സത്യം, സത്യാത്മകത
ഒരു ശബ്ദത്തില്‍ ഒരു രാഗം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | ഒരു ശബ്ദത്തില്‍ ഒരു രാഗം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്. |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 95 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
സത്യം, സത്യാത്മകത
കോളിന് വില്സന് എന്ന പ്രശസ്തനായ എഴുത്താകാരന് സാഹിത്യത്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ വിശ്വസാഹിത്യത്തിലെ രണ്ടു രത്നങ്ങളെടുത്തുകാണിക്കുന്നുണ്ട്. അവയില്‍ ഒന്നു് ജര്‍മ്മന്‍ മഹാകവി ഗോയഥേയുടെ ‘ഫൌസ്ററ്’ എന്ന കാവ്യത്തിന്റെ ഒരു ഭാഗമാണ്. കാവ്യത്തിന്റെ തുടക്കത്തില്‍ നായകന് വിഷം കുടിച്ചു മരിക്കാന്‍ പോകുന്നതിന്റെ ചിത്രമുണ്ട്. വിഷം നിറച്ച പാനപാത്രത്തെനോക്കി അയാള്‍ പറയുന്നു: “തിളങ്ങുന്ന സിതോപലംകൊണ്ട് നിര്‍മ്മിതമായ പാനപാത്രമേ, കഴിഞ്ഞ എത്രയോ സംവല്‍സരങ്ങളായി നിന്നെക്കുറിച്ച് ഞാന്‍ വിചാരിക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ നീ പഴയ അലമാരയില്‍നിന്നും പറത്തുവന്നിരിക്കുന്നു. എന്റെ പൂര്‍വ്വികന്റെ ഉപയോഗശൂന്യങ്ങളായ വസ്തുക്കളുടെ ഇടയില്‍ നീയിരുന്നു പ്രകാശിക്കുകയായിരുന്നു. അയല്‍ക്കാരനുവേണ്ടി പാനോപചാര പ്രഭാഷണം നടത്തികൊണ്ടുനിന്നു എന്റെ പൂര്വ്വികന്. പക്ഷേ ഇന്നു് ഒരയല്ക്കാരനും എന്റെ കൈയില്‍നിന്നു നിന്നെ സ്വീകരിക്കില്ല. ഒന്നു കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് നിന്നില്‍ നിറഞ്ഞിരിക്കുന്ന ഈ തവിട്ടു നിറമുള്ള ദ്രാവകം ഞാന്‍ കുടിച്ചുകഴിയും. ഇത് ഞാനാണ് ഉണ്ടാക്കിയതു്. ഞാന്‍ എന്റെ അവസാനത്തെ പാനകര്‍മ്മം നടത്തട്ടെ. പ്രഭാതത്തിനു പാനോപചാരം.”
ഇത്രയും പറഞ്ഞിട്ട് അയാള്‍ പാനപാത്രം ചുണ്ടോട് അടുപ്പിക്കുന്നു. അപ്പോള്‍ ഈസ്റ്ററിന്റെ മണിനാദം കേള്‍ക്കുന്നു. ഫൌസ്ററ് പെട്ടെന്നു പാനപാത്രം ചുണ്ടില്‍നിന്നെടുത്തു. “ഈസ്റ്റര്‍ ദിനത്തിന്റെ ഉജ്ജ്വലനിമിഷമേ, അഗാധതായര്‍ന്ന മണിനാദമേ” എന്നൊക്കെപ്പറഞ്ഞിട്ട് അയാള്‍ ജീവിക്കാന്‍ തീരുമാനിക്കുന്നു. “അതെന്നെ ജീവിക്കാനായി ആഹ്വാനം ചെയ്യുന്നു” എന്നാണ് ഫൌസ്ററ് പറയുക.
കോളിന് വില്സന് എടുത്തുകാണിക്കുന്ന രണ്ടാമത്തെ രത്നം ഹെര്‍മാന്‍ ഹെസെയുടെ ‘ഷ്ട്രെഫാന്‍ വൊള്‍ഫ്’ എന്ന നോവലാണ്. വിവാഹമോചനത്തിനുശേഷം ഒററയ്ക്കു് കഴിയുകയാണ് ഹാലര്‍. രണ്ടംശങ്ങള്‍ അയാളിലുണ്ട്. ഒന്നു് പരിഷ്കൃത മനുഷ്യന്റെ അംശം; രണ്ട് കാട്ടാളന്റെ അംശം. നൈരാശ്യത്താല്‍ അയാള്‍ ആത്മഹത്യക്കു ആലോചിക്കുന്നു. പക്ഷെ ഹാലറിനു പെട്ടെന്ന് ആഹ്ലാദമുണ്ടാകുന്നു. അതോടെ നിത്യതയുടെ പ്രതീതിയാണു് അയാള്‍ക്കു്.
