close
Sayahna Sayahna
Search

തുളച്ചുകയറുന്ന പ്രതിഭ


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തുളച്ചുകയറുന്ന പ്രതിഭ

ഫ്രഞ്ച് ഭാഷയില്‍ “നൂവോ റൊമാങ്” എന്നുവിളിക്കുന്ന നവീന നോവല്‍ പ്രസ്ഥാനത്തിനു പ്രസിദ്ധിയും പ്രചാരവും കൈവരുത്തിയ പ്രതിഭാശാലിനിയാണ് മാര്‍ഗറീതു് ദൂറാസ് (Marguerite Duras). നോബല്‍ സമ്മാനം നേടിയ സാമുവല്‍ ബക്കററും നോവലിസ്ററ് മോറിസ് ബ്ളാങ്ഷോയും (Maurice Blanchot) അവരെ France’s greatest living writer എന്നു വിശേഷിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ് സ്വമോറീസ് മീതറാങ്ങിന്റെ (Francois Maurice Mitterrand) അഭിപ്രായവും അതുതന്നെയാണ്. ദൂറാസിന്റെ കൃതികള്‍ വായിച്ചാല്‍ ഈ മഹാന്മാരുടെ പ്രസ്താവങ്ങള്‍ സത്യത്തില്‍ സത്യമാണെന്നു് ഗ്രഹിക്കാന്‍ കഴിയും. അത്രകണ്ടു അന്യാദൃശമായ പ്രതിഭയുടെ വിലാസമാണ് അവരുടെ നോവലുകളിലും മററു രചനകളിലും കാണുന്നതു്.

“നൂവോ റൊമാങ്ങി”നെ ആന്റി നോവല്‍ എന്നും വിളിക്കാറുണ്ട്. ഇത്തരം നോവലുകളില്‍ പ്രകടമായ ഇതിവൃത്തമില്ല. കഥാപാത്രങ്ങളുടെ സ്വഭാവത്തിനു വികാസമില്ല. അനുവാചകന്‍ അവയോടുതാദാത്മ്യം പ്രാപിക്കാതെ മാറിനില്‍ക്കുന്നു. രേഖാരൂപത്തിലുള്ള ഇതിവൃത്തമില്ലാത്തതുകൊണ്ട് ചീട്ടുകലക്കുന്നതുപോലെ നോവലിന്റെ പുറങ്ങള്‍ കീറിയെടുത്തു കലക്കി വായിച്ചാലും കലാസൃഷ്ടി എന്ന അതിന്റെ പദവി നഷ്ടപ്പെട്ടു പോകുന്നില്ല. റോബ് ഗ്രീയേയുടെ “ജലസി”യും നോബല്‍ സമ്മാനം നേടിയ ക്ളോദ് സീമൊങ്ങിന്റെ The Flanders Road ഉം ആന്റിനോവലുകളാണ്. ഗ്രിയയുടെ നോവല്‍ ഈ ലേഖകന്‍ വായിച്ചിട്ടില്ല. അതുകൊണ്ടു് സീമൊങ്ങിന്റെ നോവലിനെക്കുറിച്ചുമാത്രം ചിലതു പറയാം. ഒരു ക്യാപ്ററന്‍ വെടിയെറ്റു മരിക്കുന്നു. അ മരണത്തിനു മൂന്നു സാക്ഷികള്‍. ഒന്നു് ഒരു ബന്ധു. രണ്ടു് ക്യാപ്റ്റന്റെ ഓര്‍ഡര്‍ലി. മൂന്ന് അദ്ദേഹത്തിന്റെ ലായത്തിലെ ജോലിക്കാർ. ഈ മൂന്നുപേരും വിഭിന്നങ്ങളായ കാഴ്ചപ്പാടുകളിലൂടെ മരണത്തെ വര്‍ണ്ണിക്കുന്നു. അങ്ങനെ അതിന്റെ സാകല്യാവസ്ഥയിലുള്ള ചിത്രം നമുക്കു് ലഭിക്കുന്നു. സീമൊങ്ങിന്റെ ഈ നോവലിനു അവതാരിക എഴുതിയ ഫ്ളെച്ചര്‍ എന്ന നിരൂപകന്‍ മഹനീയതയില്‍ ഇതു് ടോള്‍സ്റ്റോയിയുടെ War and Peace എന്ന നോവലിനു സദൃശമാണെന്നുവരെ അഭിപ്രായപ്പെടുകയുണ്ടായി. ഫ്ളോന്‍ഡേഴ്സ്റോഡ് പോലെയുള്ള ഒരാന്റിനോവലാണു് ദൂറാസിന്റെ The Lover എന്ന കൃതി.

