close
Sayahna Sayahna
Search

സമത്വവാദി-അങ്കം ഒന്ന്


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50

അങ്കം ഒന്ന്

(പ്രഭൂവിന്റെ മാളികയിലെ, മുന്‍വശത്തെ വിശാലമായ മുറി. കമനീയമായി അലങ്കരിച്ചിരിക്കുന്ന ആ മുറിയില്‍ എവിടെയും, സുഖാസക്തിയുടെയും ധനപുഷ്ടിയുടെയും ലക്ഷണങ്ങളുണ്ടു്. മൂത്തമകൾ റേഡിയോയുടെ ശ്രുതിനിയന്ത്രണോപകരണത്തില്‍ പിടിച്ച് അലസമായി തിരിച്ചുകൊണ്ടിരിക്കുകയാണു്. ഗാനത്തിന്റെ ശബ്ദം താണുതാണ് ഒടുവില്‍ ഒരു നേരിയ, മധുരമായ, വ്യസനാര്‍ദ്രമായ ശബ്ദം മാത്രമായിത്തീരുന്നു. മുറിയിലെ ദീപം പെട്ടെന്നു് തെളിയുന്നു. ഒരു നിഴല്‍ അവള്‍ക്കു മുന്നില്‍ വീഴുമ്പോള്‍ അവള്‍ ഒന്നു ഞെട്ടുന്നു. സാവധാനം ഒരു കൈത്തോക്ക് അകത്തെ കീശയില്‍ സ്ഥാപിച്ചുകൊണ്ടു്, സമത്വവാദി പ്രത്യക്ഷപ്പെടുന്നു. കൈത്തോക്ക് മുഴച്ചു നില്‍ക്കുന്നതു കാണാം. രണ്ടുപേരും നിശബ്ദരായി. അഭിമുഖരായി അങ്ങിനെ നില്‍ക്കുന്നു. ആ നോട്ടം ഇരുവരുടേയും ഉളളില്‍ വികാരങ്ങളുടെ സമുദ്രം ചമയ്ക്കുന്നു. ഒരു വേള വിരുദ്ധവികാരങ്ങളുടെ. അരമിനിട്ടു കഴിഞ്ഞു.)

സമത്വവാദി : പേടിച്ചു പോയോ?

മൂത്തമകള്‍ : വന്നുകൂടെന്നു പറഞ്ഞിട്ടില്ലേ?

സമത്വവാദി : ആരു പറഞ്ഞു?

മൂത്തമകള്‍ : അച്ഛന്‍

സമത്വവാദി : ശരി.

മൂത്തമകള്‍ : പിന്നെന്തിനു വന്നു?

സമത്വവാദി : എവിടെ?

മൂത്തമകള്‍ : ഇവിടെ.

സമത്വവാദി : (കുഴിഞ്ഞുചെല്ലുന്ന നോട്ടത്തോടെ) നിന്നെക്കാണാന്‍

മൂത്തമകള്‍ : എന്റെ അച്ഛന് നിങ്ങളെ ഇഷ്ടമില്ല.

സമത്വവാദി : ഞാന്‍ ആ വയോവൃദ്ധനെ സ്നേഹിക്കുന്നില്ല. (നിശബ്ദത) ഞാന്‍ നിന്നെ സ്നേഹിക്കുന്നു. (നിശബ്ദത) എനിക്കു നിന്നെ സ്നേഹിച്ചുകൂടെ? (നിശബ്ദത – ഉറച്ചു്) എനിക്കു നിന്നെ സ്നേഹിച്ചുകൂടെ?

മൂത്തമകള്‍ : (തലകുനിച്ച്) നിങ്ങൾ - ഇവിടെ വരരുത്.

സമത്വവാദി :നിങ്ങളോ? (നിശബ്ദത) നിനക്കു ഞാന്‍, നിനക്കു ഞാന്‍, നിന്റച്ഛൻ വിലക്കിക്കളഞ്ഞു! ഇല്ലേ? എന്തൊരു വെറുപ്പ്! ഞാൻ പറയുന്നതും ഞാന്‍ ചെയ്യുന്നതും— എന്റെ സ്നേഹം പോലും അയാള്‍ക്കു കയ്പാണ്.

മൂത്തമകള്‍ : ചേട്ടാ!

സമത്വവാദി : ആ വാക്കു മറന്നില്ലേ? വിലക്കപ്പെട്ട വാക്ക്. നീ പിന്നെങ്ങനെ ഓര്‍ത്തു? നിന്റെ നാക്കു പിഴുതുകളയണം.

മൂത്തമകള്‍ : (പരിഭ്രാന്തയായി) അച്ഛനകത്തുണ്ടു്.

സമത്വവാദി : എനിക്കയാളെക്കാണണ്ടാ. എനിക്ക് എന്റെ ഹൃദയത്തിന്റെ സഖിയെക്കാണണം; ആ മനോഹരമുഖം കാണണം…,സഖീ! കല്ലിലും മുള്ളിലും വീണ ഒരാത്മാവിതാ. നീ ഒന്നു മടിയിലെടുത്ത് അതിന്റെ വേദനകളെ തലോടിയാൽ അതൊന്നുറങ്ങും. ചെറിയ ഒരുറക്കം. ദീർഘനേരം ഉറങ്ങാൻ ഈ ധൃതിപിടിച്ച ലോകത്തിൽ ഒക്കുകയില്ല. വിളിച്ചുണർത്തുന്ന പരമാർത്ഥങ്ങളുണ്ട്. എങ്കിലും ഒരു ചെറിയ ഉറക്കം മധുരമായിരിക്കും. തളർച്ച തീരും. സ്നേഹത്തിന്റെ മടിയിൽ പരുക്കേറ്റ ഹൃദയത്തിന്റെ മയക്കം. സഖീ (സമത്വവാദി അവളുടെ കൈക്കു പിടിച്ചു മുന്നോട്ടു മാറ്റി നിറുത്തി, ഒരു രോഗനിര്‍ണ്ണയത്തിനെന്നപോലെ, അവളുടെ മുഖം, മാറ്, തുടങ്ങി പാദം വരെ സശ്രദ്ധം പരിശോധിക്കുന്നു. അവള്‍ നഷ്ടശക്തയായി വഴങ്ങിക്കൊടുക്കുന്നു)

സ: വാദി: എവിടെയാണ് വിഷം? വിദ്വേഷം? അവര്‍ കുത്തിവച്ച വിഷം? … ആ കണ്ണിന്റെ ഭംഗി, ചുണ്ടിന്റെ ചുവപ്പു്, മാംസത്തിന്റെ മാര്‍ദ്ദവം, ശരീരത്തിന്റെ കാന്തി ഒന്നും മങ്ങിയിട്ടില്ല… വിഷം ഹൃദയത്തില്‍ മാത്രം പിടിച്ചു! അത് തണുത്തു മരവിച്ചുപോയി! (നിശബ്ദത) സ്ത്രീയേ! സഖിയേ! സ്വപ്നമേ! ചലിക്കാത്ത ഹൃദയമോ നിന്റേത്?

