close
Sayahna Sayahna
Search

ഭാവിലോകത്തിന്റെ രൂപരേഖ


ഡി.പങ്കജാക്ഷന്‍

ഭാവിലോകം
DPankajakshan1.jpg
ഗ്രന്ഥകർത്താവ് ഡി.പങ്കജാക്ഷന്‍
മൂലകൃതി ഭാവിലോകം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം രാഷ്ട്രമീമാംസ
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 60

ഭാവിലോകത്തിന്റെ രൂപരേഖ

ഭാവിലോകത്തിന്റെ മുഖമുദ്ര ആദ്യമേ വ്യക്തമാക്കട്ടെ. അന്ന് ശൈശവകാലം മുതൽ നമ്മുടെ വർഗ്ഗം ശിശുക്കളെ രൂപപ്പെടുത്തുന്നതു; പാരസ്പര്യജീവിതത്തിന്റെ മൂശയിലായിരിക്കും. ഓരോരുത്തരും ഏതെങ്കിലുമൊരു നാട്ടിൽ ഒരു കുടുംബത്തിൽ വന്നു പിറക്കുന്നു. ആ കുടുംബവും ആ നാടും നമുക്കു തരുന്ന പരിചരണം നമ്മുടെ മനസ്സിനെവിശാല ലോകത്തിലേക്കു് പറന്നുയരാന്‍ സഹായിക്കുന്നതായിരിക്കും. ​എത്ര നല്ല കൂടായാലും തളളപക്ഷി തന്റെ കുരുന്നു കുഞ്ഞുങ്ങളെ അതില്‍തന്നെ വളര്‍ത്താനിഷ്ടപ്പെടാറില്ല. അനന്തവിഹായസ്സിലേക്കു് പറന്നു തന്നെക്കാള്‍ ഉയരത്തില്‍ പോകാന്‍ അവരെ പ്രാപ്തരാക്കുന്നതിലാണ് തളളപ്പക്ഷിക്കാനന്ദം. ഭൂമിയിലുള്ള സകല കുടുംബങ്ങളും അതതുനാട്ടുകാരുടെ സഹകരണത്തോടുകൂടി തങ്ങളുടെ ശിശുക്കളെയും, തങ്ങളെയും വിശ്വപൌരന്മാരാക്കി ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും എന്നതാണ് ഭാവി ലോകത്തിന്റെ മുഖ്യമുഖമുദ്ര. അതിനുള്ള മനസ്സും കഴിവും നമമുടെ ജനങ്ങള്‍ക്ക് എങ്ങനെ കൈവരുത്താമെന്നത് മറ്റൊരു പ്രശ്നമാണ്. നമുക്കിപ്പോള്‍ ഭാവിലോകത്തിന്റെ രൂപഭാവങ്ങളിലേക്കുതന്നെ ശ്രദ്ധയൂന്നാം.

അന്ന് ഒരു ശിശു കൌമാരപ്രായത്തിലെത്തുമ്പോള്‍ താന്‍ വെറുമൊരു വീട്ടുകാരന്‍ മാത്രമല്ല; നാട്ടുകാരന്‍ കൂടിയാണെന്ന് നന്നായി തിരിച്ചറിയും. നാട്ടിലെ ഏതൊരു വ്യക്തിക്കും തന്റെ മേല്‍ സ്വാധീനതയുണ്ട് എന്ന ബോധം അവനുണ്ടാകം. ഏതു വീട്ടില്‍ നിന്നും അവനു ഭക്ഷണം കഴിക്കാം. നാടിന്റെ ഏതു കോണിലും കൂട്ടൂകാരുമായി കളിക്കാം. നാട്ടില്‍ ഒരാള്‍ ഒരു വീടു പണിയുന്നു എന്നറിഞ്ഞാല്‍ അവിടെയെത്തി ഇഷ്ടിക പെറുക്കി കൊടുക്കുകയോ, മണ്ണു ചുമന്നു കൊടുക്കുകയോ, അവിടെ ആവശ്യമുള്ള ഏതു ജോലിയും അവന്‍ സന്തോഷമായി ചെയ്തിരിക്കും. അന്നത്തെ ലോകത്ത് ബാലവേല നിഷിദ്ധമല്ല; ആനന്ദമാണ്. ഭക്ഷണത്തിന് വേണ്ടിയോ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, ഭയന്നോ അല്ല അവര്‍ പണിയെടുക്കുന്നത്. സ്വന്തം വീട്ടിലെ ഒരാവശ്യം എന്ന നിലയ്ക്കാണ്.