ഒരു തുള്ളി കടല്‍ വെളളത്തില്‍ കടലിന്റെ ഉജ്ജ്വലത മുഴുവനും കാണാന്‍ കഴിയുമെന്ന് പറയാറുണ്ട്. അതുപോലെ ഏതാനും വാക്യങ്ങളില്‍ പ്രേമത്തിന്റെ ഗഹനതയും സാന്ദ്രതയും ആവിഷ്കരിച്ച് ഗ്രീക്ക് ട്രാജഡിയുടെ മഹത്ത്വം പ്രകടമാക്കുന്നു ഈ നോവല്‍. ദൂറാസിന്റെ ബാല്യകാല പ്രണയത്തെത്തന്നെയാണ് ഇതു് ഭംഗ്യന്തരേണ പ്രതിപാദിക്കുന്നതു്. ഇന്‍ഡോ ചൈനയിലെ (ഇപ്പോഴത്തെ വിയററ്നാം) ഒരു പട്ടണത്തിലാണ് മാര്‍ഗറീത് ദൂറാസിന്റെ ജനനം. സ്വഭാവം രൂപംകൊള്ളുന്ന ആദ്യകാലയളവില്‍ ഒരു ചൈനീസ് യുവാവുമായി അവര്‍ക്ക് ഉണ്ടായ ബന്ധം തന്നെയാണ് ഈ നോവലിലും വര്‍ണ്ണിക്കപ്പെടുന്നതു്. കാമുകനു മുപ്പത്തിയഞ്ചു വയസ് കാമുകിക്ക് പതിനഞ്ചും. ഇരുപതു് സംവത്സരത്തിന്റെ ഈ അന്തരം അവരുടെ പ്രമേത്തിന്റെ തീക്ഷ്‌ണത ഒട്ടും കുറച്ചില്ല. സാമ്പദികതലത്തിലും അവര്‍ തമ്മില്‍ വിഭിന്നതയുണ്ടായിരുന്നു. അയാൾ സമ്പന്നൻ; അവളാകട്ടെ ദരിദ്രയും. ഈ അന്തരം പ്രേമത്തിനു ദൃഢത നല്‍കുമെങ്കിലും ദുരന്തത്തിലേക്കേ അതു ചെല്ലു. ഇവിടെയും അതുതന്നെ സംഭവിച്ചു. കാമുകന്റെ അച്ഛൻ അയാളെ പാരീസിലേക്കു അയച്ചു. അതോടെ അവരുടെ ശാരീരിക ബന്ധം അവസാനിച്ചു. മാനസിക ബന്ധം അവസാനിച്ചില്ല എന്നതിനു തെളിവ് വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ അവളെ ടെലിഫോണില്‍ വിളിച്ചു തന്റെ മരണംവരെയും അവളെ സ്നേഹിക്കുമെന്നു് അറിയിച്ചതാണ്. അയാളെ സംബന്ധിച്ച് അവളുടെയും മാനസികനില അതുതന്നെ. സര്‍വസാധാരണമോ രസശുഷ്കമോ ആണ് ഈ പ്രേമകഥയെന്നു തോന്നുന്നെങ്കില്‍ തെററില്ല. പക്ഷേ ദൂറാസിന്റെ ഉജ്ജ്വല പ്രതിഭ ആ സര്‍വസാധാരണത്വത്തെ അസാധാരണത്വമാക്കിമാറ്റിയിരിക്കുന്നു.

