ഭാവി ധനതത്വശാസ്ത്രം
ഭാവിലോകം | |
---|---|
ഗ്രന്ഥകർത്താവ് | ഡി.പങ്കജാക്ഷന്‍ |
മൂലകൃതി | ഭാവിലോകം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | രാഷ്ട്രമീമാംസ |
വര്‍ഷം |
ഗ്രന്ഥകര്‍ത്താവ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 60 |
ഭാവി ധനതത്വശാസ്ത്രം
“ഓരോരുത്തരും മററുള്ളവര്‍ക്കു വേണ്ടി പണി എടുത്ത് അവര്‍ തരുന്നതുകൊണ്ട് ജീവിച്ചുകൊളളണം എന്നാണോ ദര്‍ശനം ഉദ്ദേശിക്കുന്നത്?”
ഈ ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല. ആകെ മാററത്തിന്റെ കൂടെ ധനതത്വശാസ്ത്രവും മാറും. പുതിയ ലോകത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ ജീവന്‍; നാം പരസ്പരം ഉണ്ട് എന്ന ബോധമായിരിക്കും. നീയാണ് എന്റെ സമ്പത്ത്. അത് വന്നു കഴഞ്ഞാല്‍ സ്വകാര്യ ഉടമയും സാമൂഹ്യ ഉടമയും രണ്ടും മാഞ്ഞുപോകും. പകരം എന്താണ് പുതുതായി ഉണ്ടാവുക. കൈവശ സംവിധാനമാണ് അന്നത്തെ പുതിയ ഉടമാസമ്പ്രദായം. ഭൂമിയിലുള്ള എല്ലാവര്‍ക്കും അവരവരുടെ കഴിവും താല്‍പര്യവും അനുസരിച്ച് എന്തെങ്കിലും ചിലത് കൈവശം വയ്ക്കാനുണ്ടാകും. അത് ഭൂമിയാകാം, വളര്‍ത്തുമൃഗങ്ങളാകാം, യന്ത്രങ്ങളാവാം, വാഹനങ്ങളാവാം, തൊഴില്‍ സാമര്‍ത്ഥ്യമാവാം. ഒരു പ്രദേശത്ത് ഒരാള്‍ക്ക് ഒരു ഹെക്ടര്‍ ഭൂമി ഉണ്ടെന്നിരിക്കട്ടെ. അവിടെയുള്ള എല്ലാവര്‍ക്കും ഓരോ ഹെക്ടര്‍ വീതം വേണമെന്നില്ല. ചിലര്‍ക്ക് കൃഷിയില്‍ താല്‍പര്യമില്ലെങ്കില്‍ അവര്‍ക്കു വീടിനുള്ള സ്ഥലം മാത്രം മതി.
അന്നത്തെ സാമ്പത്തിക സമത്വത്തില്‍ ഊന്നിയുളളതായിരിക്കില്ല; ബന്ധുത്വത്തില്‍ ഉളളതായിരിക്കം. ഈ ഒററവീട്ടുകാരന്‍ ഒരു പൈലററാണെന്നിരിക്കട്ടെ.ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു് അവശ്യസാധനങ്ങളെത്തിക്കുന്ന ഒരു പൈലററ്. അയാള്‍ സ്വന്തം കുടുംബത്തിന് എന്ന നിലയ്ക്കാണ് ഈ സര്‍വ്വീസ് ചെയ്യുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ മററുള്ളവരും സ്വന്തമായി കാണും. അരിയോ പച്ചക്കറികളോ വസ്ത്രമോ എന്തു വേണമെങ്കിലും തങ്ങളുടെ കുടുംബാംഗത്തിന് എന്ന നിലയില്‍ ഗ്രാമീണര്‍ ഓരോരുത്തരും എത്തിച്ചുകൊടുക്കും. ഞാന്‍ ഭൂമിയോ വൈദഗ്ധ്യമോ സ്വന്തമാക്കി വയ്ക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയായിരിക്കും. എന്റെ വീട്ടിലെ പശുവിന്‍പാല്‍ ആവശ്യമുള്ള ആര്‍ക്കും കൊണ്ടുപോകാം. അതിനാണ് ഞാന്‍ പശുക്കളെ വളര്‍ത്തുന്നത്. നമ്മുടെ ഒരു ചെറിയ വീട്ടില്‍ ഇന്നും ഇത് നടന്നുപോരുന്നുണ്ട്. ചേച്ചിക്കും അയല്‍ക്കാര്‍ക്കും ചേട്ടനുമൊക്കെ ചക്കയോ മാങ്ങയോ ചീരയോ പങ്കിട്ടുകൊടുക്കുന്നതു വാങ്ങാൻ അവര്‍ ലജ്ജിക്കാറില്ലല്ലോ. ഈ കുടുംബ മനോഭാവം വിശ്വവ്യാപകമാക്കണമെന്നേ ദര്‍ശനം പറയുന്നുള്ളു. പരിശീലിച്ചാല്‍ ഇത് സാധിക്കാവുന്നതാണ്.