മൂ: മകള്‍: (വികാരതരളിതയായി) എന്തെല്ലമാണു് പറയുന്നതു്? ഭ്രാന്തനെപ്പോലെ സംസാരിക്കാതിരിക്കണം.

സ: വാദി: ഭ്രാന്തോ! സഖീ! അത് ആത്മാവിന്റെ വിപ്ലവമാണ്. ആത്മശക്തിയുടെ വിപ്ലവം. ഉച്ചാരണം അനുവദിക്കപ്പെടാത്ത ആത്മാവിന്റെ വിപ്ലവം.

മൂ: മകള്‍: (കണ്ണു പൊത്തിക്കൊണ്ട്) എന്റീശ്വരാ –

സ: വാദി: വിളിക്കൂ നൂററാണ്ടുകളുടെ അജ്ഞതയെ കൂട്ടു വിളിക്കൂ. പാവങ്ങളെ പേടിപ്പിക്കാന്‍. വാളിനെ പേടിക്കയില്ല, വെടിയുണ്ടയെ പേടിക്കയില്ല, എങ്കിലും, അയ്യോ! ആ ഭയങ്കര സൃഷ്ടിയുടെ പേരു കേട്ടാല്‍ മനുഷ്യന്‍ നേരേ നില്‍ക്കുകയില്ല. വിളിക്കൂ. നശിച്ച മുതലാളിത്തത്തന്റെ തുറുപ്പു ചീട്ടാണു് ദൈവം. അജ്ഞനെ വെട്ടിത്തള്ളാന്‍.

മൂ: മകള്‍: എന്തിനാണിങ്ങനെയെല്ലാം പറയുന്നതു്? ഒരര്‍ത്ഥവുമില്ലാതെ എന്നെ ഭയപ്പെടുത്താനല്ലാതെ.

സ: വാദി: നിനക്കെന്നെ ഭയമാണ്! അതേ, അതേ. അങ്ങിനെ വരാം. സ്നേഹിക്കാന്‍ പറയുന്നതു കൊണ്ടു് ക്രിസ്തുവിനെ അവര്‍ക്കു ഭയമായിരുന്നു; സ്നേഹിക്കാന്‍ പറഞ്ഞതുകൊണ്ടു് നിന്റെ അച്ഛന് എന്നെ ഭയമാണു്. സ്നേഹിക്കാന്‍ പറഞ്ഞതു കൊണ്ടു് നിനക്കെന്നെയും ഭയമാണു്. (ഒരു വലിയ രഹസ്യം പറയുന്നവന്റെ മട്ടില്‍ ചുററും നോക്കി, ശബ്ദം താഴ്ത്തി) സഖീ! നിനക്കറിയാമോ?… എനിക്കു് എന്നെയും ഭയമാണ്!

(മൂത്തമകള്‍ പെട്ടെന്ന് കസാലയില്‍ ഇരുന്നു തേങ്ങിക്കരഞ്ഞു പോകുന്നു. രണ്ടു നിമിഷം റേഡിയോയില്‍ നിന്നുളള നേരിയ ഗാനം തെളിഞ്ഞു കേള്‍ക്കാം.)

സ: വാദി: (കര്‍ത്തവ്യമറിയാതെ) ഞാനെന്തു പറഞ്ഞു? ഞാനൊന്നും പറഞ്ഞില്ലല്ലോ (പെട്ടെന്ന് ഉദ്വേഗത്തോടെ) നീ എനിക്കു വേണ്ടിയാണോ കരയുന്നതു്. നിനക്കെന്നെ പേടിയല്ലേ? നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

മൂ: മകള്‍: (കണ്ണീര്‍ തുടച്ചു, എഴുന്നേററു, ദൃഢമായ സ്വരത്തില്‍) അങ്ങ് ഇവിടെ വരരുത്. എന്റെ അച്ഛന്റെ ആജ്ഞയാണു്. ഞാന്‍ അനുസരിക്കാന്‍ കടമയുള്ളവളുമാണ്… ഞാന്‍, ഞാന്‍ മൂലം ആര്‍ക്കും ഭ്രാന്തു പിടിക്കരുത്. ഞാന്‍ അതുപറഞ്ഞു കഴിഞ്ഞു. എന്നേ പറഞ്ഞു കഴിഞ്ഞു.

സ: വാദി: എന്നേയോ? ഇല്ല.

മൂ: മകള്‍: രണ്ടു കൊല്ലമായി. എന്റെ അച്ഛന്‍ ആദ്യം ആജ്ഞാപിച്ചതു മുതല്‍. എന്നിട്ടും.

സ: വാദി: (തടഞ്ഞു കൊണ്ടു്) പക്ഷേ, അതിനു മുമ്പ് പതിനാറു കൊല്ലങ്ങളായി നീ പറഞ്ഞിരുന്നു. ‘വരൂ. ഈ മാറിടത്തിലെ കുളുര്‍മയില്‍ നിന്റെ ചൂടുപിടിച്ച തല ചായ്ച്ചുറങ്ങിക്കൊള്ളൂ. മാംസളമായ ഈ മടിയില്‍ കിടന്നു, മോഹനമായ ഈ അധരങ്ങളിലെ ചന്ദ്രികയുണ്ട്, ശ്രമബഹുലമായ നിന്റെ ദിനങ്ങളുടെ വ്യഗ്രതയ്ക്കു പകരം ശാന്തസുന്ദരമായ ഒരു കിന്നരസ്വപ്നം കണ്ടു മയങ്ങിക്കൊള്ളൂ. ഇന്നു ഞാന്‍ വരുന്നു; ഇന്നു ഞാന്‍, ഇന്നു ഞാന്‍ ആരാണെന്നറിയാമോ?’

