close
Sayahna Sayahna
Search

രൂപഭാവങ്ങള്‍


ഡി.പങ്കജാക്ഷന്‍

ഭാവിലോകം
DPankajakshan1.jpg
ഗ്രന്ഥകർത്താവ് ഡി.പങ്കജാക്ഷന്‍
മൂലകൃതി ഭാവിലോകം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം രാഷ്ട്രമീമാംസ
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 60

രൂപഭാവങ്ങള്‍

<poem> പുതിയ ഒരു ലോകം സാദ്ധ്യമാണ് എന്നുതന്നെയല്ല ആവശ്യവുമാണ് എന്ന വിശ്വാസത്തിലേക്ക് ജനതയെ ഉണര്‍ത്തുവാനുള്ള ഒരു കേളികൊട്ടാണ് ഈ കൃതി

ദര്‍ശന[1] ത്തിന്റെ സ്വപ്നം ദര്‍ശനത്തിന് സാക്ഷാത്ക്കരിക്കാവുന്നതല്ലല്ലോ. അവരവരെക്കൊണ്ട് സാധിക്കാത്ത കാര്യത്തിന് എന്തിന് വ്യഥാ പ്രയത്നിക്കുന്നു.

ദര്‍ശനത്തിന് സാദ്ധ്യമല്ലെന്ന് സമ്മതിക്കുന്നു. പാര്‍ട്ടികള്‍ക്കോ, മതങ്ങള്‍ക്കോ, രാഷ്ട്രങ്ങള്‍ക്കോ, വിശ്വ പരിവര്‍ത്തനം സാദ്ധ്യമാകുമോ. ഇല്ലെന്നെല്ലാവരും സമ്മതിക്കും. ആര്‍ക്കാണിത് സാധിക്കുക. ബഹജനങ്ങള്‍ക്ക് സാധിക്കും എന്നാണ് ദര്‍ശനത്തിന്റെ വിശ്വാസം. ഒററക്കും കൂട്ടായും പരിശ്രമിക്കുക മാത്രമേ നമുക്കാവൂ. അത് ചെയ്യുക തന്നെ വേണം.

സൈറണ്‍ മുഴക്കാം

സ്വകാര്യമാത്രപരത വര്‍ദ്ധിച്ച, ഉളളിലെ ആര്‍ദ്രത വററി, പക പെരുകി വരുന്ന ഒരു കാലഘട്ടമാണിത്. ഇവിടെ മനുഷ്യത്വം ഉണര്‍ത്തി മുന്നോട്ടുളള കുതി സാദ്ധ്യമാക്കണം. അതിന് നമ്മുടെ വിദ്യാലയങ്ങളും വീടും വേണ്ടത്ര സഹായിക്കുന്നില്ല. ഒരു വീട്ടില്‍ ജനിച്ചു വളര്‍ന്നുവരുന്ന ഒരു കുട്ടിയെ ആ വീടിന്റെ തൂണാക്കിത്തീര്‍ക്കാനാണ് പല വീട്ടുകാരും ശ്രമിക്കുന്നത്. വ്യക്തിയെ ഉദാസീനനാക്കി മുരടിപ്പിച്ച് തമസിന്റെ ഭാഗമാക്കിത്തീര്‍ക്കുന്നതില്‍ ടി. വി. ക്കും നല്ല പങ്കുണ്ട്. അതിന്റെ മുമ്പിലിരുന്നു് ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഉറങ്ങിയും സന്താഷമായി കഴിയാന്‍ നമ്മുടെ സ്ത്രീ പുരുഷന്മാരും കുട്ടികളും ശീലിച്ചുപോയി. ഇതിനിടയില്‍ എന്തെങ്കിലും തെററു ചെയ്തുപോയാല്‍ പാപപരിഹാരത്തിന് ആരാധനാലയങ്ങളുണ്ട്. എന്തും ചെയ്യാം. രോഗനിവാരണത്തിന് ആശുപത്രികള്‍ ഉളളതിനാല്‍ ആഹാരത്തില്‍ ഒരു നിയന്ത്രണവും വേണ്ട. നാട്ടില്‍ എന്തു സംഭവിച്ചാലും ഞാനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തില്‍ സ്വന്തം മുറിയില്‍ സ്വസ്ഥനായിരിക്കാന്‍ കഴിയത്തക്കവണ്ണ​ മനുഷ്യന്‍ മരവിച്ചുപോയില്ലേ?

പൈശാചികതയേക്കാള്‍ കഷ്ടമാണ് ഈ ജഡാവസ്ഥ. ഇതിനെ തൂത്തെറിയാന്‍ ദര്‍ശനത്തിന് കഴിയില്ല. എന്നാല്‍ വിളിച്ചു കൂവാന്‍ കഴിയും. അപൂര്‍വം ചിലര്‍ കേട്ടെന്ന് വരും. അവരും കൂടിച്ചേര്‍ന്നു കൂവി വിളിക്കണം. ‘അപകടം’, ‘കടുത്ത അപകടം, കൈകോര്‍ത്താല്‍ രക്ഷപെടാം’ എന്ന മനുഷ്യ ശബ്ദം മാനവ മുഖങ്ങളില്‍നിന്നു പുറത്തവരണം. അതിനുപയോഗപ്പെടുന്നില്ലെങ്കില്‍ എന്തിനീ കണ്ഠം? വസ്ത്രമാകുന്നില്ലെങ്കില്‍ എന്തിനീ നൂല്‍? തുടലാകാന്‍ തയ്യാറല്ലെങ്കില്‍ എന്തിന് കണ്ണീയുണ്ടാവണം? നെയ്യപ്പെടാന്‍ തഴ വഴങ്ങുന്നില്ലെങ്കില്‍ തഴയുടെ പ്രസക്തിയെന്ത്? ഒന്നിച്ച് ജീവിക്കുവാന്‍ കൊളളില്ലെങ്കില്‍ വ്യക്തികളെന്തിന്?

ഓരോ മനസ്സിന്റെയും ഉളളറയില്‍ അന്യോന്യജീവിതത്തിന്റെ മണിനാദം മുഴങ്ങട്ടെ. അപ്പോഴാണ് വ്യക്തിജീവിതം സഫലമാകുന്നത്.

“നിന്നെക്കൊണ്ടാകാത്ത കാര്യത്തിന് നീ എന്തിന് വിളിച്ചു കൂവുന്നു” എന്നു ചോദിക്കരുതേ.

ഭാവിലോകം

“ഭാവിലോകത്തെപ്പററിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്ത്? സാമൂഹ്യപ്രവര്‍ത്തകരോട് ഞാന്‍ ചോദിക്കാറുണ്ട്. ആവശ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് താല്ക്കാലിക പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് പലരും നമ്മുടെ രംഗത്ത് നില്‍ക്കുന്നത് എന്ന് എനിക്കു് മനസ്സിലായി. ബഹുജനങ്ങളിലാകട്ടെ അവര്‍ ധാരാളം പറയുമെങ്കിലും പുതിയൊരു ലോകം അവരുടെ സ്വപ്നത്തില്‍പ്പോലുമുളളതായി കണ്ടില്ല. പലരും വായിക്കുന്നു, കേള്‍ക്കുന്നു, പറയുന്നു; എന്നാല്‍ നടക്കേണ്ട ഒരു മഹാ സംഭവം എന്ന നിലയ്ക്ക് പുതിയ ലോകത്തിന്റെ ആവിഷ്കാരത്തെ കാണാന്‍ ശ്രമിക്കുന്നില്ല. ഭാവനയില്‍ അതില്ല. അനുദിന സംഭവങ്ങളെ നന്നായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന പലരും അനുദിന ജീവിതത്തിനപ്പുറത്തേക്ക് പോകുന്നില്ല. പോകുന്നവരാകട്ടെ ‘നടപ്പില്ല’ എന്ന ബോദ്ധ്യത്തില്‍ പിന്‍തിരിയുകയുമാണ്. ലോകത്തിനാകെ വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും രക്തസാക്ഷികളാകുകയും ചെയ്ത ലോക മഹാപുരുഷന്മാരെപ്പോലും നമ്മുടെ ചെറിയ മനസ്സില്‍ കൊള്ളാന്‍ പാകത്തിന് ചെറുതാക്കിക്കൊണ്ടിരിക്കുകയല്ലേ നാം.