കൂട്ടത്തില്‍ കുട്ടികള്‍ കല്പണിയും പഠിക്കും. എങ്ങനെയാണ് ചാന്തുണ്ടേക്കേണ്ടത്? കുഴയ്ക്കേണ്ടത്? എന്നെല്ലാം പണിക്കാര്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും. എത്ര ചരലിന് എത്ര സിമന്റ് ചേര്‍ക്കണം? ഒരു മീററര്‍ ഭിത്തിക്ക് എത്ര ഇഷ്ടിക വേണം? ആണിക്കെട്ടും സാദാ കെട്ടും തമ്മിലുളള വ്യത്യാസമെന്ത്? എന്നിങ്ങനെ പോകും പഠനം. ഭിത്തി കെട്ടുന്നതിന്റെ പുതിയ സമ്പ്രദായങ്ങള്‍ പ്രയോഗിക്കുന്ന വീടുകളിലോ സ്ഥാപനങ്ങളിലോ ചെന്ന് അതും പഠിക്കാം. ചുരുക്കത്തില്‍ ഓരോ വീടു പണിയും അന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനംകൂടിയാകും.

ഒരു വീട്ടില്‍ ഒരാള്‍ രോഗാതുരനായി കിടന്നാല്‍ നാട്ടുകാരും കുട്ടികളും അവിടെച്ചെന്നു കാണും. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ നനച്ചുകൊടുക്കുക, വിരിപ്പു വൃത്തിയാക്കുക, ദേഹം തുടയ്ക്കുക, മല–മൂത്ര വിസര്‍ജ്ജനത്തിനുള്ള പാത്രങ്ങള്‍ ശുചിയാക്കി വയ്ക്കുക, മുറിയാകെ കഴുകിത്തുടയ്ക്കുക, രോഗിക്കു ഹിതമാണെങ്കില്‍ അവിടെയിരുന്ന് കീര്‍ത്തനം ചൊല്ലുക — ഇങ്ങനെ എത്രയോ കാര്യങ്ങള്‍ കുട്ടികള്‍ക്കും മററുള്ളവര്‍ക്കും ചെയ്യാം. രോഗം, വര്‍ദ്ധ്യക്യം — രണ്ടും പഠനോപാധികളായിത്തീരും.

ഒരാള്‍ തന്റെ പറമ്പില്‍ ചേന നടുന്നു. നാട്ടകാരില്‍ സൌകര്യപ്പെടുന്നവര്‍ — ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം — അവിടെ ചെല്ലുന്നു. കുഴിയുടെ ആഴം, വിസ്താരം, അതില്‍ നിറയ്ക്കേണ്ട ജൈവവസ്തുക്കള്‍ ഒക്കെ അവര്‍ നോക്കിക്കണ്ടും ചെയ്തും മനസ്സിലാക്കുന്നു. ഒരൊത്ത ചേന എത്ര വിത്തു ചേനയാക്കി മുറിക്കാം; എങ്ങനെ മുറിക്കണം? എന്നെല്ലാം തന്റെ കുട്ടികള്‍ക്ക്

കര്‍ഷകന്‍ പറഞ്ഞു കൊടുക്കുന്നു. സകല പറമ്പുകളിലും ചേന, ചീനി, പാവല്‍, പടവലം, വെണ്ട, ചീര, വെളളരി, ഇഞ്ചി, മത്ത പച്ചമുളക്, കാച്ചില്‍, കൂര്‍ക്ക, തുടങ്ങിയവ യഥോചിതം എല്ലാവരും ചേര്‍ന്ന് കൃഷിയിറക്കുന്നു. ആര്‍ക്കും സ്വകാര്യ ഭൂമിയില്ല. സ്വന്തം വീട്ടില്‍ എന്ന മനോഭാവം അന്ന് ഭൂമിയാകെ വ്യാപിച്ചിരിക്കും എന്നതുകൊണ്ട് ഈ വക ജോലികളൊന്നും ആര്‍ക്കും ഭാരമായി തോന്നുകയില്ല.

