close
Sayahna Sayahna
Search

ഒരുശബ്ദത്തില്‍ ഒരു രാഗം


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഒരു ശബ്ദത്തിൽ ഒരു രാഗം

പ്രസ്ദ്ധനായ പഞ്ചാപകേശയ്യര്‍ ഇംഗ്ളണ്ടിലായിരുന്നപ്പോള്‍ ഒരു ഇംഗ്ലീഷുകാരന്‍ അദ്ദേഹത്താടു ചോദിച്ചു: ‘അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം ഇവയെക്കുറിച്ചൊക്കെ നിങ്ങള്‍ വാദപ്രതിവാദങ്ങള്‍ നടത്താറുണ്ടല്ലോ. ശക്തിയുടെയും സമയത്തിന്‍റെയും വ്യര്‍ത്ഥമായ വ്യയമല്ലേ ഇത്. എന്തു പ്രയോജനമാണ് ഇതുകൊണ്ട്?’ ഇതുകേട്ട് പഞ്താപകേശയ്യര്‍ അയാളോടു ചോദിച്ചു: ‘എവറസ്റ്റാരാഹണം നടത്തുന്നവരെ നിങ്ങള്‍ അഭിനന്ദിക്കാറില്ലേ?’ ഇംഗ്ലീഷുകാരന്‍ ഇതിനു ഉത്തരം നല്‍കി. ‘എന്താ സംശയം? അത് എന്തൊരു ചൈതന്യപ്രകടനമാണ്!’ അപ്പോള്‍ പഞ്ചാപകേശയ്യര്‍ പറഞ്ഞു: ‘ഈ പര്‍വതാരോഹണമെല്ലാം എന്തൊരു വ്യര്‍ത്ഥവ്യയമാണ്! എന്തുപ്രയോജനമാണ് അതുകൊണ്ട്? ഈ കോടുമുടികളുടെ അഗ്രഭാഗത്ത് ഏതു ധാന്യമാണ് വിളയുന്നത്?’

‘പക്ഷേ അതു പ്രകൃതിയെ കീഴടക്കുന്നതല്ലേ’ എന്നായി ഇംഗ്ലീഷുകാരന്‍. അതുകേട്ട് പഞ്ചാപകേശയ്യര്‍ വീണ്ടും പറഞ്ഞു: ‘ശരിതന്നെ നിങ്ങള്‍ കായികഭ്യാസികള്‍. നിങ്ങള്‍ മലകയറുന്നു. ഞങ്ങള്‍ മാനസികാഭ്യാസികള്‍. അതുകൊണ്ട് ആശയങ്ങളുടെ മുകളിലേക്ക് കയറുന്നു.’

പഞ്ചാപകേശയ്യര്‍ പറഞ്ഞ ഈ പരമാര്‍ത്ഥം കവികളെയും കലാകാരന്മാരെയും സംബന്ധിച്ചും ശരിയാണ്. ബാഹ്യജീവിതമല്ല, ആന്തര ജീവിതമാണ് കവിയെ സംബന്ധിച്ചിടത്തോളം ശ്രേഷ്ഠം. സുശക്തമായ ആന്തരജീവിതമില്ലാത്തവരെ നല്ല കവികളായി പരിഗണിക്കാറില്ല.

