close
Sayahna Sayahna
Search

സംശയങ്ങള്‍


ഡി.പങ്കജാക്ഷന്‍

ഭാവിലോകം
DPankajakshan1.jpg
ഗ്രന്ഥകർത്താവ് ഡി.പങ്കജാക്ഷന്‍
മൂലകൃതി ഭാവിലോകം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം രാഷ്ട്രമീമാംസ
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 60

സംശയങ്ങള്‍:

നാണയമില്ലാതെ ജീവിക്കുവാന്‍ പററുമോ? ഭരണകൂടം ഇല്ലാതായാല്‍ അക്രമങ്ങളെ ആരൊഴിവാക്കും? ദുര്‍ബലന്‍ ചവുട്ടി മെതിക്കപ്പെടുക ഇല്ലേ?

ഇമ്മാതിരി സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇതൊക്കെ സംഭവിച്ചുകൊണ്ടല്ലേ ഇരിക്കുന്നത്. ഭരണകൂട തിന്മ എന്നൊരു പദം തന്നെ ഭാഷയില്‍ പ്രചരിച്ചിരുന്നു. ഇത്തരം സംശയങ്ങള്‍ ഉന്നയിച്ച് അവയ്ക്കു മറുപടി ഉണ്ടോ എന്നറിയണം. സ്വയം തന്നെ മറുപടി തോന്നിക്കൊളളും. അങ്ങനെ സ്വയം സംവാദം നടത്തി ലക്ഷ്യം സ്ഫുടം ചെയ്തെടുക്കുമ്പോള്‍ ഭാവിലോകത്തപ്പറ്റി കൂടുതല്‍ പ്രകാശമാനമായ ഉറപ്പുകിട്ടും.

വ്യക്തമായ ധാരണ ഇല്ലാത്ത ഒരാള്‍ ചോദിക്കുന്നു ആ ലോകത്ത് സ്ത്രീധന സമ്പ്രദായം ഉണ്ടാകുമോ?

ഉടന്‍ ഉത്തരം തോന്നും. സ്വര്‍ണ്ണവും നാണയവും വിലപ്പെട്ടതായി കരുതാത്ത ഒരു സമൂഹത്തില്‍ സ്ത്രീധനം ഒരു പ്രശ്നമേ ആവില്ല. നാട്ടുകാര്‍ കൂടി സന്തോഷമായി വിവാഹം നടത്തും. വരുനും വധുവും മററുള്ളവരോടൊപ്പം പൊതു ജീവിതം നയിക്കും. ഇതല്ലാതെ ഒരാള്‍ പോലും തനിക്കിന്നതു വേണം എന്നു പറയില്ല.

മറ്റൊരാള്‍ ചോദിക്കുന്നു “അവിടെ മിശ്രവിവാഹം നടക്കുമോ?”

സഹവിവാഹമില്ലാതെ മിശ്രവിവാഹം എന്നൊരു സംഗതി സമൂഹത്തിലില്ലാതാകും. യുവതിയുവാക്കള്‍ക്ക് പരസ്പരം ഇഷ്ടമായാല്‍ എല്ലാവരും ചേര്‍ന്നതു നടത്തിക്കൊടുക്കും. വ്യത്യസ്ത മതക്കാരായാല്‍ മതം മാറേണ്ടുന്ന കാര്യമില്ല. ഏത് ആരാധനാലയത്തിലും അവര്‍ക്കൊന്നിച്ചു പോകാമല്ലോ? അവരുടെ കുട്ടികളെ ഏതു മതക്കാരായി കരുതും? ആരിത് അന്വേഷിക്കുന്നു. മതം തിരിച്ചുള്ള കണക്കെടുപ്പേ ലോകത്തിലുണ്ടാവില്ല. മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്നതിന് ഒരു മതവും എതിരു നില്‍ക്കില്ല. മനുഷ്യന്‍ പരസ്പരാനന്ദ ജീവിതത്തിലേക്കു് ഉയരുന്നതിനനുസരിച്ച് തമ്മില്‍ അകറ്റുന്ന പ്രവണതകള്‍ക്ക് നിലനില്‍ക്കാനാവില്ല. ഭരണകൂടങ്ങള്‍ അഴിഞ്ഞു മാറുമ്പോള്‍തന്നെ മതപരമായ പിരിമുറുക്കങ്ങള്‍ അയഞ്ഞുകൊളളും.

ഇങ്ങനെ സങ്കീര്‍ണ്ണങ്ങളായ നിരവധി ചോദ്യങ്ങള്‍ ഉണ്ടാവാം. ചിലതിന് മറുപടി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വരാം. ജീവിതം കൊണ്ടുവേണം യഥാര്‍ത്ഥ മറുപടി കിട്ടാന്‍. കാശിയും മെക്കയും ജറുശലേം ദേവാലയവും മനുഷ്യന് വേണ്ടിയുള്ളതാണ്; എല്ലാവര്‍ക്കും തുറന്നു കൊടുക്കും എന്നു കേട്ടാല്‍ ഇന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ ഭാവി സമൂഹത്തില്‍ അത് സംഭവിക്കും.

ആ സമൂഹത്തില്‍ പുരോഹിതന്മാരുടെ സ്ഥാനമെന്തായിരിക്കും?

നാണയം വേണ്ടെന്നായാല്‍ പുരോഹിതന്മാരെ തിരിച്ചറിയുവാനാകാതെവരും. ഇവിടെ ജനശ്രദ്ധ മറ്റൊരു വഴിക്ക് തിരിയുകയാണെന്നോര്‍ക്കണം. ഭൂമിയില്‍ ആനന്ദം, എല്ലാവര്‍ക്കും ആനന്ദം, ഒന്നിച്ച് പണി എടുക്കുന്നു. പരസ്പരം കൊടുത്തും വാങ്ങിയും കഴിക്കുന്നു. ഓരോരുത്തരുടേയും ജീവിതം മററുള്ളവര്‍ക്ക് ആനന്ദമായിത്തീരുന്നു. ഇതിനിടെയില്‍ പുരോഹിത വര്‍ഗ്ഗം, തൊഴിലാളി വര്‍ഗ്ഗം, മുതലാളി വര്‍ഗ്ഗം, ഭരണ വര്‍ഗ്ഗം, അവര്‍ണ്ണന്‍, സവര്‍ണ്ണന്‍, ഈ വക ഒന്നിനും തടസ്സം സൃഷ്ടിക്കാന്‍ സാദ്ധ്യമാവില്ല; അതിനാവശ്യം വരില്ല. ഈ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ എല്ലാം വിവിധ സംസ്കാരങ്ങളുടെ ഭാഗമായി സമൂഹത്തില്‍ നിന്നുകൊളളട്ടെ. ഒന്നും കളയേണ്ട.

ലോകമാകെയുള്ള പ്രശ്മാണ് തൊഴിലില്ലായ്മ. ഈ പുതിയ സമൂഹത്തില്‍ തൊഴിലില്ലായ്മ പരിഹൃതമാകുമോ?

തീര്‍ച്ചയായും. ഭൂമിയില്‍ ഒരാള്‍പോലും തൊഴിലു തേടി അലയേണ്ടിവരില്ല. ഓരോ പ്രദേശത്തും ഇഷ്ടംപോലെ തൊഴിലുകള്‍ സദാ ഉണ്ടാവും. ഒന്നാമത്തേത് മണ്ണില്‍ പണി. കൃഷിയിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങൾ, വളര്‍ത്തു ജന്തുക്കള്‍, ഇവയുടെ എല്ലാം ഉല്പാദനം, ജലസേചനം, വളംചേര്‍ക്കല്‍, വിളവെടുപ്പ്, വിതരണം, ശുശ്രൂഷ, പോരേ? കുഞ്ഞുകുട്ടികളടക്കം എല്ലാവര്‍ക്കും ജോലി ആയില്ലേ. വെട്ടം വീഴുമ്പോള്‍ കുട്ടികള്‍ പുഴുവിനെ നോക്കാന്‍ തൊടിതോറും എത്തിയിരിക്കും. വേണ്ടയിലെ ഓലചുരുട്ടിപ്പുഴുവിനെമാറ്റി അതിന്റെ പൂവ് ക്ണ്ട് രസിച്ച് കുരുന്ന് വെണ്ടയ്ക്ക പറിച്ചുതിന്ന് എത്ര ഉത്സാഹമാകും പ്രഭാതം. ഏതു പറമ്പിലും ചെന്ന് ആവുന്ന പണി എടുക്കാമല്ലോ. കൃഷി ഇത്ര വ്യാപകമായാല്‍ ഇതിനൊക്കെ വേണ്ട വളത്തിന് എന്താണ് മാര്‍ഗ്ഗം? വളം പ്രശ്നമാകുകയേയില്ല. മനുഷ്യ മലവും മൂത്രവും ഒന്നാംതരം വളങ്ങളാക്കി മാററാനുള്ള ക്രമീകരണം എല്ലാ വീട്ടിലും ഉണ്ടാകും. ഭൂമിക്കടിയില്‍ ടാങ്കില്‍ വൃഥാ കുഴിച്ചുമൂടന്ന ബുദ്ധിശൂന്യത ഒരിടത്തും ഉണ്ടാവില്ല. പശു, ആട്, കോഴി തുടങ്ങിയ മററു ജന്തുക്കളുടെ വിസര്‍ജ്ജ്യവസ്തുക്കളും വൃക്ഷലതാദികള്‍ക്കും വളമാകും. വൃക്ഷലതാദികളുടെ ഇലയും പൂവും തടിയും മററും ഉണങ്ങി കൊഴിഞ്ഞു വീഴുന്നത് ആരും കത്തിച്ചു കളയുകയില്ല. അതാക്കെ വളമായും പുതയായും തിരിച്ചു ഭൂമിക്കു കൊടുത്തുകൊണ്ടേ ഇരിക്കും. ദിവസേന അടുക്കളയില്‍ നിന്നും കുപ്പയിലേക്കു തള്ളുന്ന അവശിഷ്ടങ്ങള്‍ ജന്തുക്കള്‍ക്കും ‌ചെടികള്‍ക്കും ആഹാരമാകാന്‍ വീട്ടികാര്‍ ശ്രദ്ധിക്കും. ജലസസ്യങ്ങളും വളമാകും. മരിച്ചുവീഴുന്ന ജന്തുക്കളുടെ ഉടല്‍ കുഴിച്ചുമൂടി വളമാക്കും. ഇതിലെല്ലാം ഇന്നുകണ്ടെത്താത്ത ആധുനിക രീതികള്‍ കടന്നുവരും.

മനുഷ്യ മലം പെട്ടന്ന് ഉണങ്ങി വരണ്ടു പോകത്തക്കവണ്ണമാകും പുതിയ കക്കൂസുകള്‍. പിന്നെ കൃമി വരുന്ന പ്രശ്നമില്ല. ജീവിച്ചു നോക്കുമ്പോഴെ ഇതിന്റെ ആസ്വാദ്യത നമുക്കനുഭവമാകൂ. ഇന്നത്തെ ജീവിത സമ്പ്രദായങ്ങള്‍ അടിമുടി നവീകരിക്കപ്പെടും.