തെങ്ങ്, നെല്ലി, മാവ്, പ്ലാവ്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങള്‍ പല പറമ്പുകളിലും കാണും. നാട് കൂടിയാലോചിച്ച് ഇടയ്ക്ക് ശൂന്യസ്ഥലങ്ങളും ചെറിയ നിബിഡ വനങ്ങളും നിലനിര്‍ത്തും. കൃഷിസ്ഥലം, കളിസ്ഥലം, കാവുകള്‍, കിണറുകള്‍, നടപ്പാതകള്‍… ഇവ എല്ലാ ഗ്രാമങ്ങള്‍ക്കും ഉണ്ടായിരിക്കും. ആരാധനാലയങ്ങളും കാണും. ഇതെല്ലാം നാട്ടുക്കൂട്ടങ്ങള്‍ കൂടിയാലോചിച്ചു സംവിധാനം ചെയ്യുന്നവയായിരിക്കും. ഓരോ ആരാധനാലയവും ആ ഗ്രാമത്തിലെ ജനതയ്ക്ക് ഒന്നിച്ചുകൂടാനുള്ള വേദികൂടിയായിരിക്കും. ഹിന്ദു–മുസ്ലീം–ക്രിസ്ത്യന്‍ തുടങ്ങിയ വിവിധ ആരാധകര്‍ക്ക് എവിടെ കൂടുന്നതിനും തടസ്സമുണ്ടാവില്ല. ഒരാള്‍ക്ക് എല്ലായിടത്തും കൂടാം. ഒരിടത്തും പോകാതിരിക്കുകയും ചെയ്യാം. ഒരു വിലക്കും ഉണ്ടാകില്ല. ഗ്രാമത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് എല്ലാം അവരുടേതാണെന്ന തോന്നലുണ്ടാകും.

ഇത്തരം ഒരു ഗ്രാമത്തില്‍ അനാഥരോ ദരിദ്രരോ ഉണ്ടാകുമോ?

ഇത്തരത്തില്‍ ലോകമാകെ പുതിയ ജൈവ സമൂഹങ്ങള്‍ രൂപപ്പെട്ടാലും ഒരു ഗ്രാമത്തിനു വേണ്ടതെല്ലാം അവിടെ ഉണ്ടായെന്നു വരില്ല. കരിമ്പുണ്ടാകാത്ത ഒരു പ്രദേശത്തെ നാട്ടുകാര്‍ക്ക് ശര്‍ക്കര വേണ്ടെന്നുവയ്ക്കാനാവില്ലല്ലോ? ഒരിടത്തും വ്യാപാരശാലകളും ഉണ്ടാവില്ല.

നിത്യജീവിത കാര്യങ്ങള്‍ എങ്ങിനെ നടക്കും?

എല്ലായിടത്തും നാട്ടിലില്ലാത്തവ ശേഖരിച്ചു സൂക്ഷിക്കുവാന്‍ വിതരണകേന്ദ്രങ്ങള്‍ ഉണ്ടാകും. വീടുകള്‍ സ്റ്റോറുകള്‍ കൂടിയായിരിക്കും. ഭക്ഷണത്തിനുവേണ്ടി ധാന്യം, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണകള്‍, വസ്ത്രങ്ങള്‍ തുടങ്ങി ആവശ്യം ആവശ്യമായ സാധനങ്ങള്‍ ഓരോ വീട്ടിലും ഉണ്ടായിരിക്കും.

നാണയം ഇല്ലാത്ത ലോകത്ത് ഇതെങ്ങനെ സാധിക്കും?

