close
Sayahna Sayahna
Search

കലയുടെ സൗരഭ്യം


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കലയുടെ സൗരഭ്യം

“യുവാവായ ഈ എഴുത്തുകാരന്‍ വായനക്കാരനെ മോഹിപ്പിച്ചു വശീകരിക്കുന്നു. മിലാനിലും പാരീസിലും ലണ്ടനിലുമുള്ള നിരൂപകര്‍ അദ്ഭുതപ്പെടുന്നു.” “സുസ്കിന്റ്തന്നെ ഭാഷയ്ക്കു സൗരഭ്യമിയററുന്നവനാണ്.” സുസ്കിന്റും എചോയും തമ്മില്‍ക്കണ്ട് ഒരു കക്ഷിയിലെ അംഗങ്ങളായെങ്കില്‍ അതിന്റെ ഫലം ‘ദ പെര്‍ഫ്യൂം ഓഫ് ദ റോസ്’ (The Perfume of the Rose) എന്ന ശ്രേഷ്ഠമായ പുസ്തകമായേനേ” - ജര്‍മ്മനിയില്‍ സമീപകാലത്തുണ്ടായ ഒരു നോവലിനെക്കുറിച്ചുതിര്‍ന്ന പ്രശംസാവചനങ്ങളാണിവ.

ആ നോവലിന്റെ പേരു് “സുഗന്ധദ്രവ്യം” (Perfume) എന്നു്, അതെഴുതിയതു പട്രിക് സുസുകിന്റ് എന്ന പ്രശസ്തനായ നാടകകര്‍ത്താവ്. ഗ്രന്ഥകാരനുതന്നെ താന്‍ രചിച്ച കൃതിപോലെ മറ്റൊന്നു രചിക്കാന്‍ വയ്യാതെവരുമ്പോള്‍ അതിനെ പടിഞ്ഞാറന്‍ ഭാഷയില്‍ Tour de force എന്നു വിളിക്കാറുണ്ട്. ആ രീതിയില്‍ ഒരസാധാരണമായ നേട്ടമാണു സുസ്കിന്റിന്റെ ഈ പ്രഥമ നോവല്‍. അധികമാരെയും അംഗീകരിക്കാത്ത അമേരിക്കന്‍ നോവലിസ്ററ് ജോണ്‍ അപ്ഡൈക്ക്പോലും ‘ഉജ്ജലം’ എന്നു് ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി.

പതിനെട്ടാം ശതാബ്ദത്തില്‍ പ്രാന്‍സില്‍ ഗ്രെനുയി എന്നൊരു ഭയങ്കരനുണ്ടായിരുന്നു. മററനുഗൃഹീതരായ ഭയങ്കരന്മാര്‍ സാദ്, സങ്ഷുസ്ത്, ഫുഷേ, ബോണപ്പാര്‍ട്ട് ഇവരൊടൊപ്പം ഗ്രെനുയി ഓര്‍മ്മിക്കപ്പെടുന്നില്ലെങ്കില്‍ അതിനു ഹേതു അഹങ്കാരത്തിലും മനുഷ്യവിരോധത്തിലും അസാന്മാര്‍ഗികത്വത്തിലും ദുഷ്ടതയിലും അയാള്‍ അരോടൊപ്പം എത്തിയില്ല എന്നതല്ല. ചരിത്രത്തില്‍ പാടൊന്നും വീഴ്ത്താതെ ‘സൌരഭ്യം’ എന്നതിന്റെ മണ്ഡലത്തില്‍മാത്രം അയാള്‍ ഒതുങ്ങിനിന്നിരുന്നു എന്നതാണ് കാരണം.

നോവലിലെ കഥയാരംഭിക്കുന്ന കാലയളവില്‍ തെരുവുകള്‍ വളംകൊണ്ടും ആളുകള്‍ വിയര്‍പ്പിനാലും നാറി. അവരുടെ വായില്‍നിന്നു് അഴുകിയ പല്ലുകളുടെ പൂതിഗന്ധം. നദികള്‍ നാറി, ചന്തസ്ഥലങ്ങള്‍ നാറി, പള്ളികള്‍ നാറി, കൃഷിക്കാരനും പാതിരിക്കും നാററം. പാരീസിലായിരുന്നു ഈ ദുര്‍ഗന്ധം വളരെ കൂടുതലായി അനുഭവപ്പെട്ടതു്.