എല്ലാവരും കൂട്ടിക്കാലം മുതലേ പണിക്കാരായാല്‍ അവരുടെ വിദ്യാഭ്യാസം എങ്ങനെ നടക്കും?

കുറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി ഓരോ ചുലെടുത്ത് നാട്ടിലെ ഓരോ വീടുകളില്‍ പോയി മുറ്റവും പരിസരവും മുറികളുമെല്ലാം തൂത്തുവൃത്തിയാക്കുന്നു. ചെടികളെ ശുശ്രൂഷിക്കുന്നു. ഓരോ വീട്ടിലും ഉണ്ടാക്കുന്ന പലഹാരങ്ങൾ വാങ്ങി തുറസ്സായ സ്ഥലത്തിരുന്ന് വീതിച്ചു തിന്നുന്നു. ഇതില്‍ വിദ്യാഭ്യാസ മൂല്യം ഉള്‍ക്കൊണ്ടിട്ടുണ്ടോ? അവര്‍ കുളികഴിഞ്ഞ്, ആഹാരം കഴിഞ്ഞ്, സംഗീത വാസനയുള്ളവര്‍ സംഗീതാദ്ധ്യാപകന്റെ വീട്ടില്‍ ചെന്നിരുന്ന് സംഗീതം പഠിക്കുന്നു. ചിത്രകല അഭ്യസിക്കണമെന്നുളളവര്‍ ഡ്രായിംഗ് മാസ്റ്ററുടെ വീട്ടിലെത്തുന്നു. ഹിന്ദിപഠിക്കുവാന്‍, അവരവരുടെ മാതൃഭാഷ പഠിക്കുവാന്‍ ലോകത്തിലെ വിവിധ ഭാഷകള്‍ പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ അതതിനു പററിയ സ്ഥാപനത്തിലോ അദ്ധ്യാപകരുടെ ഭവനങ്ങളിലോ പോകുന്നു. വസ്ത്രം നെയ്യുന്ന സ്ഥലത്ത് എത്തുന്നവരെ നെയ്ത്ത് അദ്ധ്യാപകന്‍ അത് പഠിപ്പിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ഒരു നെയ്ത്ത് ശാല ഉണ്ടായെന്നു വരും. കുറച്ചുസ്ഥലത്ത് പരുത്തികൃഷിയും ചെയ്യാം. പഞ്ഞി എടുത്ത് കുരുമാറ്റി തിരിയാക്കി നൂലാക്കി വസ്ത്രമാക്കി അലക്കി നല്ല നല്ല പൂക്കള്‍ പ്രിന്റ് ചെയ്ത് ആവശ്യത്തിനുപയോഗിക്കരുതോ. ഇതെല്ലാമല്ലേ വിദ്യാഭ്യാസം. പുതിയ സമൂഹത്തില്‍ പരീക്ഷയും മാര്‍ക്കും ഡിഗ്രികളും, ഗ്രേഡും ഉണ്ടാവില്ല. പ്രയോഗത്തിലൂടെ പഠിക്കുകയാണ്. പഠിത്തം വിദ്യാലയത്തില്‍. പ്രയോഗം ഒരിടത്തുമില്ല എന്ന ഇന്നത്തെ നില മാറുന്നു. പഠിത്തം നിര്‍ദ്ദിഷ്ടവര്‍ഷങ്ങളിലേക്കായി ചുരുക്കുന്നില്ല. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് എത്ര വര്‍ഷം വേണമെങ്കിലും പഠിക്കാം. കൂട്ടത്തില്‍ ചികിത്സിക്കുകയും ചെയ്യാം. പുതിയ ഗവേഷണങ്ങള്‍ നടത്താം. ആരും തെറ്റിദ്ധരിക്കരുത്. മനശാസ്ത്രം, ജ്യോതിശാസ്ത്രം, ആരോഗ്യശാസ്ത്രം, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സയന്‍സിനു സ്ഥാനമുണ്ടായിരിക്കും. പ്രകൃതിയും മനുഷ്യനുമായുളള സാനന്ദമായ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഉണ്ടാവില്ല എന്നുമാത്രമേ ഉള്ളൂ.

ആട്ടെ, ശുദ്ധജലം സര്‍വ്വര്‍ക്കും ലഭ്യമാക്കുന്നതിന് എന്താവും ഒരു വഴി?

ശുദ്ധജലം സ്വഭാവികവും മലിനജലം കൃത്രിമവും ആണ്. മഴവെളളവും കിണര്‍വെളളവും കുളത്തിലെയും നദികളിലേയും വെളളവും സ്വാഭാവികമായി ശുദ്ധമാണ്. കുടിക്കാം. അത് കൃത്രിമമാക്കി തീര്‍ക്കാനാണ് പ്രയാസം. കൊക്കോകോള, പെപ്സി, സോഡാ, എല്ലാം വെളളം കൃത്രിമമാക്കി ഉണ്ടാക്കുന്നവയാണ്. ​എത്ര കഷ്ടപ്പെട്ട വിഡ്ഢിത്തമാണിത്. പണസമ്പാദനത്തിനുള്ള വ്യമോഹമാണ് ഈ വേണ്ടാവേലകള്‍ക്കു കാരണം. നാണയം വേണ്ടെന്നാകുന്നതോടുകൂടി ഈ വക സ്ഥാപനങ്ങള്‍ എല്ലാം വേണ്ടെന്നാകുന്നതോടുകൂടി ഈ വക സ്ഥാപനങ്ങൾ എല്ലാം വേണ്ടെന്നാകും. ലോകത്ത് കടലാസ്സിന്റെ ഉപയോഗം വളരെ കുറയും. മരങ്ങള്‍ക്കും നദികള്‍ക്കും മോചനം കിട്ടും. ഭൂമിയില്‍ ശുദ്ധജലത്തിന് ക്ഷാമമേ വരില്ല. ധാരാളം മഴ കിട്ടുന്നിടങ്ങളില്‍ നിന്ന് മേഘങ്ങളോട് മനുഷ്യര്‍ ആവശ്യപ്പെട്ടാല്‍ അവ എവിടെ വേണമെങ്കിലും എത്തി മഴ ചൊരിഞ്ഞുകൊടുക്കും. ഒരു ശാസ്ത്ര സംഭവമായിരിക്കും അത്. അനുകൂലമായി തോളോടു തോള്‍ ചേരാന്‍ തുടങ്ങുമ്പോള്‍ സംഭവിക്കുക എന്തെല്ലാണെന്ന് ഇപ്പോള്‍ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ശാസ്ത്രവും മനുഷ്യനും അടിമത്തത്തിലാണ്. പ്രകൃതി ജീവനത്തില്‍ രോഗ നിവാരണത്തിന് ചെലവില്ലാത്ത ഒരു മാര്‍ഗ്ഗം കണ്ടെത്തിയാല്‍ അത് ഇന്ന് വളരെപ്പേരുടെ ധനാഗമനത്തിന് തടസ്സമാകും. അതിനെ നിരുത്സാഹപ്പെടുത്തുകയോ വകവരുത്തുകയോ ചെയ്യേണ്ടത് ഒരു കൂട്ടരുടെ നിലനില്പിനാവശ്യമായിവരും. ഭാവിലോകസംവിധാനത്തില്‍ ഓരോ കണ്ടെത്തലും മൊത്തം അഭ്യുദയത്തിനാകും, എല്ലാവരും പ്രോത്സാഹിപ്പിക്കും. പരീക്ഷണ — ഗവേഷണങ്ങള്‍ ധാരാളം നടക്കും. ഓരോ ദിവസവും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായെന്നുവരും. ഞാന്‍ ഒരു ലേഖനം മനസ്സില്‍ വിചാരിച്ചാല്‍ അത് രേഖപ്പെട്ടുകൊള്ളും എന്നുവന്നാല്‍ അതൊരു സ്വകാര്യ നേട്ടമായിട്ടല്ല; മനുഷ്യകുലത്തിന്റെ നേട്ടമായിട്ടാവും അനുഭവപ്പെടുക. പ്രകൃതിയുമായും തമ്മില്‍ തമ്മിലും അടുത്തടുത്ത് വരുന്നതനുസരിച്ച് ഭൂമിയില്‍ ജീവിതം ആനന്ദമായിത്തീരും. ശുദ്ധജലമോ, ശുദ്ധവായുവോ, ശുദ്ധമായ മണ്ണോ, മനസ്സോ, കിട്ടാതെ ആര്‍ക്കും ക്ലേശിക്കേണ്ടിവരില്ല.

മദ്യപാനാസക്തി അന്ന് കുടിവരുമോ കുറഞ്ഞുവരമോ‌? മദ്യം ചെന്ന് ബോധം നശിച്ചാല്‍ ആ പുത്തന്‍ സമൂഹവും തകര്‍ച്ചയിലാവില്ലേ?

ഞാന്‍ വിഭാവനം ചെയ്യുന്ന ഭാവി സമൂഹത്തില്‍ മദ്യം ഉണ്ടാവില്ല. എന്നാല്‍ സൗഹൃദ പാനീയങ്ങള്‍ ഉണ്ടാവും. സൗഹൃദ പാനീയങ്ങള്‍ കുടിച്ച് ആനന്ദിക്കാം. ചിലപ്പോള്‍ ഓവറായാല്‍ വല്ല വികൃതിയും കാണിച്ചെന്നിരിക്കും. ചുറ്റുവട്ട സമൂഹം അതിനെ നിയന്ത്രിച്ചുകൊളളും. ഏതു വീട്ടുകാര്‍ക്കും ഏതവസരത്തിലും വീട്ടിലെ തെങ്ങോ പനയോ ചെത്തി നീരെടുത്ത് കുടിക്കാം. കരിമ്പിന്‍ നീര് മൂല്യം ഉളളതാക്കാം. കുരുമ്പക്കള്ള് പാനീയമായി അംഗീകരിക്കപ്പെടും; കരിക്കിന്‍ വെളളം പോലെ. എന്നാല്‍ ഒരു ലഹരി വസ്തുവും ഭൂമിയില്‍ പ്രചരിക്കില്ല. കാരണം ഭൂമിയാകെ മററു തരത്തില്‍ ആനന്ദം തിരതല്ലിക്കൊണ്ടിരിക്കുമ്പോള്‍ എന്തിന് പ്രശ്നമുണ്ടാകാവുന്ന നിര്‍മ്മാണം നടത്തണം. ഭൂമി ചുരത്തി നില്‍ക്കുമ്പോള്‍ കുടിക്കാന്‍ വേറെ വെളളമന്വേഷിക്കുന്നതെന്തിന്? മുന്തിരിച്ചാറോ, പൈനാപ്പിൾ ജ്യൂസോ, മാമ്പഴച്ചാറോ, കാരറ്റുനീരോ, സംഭാരമോ, കരിക്കോ, ശുദ്ധജലമോ, കരിമ്പിന്‍ നീരോ (നീര) ഏതു പ്രദേശത്തും കിട്ടും. സന്തോഷമായി കിട്ടും. തൊട്ടതെല്ലാം സ്വര്‍ണ്ണം എന്നു പറയുന്നതുപോലെ മനുഷ്യന്റെ കര്‍മ്മങ്ങള്‍ എല്ലാം പരസ്പരാനന്ദത്തിന്റെ സ്പര്‍ശമണിയില്‍ തൊട്ടുനില്‍ക്കുന്നതിനാല്‍ രോഗവും കലഹവും ദാരിദ്ര്യവും എല്ലാം ആനന്ദാനുഭഴങ്ങളാകും. ഹേ, കൂട്ടുകാരാ, നമുക്കിത്രയുമൊക്കെ പോരേ. നാം മനുഷ്യരല്ലേ. അബദ്ധം സംഭവിച്ചുകൂടായ്ക ഇല്ല. അന്ന് ആരെങ്കിലും കടുത്ത ലഹരി ഉണ്ടാക്കി കഴിച്ച് സമൂഹത്തിന്റെ താളം തെറ്റിച്ചാല്‍ അന്നത്തെ സമൂഹം വേണ്ടത് ചെയ്തുകൊളളും. പടരില്ല.