ഉല്പാദനം, വിതരണം – ഇവ രണ്ടും നാണയത്തിന്റെ കഴിവല്ല. മനുഷ്യമനസ്സിന്റെ അന്യോന്യതാ ബോധത്തില്‍ നിന്നാണ് ഉല്പാദനവും വിതരണവും നടക്കേണ്ടത്. ആ പുതിയ ലോകത്ത് ഓരോരുത്തരും തങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ വേണ്ടത് വിളയിക്കുന്നത് ലോകത്തിനാകെ വേണ്ടിയിയിരിക്കും. തിരുവല്ലായില്‍ കരിമ്പുണ്ടായില്‍ അമ്പലപ്പുഴക്കാര്‍ക്കും അനുഭവിക്കാം. വയലാര്‍ എഴുതിയ പോലെ : “കാശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം കന്യാകുമാരി നുകരുന്നു.” ഒന്നാംതരം ശുദ്ധമായ ശര്‍ക്കര തിരുവല്ലായില്‍ ഉണ്ടാക്കി പാട്ടകളിലും ചാക്കുകളിലും നിറച്ച് അമ്പലപ്പുഴയിലെ ഗ്രാമീണ സ്റ്റോറുകളില്‍ അവരെത്തിക്കും. അതിന് വിലയോ പകരത്തിനു പകരമോ വേണ്ട.

ഒറ്റ വീട്ടുകാര്‍ എന്ന ബോധം മാത്രം മതി. ശര്‍ക്കര കൊണ്ടുവരുന്ന ലോറികളില്‍ അരി, അവല്‍ ശുദ്ധമായ വെളിച്ചെണ്ണ, മത്സ്യം തുടങ്ങി ഇവിടെയുള്ളവ കയററി അങ്ങോട്ടു പോകും. പോകുന്ന വഴിക്കും ഗ്രാമീണ സ്റ്റോറുകളില്‍ ഉള്ളതുപോലെ കൊടുക്കാം.

വണ്ടിയോടാന്‍ പെട്രോളോ, ഡീസലോ, ഗ്യാസോ വേണം; ഡ്രൈവര്‍ വേണം; വൈദഗ്ദ്ധ്യം വേണം. ഇതിനൊക്കെ പണം വേണ്ടേ എന്നു തോന്നാം. ഞാന്‍ വിഭാവനം ചെയ്യുന്ന നവലോകത്തില്‍ ഭൂമി കുഴിച്ച് പെട്രോള്‍ വലിച്ചെടുക്കേണ്ട ആവശ്യമേ വരില്ല. വന്നാലും അതിന് വില വേണ്ടിവരില്ല. പ്രപഞ്ചത്തിലെ ഓരോന്നിലും എത്രയോ സമൃദ്ധമായി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. ഞാന്‍ സൌരോര്‍ജ്ജത്തെപ്പററിമാത്രമല്ല പറയുന്നത്. ‘പ്രപഞ്ചോര്‍ജ്ജം’ എന്ന പദമാണ് എനിക്കിഷ്ടം. ഈ പ്രപഞ്ചത്തിലെ ഊര്‍ജ്ജ സാഗരത്തില്‍ നിന്ന് ഒരു തുളളി കൊണ്ട് എത്രയോ കാലം നമുക്ക് ജീവിക്കാം. അവിടെ ശബ്ദമോ പുകയോ ഇല്ല. കാററ്, വെളളം, അന്തരീക്ഷം, മിന്നല്‍, മണ്ണ് തുടങ്ങി എന്തില്‍നിന്നുവേണമെങ്കിലും നമുക്ക് വേണ്ട ഊര്‍ജ്ജം സംഭരിച്ചെടുക്കാന്‍ പ്രയാസംവരില്ല. ഭൂമിയില്‍ റോഡുകളുടെയാവശ്യം കുറഞ്ഞുവരും. യാത്ര കൂടുതലും ആകാശമാര്‍ഗ്ഗമായിരിക്കും ‘സൈക്കിള്‍പ്ലെയിന്‍’ ബഹുജന വാഹനമാകും. ഏതു ഭാരവും ഉയര്‍ത്തിക്കൊണ്ട് പോകാനുള്ള വാഹനസൌകര്യം നമുക്കുണ്ടാവും. ജപ്പാനില്‍ അടുത്ത ഏതാനും മണിക്കൂറുകൾക്കകം ഒരു വന്‍ ഭൂകമ്പം ഉണ്ടാകും എന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയാല്‍ ഒരു നിമിഷം കൊണ്ട് അത് ലോകമൊട്ടാകെ

