
സ: വാദി : എന്റെ സ്നേഹത്തിനും, എന്റെ ദ്വേഷത്തിനും അർത്ഥമില്ലാതായി.
മൂ: മകള്‍ : ഏതാണ് സത്യം? സ്നേഹപ്രവാചകനോ, നാശമൂര്‍ത്തിയോ?
സ: വാദി : (ഇരുട്ടിലേക്കു നീങ്ങിക്കൊണ്ട്) രണ്ടും
(രംഗം പകുതി ഇരുട്ടും പകുതി വെളിച്ചവുമാകുന്നു. സമത്വവാദി ഇരുളിലേക്കും മൂത്തമകള്‍ വെളിച്ചത്തിലേക്കും മാറുന്നു. ഒരു നിമിഷം കഴിഞ്ഞ് രംഗം പ്രകാശമാനമാകുമ്പോള്‍, മൂത്തമകള്‍ ആദ്യത്തെ നിലയില്‍ ശിശുവിന്റെ കുപ്പായം നിവര്‍ത്തിപ്പിടിച്ചുകൊണ്ട് നില്ക്കുകയാണ്.)
മൂ: മകള്‍ : എന്റെ പൊന്നോമന മകന്‍.
|