നോവലിനെക്കുറിച്ചു്
ഒരു ശബ്ദത്തില്‍ ഒരു രാഗം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | ഒരു ശബ്ദത്തില്‍ ഒരു രാഗം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്. |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 95 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നോവലിനെക്കുറിച്ച്
മിലാന്‍ കുന്ദേര വിശ്വവിഖ്യാതനായ ചെക്ക് നോവലെഴുത്തുകാരനാണ്. അദ്ദേഹത്തെപ്പോലെ മഹായശസ്കനാണ് മെക്സിക്കന്‍ നോവലിസ്റ്റായ കാര്‍ലോസ് ഫ്വേന്‍റസ്. രണ്ടുപേരും നോവലിന്റെ ഭാവിയില്‍ ആശങ്കാകുലരായി ഗ്രന്ഥങ്ങള്‍ എഴുതിയിരിക്കുന്നു. കുന്ദേര തന്റെ The Art of the Novel എന്ന പുസ്തകത്തില്‍ ‘അനിശ്ചിതത്വത്തെ അന്വേഷിക്കലാണ്’ നേവലിന്റെ ലക്ഷ്യമെന്ന് പറയുന്നു. ‘വസ്തുക്കളുടെ സത്യം അഭിപ്രായത്തിലാണ് ഇരിക്കുന്ന’തെന്നു് ഫ്വേന്റസ് തന്റെ Myself with Others എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ‘ജീവിതത്തിലുള്ളതെന്തും വൈജാത്യമുള്ളതാണ്. അന്യോന്യം എതിരിടുന്നതാണ്, ദുര്‍ഗ്രഹമാണ്. അതു കൊണ്ട് സത്യമേതെന്നു് അറിയാന്‍ പ്രയാസം’ എന്നു അദ്ദേഹം പറയുന്നു. എന്തായാലും പഴയ രീതിയിലുള്ള നോവല്‍ — ക്രമാനുഗതമായി വികസിക്കുന്ന ഇതിവൃത്തം. സജീവങ്ങളായ കഥാപാത്രങ്ങള്‍, മറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥകാരന്‍ — ഇവയോടുകൂടിയ നോവല്‍ മരിച്ചുകഴിഞ്ഞു എന്നാണു് രണ്ടുപോരുടെയും മതം. (ഈ ലേഖകന്‍ രണ്ടു പുസ്തകങ്ങളും വായിച്ചിട്ടില്ല. ഇവയുടെ നിരൂപണം വായിച്ചിട്ടാണു ഈ വാക്യങ്ങള്‍ കുറിച്ചിട്ടതു് — The Economist — Number 7557–പുറം 81) നൂതനമായ ഏതെങ്കിലും സ്വീകരിച്ചില്ലെങ്കില്‍ നോവലെന്ന സാഹിത്യപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നു് കുന്ദേരയും ഫ്വോന്‍റസും വിശ്വസിക്കുന്നു.