(സമത്വവാദി പെട്ടെന്ന് ഉന്തിനില്ക്കുന്ന കൈത്തോക്കില്‍ തൊട്ടുനോക്കി, ഉണ്ടെന്നു് സമാധാനം വരുത്തുന്നു.)

മൂ: മകള്‍: അങ്ങന്നെ ഭ്രാന്തു പിടിപ്പിക്കും.

സ: വാദി: ഇന്നു ഞാന്‍ ആരാണെന്നറിയാമോ?

മൂ: മകള്‍: എന്നെ കൊല്ലും.

സ: വാദി: ഒരു ഭീരൂ. ഒളിച്ചൊടുകയാണു്. അഭയമേ നീ എന്നെ സ്വീകരിക്കില്ലേ? നീ – ഞാന്‍ നിന്നില്‍നിന്നു യാഥാര്‍ത്ഥ്യങ്ങളെ തേടി ഓടിയപ്പോള്‍, പുറകെ നടന്ന് വരൂ, വരൂ, എന്നു വിളിച്ച നീ –

മൂ: മകള്‍: ഞാനോ? ഒരിക്കല്‍പോലും ഞാനങ്ങിനെ –

സ: വാദി: നിനക്കറിഞ്ഞുകൂടാ.

മൂ: മകള്‍: അച്ഛനതിഷ്ടമില്ലെന്നു് –

സ: വാദി: (ഉഗ്രമായി) ഛെ!

(അതോടുകൂടി, റേഡിയോയുടെ ശ്രുതിനിയന്ത്രണോപകരണത്തില്‍ അക്ഷമനായി ഒരു തട്ട് ഭീകരമായ ഒരു ശബ്ദപ്രവാഹം. പെട്ടെന്നവള്‍ അതു ക്രമപ്പെടുത്തുന്നു. നിശ്ശബ്ദത)

സ: വാദി: (സാവധാനം) നീ എന്നെ കാത്ത് ആ വാതിലില്‍ നില്ക്കുമായിരുന്നു. ആര്‍ത്തറയില്‍ ഞാനിരിക്കുന്നതു കാണാന്‍ നീ അമ്പലത്തില്‍ പോകുമായിരുന്നു… അന്നെല്ലാം ഞാന്‍ വിചാരിച്ചു, വരട്ടെ, എന്റെ ജോലി തീരട്ടെ. നീ അക്ഷമയായിരുന്നു. ഞാന്‍ മനസ്സില്‍ പറഞ്ഞു – മധുരിമേ! ക്ഷമിക്കൂ. നി പരിഭവിച്ചു. ഞാന്‍ സ്നേഹിച്ചു.

മൂ: മകള്‍: ഇതെന്തൊരു ചുഴലി? എന്നെ നശിപ്പിക്കാന്‍ വന്ന ചുഴലി?

സ: വാദി: നിന്റെ രക്തം. നിന്റച്ഛന്‍. നിന്റെ പാരമ്പര്യം. ഇവയാണു് നിന്നെ നശിപ്പിക്കുന്നതു്. നിനക്കു രക്ഷപ്പെടാന്‍. മാര്‍ഗ്ഗമുണ്ടു്.

മൂ: മകള്‍: മാര്‍ഗ്ഗം?

സ: വാദി: വിശാലമായ ലോകം. ഉദയാസ്തമനങ്ങളും, ആകാശവും, ഭൂമിയും, സ്വതന്ത്രമായ വായുമണ്ഡലവും… എന്തു കഷ്ടം! ഈ മാളികയിലെ നീ ആ വെളിയില്‍, കിളി ചിലയ്ക്കുന്ന, സൂര്യനുദിക്കുന്ന ലോകത്തിലേക്കു് ഒരു കാലുവയ്ക്കുകയാണെങ്കില്‍ കുലീനത തകര്‍ന്നുപോകുംപോലും! തൊട്ടാല്‍ പൊട്ടുന്ന ആ കുപ്പിച്ചില്ല് എടുത്തു ദൂരെത്തെറിയൂ. മാന്യത… എന്റെ കൂടെ വരൂ. നിന്റെ കാലനങ്ങുന്നില്ലേ? മരിച്ച നൂററാണ്ടുകളുടെ പ്രേതം ആ കാലില്‍ കെട്ടിപ്പിടിക്കുന്നു.

മൂ: മകള്‍: എന്റെ വീട്ടില്‍ ആരും –

സ: വാദി: ആ ലോകം കണ്ടിട്ടില്ല.

മൂ: മകള്‍: കണ്ടവന്റെകൂടെ ഇറങ്ങിപ്പോയിട്ടില്ല.

സ: വാദി: കണ്ടവന്‍ ഇങ്ങോട്ടു പോരുമായിരുന്നു. നിങ്ങള്‍ മാന്യരായിരുന്നു.

മൂ: മകള്‍: എന്റെ അമ്മയേയും എന്റെ കുടുംബത്തേയും ആക്ഷേപിക്കുന്നതു ഞാന്‍ സഹിക്കയില്ല. എന്നെ പറഞ്ഞുകൊളളണം. ഞാനുണ്ടല്ലോ കേള്‍ക്കാന്‍. കേള്‍ക്കാന്‍ കടപ്പെട്ടുപോയില്ലേ?

സ: വാദി: എങ്ങിനെ?

മൂ: മകള്‍: ഒരു ഭ്രാന്തനെ സ്നേഹിച്ചുപോയതുകൊണ്ടു്. അങ്ങിനെ…(ദൃഢമായി) എന്നെ ജനിപ്പിച്ചവരും ലാളിച്ചവരും എനിക്കു ബഹുമാന്യരാണ്. എന്നോടു സ്നേഹമുള്ളവര്‍ അവരോടു് ആദരവെങ്കിലും ഉളളവരായിരിക്കണം.

സ: വാദി: മാന്യത! അതാര്‍ക്കുമില്ല. എങ്കിലും അത് കുടുംബം വകയായ ഒരു പുരാണവസ്തുവാണു്. ഓരോ പുതിയ സന്തതിയും അതിന്റെ പുതിയ സംരക്ഷകനാണു്.