നിത്യജിവിതത്തിന്റെ വൈരസ്യത്തില്‍നിന്നു് ഫൌസ്ററും ഹാലറും സത്യത്തിന്റെ മണ്ഡലത്തില്‍ ചെല്ലുന്നുവെന്നാണ് കോളിന് വില്‍സന്റെ മതം. ബാഹ്യലോകത്തിന്റെ ബലിമൃഗങ്ങളായി കഴിഞ്ഞ അവര്‍ക്കു രണ്ടുപേര്‍ക്കും ആധ്യാത്മിക ദര്‍ശനം ലഭിക്കുന്നു. ഈ ദര്‍ശനത്തിനു് കളമൊരുക്കുന്നവയാണ് സാഹിത്യ കൃതികള്‍.
നവീന സാഹിത്യം ഈ ദര്‍ശനത്തിനു സഹായിക്കുന്നില്ല. കാരണം അവരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും അസ്തിത്വവാദമെന്ന തത്ത്വ ചിന്താപദ്ധതിയാണ്.
ഇതിന്റെ ഉദ്ഘോഷകന്‍ ഷാങ് പോള്‍ സാര്‍ത്രാണ്. അദ്ദേഹത്തിന്റെ മതമനുസരിച്ച് മനുഷ്യജീവിതം അര്‍ത്ഥ രഹിതമാണ്. അര്‍ത്ഥരഹിതമായതുകൊണ്ട് ട്രാജിക്കും. ആവര്‍ത്തിച്ചുള്ള പ്രവൃത്തികളില്‍ മടുപ്പുതോന്നുമ്പോള്‍ മനുഷ്യന് ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചു് വിചാരിക്കും. അപ്പോള്‍ ഈ ലോകം തനിക്കു അന്യമാണെന്നു് അയാള്‍ക്കു തോന്നും. ഇതിനെ സാര്‍ത്ര് ‘അബ്സേഡ്’ എന്നുവിളിച്ചു. നമ്മള് ജീവിക്കുന്നതും മരിക്കുന്നതും അര്‍ത്ഥരഹിതമാണെന്ന് സാര്‍ത്രിന്റെ അഭിപ്രായം. ഈ മതമുള്ള സാര്‍ത്രിനു് റൊമാന്റിക് കവിതകള്‍ ഇഷ്ടപ്പെടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാര്ക്കും ഇഷ്ടപ്പെടില്ല. താഴെചേര്‍ക്കുന്ന വരികള്‍ ഫ്രഞ്ച് ഭാഷയിലാക്കി സാര്‍ത്രിനെ ചൊല്ലിക്കേള്‍പ്പിക്കൂ.
“ഏഴിലം പാലപ്പൂവിന് തൂമണം തുളുമ്പുന്നു
ണ്ടൂഴിതന്‍ നിശ്വാസത്തിനെന്തു മോഹനരാത്രി!
ഇളകും മിന്നാമിന്നി വൈരക്കല്പൊടിവെട്ടി
ത്തിളങ്ങും നിജാനീല നീരാള നിചോളാഗ്രം
രോമങ്ങള്‍ തോറും കോരിത്തിരിപ്പുണ്ടാകുമാറു
മാമക ശരീരത്തിലിഴയുമ്പൊഴിശ്യാമ”
അസംബന്ധമെന്നായിരിക്കും ഇതുകേള്‍ക്കുന്ന സാര്‍ത്രിന്റെ ഉദീരണം. പക്ഷേ ഇതു് സത്യത്തിനു ഒരു പുതിയ മാനം നല്‍കുകയാണ്. അതു് അസ്തിത്വ വാദികള്‍ക്കു് അംഗീകരിക്കാനാവില്ല.