രാജ്യത്തിലെ, ഏററവും നാററമുള്ള സ്ഥലത്ത് 1738 ജൂലൈ 17 നു ഗ്രെനുയി ജനിച്ചു. പേററുനോവു തുടങ്ങിയപ്പോള്‍, ഗ്രെനുയിയുടെ അമ്മ ഒരു മീന്‍ കടയില്‍ നില്‍ക്കുയായിരുന്നു. വേദന സഹിക്കാനാവാതായപ്പോള്‍ അവള്‍ അവിടെ കുത്തിയിരുന്നു പെറ്റു. പൊക്കിള്‍കൊടി കശാപ്പുകത്തികൊണ്ട് അവള്‍ അറുത്തു. ആ കത്തിയോടുകൂടി അവള്‍ പാതയില്‍ ബോധംകെട്ടുവീണു. ആളുകള്‍ സംസാരിച്ചു.

“അവള്‍ക്ക് എന്തു സംഭിവിച്ചു?”

“ഒന്നുമില്ല.”

“ആ കത്തികൊണ്ട് അവള്‍ എന്താണു ചെയ്തത്?”

“ഒന്നുമില്ല.”

“അവളുടെ പാവാടയിലെ ചോര എവിടെനിന്നു വന്നു?”

“മീനില്‍നിന്നു്.”

അവള്‍ എഴുന്നേററു കത്തി ദൂരെയറിഞ്ഞു. കഴുകാനായി നടന്നുപോകുകുയും ചെയ്തു. പിന്നിട് പോലീസ് അവളെ അറസ്ററ് ചെയ്തു. അനേകം ശിശുക്കളുടെ മരണത്തിനു കരണക്കാരിയായ അവളെ വധിച്ചു. ശിശുവനെ പോലീസ് പളളിയധികാരികളെയാണ് ഏല്‍പ്പിച്ചതു്. പക്ഷേ ഒരു ആയയും അവനെ വളരെക്കാലം സംരക്ഷിച്ചില്ല. രണ്ടുകുട്ടികള്‍ കടിക്കുന്ന മുലപ്പാല്‍ അവന്‍ കുടിക്കും. എന്തൊരാര്‍ത്തിയാണവനു്. മുലയൂട്ടി ജീവിക്കുന്ന ആയയ്ക്ക് അവനെ സംരക്ഷിക്കാന്‍ വയ്യ. അന്യന്റെ ആഗമനം അവന്‍ ഭാവികഥനമെന്നമട്ടില്‍ പറയും. ഒരു മേഘംപോലും ആകാശത്ത് ഇല്ലാതിരിക്കുമ്പോള്‍ ഇടിവെട്ടാന്‍ പോകുന്നുണ്ടെന്നു മുന്‍കൂട്ടി അറിയിപ്പു നല്‍കും. തീര്‍ച്ചയായും അവന്‍ ഒന്നും കാണുന്നില്ല. പക്ഷേ അവയുടെ മണം അവന്‍ പിടിച്ചെടുക്കും. കോളിഫ്ളവറിനകത്തുള്ള പുഴു, തുലാക്കോലിനു അപ്പുറമിരിക്കുന്ന പണം. ചുവരിനപ്പുറത്തുള്ള ആളുകള്‍, വളരെ ദൂരെയുള്ള പുസ്തകങ്ങള്‍ ഇവയെല്ലാം അവന്‍ മണത്തറിയും. എന്നാല്‍ അവനൊട്ടു ഗന്ധിമില്ലതാനും. ഒരായ പറഞ്ഞത്. “അവനു മണമേയില്ല” എന്നാണ്.