എന്റെ ഒരു സുഹൃത്ത് ഒരാവശ്യത്തിന് മലപ്പുറത്ത് പോയിരുന്നു. മടങ്ങി വരുമ്പോള്‍ പട്ടാമ്പി കുന്നുപോലെ കുരുന്നു വെണ്ടയ്ക്ക കൂട്ടിയിട്ടിരിക്കുന്നു. അദ്ദേഹം വണ്ടി നിര്‍ത്തി ഇറങ്ങി. വെണ്ടയ്ക്ക നല്ലതാണെന്ന് ബോധ്യമായി. കിലേയ്ക്ക് എന്തു വിലയാകും എന്നു ചോദിച്ചു. വ്യാപാരി പറഞ്ഞു 3 രൂപ. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ അയല്‍ വീടുകളെല്ലാം വന്നു. അദ്ദേഹം 14 കിലോ വാങ്ങി. വീട്ടില്‍ കൊണ്ടുവന്ന് മേശപ്പുറത്ത് 14 വീതം കുട്ടിവച്ചു. അയല്‍ക്കാരെ അറിയിച്ചു. ഓരോ വീട്ടികാരും വന്ന് 3 രൂപ വച്ചിട്ട് ഓരോ കൂന കൊണ്ടുപോയി. മററുള്ളവരെപ്പററിക്കൂടി പരിഗണിച്ചുപെരുമാറുന്ന ഈ രീതി വികസിപ്പിക്കുവാന്‍ കഴിയാത്തതാണോ? ഇവിടെ അന്ന് 6 രൂപയാണ് വില.
സര്‍ സ്വപ്നംകാണുന്ന ആ ലോകത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും?
ബാങ്കുകളെ ഉണ്ടാവില്ല. നാണയമില്ലാത്തിടത്ത് ബാങ്ക് എന്തിന്. കൊടുക്കല്‍ വാങ്ങലല്ലാതെ കടം വാങ്ങുകയേ വേണ്ടാതാവും.
മറ്റൊരു ചോദ്യം. “തനിക്കും കുടുംബത്തിനും വേണ്ടതെല്ലാം യഥേഷ്ടം കിട്ടും എന്നുവന്നാല്‍ ആരെങ്കിലും കഠിനാദ്ധ്വാനത്തിന് തയ്യാറാകുമോ? അന്ന് അദ്ധ്വാനത്തിന്റെ പ്രേരകശക്തി എന്തായിരിക്കും?”