നമ്മുടെയെല്ലാം ബാഹ്യജീവിതങ്ങള്‍ ഏതാണ്ട് ഒരു പോലെയാണ്. എല്ലാവരും കാലത്തു് എഴുന്നേല്‍ക്കുന്നു. ദിനകൃത്യങ്ങള്‍ അനുഷ്ഠിക്കുന്നു. ജോലിയില്‍ ഏര്‍പ്പെടുന്നു. സായാഹ്ന സവാരി നടത്തുന്നു. രാത്രി ഉറങ്ങുന്നു. ഒരു കൂലിവേലക്കാരനും ഡോക്ടര്‍ എസ്. രാധാകൃഷ്ണനും തമ്മില്‍ ബാഹ്യജീവിതത്തിന്‍റെ കാര്യത്തില്‍ സാരമായ വ്യത്യാസമില്ല. എന്നാല്‍ ആന്തരീവിതത്തില്‍ അവര്‍ വിഭിന്നരാണ്. സുശക്തമായ ആന്തരജീവിതമാണ് ഡോക്ടര്‍ രാധാകൃഷ്ണനെ സാധാരണ മനുഷ്യരില്‍നിന്ന് വേര്‍തിരിച്ചു നിറുത്തുന്നത്. എന്താണത്? സ്വന്തം വികാരങ്ങളെയും ആശയങ്ങളെയും രാധാകൃഷ്ണന്‍ ആവിഷ്കരിച്ചു. അവയെ വ്യവച്ഛേദിച്ചു. ഇതു ചെയ്തപ്പോള്‍ അദ്ദേഹം ആദരണീയനായി. ഈ ആന്തരജിവിതത്തിലൂടെയാണ് — ആധ്യാത്മിക പ്രവര്‍ത്തനത്തിലൂടെയാണ് — കവികള്‍ മഹായശസ്കരാവുന്നത്. ഈ ആന്തര ജീവിതത്തിനും ബാഹ്യജീവിതത്തിനും തമ്മില്‍ പൊരുത്തം വേണമെന്നില്ല. ഫ്രഞ്ചുകവി പൊള്‍ വെര്‍ലേന്‍ മറ്റൊരു ഫ്രഞ്ചുകവിയായ രാങ്ബോയുമായി സ്വവര്‍ഗ്ഗാനുരാഗത്തില്‍ ഏര്‍പ്പെടുകയും ഒടുവിൽ അദ്ദേത്തോടു പിണങ്ങി കൊല്ലാനായി വെടി വയ്ക്കുകയും ചെയ്തു . രാങ്ബോയുടെ കൈയ്ക്കുമാത്രമേ മുറിവുപററിയുള്ളു. വെര്‍ലേന്‍ കുറെക്കാലം ജയിലില്‍ കിടന്നു. ജയിലില്‍നിന്നിറങ്ങിയതിനുശേഷം അദ്ദേഹം മറ്റൊരു യുവാവുമായി ബന്ധമുണ്ടാക്കി ഇംഗ്ളണ്ടില്‍പോയി. നമ്മള്‍ വെര്‍ലേന്റെ ഈ ബാഹ്യജിവിതത്തെ അവലംബിച്ചു വിധിനിര്‍ണ്ണയം നടത്തിയാല്‍ നീതമത്കരണമില്ല. എന്നാല്‍ Songs without words, സഷ്സ് ഇവയെ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു സുശക്തമായ ഒരാന്തര ജീവിതമുണ്ടായിരുന്നുവെന്നു മനസിലാകും.

ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ബാഹ്യജീവിതം ഒട്ടൊക്കെ അറിയപ്പെടുന്നതാണ്. ഏതാനും കാവ്യങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ആന്തരജീവിതം വള്ളത്തോളിന്റെയോ കുമാരനാശാന്റെയോ ആന്തര ജിവിതംപോലെ സുശക്തമല്ല എന്നതുപോകട്ടെ. അദ്ദേഹത്തിന്റെ സമകാലികനായ ചങ്ങമ്പുഴയുടെ ആന്തര ജീവിതം പോലെയെങ്കിലും ആയിട്ടുണ്ടോ അതു്? ഇല്ല എന്നേ പറയാനൂവൂ. അദ്ദേഹത്തിന്റെ ബാഹ്യജീവിതം എങ്ങനെ ശ്വാസംമുട്ടി മരിച്ചുവോ അതുപോലെ ആന്തര ജീവിതവും ശ്വാസംമുട്ടി മരിച്ചു.