കൂടെക്കൂടെ ഇത്തരം അഭിപ്രായങ്ങള്‍ സാഹിത്യലോകത്തു് കൊടുങ്കാററ് ഉയര്‍ത്തിയിട്ട് കെട്ടടങ്ങാറുണ്ട്. പുണ്യവാളന്മാര്‍ പാപികളായി പ്രത്യക്ഷരാകുന്നതുപോലെ ബുദ്ധിമാന്മാര്‍ ബുദ്ധിരഹിതരായി നമ്മുടെ മുന്‍പില്‍ വന്നുനില്‍ക്കാറുണ്ടെന്നു്, പണ്ടാരോ എഴുതിയിട്ടുണ്ടല്ലോ. അതിനെ ഓർമ്മിപ്പിക്കുന്നു കുന്ദേരയുടേയും ഫ്വോന്‍റസിന്റേയും ഉദീരണങ്ങൾ. ഏതാണ്ട് അമ്പതികൊല്ലത്തിനു മുന്‍പും ഇതുപോലൊരു ചക്രവാതം ലോകമാകെ ചുററിയടിച്ചു. മരങ്ങള്‍ കടപുഴകിവീണു. സാഗരതരംഗങ്ങള്‍ കരയില്‍ ആഞ്ഞടിച്ചു. പക്ഷേ അതൊക്കെ ഏതാനും നാഴികകള്‍മാത്രം. ഞാനുദ്ദേശിക്കുന്നതു് സ്പാനിഷ് തത്വചിന്തകന്‍ ഒര്‍ട്ടേഗ ഇഗാസറ്റിന്റെ അഭിപ്രായമാണ്. നോവലെഴുത്തുകാരന്‍ മണല്‍ക്കാട്ടിലെ വിറകുവെട്ടുകാരനാണെന്നു് അദ്ദേഹം ഉദ്ഘോഷിച്ചു. മരം മുറിക്കാനുള്ള കോടാലി കൈയ്യിലുണ്ട്. പക്ഷേ, ഒരു മരംപോലുമില്ല. എഴുതാനുള്ള പ്രചോദനമുണ്ട്. വിഷയങ്ങള്‍ മററുള്ളവര്‍ കൈകാര്യം ചെയ്കയാല്‍ തീര്‍ന്നുപോയി. ഒര്‍ട്ടേഗ ഇതു പറഞ്ഞതിനുശേഷം അനേകം ഉത്കൃഷ്ടങ്ങളായ നോവലുകള്‍ ഉണ്ടായി. ഒന്നു മാര്‍കേസിന്റെ “ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍” എന്ന നോവല്‍തന്നെ. അന്നുവരെ കണ്ടിട്ടില്ലാത്ത മാനങ്ങള്‍ പ്രകടീകരിച്ചുകൊണ്ട് ആ ഉജ്ജ്വല കലാശില്‍പം ലോകമെമ്പാടുമുള്ള സഹൃദയരുടെ ആദരാദ്ഭുതങ്ങള്‍ ഉണര്‍ത്തിവിട്ടു. ഇനിയും ഇങ്ങനെ തന്നെ സംഭവിക്കും. പ്രകൃതിക്കു് ശൂന്യത ഇടുന്നതിലാണല്ലോ കൗതുകം. മാര്‍കേസ് എന്ന താരത്തിന്റെ ഉദയം കഴിഞ്ഞാല്‍ ശതാബ്ദങ്ങള്‍ കാത്തിരുന്നാലെ അതുപോലെ ഒരു താരമുണ്ടാകുകയുളളു. സത്യം കാണാന്‍ കഴിവില്ലാത്തവര്‍ മിണ്ടാതിരിക്കട്ടെ. അവര്‍ ശബ്ദിക്കുകയും ആ ശബ്ദം അസത്യത്തിന്റെതായി മാറുകയും ചെയ്യുമ്പോള്‍ സഹൃദയനു ദുഃഖമുണ്ടാകും. ആ ദുഃഖത്തിനു വിധേയരാണ് നമ്മള്‍.
പ്രതിഭാശാലി അനുധ്യാനത്തിന്റെ പ്രശാന്തതയിലിരിക്കുമ്പോള്‍ അടിസ്ഥാനപരമായ ഒരു വികാരം അദ്ദേഹത്തിന്റെ ഹൃദയത്തിലങ്കുരിക്കുന്നു. ആ വികാരത്തിനു് പ്രകടീകരണം നല്‍കിയേ മതിയാവൂ. ഓരോ പ്രതിഭാശാലിയും ഓരോ വിധത്തിലാണ് അതിനു സന്നദ്ധനാവുക. ഒരാള്‍ കാലൊന്നു് ചലിപ്പിക്കുന്നു. ആ ചലനം നൃത്തമായി മാറുന്നു. മറ്റൊരാള്‍ ബ്രഷ് എടുത്ത് ചായത്തില്‍മുക്കി ക്യാന്‍വാസില്‍ തേയ്ക്കുന്നു. വേറൊരാള്‍ മൂളുന്നു. അതു് വാക്കുകളില്ലാത്ത വെറും മൂളലാകാം. അല്ലെങ്കില്‍ പദങ്ങളുള്ള “ആലാപ”മാകാം. ഇവരില്‍ നിന്നൊക്കെ വിഭിന്നനായ മറ്റൊരു വ്യക്തി ഛന്ദോമയമായ ഭാഷയില്‍ അതാവിഷ്കരിച്ച് കാവ്യം രചിക്കുന്നു. അല്ലെങ്കില്‍ ചെറുകഥയായോ നോവലായോ അതിനു് സ്ഫുടീകരണം നല്‍കുന്നു. അടിസ്ഥാനപരമായി ഒന്നേയുള്ളു; വികാരം. അതിന്റെ പല രൂപങ്ങളാണ് നൃത്തവും പാട്ടും ചിത്രവും ചെറുകഥയും നോവലും. ഒരാളും മറ്റൊരാളെ അനുകരിക്കുന്നില്ല. ഒരേ വികാരമാണ് എല്ലാവരും ആവിഷ്കരിച്ചതെന്നു് വിചാരിക്കൂ. എങ്കിലും ആ ആവിഷ്കാരത്തിന്റെ പരിണതഫലങ്ങള്‍ വിഭിന്നങ്ങളായിരിക്കും. അല്ലെങ്കില്‍ ഓരോന്നും അന്യാദൃശ്യമായിരിക്കും. കലാസൃഷ്ടിയുടെ ഈ അന്യാദൃശസ്വഭാവമാണ് അതിനുമൂല്യം നല്‍കുന്നതു്. വികാരം പ്രകടീകരിക്കപ്പെടുന്നതു് സാഹിത്യത്തെ സംബന്ധിച്ചിടത്താളം ആശയങ്ങളിലൂടെയാണ്. ആ ആശയത്തിനു സമാനസ്വഭാവമുണ്ടെങ്കിലും ആവിഷ്കാരരീതിയുടെ വൈജാത്യംകൊണ്ടു് കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തത കൈവരുന്നു. പാറുക്കുട്ടിയും അനന്തപത്മനാഭനും തമ്മിലുള്ള പ്രേമമാണ് ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന ആഖ്യായികയുടെ പ്രധാനമായ വിഷയം. സുഹ്റയും മജീദും തമമിലുള്ള സ്നേഹം ‘ബാല്യകാല സഖി’യുടേതു്. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രേമം ‘ചെമ്മീനി’ന്രേതു്. പക്ഷേ, ഓരോ കൃതിക്കും അന്യാദൃശ സ്വഭാവം സിദ്ധിച്ചിരിക്കുന്നു. ഫ്ളോബറിന്റെ ‘മദാംബുവറി’യുടെയും ടോള്‍സ്റ്റോയിയുടെ ‘അന്നാകരേനിന’യുടെയും പ്രധാനപ്പെട്ട വിഷയം അല്ലെങ്കില്‍ ആശയം വ്യഭിചാരമാണ്. പക്ഷേ, മദാംബുവറിക്ക് സദൃശമായി ആ നോവല്‍ മാത്രമേയുളളു. ‘അന്നാകരേനിന’യ്ക്ക് തുല്യമായി ‘അന്നാകരേനിന’ മാത്രം.
ഇതു ഒരു സാഹിത്യത്വത്തിലേക്കു് നമ്മെ നയിക്കുന്നു. ഒരേ വിഷയത്തിനു നല്കുന്ന രൂപഭേദങ്ങളാണു് കലാസൃഷ്ടികളുടെ വ്യത്യസ്ത സ്വഭാവങ്ങള്‍ക്ക് ഹേതു. ഇതില്‍നിന്നു് മറ്റൊരു സാഹിത്യതത്വത്തിലേക്കും നമ്മള്‍ പോകുന്നു. കലയെന്നതു് അടിസ്ഥാന സ്വഭാവം ആവഹിക്കുന്ന ഒന്നു്. അതു് ചിത്രമാകുന്നു, കാവ്യമാകുന്നു, നോവലാകുന്നു. നോവലെന്നും കാവ്യമെന്നുമുള്ള വിഭജനങ്ങള്‍ ബഹിര്‍ഭാഗസ്ഥങ്ങള്‍. കാതലായ അംശം കലമാത്രം. അതിനെ ഞാന്‍ കവിതയെന്നു വിളിക്കട്ടെ. ആ കവിതയില്ലാത്തതു് നോവലല്ല, ചെറുകഥയല്ല, ചിത്രമല്ല.