മൂ: മകള്‍: എന്റെ മാതാപിതാക്കള്‍ മാതൃകാദമ്പതികളായിരുന്നു.

സ: വാദി: നീ അവരുടെ സന്തതിയാണു്; മനസ്സാക്ഷിയല്ല.

മൂ: മകള്‍: അവര്‍ പരിശുദ്ധരായിരുന്നു.

സ: വാദി: പുരാണവസ്തു സംരക്ഷക!… സഖീ! നീ പുരാണവസ്തുക്കളെ സൂക്ഷിക്കാന്‍ ജീവിക്കുന്നു. ജീവിക്കാന്‍ ജീവിക്കുന്നില്ല. നിനക്കു വേണ്ടി നീ എന്നാണു് ജീവിക്കാന്‍ പോകുന്നതു്?

(ഇളയ മകളും ബാരിസ്റ്ററും പ്രവേശിക്കുന്നു)

ബാരി: അടുത്ത ചിങ്ങം ഒന്നാം തീയതി മുതല്‍. ജീവിതപ്രവേശനത്തിന് അന്നു നല്ല മുഹൂര്‍ത്തമുണ്ട്.

(മൂത്തമകളും സമത്വവാദിയും തെററു ചെയ്ത കുട്ടികളെപ്പോലെ നിന്നു പോകുന്നു. ഇളയമകള്‍ അവരെ പ്രകടമായ നിന്ദയോടെ നോക്കിനില്ക്കുന്നു.)

ബാരി: കളയണം സഖാവേ! ജ്ഞാനത്തിന്റെ ശംഖധ്വാനത്തിന് ആ വര്‍ഗ്ഗത്തിന്റെ കര്‍ണ്ണങ്ങള്‍ നിതരാം ബധിരങ്ങളത്രേ… വളര്‍ത്താന്‍ പിടിച്ചാലും കൊല്ലാന്‍ പിടിച്ചാലും പിടയ്ക്കുന്ന കൂട്ടര്‍. എന്തു പറയുന്നു പരിഷ്കൃതചിത്തയായ സഹോദരി?

ഇ : മകള്‍: നിങ്ങള്‍ പറയുന്നത് അസംബന്ധമാണെന്ന്.

ബാരി : സഹോദരിയുടെ സൌന്ദര്യം സഹോദരിയുടെ ഇംഗ്ലീഷ് കവിതകളെക്കാള്‍ ആഹ്ലാദകരമാണെന്നു പറഞ്ഞാല്‍ –

ഇ :മകള്‍: മിണ്ടാതിരിക്കൂ. ബാരി : പുരുഷനെ എതിര്‍ക്കന്നതു് സ്ത്രീയുടെ പരിഷ്കാരമാണ്. എങ്കിലും അവളുടെ ആദര്‍ശം പുരുഷനാണ്.

ഇ: മകള്‍: മഠയന്‍!

ബാരിസ്ററര്‍ : ഒരു സ്ത്രീക്ക് പരിഷ്കൃതയാകണമെന്നുള്ള വൈരാഗ്യമുണ്ടായാലുടന്‍ അവള്‍ ആദ്യമായി പുരുഷനെപ്പോലെ നടന്നു പഠിക്കുന്നു.

(ഇളയമകള്‍ മൂത്തമകളുടെ മുമ്പില്‍ ചെന്നു നില്ക്കുന്നു.)

ഇ: മകള്‍: നല്ല തൊഴില്‍

(മൂത്തമകള്‍ മിണ്ടുന്നില്ല)

ഇ: മകള്‍: നല്ല അനുസരണം.

മൂ :മകള്‍: ഞാന്‍ നിന്റെ ചെലവിലല്ല.

ഇ: മകള്‍: എങ്കിലും സ്വന്തം ചിലവിലല്ലാതിരിക്കുമ്പോള്‍ –

സ :വാദി : ഞാന്‍ പോകുന്നു.

ഇ: മകള്‍: അതാണു് നന്ന്.

മൂ :മകള്‍: പോകണം ദയവുചെയ്ത്.

സ: വാദി: ഇല്ല. നില്ക്കാന്‍ തന്നെ തീരുമാനിച്ചു.

(ഇളയമകള്‍ കോപത്താടെ പോകുന്നു)

ബാരി : ഭേഷ്!

സ: വാദി: അനുമോദനം ആവശ്യമില്ല.

മൂ :മകള്‍: അച്ഛന്‍ വന്നേക്കും.

ബാരി : അവള്‍ വിളിച്ചുകൊണ്ടുവരും.

മൂ :മകള്‍: പോകണം.

ബാരി : സഖാവേ! എനിക്കു് നിങ്ങളോടനുഭാവമുണ്ട്.

മൂ: മകള്‍: (ബാരിസ്റ്റരുടെ മുഖത്ത് വിദ്വേഷത്തോടെ നോക്കുന്നു) ഞാന്‍ പോകുന്നു.

സ: വാദി: പാടില്ല.

മൂ :മകള്‍: എന്റെ രക്തം, പാരമ്പര്യം, എന്റച്ഛന്‍ –

സ: വാദി: പുരാണവസ്തുക്കള്‍.

മൂ :മകള്‍: അവയില്‍ നിന്നൊന്നും രക്ഷപ്പെടാന്‍ എനിക്കു സാധിക്കയില്ല.

സ: വാദി: അബദ്ധം.

(മൂത്ത മകള്‍ പെട്ടെന്നു മറയുന്നു.)

ബാരി : എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ‍ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.

സ: വാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

ബാരി : എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.

സ: വാദി: എനിക്കതില്‍ രസമില്ല.

ബാരി : പക്ഷേ– ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?

സ: വാദി: എന്തിന്?

ബാരി : നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല. (സമത്വവാദി പെട്ടെന്നു പരിശോധിക്കുന്നു.) ഭയക്കണ്ട. നിങ്ങള്‍ ഒരിക്കലും സ്ഥിതിസമത്വത്തിനുവേണ്ടി കൊല ചെയ്കയില്ല. ഒന്നിനെ സ്നേഹിക്കുന്നവന്‍ മറ്റു പലതിനേയും വെറുക്കണം.