വിഷാദാത്മകത്വം കവിതയില്‍ നിവേശിപ്പിച്ച കവി എന്നാണ് രാഘവന്‍പിള്ളയെക്കുറിച്ച് പറയാനുള്ളതു്. കവിതയില്‍ വിഷാദാത്മകതയോ പ്രസാദാത്മകതയോ വരുമ്പോള്‍ അതു് അസത്യാത്മകമാണെന്നു പറയേണ്ടതായിവരും. അതുകൊണ്ട് ‘കൂടുമടച്ച് ഞാനെന്‍ മണിമച്ചിലെ വാടാവിളക്കുകെടുത്തിടട്ടെ’ എന്നു ഇടപ്പളളി രാഘവന്‍പിള്ളയും ‘ഹാ വരും വരും നൂനമാദ്ദീനമെന്റെ നാവനങ്ങിയാല്‍ ശ്രദ്ധിക്കും കാലം വരും’ എന്നു ജീ. ശങ്കരക്കുറുപ്പും പറയുമ്പോള്‍ ആദ്യത്തേതിലെ വിഷാദാത്മകതയും രണ്ടാമത്തെതിലെ പ്രസാദാത്മകതയും ഒരുപോലെ സ്യൂഡോഫിലോസഫിയാണ്. യഥാര്‍ത്ഥമായ തത്ത്വചിന്ത കണ്ണീരൊഴുക്കുകയില്ല, ചിരിക്കുകയുമില്ല. മനുഷ്യന്റെ അന്തസത്തയുടെ രൂപ പരിണാമങ്ങളെ അന്വേഷിക്കുക എന്നതാണ് തത്ത്വചിന്തയുടെ ജോലി. (ആശയത്തിനു ക്രോചേയോടു കടപ്പാട്) ഈ അന്വേഷണം മഹാകവികളുടെ കവിതയില്ലുള്ളതുപോലെ രാഘവന്‍പിളളയുടെ കവിതയില്‍ ഇല്ല. അദ്ദേഹം സ്വകീയ ദുഃത്തിനു ആവിഷ്കാരം നല്‍കിയതേയുള്ളു‌. ആ അന്ത്യസന്ദേശം നോക്കൂ.

‘‍ഞാനൊന്നുറങ്ങിയിട്ടു ദിവസങ്ങളല്ല മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയവേദന ഇങ്ങനെ അല്‍പ്പാല്‍പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാന്‍ അശക്തനാണ്. ഒരു കര്‍മ്മധീരനാകാന്‍ നോക്കി. ഒരു ഭ്രാന്തനായി മറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തിത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണു് ചെയ്യുന്നതു.

എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടന്നവ സന്തോഷത്താടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മര്‍ദ്ദിച്ചുകോണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണ് തീരുന്നതു്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തന്റെ വിഷബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക — ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നതു്. ഇവയില്ലെല്ലാം എനിക്കു നിരാശതയാണ് അനുഭവം. എനിക്കു ഏക രക്ഷാമാര്‍ഗ്ഗം മരണമാണ്, അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധിത്വത്തിന്റെ മേല്‍ പതിക്കരുതേ.

എനിക്കു പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി. കൂപ്പുകൈ.

എന്തോരു നല്ല മനുഷ്യന്‍! അതുകൊണ്ടാണല്ലോ അദ്ദേഹത്തിനു് ഈ ദുഃഖമുണ്ടായതു്. ഈ കത്തിലെ ഈ Private anguish തന്നെയാണ് കാവ്യങ്ങളിലുള്ളതു്.

