close
Sayahna Sayahna
Search

നെയ്യാമ്പല്‍പോലെ


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നെയ്യാമ്പല്‍പോലെ

അടുത്തകാലത്താണ് ഞാന്‍ ആക്കീറ കൂറോസാവായുടെ Something like an autobiography എന്ന പുസ്തകം വായിച്ചതു് അത്യുജ്ജ്വലമായ ‘റാഷൊമോന്‍’ എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചു് അതില്‍ ഒരദ്ധ്യായമുണ്ടെങ്കിലും ജപ്പാന്റെ ഒരു കാലയളവിന്റെ ചിത്രമാണ് ആ പുസ്തകം. അതിലൊരുടത്തു് കുറോസാവാ താമരപ്പൂക്കള്‍ വിടരുന്നതിന്റെ ശബ്ദത്തെക്കുറിച്ചു് പറയുന്നുണ്ട്: The sound of lotus blossoms opening in another matter however. I had heard that when lotus flowers bloom they make wonderful, clear bursting sound. so one morning I got up very early and trekked to Shinobezu Pond — to listen to the lotuses open. And in the dim mists of the morning I heard that noise (താമരപ്പൂക്കള്‍ വിടരുന്നതിന്റെ ശബ്ദം മറ്റൊരുകാര്യം. താമരപ്പൂക്കള്‍ വിടരുമ്പോള്‍ അവ വിസ്മയകരവും സുവ്യക്തവും സ്ഫോടനാത്മകവുമായ ശബ്ദം കേള്‍പ്പിക്കുമെന്നും ഞാന്‍ കേട്ടിരുന്നു. അതുകൊണ്ട് ഒരു ദിവസം രാവിലെ വളരെ നേരത്തെയുണര്‍ന്നു് ഞാന്‍ ഷിനോബാസു ജലാശയത്തിലേക്കുപായി; താമരപ്പൂക്കള്‍ വിടരുന്ന ശബ്ദം കേള്‍ക്കാന്‍. പ്രഭാതത്തിലെ അസ്പഷ്ടമായ മൂടല്‍ മഞ്ഞില്‍ ഞാന്‍ ആ ശബ്ദം കേട്ടു. കുഞ്ചുപിള്ളയുടെ കവിത വായിക്കുമ്പാള്‍ താമരദളങ്ങള്‍ വിടരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.