നോവലെന്ന ബാഹ്യരൂപം സ്വീകരിച്ച കവിതയാണ് താരാശങ്കറിന്റെ ‘ആരോഗ്യ നികേതനം’. ചിത്രമെന്ന ബാഹ്യരൂപം സ്വീകരിച്ച കവിതയാണ് രവിവര്‍മ്മയുടെ ശകുന്തള. നോവലില്‍ കവിതയുണ്ടോ എന്നു് നോക്കുക. ഉണ്ടെങ്കില്‍ അതു് സാഹിത്യ സൃഷ്ടിയാണു്. മനുഷ്യന്റെ വികാരത്തോട് ബന്ധപ്പെട്ട കവിതയ്ക്കു നാശമില്ല. അതുകൊണ്ടു് നോവല്‍ നശിച്ചുകഴിഞ്ഞു. അതിനു ഭാവിയില്ല എന്ന കുന്ദേരയുടെയും ഫ്വേന്റസിന്റെയും മതങ്ങള്‍ നിരാസ്പദങ്ങളാണ്.
ഏതെങ്കിലും നൂതനമായതിനെ സമാശ്ലേഷിച്ചില്ലെങ്കില്‍ നോവലിനു ഭാവിയില്ല എന്നു് ഈ രണ്ടു മഹാന്മാരും പറയുമ്പോള്‍ അതേ അഭിപ്രായമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് അവര്‍ പ്രതിനിധികളായി ഭവിക്കുകയാണ്. എങ്കിലും അതില്‍ സത്യമുണ്ടോ?
ജീവിതത്തെ അതിന്റെ സമഗ്രരൂപത്തിലാണ് നോവലെഴുത്തുകാര്‍ ചിത്രീകരിച്ചിരുന്നതു്. പടിഞ്ഞാറന്‍ ദേശത്തുനിന്നാണെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തെയെവ്സ്കിയുടെയും ഡിക്കന്‍ഡിന്റെയും കൃതികള്‍. കേരളത്തില്‍ നിന്നാണെങ്കില്‍ സി. വി.രാമന്‍പിള്ളയുടെയും ചന്തുമേനോന്റെയും നോവലുകള്‍. കാലം കഴിഞ്ഞപ്പോള്‍ ശാസ്ത്രം സാഹിത്യത്തെ സമാക്രമിച്ചു. ശാസ്ത്രം വസ്തുക്കളെ അപഗ്രഥിച്ചു. പരമാണുവിലേക്ക് ചെന്നപ്പോള്‍ ചിത്തവൃത്തികളെയല്ല ഒരു മാനസിക നിമിഷത്തെയാണ് ചിത്രീകരിക്കേണ്ടതെന്ന വാദമുണ്ടായി. അങ്ങനെ പുതിയ നോവലുകള്‍ ഉണ്ടായി. സി. ഇ. എം. ജോഡ് ഉദ്ധരിക്കുന്ന ഒരു ഭാഗം ഈ മാനസിക നിമിഷ ചിത്രീകരണത്തിനു് ഉദാഹരണമാണ്.
Five minutes late! Sevdn days’ notice, like drowning kitten. I’ll take that bridge, if it costs a hundred thousand men! one Might of Paris.
പരസ്പരബന്ധമില്ലാത്ത ഇത്തരം പ്രസ്താവങ്ങള്‍ മാനസിക നിമിഷത്തിന്റെ ചിത്രങ്ങള്‍തന്നെ, അവ സത്യാത്മകങ്ങളുമത്രേ. പക്ഷേ, ഈ രീതിയില്‍ എഴുതപ്പെടുന്ന നോവലിന്റെ ഒരു പുറത്തിലധികം നമുക്ക് വായിക്കാന്‍ സാദ്ധ്യമല്ല. അതു ചെടിപ്പ് ഉണ്ടാക്കും. ഒരായിരം കൊല്ലംകഴിഞ്ഞാല്‍ ടോള്‍സ്റ്റോയിയുടെ War and Peace ഉണ്ടായിരിക്കും. ജോയിസിന്റെ Ulysses കാണില്ല. സി. വി. രാമന്‍പിള്ളയും ചന്തുമേനോനും അത്ര വലിയ നോവലിസ്റ്റുകളല്ല. എങ്കിലും സമകാലികരെക്കാള്‍ അവര്‍ സാഹിത്യത്തിന്റെ മണ്ഡലത്തിലുണ്ടായിരിക്കും. ജനറല്‍ പാറ്റേണ്‍ അനുസരിച്ച് രചിക്കപ്പെട്ട നോവലുകള്‍ക്കു് സ്ഥാനമുണ്ട് എന്നതുതന്നെ ഹേതു. ഈ സാമാന്യ മാതൃക — യുദ്ധവും സമാധാനവും, കുററവും ശിക്ഷയും, ആരോഗ്യ നികേതനം, ധര്‍മ്മരാജാ ഈ നോവലുകളുടെ മാതൃക — സാമൂഹിക സത്യത്തോടു ബന്ധപ്പെട്ടതാണ്. കാവ്യാത്മകത്വത്തിന്റെ മറുവശമാണ് സാമൂഹിക സത്യം. ആ സത്യം ചിത്രീകരിക്കണമെങ്കില്‍ കഥാപാത്രങ്ങള്‍ വേണം. ആ കഥാപാത്രങ്ങള്‍ സമഗ്രവ്യക്തിത്വത്തോടുകൂടി നമ്മുടെ മനസില്‍ പതിയുമ്പോള്‍ നമ്മള്‍ സാമൂഹിക സത്യമെന്തെന്നു് — ജീവിതമെന്തെന്നു് — ഗ്രഹിക്കുന്നു. നവീന നോവലുകളിലെ കഥാപാത്രങ്ങള്‍ നിഴലുകളാണ്. സമൂഹത്തില്‍ സവിശേഷമായി എന്തുണ്ടോ അതു് പിടിച്ചെടുക്കേണ്ടതാണ് ഓരോ കഥാപാത്രവും. അതു് അനുഷ്ഠിക്കുമ്പോഴാണ് ആ കഥാപാത്രവുമായി നമ്മള്‍ താദാത്മ്യം പ്രാപിക്കുന്നതും ജീവിതാവബോധത്തില്‍ ചെല്ലുന്നതും.
ഈ തത്ത്വങ്ങളെയെല്ലാം നിസ്സാരമാക്കുകയാണു് കുന്ദേരയും ഫ്വേന്റസും. അനുക്രമമായ പ്ളോട്ടിന്റെ വികാസം ഇന്നില്ലപോലും. അതു് അന്തര്‍ദ്ധാനം ചെയ്തത്രേ. നമ്മുടെ ഈ ജീവിതത്തില്‍ ആരും ആരെയും സഹായിക്കുന്നില്ല. വ്യക്തി തനിച്ചുജനിക്കുന്നു. തനിച്ചു മരിക്കുന്നു.
അത്രേയുള്ളു. സഹായിക്കുന്നില്ലെന്നു മാത്രമല്ല, ഒരുത്തന്‍ മറ്റൊരുത്തനെ ഉപദ്രവിക്കുകയും ചെയ്യുന്നു. ഈ ഉപദ്രവം സംഘട്ടനത്തിനു് വഴിയൊരുക്കുന്നു. സംഘട്ടനത്തിന്റെ ഫലമായി വ്യക്തിത്വം ഉരുത്തിരിയുന്നു. ഇങ്ങനെയുള്ള പ്രവൃത്തികളുടെ ഉദ്ഗ്രഥനത്തെയാണു് ഇതിവൃത്തമെന്നു് പറയുന്നതു്. ഇതിവൃത്തിമില്ലെങ്കില്‍ ജിവിതമില്ല, ജീവിതമില്ലെങ്കില്‍ നോവലില്ല. ഈ ജീവിതത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരമാണ് നോവല്‍. അതിനാല്‍ പ്ളോട്ട് മരിച്ചു എന്ന പ്രസ്താവവും നിരാസ്പദമായി വരുന്നു.