സര്‍ വിഭാവനം ചെയ്യുന്ന സമൂഹത്തില്‍ പിന്നോക്ക വര്‍ഗ്ഗക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പോംവഴി കാണുമോ?

പിന്നോക്ക വര്‍ഗ്ഗക്കാരുണ്ടായിട്ടുവേണ്ടേ പോംവഴി കാണുവാന്‍. ആദിവാസിയും കീഴ്ജാതിക്കാരും മേല്‍ജാതിക്കാരും ഇന്നുള്ളതുപോലെ അന്നും ഉണ്ടായിരിക്കുമെങ്കില്‍ നവലോകം ഉണ്ടായില്ലെന്നു കരുതണം. കാട്ടില്‍ സന്തോഷമായി കഴിയാന്‍ താല്പര്യപ്പെടുന്നവരുണ്ടാവാം. അവര്‍ അങ്ങനെ ജീവിക്കട്ടെ. നാട് അവര്‍ക്കു കൂട്ടായിരിക്കും. എവിടെത്താമസിക്കുന്നു? വസ്ത്രധാരണം എങ്ങനെ? വിദ്യാഭ്യാസമുണ്ടോ? ഇതൊന്നുംനോക്കാതെ നമ്മുടെ കൂട്ടത്തില്‍പ്പെട്ടവര്‍ എന്ന വീക്ഷണത്തില്‍ ആദിവാസികളെയും വനവാസികളെയും എല്ലവരേയും കാണാന്‍ നമുക്കു കഴിയണം. അതു സാധിച്ചാല്‍ ആദിവാസി എന്ന പ്രശ്നമേയില്ല. സ്ത്രീപീഡനം, ബാലപീഡനം, എല്ലാം തിരോഭവിക്കും. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്ത്യരും കളളന്മാരും കൊളളക്കാരും കുടുംബാംഗങ്ങള്‍ എന്ന് തിരിച്ചറിയാന്‍ കഴിയുമ്പോള്‍ കളവും കൊലയും കുറഞ്ഞുവരും.

ചിലര്‍ ചോദിക്കാറുണ്ട് ഈ പുതിയ സമൂഹത്തില്‍ നീതി–ന്യായം നടപ്പാക്കുന്നതാര്? എങ്ങനെ?

അതിന് പ്രത്യേകം ഒരു ഗ്രൂപ്പുണ്ടായിരിക്കുകയില്ല. ലോകത്തിന്റെ എല്ലാ കോണുകളിലും വിളിപ്പാട് സമൂഹങ്ങളുണ്ടായിവരും. ഒന്നു വിളിച്ചാല്‍ ഓടിക്കൂടാവുന്ന വൃത്തത്തിനകത്തുള്ള സമൂഹം. ഈ സമൂഹം എല്ലാ ദിവസവും കാര്യാവലോകനത്തിനുവേണ്ടി ഒന്നിച്ചുകൂടുക പതിവാകും. വീടുകളില്‍ മാറിമാറിക്കൂടും. അസാധാരണമായ ഒരു പ്രകാശം ഈ കൈത്തരികള്‍ ലോകമാകെ പരത്തും. അറുനൂറുകോടി മനുഷ്യര്‍ ​അറുപതു കോടി ചെറു സമൂഹങ്ങളായി കൈകോര്‍ത്ത് ഭുമിയെ ആനന്ദഗോളമാക്കും. അതോടുകൂടി രഹസ്യങ്ങള്‍ കുറഞ്ഞുവരും. എല്ലാ സമൂഹങ്ങളും പരസ്പരം തുറക്കപ്പെടും.

ഈ ഗ്രാമസമൂഹങ്ങള്‍ ഭൂമിയില്‍ മുത്തങ്ങാപ്പുല്ലുപോലെ സര്‍വ്വത്ര വേരോടി മുളച്ചുവരണം. ഗ്രാമസ്വരാജ് എന്നുപറയാവുന്ന ഈ ഗ്രാമസമൂഹങ്ങളാണ് നാട്ടിലെ കോടതിയായും; പാര്‍ലമെന്റായും; ആസൂത്രണ സമതിയായും പ്രവര്‍ത്തിക്കുക. ആവശ്യം വരുമ്പോള്‍ ഇവര്‍ തന്നെ പോലീസുകാരുമായിക്കൊള്ളും. ഒരു ഗ്രാമസഭയിലെ തീരുമാനം മതിയാകാതെ വന്നാല്‍ അയല്‍ ഗ്രാമക്കാരെക്കൂടി കൂട്ടിന് വിളിച്ച് അവരുടെ സഭയില്‍ വിഷയമവതരിപ്പിക്കാം. അവിടെ തീരുമാനമായിക്കൊളളും. ഈ ഗ്രാമസമൂഹങ്ങള്‍ ഒന്നും ഒററപ്പെട്ടതായിരിക്കില്ല. ലണ്ടനിലെ ഒരു ഗ്രാമസഭ കൂടുമ്പോള്‍, അമ്പലപ്പുഴയിലെ ഒരു ഗ്രാമീണന് അതില്‍ പങ്കെടുക്കുകയും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും ചെയ്യും. കെട്ടിക്കിടന്നു ദുഷിച്ച ഇന്നത്തെ വായുമണ്ഡലം അടിച്ചുമാറ്റി ശുദ്ധവായു അനുദിനം പ്രവഹിച്ചുവരുന്നതിന് ഈ ചെറുസമൂഹങ്ങള്‍ ഉപകരിക്കും. സര്‍ക്കാരിന്റെ ഊന്നില്‍ നിലനില്‍ക്കുന്ന ഇന്നത്തെ ഗ്രാമസഭകളല്ലിത്. ബഹജന നിയന്ത്രണത്തിലുള്ള സ്വതന്ത്ര കൂട്ടായ്മകളാണ്.

സര്‍ട്ടിഫിക്കറ്റും ഡിഗ്രിയും ഇല്ലാതെവന്നാല്‍ സമര്‍ത്ഥന്മാരെ എങ്ങനെ കണ്ടുപിടിക്കും? പൈലറ്റോ ക്യപ്റ്റനോ ആകാന്‍ മിടുക്കുള്ളൊരാളെ കണ്ടെത്തണമെങ്കില്‍ അതിനുള്ള യോഗ്യത അയാള്‍ക്കുണ്ടെന്നതിന് ഒരു തെളിവ് വേണ്ടേ?

അനുഭവമാണ് ഏറ്റവും നല്ല തെളിവ്. ഒന്നാമത് ശമ്പളത്തിനുവേണ്ടി, ക്യാപ്റ്റനോ പൈലറ്റോ ആകാന്‍ ആരും വരില്ലല്ലോ. താല്പര്യമുള്ളവരേ രംഗത്തേക്ക് വരൂ. അവരുടെ പോരായ്മകള്‍, പരിചയമുള്ളവര്‍ ക്രമേണ പരിഹരിച്ചുകൊളളും. ഇന്നുതന്നെ പല വ്യവസായികളും ഡിഗ്രി നോക്കാതെ കഴിവു നോക്കിയാണ് നിയമനങ്ങള്‍ നടത്തുന്നത്. വരുംകാലത്ത് ഒന്നില്‍ വാസനയില്ലാത്തവര്‍ക്ക് വാസനയുള്ള മറ്റൊരു വഴി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാം. ആര്‍ക്കും ഒരിടത്തും തിക്കിത്തിരക്കേണ്ടിവരില്ല. ലോകത്ത് തിരക്കൊഴിയും.

വാര്‍ത്താ വിനിമയ സമ്പ്രദായം ഇന്നത്തേക്കാളെത്രയോ പുരോഗമിക്കും. സ്വന്തം താമസ സ്ഥലത്തിരുന്ന് ലോകത്തോട് ആശയവിനിമയം ചെയ്യാന്‍ ആര്‍ക്കും കഴിയും. പരസ്പരം കാണാം; കേള്‍ക്കാം; പറയുകയും ചെയ്യാം. നാം ഇന്നു വന്നെത്തിയിരിക്കുന്നത് ശാസ്ത്രത്തിന്റെ അവസാനത്തെ വാക്കിലല്ല. നേരിയ ഒരു തുടക്കത്തിലാണ്. അതു വളര്‍ന്നുവരുമ്പോള്‍ വൈദ്യുതിയുടെ പ്രവാഹത്തിന് കമ്പിവേണ്ടിവരില്ല. സകലതിലും വൈദ്യുതിയുണ്ട്. ഒരു പാറക്കല്ലില്‍ നിന്നും നമുക്കാവശ്യത്തിനുള്ള വൈദ്യുതി എടുക്കാന്‍ കഴിയും. മാധ്യമങ്ങൾ പെതുവേ കുറഞ്ഞ ആവശ്യങ്ങള്‍ക്കു മതിയാകും. കൂടുതല്‍ ആവശ്യങ്ങളും യാതൊരു മാധ്യമത്തിന്റെയും സഹായം കൂടാതെ നേര്‍ക്കുനേരെ നടന്നുകൊളളും.