സാഹിത്യവിമര്‍ശകര്‍ ജൂഡാസിനെപ്പോലെയാണ്. മുപ്പതു് വെള്ളിക്കാശുവാങ്ങിക്കൊണ്ടു് യേശുദേവനെ ഒററിക്കൊടുത്തതുപോലെ അവര്‍ സാഹിത്യകാരന്മാരെ ഒററിക്കൊടുക്കുന്നു. ഇതു സത്യമാണെങ്കിലും ഈ ജൂഡാസുകളെക്കൂട്ടാതെ യെശുദേവന്മാര്‍ക്ക് നിലനില്പില്ല. എന്നു വിമര്‍ശകര്‍ ഇല്ലാതാവുമോ അന്നു സാഹിത്യകാരന്മാരുമില്ല. ജോസഫ് മുണ്ടശ്ശേരി സാഹിത്യരംഗത്തു ആവിര്‍ഭവിക്കുന്നതിനു് മുന്‍പും കുമാരനാശാനെ സഹൃദയര്‍ മാനിച്ചിരുന്നു. എന്നാല്‍ മുണ്ടശ്ശേരി അദ്ദേഹത്തിന്റെ കാവ്യങ്ങളുടെ സവിശേഷതയെടുത്തുകാണിച്ചപ്പോള്‍ ആ കാവ്യങ്ങള്‍ക്കു പ്രാധാന്യം കൂടി. ഇന്നു നമ്മള്‍ കുമാരനാശാനെ കൂടുതല്‍ ബഹുമാനിക്കുന്നതിനു് ഹേതു മുണ്ടശ്ശേരി കൂടിയാണ്. ശുദ്ധമായ ‘നോണ്‍സന്‍സ്’ എന്നു കരുതാവുന്ന നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരളവില്‍ വിലയുണ്ട്. ഡോക്ടര്‍ എം. ലീലാവതി ‘വര്‍ണ്ണരാജി’ ‘കവിതാധ്വനി’ എന്നീ ഗ്രന്ഥങ്ങളില്‍ കവികളെക്കുറിച്ചെഴുതിയിട്ടുള്ളതെല്ലാം നേണ്‍സെന്‍സാണ്. എങ്കിലും അവയ്ക്കു് ഒരു വിധത്തില്‍ വിലയുണ്ട്. ഓരോ കാവ്യത്തെയും പുതിയ രീതിയില്‍ നോക്കാന്‍ അവ നമ്മെ സഹായിക്കുന്നു. മറ്റൊരു വിധത്തില്‍ പറയാം. വിമര്‍ശകന്‍ അല്ലെങ്കില്‍ നിരൂപകന്‍ താന്‍ യഥാക്രമം വിമര്‍ശിക്കുകയും നിരൂപണം ചെയ്യുകയും ചെയ്യുന്ന കൃതികള്‍ക്കു് നൂതനങ്ങളായ മാനങ്ങള്‍ — dimensions — നല്കുന്നു എന്നതിനാലാണ് അവയ്ക്കു് പ്രയോജനമുണ്ടെന്നു പറഞ്ഞതു്. നിരൂപകനോ വിമര്‍ശകനോ പറയുന്നതിനോടു സാഹിത്യകാരന്‍ യോജിക്കണമെന്നില്ല. വായനക്കാര്‍ യോജിക്കണമെന്നില്ല. അര്‍ത്ഥത്തിന്റെ പുതിയ dimensions അതു നല്കുന്നുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി. ഫ്രഞ്ച് തത്ത്വചിന്തകന്‍ ബര്‍ഗ്സോങിന്റെ തത്ത്വചിന്തയെക്കുറിച്ച് ബര്‍നാര്‍ഡ്ഷാ എഴുതിയപ്പോള്‍ അതൊന്നും തന്റെ ഗ്രന്ഥങ്ങളിലില്ല എന്നു് ബര്‍ഗ്സോങ് ഉദ്ഘോഷിച്ചു. അപ്പോള്‍ ഷാ പറഞ്ഞു: “My dear fellow, I understand your philosophy better than you do” ‘ഡോണ്‍ക്വിക്സോട്ട്’ എന്ന നോവലെഴുതിയ സെർവാന്റെസിന് ഡോണ്‍ക്വകിസോട്ട് എന്ന കഥാപാത്രത്തെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നു് സ്പെയിനിലെ തത്ത്വചിന്തകനും നിരൂപകനുമായ ഊനാമൂനോ പ്രഖ്യാപിച്ചു. മാക്സ് ലിബര്‍മാന്‍ എന്ന വിഖ്യാതനായ ജര്‍മ്മന്‍ ചിത്രകാരന്‍ ഒരാളിന്റെ പടംവരച്ചു. അയാള്‍ക്കതു ഇഷ്ടപ്പെടാതെ പ്രതിഷേധിച്ചപ്പോള്‍ ലിബര്‍മാന്‍ പറഞ്ഞു: “This Picture is more like you than you are yourself” എന്നു്. ഇവിടെ പ്രധാനമായതു് ലിബര്‍മാനിലൂടെ ആ ചിത്രത്തിനു നൂതനമായ അര്‍ത്ഥം ലഭിച്ചു എന്നതാണ്(ആര്‍നൊള്‍ററ് ഹൌസറുടെ മതങ്ങള്‍). അനുഗൃഹീതനായ കവി കുഞ്ചപിള്ളയുടെ കവിതയെക്കുറിച്ചു് എഴുതാനാണ് ഇത്രയും ആമുഖമായി പറഞ്ഞതു്.

കുഞ്ചുപിള്ളയുടെ കവിതയെക്കുറിച്ചു വിചാരിക്കമ്പോള്‍ അടിസ്ഥാനപരമായ പ്രമേയമായി നമ്മുടെ മനസിലെത്തുന്നതു മരണമാണ്. കാലം മാറുന്തോറും മരണത്തെക്കുറിച്ചുള്ള സങ്കല്‍പ്പം മാറിമാറിവരും. സ്വന്തം മൃത്യുവിനെ മധുരീകരിക്കുന്ന കാല്പനിക സങ്കല്‍പ്പം ഇന്നില്ല.അസ്തിത്വവാദികളുടെ സങ്കല്‍പ്പമനുസരിച്ച് മരണം അബ്സേഡാണ്. സാര്‍ത്രിന്റെ The Wall എന്ന കഥ നോക്കുക. ഫാസ്സിസ്റ്റുകാരുടെ – ഫ്രാങ്കോയുടെ അനുചരന്മാരുടെ – തടവുകാരനാണ് പാവ്ലോ ഈവ്വായീറ്റ. അയാളുടെ കൂട്ടുകാരനായ ഗ്രീസ് എവിടെ ഒളിച്ചിരിക്കുന്നുവെന്നു പറയുമെങ്കിൽ ഫാസ്സിസ്റ്റുകൾ ഈവ്വായീറ്റയെ മോചിപ്പിക്കും. കൂട്ടുകാരൻ ഒളിച്ചിരിക്കുന്ന സ്ഥലം അയാൾക്കറിയാം. അതുപറഞ്ഞു കൊടുക്കാൻ അയാൾക്ക് ഉദ്ദേശ്യമേയില്ല. എങ്കിലും ഫാസ്സിസ്റ്റുകാരെ പറ്റിക്കുന്നതിനു വേണ്ടി അയാൾ പറഞ്ഞു ഗ്രീസ് ശവപ്പറമ്പിൽ ഒളിച്ചിരിക്കുന്നുവെന്ന്. പക്ഷേ ലോകമാകെ അബ്സേഡായതു കൊണ്ട് ഒന്നും വിശ്വസിക്കാൻ വയ്യ. സ്വന്തം കസിന്റെ വീട്ടിൽ ഒളിച്ചിരുന്ന ഗ്രീസ് അവിടെ നിന്ന് ഇറങ്ങി ശവപ്പറമ്പിൽവന്നു ഒളിച്ചിരിക്കുകയായിരുന്നു. തന്റെ മരണത്തിൽ പൊട്ടിച്ചിരിക്കാൻ തയ്യാറായിരുന്ന ഈവ്വായീറ്റക്ക് അബദ്ധം പറ്റി. ഗ്രീസ് അറസ്റ്റിനെ തടഞ്ഞപ്പോൾ ഫാസിസ്റ്റുകൾ അയാളെ വെടിവച്ചുകൊന്നുവെന്നു ഒരു സ്നേഹിതനിൽ നിന്നു ഗ്രഹിച്ച ഈവ്വായീറ്റ ഹിസ്റ്റീരിയയിൽ വീഴുമ്പോൾ കഥ അവസാനിക്കുന്നു. മരണം മാത്രമല്ല ലോകമാകെ അബ്സേഡാണെന്നു കാണിക്കുകയാണ് സാർത്ര്.