അറിയും. ആയിരം – പതിനായിരം പേരെ വേണ്ടിവന്നാല്‍ അവരുടെ വീടോടുകൂടി ചൈനയിലേക്കോ സ്വസ്ഥമായ ഏതെങ്കിലും ഇടങ്ങളിലേക്കോ ഉടനേ മാററാം. ഭൂമിയിലേതു വീട്ടിലും അവര്‍ക്ക് താമസിക്കാം. ഒററ വീട്ടുകാര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍, വേണ്ടപ്പെട്ടവര്‍ ഈ ബോധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ശാസ്ത്രവും ഊര്‍ജ്ജവും ആദ്ധ്യാത്മികതയും ഭൌതികതയും ആനന്ദമായി വരൂ. ഇതാണ് പരസ്പരാനന്ദജീവിതം. ഈ ജീവിത ശൈലിയാണ് ഭൂമിയില്‍ മനുഷ്യന് ആവശ്യം. അതിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഈ ചെറിയ ചിന്താശകലം പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്.

ഒരു ദിവസം ഞങ്ങള്‍ കുറച്ചുപേര്‍ ഒരിടത്തുകൂടി ഈ പുതിയലോകത്തെപ്പററി ചര്‍ച്ച ചെയ്യുകയായിരുന്നു. കൂട്ടത്തില്‍ ഒരു പയ്യന്‍ പെട്ടെന്നൊരു ചോദ്യം ചോദിച്ചു.

വെട്ടുകത്തി, കോടാലി, തൂമ്പാ തുടങ്ങിയ ഗാര്‍ഹികോപകരണങ്ങല്‍ പണിക്കിടെ പെട്ടെന്നു കേടായാല്‍ ആരു നന്നാക്കിത്തരും? പ്രതിഫലം കൊടുക്കാതെ ഏതെങ്കിലും കൊല്ലന്‍ ജോലി ചെയ്യുമോ?