വീണ്ടും കോളിന് വില്‍സനെ എനിക്കു് ആശ്രയിക്കേണ്ടിവരുന്നു. ഒരുദാഹരണം അദ്ദേഹം നല്കുന്നതു് നോക്കുക. സ്നേഹിച്ചിരുന്ന സ്ത്രീയെയാണ് ഒരുത്തന് വിവാഹം കഴിച്ചെതെന്നു കരുതൂ. വിവാഹം കഴിഞ്ഞിട്ട് കാലമെറെയായി. ഒരു ദിവസം കാലത്തു് അയാള്‍ സ്നേഹിതനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ കാപ്പിയുമായി വരുന്നു. അവള് കാപ്പി അവിടെക്കൊണ്ടുവച്ചിട്ടു തിരിയെ പോകുന്നു. അപ്പോള്‍ യൌവനകാലത്തെ അയാളുടെ പ്രേമബന്ധത്തെക്കുറിച്ച് അറിയാവുന്ന സ്നേഹിതന് അതിനെ സൂചിപ്പിച്ചു സംസാരിച്ചാല്‍, അപ്പേള്‍ത്തന്നെ അവള് അവിടെ വീണ്ടും വന്നാല്‍ സ്മരണകളുടെ പ്രവാഹമുണ്ടാകും. അവള് ‘ലളിതലജ്ജ പുരണ്ട കണ്‍കോണുക’ളോടുകൂടി നിന്നതും മറ്റൊരു സന്ദര്‍ഭത്തില്‍ കോപിച്ചതും ഒക്കെ ഓര്‍മ്മിക്കും. അയാള്‍ വെണ്ണിക്കുളത്തിന്റെ ‘മാനവും മൌനവും’ എന്ന കാവ്യം വായിച്ചവനാണെങ്കില്‍ കൂടുതല്‍ ആഹ്ളാദിക്കും. കാവ്യമെങ്ങനെ?
“ഒരു ചെറിയ പേടമാനെന്നപോലാരിലും
കരുണയുളവാക്കിടും കണ്ണുമായോമലാള്‍
ശശികലയുമലിയുമൊരു മുഗ്ദ്ധസ്മിതത്തിനാല്‍
വിശദരുചി വീശുന്നതല്ലെനിക്കുത്സവം.
കനകനളിനീദലശ്രേണിയില്‍ ശ്രീമുത്തു
മണിനിചയമെന്നുപോല്‍ തൂനഖം മിന്നവേ
സരള മണിനൂപുരക്വാണം മുഴക്കിടും
ചരണയുഗ വിന്യാസമല്ലെനിക്കുത്സവം.
കരലുളിത കങ്കണം താളംപിടിക്കുമാ–
റൊരു ലളിതവീണതന്‍ കമ്പിമീട്ടിസ്വയം
പരമ മധുരോദര രാഗസംഗീത
നിര്‍ഝരിയിലവള്‍ നീന്തുന്നതല്ലെനിക്കുത്സവം.
പുരികഴലൊതുക്കാതെ ചെഞ്ചുണ്ടനക്കാതെ
പുരികലതയോങ്ങിയെന്‍ നേര്‍ക്കു പായിക്കവെ
അരുണീമയിരട്ടിച്ച പൂങ്കവിള്‍ക്കൂമ്പുമായ്
തരുണിമണി നില്ക്കുന്ന നില്പേ മഹോത്സവം
… … … … … … … …”
കോപനയുടെ കോപം നിത്യജീവിത സംഭവം. ആ യാഥാര്‍ത്ഥ്യത്തില്‍നിന്നു കവി ഉത്കൃഷ്ടമായ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്കു കടക്കുകയാണിവിടെ.
നമുക്കു കോളിന് വില്‍സന്റെ ഉദാഹരണത്തിലേക്കു തന്നെ വീണ്ടും വരാം. ഭാര്യ കാപ്പിയുംകൊണ്ട് ആദ്യമൊരിക്കല്‍ വന്നു. അപ്പോഴത്തെ അയാളുടെ മാനസികനില ഒരുവിധത്തില്‍. രണ്ടാമതു അവള് അവിടെ വരുമ്പോള്‍ അയാളുടെ മാനസികനില മറ്റൊരു വിധത്തില്‍. കാരണം ഓര്‍മകള്‍ അവളെ സംബന്ധിച്ച സത്യത്തിനു് ഒരു പുതിയ മാനം നല്കി എന്നതാണ്. (കോളിന് വില്‍സന്റെ മതം) ഇങ്ങനെ സത്യത്തില്‍ നിന്നു് അഗാധതയാര്‍ന്ന മറ്റൊരു സത്യത്തിലേക്കു നമ്മെ നയിക്കുന്നതാണ് ഉത്കൃഷ്ട സാഹിത്യം.