ഇതായിരുന്നില്ല പത്തൊൻപതാം ശതാബ്ദത്തിലെ സ്ഥിതി. എമിലി ബ്രോന്റിയുടെ ‘വുതറിംഗ് ഹൈറ്റ്സ്’ എന്ന നോവലിലെ കഥാപാത്രമായ ഹീത്ക്ളിഫ്, കാതറിന്റെ ശവകുടീരം തുറന്നുനോക്കുന്നു. കാതറിന്റെ ഭർത്താവ് ലിന്റൻ മരിക്കുമ്പോൾ അതിനുള്ള സന്ദർഭം ലഭിക്കുന്നു. I got the sexton who was digging Linton’s grave to remove the earth off her Coffin lid and I opened it എന്നാണ് അയാൾ പറയുക. തുറന്നപ്പോൾ കാതറിൻ പഴയമട്ടിൽ ഇരിക്കുന്നു. അയാൾ ശവപ്പെട്ടി അടച്ചു. എന്നിട്ടു ലിന്റന്റെ മ്യതദേഹം കാതറീന്റെ മ്യതദേഹത്തിനടുത്തുനിന്നു് മാറ്റി. താൻ മരിക്കുമ്പോൾ അവളുടെ ശവകുടീരത്തിനടുത്ത് അടക്കംചെയ്യണമെന്ന് ഹീത്ക്ളിഫ് സെക്സ്റ്റണോടു ആവശ്യപ്പെട്ടു. അതിനുവേണ്ടി അയാൾക്കു കൈക്കൂലി കൊടുക്കുകയും ചെയ്തു. ഹീത്ക്ളിഫ് മരിക്കുമ്പോൾ രണ്ടുപേരും ഒരുമിച്ചു ചേരുന്നതു് സ്വർഗത്തല്ല, ഭൂമിക്കടിയിൽതന്നെ. ഇതാണ് സുന്ദര മരണം. ആകെക്കൂടി ഒരു അവാസ്തവികത (ഫിലിപ്പ് ഏറീസ് ചൂണ്ടിക്കാണിച്ചതാണിതു്).

മരണത്തോട് നമ്മുടെ പല കവികൾക്കുമുള്ള വീക്ഷണഗതി ഈ രോഗാർത്തമായ കാല്പനിക സങ്കൽപ്പത്തിനു യോജിച്ചതാണ്. ചങ്ങമ്പുഴ ചിത്രീകരിക്കുന്ന മരണം അദ്ദേഹത്തെ വിളിക്കുന്നു.

മദിരോത്സവം നിനക്കോമലേ മതിയായോ
മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ പനീർ
മലർചിന്തിയോരെന്റെ മാർത്തടം പോരേ? പോരൂ
അവശേനിയിന്നെന്തിനിത്രമേൽ പരുങ്ങുന്ന
തവിടെക്കിടന്നോട്ടേ ശൂന്യമാതങ്കക്കിണ്ണം
… … … … … … … … … …
പോരികൻ മാറത്തേക്കെന്നോമനയല്ലേ? ബാഷ്പ
ധാരഞാൻ തുടച്ചോളാം, നാണമെന്തയ്യോ പോരൂ.

1934 ലെ സങ്കൽപ്പമാണിതു്. പത്തുകൊല്ലം കഴിഞ്ഞിട്ടും അതിനു മാറ്റം വന്നില്ല.

ലോകം ശാശ്വതമല്ല, ജീവിത സുഖസ്സ്വപ്നങ്ങൾ മായും വരും
ശോകം, മായിക ബുദ്ബുദങ്ങൾ മറയും പായും സരിത്സഞ്ചയം
നാകം കാല്പനികോത്സവാങ്കിതലസൽക്കാനൽജ്ജലം-പിന്നെയെ
ന്തേകം, സത്യ, മനശ്വരം? മൃതി–യതേ
മൃത്യോ ജയിക്കുന്നു ന.