ശാസ്ത്രം എന്ന ശബ്ദം കൊണ്ട് ദര്‍ശനം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതാവശ്യമാണ് എന്നു തോന്നുന്നു. ബന്ധിപ്പിക്കാനുള്ളതാണു ശാസ്ത്രം. പൊട്ടിക്കുന്നതെല്ലാം അശാസ്ത്രീയമാണ്. ഒരു കുട്ടിക്ക് ഒരു മാമ്പഴം കിട്ടി. അവനത് കൂട്ടുകാരുമായി പങ്കിട്ട് കഴിക്കുമ്പോള്‍ അത് അധ്യാത്മശാസ്ത്രമായി. ആ മാമ്പഴം കിട്ടിയ കുട്ടിയില്‍ നിന്നു മറ്റൊരു കുട്ടി തട്ടിപ്പറിച്ച് ഓടി ഒരിടത്ത് പോയിരുന്ന് തന്നത്താന്‍ കഴിക്കുമ്പോഴോ? അത് താമസ ശാസ്ത്രമാണ്. അവിടെ പ്രവര്‍ത്തിക്കുന്നത് സാത്താന്റെ മനസ്സാണ്. ആദ്യത്തേതില്‍ ദൈവിക മനസ്സും. ഇതു രണ്ടും തമ്മിലെല്ലാവരിലുമുണ്ട് എന്നു കണ്ടെത്തുന്നതാണ് മനശ്ശാസ്ത്രം. കൃഷി, ശാസ്ത്രമാകുന്നത് എല്ലാവര്‍ക്കുംവേണ്ടി ചെയ്യുമ്പോഴാണ്. അവനവനുവേണ്ടിമാത്രം എന്നുവന്നാല്‍ കൃഷിയുടെ ശാസ്ത്രീയത നഷ്ടപ്പെടും. ഭൂമിയിലുള്ള എല്ലാ ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും പര്‍വ്വതങ്ങളും നമുക്കൊന്നിച്ച് താമസിക്കാനും വിഹരിക്കുവാനും അനുഭവിക്കുവാനും വേണ്ടിയുള്ളതാണെന്നു ഉറപ്പിക്കുകയാണ് ഭൂമിശാസ്ത്രത്തിന്റെ ലക്ഷ്യം. ആദ്യന്തരഹിതമായ അന്തരീക്ഷത്തിലെ ഭാവനാതീതമായ ജ്യോതിര്‍ഗ്ഗോളങ്ങള്‍ ഒരു സാധാരണ മനുഷ്യന്റെ നിത്യജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് - ജ്യോതി ശാസ്ത്രം.

ഒരിക്കല്‍ ഒരാള്‍ ചോദിച്ചു ‘മനുഷ്യനിലെ ആര്‍ഭാടപ്രിയത ഇതുകൊണ്ടുവല്ലതും മാറുമോ?

ആവശ്യമാണോ എന്നു നോക്കാതെ മറ്റുളളവരുടെ മുന്‍പിലാണ് ഞാന്‍ എന്നു വളിച്ചുപറയലാണ് ആര്‍ഭാടങ്ങളുടെയെല്ലാം ഒരു വശം. മറ്റുള്ളവരെ അന്യരായി കരുതുന്തോറും ആര്‍ഭാടം കൂടിക്കൂടി വരും. അടുക്കുംതോറും ആര്‍ഭാടവിചാരം കുറഞ്ഞുവരും. വീട്ടിനകത്തു വന്നാല്‍ ഒരു കൈലിയായാലും മതി. എന്നാല്‍ തന്നെ കാണാന്‍ ആരെങ്കിലും വരുന്നുവെന്നറിഞ്ഞാല്‍ വസ്ത്രം മാറാന്‍ തോന്നും. ഇതത്ര ദോഷകരമായ ഒരു പ്രവണതയല്ല. എന്നാല്‍ വിവാഹാദി അടിയന്തിരങ്ങള്‍ക്ക് ഭക്ഷണത്തിലും വസ്ത്രത്തിലും കാട്ടിക്കൂട്ടന്ന അതിരുകടന്ന ആര്‍ഭാടപ്രവണത വ്യക്തിക്കും സമൂഹത്തിനും ദോഷമാണ്. അതിനുള്ള ഏററഴും നല്ല പരിഹാരമാര്‍ഗ്ഗം - ഗ്രാമസഭയില്‍ ആലോചിച്ച് അവിടെ തീരുമാനിക്കുന്നതുപോലെ ചെയ്യുകയാണ്. ഒരു കൂട്ടം പ്രഥമന്‍ മതിയെന്ന് ഗ്രാമസഭ നിശ്ചയിച്ചാല്‍ അടിയന്തിരക്കാരന്റെ പ്രശ്നം തീര്‍ന്നു. വീടു പണിയിലും ആരാധനാലയങ്ങള്‍ പണിയുന്നതിലും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിലുമെല്ലാം ഇന്നു കാണുന്ന ആര്‍ഭാട പ്രവണത പുതിയ സമൂഹത്തില്‍ കാണുകില്ല. ആരെ കാണിക്കാന്‍? തങ്ങളുടെ മതത്തിന്റെ പ്രൗഢി മറ്റുമതസ്ഥരെ കാണിച്ച് എന്തു നേടാന്‍? അവരും കൂടെചേര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുതന്നെ. പിന്നെ സ്വര്‍ണ്ണവാതിലെന്തിന്? സുവര്‍ണ്ണമേല്‍ക്കൂരയെന്തിന്? ആര്‍ഭാടവും സൗന്ദര്യബോധവും രണ്ടാണ്. ആര്‍ഭാടം കൃത്രിമവും സൗന്ദര്യബോധം സ്വാഭാവികവുമാണ്. കുളിച്ച് നല്ല വസ്ത്രം ധരിച്ച് കാതിലും കഴുത്തിലും അത്യാവശ്യം ആഭരണങ്ങള്‍ അണിഞ്ഞ് തമ്മില്‍ തമ്മില്‍ കാണുന്നത് സന്തോഷമല്ലേ? സൗന്ദര്യബോധം അഹംബോധമായി താഴുമ്പോഴാണ് അത് ആര്‍ഭാടമാകുന്നത്. പുതിയ സമൂഹത്തില്‍ ബഹുജനം പരസ്പരം അടുത്ത് സൗന്ദര്യബോധമുള്ളവരായിത്തീരും. അപ്പോള്‍ ആര്‍ഭാടം തനിയെ പിന്തള്ളപ്പെടും.

ദര്‍ശനത്തിന്റെ ഭാവനയിലുളള പുത്തന്‍ സമൂഹത്തില്‍ നാടുതോറും അത്യാവശ്യം ചികിത്സാ സൗകര്യം ഉണ്ടാവുമോ?

മറ്റു ജന്തുക്കളുടെ മാതിരി മനുഷ്യരില്‍ അന്ന് രോഗം കുറഞ്ഞിരിക്കും. അതുകൊണ്ട് ഗ്രാമംതോറും ആശുപത്രിയുടെ ആവശ്യം ഉണ്ടാവില്ല. വാര്‍ത്താവിനിമയ സൗകര്യം ഉളളതുകൊണ്ട് അസുഖ വിവരം പെട്ടെന്ന് ചികിത്സകരെ അറിയിക്കാന്‍ സാധിക്കും. അവരുടനേതന്നെ ഓടിയെത്തുകയും ചെയ്യും. വീട്ടില്‍തന്നെ ചികിത്സകള്‍ ചെയ്യാം. ആവശ്യമെങ്കില്‍ പുന്നപ്രയിലെ ഒരു രോഗിക്ക് ടോക്യോവിലെ ഒരു ഡോക്ടറുടെയും ഉപകരണങ്ങളുടെയും സഹായം വളരെവേഗം ലഭ്യമാകും. വീടുകള്‍ തന്നെ ആശുപത്രി. ആപ്രതീക്ഷിത സംഭവങ്ങള്‍കൊണ്ട് മുറിവോ ചതവോ പറ്റിയാലും വീടുവിട്ടുപോകേണ്ടിവരില്ല. ഭക്ഷണവും മനസ്സും ശുദ്ധമാകുമ്പോള്‍ രോഗങ്ങള്‍ കുറയും. എന്നാല്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ നാടിന്റെ വിദൂരപ്രദേശങ്ങളില്‍ നല്ല ഏര്‍പ്പാടുകള്‍ ഉണ്ടാവും. സൂര്യപ്രകാശം ശുദ്ധവായു ശുദ്ധജലം ശുദ്ധമായ മണ്ണ്, വിവിധ തരം ഔഷധികള്‍, ഇവ സുലഭമായിരിക്കും എന്നതുകൊണ്ട് ചികിത്സാ എളുപ്പമായിത്തീരും. അതിലൊക്കെ പ്രധാനം ആന്തരിക സമാധനമാണ്. ഓരോരുത്തരും എല്ലാവരാലും സുരക്ഷിതര്‍. മനസ്സില്‍ ഉത്കണ്ഠയില്ല. ഭയത്തിന് കാര്യമില്ല. രോഗങ്ങള്‍ക്കുപിന്നെ എവിടെയാണ് സ്ഥാനം.

ഭൂമിയില്‍ വൃദ്ധമന്ദിരങ്ങളും ശിശുമന്ദിരങ്ങളും ആവശ്യമായി വരില്ല. ഓരോ ചെറു സമൂഹവും തങ്ങളുടെ ഇടയിലെ വൃദ്ധന്മാരേയും ശിശുക്കളേയും ദുര്‍ബലരേയും ശുശ്രൂഷിക്കാനുണ്ട് എന്നു വന്നാല്‍ അത് പോരേ ആനന്ദമായി കഴിയാന്‍. ആത്മഹത്യപ്രവണത ഒഴിവായിപ്പോകും. തന്റെ ജിവിതം മററുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്നുണ്ട് എന്നുവന്നാല്‍ അത് നശിപ്പിക്കാന്‍ ആര്‍ക്കും തോന്നില്ല. ജനന നിരക്കും മരണ നിരക്കും കുറഞ്ഞുവരും. ജനന നിരക്ക് സമൂഹത്തിന്റെ നിയന്ത്രണത്തില്‍ വരും.

ഇത്തരത്തില്‍ ഉളള ഒരു സമൂഹത്തിന് ആവശ്യമായ മനോവികാസം മനുഷ്യനുണ്ടാകുമോ? അതുണര്‍ത്താന്‍ സാദ്ധ്യമാണോ? ഓരോരുത്തര്‍ക്കും അതിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയും?

ഓരോരുത്തരും സദാ മൈത്രീസാധനചെയ്തു ശീലിക്കുകയല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല. ആരോടും അടുത്തിടപെടാന്‍ തക്കവണ്ണം മനസ്സിനെ പ്രസന്നമായും വാക്കിനെ മധുരമായും ഭാവത്തെ ഹൃദ്യമായും ഒരുക്കി നിര്‍ത്തുക.

വിദേശവസ്തുക്കള്‍ നമുക്ക് ലഭിക്കണമെങ്കില്‍ എക്സ്ചേഞ്ച് വേണ്ടിവരില്ലേ? അതെങ്ങനെ സാധിക്കും?