ഗ്രെനുയിക്കു പതിനഞ്ച വയസായി. അതാ ഒരു ഗന്ധം ഒഴുകിവരുന്നു. സന്‍നദിയുടെ അക്കരെ നില്‍ക്കുമ്പോള്‍ അവന്‍ മൂക്കുകൊണ്ടി പിടിച്ചെടുത്തതാണ് ആ മണം. അതിന്റെ പ്രഭവകേന്ദ്രം അവന്‍ കണ്ടുപിടിച്ചു. അവിടെ പഴങ്ങള്‍ കൂടയില്‍നിന്നെടുത്തു തൊട്ടിയിലേക്കിടുന്ന ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളില്‍നിന്നുയര്‍ന്ന ഗന്ധമാണ് അവന്‍ നേരത്തെ അറിഞ്ഞതു്. ഇനി നോവലിസ്ററിന്റെ വാക്യങ്ങള്‍തന്നെയാവട്ടെ “(He) smelled the sweat of her armpits, the oil in her hair, the fishy odor of her genitals and smelled it all with the greatest pleasure. Her sweat smelled as fresh as the sea breeze…”

ഗ്രെനുയി പതുക്കെ അവളുടെ അടുത്തുചെന്നു; ഒന്നിനൊന്നു് അടുത്തു്. എന്നിട്ട് ഒരടി പിറകിലായി നിന്നു. അവള്‍ അവന്റെ ആഗമനം അറിഞ്ഞില്ല. ഗ്രെനുയി കുനിഞ്ഞു അവളുടെ പിടലിയില്‍നിന്നു്, തലമുടിയില്‍ നിന്നു് ഉയര്‍ന്ന സൗരഭ്യം ആവോളം നകര്‍ന്നു. പെണ്‍കുട്ടി അവനെ കണ്ടില്ലെങ്കിലും അസ്വസ്ഥയായി. അവള്‍ പെട്ടെന്നു തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ അവിടെ നില്‍ക്കുന്നു. ഭയംകൊണ്ടു് അവള്‍ മരവിച്ചുപോയി. അവന്‍ അവളുടെ കഴുത്തില്‍ കൈയമര്‍ത്തി. അവള്‍ കരയാന്‍ ശ്രമിച്ചില്ല. അനങ്ങിയില്ല. തന്നെ രക്ഷിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. അവനാകട്ടെ അവളെ നോക്കിയതേയില്ല. അവളുടെ സുന്ദരമായ മുഖമോ ചുവന്നച്ചുണ്ടുകളോ തിളക്കമാര്‍ന്ന കണ്ണുകളോ നോക്കിയില്ല. സ്വന്തം കണ്ണുകള്‍ ഇറുക്കിയടച്ചുകൊണ്ട് അവന്‍ അവളുടെ കഴുത്തുപിടിച്ചമര്‍ത്തി. ഞെക്കിക്കൊന്നു. അവളുടെ മണത്തിന്റെ ഒരംശവും നഷ്ടപ്പെടരുതെന്നേ അവനു് ഉദ്ദേശ്യമുണ്ടായിരുന്നുള്ളു. അവളുടെ ശ്വാസം നിന്നപ്പോള്‍ അവന്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി തൊലിപ്പുറത്തു മൂക്കമര്‍ത്തി ഗന്ധം വലിച്ചെടുത്തു. തലതൊട്ടു കാല്‍വിരലുവരെ അവന്‍ മണപ്പിച്ചു. താടിക്കടിയില്‍നിന്നു്, പൊക്കിളില്‍നിന്നു അവന്‍ ഗന്ധം നുകര്‍ന്നു. ഗ്രെനുയിക്കു ജീവിതലക്ഷ്യം മനസിലായി. സുഗന്ധങ്ങളുടെ നിര്‍മ്മാതാവാകണം അവനു്. സാധാരണക്കാരനായ സുഗന്ധദ്രവ്യനിര്‍മ്മാതാവല്ല, ഈ ലോകത്തെ ഏററവും വലിയ നിര്‍മമാതാവ്.