കുഞ്ചുപിള്ളയുടെ മരണ സങ്കല്‍പ്പം ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവന്‍പിള്ളയുടെയും മരണസങ്കല്‍പ്പത്തെക്കാള്‍ ഉദാത്തമാണ്. അജ്ഞാതമായ ഒരു പ്രചണ്ഡ ശക്തിയാണതു്. വിധിയുടെ രൂപത്തിലെത്തുന്ന മരണത്തെയല്ല അദ്ദേഹം വിളിച്ചതു്. ക്ഷണിച്ചുവരുത്തുകയാണ് അദ്ദേഹം മരണത്തെ. മരണം ഗരുഡനാണ്. ശംഗചൂഡനു പകരം മരിക്കാന്‍ തയ്യാറായ ജീമൂത വാഹനനാണ് കവി. ഗരുഡന്‍ കൊത്തുമ്പോഴും അദ്ദേഹം ജീമൂത വാഹനനെപ്പോലെ ചിരിച്ചുകാണ്ടു കിടക്കുമായിരിക്കും. അദ്ദേഹം മരണത്തെ വിളിക്കുന്നതു കേട്ടാലും:

ഘനശ്യാമപക്ഷം വിരിച്ചാടി വാ നീ
ജ്വലിക്കും കനല്‍ക്കണ്‍ തുറിച്ചാടി വാ നീ
ഇരുള്‍നൃത്തമാടുന്നൊരീ ഗഹ്വരതിൽ
പ്രകാശം വിടര്‍ത്തും ചിരിപ്പൂക്കള്‍ കാണാന്‍
പ്രകാശം പരന്നാല്‍ ഗുഹാഭിത്തിയിന്മെല്‍
യുഗം കോറിയോരാ ശിലാചിത്രമൊന്നില്‍
അപാംഗത്തിലാനന്ദ ബാഷ്പം തുടിക്കും
കിനാവിന്റെ സൌവര്‍ണ്ണ സൂനങ്ങള്‍ കാണാന്‍
കൊതിച്ചേന്‍, തനിച്ചിങ്ങിരുന്നേന്‍ വൃഥാഞാന്‍

ഭയജനകമായ ഈ ഏകാന്തതയില്‍ മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല. കുറെക്കൂടി ഉജ്ജ്വലതയോടുകൂടി കവി അതിനെ ആഹ്വാനം ചെയ്യുന്നു.

ഘനശ്യാമപക്ഷം വിരിച്ചാടി വന്നാല്‍
ജ്വലിക്കും കനല്‍ക്കണ്‍ തുറിച്ചാടി വന്നാല്‍
വിറയ്ക്കും ദിഗന്തങ്ങളാദിത്യനെങ്ങോ
ഒളിക്കും വെളിച്ചം തമസ്സായ് ലയിക്കും.
തുടിച്ചിങ്ങു പുല്ത്തുമ്പില്‍ മുക്തിക്കു മാര്‍ഗം
ലഭിക്കാതെ നില്ക്കും തുഷാരം തപിക്കും
വികാരം മരിക്കും, വിഷക്കാററടിക്കും
കടല്‍വാനിനേ നാക്കിയാര്‍ത്തൊന്നിരമ്പും

അടുത്ത ഖണ്ഡികയില്‍ ഭയജനകമായ ആത്മപരിത്യാഗം പരകോടിയിലെത്തുന്നു.

നിനക്കായൊരുക്കി ഞാനീചിത്രതല്പം
നിനക്കായൊരുക്കി ഞാനെന്നാത്മഹവ്യം
ഇഹത്തില്‍ കൊതിച്ചില്ല ഞാനന്നുമിന്നും
പരത്തിന്‍ സുഖത്തില്‍ കൊതിക്കുന്നുമില്ല
നഖംകൂര്‍ത്ത നിന്‍കാലമര്‍ത്തിപ്പിടിച്ചാല്‍
ഗുഹയ്ക്കൊത്തനിന്‍ വായ്തുറന്നോന്നടച്ചാല്‍
നിനക്കില്ല തൃപ്തിയെന്നാലുമെന്‍ മൃത്യോ
ദൃഢത്തില്‍ ലയിക്കട്ടെ ഈ ശപ്തജന്മം.

