close
Sayahna Sayahna
Search

ബുദ്ധിമാന്റെ സ്വര്‍ഗം, ബുദ്ധിശൂന്യന്റെ നരകം


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ബുദ്ധിമാന്റെ സ്വര്‍ഗം, ബുദ്ധിശൂന്യന്റെ നരകം

“ആയിരത്തൊന്നു രാവു” കളില്‍ ചേതോഹരമായ ഒരു കൊച്ചു കഥയുണ്ട്. കൈറോവില്‍ താമസിക്കുന്ന ഒരുത്തന്‍ സ്വപ്നം കാണുന്നു. അയാള്‍ പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ ചെല്ലാന്‍ ഒരു ശബ്ദം ആജ്ഞാപിക്കുന്നതായി, അവിടെ ഒരു നിധിയിരിക്കുന്നതായിട്ടാണ് കിനാവിലെ ശബ്ദം അറിയിക്കുന്നതു്. ദീര്‍ഘയാത്ര നടത്തി അയാള്‍ ഇസ്ഫഹാനിലെത്തുന്നതു്. ക്ഷീണിച്ച്, തളര്‍ന്നു് അയാള്‍ ഒരു മുസ്‌ലീം പളളിയുടെ മുന്‍പില്‍ കിടന്നുറങ്ങുന്നു. മററനേകമാളുകള്‍ അവിടെ കിടന്നുറങ്ങുന്നുണ്ട്. അവര്‍ കള്ളന്മാരാണെന്ന് അറിയാതെയാണ് കൈറോവിലെ ആള് അവരോടൊത്തു് ഉറങ്ങാൻ കിടന്നതു്. എല്ലാവരെയും പൊലീസ് അറസ്ററ് ചെയ്യുന്നു. അയാളെന്തിനു ഇസ്ഫഹാനിലെത്തിയെന്നു് പോലീസുദ്യോഗസ്ഥന്‍ ചോദിക്കുന്നു. അയാളുടെ മറുപടി കേട്ട് ഉദ്യോഗസ്ഥന്‍ വാ തുറന്നു ചിരിച്ചുകൊണ്ട് പറയുന്നു. “മണ്ടന്‍ കൈറോവിലെ ഒരു വീടിന്റെ പിറകിലുള്ള പൂന്തോട്ടത്തില്‍ ഒരു സണ്‍ഡയലുണ്ട്. അവിടെ ഒരു ജലധാരയന്ത്രവും ഫിഗ്മരവുമുണ്ട്. ജലധാരയന്ത്രത്തിന്റെ താഴെ നിധിയിരിക്കുന്നുവെന്നു് ഞാന്‍ മൂന്നു തവണ സ്വപ്നം കണ്ടുകഴിഞ്ഞു. ഞാന്‍ അതു് വിശ്വസിക്കുന്നേയില്ല. ഇതാ ഈ പണവുംകൊണ്ട് കൈറോവിലേക്ക് തിരിച്ചുപോകു. അവിടെനിന്നു് ഒരിക്കലും ഇങ്ങോട്ടു വരരുതു്.” അയാള്‍ കൈറോവിലേക്ക് തിരിച്ചുപോകുന്നു. തന്റെ വീടിനെക്കുറിച്ചാണ് പൊലീസുദ്യോഗസ്ഥന്‍ സ്വപ്നം കണ്ടതെന്നു് വിചാരിച്ച് അയാള്‍ ജലധാരായന്ത്രത്തിനു താഴെ കുഴിച്ചുനോക്കുന്നു. നിധിയിരിക്കുന്നതു് കാണുകയും ചെയ്യുന്നു.

പുസ്തക വായനയും ഇതുപോലെയാണ്. കുട്ടിക്കാലത്തു് സമപ്രായക്കാരും പ്രായം കൂടിയവരും “ഇന്ന പുസ്തകം വായിക്കു” “ഇന്ന പുസ്തകം വായിക്കു” എന്നു് എന്നോടു പറഞ്ഞിട്ടുണ്ട്. വായിച്ചിട്ടും നിധി കണ്ടില്ല. അങ്ങനെയിരിക്കെ വള്ളത്തോളിന്റെ ഒരു പ്രഭാഷണത്തിനിടയില്‍ അദ്ദേഹം രാമായണം ചമ്പുവിലെ ഒരു ശ്ളോകം ചൊല്ലുന്നതു് കേട്ടു.