അമേരിക്കയില്‍ നിന്ന് ഗോതമ്പ് കിട്ടണം. അതിനു പകരം കുരുമുളകോ തേയിലയോ എന്തെങ്കിലും നാം കോടുക്കേണ്ടേ? ഇന്നത്തെ വ്യവസ്ഥിതിയില്‍ അതുവേണ്ടിവരും. പുതിയ വ്യവസ്ഥയില്‍ അത് വേണ്ടിവരില്ല. അമേരിക്ക എന്നും ഇന്ത്യ എന്നും രണ്ടു രാഷ്ട്രങ്ങള്‍ ഭൂമിയില്‍ നിലനില്‍ക്കില്ല. ഭൂമി രാഷ്ട്രങ്ങള്‍ക്കുള്ളതല്ല. ജനതയ്ക്കുള്ളതാണ്. അമേരിക്കയിലെ മിസൗറി മിസ്സിസിപ്പി തടങ്ങളില്‍ അവിടുത്തെ കര്‍ഷകര്‍ ഗോതമ്പും പാലും ഉല്പാദിപ്പിക്കുന്നത് ആഫ്രിക്കന്‍ ജനതയെക്കൂടെ ഉളളില്‍ക്കണ്ടുകൊണ്ടായിരിക്കും. പകരത്തിനു പകരമെന്ന പ്രശ്നമേ ഇവിടെ ഉത്ഭവിക്കുന്നില്ല. ഭൂമിയില്‍ മനുഷ്യജീവിതം ഇത്രമാത്രം ഭീകരമായത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അടിസ്ഥാനപരമായ ഒരുത്തരമാണ് പകരത്തിനു പകരം വേണമെന്ന ജീവിതശൈലി. അതിനു കാരണം എനിക്കു ഞാനേ ഉള്ളൂ എന്ന ജീവിത വീക്ഷണമാണ്. “‍ഞാന്‍ നിനക്കും, നി എനിക്കും, നമ്മളെല്ലാവര്‍ക്കും, എല്ലാവരും നമുക്കുവേണ്ടിയും ഉണ്ട്” എന്ന പുതിയ ജീവിത വീക്ഷണം ലോകം സ്വീകരിക്കുന്നതോടുകൂടി ഭൂമി അസാധാരണമായ ഒരു പ്രകാശഗോളമായി മാറും. ആ പ്രകാശധാരയില്‍ പകരത്തിനുപകരവും, വിലയും കൂലിയും, യുദ്ധവും പിടിച്ചടക്കലും, നാമാവിശേഷമാകും. സങ്കുചിതത്വങ്ങളൊന്നും നിലനില്‍ക്കില്ല. അതിനുസഹായകമായ ഒരു ‘മാനുഷിക മന്ദമാരുതന്‍’ ഭൂമിയെ ചുററിയടിച്ചുതുടങ്ങണം. സ്വദേശി വിദേശി എന്ന കാഴ്ചപ്പാട് അന്നുണ്ടാവില്ല.

ഇത്ര മഹത്തായ ഒരു ലക്ഷ്യം സാധാരണക്കാരുടെ മനസ്സില്‍ നാമ്പെടുക്കുമോ?

അവനവന്റെ കാര്യം അവനവന് എന്ന തോന്നലില്‍ മുങ്ങിക്കുളിച്ച് സംതൃപ്തരായി ജീവിക്കുന്ന ജനങ്ങളുടെ ഈ ലോകത്ത് ഇങ്ങനെയൊരു സങ്കല്പം എങ്ങനെ കൊണ്ടുചെന്നെത്തിക്കും. ഇതിന്റെ ശരിയുത്തരം എനിക്കറിഞ്ഞുകൂടാ. ഇതുവരെ നമ്മടെയിടയില്‍ ജീവിച്ചു പിരിഞ്ഞുപോയ ആര്‍ക്കും ഒരു ഗ്രാമത്തില്‍ പോലും ഇത് സംഭവമാക്കാന്‍ കഴിഞ്ഞതായി എനിക്കറിവില്ല. അവരുടെ മഹത്തായ പരിശ്രമങ്ങള്‍ ബഹുജനം അതിന്റെ ആത്മാവോടുകൂടി ഉള്‍ക്കൊണ്ടില്ല എന്നു പറയേണ്ടിവരും. അതുകൊണ്ടാണ് നമുക്ക് വീണ്ടും വീണ്ടും പറയുകയും എഴുതുകയും ചെയ്യേണ്ടിവരുന്നത്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുളള കാര്യങ്ങള്‍ ദര്‍ശനത്തിന്റെ എത്രയോ ലക്കങ്ങളില്‍ വന്നിട്ടുള്ളവയാണ്. കൂടാതെ ‘പുതിയലോകം പുതിയ വഴി’, ‘ഭാവിയിലേക്ക്’ എന്നീ രണ്ടു പുസ്തകങ്ങളിലും ഇത് തന്നെ പ്രതിപാദ്യ വിഷയം. അവയുടെ പുതിയ പതിപ്പ് എന്ന് ഈ പുസ്തകത്തെ കരുതിയാല്‍ മതി.

ഇന്നു ലോകത്താകെ അന്യായങ്ങളില്ലാതാക്കാന്‍ ധര്‍മ്മസമരങ്ങള്‍ നടക്കുന്നകാലമാണ്. പ്ലാച്ചിമടയില്‍ ‘കൊക്കക്കോള’യ്ക്കെതിരെ സമരം തുടങ്ങിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. പെപ്സിക്കെതിരെ; മദ്യത്തിനെതിരെ; ജാതിക്കെതിരെ; സ്ത്രീധനത്തിനെതിരെ; സ്ത്രീപീഢനത്തിനെതിരെ കൈക്കൂലിക്കെതിരെ; കരിമണല്‍ വില്പനക്കെതിരെ; അന്യായമായ മത്സ്യബന്ധനത്തിനെതിരെ; മായം ചേര്‍ക്കലിനെതിരെ… ഇങ്ങനെ എത്രയെത്ര സമരമുഖങ്ങളാണ് കേരളത്തില്‍ത്തന്നെ ഇപ്പോഴുളളത്. ജയവും തോല്‍വിയും തുടരുന്നുവെന്നല്ലാതെ പ്രശ്നങ്ങള്‍ പരിഹൃതമാകുന്നില്ലല്ലോ. വര്‍ദ്ധിച്ചും വരുന്നു. ഇന്നത്തെ സകല ചലനങ്ങളോടും പ്രതിഷേധിക്കാന്‍ തക്കവണ്ണം ഓരോ ചലനവും സാമൂഹ്യവിരുദ്ധമായിപൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ‘ദര്‍ശനം’ പുതിയൊരു വഴിവെട്ടിത്തുറക്കാന്‍ ശ്രമിക്കുന്നത്. ദര്‍ശനത്തിന്റെ പ്രത്യേകത ==വേണ്ടതുണ്ടാകുമ്പോള്‍, വേണ്ടാത്തത് സ്വയം ഒഴിഞ്ഞു മാറും== എന്ന കാഴ്ചപ്പാടാണ്. നാടുതോറും മനുഷ്യന്‍ ഒന്നിച്ചുകൂടുമ്പോള്‍ ജാതി വ്യത്യാസത്തിന്റെ കനം കുറഞ്ഞു വരും. പരസ്പരം ബന്ധപ്പെട്ട് അടുത്ത് കൂടിയാലോചിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഭരണകൂടത്തിന്റെയും നാണയത്തിന്റെയും സാന്നിദ്ധ്യം വേണ്ടെന്നാകും. ഭരണകൂടത്തെ എതിര്‍ക്കാനോ നോട്ടു കത്തിക്കാനോ പോകണ്ട. മനുഷ്യര്‍ തമ്മില്‍ മിത്രഭാവേന ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും എല്ലാവരുടെയും പിന്തുണ ലഭിക്കും. അപ്പോള്‍ അന്ധ ശക്തികളെ വിശ്വസിച്ച് ആശ്രയിക്കേണ്ട ആവശ്യം മനുഷ്യന് ഇല്ലെന്നാകും. കൂട്ടായ പരിശ്രമംകൊണ്ട് ആവശ്യം മനുഷ്യന് ഇല്ലെന്നാകും. കൂട്ടായ പരിശ്രമംകൊണ്ട് ഉല്പാദനം വര്‍ദ്ധിക്കുമ്പോള്‍; അവ പരസ്പരം കിട്ടുമെന്നാകുമ്പോള്‍ അന്യത്വം കുറയുകയും അന്യോന്യത വര്‍ദ്ധിക്കുകയും ചെയ്യും. ഇങ്ങനെ ഒന്നിനെയും എതിർക്കാതെ ഒന്നിപ്പിച്ച് നവലോകം നിർമ്മിക്കാൻ തുടങ്ങുമ്പോള്‍ ജീവിതം എത്ര സുന്ദരമാകും. എത്ര ആനന്ദമാകും. ഒററയ്ക്കൊററയ്ക്ക് അവനവന്റെ പ്രശ്നത്തില്‍ മാത്രം കുരുങ്ങി തലതല്ലി ജീവിക്കേണ്ട ഒരു വര്‍ഗ്ഗമല്ല നാം. വേർതിരിഞ്ഞും ഗ്രൂപ്പുതിരിഞ്ഞുമുളള പോരാട്ടത്തില്‍ രാഷ്ട്രങ്ങള്‍ക്കുള്ള പങ്ക് ഭീകരമാണ്. മതങ്ങളും ഒട്ടും പുറകിലല്ല. സമ്പത്തിനും ഇതില്‍ നല്ല പങ്കുണ്ട്. ദയവായി ഇതു മനസ്സിലാക്കുക. ഭൂമിക്ക് ഡമോക്രസിയോ, പാര്‍ലമെന്ററി ഭരണരീതിയോ മതാധിപത്യമോ അല്ല പരിസര സമൂഹജീവിതമാണാവശ്യം. മനുഷ്യനും ജീവരാശികള്‍ക്കും ഭൂമിയില്‍ അനുവദിച്ചുകിട്ടിയിരിക്കുന്നത് ജീവിതമാണ്. അതില്‍ പോരാട്ടവും വരാം. എന്നാല്‍ അതില്‍ ഭരണകൂടമോ നാണയമോ ഇല്ല. രണ്ടും ആവശ്യമില്ലാതെ വരുന്ന ഒരു ഭാവിലോകമാണ് മനുഷ്യരാശി ഇനി ലക്ഷ്യമാക്കേണ്ടത്.