കവിയുടെ ചിന്തയില്‍ മരണത്തിനു സര്‍വ പ്രാധാന്യമില്ലെങ്കിലും പ്രാധാന്യമുണ്ട്. മരണത്തെ അവലംബിച്ചുള്ള പല കാവ്യങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ അവയ്ക്കൊന്നും ഈ കാവ്യത്തിന്റെ ശക്തിയില്ല. മരണത്തെക്കാള്‍ ശക്തമായ കാവ്യം രചിച്ച കവിയാണ് കുഞ്ചുപിള്ള എന്ന് ആവര്‍ത്തിക്കട്ടെ. മരണത്തെ പ്രകീര്‍ത്തിച്ച് ജീവിതത്തിന്റെ വിഷാദത്തെ ആവിഷ്കരിക്കുക എന്നതാണ് ഈ കവിയുടെ ഒരു പ്രമേയം. രണ്ടാമത്തേതു് വൈഷയികത്വം ഒട്ടുമില്ലാത്ത സൗന്ദര്യവും അതിന്റെ ഉപോല്‍പന്നമായ സ്നേഹവും. അവ ആവിഷ്കരിക്കുന്ന മണ്ഡോദരി എന്ന കാവ്യം നിസ്തുലമാണു, അന്യാദൃശ്യമാണ്.

മരണം കുഞ്ചുപിള്ളക്കവിതയുടെ പ്രധാനമായ പ്രമേയമാണെങ്കിലും അതിനു ജീവിതത്തിന്റെ വര്‍ണ്ണോജ്വലതയെ കെടുത്തിക്കളയുന്ന സ്വഭാവമല്ല. അതുകൊണ്ടാണ് സ്നേഹത്തെ വാഴ്ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതു്. ആ പ്രശംസയുണ്ടല്ലോ അതു ആന്യൂനമാണുതാനും. അതിലേക്കുവേണ്ടി അദ്ദേഹം പുരാണ കഥാപാത്രമായ മണ്ഡോദരിയെയാണ് അവതരിപ്പിക്കുന്നതു്. കറിലവണ പൂരിതലായനിയില്‍ ഒരുപ്പുകട്ട കൂടിയിട്ടാല്‍ ക്രിസ്റ്റലൈസേഷന്‍ ഉണ്ടാകുന്നതുപോലെ ഒരു വാക്കെടുത്തിട്ടു് എന്നിലും നിങ്ങളിലുമുള്ള കലാപ്രപഞ്ചത്തെ പ്രത്യക്ഷീഭവിപ്പിക്കാന്‍ കുഞ്ചുപിള്ളയ്ക്കു എന്തെന്നില്ലാത്ത സാമര്‍ത്ഥ്യമാണ്. (ക്രിസ്ററലൈസേഷനെക്കുറിച്ച് പറഞ്ഞതു പോള്‍വലേറിയാണ്)

നീയിതു കാണ്‍കൊരാണ്‍കുഞ്ഞിതാതന്‍ കുഞ്ഞി
ക്കൈയില്‍ ചെറിയപാല്‍പ്പാത്രവുമായ്
പയ്യിനെക്കാലേക്കറന്നീടുമമ്മതന്‍
മെയ്യിന്‍ വലംവശം ചാരിനില്‍പൂ

എന്നുകേട്ടാല്‍ ഒരു ചലനവുമില്ല. എന്നാല്‍

കുളികഴിഞ്ഞീറനോടമ്പലത്തില്‍
അളിവേണിപോവുകയായിരുന്നു
പിറകില്‍ നിതംബം കവിഞ്ഞുലഞ്ഞ
പുരികുഴല്‍ക്കെട്ടിന്‍നടുവിലായി
സുരഭില സംഫുല്ല സുന്ദരമാം
ഒരു ചെമ്പനിരലരുല്ലസിച്ചു.
കവിതന്‍ കരളിലഴല്പരപ്പില്‍
കതിരിടും കല്പനാശക്തിപോലെ

എന്നുകേട്ടാല്‍ കലയുടെ പ്രപഞ്ചം ആവിഷ്കൃതമായി.