പുതിയ ലോകമനസ്സിനെപ്പററിയുള്ള അറിവിന്റെ കുറവുകൊണ്ടാണ് അവനങ്ങനെ ചോദിച്ചതെന്നു സദസ്സിന് തോന്നി. എങ്കിലും സദസ്സ് ആവഴി തിരിഞ്ഞു. പുതിയ ഗ്രാമ സംവിധാനത്തില്‍ കൊല്ലനുണ്ടായിരിക്കില്ല എന്ന പറഞ്ഞപ്പോള്‍ അവന്‍ അന്ധാളിച്ചുപോയി. ഞങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവനത് ബോദ്ധ്യമാവുകയും ചെയ്തു. ആശാരിപ്പണി, കല്പണി, മരംകയററം പാചകകല, വസ്ത്രം നെയ്ത്ത്, കൊല്ലപ്പണി, വാഹനമോടിക്കല്‍, വാഹനം നിര്‍മ്മിക്കല്‍ തുടങ്ങിയ ഒത്തിരിയൊത്തിരി ജോലികള്‍ താല്പര്യമുള്ള ആര്‍ക്കും പരിശീലിക്കാന്‍ വേണ്ട സൌകര്യം ഭൂമിയൊട്ടാകെ ഉണ്ടാകും. ഗ്രാമത്തിലെ ചെറുപ്പക്കാര്‍ തെങ്ങുകയററം പഠിച്ചിരിക്കും. ഒരന്‍പതു പേര്‍ തെങ്ങുകയറ്റം വശമാക്കിയിട്ടുള്ള ഒരു ഗ്രാമത്തില്‍ പ്രത്യേകിച്ച് തെങ്ങുകയററത്തൊഴിലാളി ആവശ്യമായി വരുമോ? നാടാകെ വിവിധ തൊഴിലാളികളുടെ പരിശീലന വേദികളായി മാറുന്നതിനെപ്പററി അനിയന്‍ ആലോചിച്ചുനോക്കൂ. പുന്നപ്ര കടല്‍ത്തീരത്ത് മീന്‍വല കെട്ടാന്‍,ചമ്പക്കുളത്തുനിന്നും പത്തു യുവാക്കള്‍ വന്നാല്‍, പുന്നപ്രക്കാര്‍ അവരെ കൂടെയിരുത്തി വലകെട്ടാന്‍ പഠിപ്പിക്കില്ലേ? പുന്നപ്രക്കാര്‍ തൊട്ടടുത്ത കടലില്‍ നിന്ന് വലയിട്ട് മീന്‍ പിടിക്കുന്നത് ചമ്പക്കുളത്തുകാര്‍ക്കു വേണ്ടിക്കൂടിയാണ്. ഈ മാനുഷിക വീക്ഷണം നമ്മുടെ കുടുംബാംഗങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമോ എന്നതാണ് പ്രശ്നം. സാധിച്ചാല്‍ ഇന്നത്തെ സങ്കീര്‍ണ്ണ ലോകപ്രശ്നങ്ങള്‍ക്കെല്ലാം ഒരുവിധം അയവുകിട്ടും. സകല ചലനങ്ങളിലും ഈ വീക്ഷണം കടന്നുവരണം. അതിനുതക്കവണ്ണം നമ്മുടെ പെരുമാററങ്ങളെ മാററിയെടുക്കാന്‍ എങ്ങനെ കഴിയും? എനിക്കറിഞ്ഞുകൂടാ. ഇതുവരെ സാധിച്ചിട്ടില്ലെന്നറിയാം. എന്നാല്‍ ഈ വഴി, ധാരാളം പേര്‍ നടന്ന ചുവടുകള്‍ മായാതെ കിടപ്പുണ്ട്. നമുക്കും, പിച്ചവയ്ക്കുന്ന നമമുടെ പാദങ്ങളെ ആവുംപോലെ ഈ വഴിയേ മുന്നോട്ട് തന്നെ നയിക്കാം. ഇക്കാലത്ത് പതറിപ്പോകാനെളുപ്പമാണ്. ഇപ്പോഴാരും ഇതുവഴി അധികം സഞ്ചരിക്കാറുമില്ല. അവിശ്വാസത്തിന്റെയും വെറുപ്പിന്റെയും ശങ്കയുടെയും ആയുധത്തിന്റെയും മാര്‍ഗ്ഗത്തിലാണ് ലോകം ഇന്നുളളത്. നേതൃത്വം തന്നെയല്ല, ബഹുജനങ്ങളും കൈയൂക്ക് കാണിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നെ ഒരാള്‍ തല്ലാന്‍ വന്നാല്‍ ഓടിമാറി നമ്മുടെ ലോകകുടുംബത്തില്‍ ഒരു കലഹത്തിനിട വരുത്താതിരിക്കണം എന്ന വിവേകം നമുക്കാരും പറഞ്ഞുതരുന്നതല്ല. കായബലം കാണിക്കലാണ് — കുടുംബം നശിച്ചാലും — വേണ്ടത് എന്ന ധാരണ ആഴത്തില്‍ പരിഞ്ഞുപോയി. ഇതിനുപകരം എന്റെ കുടുംബത്തിന്റെ ശാന്തിക്കുവേണ്ടി എത്ര താഴേണ്ടിവന്നാലും ഭീരുവിന്റെ വേഷം കെട്ടേണ്ടിവന്നാലും അതാണ് വേണ്ടത് — എന്ന ബോധം സമൂഹത്തിലെങ്ങനെ വളര്‍ത്തിയെടുക്കും?