ജി. ശങ്കരക്കുറുപ്പിന്റെ ഒരു കാവ്യം നോക്കുക. കടല്‍ക്കരയില്‍നിന്നു ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന ഒരു ബാലനോട് കവി ചോദിക്കുന്നു:–
“എന്തു നീ തനിച്ചിങ്ങു നില്ക്കുവാന് ഏതോ ക്രൂര
ജന്തുപോല്‍ മെരുങ്ങാത്ത സാഗരം മുരളുന്നൂ.
നീലമാമാകാശത്തില്‍ വീശിയ വെളിച്ചത്തിന്
ലോലമാം ചെമ്പന്‍വല ചുരുട്ടിത്തോളത്താക്കി
ക്ഷീണനായ് അലസനായ്പകല്‍പോവതുംനോക്കി
വാണഞാന്‍ ചാരേനില്‍ക്കുമക്കീടാത്തനോടോതി.”
ഈ ചോദ്യം കേട്ട് അവന് ഉത്തരം നല്കി:–
തെല്ലുമേ കുലുങ്ങാതെ ചൂണ്ടലിന് തുമ്പാല്‍ നുര
പല്ലുകാണിച്ചുംകൊണ്ടു് ജൃംഭിക്കും കടലിനെ
കുത്തിയും കളിപ്പിച്ചും ശാസിച്ചും മേവുംബാല
നിത്തിരി മുഖംതിരിച്ചെന്നൊടന്നേരം ചൊല്ലി
പേടിയോ കാവല്‍പ്പട്ടിയാണെങ്ങള്‍ക്കിച്ചങ്ങാതി
വീടിന്റെ മുന്‍പോകാണാമെപ്പൊഴുമുജാറായി
ഈ മണല്‍ വിരിപ്പിന്മേല് മറിഞ്ഞും മണപ്പിച്ചും
കാമംപോലെന്നോടൊപ്പം കളിക്കുന്നൊരിപ്പൊണ്ണന്‍
പാതിയായ്ക്കെങ്ങാന്‍കൂര്‍ക്കം വലിക്കാനാരംഭിക്കെ
വാര്‍ത്തിങ്കള്‍ തെങ്ങിന്‍തോപ്പിലെത്തിച്ചു നോക്കാന്‍ വന്നാല്‍
ഭാവമപ്പടിമാറും കരയില്‍ ചുരമാന്തി
ഭൂവമ്പെ കുലുക്കുമ്പോളമ്പിളി വിളര്‍ത്തുപോം.”
ചന്ദ്രനുദിച്ചു നില്ക്കുമ്പോള് പട്ടി കുരക്കുന്നതു് നിത്യ സംഭവം. അതിലടങ്ങിയിരിക്കുന്ന മഹാദ്ഭുതത്തെ ധ്വനിപ്പിച്ച് നമ്മെ മറ്റൊരു ലോകത്തേക്കു് ആനയിക്കുന്നു എന്നതാണു് ഈ കാവ്യത്തിന്റെ സവിശേഷത. ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ നമ്മള് അദ്ദേഹം ഗാനത്താല്‍ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തു് പ്രവേശിക്കാറില്ലേ? അതുതന്നെയാണു് ഇവിടെയും സംഭവിക്കുന്നതു്.
എന്നാല്‍ നവീന കാവ്യം വായിക്കുമ്പോള്‍ ഇതുപോലെയൊരു ഉദാത്തവികാരം നമുക്കു് ഉണ്ടാകുന്നില്ല.
സ്വാതന്ത്ര്യപ്പുലരി
ഒരു ചുവന്ന പുളളിസാരിക്കും
ഒരുജോടി കരിവളയ്ക്കും വേണ്ടി
യജമാന പുത്രന്റെകൂടെ ഉറങ്ങിയെണീററ
വേലക്കാരിയെപ്പോലെ.
കാക്കിയണിഞ്ഞ സൂര്യന്
വെളുപ്പിനു വീടുവളഞ്ഞു വിളിച്ചുണര്‍ത്തി
‘നിങ്ങള്‍ക്കൊരു വാറണ്ടുണ്ട്’എന്നറിയിക്കുന്ന
പോലീസ് ഉദ്യോഗസ്ഥനെപ്പാലെ
വളറിയ ആകാശം.