സ: വാദി: ഞാന്‍ സ്നേഹത്തില്‍ വിശ്വസിക്കുന്നു. സ്നേഹത്തിന്റെ ഗീത ഞാന്‍ പ്രചരിപ്പിക്കുന്നു. സ്ഥിതിസമത്വം –

ബാരി : നിങ്ങള്‍ ഒന്നിലും വിശ്വസിക്കുന്നില്ല. നിങ്ങള്‍ക്കു നിങ്ങള്‍ അഞ്ജാതനാണ്. മഠയന്‍. നിങ്ങള്‍ വെറുക്കാന്‍ ശക്തനാണോ? ഭയങ്കരമായ, നിഖിലവും ഭസ്മീകരിക്കുന്ന വിദ്വേഷക്കൊടും തീ സൃഷ്ടിക്കുവാന്‍ നിങ്ങള്‍ ശക്തനാണോ? അല്ലെങ്കില്‍. സുശക്തമായ, ഗംഭീരമായ സ്നേഹത്തിനുള്ള പ്രാപ്തി നിങ്ങള്‍ക്കെങ്ങിനെയുണ്ടാകും? നിങ്ങള്‍ വെറുക്കാന്‍ ശക്തനല്ല. നിങ്ങളാ തോക്കു വെറുതേ കൊണ്ടുനടക്കയാണ്.

സ: വാദി: അബദ്ധം. നിങ്ങള്‍ക്കു മനസ്സിലാകയില്ല. എങ്കിലും – അതെ കഴിയും. അവള്‍ക്കെന്റെ ഭാര്യയാകണമെന്നു പറയുമ്പോള്‍ – എന്റെ ഭാര്യ! അതിനെ വെറുക്കാതിരിക്കാനൊക്കുകയില്ല. ഭാര്യ! അതൊരു പരമാര്‍ത്ഥമാണ്.

ബാരി : കട്ടിയും കനവുമുള്ള ഒരു പരമാര്‍ത്ഥം.

സ: വാദി: എനിക്കാവശ്യം പരമാര്‍ത്ഥങ്ങളില്‍നിന്നും ഒരു ദിവസത്തെ ഒഴിവാണ്. പരമാര്‍ത്ഥങ്ങളെക്കൊണ്ടു ഞാന്‍ വലഞ്ഞു.

ബാരി : ഒരു സ്ത്രീയുടെ പരമാര്‍ത്ഥമെന്താണെന്നറിയാമോ? അവള്‍ ഒരു പരമാര്‍ത്ഥമാണെന്നുള്ളതാണ്. ഇളംകാററുപോലെ നേരിയ ഒരു സ്വപ്നമാണവള്‍; കാനനച്ചോലപോലെ കുളിര്‍മ്മയുള്ള ഒരു സാന്ത്വനമാണവള്‍; എന്നൊക്കെ നാം സങ്കല്പങ്ങള്‍ കൊണ്ടു പരിവേഷങ്ങള്‍ ചമച്ച് അവളെ അണിയിക്കുമ്പോള്‍ അവള്‍ തൊഴിക്കുന്നില്ലെങ്കില്‍ അതവളുടെ ഭാഗം ജയിക്കാനാണ്. പക്ഷേ അവള്‍ക്കറിയാം, അവളെ ഇങ്ങനെ മിഥ്യയാക്കുന്ന പുരുഷസങ്കല്പത്തോടെ അവളുടെ പ്രതിക്രിയ ഉണ്ടെന്ന്. ആ പൂഞ്ചോല, ആ സ്വപ്നം, ക്രമപ്രവൃദ്ധമായി വീര്‍ത്ത്‌വീര്‍ത്ത്, തുളളിത്തുളുമ്പുന്ന ഒരു മാംസക്കെട്ടായി, സാവധാനം നീങ്ങുന്ന ഒരു വീട്ടു സാധനമായി, കുററപ്പെടുത്തുന്ന ഒരു യന്ത്രമായി രൂപപ്പെടുമ്പോള്‍ സഖാവേ! അവളുടെ പ്രതിക്രിയ സാധിച്ചുകഴിഞ്ഞു.

സ: വാദി: ഭയങ്കരന്‍!

ബാരി : (പ്രോത്സാഹിതനായി) ആ പൌഡറിന്റെ മണത്തിനും നേരിയ പട്ടിനുമകത്ത്, ആ മൃദുലമോഹനമായ കളേബരത്തിനുമകത്ത് പരസഹസ്രം വശ്യതകളുടെ ആ വിളനിലം ഭയങ്കരമായ വിദ്വേഷവും നിരങ്കുശമായ സ്വാര്‍ത്ഥതയുമാണെന്നറിയുവാന്‍ സ്ത്രീയുടെ പരമാര്‍ത്ഥമറിയുന്നു.

സ: വാദി: നിങ്ങള്‍ക്കാത്മാര്‍ത്ഥതയില്ല.

ബാരി : നിങ്ങള്‍ ഒരവിശ്വാസിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്… അവിശ്വാസി പരമാര്‍ത്ഥങ്ങള്‍ കാണുന്നവനാണ്.

സ: വാദി: മതി. നിറുത്തൂ.

ബാരി : നിങ്ങള്‍ക്കു കാണാന്‍ കഴിയാതെപോയ ഒരു പരമാര്‍ത്ഥം; ആ ഇളയകുമാരി – അവള്‍ നിങ്ങളെ സ്നേഹിക്കുന്നു.

സ: വാദി: ഹ ഹ ഹ! അവള്‍! ആ തീക്കട്ട. വിഷം! നരകജ്വാല!

ബാരി : കൈത്തോക്ക്, വൈദ്യുതിശക്തി, എന്നൊക്കെപ്പറയൂ. അതെല്ലാമാണ് ഇപ്പോഴത്തെ ഫാഷനിലിരിക്കുന്ന ഉപമകള്‍.

സ: വാദി:അവള്‍ എന്നെ സ്നേഹിക്കുന്നു!

ബാരി :എനിക്കവളെ ഭയമാണ്.

സ: വാദി: ദുര്‍ദ്ദേവത.

ബാരി :അച്ഛനെ ഉണര്‍ത്താന്‍ പോയിരിക്കുന്നു. നിങ്ങളെപ്പററി നുണപറയാന്‍.

സ: വാദി: ഞാന്‍ നില്ക്കും. എനിക്കയാളെ കാണണം.