പരമ്പരാഗതമായ നോവലിന്റെ കഴിവും ജീവനാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള എഴുത്തുകാരന്റെ വൈദഗ്ദ്ധ്യവും ശോഷണത്തിലെത്തിയെന്നാണല്ലോ ആന്റിനോവലിസ്ററുകളുടെ മതം. നവീന നോവലിസ്റ്റ് സഹാറാ മരുഭൂമിയിലെ വിറകുവെട്ടുകാരനാണെന്നും അവരുടെ ഒരു നേതാവ് പറഞ്ഞു. കോടാലി (തൂലിക അല്ലെങ്കില്‍ എഴുതാനുള്ള കഴിവ്) കൈയിലുണ്ടു്; മുറിക്കാന്‍ മരമില്ല. (പ്രതിപാദിക്കാന്‍ വിഷയമില്ല)

പക്ഷേ പ്രതിഭയുള്ളവര്‍ തൂലികയെടുക്കുമ്പോള്‍ വിഷയം മുന്‍പില്‍ രൂപം കൊള്ളുമെന്നു് ദൂറാസിന്റെ ഈ നോവല്‍ തെളിയിക്കുന്നു. ഇതു വായിക്കുമ്പോള്‍ നമമള്‍ പ്രൂസ്തിനെ ഓര്‍മ്മിക്കാതിരിക്കില്ല. (ഓര്‍മ്മ രണ്ടുവിധത്തിലാണെന്നാണ് ആ ഫ്രഞ്ചെഴുത്തുകാരന്റെ സിദ്ധാന്തം.) 1 അനിച്ഛാപൂര്‍വകമായ ഓര്‍മ്മ (സംവേദനത്തിന്റെ ശക്തി) 2 ഇച്ഛാപൂര്‍വകമായ ഓര്‍മ്മ (ധിഷണയെ സംബന്ധിച്ചതു്) ആദ്യത്തേതിന്റെ സഹായത്താല്‍ ഭൂതകാലത്തെ സാക്ഷാത്കരിക്കാം. അപ്പോള്‍ കാലം പരിഗണനാര്‍ഹമല്ലാതാവുന്നു. ക്ഷുദ്രമായ ഒരു സംവേദനം (Sensation) വര്‍ത്തമാനകാലത്തുണ്ടാവുമ്പോള്‍ മരിച്ചതോ മരവിച്ചതോ ആയ ഭൂതകാല സംഭവം അതിന്റെ എല്ലാ വികാരങ്ങളോടും കൂടി സാക്ഷാത്കരിക്കപ്പെടുന്നു. ഇതു് സത്യാത്മകമാണ്. ഇങ്ങനെ അനിച്ഛാപൂര്‍വകമായ സ്മരണകളിലൂടെ സത്യത്തിലെത്താമെന്ന് ആദ്യമായി സ്പഷ്ടമാക്കിയ മഹാനാണ് പ്രൂസ്ത്. ദൂറാസ്, പ്രൂസ്തിന്റെ ഈ സിദ്ധാന്തം അതേ രീതിയില്‍ സ്വീകരിക്കുന്നില്ല. അനിച്ഛാപൂര്‍വകമായ ഓര്‍മ്മയെക്കുറിച്ച് അവരൊന്നും പയുന്നില്ല. എങ്കിലും പ്രേമത്തെ സംബന്ധിച്ച ഭൂതകാലസ്മരണകളെ വര്‍ത്തമാനകാലജീവിതവുമായി കൂട്ടിയിണക്കുന്നു ഈ നോവലെഴുത്തുകാരി. അപ്പോള്‍ ഭൂതകാലം വേറെ, വര്‍ത്തമാനകാലം വേറെ എന്ന തോന്നല്‍ നമുക്കുണ്ടാകുന്നില്ല. പ്രേമം ഒരിക്കലും തിരിച്ചുകിട്ടുന്ന വികാരമല്ല എന്നാണ് പ്രൂസ്തിന്റെ മതം. പ്രേമഭാജനത്തില്‍ നമ്മള്‍ കാണുന്ന നന്മകളും തിന്മകളും യഥാര്‍ത്ഥത്തില്‍ അവളില്‍ ഉള്ളതല്ല. നമ്മള്‍ അധ്യരോപം ചെയ്യുന്നതാണ് എന്നും പ്രൂസ്തിന് അഭിപ്രായമുണ്ട്. ഇതും ദൂറാസ് അംഗീകരിക്കുന്നില്ല. മാത്രമല്ല അവര്‍ സ്നേഹഗായികയായി പ്രത്യക്ഷയാവുകയും ചെയ്യുന്നു. നമ്മെ ഹോണ്‍ട് ചെയ്യുന്ന കലാശില്പമാണ് ദൂറാസിന്റെ ഈ നോവല്‍. നവീന സാഹിത്യത്തിന്റെ പേരില്‍ ആവിര്‍ഭവിക്കുന്ന പലതും “ജാട”കളാണ്. എന്നാല്‍ ഇതൊരു രത്നമാണ്. അതില്‍നിന്നു് പ്രസരിക്കുന്ന മയൂഖമാലകള്‍ എന്നും സാഹിത്യത്തിന്റെ മണ്ഡലത്തെ തിളക്കിക്കൊണ്ടിരിക്കും. മറ്റൊരു ഫ്രഞ്ച് നോവലിസ്ററ് മാര്‍ഗറീത് ഈയോര്‍ സെനാര്‍ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് അന്തരിച്ചു. അവര്‍ക്കു് നോബല്‍ സമ്മാനം കിട്ടുമെന്നായിരുന്നു അഭ്യൂഹം. ഈയോര്‍സെനാറിനെക്കാള്‍ പ്രതിഭാശാലിനിയാണ് മാര്‍ഗറീത് ദൂറാസ്.