ധരാതലത്തില്‍ ധന പുഷ്ടിയൊത്തു
ണ്ടൊരാര്യ ദേശം നിഷധാഭിധാനം
ചിരാല്‍ വിളങ്ങുന്നു കുബേരദിക്കാം
വരാംഗിയാല്‍തൊട്ടൊരു പൊട്ടുപോലെ

എന്നതില്‍ ക്രിസ്റ്റലൈസേഷനില്ല. പക്ഷേ

ഗതിജിത മദജമത്തെ മരാള
വിലാസ നിതംബിനി നീ

ഗമന വിളംബന മരുതിനി മമസഖി
പോവുക പോവുക നീ

നാമസമേതം പൂരിതമോദം
സൂചിത സങ്കേതം

നാളീകാക്ഷന്‍ പൊഴിവൂ മുരളിയില്‍
നിരുപമ സംഗീതം

തവതനുലതയെത്തഴുകും തെന്നലി
ലഴകിലുലാവിടും

തരളിത മലയജ രേണുവുമായ് നിജ
ബഹുമതി നേടീടും

മലരണി ലതികകള്‍ വിലസിന ശിശിരിത
യമുനാതീരത്തില്‍

മലയാനിലനലയിളകിയൊലിക്കും
ഹരിത വനാന്തത്തില്‍

ഗോപികമാരുടെ (തടമുലതഴുകും)
പാണിതലോല്ലസിതന്‍

ഗോപാലന്‍ വനാമാലാകലിത
നുദാരനതിപ്രിയദന്‍

മദനമനോഹര വിഗ്രഹനായ് തവ
ഹൃദയേശന്‍ കണ്ണന്‍

മരുവിടുന്നൂ മനസിജ വിവശന്‍
മരതക മണിവര്‍ണ്ണന്‍

എന്നു ക്രിസ്റ്റലൈസേഷന്‍

വാക്കിന്റെ സിതോപലമിട്ട് കലയുടെ പ്രപഞ്ചത്തെ പ്രത്യക്ഷമാക്കാന്‍ കഴിവുള്ള കവിയാണ് കുഞ്ചുപിള്ള. അതിനു നിദര്‍ശകമാണ് അദ്ദേഹത്തിന്റെ മണ്ഡോദരി എന്ന ചേതോഹരമായ കാവ്യം. യുദ്ധംകഴിഞ്ഞു. ദശാസ്യന്‍ മരിച്ചു. ഭീകര നിശ്ശബ്ദതയാണ് എങ്ങും. അനന്തതയില്‍ നോക്കി ശ്രീരാമന്‍ നില്ക്കുമ്പോള്‍ ധീരാംഗനയായ മണ്ഡോദരി വിതുമ്പാതെ, പാദമിടറാതെ അദ്ദേഹത്തിന്റെ അടുത്തെത്തി. ശ്രീരാമന്‍ ഒന്നും പറയാന്‍ കഴിയാതെ നില്ക്കുമ്പോള്‍ മണ്ഡോദരി ചോദിക്കുന്നു.

പഞ്ചവടിയിലെ കാററിനോടും കാററില്‍
മെയ്യുലഞ്ഞാടിയ വള്ളിയോടും പണ്ട്
വൈദേഹിയെത്തേടി നീയലഞ്ഞില്ലയോ.
ളള്ളില്‍ വിരഹക്കനലെരിഞ്ഞില്ലയോ
സൂര്യവംശത്തിന്റെ രോമാഞ്ചമാണു നീ
കോദണ്ഡമേന്തി ധീരതയാണു് നീ

എന്നൊക്കെപ്പറഞ്ഞിട്ട്

വേണ്ടെന്റെ സ്വപ്നക്കുളിനിര്‍നിലാവില്‍ പൂത്ത
പാരിജാതത്തെ തിരിച്ചുതന്നാല്‍മതി.