മുഗ്‌ദ്ധാമെല്ലെടുത്താള്‍ തിരുമുടിയിലണി–
ഞ്ഞാള്‍, മറന്നും മുകര്‍ന്നാള്‍
മുത്താര്‍മല്‍ കൊങ്കമൊട്ടിന്‍ മുകളിലുടനുടന്‍
വച്ചു ഗാഢം പുണര്‍ന്നാള്‍,
ചിത്രം ചിത്രം! തദാനീകുല യുവതികുലം
മൗലിമേല്‍ വച്ചു ചൂടും
പുത്തന്‍ പൂണ്‍ പിന്നു രാമാഭരണം അഖില
ഗാത്രേഷ്ഠ പൂണ്‍ പായ്‌ച്ചമഞ്ഞു.

ഈ ശ്ളോകം ചൊല്ലിയിട്ട് അതു് നിധിയാണെന്നോ രാമായണം ചമ്പുവില്‍ നിധിയിരിക്കുന്നുവെന്നോ മഹാകവി പറഞ്ഞില്ല. മീററിംഗ് കഴിഞ്ഞയുടനെ ഞാന്‍ തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയിലേക്ക് ഓടി. രാമായണം ചമ്പു എടുത്തുകൊണ്ട് വീട്ടില്‍ വന്നു. ആദ്യംതൊട്ട് വായിച്ചു. നിധിയിരിക്കുന്നതു് കാണുകയും ചെയ്തു.

ഒരിടത്തു് സ്വര്‍ണ്ണക്കട്ടികള്‍, മറ്റൊരിടത്തു് വെള്ളിക്കട്ടികള്‍, മുത്തു് ഒരു സ്ഥലത്തു് കൂട്ടിയിട്ടിരിക്കുന്നു. അതുപോലെ വൈഡൂര്യത്തിന്റെയും മാണിക്യത്തിന്റെയും പവിഴത്തിന്റെയും വജ്രത്തിന്റെയും പത്മരാഗത്തിന്റെയും നീലത്തിന്റെയും മരതകത്തിന്റെയും കൂമ്പാരങ്ങള്‍. ഏതു വാരിയെടുക്കണമെന്നറിയാതെ ഞാന്‍ അമ്പരന്ന് നിന്നുപോയി. ‘ഓപ്പണ്‍ സെസമി’ എന്നുപറഞ്ഞു ഗുഹയ്ക്കകത്തു കയറിയ ആലിബാബ കണ്ട അദ്ഭുത പ്രപഞ്ചം പോലെ. യാദൃച്ഛികമായി കണ്ടെത്തിയ ഗുഹാഗ്രന്ഥത്തിന്റെ മുന്‍പില്‍നിന്നു് ‘ഓപ്പണ്‍ സെസമി’ എന്നുപറയാന്‍ ആര്‍ക്കു കഴിയുന്നുവോ അവനാണ് സഹൃദയന്‍. അവന്‍ കാണുന്നതു് കണ്ണഞ്ചിക്കുന്ന രത്നകാന്തിയിയിരിക്കും. ആ കാന്തിയാണ് ഇത്രയുംകാലമായി എന്നെ ജീവിപ്പിച്ചു പോന്നതു്.

നിങ്ങള്‍ മല്‍സരപ്പരീക്ഷ ജയിച്ച് സമുന്നതനായി ഉദ്യോഗസ്ഥനായി ഭരണയന്ത്രം തിരിക്കന്നുണ്ടോ? നിങ്ങള്‍ വ്യവസായങ്ങളിലൂടെ ലക്ഷക്കണക്കിനു പണംനേടി അംബാസഡറില്‍നിന്നു് കോണ്‍ടസയിലേക്കും അതില്‍നിന്നു് ബെന്‍സിലേക്കും പിന്നീട് റോള്‍സ്റോയിസിലേക്കും പോകുന്നുണ്ടോ? നിങ്ങള്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടി രാജ്യത്തിന്റെ കീര്‍ത്തി വ്യാപിപ്പിക്കുന്നുണ്ടോ? നിങ്ങള്‍ രാജ്യതന്ത്രജ്ഞനായി നിന്നു് നിങ്ങളുടെ രാജ്യത്തിന്റെ ഭാവിതവ്യതയെ നിയന്ത്രിക്കുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ ‘അതെ’, ‘അതെ’ എന്നാണെന്നിരിക്കട്ടെ എങ്കിലും നിങ്ങള്‍ എഴുത്തച്ഛന്റെ ‘രാമായണം’ വായിച്ചിട്ടില്ലെങ്കില്‍ അതിലെ