പ്രശസ്തനായ സംവിധായകന്‍ ആലങ്ങ് റെസ്നേയുടെ Hiroshima mon amour എന്ന ഫിലിമിന്റെ സ്ക്രിപ്ററ് എഴുതിയതു് ദൂറാസാണ്. അതു് എഴുതിയതോടെയാണ് അവര്‍ക്കു് മഹായശസ് ലഭിച്ചതു്. The lover എന്ന നോവല്‍ രചിച്ചപ്പോള്‍ അവര്‍ ലോകപ്രശസ്തയായി. ആ നോവലിനു കിട്ടിയ സമ്മാനങ്ങള്‍ (Prix goncourt 1984; Ritz Paris Hemingway Award 1986) സാംസ്കാരിക മണ്ഡലത്തില്‍ അവരുടെ സ്ഥാനം സുപ്രതിഷ്ഠിതമാക്കി. ഒരു ഫ്രഞ്ച് അഭിനേത്രി ഹിരോഷിമയില്‍ എത്തുന്നു. ചലച്ചിത്രം നിര്‍മ്മിക്കുക എന്നതാണ് അവളുടെ ലക്ഷ്യം. അവിടെവച്ച് അവള്‍ ഒരു ജപ്പാന്‍കാരനെ കണ്ടു പ്രമേത്തില്‍ വീണു. ഈ നൂതന പ്രേമബന്ധം ഒരു പൂര്‍വകാല സംഭവത്തെ അവളുടെ ഓര്‍മ്മയിലേക്കു കൊണ്ടുവരുന്നു. യുദ്ധകാലത്തു് അവളൊരു ജര്‍മ്മന്‍ ഭടനുമായി സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആ ഭടന്‍ കൊല്ലപ്പെട്ടു. പട്ടണത്തിലെ ആളുകള്‍ അവളെ മൊട്ടയടിച്ചു. അവളുടെ അച്ഛനമ്മമാര്‍ ഒരു മുറിയില്‍ അവളെ പൂട്ടിയിട്ടു. ഈ സംഭവത്തിന്റെ ഓര്‍മ്മ അവളെ വല്ലാതെ പീഢിപ്പിക്കുകയാണ്. ഇപ്പോഴത്തെ പ്രേമബന്ധത്തില്‍ പഴയ സംഭവം ഏല്പിക്കുന്ന വൈകാരികാഘാതമാണ് അവള്‍ക്ക് താങ്ങാനാവാത്തതു്. ഇവിടെയും ദ് ലവര്‍ എന്നതിലെപ്പോലെ ചരിത്രവും വര്‍ത്തമാനകാലവും ഭൂതകാലവും സ്ക്രിപ്ററ് എഴുതിയ ദൂറാസ് കലാത്മകമായി കൂട്ടിയിണക്കുന്നു. (ഈ ലേഖകന്‍ ഈ സിനിമ കണ്ടിട്ടില്ല. John and Fell എഴുതിയ A History of Films എന്ന പുസ്തകത്തില്‍നിന്നു് എടുത്തതാണ് സിനിമയെക്കുറിച്ചുള്ള ഈ വസ്തുതകള്‍)