ആ ആഗ്രഹത്തിന്റെ സാഫല്യത്തിനുവേണ്ടിയുള്ള ഗ്രെനുയിയുടെ യത്നവും അതിന്റെ ദുരന്തവുമാണു് നോവലിന്റെ ശേഷമുള്ള ഭാഗങ്ങളില്‍ വര്‍ണിക്കപ്പെടുന്നതു്. അവ ഓരോന്നിലേക്കും പോകാൻ ഇവിടെ സ്ഥലമില്ല. അതുകൊണ്ടു് സംക്ഷേപത്തെ ആശ്രയിക്കാന്‍ ഇതെഴുതുന്ന ആള്‍ നിര്‍ബദ്ധനാവുന്നു. വധം നടത്തിയഗ്രെനുയി ഒരു മലയില്‍ ഏഴുവര്‍ഷം ഏകാന്തവാസംനടത്തി. അദമ്യമായി ആ ആഗ്രഹം വീണ്ടും. അപ്രതിരോധ്യമായ സൗരഭ്യം തന്നിലുളുവാക്കി ലോകമാകെ ആക്രമിച്ചു കീഴടക്കണം ഗ്രെനുയിക്കു്. ഇതിനുവേണ്ടി അയാള്‍ സുന്ദരികളായ പല കന്യകകളെയും കൊന്നു.

അയാള്‍ നിയമത്തിന്റെ പിടിയിലായി. എല്ലാ കൊലപാതകങ്ങളും താന്‍ ചെയ്തതുതന്നെയെന്നു് അയാള്‍ സമ്മതിച്ചു. എന്തിനു അവ നടത്തിയെന്നു് അധികാരികള്‍ ചോദിച്ചപ്പോള്‍ വിശ്വാസജനകമായ ഉത്തരം നല്‍കാന്‍ ഗ്രെനുയിക്കു കഴിഞ്ഞില്ല. തനിക്കു് ആ പെണ്‍കുട്ടികളെ ആവശ്യമുണ്ടായിരുന്നു, അതുകൊണ്ട് അവരെ കൊന്നു എന്നാണ് അയാള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു മറുപടി നല്‍കിയതു്. അയാളുടെ പാപനിവേദനം കേള്‍ക്കാന്‍ ഒരു പുരോഹിതന്‍ തടവറയില്‍ ചെന്നു. പക്ഷേ ഒന്നും ചെയ്യാതെ അദ്ദേഹം തിരിച്ചുപോന്നു. ഈശ്വരന്‍ എന്ന വാക്കുകേട്ട കൊലപാതകി ആ വാക്കിന്റെ അര്‍ത്ഥമറിഞ്ഞുകൂടാത്തവനെപ്പോലെ പുരോഹിതനെ നോക്കി. താന്‍ ആദ്യമായി ആ പദം കേള്‍ക്കുന്നു എന്ന ഭാവമായിരുന്നു ഗ്രെനുയിക്ക്. എന്നിട്ട് അയാള്‍ പലകയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. ഗാഢനിദ്രയില്‍ വിലയംകൊണ്ടു.

ഗ്രെനുയിയെ വധിക്കാന്‍ പ്രാഡ്വിവാകര്‍ വിധിച്ചു.

വൈകുന്നേരം അഞ്ചുമണിക്കാണു വധം നടക്കുക. അതു കാണാന്‍ ലക്ഷക്കണക്കിനാളുകള്‍ കൂടി. അതാ വണ്ടിവരുന്നു. പതിവിനു വിപരീതമായി കൊലപാതകിയെ വണ്ടിയില്‍ കയററിയാണു കൊണ്ടുവന്നതു്. അല്ലെങ്കില്‍ കോപിഷ്ഠരായ ആളുകള്‍ ശിക്ഷനടക്കുന്നതിനു മുമ്പുതന്നെ അയാളെ കൊന്നുകളയുകയില്ലേ?