വനദേവതമാരേ നിങ്ങളുമുണ്ടോ കണ്ടു
വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു
മൃഗലോചനയായ ജനകപുത്രിതന്നെ
പക്ഷിസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്‌മളാക്ഷിയെ മ മ ചൊല്ലുവിന്‍ പരമാര്‍ത്ഥം

എന്ന വരികള്‍ വായിച്ച് ചലനരഹിതരായി ഇരിക്കുന്നുണ്ടെങ്കില്‍ ഈ ലോകത്ത് നിങ്ങളൊന്നും നേടിയിട്ടില്ല. കാരണം അധികാരമോ ധനമോ യശസോ പ്രാഗല്ഭ്യമോ നിങ്ങളെ അന്ധത്വത്തിലേക്കേ കൊണ്ടുചെല്ലുന്നുള്ളു. എഴുത്തച്ഛന്റെ കവിത നിങ്ങളെ സ്വര്‍ഗത്തിലെത്തിക്കുന്നു എന്നതാണ്.

സ്വര്‍ഗമെന്നുപറഞ്ഞാല്‍ ദേവലോകമെന്നു ധരിക്കേണ്ടതില്ല. അതു് പ്രതിഭാശാലി നിര്‍മ്മിക്കുന്ന സവിശേഷമായ ലോകമാണ്. അതില്‍ പ്രവേശിക്കുമ്പോള്‍ നമ്മള്‍ ക്ഷുദ്രത്വം വിസ്മരിച്ച് അവിടത്തെ പ്രകാശത്തില്‍ മുങ്ങുന്നു. അക്കാലത്തു്– എന്നുപറഞ്ഞാല്‍ ഞാന്‍ ബാലനായിരുന്ന കാലത്തു്– എഴുത്തച്ഛന്റെ ‘രാമായണവും’ ‘ഭാരതവും’ വായിച്ചുകഴിഞ്ഞതിനുശേഷം കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍ വായിച്ചു. പിന്നീടു് ചമ്പുക്കളും ആട്ടക്കഥകളും. ഓരോന്നും അതിന്റെതായ ലോകം ആവിഷ്കരിച്ചു. നമ്പ്യാരും ചമ്പുകാരന്മാരും പില്‍ക്കാലത്തു് ഗോയ്ഥേ പറഞ്ഞ മട്ടില്‍ എന്നെ ആ കൃതികളുടെ നന്മയിലേക്കുതന്നെ ഉയര്‍ത്തി. ഗ്രന്ഥപാരായണം വിശേഷിച്ചും കാവ്യപാരായണം– ഇങ്ങനെയാണ്. നമ്മളെ ഔന്നിത്യത്തിലേക്ക് കൊണ്ടുചെല്ലുന്നതു്. മറിച്ചും ഗോയ്ഥേ പറഞ്ഞിട്ടുണ്ട്. തിന്മകള്‍ നിറഞ്ഞ പുസ്തകം നമ്മുടെ തിന്മകളെ വികസിപ്പിക്കുന്നുവെന്നു്. ഷേക്സ്പിയര്‍ കൃതികള്‍ വായിച്ചു വായിച്ച് ഔല്‍കൃഷ്‌ട്യമാര്‍ജ്ജിച്ച നമ്മള്‍ ഹാരോള്‍ഡ് റോബിന്‍സിന്റെ നോവലുകള്‍ പതിവായി വായിച്ചാല്‍ മലിന മനസ്കരായിത്തീരുമെന്നതില്‍ ഒരു സംശയവുമില്ല.