മനുഷ്യന്റെ അന്തഃസത്ത രോഗാര്‍ത്തമാണെങ്കില്‍ പ്രചോദനം ഭ്രാന്തായി മാറും. അന്തഃസത്ത അരോഗമാണെങ്കില്‍, അടക്കിവയ്ക്കാന്‍ വയ്യാത്തതാണെങ്കില്‍ അതു ജീനിയസായിത്തീരും എന്നു് സാന്തായാന പറഞ്ഞിട്ടുണ്ട്. (The Idea of Christ in the Gospels) അരോഗമായ അന്തസത്തയുള്ള എഴുത്തുകാരിയാണ് ദൂറാസ്. അവരുടെ പ്രചോദനം ജീനിയസായി പരിണമിച്ചു. ആ ജീനിയസ് ഒരു മണ്ഡലത്തിലെ പ്രത്യക്ഷമാകൂ എന്നു് കരുതുന്നതു ശരിയല്ല. അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ അവരുടെ ഉപന്യാസ സമാഹാരമായ Outside നോക്കുക. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഓരോ കൊച്ചു ഉപന്യാസവും ഓരോ മാസ്ററര്‍പീസാണെന്നു് ഗ്രഹിക്കാം. ഒരെണ്ണം “അങ്ങിങ്ങായി” തര്‍ജ്ജമ ചെയ്യട്ടെ: “ഞാന്‍ ചെയ്മ്പര്‍ ഓഫ് ഡെപ്യൂട്ടിസ് കടന്നുപോകുകയായിരുന്നു. ഒരാള്‍ക്കൂട്ടം. ഒരു പോലീസുകാരന്‍ അതു പിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു.”

‘കടന്നുപോകൂ’

ഞാന്‍ എങ്ങനെയോ ആ പൊലീസുകാരന്റെ അടുത്തെത്തി.

‘ഓഫീസര്‍, ഇവിടെ ഈ ആള്‍ക്കൂട്ടം എങ്ങനെ വന്നുവെന്നു് ദയവായി പറയുമോ?’

അയാള്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നതു് കാര്യങ്ങള്‍ ഗ്രഹിക്കാനല്ല കടന്നുപോകാനാണ്.’ ഞാന്‍ നടന്നു.

വേറൊരു ദിവസം പാര്‍ക്കിംഗ് അനുവദിച്ചിട്ടുളള പാതയില്‍ ഞാന്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചു. നിഴലുകളുടെ ഇടയില്‍നിന്നു് ഒരു പോലീസുകാരന്‍ വന്നു. ‘കടന്നു പോകൂ’.

‘എന്തിനു ഓഫീസര്‍. ദയവായി പറയൂ എന്തിനെന്നു്’.

‘ഞാന്‍ അങ്ങനെ ആവശ്യപ്പെടുന്നതുകൊണ്ടു്. കടന്നു പോകൂ.’