രാഷ്ട്രവ്യവഹാരത്തനു മാത്രം പ്രാധാന്യം നല്‍കി രചിക്കപ്പെട്ട കുന്ദേരയുടെ നോവലുകള്‍ മനോഹരങ്ങളാണ്. പക്ഷേ, അദ്ദേഹം ചിത്രീകരിക്കുന്ന നൃശംസതകള്‍ അന്തര്‍ദ്ധാനം ചെയ്യുമ്പോള്‍, അവ സാമൂഹിക സത്യങ്ങളല്ലാതാവുമ്പോള്‍ ആ നോവലുകളുടെ പ്രാധാന്യം കുറഞ്ഞു പോകും. ആരും അവ വായിക്കാതെയാകും. ഇന്നു് അതു് സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ഗ്ളാസ്നോസ്റ്റ് എന്ന ആശയത്തിനു പ്രാമുഖ്യം വന്നതോടെ ആന്റികമ്മ്യൂണിസ്ററിക്കായ സാഹിത്യസൃഷ്ടികള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇന്നില്ലാതെയായിരിക്കുന്നു. Not by Bread Alone എന്ന റഷ്യന്‍ നോവല്‍ ഇന്നു് വെറും പൊളിറ്റിക്കൽ ട്രാക്ററായി മാറിയിരിക്കുന്നു. ഈശ്വരന്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന നോവലാണ് ടോള്‍സ്റ്റോയിയുടെ War and Peace എന്നു പറയാറുണ്ട്. ഈശ്വരന്‍ ‘ഹോണ്‍ട്’ ചെയ്യുന്ന നോവലാണ് ദസ്തെയെവ്സ്കിയുടെ Brothers Karamazov എന്നും പറയാറുണ്ട്. ഇവ രണ്ടും അതുല്യഭാസ്സോടെ വീളങ്ങുന്ന ആരുടെയും സ്മൃതിപഥത്തില്‍ എത്തുകയില്ല. അതുതന്നെയാണു് ഫ്വേന്റസിന്റെയും സ്ഥിതി. മിക്കവാറും ‘ട്രിക്’ എന്നു വിളിക്കാവുന്ന രീതിയിലാണു് അദ്ദേഹം നോവലുകള്‍ രചിച്ചിട്ടുള്ളതു്. വിദ്യയല്ല (ട്രിക്കല്ല) കല. കുന്ദേരയുടെ കൃതികള്‍ നിലനില്‍ക്കുന്നിടത്തോളം കാലംപോലും ഫ്വേന്റസിന്റെ കൃതികള്‍ നിലനില്‍ക്കുകയില്ല.
മലയാള സാഹിത്യത്തിലേക്കുവരാം. സി. വി. യുടെയും ചന്തുമേനോന്റെയും കാലം കഴിഞ്ഞപ്പോള്‍ റിയലിസ്റ്റുകള്‍ എന്ന പേരില്‍ ചില ‘മിനിയേച്ചറീസ്റ്റു’കള്‍ സാഹിത്യത്തില്‍ ആവിര്‍ഭവിച്ചു. “സമഗ്രമായതു മാത്രമേ താത്പര്യജനകമാകു” എന്ന തോമസ് മാനിന്റെ മതത്തിനു് എതിരായി ജീവിതത്തെ ഭാഗികമായും ഏകപക്ഷീയമായും ചിത്രീകരിച്ചവരാണ് മിനിയേച്ചറിസ്റ്റുകള്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യം സംഭവിച്ചപ്പോള്‍ അമുര്‍ത്തമായതിനെയും മാനസിക നിമിഷത്തോടുമാത്രം ബന്ധപ്പെട്ടതിനെയും ആലേഖനം ചെയ്യാനുള്ള പ്രവണത ചിലര്‍ക്കുണ്ടായി. അതും നിഷ്പ്രഭമായിക്കഴിഞ്ഞു. ഇപ്പോള്‍ പാറ്റേണിലേക്കു് പോകാനുള്ള പ്രവണതയാണു് ചിലര്‍ക്കു്.
നീലക്കടല്‍ കാണുമ്പോള്‍ മിന്നല്‍ പ്രവാഹം കാണുമ്പോള്‍, മനുഷ്യന്റെ നൃശംസതയും കാരുണ്യവും കാണുമ്പോള്‍ ലോലഹൃദയമുള്ള കലാകാരനുണ്ടാകുന്ന വികാരമാണ് എല്ലാ കലാസൃഷ്ടികളുടെയും അടിസ്ഥാനംശം. അതു് ആദ്യം എഴുതിയതുപോലെ കാവ്യമായി, ചെറുകഥയായി, നോവലായി രൂപംകൊള്ളുന്നു. അതിനു നാശം സംഭവിച്ചിരിക്കുന്നു എന്നു പറയുന്നതു് വിവരക്കേടാണെന്നു് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. എങ്കിലും അതു് വിവേകമില്ലായ്മയാണ്.