ഇവിടെയാണ് താമരപ്പൂ വിടരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നതു്. ത്രേതായുഗത്തിന്റെ ദുഖം അങ്ങനെ ഒഴുകുമ്പോള്‍

രാമന്‍ പറഞ്ഞു സഹോദരി രാവണന്‍
ജീവനോടെത്തും ചിതാഗ്നികെട്ടാലുടന്‍
താപസവേഷം ധരിച്ചൊരാക്ഷത്രിയ
രാജന്റെ പാദത്തലാത്മാവുകൊണ്ടവള്‍
ആയിരം പൂവിറുത്തച്ചിച്ചുമോദാശ്രു
ധാരയാല്‍ പുണ്യോദയം വീഴ്ത്തി നിന്നവള്‍

യുഗങ്ങള്‍ കഴി‍ഞ്ഞു. മണ്ഡോദരി ഇന്നും ചിതയില്‍ ഉററുനോക്കിക്കൊണ്ടു നില്ക്കുകയാണ്. ഈ ലോകത്തെ ഏററവും വലിയ ദുഃഖം സ്ത്രീയുടെ ദുഃഖമാണ്. ആ മഹാദുഃഖത്തെ ഭാവചാപല്യമശേഷമില്ലാതെ ഉദാത്ത സ്വഭാവത്തോടുകൂടി ആലേഖനം ചെയ്തിട്ടുള്ള ഈ കാവ്യം — സാര്‍വലൗകിക സ്വഭാവമാവാഹിക്കുന്ന ഈ കാവ്യം — ഉത്കൃഷ്ടമെന്നു പറഞ്ഞാല്‍ പോരാ. ഉത്കൃഷ്ടതരമെന്നായാലും പോരാ. ഉത്കൃഷ്ടതമമാണ്. സ്നേഹത്തിന്റെ സൗന്ദര്യവും സ്ത്രീയുടെ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന ഈ കാവ്യം കലാസൗന്ദര്യത്തിലും അദ്വിതീയമാണ്. ചിന്തയെ ഫ്രിജ്ജിനകത്തുവച്ചു തണുപ്പിച്ച് വായനക്കാരുടെ വായിലേക്കു സ്പൂണ്‍കൊണ്ടു കോരിയൊഴിക്കുന്ന വിലക്ഷണമാര്‍ഗം കുഞ്ചുപിള്ളയ്ക്കറിഞ്ഞുകൂടാ. ശ്രേഷ്ഠമായ ഭാരതസംസ്കാരത്തോടുള്ള പ്രതിപത്തിയോ പുരാണങ്ങളോടുള്ള അന്ധമായ ഭക്തിയോ അല്ല ഈ കാവ്യത്തെ ഉത്കൃഷ്ടമാക്കുന്നതു്. ഹൃദയം നിറഞ്ഞൊഴുകുന്ന വികാരമാണ്. 32–ാമത്തെ വയസില്‍ അന്തരിക്കാതെ ഇന്നും ജീവിച്ചിരുന്നെങ്കില്‍ ഈ കവി മഹാകവിയായി കൊണ്ടാടപ്പെട്ടേനേ.

കാലം യുഗങ്ങള്‍തന്‍ കൈയും പിടിച്ചുകൊ
ണ്ടേതോ നിഗൂഢത നോക്കിനടന്നുപോയ്
ത്രേതായുഗത്തില്‍ ഘനീഭൂത ദുഃഖമായ്
മൂകതതീര്‍ത്ത ശിലാശില്പജാഡ്യമായ്
നിന്നു മണ്ഡോദരി നിശ്ചലയായൊരു
നെയ്യാമ്പല്‍ മൊട്ടുപോലാശീത സന്ധ്യയില്‍.

കുഞ്ചുപിള്ളയുടെ കവിതയും നെയ്യാമ്പല്‍ മോട്ടുപോലെ നില്ക്കുന്നു.