വളരാന്‍ മടിക്കുന്ന ഈ വീക്ഷണ ശൈലിയാണ് സംഭവം ഉണ്ടാകാത്തതിന്റെ ഒരു കാരണം എന്ന് എനിക്ക് തോന്നുന്നു. ബഹുജനങ്ങളുടെ സ്വപ്നത്തില്‍ വരാത്ത ഒരു കാര്യം സാക്ഷാത്കരിക്കാന്‍ ആര്‍ക്കു കഴിയും? സമൂല പരിവര്‍ത്തനം ലോകത്തിന് എന്നും അന്യമായിത്തന്നെഇരിക്കും. കണ്ടുപിടിത്തങ്ങളും, യുദ്ധങ്ങളും, ജയപരാജയങ്ങളും ഭരണമാററങ്ങളും പുതിയ ഭോഗാനുഭൂതികളും കൊണ്ട് നമുക്ക് സംതൃപ്തരാകേണ്ടിവരും. ഇതും അധികകാലം തുടരാന്‍ സാധിക്കില്ല. എല്ലാം വെറുത്ത്, ആത്മഹത്യാ പ്രവണത വളര്‍ന്നു് ഒടുവില്‍ യദുവംശത്തെപ്പോലെ തമ്മില്‍ തമ്മില്‍ അടിച്ച് മരിക്കേണ്ട ഗതികേട് സംഭവിച്ചേക്കാം. അതിനിടവരുത്തണോ? ഒന്നിനും ഒരു കുറവുമില്ലാത്ത, എല്ലാവര്‍ക്കും ആവശ്യത്തിനു് വേണ്ടവോളമുള്ള അതിമനോഹരമായ അനുഗൃഹീതമായ ഈ ഭൂമിയില്‍ കിട്ടിയ ജീവിതം കലാപവേദിയാക്കുവാന്‍ തക്ക ബുദ്ധിമോശം നമുക്കു സംഭവിച്ചല്ലോ. ഈ ഭൂമി എന്റെ ഒപ്പം ഉളളവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും കൂടി ജീവിക്കാനുള്ളതാണ് എന്ന് ഓരോരുത്തരും കരുതിയാല്‍ പ്രശ്നം തീരില്ലേ?

ഇവിടെ എനിക്കുവേണ്ടി മാത്രമായി ഒന്നുമില്ല. എല്ലാവര്‍ക്കും വേണ്ടത്ര ഉളളപ്പോള്‍ ഒററയ്ക്കനുഭവിക്കണമെന്ന ശാഠ്യം എന്തിനു പുലര്‍ത്തുന്നു. കടലിലെ മത്സ്യം വേണ്ടവരെല്ലാം പിടിച്ചുകൊളള‌ട്ടെ. പിടിക്കാന്‍ കഴിയാത്തവര്‍ക്ക് പിടിച്ചവര്‍ കൊടുക്കട്ടെ. മത്സ്യം ഉള്‍പ്പെടെ ഒന്നും വില്പനചരക്കേ അല്ല. മനുഷ്യര്‍ക്കും പറവകള്‍ക്കും തിന്നാനും മത്സ്യങ്ങള്‍ക്ക് പരസ്പരം പിടിച്ചുതിന്നാനുംകൂടി ഉളളവയാണ് മത്സ്യങ്ങള്‍. ഈ കാഴ്ചപ്പോട് തെഴില്‍ രംഗത്തും കലാരംഗത്തും ആദ്ധ്യാത്മിക രംഗത്തും ഒക്കെ നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയണം. അതായത് — നമ്മളോരോരുത്തരും ജീവിക്കുന്നത് ലോകത്തിനാകെ വേണ്ടിയാണ് എന്ന ബോധം സകല ചലനങ്ങളിലും തെളിഞ്ഞു വരാനിടയാകണം. ലോക പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം നാം പരസ്പരം വേണ്ടപ്പെട്ടവരാണെന്ന ബോധം വളര്‍ത്തിയെടുക്കാതിരുന്നതല്ലേ.