പക്ഷേ നീല സ്യൂട്ട്ധരിച്ച ഗ്രെനുയി വണ്ടിയില്‍ നിന്നിറങ്ങിയപ്പോൾ ഒരദ്ഭുതം സംഭവിച്ചു. വണ്ടിയിൽ നിന്നിറങ്ങിയ ആ മനുഷ്യന്‍ കൊലപാതകിയല്ലെന്നു ബഹുജനത്തിനു ഒരു തോന്നല്‍. അവിടെ അപ്പോള്‍ നില്‍ക്കുന്ന മനുഷ്യന്‍തന്നെയാണു രണ്ടു ദിവസംമുമ്പു കോടതിയില്‍ നിന്നതു്. എങ്കിലും അവിടെ നില്‍ക്കുന്ന മനുഷ്യന്‍ ആ കൊലപാതകിയല്ല. അയാള്‍ നിരപരാധിത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ്. അവിടെ കൂടിയ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ദുര്‍ബലരായി. കാമുകന്റെ മാന്ത്രിക ശക്തിക്ക് അടിമപ്പെട്ടവരെപ്പോലെയായി പെണ്ണുങ്ങള്‍. കൊലപാതകിയെ ആരാച്ചാരെ ഏല്‍പിക്കേണ്ടവര്‍ സാഷ്ടാംഗ നമസ്കാരം ചെയ്തു. കൊലപാതകി മാലാഖയായി മാറി. ഏററവും സന്ദരനായി, ഏററവും ആകര്‍ഷങ്കത്വമുള്ളവനായി അയാളെ അവരാകെ കണ്ടു. അവരുടെ കാമോല്‍സുകതയുടെ കേന്ദ്രത്തില്‍ അയാള്‍ സ്പര്‍ശിച്ചുവെന്നു് അവര്‍ക്കു തോന്നി. It was as If the man had ten thousand invisible hands and had laid a hand on the genitals of the ten thousand people surrounding him and fondled them in just the way that each of them, whether man or woman desired in his or her most secret fantasies. ഗ്രെനുയി അവിടെനിന്നു ചിരിച്ചു. എത്ര നിഷ്കളങ്കമായ, പ്രേമാര്‍ദ്രമായ, ആകര്‍ഷകമായ ചിരി! Love him, Desire him, Idolize him എന്നായി വിളികള്‍.

ഗ്രെനൂയി 1766 ജൂണ്‍ 25 നു പാരീസിലെത്തി. പതിനായിരക്കണക്കിനു ഗന്ധങ്ങള്‍ അവിടെനിന്നു് ഉയര്‍ന്നു. മാംസവും മല്‍സ്യവും പുഴുത്തു. നാററം വ്യാപിച്ചു. അയാള്‍ ഒരു ശവപ്പറമ്പില്‍ പ്രവേശിച്ചു. ശവങ്ങളുടെ ദുര്‍ഗന്ധമാണ് എവിടെയും. രാത്രിയായപ്പോള്‍ തസ്കരന്മാരും കൊലപാതകികളും വേശ്യകളും അവിടെ കൂടി. കുപ്പിയുടെ അടപ്പുതുറന്നു സുഗന്ധദ്രവ്യം തന്റെ ശരിരത്തിലേക്ക് ഒഴിച്ചു ഗ്രെനൂയി. ആദ്യം അവര്‍ അദ്ഭുതപ്പെട്ടു പിറകോട്ടു മാറിയെങ്കിലും പെട്ടെന്ന് അയാള്‍ക്കു ചുററുമായി നിന്നു. അവര്‍ ഗ്രെനൂയിയെ പിച്ചിപ്പറിച്ചെടുത്തു. അരമണിക്കൂര്‍കൊണ്ട് ഗ്രെനൂയി ഈ ലോകത്തുനിന്നു് അപ്രത്യക്ഷനായി. സ്നേഹംകൊണ്ടാണ് അവരതു ചെയ്തതു്. ഭക്ഷണത്തിന്റെ ഗുരുതയാല്‍ വയററിനു കനം. പക്ഷേ ഹൃദയ വളരെ ലഘുവായി അവര്‍ക്കു തോന്നി.