ബാരി :കുലവൈരികളുടെ സംഘട്ടനം!

(പ്രഭുവും ഇളയ മകളും പ്രവേശിക്കുന്നു. ഇളയമകള്‍ ഒരു കസേരയില്‍ ഇരുന്നു തയ്യല്‍ തുടങ്ങുന്നു. നടക്കുന്ന രംഗത്തില്‍ അവള്‍ ശ്രദ്ധ കാണിക്കയില്ല.)

പ്രഭു : തെണ്ടി!

സ: വാദി: മോഷ്ടാവ്.

പ്രഭു : നിനക്കെന്റെ ബന്ധുത്വമില്ല. അതെല്ലാം തീര്‍ന്നു. എന്റെ പാവപ്പെട്ട പെങ്ങളുടെ മരണത്തോടുകൂടി തീര്‍ന്നു.

സ: വാദി: ഞാന്‍ നിങ്ങളെ അമ്മാവാ എന്നു വിളിക്കാന്‍ വന്നതല്ല.

പ്രഭു : പിന്നെ?

(വലതുവശത്തൂകൂടെ കാമുകന്‍ പ്രവേശിക്കുന്നു. വേഗം ഇളയ മകളുടെ സമീപം ചെന്നിരിക്കുന്നു.)

കാമുകന്‍ : തയ്ക്കുകയാണോ?

(ഇളയ മകള്‍ തലപൊക്കി അവജ്ഞയോടെ ഒന്നുനോക്കിയിട്ടു വീണ്ടും തയ്ക്കുന്നു. ബാരിസ്റ്റര്‍ അടക്കിച്ചിരിക്കുന്നു.)

പ്രഭു : നശിപ്പിക്കുന്നവന് എന്റെ വീട്ടില്‍ സ്ഥാനമില്ല. എനിക്കു് ആ തൊഴില്‍ അറിഞ്ഞുകൂടാ. എന്റെ അച്ഛനും അമ്മയും എനിക്കു് ഒരു വീടുപോലും തന്നിട്ടില്ല. ഞാന്‍ ഇന്നൊരു കോടീശ്വരനാണ്. എങ്ങിനെ ആയി?

സ: വാദി: ചൂഷണം.

പ്രഭു : പ്രയത്നം… നിന്റച്ഛന്‍ തന്ന സ്വത്തു നീ എന്തു ചെയ്തു?

സ: വാദി: ആരു ചോദിക്കുന്നു? എന്റിഷ്ടം… വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം വീതം കൊടുത്തു.

പ്രഭു : ഇവനെ കാണുമ്പോള്‍ ഞാന്‍ നടുങ്ങിപ്പോകുന്നു

സ: വാദി: മനസ്സാക്ഷി. കോടീശ്വരനു മനസ്സാക്ഷിയുണ്ടോ?

പ്രഭു : എനിക്കൊരു വലിയ ഭയമുണ്ട്.

സ: വാദി: ‍എനിക്കും.

പ്രഭു : അതിന്റെ രൂപം ആ ഭയങ്കര രൂപം എനിക്കറിയാം.

സ: വാദി: എനിക്കും.

പ്രഭു :ആ രൂപം എന്റെ അമ്മയുടെ രൂപം –പട്ടിണിയുടെ രൂപം ഒരു നിമിഷം എന്നെ ലാളിച്ചിട്ടില്ല. അവര്‍ക്കതിനു സമയമില്ലായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള ജോലി, അവരുടെ ജീവന്‍ കരണ്ടെടുത്തു. എല്ലുന്തി, കവിളൊട്ടി ബീഭത്സമായ രണ്ടു ചോദ്യങ്ങള്‍ പോലെ, ഉന്തിനില്ക്കുന്ന ആ ദൃഷ്ടികള്‍! ഒടുവില്‍ ഒരു കിണററില്‍ നിന്നു് അവരുടെ ജഡം കരയ്ക്കെടുത്തിട്ടു. ആ കണ്ണുകളിലെ, തണുത്ത തുറിച്ച നോട്ടം. ഞാന്‍ ഓടി. ഓടുകയാണ്. ആ ഭയത്തില്‍നിന്നും ഓടുകയാണു് ഞാന്‍. അതാണെന്റെ ജീവിതം. ഒരു നിമിഷം ഞാന്‍ നിന്നില്ല. വിശ്രമിച്ചില്ല. യത്നം എന്റെ കോട്ടകൊത്തളങ്ങള്‍ പണിഞ്ഞു. ഈ മാളിക; ആ ബാങ്ക്; എന്റെ നിരവധി സ്വത്തുക്കള്‍ – എല്ലാം ആ ഭയത്തിനെതിരായുള്ള എന്റെ കോട്ടകൊത്തളങ്ങളാണ്.

സ: വാദി: നീതിയോടും കാരുണ്യത്തോടും സമത്വത്തോടും യുദ്ധം ചെയ്‌വാനുളള കോട്ടകൊത്തളങ്ങള്‍.

പ്രഭു : ആ ഭയം വീണ്ടും ഞാന്‍ ഇവനില്‍ കാണുന്നു.

സ: വാദി: ‍കോടീശ്വരന്റെ മനസ്സാക്ഷി.

പ്രഭു :ഞാന്‍ അറിഞ്ഞ ഭയം ഇനി ‍ഞാനെങ്ങിനെ അറിയാതിരിക്കും? സാധ്യമല്ല. പക്ഷേ — ഒരു തരത്തില്‍ സാദ്ധ്യവുമാണ്. എന്റെ സന്തതികള്‍ — എന്റെ ജീവിതത്തിന്റെ തുടര്‍ച്ചയാണ് അവര്‍. എന്റെ ജീവിതം. എനിക്കു വേണ്ടി വീണ്ടും കിളുര്‍ത്തതാണവര്‍. അവര്‍ ഈ ഭയം അറിയരുത്‌. അതാണെന്റെ ആശ.

സ: വാദി: ‍ആ ആശ ഞാന്‍ തകര്‍ക്കും. ന്യായരഹിതമായ ആശ… വെളിയിലെല്ലാം പേയിളക്കുന്ന ആ നിലവിളി ഒന്നുകില്‍ നശിക്കണം; അല്ലെങ്കില്‍ — അതിനോടു ചേരുന്ന ഒരു ഭീമമായ നിലവിളി ഇതിനകത്തുനിന്നും പൊങ്ങണം. സ്വാര്‍ത്ഥമായ ആനന്ദം തുലയണം.