ഞാന്‍ ഉടനെ നീങ്ങിയില്ല. കാരണം എനിക്ക് മിതഭാഷണത്തില്‍ ഒരു നിഗൂഢ താല്‍പര്യമുണ്ടു് എന്നതാണ്. സമൂഹത്തില്‍ പെടുന്നവളാണല്ലോ ഞാന്‍: ഞാന്‍ നിര്‍ബന്ധം പിടിച്ചു. ‘ഓഫീസര്‍, എവിടെ എനിക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നു് പറഞ്ഞുതരുമോ’ ‘സ്ഥലമെവിടെയുണ്ടോ അവിടെ! കടന്നുപോകു’ ഞാന്‍ കടന്നുപോയി. ഞാന്‍ വിചാരിച്ചു. ഞാന്‍ മനനം ചെയ്തു. ഞാന്‍ സ്ഥലം കണ്ടുപിടിക്കുകയും ചെയ്തു. ഞാന്‍ ഓരോതവണ അവരോടു സംസാരിക്കുമ്പോഴും അവരുടെ മിതഭാഷണത്തില്‍ നിഗൂഢമായ ആനന്ദം കണ്ടെത്തി. മോട്ടോര്‍കാറുകളുടെ ഗതാഗതം കൂടുന്തോറും അവരുടെ മിതഭാഷണവും കൂടിക്കൂടി വന്നു.

തെററിദ്ധരിക്കേണ്ടതില്ല. കുറച്ചുപറയുന്ന അവരുടെ ശീലത്തില്‍ തീക്ഷണതയുള്ള ഒരു കിനാവ് ഒളിച്ചിരിക്കുന്നുണ്ട്. ഈ സ്വപ്നത്തിന്റെ തീക്ഷ്ണത ഗതാഗതത്തിന്റെ അളവിനു ആനുപാതികമാണ്. അതിന്റെ വിഷയം ഗതാഗതമാണ്. ആ ഗതാഗതത്തിന്റെ ചലനാത്മകതയാണ്.

നമ്മള്‍ പൊലീസിനോടു ചോദിക്കുന്ന ചോദ്യങ്ങള്‍ എത്ര സാധാരണങ്ങളാണെങ്കിലും തെററിദ്ധരിക്കപ്പെടുന്നു. കാരണമുണ്ടു്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ വേണം. ഉത്തരമുണ്ടാകുന്നിടത്ത് സംഭാഷണത്തിനു എപ്പോഴും സന്ദര്‍ഭമുണ്ടാകും. സംഭാഷണം സ്വാഭാവികമായും കടന്നുപോകുക എന്നതിനു എതിരാണുതാനും. ‘എല്ലാവരും അതു ചെയ്തെങ്കില്‍’ — ഇതാണ് പൊലീസിന്റെ മിതഭാഷണത്തിന്റെ പിറകിലുള്ള തത്ത്വം. ആ അടിസ്ഥാനതത്ത്വത്തില്‍ നിന്നാണ് ‘കടന്നുപോകൂ’ എന്നതു് ഉണ്ടാകുന്നതു്. എല്ലാവരും കടന്നുപോയാല്‍ ഒരു പ്രശ്നവുമില്ല.

നോക്കൂ എന്തൊരു ധിഷണയാണ് ദൂറാസിനുള്ളതു്! തുളച്ചുകയറുന്ന ധിഷണ! ഇതൊക്കെ വായിക്കുമ്പോള്‍ എനിക്കൊരു ദുഃഖം. ഇതുപോലെ എനിക്കെഴുതാന്‍ കഴിയുന്നില്ലല്ലോ എന്നു്. പ്രേമം. രാഷ്ട്രവ്യവഹാരം, ക്രിമിനല്‍ക്കുററം ഇവയൊക്കെ ദൂറാസിന്റെ പര്യാലോചനയ്ക്കു വിധേയമാകുന്നു. ഓരോ രചനയും നമ്മെ അദ്ഭുതപ്പെടുത്തും.

മാര്‍ഗറീത് ദൂറാസ് — വിശ്വസാഹിത്യത്തിന്റെ മണ്ഡലത്തിലാണ് അവരുടെ സ്ഥാനം.