പലതലത്തില്‍ അര്‍ത്ഥം പറയാവുന്ന പ്രൗഢമായ നോവലാണിതു്. ഫ്രഞ്ച് വിപ്‌ളവത്തിനു അരശതാബ്ദം മുമ്പു ജനിച്ച ഗ്രെനൂയി, സാദിനും സാങ് ഷുസ്തിനും ഫുഷേക്കും ബോണപ്പാര്‍ട്ടിനും സദൃശനായിരുന്നുവെന്നാണ് നോവലിസ്ററിന്റെ ആദ്യമേയുള്ള പ്രസ്താവം. ഫ്രഞ്ച് എഴു ത്തുകാരനായിരുന്ന സാദ് (Sade 1740–1814) ലൈംഗികാപരാധങ്ങള്‍ക്കായി 27 വര്‍ഷം കാരാഗൃഹത്തില്‍ കിടന്നവനാണ്. ലൈംഗികഭ്രംശവും കുററങ്ങളും സമുദായത്തില്‍ ഉള്ളതായതുകൊണ്ട് അവ സ്വാഭാവികങ്ങളാണു് എന്നു വാദിച്ച ആളായിരുന്നു സാദ്.

സാങ്ഷുസ്ത് (Saint-Just) ഫ്രഞ്ച് വിപ്ളവത്തിന്റെ നേതാവായിരുന്നു. മറ്റൊരു നേതാവായിരുന്ന റോബസ്പിയറിനോടൊപ്പം സാങ്ഷുസ്തിന്റെയും കഴുത്തു മുറിച്ചു വിപ്‌ളവകാരികള്‍.

ഷോസഫ് ബുഷേ (Joseph Fouche) ഫ്രഞ്ച് വിപ്‌ളവകാരിയും പൊലീസ് മന്ത്രിയുമായിരുന്നു. ഇവരുടെയും ബോണപ്പാര്‍ട്ടിന്റെയും നൃശംസത കുപ്രസിദ്ധമാണ്. വിപ്ളവം അതിന്റെ ശിശുക്കളെ ഭക്ഷിക്കാറുണ്ടല്ലോ. അങ്ങനെ ഈ ശിശുക്കളെയാകെ അതു കൊന്നുതിന്നു. കൊലപാതകങ്ങള്‍ നടത്തിയിട്ടും ചോരപ്പുഴകള്‍ ഒഴുക്കിയിട്ടും ബഹുജനം അവരെ മാനിച്ചു. ആ മാനിക്കലും ആരാധനയും താല്‍ക്കാലികമായിരുന്നു. അതേ ജനതതന്നെ തങ്ങളുടെ ആരാധനാപാത്രങ്ങളെ നശിപ്പിച്ചു. കൊലപാതകങ്ങളേറെ ചെയ്ത ഗ്രെനൂയിയെ മാലാഖയായി കാണുന്ന ജനങ്ങള്‍തന്നെ അയാളെ ജീവനോടെ ഭക്ഷിക്കുന്നു. ഗ്രെനൂയി ഭാവികാലത്തെ ഫ്രഞ്ച് വിപ്ളവകാരികളുടെ പ്രതിരൂപമാണ്. ഏതു വിപ്ളവും ജനതയുടെ സുഖം അഭിലഷിക്കുന്നു. അതുകൊണ്ട് സുഖമന്വേഷിച്ചു പ്രവര്‍ത്തിനനിരതരായിരുന്ന അവര്‍ അതുകണ്ടെത്താനായി പ്രതിബന്ധസഹസ്രങ്ങള്‍ തട്ടിത്തകര്‍ക്കുന്നു. സുഖം ഒരു തരത്തിലുള്ള സൗരഭ്യമാണ്. ആ സൗരഭ്യത്തിനുവേണ്ടി ഗ്രെനൂയി വധങ്ങള്‍ നടത്തിയതുപോലെ റോബസ്‌പിയറും കൂട്ടുകാരും എത്രയെത്ര കൊലപാതകങ്ങള്‍ ചെയ്തു.