ലോകത്ത് മനുഷ്യരെല്ലാം തമ്മില്‍ അഭിമുഖജീവിതം നയിക്കുക സാദ്ധ്യമല്ല. നിത്യപരിചയ ബന്ധത്തില്‍ വേരൂന്നിയുള്ള ചെറിയ ചെറിയ സമൂഹങ്ങളും അതില്‍ മുളയിട്ടു വരുന്ന വ്യത്യസ്ത സംസ്ക്കാരങ്ങളും ഉണ്ടാകണം. മനുഷ്യന്റെ ഭാവനാശക്തി സീമാതീതമാകയാല്‍ ഈ സംസ്ക്കാരങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവില്ല. അതൊന്നിനൊന്ന് പൂരകമായിരിക്കും. അങ്ങനെയൊരു ലോകത്തിലേക്ക് കൈപിടിച്ചു കയറിപ്പറ്റാനാണ് നമുക്ക് ശ്രമിക്കേണ്ടത്. ഓരോരുത്തരും വിചാരിച്ചാലല്ലാതെ ഈശ്വരന്‍ നേരിട്ട് ഇടപെട്ട് അത് സംഭവിപ്പിക്കാന്‍ സാദ്ധ്യമല്ല. എന്നാണെന്റെ തോന്നല്‍. അവസാനവാക്ക് പറയാന്‍ ഞാനാളല്ല. എന്നാല്‍ ഇന്നത്തെ ജീവിതശൈലിയെ കെട്ടിപ്പുണര്‍ന്ന് ഈ ശൈലിയില്‍ത്തന്നെ തുടര്‍ന്നും ജീവിക്കുവാന്‍ അനുവദിച്ചുകൂടാ എന്നതില്‍ എനിക്കു് സംശയമില്ല. ഇതില്‍ നിന്നുളള മോചനത്തിന് പുതിയതിനെപ്പററിയുള്ള ഭാവന ഓരോ മനസ്സിലും വിടര്‍ന്നു വരണം. അതു നമ്മുടെ ജീവിത ലക്ഷ്യമാകണം. പാടത്തും ഫാക്ടറിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ആരാധനാലയങ്ങളിലും കളിസ്ഥലങ്ങളിലും പുതിയലോകം സംസാരവിഷയമാവണം. ഇന്നുള്ള സാമുദായികവും മതപരവും ഭരണപരവും ആയ എല്ലാ ഗ്രൂപ്പുകളിലും അവരവര്‍ ഇന്ന് നില്‍ക്കുന്ന കൊമ്പ് മുറിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചാവിഷയമാവണം. അവിടെയാണ് പുതിയ നാമ്പെടുത്താല്‍ പഴയ ഇലയും കമ്പുമെല്ലാം അടര്‍ന്നുപൊയ്ക്കൊള്ളും വെട്ടിമുറിക്കേണ്ട ആവശ്യം വരില്ല എന്ന സത്യം തെളിയിക്കേണ്ടത്.

‘ഞാന്‍ വെട്ടിയില്ലെങ്കില്‍ എന്നെ വെട്ടും’ എന്ന അവസ്ഥ നിലനില്‍ക്കുന്ന ഈ പോർക്കളത്തില്‍ ഇത്തരം ആശയങ്ങള്‍ കൊണ്ടുചെല്ലാന്‍ പേലും എളുപ്പമല്ല. ആര്‍ക്കും ശ്രദ്ധിക്കാനും കഴിയാതെ വരും. ദര്‍ശനം മുന്നോട്ടു വയ്ക്കുന്ന ഈ സങ്കല്പ ലോകം ആളുകളാണല്ലോ നടപ്പില്‍കൊണ്ടുവരേണ്ടത്. അര്‍ദ്ധരാത്രിക്ക് സൂര്യോദയം എന്നു പറയുന്നതിനേക്കാള്‍ പ്രയാസമാണിത്. ആവശ്യമാണെന്ന് അംഗീകരിക്കുന്നവര്‍ക്കുപോലും ആയുധം താഴെവച്ചിട്ട് ഈ ആശയം കൈയ്യിലെടുക്കാന്‍ കഴിയാതെവരും. ഈ സാഹചര്യത്തില്‍ എന്താ ചെയ്യുക.

രണ്ടു വഴിയെ ഞാന്‍ കാണുന്നുള്ളു. ഒന്ന് പോരടിച്ച് മരിക്കുക. അതാണ് ഇന്ന് നടക്കുന്നത്. മറ്റൊന്ന് അറബികള്‍ യഹൂദരോടു പറയണം സഹോദരാ നമുക്ക് നമ്മുടെ വാളുകള്‍ ഒന്നിച്ച് താഴെ വയ്ക്കാം. നാം പരസ്പരം സഹോദരങ്ങളാണ്. നെഞ്ചോടുനെഞ്ചുചേര്‍ന്ന് അല്പ സമയം ഏകാത്മഭാവത്തില്‍ ഇവിടെ നില്‍ക്കാം. ഹിന്ദു ജനതയും മുസ്ലീം ജനതയും ക്രസ്ത്യാനികളും എല്ലാം ഇതിന് തയ്യാറാകണമെന്ന് നാം ആവശ്യപ്പെടണം. ഏകലോകം എന്ന ആശയം ഇനി ആദര്‍ശമായിരുന്നാല്‍ പോരാ. നിലനിൽപ്പിന്റെ ആവശ്യമാണെന്ന് ഉറപ്പാക്കണം. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ ‌തയ്യാറാകണം. അതിന് ലോകത്തെമ്പാടും ചിന്താശീലരുടെ ഗ്രൂപ്പുകള്‍ ജന്മമെടുക്കണം. അവ തമ്മില്‍ ക്രമേണ ചേരും. മനുഷ്യന്റെ ഉളളില്‍ നിന്നൊഴുകി വരുന്ന സ്നേഹപ്രവാഹത്തിന്റെ ഉറവയാവണം ഓരോരുത്തരും. അത്തരക്കാരുടെ എണ്ണം ഒരു പരിധി കഴിയുമ്പോള്‍ ബഹുജന പ്രവാഹമായിക്കൊളളും. ഇപ്പോള്‍ ഒരാളേ മുന്നോട്ട് വരുന്നുള്ളു എങ്കില്‍ അതുതന്നെ നല്ലൊരു തുടക്കമാകും.

ഗവണ്‍മെന്റുകള്‍ സാധാരണ മനുഷ്യന് ഭാവനചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലുതായിപ്പോയി. അവരുടെ പദ്ധതികള്‍ നര്‍മ്മദാ ഡാം പോലെ പടുകൂറ്റനായിരിക്കും. നമുക്കതല്ല വേണ്ടത്. അവ വലുതായിരിക്കുന്നതിനനുസരിച്ച് അവ മൂലമുള്ള അപകടങ്ങളും വലുതായിയിരിക്കും. നമുക്ക് ചെറുതായി തുടങ്ങി ചെറുതായി നിലനിന്നാല്‍ മതി. ചെറുതാണ് സുന്ദരം. ചെറുതാണ് കൈകാര്യം ചെയ്യാവുന്നത്. ചെറുതില്‍ അപകടം കുറഞ്ഞിരിക്കും. ആ വഴി ചിന്തിക്കുന്നത് കൊണ്ടാണ് ലോകമാകെ ചെറിയ വിളിപ്പാടു സമൂഹങ്ങള്‍ മുളപ്പിച്ചെടുക്കണം എന്നാവശ്യപ്പെടുന്നത്. ഇതിന് വലിയൊരു തടസ്സം ഉണ്ട്. പരമ്പരാഗതമായ അവനവന്റെ ഗ്രൂപ്പും സംസ്ക്കാരവും സംരക്ഷിക്കുന്നതിന് ജനം വേഷത്തിലും ആചാരങ്ങളിലും പ്രത്യേകതകള്‍ പുലര്‍ത്തിപ്പോരുന്നുണ്ട്. ബ്രാഹ്മണര്‍ പൂണൂല്‍ ധരിക്കുന്നു. മുസ്ലീങ്ങള്‍ ഇടതുവശം മടക്കുത്തുറപ്പിക്കുന്നു. യഹുദസ്ത്രീകള്‍ വഴിയില്‍പ്പോലും മഖംമൂടി പര്‍ദാ ധരിക്കുന്നു, ക്രസ്ത്യാനികള്‍ കുരിശടയാളമുള്ള മുത്തുമാല ധരിക്കുന്നു. ഒരു കൂട്ടര്‍ ‘നാരായണ’ എന്നു ജപിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ ‘അല്ലാഹു അക്ബര്‍’ എന്ന ശബ്ദം ഉയര്‍ത്തുന്നു. ‘കര്‍ത്താവേ’ എന്നു വിളിക്കുന്നു. കുട്ടികള്‍ക്ക് അതനുസരിച്ച് പേരിടുന്നു. ഇങ്ങനെ എത്ര എത്ര തരത്തിലാണ് തങ്ങളുടെ വ്യത്യസ്ഥ നിലപാടുകള്‍ ആയിരമായിരം വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നത്. മരണാനന്തര ക്രിയകള്‍ക്കും ശവം മറവു ചെയ്യുന്ന സ്ഥലത്തിനും രീതിക്കും ഒക്കെ വ്യത്യസ്തതകള്‍ ഉണ്ട്. ഭക്ഷണ വസ്തുക്കളില്‍ വലിയ അന്തരമുണ്ട്. ഭാഷയിലുമുണ്ട് മാറ്റം. ഇവ ഏകീകരിക്കുവാന്‍ ഒരിക്കലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല.

ഈ വിരുദ്ധ പ്രവണതകളെ കാണാതിരുന്നുകൂടല്ലോ. ഒരുകൂട്ടര്‍ പൂജിക്കുന്ന ജന്തുവിനെ മറ്റൊരു കൂട്ടര്‍ തിന്നുന്നു. ഇതു വസ്തുതയാണ്. ഈ വക വ്യത്യസ്തതകള്‍ പുതിയ സമൂഹത്തിലും ഒരളവുവരെ നിലനില്‍ക്കും. എന്നാല്‍ അത് കൂട്ടായ്മ ജീവിതത്തിന് തടസ്സമാകില്ല. രണ്ടുപേര്‍ തമ്മില്‍ കൂട്ടാകുന്നത് ഇതൊന്നും ചികഞ്ഞു നോക്കിയിട്ടല്ലല്ലോ. സ്നേഹത്തിന് പരിമിത വേലിക്കെട്ടുകള്‍ ഒന്നും ഇല്ല. ഹിന്ദുക്കളുടെ ഇടയില്‍ തന്നെ പറയ സമൂഹത്തിലെ ആചാരക്രമങ്ങളല്ല നായന്മാര്‍ക്ക്. ബ്രാഹ്മണരുടെ ഇടയില്‍ തമ്മില്‍ വിവാഹം കഴിക്കാത്ത പല ഗ്രൂപ്പുകള്‍ ഉണ്ട്. ഇതൊന്നും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ട. ഈ വ്യത്യസ്തതകള്‍ ഇല്ലാതാക്കിയാലും ലോകം മുഴുവന്‍ ഒരേ ഭാഷയിലും ആചാരനുഷ്ഠാനങ്ങളിലും വന്നാലും നാം ആഗ്രഹിക്കുന്ന ലോകം ഉണ്ടാകണമെന്നില്ല. അപരനോട് വിദ്വേഷമുണ്ടാകുന്നത് ഇതൊന്നും നോക്കിയിട്ടല്ല. സ്നേഹിക്കുന്നതിനും ഇതൊന്നും തടസ്സമല്ല. ആത്മഭാവേന കാണാന്‍ ബാഹ്യരൂപങ്ങള്‍ ഒരുപോലെ ആകേണ്ട.