‘തെല്ലൊരു വെളിച്ചമില്ലോമനേയിതായെന്റെ
പുല്ലുമാടവും കത്തിച്ചെത്തുകയായി ദാസന്‍’

എന്ന മട്ടിലുള്ള വരികള്‍ രാഘവന്‍പിളിളയുടെ കാവ്യങ്ങളിലാകെ കാണാം. ഇവയൊക്കെ വായിക്കുമ്പോള്‍ ഈ ദുഃഖം രാഘവന്‍പിള്ളയുടെ ദുഃഖം മാത്രമായിരുന്നല്ലോ എന്ന് തോന്നലാണ് എനിക്കു്. കാരണം സത്യം എന്നതു് വിഷാദമല്ല. ആഹ്ളാദവുമല്ല, വ്യക്തികള്‍ സത്യത്തില്‍ വിഷാദമാരോപിക്കുമ്പോള്‍ ആതു സത്യാഭാസമായിത്തീരുന്നു. വ്യക്തിയുടെ മാനസികാവസ്ഥയാണ് അല്ലെങ്കില്‍ ചെന്നുവീണിരിക്കുന്ന ഉല്‍ക്കട വികാരമാണ് സത്യത്തെ വിഷാദപൂര്‍ണ്ണമാക്കുന്നതു്. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്‍ക്കുമ്പോള്‍ വിരഹിണിക്ക് അതു വേദനയുള്ളവാക്കും. കാമുകനുമായി സല്ലപിക്കുന്നവള്‍ക്കു് അതു് അഹ്ളാദം നല്‍കും. പൂര്‍ണ്ണചന്ദ്രന്‍ ആകാശത്തില്‍ ശോഭിക്കുന്നു എന്നതു് സത്യം. ആ സത്യം നിസ്സംഗമാണ്. ആ നിസ്സംഗ സത്യത്തില്‍ വിരഹിണി ആരോപിക്കുന്ന വിഷാദമാണ് അതിനെ വിഷാദാത്മകമാക്കുന്നതു്. കാമുകി ആരോപിക്കുന്ന ആഹ്ളാദമാണു അതിനെ ആഹ്ളാദദായകമാക്കുന്നതു്. നിസ്സംഗമായ സത്യം ചിത്രീകരിച്ചില്ല ഇടപ്പളളി രാഘവന്‍പിള്ള. മനുഷ്യാത്മാവിന്റെ നിഗൂഢതകളിലേയ്ക്കു കടക്കാനോ പ്രപഞ്ചത്തിന്റെ മഹാദ്ഭുതങ്ങളില്‍ പ്രകാശം വീഴ്ത്താനോ സത്യത്തിന്റെ അവബോധം അനുവാചികനു് ഉളവാക്കാനോ കഴിയാതെ സ്വന്തം ആന്തരജീവിത്തെ കയര്‍ത്തുമ്പില്‍ കുരുക്കിയ കവിയായിരുന്നു അദ്ദേഹം. ഇതിനാലാണ് അദ്ദേഹത്തിന്റെ കാവ്യപദ്ധതിയ്ക്കു പിന്‍തുടര്‍ച്ച ഇല്ലാതെ പോയതു്. രാഘവന്‍പിള്ളയ്ക്കു അനുകര്‍ത്താക്കള്‍ ഉണ്ടാകാതെ പോയതിനു കാരണമിതുതന്നെയാണ്.

ഇങ്ങനെ സ്വാകാര്യദുഃഖത്തിൽ മുഴുകിയിരുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ കവിതയ്ക്കു നിശ്ചല സ്വഭാവം വന്നുപോയതു്. ദുഃഖം ഡോഗ്മയാവുകയും — അംഗീകൃതാശയമാവുകയും — ആ അംഗീകൃതാശയത്തിനു രൂപം നല്‍കുകയും ചെയ്തപ്പോള്‍ കവിതയ്ക്കു ഏകരൂപമുണ്ടായിപ്പോയി. സ്വകാര്യദുഃഖത്തിന്റെ പ്രസ്താവവും മരിക്കാനുള്ള അഭിലാഷത്തിന്റെ പ്രഖ്യാപനവും സാര്‍വലൌകിക സ്വഭാവം ആവഹിക്കാതിരിക്കുന്നിടത്തോളം കാലം കവിതയ്ക്കു അതീതങ്ങളായ വിഷയങ്ങളായിപ്പോകും. ഒരുദാഹരണം നല്‍കാം.