ബാരി : സ്ഥിതിസമത്വം!

കാമുകന്‍ : വിദ്വേഷം!

സ: വാ: നീതി!

പ്രഭു : ഭ്രാന്ത്!… ഇതാണ് നിന്റെ സ്നേഹഗീത! നീ സ്നേഹിക്കുന്ന പെണ്ണു തെണ്ടണം.

സ: വാദി: തെണ്ടികളെ സൃഷ്ടിക്കുന്നതു് പ്രഭുക്കന്മാരാണ്.

പ്രഭു : നീ സ്നേഹിക്കുന്ന പെണ്ണിനെ വിവാഹം ചെയ്കയില്ല. സഖി, വ്യഭിചാരിയാകണം!

സ: വാദി: വ്യഭിചാരികളെ സൃഷ്ടിക്കുന്നതു് നിങ്ങളുടെ സമുദായമാണ്. അതു നിങ്ങളുടെ സമുദായത്തിന്റെ ആവശ്യംകൂടിയാണ്. നിങ്ങള്‍ കൈചൂണ്ടിക്കാണിക്കുന്നു. അതെല്ലാം വ്യഭിചാരികളെന്ന്, അവരെ വ്യഭിചാരികളെന്നു പട്ടികതിരിക്കുന്നു. എന്തിനു് നിങ്ങള്‍ അതല്ല എന്നു ബോദ്ധ്യപ്പെടുത്താന്‍… അവര്‍ ജീവിക്കാന്‍ വ്യഭിചരിക്കുന്നു. നിങ്ങളോ? നിങ്ങള്‍ സുഖിക്കാന്‍ വ്യഭിചരിക്കുന്നു. ജീവിക്കാന്‍ പ്രയത്നിക്കുന്നവരെ ബഹുമാനിക്കാന്‍ നിങ്ങള്‍ എന്നു പഠിക്കും? നിങ്ങളുടെ സുഖത്തിനുവേണ്ടി യത്നിക്കുന്നവരോട് നന്ദികാണിക്കാന്‍ നിങ്ങള്‍ എന്നു പഠിക്കും.

ബാരി : ഭേഷ്!

(എല്ലാവരും ഈര്‍ഷ്യയോടെ അങ്ങോട്ടു നോക്കുന്നു.)

സ: വാദി: ക്രൂരമായ പരമാര്‍ത്ഥങ്ങള്‍! എങ്ങോട്ടു നോക്കിയാലും പരമാര്‍ത്ഥങ്ങള്‍. പാറക്കൂട്ടങ്ങള്‍. ഒരു ഭയങ്കരമായ ഭൂകമ്പം വേണം ഇവയെ നശിപ്പിക്കാന്‍.

പ്രഭു : ചോരയും കൊലയും, സമത്വം പാലിക്കാന്‍!

സ: വാദി: ഞാനെന്തൊരശക്തന്‍? ഭീരു! പരമാര്‍ത്ഥങ്ങളുടെ വിളി എന്നെ തുടരുന്നു. എന്റെ ചേതന തളര്‍ത്തുന്നു. ഞാനെന്തു ചെയ്യും? ഒന്നു മയങ്ങാന്‍? ഒന്നു മറക്കാന്‍? ഒരു നിമിഷം — അത്രയ്കക്കുത്ക്കടമാകുമ്പോള്‍. ഹാ — ചിന്തയില്‍നിന്നും — പരമാര്‍ത്ഥങ്ങളില്‍നിന്നും ഒരു വിശ്രമം! അതിനുപോലും എനിക്കവകാശമില്ലേ?

പ്രഭു: നിന്റെ വിശ്രമം നീ നശിപ്പിച്ചു. എന്റെ കുട്ടികള്‍ ആ വിളി കേട്ടുകൂടാ. ആ രൂപം കണ്ടുകൂടാ. ആ ഭയം അറിഞ്ഞുകൂടാ. എന്റെ കോട്ട കൊത്തളങ്ങള്‍ ബലപ്പെടുത്തണം.

സ: വാദി: നിങ്ങള്‍ക്കു മനസ്സിലാകയില്ല. ഹൃദയം കുഷ്ഠരോഗിയെപ്പോലെ മുരടിച്ചുപോയി… അവള്‍ എന്നെ കാത്തു ഗേററില്‍ നില്ക്കുമായിരുന്നു. ഞാന്‍ ആല്‍ത്തറയില്‍ ഇരിക്കുന്നതു കാണാന്‍ അവള്‍ അമ്പലത്തില്‍ പോകുമായിരുന്നു. എന്റെ വിശ്രമത്താവളം അഭയം സ്വപ്നഭൂമി.

പ്രഭു: (പെട്ടെന്നുറച്ച്) ഇതിനകത്തു കടന്നാല്‍ നീ പോലീസില്‍. (മറയുന്നു).

സ: വാദി: (തീവ്രമായ വെറുപ്പോടെ) പുരാണവസ്തു!

ബാരി : ഹ ഹ ഹ!

(സമത്വവാദി മറയുന്നു)

കാമു: എന്തൊരു മനുഷ്യന്‍… അയാള്‍ക്കും സ്നേഹം ഉണ്ട്.

ഇ: മകള്‍: ആരോട്?

ബാരി: അയാളോടുതന്നെ.

കാമു: അയാള്‍ എന്തെങ്കിലും അബദ്ധം കാണിച്ചേക്കും.

ഇ: മകള്‍: പിന്നെ!

കാമു: കഷ്ടം!

ഇ: മകള്‍: നിങ്ങള്‍ വ്യസനിക്കാന്‍ തുടങ്ങുകയാണോ? എന്നാല്‍ ഞാന്‍ പോയേക്കാം.

കാമു: എന്നോടത്രയ്ക്ക്… എന്തു ചെയ്യാം.

ബാരി: ചില എളുപ്പവഴികളുണ്ട്, സ്നേഹിതാ പ്രയോഗിച്ചുനോക്കണം. ഞാന്‍ ഇറങ്ങുന്നു. നമസ്തേ.