എല്ലാവരും ചിന്തിക്കേണ്ട ഒരു പ്രശ്നമാണിത്. സ്വകാര്യ ലാഭം മുന്നില്‍ കാണാതെ വ്യക്തികള്‍ കഷ്ടപ്പെടാന്‍ തയ്യാറാകുമോ. ഇന്ന് അദ്ധ്വാനത്തിന്റെ മുഖ്യ പ്രേരണ പ്രതിഫലമാണ് — നാണയമാണ് — എന്നു വ്യക്തം. എന്നാല്‍ സ്വന്തം വീട്ടില്‍ കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ കൂലിയെപ്പററി ഇന്നും ചിന്തിക്കുന്നില്ല. വെളുപ്പിന് 4 മുതല്‍ രാത്രി 11 വരെ വീട്ടില്‍ പണി എടുക്കുന്ന ഒരു കുടുംബനാഥയുടെ പ്രേരകശക്തി എന്താവും. തന്റെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ കഴിവതും നന്നായി സാധിച്ചുകൊടുത്തു കുടുംബം നന്നായി വരണം എന്നല്ലേ? ഈ മനോഭാവത്തെ വികസിപ്പിക്കുകയാണ് നമുക്ക് വേണ്ടത്. ഈ വികാസം ചിന്താരംഗത്തുനിന്ന് ജീവിത രംഗത്തേക്ക് സാവധാനം പെയ്തിറങ്ങിവരുമ്പോള്‍ ലോകത്ത് അത്യത്ഭുതകരമായ മാററം കാണാനാവും. സ്വന്തം വീടിനുവേണ്ടി ഇത്രമാത്രം കഷ്ടപ്പെടുന്ന സ്ത്രീപുരുഷന്മാര്‍ ലോകത്തിനുവേണ്ടി ഇതിലെത്രയോ ഇരട്ടി ഉശിരോടെ പ്രവര്‍ത്തി എടുക്കും. തനിക്കുവേണ്ടി ലോകമാകെ ഉണ്ടെന്നു വരുമ്പോള്‍ താന്‍ ലോകത്തിനു വേണ്ടിയും ഉണ്ട് എന്നുറപ്പാക്കുക അത്ര വലിയ ആദര്‍ശമൊന്നുമല്ല. ഇതൊക്കെ ഇന്നും നടന്നുവരുന്ന കാര്യങ്ങളാണ്.
എന്റെ ഓര്‍മ്മയില്‍ നാട്ടിലാകെ ഓലപ്പുരകളായിരുന്നു. വെളുപ്പിന് വന്ന് പുരപൊളിക്കുന്നത് അയല്‍ക്കാരാണ്. പഴയ ഓല അടുക്കിക്കെട്ടി വയ്ക്കും. തെങ്ങില്‍ കയറി ഓല മടല്‍ വാട്ടി വാര്‍ന്ന് കെട്ടുനാരുണ്ടാക്കി വയ്ക്കും. പുര ആകെ തൂത്തുവാരും. ഇതൊന്നും വീട്ടികാര്‍ പറഞ്ഞിട്ടില്ല. കെട്ടാന്‍ കയറുന്നതിനുമുമ്പ് കഞ്ഞിയും ചെറുപയറും തോരനും കാച്ചിയതോ ചുട്ടതോആയ പര്‍പ്പിടകവും ഉപ്പിലിട്ടതോ ചമ്മന്തിയോ തേങ്ങാപ്പൂളോ ഉണ്ടാവും. പ്ലാവില നേരത്തെ കുത്തിവച്ചിരിക്കും. തിണ്ണയിലോ പറമ്പിലോ നിരന്നിരുന്ന് ഫലിതങ്ങള്‍ പറയുമ്പോള്‍ കാർണവന്മാരും കൂടും. പുര കെട്ടിക്കഴിഞ്ഞ് ഇറ കണ്ടിച്ച് ആററില്‍പോയി ചീടി നീന്തിപ്പതച്ച് തുടച്ച് എത്ര ആഹ്ലാദമായിട്ടാണ് കേറിവരുക. ഓല തികയാതെവന്നാല്‍ അവരവരുടെ വീടുകളില്‍ ചെന്ന് എടുത്തുകൊണ്ടുവരും. പുരകെട്ട് ഒരുത്സവമാണ്. അന്യോന്യത അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കും. ചിലര്‍ മിച്ചം വന്ന ഓരോ കെട്ട് പഴയോല വീട്ടിലേക്ക് കൊണ്ടുപോയെന്നുവരും. പുരകെട്ടുസദ്യയ്ക്ക്
ചിലര്‍ പായസവും വയ്ക്കും. അയലത്തെ കുട്ടികളെല്ലാവരും കഞ്ഞിക്കും ഊണിനും കാണും. ഇതൊക്കെ പോരെ. കുളംവെട്ട്, വേലികെട്ട്, കല്യാണ കൊട്ടില്‍ കെട്ട്, കിണറുതേകല്‍, എല്ലാം ഇങ്ങനെതന്നെ നടന്നിരുന്നു. ചിലപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കുണ്ടാക്കി എന്നും വരും. അത് പുതിയ സമൂഹത്തിലും ഉണ്ടാകും. പിന്നെ ഒന്നിച്ചിരുന്ന് ചീട്ടു കളിക്കും. ഈ സഹകരണം അന്നു സാധിച്ചിരുന്നുവല്ലോ. അതിനിയും സാധിക്കാവുന്നതേയുള്ളു.