കുടുംബം മുതല്‍ അന്താരാഷ്ട്ര രംഗം വരെ കാണുന്ന ശൈഥില്യങ്ങള്‍ കണ്ടും അനുഭവിച്ചും നാം പ്രതീക്ഷ അററവരാകരുത്. പുതിയത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാതിരുന്നതാണ് ഇതൊക്കെ വളര്‍ന്ന് വരാന്‍ കാരണം എന്ന് മനസ്സിലാക്കി ഇനി എങ്കിലും നവലോകത്തിനുവേണ്ട കല്ലിടീല്‍ കര്‍മ്മം നടത്തണം. അവനവനിലാണ് കല്ലിടേണ്ടത്. ഏതാണ് കല്ല്. ഭാവിലോകത്തെപ്പററിയുളള സുന്ദര സങ്കല്പമാണ് കല്ല. അവരവരുടെ മനസ്സില്‍ ഈ അടിക്കല്ല് പ്രതിഷ്ഠിക്കുകയാവണം ഇനി ഓരോരുത്തരുടെയും ദൗത്യം.

ഈ തിരക്കുപിടിച്ച് ലോകത്ത് പരക്കംപാച്ചിലിനിടയില്‍ ഇത്തരം പുസ്തകങ്ങള്‍ ആര് വായിക്കും. ശ്രദ്ധിക്കാനാവുമോ? ചെറിയ പുസ്തമാണ്. പ്രചരിപ്പിക്കുവാന്‍ കഴിഞ്ഞെന്നുവരും. എന്നാല്‍ വായിക്കുക, ചിന്തിക്കുക, സ്വന്തം മനോവ്യാപാരത്തിന്റെ ഭാഗമാക്കുക ഇവ വ്യക്തിക്കുമാത്രം കഴിയുന്ന കാര്യങ്ങളാണ്. ഈ പുസ്തകത്തിന് അറിവല്ല; വിചാരമാണ് പകരാനുള്ളത്. പ്രവര്‍ത്തകര്‍ ആലോചിച്ച് അതിനുള്ള വഴി കണ്ടെത്തണം. പുസ്തകം വിററു തീര്‍ക്കാന്‍ ഒട്ടും ധിറുതിപ്പെടരുത്. ഇത് പൂര്‍ത്തീകരിക്കപ്പെട്ട കൃതി അല്ല. വായനക്കാര്‍ ഈ ഭാവന ഉള്ളില്‍ വളര്‍ത്തണം. അപ്പോള്‍ പുതിയ ആശയങ്ങല്‍ ധാരാളമായി പൂവിരിഞ്ഞുവരും. പുതിയ വഴികള്‍ തുറന്നുവരും. ഏതായാലും ഒരു സംവാദമെന്ന നിലയില്‍ ആവുന്നത്ര കേന്ദ്രങ്ങളില്‍ പുസ്തകം ചര്‍ച്ചചെയ്യപ്പെടണം. നമ്മുടെ ഇന്നത്തെ അയല്‍ക്കൂട്ടങ്ങളിലും കുടുംബശ്രീകളിലും അതുപോലുള്ള മറ്റു കൂട്ടായ്മകളിലും ചര്‍ച്ച നടക്കണം. ഗ്രന്ഥശാലകളില്‍ പ്രത്യേക ചര്‍ച്ചകള്‍ വയ്ക്കണം. മറ്റൊന്നിന്റെ കൂട്ടത്തിലാവരുത്. ആരാധനാലയങ്ങളുടെ മുററത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റാഫ് റൂമില്‍, ആഫീസുകളില്‍ ലെഷര്‍ ടൈമില്‍, കടല്‍ത്തീരത്ത് വല തുന്നുന്നതിനിടയില്‍ ഇങ്ങനെ നീങ്ങണം സംവാദം. വായനക്കാരില്‍ക്കൂടെയാണ് ഇത് സംഭവിക്കേണ്ടത്. കുടുംബത്തില്‍ വായിച്ചു

കേള്‍പ്പിച്ച് ചിന്ത ഉണര്‍ത്തണം. നമ്മുടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തകര്‍ ചെന്ന് പുസ്തകം ജനപ്രതിനിധികളെ പരിചയപ്പെടുത്തണം. ചര്‍ച്ച അവര്‍ യുക്തം പോലെ നടത്തിക്കൊളളട്ടെ. രാഷ്ട്രീയ കക്ഷികളുടെ ആഫീസുകളിലും സാമുദായിക സംഘടനകളിലും സായുധ സമര ഗ്രൂപ്പുകളിലും പുസ്തകമെത്തണം. ക്ലബുകള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കണം. ഏല്ലാവരുംകൂടി എല്ലാവര്‍ക്കും വേണ്ടി ചെയ്യേണ്ട വിമോചനത്തെപ്പററിയാണ് ഇതില്‍ ചിന്തിച്ചിരിക്കുന്നത്.

ഒരു സാധാരണ വ്യക്തി എന്തുകൊണ്ടിങ്ങനെ ലോക കാര്യങ്ങള്‍ പറയുന്നു എന്നു തോന്നും. ഞാന്‍ ഒരു കാര്യത്തെപ്പററി ചിന്തിക്കുമ്പോള്‍ ആദ്യം നോക്കുന്നത് അത് പ്രായോഗികമാകുമോ എന്നല്ല; അതാവശ്യമുളളതാണോ എന്നാണ്. ഇന്നില്‍ നിന്നു വേരോട് നാമ്പ് വ്യത്യസ്തമായ ഒരു ബന്ധുലോകം എന്റെ ഭൂമിയില്‍ സംഭവിക്കേണ്ടതാണെന്നു എനിക്കു തോന്നുന്നു. ആ തോന്നലാണ് കഴിഞ്ഞ 30 വര്‍ഷമായി തുടരുന്നു ‘ദര്‍ശനം’ പ്രസിദ്ധീകരിക്കുവാനുള്ള പ്രേരകശക്തി ‘നമ്മുടെ ഗ്രാമം’, ‘പുതിയ ലോകം പുതിയ വഴി’, ‘ഭാവിയിലേക്ക്’ എന്നീ പുസ്തകങ്ങള്‍ ആ പ്രേരണയില്‍നിന്നുണ്ടായതാണ്. ഈ പുസ്തകത്തിനും മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. 1970കളില്‍ തറക്കൂട്ടം, അയല്‍ക്കൂട്ടം എന്നീ സംവിധാനങ്ങള്‍ മുന്നോട്ടു വച്ചതും ഇതേ ലക്ഷ്യത്തിലാണ്. ഈ മാറ്റത്തിന്റെ അത്യാവശ്യകത മററുള്ളവര്‍ക്ക് എന്തുകൊണ്ട് ബോധ്യമാകുന്നില്ല എന്നതാണ് വര്‍ത്തമാനകാല മഹാത്ഭുതം. ചുററും അഗ്നി ആളിക്കത്തുന്നതു കണ്ടിട്ടും പുതച്ചു കണ്ണടച്ച് ചുരുണ്ടുകൂടി കിടക്കാന്‍ തക്കജഡത ഈ കാലഘട്ടത്തിന്റെ സ്വഭാവമായി പതിഞ്ഞുപോയി. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പുകളിലും മന്ത്രിസഭകളിലും സൈനിക സന്നാഹങ്ങളിലും ശാസ്ത്രീയ നേട്ടങ്ങളിലും ടീവിയിലും രമിച്ച് വിശ്വസിച്ച് നമുക്കുറങ്ങാന്‍ കഴിയുന്നത്.

വര്‍ത്തമാനകാല പ്രശ്നങ്ങളെ ഉടനടി പരിഹരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമല്ല ദര്‍ശനം. ഭാവി സമൂഹ രചനയുടെ കാര്യമാണ്. അതുകൊണ്ടാണ് ഇന്നു ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരും ഉപേക്ഷിക്കരുത് എന്ന് ദര്‍ശനം വിളിച്ചറിയിക്കുന്നത്. എന്നാല്‍ ഇന്നിന്റെ ആവര്‍ത്തനമായിക്കൊളളട്ടെ നാളെ എന്നു കരുതിയാല്‍ ആ നാളെ ഇന്നിനേക്കാള്‍ വളരെ വേദനാജനകമായിരിക്കാനാണിട.

ചെയ്തു തുടങ്ങേണ്ട നാലു കാര്യങ്ങള്‍:


  1. മൈത്രീസാധന: ഗുണദോഷങ്ങൾ നോക്കാതെ എല്ലാവരേയും വേണ്ടപ്പെട്ടവരായി കാണാന്‍ പരിശീലിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുക.
  2. കയ്യില്‍ വരുന്നതില്‍ ഒരു പങ്ക് മററുള്ളവര്‍ക്ക് കൊടുക്കുകയും അവര്‍ തരുന്നത് വാങ്ങുകയും ചെയ്തു ശീലിക്കുക.
  3. തോററു പിന്മാറാനും അപമാനം സഹിക്കാനും സദാ സന്നദ്ധരായിരിക്കുക.
  4. പരിസരവാസികളുമായി നിത്യേന 15 മിനിട്ടെങ്കിലും ഒന്നിച്ചിരുന്ന കുശലപ്രശ്നം ചെയ്യുക.

ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത ഒരു കാലത്തെപ്പററി സ്വയം ചിന്തിച്ചും മററുള്ളവരെ അതിനു പ്രേരിപ്പിച്ചും ആയുസ്സും ധനവും എന്തിനിങ്ങനെ പാഴാക്കുന്നുവെന്ന് ഒരു സുഹൃത്ത് എഴുതിയിരുന്നു. ദര്‍ശനത്തിന്റെ ആദ്യകാല വായനക്കാരില്‍ ഒരാളാണ് അദ്ദേഹം.

എന്റെ വിചാരം പറയട്ടെ. സ്ഥിതിവിവരകണക്കുകള്‍ എടുത്തും, ജനസംഖ്യ നിയന്ത്രിച്ചും പ്രതിഫലം വർദ്ധിപ്പിച്ചും, തിരഞ്ഞെടുപ്പ് നടത്തിയും യുദ്ധം ചെയ്തും പ്രതിശീര്‍ഷവരുമാനം വര്‍ദ്ധിപ്പിച്ചും, ആശുപത്രികള്‍ നാടാകെ നിര്‍മ്മിച്ചും, ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിച്ചും, ഡിഗ്രി എടുത്തും, വലിയ വീടുകള്‍ വച്ചും, വന്‍തോതില്‍ അടിയന്തിരങ്ങള്‍ നടത്തിയും, പണം ആര്‍ജ്ജിച്ചും, നിയമസഭകളില്‍ പുതിയ പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയും ഇനിയും ഈ ഭൂമിയില്‍ സ്വസ്ഥ ജീവിതം നയിക്കാമെന്ന് എന്തേ നിങ്ങള്‍ക്കു തോന്നുന്നു? മനുഷ്യ മനസ്സിനെ വിശാലമാക്കാതെ, സാമ്പത്തിക പരിപാടികള്‍കൊണ്ടും, ശിക്ഷാനടപടികള്‍കൊണ്ടും സാമൂഹ്യ ജീവിതം സന്തുഷ്ടമാക്കാനാവില്ല എന്ന സത്യം എന്തുകൊണ്ട് ഇനിയും മനസ്സിലാക്കുന്നില്ല? ഈരണ്ടു സമാന്തര ചിന്ത എന്നെങ്കിലും എവിടെയെങ്കിലും വച്ച് തമ്മില്‍ അടുക്കാതിരിക്കില്ലെന്നാണെന്റെ വിശ്വാസം. ആ വിശ്വാസത്തിലാണ് ഈ ചെറുകൃതി ലോകസമക്ഷം അവതരിപ്പിക്കുന്നത്.