നന്മ മാത്രം വിളയിക്കുന്ന മനസ്സല്ല ദര്‍ശനം സ്വപ്നം കാണുന്നത്. “സോദരര്‍ തമ്മിലെപ്പോരൊരു പോരല്ല, സൌഹൃദത്തിന്റെ കലങ്ങിമറിയലാം” എന്ന ഗാനശകലമാണ് ഓരോരുത്തരുടെയും ജീവിതം എന്നു വരണം. ഒരു സമയത്ത് ഒരാള്‍ അമിത ഭോഗസക്തികൊണ്ട് മറ്റൊരാളെ ഉപദ്രവിച്ചുവെന്നു വരാം. അത് ആ സുഹൃത്തിന്റെ നിത്യജീവിതശൈലിയാണെന്ന് ആരും കരുതരുത്. നമുക്ക് ബലമായി അദ്ദേഹത്തെ തടയേണ്ടിവന്നേക്കാം. അങ്ങനെ തടയുന്നത് അയാളുടെ രക്ഷയ്ക്കും കൂടി ആവശ്യമാണ്. ഇടയക്ക് നമ്മളാരും വിചാരിക്കാത്തത് ഭൂമിയില്‍ നടന്നെന്നുവരും. ആകെ കലങ്ങി നമ്മുടെ വിശ്വകുടുംബം അവതാളത്തില്ലയെന്നും വരും. സകലചലനങ്ങളുടെയും കാര്യകാരണബന്ധം നമുക്കു കണ്ടെത്താനാവില്ല. നമ്മുടെ ധര്‍മ്മം, നമ്മുടെ കുടുംബത്തിന്റെ സുസ്ഥിതിക്കുവേണ്ടി നമ്മാലാവത് ചെയ്യുക മാത്രം. പ്രളയാഗ്നി ലോകം മുഴുവന്‍ വിഴുങ്ങുകയാണെങ്കില്‍ അത് നടന്നുകൊളളട്ടെ. ഇപ്പോള്‍ നമുക്കു വേണ്ടതെന്ത്?‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മുടെ ഈ വിശ്വഭവനത്തെ കലാപത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രോഗത്തില്‍ നിന്നും അജ്ഞതയില്‍നിന്നും മോചിപ്പിക്കുവാന്‍ സദാ പരിശ്രമിക്കുക — അത്രമാത്രം. നമുക്കിനി ഇന്നത്തെ ഈ സങ്കുചിത ജീവിതശൈലി തുടരാന്‍ ഇടയാകാതിരിക്കണം. ലോകജനത ഒരു കുടുംബ ബോധത്തിലേക്കു് വരണം. ലോകം മുഴുവന്‍ എനിക്കുവേണ്ടിയുണ്ടെന്നും ഞാന്‍ ലോകത്തിനാകെ വേണ്ടിയാണെന്നും ഉളള ആത്മബോധത്തില്‍ ഓരോരുത്തര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയണം. ഇന്നത്തെ സാഹചര്യത്തില്‍ അതു സാധിക്കുമെന്ന് കരുതാന്‍ പ്രയാസമാണെന്നു സമ്മതിക്കുന്നു. എന്നാല്‍ അതാണു വേണ്ടതെന്നുറപ്പുണ്ടെങ്കില്‍ അതിന് വേണ്ടി ശ്രമിക്കാന്‍ മടിക്കാമോ? ഈ ശ്രമത്തിന് നാമേരോരുത്തരും കഴിവുളളവരാകണമെങ്കില്‍ നമമുടെ മനസ്സില്‍ ആ പുതിയ ലോകത്തെപ്പററി ഏറെക്കുറെ വ്യക്തമായ ഒരു ദര്‍ശനം ഉണ്ടാകണം. ആ ലോകം നാം മുന്‍പില്‍ കാണണം. അവിടെയാണ് നമുക്കെത്തേണ്ടത് എന്ന ലക്ഷ്യബോധം മനസ്സില്‍ തെളിഞ്ഞു വരണം. അതിനു സഹായിക്കുന്ന ഒരു ചെറിയ കൈപ്പുസ്തകമാണ് ഇത്. മാററത്തിനുവേണ്ടി ശ്രമിക്കുന്ന ഓരോരുത്തരും ഈ ലക്ഷ്യബോധം ഉള്‍ക്കൊള്ളുകയും ബഹുജനങ്ങളുടെ മനസ്സിലേക്കു് ഇത് പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുകയും വേണം. അതിന് സഹായകമാകണം ഈ ചെറു കൃതി. പുതിയ സമൂഹത്തിന് ‘വികസിത ജനകീയ സോഷ്യലിസമെന്നോ’ ‘കമ്മ്യൂണിസമെന്നോ’ ഉളള പദങ്ങള്‍ മതിയാകാതായിരിക്കുന്നു. ‘ജനാധിപത്യം’ എന്ന പദം ഒട്ടും മതിയാവില്ല.


  1. ആലപ്പുഴയിൽ നിന്ന് 1973 മുതൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു മാസിക.