ഓപ്പണ്‍ സെസമി എന്നു് ആലിബാബ പറഞ്ഞപ്പോള്‍ ഗുഹാമുഖം തുറന്നോ? തുറന്നു. അതാണ് വാക്കിന്റെ ശക്തി. വാക്ക് ‘ബ്ളഡ് കെമിസ്ട്രി’ മാററിക്കളയുമെന്നുവരെ ശാസ്ത്രം പറയുന്നുണ്ട്. അനുഗ്രഹ വചനത്തിനും ശാപവചനത്തിനും ഈ ശക്തിയുണ്ടത്രെ. ഒരേതരത്തിലുള്ള മൂന്നു വിത്തുകള്‍ മണ്ണില്‍ പാകി ഒരേതരത്തില്‍ ജലവും വളവും നല്കുന്നു. മൂന്നും ചെടിയായി കിളിർത്തു നില്‍ക്കുമ്പോള്‍ ഒരു ചെടിയെ നിങ്ങള്‍ ശപിക്കുന്നു. മറ്റൊന്നിനെ അനുഗ്രഹിക്കുന്നു. മൂന്നാമത്തേതിനെ ഒന്നും ചെയ്യുന്നില്ല. എന്നിട്ട് ഒരേവിധത്തില്‍ത്തന്നെ മൂന്നു ചെടികള്‍ക്കും വളവും ജലവും നല്കുന്നുവെന്നിരിക്കട്ടെ. ശപിക്കപ്പെട്ടതു് കരിയുന്നു. അനുഗ്രഹീക്കപ്പെട്ടതു് തഴച്ചുവളരുന്നു. മൂന്നാമത്തെ ചെടി സാധാരണമായ രീതിയില്‍ വളര്‍ന്നുവരുന്നു. ഇതു് അമേരിക്കയില്‍ നടത്തിയ പരീക്ഷണമാണ്. വാക്കിന്റെ ശക്തി ഇങ്ങനെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വാക്ക്– മാന്ത്രിക പ്രഭാവമുള്ള വാക്ക്– പ്രതിഭാശാലികള്‍ പ്രയോഗിക്കുമ്പോള്‍ മുന്‍പ് പറഞ്ഞ സവിശേഷമായ ലോകം ആവിര്‍ഭവിക്കുന്നു.

വികതോര്‍ യുഗോയുടെ ‘പാവങ്ങളി’ലെ ഒരു ഭാഗം ഓര്‍മ്മയിലെത്തുന്നു. നോവല്‍ തുടങ്ങുകയാണ്. ജേതാവായ നെപ്പോളിയന്‍ ഒരു ഗ്രാമ പ്രദേശത്ത് എത്തി. അതിലൂടെ അദ്ദേഹം കടന്നുപോകുന്നത് കാണാൻ ഒരു പാതിരി വന്നുനിന്നു, ഈ പാതിരിയാണ് പിന്നീട് പ്രസിദ്ധനായ ഡിയിലെ ബിഷപ്പായതു്. നെപ്പോളിയൻ അടുത്തെത്തിയപ്പോള്‍ പാതിരി അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. ഉടനെ നെപ്പോളിയന്‍ ചോദിച്ചു: “Who is this good man who looks at me?” അതുകേട്ട് പാതിരി മറുപടി പറഞ്ഞു Sorry, you behold a good man and I a great man” ഈ ചോദ്യവും ഉത്തരവും കേട്ട് നമ്മള്‍ അദ്ഭുതപ്പെടുന്നു. ആ നല്ല മനുഷ്യന്റെയും വലിയ മനുഷ്യന്റെയും ജീവിതങ്ങളിലേക്ക് നമമള്‍ കടന്നുചെല്ലുന്ന‌തു് ആ വാക്കുകളുടെ മാന്ത്രിക ശക്തിയാലാണ്. അന്തരീക്ഷത്തില്‍ ചന്ദ്രക്കല ശോഭിക്കുന്നതുകണ്ട് വിക്തോര്‍യുഗോ തന്നെ ചോദിച്ചു: “ഏതു ഈശ്വരനാണ്, ഏതു് ശാശ്വത വസന്തത്തിന്റെ കൊയ്‌ത്തുകാരനാണ് ഈ സ്വര്‍ണ്ണക്കൊയ്‌ത്തരിവാള്‍ നക്ഷത്രങ്ങളുടെ വയലുകള്‍ അലക്ഷ്യമായി ഇട്ടിട്ടുപോയതു്” ദുര്‍ബ്ബലമായ ഈ മലയാള തര്‍ജ്ജമയില്‍പ്പോലുമുണ്ട് ശക്തിവിശേഷം.

മലയാളത്തിലേക്കുതന്നെ വരു “പുണ്യശാലിനി നീ പകര്‍ന്നീടുമീത്തണ്ണീർ തന്നുടെയോരോ തുളളിയും അന്തമററ സുകൃതഹാരങ്ങള്‍ നിന്നന്തരാത്‌മാവിലര്‍പ്പിക്കുന്നുണ്ടാവാം” എന്നു് കുമാരനാശാന്‍. കവിയുടെ ഓരോ വാക്കും നമ്മളെ വശീകരിക്കുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ മറ്റൊരാളായി മാററുന്നു.