രണ്ടു ശതാബ്ദങ്ങള്‍ മുന്നോട്ടുവരു. ഹിററ്‌ലര്‍ നമ്മുടെ മുമ്പിലുണ്ടു്. ആര്യവര്‍ഗത്തിന്റെ ശ്രേഷ്ഠത്വമുദ്ഘോഷിച്ചു ലക്ഷക്കണക്കിനു ജൂതന്മാരെ ഗ്യാസ്ചേംബറില്‍ ശ്വാസംമുട്ടിച്ചുകൊന്ന ആ നരാധമന്‍ വേറൊരു സുഗന്ധദ്രവ്യ നിര്‍മ്മാതാവാണ്. ഏതെങ്കിലും രാജ്യത്തു സമാഗ്രാധിപത്യമോ ‘ഇമേർജന്‍സി’യോ വരുമ്പോള്‍ അതു് അവിടത്തെ ഭരണാധികാരിയുടെ മാനിസിക ഭ്രംശമായിമാത്രം ധിഷണാശാലികള്‍ കരുതുന്നു. അതില്‍ അത്രകണ്ടു സത്യമല്ല. ജനതയ്ക്കു സ്വാതന്ത്ര്യത്തില്‍ നിന്നു സമഗ്രാധിപത്യത്തിലേക്കു പോകാനുള്ള പ്രവണതയുണ്ട്. ആ പ്രവണതയ്ക്കു ശക്തി കൈവരുമ്പോള്‍ ആ രാജ്യത്ത് ഡിക്‌ടേററര്‍ഷിപ്പ് ഉണ്ടാകും. സമഗ്രാധിപത്യമുണ്ടാകും. അടിയന്തരാവസ്ഥയുണ്ടാകും. സ്പാനിഷ് തത്ത്വചിന്തകനായ ഒര്‍ട്ടേഗ ഗാസ്ററ് തന്റെ Revolt of the Masses എന്ന ഗ്രന്ഥത്തില്‍ ഇതു വിശദമാക്കിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. ജനങ്ങളുടെ അഭിലാഷത്തിനു സാഫല്യമുണ്ടായാല്‍ നേതാവിനെ നോക്കി ജനത Love him, Desire him, Idolize him എന്നു വിളിക്കും. കുറേക്കാലം കഴിഞ്ഞു മോഹഭംഗം വന്നതിനുശേഷം അവര്‍ ആ നേതാവിനെ പിച്ചിച്ചീന്തി തിന്നുകയുള്ളു.

രാഷ്ട്ര വ്യവഹാരത്തിന്റെ മണ്ഡലത്തില്‍ മാത്രമല്ല സുസ്കിന്റിന്റെ നോവലിനു പ്രകരണയോഗ്യതയുള്ളത് ജീവിതമെന്നതാണ് ഈശ്വരന്‍, വേറൊരു ഈശ്വരനില്ല എന്നു വാദിക്കുകയും ലൈംഗിക കേന്ദ്രത്തില്‍ ചെന്നു് ആഘാതമേല്പിക്കുമാറ് ഹു എന്ന മന്ത്രം ഉച്ചത്തില്‍ ചൊല്ലാന്‍ ആളുകളെ ഉപദേശിക്കുകയും ചെയ്ത രജനീഷ്, അനേകം റോള്‍സ് റോയിസ് കാറുകളുടെ ഉടമസ്ഥാനായിരുന്ന രജനീഷ് വേറൊരു സുഗന്ധദ്രവ്യ നിര്‍മ്മാതാവാണ്. കുപ്പിയുടെ അടപ്പു തുറന്നു നൂതനസിദ്ധാന്തമെണ ‘സെന്റ്’ അയാള്‍ ശരീരത്തിലൊഴിച്ചപ്പോള്‍ ജനങ്ങള്‍ അയാളെയും തേജോമയനായി കണ്ടു. ഇതു മാത്രമല്ല, സ്യൂഡോ സയൻസിന്റെ ഉദ്ഘോഷകരായ വില്‍ഹെം റീഹ് (Reich) വെലികോവ്സ്കി എന്നിവരും ഈ നോവലിന്റെ പരിധിക്കുള്ളില്‍ സസുഖം വിശ്രമിക്കും.

സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.