മറ്റൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ഓരോ മനസ്സിലും ഒരു നല്ല കാലത്തിന്റെ ഭാവന വിടര്‍ന്നു വിടര്‍ന്നു വരട്ടെ. അതിരുകള്‍ എല്ലാം പരസ്പരം തുറക്കപ്പെടട്ടെ, രഹസ്യകലവറകളും ജയിലുകളും മാര്‍ക്കററും മാത്രമാണ് ഇന്നീ ലോകം. അഭിമുഖ ജീവിതത്തിലൂടെ ഇവിടെ ഒരു സൗഹൃദ പ്രകാശം പരന്ന് വീട്ടിലും വ്യക്തിയിലും ലോകത്തും പുതിയ സുര്യോദയം ഉണ്ടാകുവാന്‍ എന്തു ചെയ്യേണമോ അത് ചെയ്യുകയാണ് നമ്മുടെ ധര്‍മ്മം.

ഒരു പുരുഷായുസ്സു മുഴുവന്‍ വ്യയം ചെയ്തിട്ട് കഞ്ഞിപ്പാടത്തെങ്കിലും ദര്‍ശനത്തിന്റെ കാഴ്ചപ്പാടനുസരിച്ചുള്ള അന്യോന്യജീവിതം സാധിച്ചുവോ?

ഇല്ലെന്നു തന്നെയല്ല; എന്റെ ജീവിതകാലത്ത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ സൂക്ഷ്മതലത്തില്‍ ബന്ധങ്ങളുടെ ഒരു നുറുങ്ങുവെട്ടം എന്നിലും മററു പലരിലും മിന്നിക്കാണുന്നുണ്ട്. ഏതിനും ഒരു കാലമുണ്ട്. മാവ് സംരക്ഷിച്ചുവളര്‍ത്തി തളിര്‍ത്താലും പൂക്കാന്‍ വൃശ്ചികം പിറക്ക‌ണം. മാമ്പഴമാകാന്‍ കുംഭം മീനം ഒക്കെ ആവും. പൂത്തില്ലെന്നും വരും. നമ്മുടെ പരിശ്രമം യുഗപരിവര്‍ത്തനത്തിന്റേതാണ്. കഞ്ഞിപ്പാടത്തു തന്നെയല്ല; പാലസ്റ്റീനിലും മെക്കയിലും പോര്‍ബന്ദറിലും, ബംഗാളിലും, ശിവഗിരിയിലും ഒന്നും സംഭവിച്ചില്ല. നേരെ വിപരീതമായി പലതും സംഭവിക്കുകയും ചെയ്തു. അതില്‍നിന്ന് മനസ്സിലാക്കേണ്ടത് പ്രശ്ന പരിഹാരം നമ്മുടെ കയ്യിലല്ലന്നാണ്. പരിശ്രമിക്കുകയല്ലാതെ നമുക്ക് മറ്റു വഴി ഇല്ല. പരാജയം കണ്ട് വൃഥാ വീട്ടിലൊതുങ്ങുന്നത് മരണതുല്യമാണ്. ഈ പുസ്തകം ലോക പ്രസിദ്ധമായിത്തീരുകയും ലക്ഷേപലക്ഷം ആളുകള്‍ വായിക്കുകയും ചെയ്താലും ഒന്നും സംഭവിക്കണമെന്നില്ല എന്നറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുക.

അതുപോലെതന്നെ പരസ്പരാനന്ദ ജീവിതത്തിനു വേണ്ടി ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ നീററില്‍ വരച്ച വരപോലെ ആയി എന്നും കരുതരുത്. ശ്രീബുദ്ധന്‍ സകല ലൗകിക സുഖങ്ങളും വെടിഞ്ഞ് ലോകത്തിനുവേണ്ടി ജീവിച്ചതുകൊണ്ടാണ് എനിക്ക് ഈ പുസ്തകം എഴുതാന്‍ ധൈര്യം കിട്ടിയത്, അയൽക്കൂട്ടസങ്കല്പം മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞത്. അഗ്നി അണയുകയോ, ആളുകയോ ചെയ്യട്ടെ. വെളളം ഒഴിച്ചുകൊണ്ടിരിക്കാം.

പുസ്തകം അച്ചടിപ്പിക്കുവാന്‍ കുറച്ചു പണം ഉണ്ടായിരുന്നാല്‍ മതി. അത് ഉണ്ടാക്കാം. എന്നാല്‍ വിതരണമാണ് പ്രശ്നം. ഭാവിലോകത്തെപ്പററി ചിന്തിക്കുന്നവരാരുണ്ട്? ഇത്തരമൊരു പുസ്തകത്തെപ്പററി ദാഹം എത്രപേര്‍ക്കുണ്ടാവും. ഇതുകൊണ്ട് നടന്ന് ആളുകളെ കണ്ട് കൊടുക്കാന്‍ തക്ക വിചാരതീഷ്ണത ആര്‍ക്കുണ്ട്. സ്വന്തം പണവും സമയവും വിനിയോഗിച്ച് പ്രതിഫലം ഒന്നും കൂടാതെ അലഞ്ഞുതിരിയാന്‍ തക്ക മനസ്സ് ഉള്ളവര്‍ക്കേ ഇതുപോലുള്ള ജോലികള്‍ ചെയ്യാനാവൂ. നൂറുപേരെ സമീപിച്ചാല്‍ തൊണ്ണൂറുപേരും വേണ്ടെന്നു നിഷേധിക്കാനാണെളുപ്പം.

ഏതായാലും ഇത് കയ്യില്‍ കിട്ടി വായിക്കുന്നവര്‍ ഇതിന്റെ വിതരണത്തില്‍ പങ്കാളികളാകണമെന്നാണ് എന്റെ അപേക്ഷ. മറ്റൊന്നും സാധിച്ചില്ലെങ്കില്‍ നൂറു രൂപാ മുടക്കി പത്തു പുസ്തകം വാങ്ങി വീട്ടില്‍ ആര്‍ക്കും കാണത്തക്ക സ്ഥലത്ത് വച്ച് വീട്ടില്‍ വരുന്ന സുഹൃത്തുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക. വായിച്ച് താല്പര്യം തോന്നുന്നെങ്കില്‍ അവരും അങ്ങനെ ചെയ്യണമെന്നാവശ്യപ്പെടുക. ഇത് ദര്‍ശനം വായനക്കാര്‍ ചെയ്യണം. അവരുടെ വീട്ടിലും അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലും പുസ്തകം എത്തിക്കുവാന്‍ ശ്രമിക്കുക. ആര്‍ദ്രത വിട്ട്, ഉണങ്ങി കഠോരമായി തീര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളില്‍ നനവുണ്ടാവാന്‍ സഹായിക്കുന്ന ഇത്തരം കൃതികള്‍ ധാരാളമായി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും സംവാദങ്ങള്‍ നടക്കുകയും ചെയ്താല്‍ പുതിയ സംസ്കാരമുണ്ടാകുകയും മാറാട് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്തേക്കും. പുതിയ ലോകം ഇത്രകാലമായിട്ടും സംഭവിക്കാതിരിക്കാനുള്ള പ്രധാന കാരണം സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രശ്നങ്ങളെ വേര്‍തിരിച്ചു കണ്ട് അവയ്ക്ക് ഒററപ്പെട്ട പരിഹാരം നേടിയെടുക്കുന്നതില്‍ കുരുങ്ങിപ്പോയി എന്നതല്ല. സ്ത്രീധന നിരോധനത്തിന് ശ്രമിക്കുന്നവര്‍ പ്ലാച്ചിമട സമരത്തില്‍ പങ്കെടുത്തില്ലെന്നുവരും. ഉദ്യേഗസ്ഥ ലോകം തങ്ങളുടെ ശമ്പളത്തിനും സര്‍വ്വീസിനും വേണ്ടിയുളള സമരത്തിലല്ലാതെ മറ്റൊന്നിലും അധികം ഇടപെടില്ല. കൈക്കൂലി, അഴിമതി, മായംചേര്‍ക്കല്‍, വനം നശിപ്പിക്കല്‍, അണക്കെട്ട്, വിദ്യാഭ്യാസ തകര്‍ച്ച, മത്സ്യം പിടിത്തത്തിലെ ക്രമക്കേടുകള്‍, മദ്യനിരോധനം, തൊഴിലില്ലായ്മ, ഇങ്ങനെ വിവിധ രംഗങ്ങളില്‍ ചിതറിപ്പോയി ഉളള സാമൂഹ്യ പ്രവര്‍ത്തകര്‍. വളരെ കുറച്ചുപേരെ സ്വകാര്യതക്കപ്പുറം കടന്ന് വരാറുള്ളു. അവര്‍ സമഗ്രമായ ഒരു സമീപനത്തിലൂടെ നവമായ ഒരു ലോകത്തിനുവേണ്ടി ഒന്നിക്കാറില്ല. ഗവണ്മെന്റില്‍ ശ്രദ്ധ ഊന്നി സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളിലേക്ക് ഗവണ്‍മെന്റിന്റെ ശ്രദ്ധ തിരിച്ചുകൊണ്ടുവരുവാനാണ് പലരും ശ്രമിക്കുന്നത്. ഈ സര്‍ക്കാരാകുന്ന തിന്മയില്‍ നിന്ന് ലോകജനതയെ മോചിപ്പിച്ച് ചെറുസമൂഹ ജീവിതത്തിലേക്ക് ക്ഷണിക്കുക എന്ന അടിസ്ഥാനവേല ഇപ്പോള്‍ വേണ്ടത്ര നടക്കുന്നില്ല. ഒററപ്പെട്ട സമര മാര്‍ഗ്ഗങ്ങള്‍ തുറക്കുമ്പോഴും മിത്രലേകം എന്ന വിദൂര സങ്കല്‍പം തന്നെ ലക്ഷ്യമാക്കണം. ജനതയ്ക്ക് അതിനുള്ള പ്രചോദനം നല്‍കിക്കൊണ്ടേയിരിക്കണം. സര്‍ക്കാരിന്റെ അപാരമായ ശക്തിയില്‍നിന്ന് ജനതയുടെ ലളിതമായ കൂട്ടു ജീവിതം ആയിരംമടങ്ങ് ശ്രേഷ്ഠമാണെന്ന് ജനതയെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. അന്നാണ് നാട്ടില്‍ ജനകീയ റോഡുകളും, പാലങ്ങളും, കൃഷിയും, വ്യവസായവും എന്നുവേണ്ട ജനജീവിതം തന്നെ മാനുഷികമാകുന്നത്. സര്‍വ്വവേലിക്കെട്ടുകളും മറിടകടന്നുളള ഈ കൂട്ടായ്മയാണ് ലോകത്തിനിനി ആവശ്യം. ജനത ആ വഴി ചിന്തിക്കണം.