ഇതിലാകെ കല്പനാഭാസങ്ങളാണ്. ഇതില്‍ ലയമില്ല, താളമില്ല, വികാരമില്ല, ആശയ സൌകുമാര്യമില്ല. ഒന്നുമില്ല. ആശയ ഭംഗിയില്ലെങ്കിലും ആശയമുണ്ട്. അവ കാവ്യാത്മകങ്ങളല്ല എന്നേ പറയേണ്ടതുള്ളു. ഈ വരികള്‍ അനുവാചകന്റെ ബുദ്ധിയുടെ മുന്‍പിലാണ് നില്ക്കുക. യഥാര്‍ത്ഥമായ കവിത അനുവാചകന്റെ ഹൃദയത്തിനു മുന്പിലായിരിക്കും വര്‍ത്തിക്കുക.
ലാററിനമേരിക്കന്‍ കവി ബോര്‍ഹെസ് The Other Tiger എന്നൊരു കാവ്യമെഴുതിയിട്ടുണ്ട്. കവി ലൈബ്രറിയിലീരിക്കുമ്പോള്‍ ഗംഗയുടെ തീരത്തു നടക്കുന്ന കടുവയെക്കുറിച്ച് ഓര്‍മ്മിക്കുന്നു. ചെളിയാര്‍ന്ന കരയില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു് അവന് നടക്കുകയാണ്. അതിനെയാണ് തെക്കേയമേരിക്കയിലിരുന്നു കവി ഓര്‍മ്മിക്കുക. എന്നാല്‍ കവി കടുവയെ കാവ്യത്തിലൂടെ അഭിസംബോധന ചെയ്താല്‍ അതു് നിഴല്‍മൃഗം മാത്രമായിരിക്കും പ്രതീകങ്ങളുടെ കടുവ മാത്രമായിരിക്കും. പുസ്തകങ്ങളില്‍നിന്നു പെറുക്കിയെടുത്ത അംശങ്ങള്‍മാത്രം. സൂര്യന്റെയോ മാറുന്ന ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ താഴെ സഞ്ചിരിക്കുന്ന “മാരകമായ ആഭരണ”മായ ബംഗാള്‍ക്കടുവയല്ല അതു്. കവിയുടെ സൃഷ്ടി വെറും ‘ഫിക്ഷന്‍’ — സങ്കല്‍പ്പം.
ഇനി മൂന്നാമതൊരു കടുവയുണ്ട്. അതു കവി സ്വപ്നം കാണുന്നതു മാത്രമായിരിക്കും. ഭൂമിയില്‍, മാംസവും അസ്ഥിയുമാര്‍ന്നു നടക്കുന്ന കടുവയല്ല വാക്കുകളുടെ ഘടനമാത്രമായ മൃഗം. ഇതൊക്കെ കവിക്കറിയാം. എങ്കിലും പദ്യത്തിലില്ലാത്ത കടുവയ്ക്കുവേണ്ടി കവി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കലാസൃഷ്ടി എത്ര ഉത്കൃഷ്ടമായാലും ആത്യന്തിക സത്യത്തെ ആവിഷ്കരിക്കാന്‍ അതു് അസമര്‍ത്ഥമാണെന്നാണ് ബോര്‍ഹെസ് പറയുന്നതു്. ഒരു പൈപ്പിന്റെ (പുകവലിക്കാനുള്ളതു്) ചിത്രം വരിച്ചിട്ട് “ഇതു് പൈപ്പല്ല” എന്നു താഴെ എഴുതിവച്ച ഒരു പെയിന്റിങ് ഉണ്ട്. പൈപ്പ് എത്രകണ്ടു യഥാര്‍ത്ഥമായാലും സമ്പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തോട് അതു് അടുക്കുന്നില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. സത്യമിതായതുകൊണ്ട് വസ്തു പ്രതീതി മാത്രമുളവാക്കുന്ന രചനകള്‍ — അവ കവിതയായാലും കഥയായാലും — കലയുടെ മണ്ഡലത്തില്‍ പ്രവേശിക്കുന്നില്ല. സത്യത്തിന്റെ മണ്ഡലത്തില്‍നിന്നു് സത്യാത്മകതയുടെ മണ്ഡലത്തിലേക്കു അനുവാചകനെകൊണ്ടു ചെല്ലുന്നതാണ് കല, സാഹിത്യം.