‘ഹാശഠന്‍ വിധികൊയ്യും ജീവിതച്ചേര്‍പ്പാടത്തില്‍
ആശതന്‍ കൃഷിപ്പണിയൊക്കെയും വിഫലത്തില്‍.
കര്‍ഷകന്‍ പ്രയത്നിപ്പാന്‍ കാഞ്ചനക്കൂമ്പാരത്തില്‍
ഹര്‍ഷാശ്രുപൊഴിക്കുവാനാന്യനാണിജ്ജഗത്തില്‍
കാലത്തു തൊട്ടിട്ടന്തിയാകവോളവും നിന്നു
കാലത്തിന്‍ കരിക്കോലുകൊണ്ടു ഞാനുഴുകുന്നു.
ശാശ്വതപ്രേമത്തിന്റെ വിത്തുകളതില്‍പ്പാകി
ശാന്തിതന്‍ സനാതന സംഗീതം തൂകിത്തൂകി
തപ്തമായ് വരണ്ടുവീണീടുമാ വിടവാകെ
ശ്ശുദ്ധമാം കണ്ണീര്‍ത്തേകി നിത്യവും നിറയ്ക്കവേ
പാവനപ്രേമത്തിന്റെ പട്ടിണിപ്പച്ചപാടം
ഭാവനാതീതരമ്യമായിടും മലര്‍വാടം
വേലിയും വരമ്പുമായ് ബദ്ധമല്ലബ്ഭാഗത്തില്‍
കാലികള്‍ കേറീടാതെ കാത്തുഞാന്‍ നിദ്രാഹീനന്‍’

ശുഷ്കതവരുത്താതെ കാവ്യം രചിക്കുന്ന ഇടപ്പളളിയുടെ ഈ കാവ്യത്തിലാകെ ശുഷ്കത. പദവിന്യാസം പരുഷം. കാരണം ജീവിതത്തെ തത്ത്വചിന്താ പ്രതിപാദനത്തിലേക്കു് ഒതുക്കിനിറുത്തുന്നു എന്നതാണ്. ഈ കാവ്യത്തോടു വെറൊരു കവിയുടെ ചില വരികള്‍ തട്ടിച്ചുനോക്കുക.

നീവരും നിര്‍ജ്ജനവീഥിയില്‍ ഞാനൊരു
പൂവണിച്ചെണ്ടുമായ് കാത്തുനില്‍ക്കും
താരകരാജിയിലെന്മന സ്പന്ദനം
നേരിട്ടുകാണും നീ നീലവിണ്ണില്‍
നിയതുകാണുമ്പോള്‍ നിന്നോടെനിക്കുള്ള
നീടുററരാഗം ശരിക്കറിയും
ഓര്‍ക്കുമൊരുഞൊടിക്കുള്ളില്‍ നിയേകയായ്
വായ്ക്കുമിരുട്ടത്തു നില്‍ക്കുമെന്ന
വാടാവെളിച്ചമേ, തല്‍ക്ഷണം വെമ്പലാര്‍
ന്നൊടിയണയും നീയെന്നരികില്‍
മോഹിനിയല്ല ഞാനെങ്കിലുമിന്നെന്നെ
സ്നേഹിപ്പോനാണു നിയത്രമാത്രം
എന്നേക്കുമായ് കാഴ്ചവയ്ക്കും നിനക്കെന്നെ
നിന്നാഗമത്തില്‍ ഞാന്‍ നിര്‍വിശങ്കം
അങ്ങനെ നമ്മുടെ യാദ്യസമ്മേളനം
സംഗീത സാന്ദ്രമായുല്ലസിക്കും.

വിഷയം ഒന്നു്: പക്ഷേ ഈ വരികളില്‍ ശുഷ്കതയില്ല.