ലളിതമായ ലക്ഷ്യം: ദര്‍ശനത്തിന്റെ ഭാവനയില്‍ വിരിഞ്ഞു വരുന്ന പുതിയ സമൂഹം പരന്നതാണെങ്കിലും അഗാധമല്ല. ഒന്നിനൊന്നുണ്ട് എന്ന ബോധത്തില്‍ കണ്ണി ചേരണമെന്നേ ദര്‍ശനം ഉദ്ദേശിക്കുന്നുള്ളു. ദാരിദ്ര്യമില്ലാത്ത, കലഹമില്ലാത്ത, രോഗമില്ലാത്ത എന്നൊക്കെ പറയുമ്പോള്‍ അര്‍ത്ഥമാക്കേണ്ടത് ഒരു കുടുംബം രോഗബാധിതമായാല്‍ അന്വേഷിക്കാന്‍ അതറിയുന്ന എല്ലാവരും ഉണ്ടാകും എന്നാണ്. ദാരിദ്ര്യം ഒരു നാട്ടില്‍ പരന്നാല്‍ മറുനാടുകള്‍ അവിടെ എത്തി പോംവഴി കണ്ടെത്താന്‍ ശ്രമിക്കും. കലഹമുണ്ടായാല്‍ അതൊഴിവാക്കാന്‍ ജനം മുന്നോട്ടു വരും. സ്വാകാര്യത ഇല്ലാത്ത വ്യക്തികളാവണം എല്ലാവരും എന്ന് ദര്‍ശനം ഉദ്ദേശിക്കുന്നില്ല. ഓരോരുത്തരുടേയും സ്വകാര്യതയെ നിറവേറ്റാന്‍ മററുള്ളവരും ഉണ്ടാകുന്നൊരവസ്ഥ സംജാതമാകണം എന്നതാണ് ലക്ഷ്യം. എനിക്കുവേണ്ടി ഞാന്‍ മാത്രം എന്ന തലത്തില്‍ നിന്നു് എനിക്കുവേണ്ടി എല്ലാവരും ഉണ്ട്; ഞാന്‍ മററുള്ളവര്‍ക്കു വേണ്ടിയും ഉണ്ട്. ഈ കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഒരു ശ്രമം നടക്കണം എന്നേ ആഗ്രഹിക്കുന്നുള്ളു. ദര്‍ശനത്തിന്റെ ഈ ലളിത സമീപനം ലോകം അറിയണം.
ഈ പറയുന്നതെല്ലാം പ്രായോഗികമാക്കാന്‍ പററുമോ?
അല്ലെന്നു പറയുമ്പോള്‍ രണ്ടു കാര്യം ഓര്‍ക്കണം.
1. ഇന്നത്തെ നിലയില്‍ ഇനിയും തുടരാന്‍ പററുമോ?
2. മനോവികാസം അസാദ്ധ്യമായ കാര്യമാണോ? കൂട്ടമായ ശ്രമം തുടങ്ങിയാല്‍ തീര്‍ച്ചയായും ഒന്നിനൊന്നു കൈകോര്‍ക്കാന്‍ കഴിയും. ആരെങ്കിലും വിഘടിച്ചു നിന്നാല്‍ സാവധാനം ഈ ഒഴുക്കില്‍ വന്നുകൊള്ളും. സംശയിക്കാതെ ലാഭനഷ്ടങ്ങള്‍ നോക്കാതെ മുന്നോട്ടു വരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നാല്‍ മാത്രം മതി. സംഭവം ഉണ്ടാകാതിരിക്കില്ല. പരിശ്രമം തന്നെ സംഭവമായിത്തീരും. മൈത്രിജീവനം ഒരു പ്രവാഹമാകട്ടെ. സാമൂഹ്യവിരുദ്ധരും അതില്‍ വന്നു ചേര്‍ന്നുകൊളളും.