ഞങ്ങള്‍ ഈയിടെ ദര്‍ശനത്തിന്റെ സമീപനത്തെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു ലിസ്ററ് ചിന്തിച്ചെടുത്തു. ദര്‍ശനം വായിച്ച് മനുഷ്യത്വത്തിലേക്ക് അവനവനെ രൂപപ്പെടുത്തുന്ന ആരെങ്കിലുമുണ്ടോ? ഇരുപത്തിമൂന്നുപേരുടെ പേരുകള്‍ ഞങ്ങള്‍ കണ്ടെത്തി. വായന പ്രയോജനം ചെയ്യും എന്നു തങ്ങള്‍ മനസ്സിലാക്കി. കത്തുകളും ഫോണുകളും സംവാദങ്ങളും പെരുമാററങ്ങളും ഭാവങ്ങളും ഒക്കെ വച്ചുകൊണ്ടാണ് ഞങ്ങളീ ഇരുപത്തിമൂന്നുപേരെ കണ്ടെത്തിയത്. ഭാവിലോകത്തെപ്പററി കൂടുതല്‍ വ്യക്തികള്‍ ഈ വഴി മുന്നോട്ടു വന്നേക്കാം എന്നു ഞങ്ങള്‍ ഓര്‍ത്തു. അതിനു സഹായിച്ചേക്കാം എന്ന നിഗമനത്തിലാണ് ‘ഭാവിലോകം’ എന്ന ഈ ചെറുപുസ്തകം എഴുതി പ്രചരിപ്പിക്കാം എന്നു ഞങ്ങള്‍ നിശ്ചയിച്ചത്.

ഓരോരുത്തരും സ്വതന്ത്രമായി ചിന്തിക്കണം. നാം എവിടെയാണു ജനിച്ചത്? ഭൂമിയിലോ കേരളത്തിലോ? വീട്ടിലോ നാട്ടിലോ? ഭൂമിയിലാണ് എന്നതല്ല സത്യം? ഭാഷയുടെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഒക്കെ തടവില്‍പ്പെട്ട് കേരളീയരെന്നും യഹൂദരെന്നും നീഗ്രോകളെന്നും തെററിദ്ധരിച്ച് സത്യത്തില്‍ നിന്ന് അകലാന്‍ തുടങ്ങിയതല്ലേ നമുക്കു പററിയ അമളി?‍ ഭൂമിയിലെ പ്രദേശങ്ങള്‍ക്ക് പ്രത്യേകം പേരിടേണ്ടിവന്നത് — സംസാരത്തില്‍ വ്യക്തത വരുത്താനാണ്. ഒരാള്‍ക്കൂട്ടത്തില്‍ നിന്ന് എന്റെ സുഹൃത്ത് ഹംസയെ എനിക്കു വിളിക്കണം. അതിനാണ് ‘ഹംസ’ എന്ന പേര്. ‘ഹംസ’ എന്ന പേര് മനുഷ്യത്വത്തില്‍ ഒരു പോറല്‍പോലുമേല്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. അത് ബന്ധത്തെ ദൃഢീകരിക്കാനുള്ളതാണ്. ‘കേരളം’ എന്ന പേരു കളയണ്ടാ. ഞാന്‍ കേരളീയനായിരിക്കുന്നത് ഭൂമിക്കാരനാകാനാണ്; ഏകലോക സംവിധാനത്തിലേക്കുള്ള യാത്രയെ സുഗമമാക്കാനാണ് എന്നു കരുതിയാല്‍ മതി. ഈയിടെ, ഞാന്‍ ഗോപാലകൃഷ്ണനോട് പറഞ്ഞു: “ഗോപാലകൃഷ്ണാ, നാം വ്യത്യസ്ഥ ജാതികളില്‍ പെട്ടവരാണ്. ജാതിവ്യത്യാസം പെട്ടെന്നു നമ്മുടെ മനസ്സില്‍നിന്നു മാറുകയില്ല. ഭൂമിയൊട്ടുക്ക് മനുഷ്യനിങ്ങനെ തുണ്ടുകളായി മുറിക്കപ്പെട്ടുപായി. നിനക്കു വല്ല പോംവഴിയും തോന്നുന്നുണ്ടോ?” ഗോപാലകൃഷ്ണനൊന്നും മിണ്ടില്ല. അദ്ദേഹം ആ വഴി ചിന്തിച്ചിരിക്കില്ല. ഞാന്‍ പറഞ്ഞു: “എനിക്കൊരു വഴി തോന്നുന്നുണ്ട്. നിന്നെ എന്റെ ഗോപാലകൃഷ്ണന്‍ എന്നു കാണാന്‍ ഞാന്‍ എന്റെ മനസ്സിനെ പരിശീലിപ്പിക്കണം. എന്റെ സാര്‍ എന്നു കാണാന്‍ നീയും പരിശീലിക്കണം. അപ്പോള്‍ സാവധാനം എന്റെ എന്നതിനു” ബലം വരികയും വിഭാഗീയ സങ്കല്പങ്ങൾ ദുര്‍ബലങ്ങളാകുകയും ചെയ്തുകൊളളും.”