ദസ്‌തെയെവിസ്കിയുടെ നോവലുകള്‍ വായിച്ചുകഴിഞ്ഞാല്‍ നമ്മളുടെ ജീവിതത്തിന്റെ സ്വാഭാവംതന്നെ മാറിപ്പോകും. ആ പരിവര്‍ത്തനം നന്മയിലേക്കാണ്, മാനസികമായ ഔന്നത്യത്തിലേക്കാണ്. പണം കടംകൊടുക്കുന്ന വൃദ്ധയെ കൊന്ന റസ്കല്‍ നിക്കഫിനു് കുററസമ്മതം നടത്തിയേതീരു. അയാള്‍ സ്നേഹിക്കുന്ന സൊന്യയുടെ മുന്‍പില്‍ ചെന്നു് നമസ്കരിച്ചു. ആ കൃത്യം കണ്ടു് അവള്‍ അമ്പരന്നു. സൊന്യ അയാളെ പിടിച്ചെഴുന്നേല്പിച്ചു. അപ്പോള്‍ റസ്കല്‍ നിക്കഫ് പറഞ്ഞു: “ഞാന്‍ നിന്റെ മുന്‍പില്‍ നമസ്കരിച്ചപ്പോള്‍ വേദനിക്കുന്ന മനുഷ്യരാശിയുടെ മുന്‍പിലായിരുന്നു നമസ്കരിച്ചതു്” വാക്കുകള്‍ ‘സാഗര തരംഗങ്ങ’ളായി മാറുകയാണിവിടെ. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ടെലിവിഷന്‍ സെററില്‍ ഒരു ‘മാര്‍ച്ച് പാസ്ററ്’ കാണുന്നുണ്ട്. സൈനികോദ്യോഗസ്ഥന്‍ സല്യൂട്ട് സ്വീകരിക്കാന്‍ നില്‍ക്കുന്നു. മാര്‍ച്ച് ചെയ്തുവരുന്ന പട്ടാളക്കാരുടെ മുന്‍പില്‍ നടക്കുന്ന ഉദ്യോഗസ്ഥന്‍ തലതിരിച്ച് കൊടി താഴ്ത്തി നടന്നുപോകുന്നു. ദസ്‌തെയെവ്സ്കി അമ്മട്ടില്‍ സൈനികോദ്യോഗസ്ഥനായിനില്‍ക്കുകയാണ്. ടോള്‍സ്‌റ്റോയി ഒഴിച്ചുള്ള സാഹിത്യകാരന്മാരെല്ലാം അദ്ദേഹത്തെ വന്ദിച്ചു പതാക താഴ്ത്തിയിട്ട് മുന്നോട്ടുപോകുന്നു.

സാഫല്യത്തിലെത്തിയ മഹാവ്യക്തികളുടെ ചിന്തകളും അനുഭവങ്ങളും വികാരങ്ങളുമാണ് അവരുടെ സൃഷ്ടികളിലുള്ളതു്. അവയിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും അതേ ചിന്തകളും അനുഭവങ്ങളും വികാരങ്ങളുമുണ്ടാകുന്നു. അപ്പോള്‍ നമ്മള്‍ ഉയരുന്നു. സി. രാജഗോപാലാചാരി പറഞ്ഞു. ഇന്ത്യയില്‍ മഹാത്മാഗാന്ധി ചെലുത്തിയ സ്വീധീനശക്തിയെക്കാള്‍ വലിയ സ്വാധീനശക്തി യുധിഷ്ഠിരന്‍ ചെലുത്തിയെന്നു്. അതു് ശരിയാണെ് അല്പജ്ഞനായ ഞാനെന്തിനു പറയണം? യുധിഷ്ഠിരന്റെ തേരു് ഭൂമിയെ സ്പര്‍ശിക്കാതെയാണ് സഞ്ചരിച്ചിരുന്നതു്? അങ്ങനെയിരിക്കെ അദ്ദേഹം ഒരു അസത്യം പറയാന്‍ നിര്‍ബന്ധിതനായി. അതിനുശേഷം തേരിന്റെ ചക്രങ്ങള്‍ ഭൂമിയെ സ്പര്‍ശിച്ചാണ് ഉരുണ്ടു തുടങ്ങിയതു്. യുധിഷ്ഠിരന്റെ ജിവിതവും അസത്യ പ്രസ്താവവും നമുക്കു് സന്ദേശം നല്കുന്നു. ഉത്കൃഷ്ടങ്ങളായ സാഹിത്യ കൃതികള്‍ ഭൂമിയെ തൊടാതെ പ്രയാണം ചെയ്യുന്ന തേരുകളാണ്. സത്യത്തന്റെ തേരുകള്‍. അവയില്‍ കയറി സഞ്ചരിക്കു. ധനാര്‍ജ്ജനവും അധികാരപ്രയോഗവും ക്ഷുദ്രങ്ങളാണെന്നു് ബോധ്യപ്പെടും.