ഇ: മകള്‍: ആര്‍ക്കും എന്റെ കൂട്ടു രസിക്കുന്നില്ല. ഞാന്‍ തന്നെ പോയേക്കാം. (പോകുന്നു)

കാമു: നിങ്ങള്‍ ഞങ്ങള്‍ക്കിടയ്ക്കു വന്നു ചാടുന്നു.

ബാരി: സ്നേഹിത, നിങ്ങളോടും എനിക്കു സഹതാപമുണ്ട്. എനിക്കു പ്രണയ സ്വഭാവികളായ യുവതികളെ ഭയമാണ്. പിന്നെ, അവള്‍ നിങ്ങളെ സ്നേഹിക്കുന്നില്ലെങ്കില്‍ അതു മറ്റൊരാളെ സ്നേഹിക്കുന്നതുകൊണ്ടാണ്.

കാമു: ആരെ?

ബാരി: സമത്വവാദി.

കാമു: ഓ —

ബാരി: നിങ്ങള്‍ക്കതു വിശ്വാസമല്ല.

കാമു: നിങ്ങള്‍ അവളെ സ്നേഹിക്കുന്നുണ്ടോ?

ബാരി: നിങ്ങള്‍ രാത്രിയില്‍ ഉറങ്ങാറുണ്ടോ?

കാമു: ഞാന്‍ സ്വപ്നം കാണാറുണ്ട് — അവളെ.

ബാരി: ഞാന്‍ ഉറങ്ങാറുണ്ട്. അപ്പോള്‍ ഞാന്‍ ഒരു കാമുകനല്ലെന്നു സിദ്ധിക്കുന്നു.

കാമു: അവള്‍ നിങ്ങളെ —

ബാരി: ഞങ്ങളുടെ കുലദൈവം എന്നെ രക്ഷിക്കും.

കാമു: അവളെ കൂടാതെ എനിക്കു ജീവിക്കാന്‍ സാധ്യമല്ല.

ബാരി: കാലില്‍ പിടിക്കരുത്, പശുക്കള്‍ തൊഴിക്കും.

കാമു: ഈശ്വരനുമാത്രമറിയാം ഞാന്‍ എന്തനുഭവിക്കുന്നുണ്ടെന്ന്!

ബാരി: പ്രണയസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠയുള്ള ഒരു വാചകമാണത്. ചുമ്മാ ഉരുവിട്ടുകൊള്ളൂ. പക്ഷെ — പുരുഷന്‍ ആരാധിച്ചു സ്ത്രീയെ നാശമാക്കിക്കഴിഞ്ഞു. നിങ്ങള്‍ക്കു ചില എളുപ്പവഴികള്‍ പറഞ്ഞുതരാം. (സംസാരിച്ചു കൊണ്ട് അവര്‍ മറയുന്നു)

(ക്രമേണ രംഗം ഇരുളുന്നു. താളനിയന്ത്രിതമായ ഒരു ശബ്ദം, ഹൃദയത്തുടിപ്പുപോലുള്ള ഒരു ശബ്ദം ക്രമേണ ഉയരുന്നു. രംഗം നിശേഷം ഇരുട്ടിലാകുന്നുതോടുകൂടി ശബ്ദം ഉച്ചത്തിലെത്തുന്നു. പെട്ടെന്നു് അകത്തൊരുവെടി. നിശ്ശബ്ദം. ഒരു വാതില്‍ തുറന്നടയുന്ന ശബ്ദം. നിശ്ശബ്ദത. ക്രമേണ ഒരു ചെറുപ്രകാശം അടുത്തടുത്തുവരുന്നു. ഒരു ചെറുദീപവും കയ്യിലേന്തി മൂത്തമകള്‍ പ്രവേശിക്കുന്നു. ഉറക്കത്തില്‍ നിന്നുണര്‍ന്നു വരുന്ന പരിഭ്രമം മറുവശത്തുകൂടി ‌കയ്യില്‍ തോക്കുമായി സമത്വവാദി പ്രവേശിക്കുന്നു. ഇരുവരും ഓരോ അടി പുറകോട്ടുവച്ചു പോകുന്നു.)

മൂ: മകള്‍: (ഭയംകൊണ്ടും വിസ്മയംകൊണ്ടും അടച്ച സ്വരത്തില്‍) ആര്?

സ: വാദി: ഞാന്‍. ഭീരു. അഭയാര്‍ത്ഥി.

മൂ: മകള്‍: ചേട്ടന്‍!

സ: വാദി: വരൂ. പോകാം. (നിശ്ശബ്ദത) നീ എന്നെ സ്നേഹിക്കുന്നില്ലേ? നിന്റെ വിലങ്ങു ഞാന്‍ പൊട്ടിച്ചു. നീ എനിക്കു ശക്തി തന്നു. ഞാന്‍ ആ പുരാണവസ്തുവിനെ നശിപ്പിച്ചു. നീ സ്വതന്ത്രയാണ്. (തോക്കു കാണിക്കുന്നു) വരൂ.

മൂ: മകള്‍: എന്റച്ഛന്‍!

സ: വാദി: ഞാന്‍ നശിപ്പിച്ചു. നിനക്കുവേണ്ടി. നീ തന്ന ശക്തി..

മൂ: മകള്‍: കൊലപാതകീ!

സ: വാദി: (അവളുടെ വാ പൊത്തിക്കൊണ്ട്) മിണ്ടരുത്. പരമാര്‍ത്ഥത്തിന്റെ പേരുച്ചരിക്കാതെ. അയ്യോ! എവിടെയും ആ വിളി. അഭയം! സഖീ! അഭയം! ഒരു നിമിഷനേരത്തെ വിശ്രമം മറവി. ഈ മാറിടത്തിലെ കുളുര്‍മ്മയില്‍ തലചായ്പ്, ഈ അധരങ്ങളുടെ പുഞ്ചിരിയില്‍ മയങ്ങി — അയഥാര്‍ത്ഥങ്ങളുടെ പുണ്യഭൂവേ! (അവളുടെ കൈക്കു പിടിക്കുന്നു.)

മൂ: മകള്‍: എന്റച്ഛനെ കൊന്നു!

സ: വാദി: (പിടി വിട്ട്, നിരാശയോടെ) ഹാ! യാഥാര്‍ത്ഥ്യങ്ങള്‍!