ലോകമാകെ തന്റേത്; ‍ഞാന്‍ ലോകത്തിന്റേയും എന്ന ഈ സമീപന ശൈലി സാവധാനം വളര്‍ത്തിയെടുത്താല്‍ ഇസ്രയേല്‍ പ്രശ്നം സമാപിച്ചുകൊളളും. ‘ഇസ്രയേ’ലെന്നും ‘പലസ്തീ’നെന്നും രണ്ടു രാഷ്ട്രങ്ങളേ ഭൂമിയില്‍ ഇല്ലാതാകും. വ്യത്യസ്ത സംസ്കാരങ്ങളും; വേഷ വിധാനങ്ങളും; ആചാരമര്യാദകളും തുടരുന്നതുകൊണ്ട് ഭൂമിക്കു ദോഷമൊന്നും വരില്ല. ആര്‍ക്കും എവിടെയും സുരക്ഷിതരായി താമസിക്കാം. വൈവിദ്ധ്യം ആനന്ദാനുഭവമായിത്തീരും. ഇതു സാധിക്കണമെങ്കില്‍ ഒരു പുതിയ ലോക മനസ്സുണ്ടാകണം. അതായത് കുടുതല്‍ വ്യക്തികള്‍ ഈ സഞ്ചാരമാര്‍ഗ്ഗത്തിലേക്ക് വരണം. അതിനു് കൂട്ടാകും എന്ന പ്രതീക്ഷയിലാണ് ദര്‍ശനം ഈ പുസ്തകം പ്രകാശിപ്പിക്കുന്നത്.

ദര്‍ശനം ഭാവനയില്‍ കാണുന്ന ആ ലോകത്ത് കൃഷിക്കാണല്ലോ മുഖ്യസ്ഥാനം. എല്ലാവരും കൃഷിക്കാരും കൂടാതെ വിവിധ തൊഴിലുകളില്‍ പരിചയമുള്ളവരും ആകണമെന്ന് ദര്‍ശനം നിര്‍ദ്ദേശിക്കുന്നു. ഇതില്‍ ഉദ്യോഗസ്ഥനമാരുടെ പങ്കെന്താണ്? അവര്‍ക്ക് ഇതെല്ലാംകൂടി ഭാരമാവില്ലേ? എന്നൊരു ചോദ്യം സദസ്സില്‍ ഒരു യുവാവ് ഉന്നയിച്ചു. അദ്ദേഹം റവന്യു ഡിപ്പാര്‍ട്ടുമന്റില്‍ ഉദ്യോഗസ്ഥനാണ്. ഞാന്‍ പറഞ്ഞു “അന്ന് ഉദ്യോഗസ്ഥവര്‍ഗ്ഗം എന്നൊരു വര്‍ഗ്ഗമേ സമൂഹത്തില്‍ കാണില്ല. ഒററയ്ക്കും കൂട്ടായും പണി എടുത്ത് സന്തോഷമായി ജീവിക്കുന്നു. അത്രതന്നെ. ശമ്പളം പറ്റുന്ന ഒരാളും ഉണ്ടാവില്ല. ഇന്നത്തെമാതിരി ഒററ വിദ്യാഭ്യാസ സ്ഥാപനവും ഭൂമിയില്‍ കാണില്ല. ലോകം വിദ്യാലയം. ജനനം മുതല്‍ മരണം വരെ ഓരോരുത്തരും വിദ്യാര്‍ത്ഥികളും ആദ്ധ്യാപകരും. ആര്‍ക്കും ഒന്നിനും കൂലിയുമില്ല; വിലയുമില്ല. നാണയമില്ലല്ലോ; പിന്നെയെന്തു ശമ്പളം.