സ്വകാര്യദുഃഖം മാത്രമല്ല, സവിശേഷമായ ദര്‍ശനത്തിന്റെ ആവിഷ്കാരംപോലും പരാജയപ്പെടും. ഉദാഹരണം സാര്‍ത്രിന്റെ ‘ല നോസേ’ എന്ന നോവല്‍. അതിലെ പ്രധാന കഥാപാത്രം കുട്ടികള്‍ കടലില്‍കല്ലെറിയുന്നതുകണ്ടു. ഉടനെ അയാള്‍ക്കും കൌതുകം ഒരു കല്ല് കടലിലെറിയാന്‍. പക്ഷേ കല്ല് കൈയ്യിലെടുത്തപ്പോള്‍ അയാള്‍ക്കു നോസിയ–വമനേച്ഛ. കല്ലിന്റെ existence അസ്തിത്വം കണ്ടതിന്റെ ഫലമാണ്. ഇങ്ങനെ പല സംഭവങ്ങള്‍ കൂട്ടിയിണക്കി ഡയറിയുടെ രീതിയിലെഴുതിയ ഈ നോവല്‍ കലാസൃഷ്ടിയല്ല. ഒരു Case diary മാത്രമാണ്. കാരണം മുന്‍പുപറഞ്ഞു: സത്യത്തില്‍ നോസിയ അടിച്ചേല്‍പ്പിക്കുകയാണ് സാര്‍ത്ര്.

ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്കു് മററു കവികളോടുള്ള കടപ്പാട് വലുതാണ്. ഏതാനും ഉദാഹരണങ്ങള്‍:

ഈറന്‍ പഴംതുണി തദംഗലതയ്ക്കിണങ്ങും
മാറർദ്ധസംവരണമാം മുളവേലിയായി
മാറത്തു കത്തുമിരുപന്തുകള്‍ തോളിലിട്ട
കീറുത്തുണിതുകിലിങ്കലൊതുങ്ങുകില്ല.

എന്നു വള്ളത്തോള്‍

മാറത്തുതത്തുന്ന കുചങ്ങളൊട്ടു
കാണാത്തമട്ടൊന്നു മറയ്ക്കുവാനായ്
കീറത്തുണിത്തുണ്ടതുപോലുമന്നു
ക്കാറൊത്ത കായത്തിലിണങ്ങിയില്ല.

എന്നു ഇടപ്പള്ളി

‘അന്തിമയാകും സന്ധ്യ ഭാസ്‌കരകരംകൊണ്ടു
നിന്‍ തിരുമെയ്യില്‍പ്പുത്തന്‍ സിന്ദൂരമണിയിക്കേ’

എന്നു തളസിച്ചെടിയെ വര്‍ണ്ണിക്കുമ്പോള്‍ വള്ളത്തോള്‍.

‘തങ്കരങ്ങളാല്‍ നിന്നില്‍ തങ്കനീരാളം ചാര്‍ത്തും
പങ്കജരമണന്‍പോയ് സിന്ധുവില്‍ പതിക്കുമ്പോള്‍!’

എന്ന് തുളസിച്ചെടിയെ വര്‍ണ്ണക്കുമ്പോള്‍ രാഘവന്‍പിള്ള.

‘അന്യനു ലഭിക്കയിലീ ദൃശം ദിവ്യസ്നേഹ
ജന്യമുന്മാദം സത്യം ഞാനിതിലസൂയാലു’

എന്ന് ജി. ശങ്കരക്കുറുപ്പ്.

‘അന്യനുലഭിക്കയില്ലീദൃശഭാഗ്യം, പാര്‍ത്താന്‍
ധന്ന്യനീ നിന്നോടെനിക്കുണ്ടുതെല്ലഭ്യസൂയ’

എന്നു് ഇടപ്പളളി

‘കവി ചോദിച്ചു കൊച്ചുതെന്നലേ ഭവാനാരെ
ക്കവിയും പ്രേമം മൂലം വെമ്പലാര്‍ന്നന്വേഷിപ്പു
ഇല്ല വിശ്രമമാര്യനില്ലമറ്റൊരു ചിന്ത
യല്ലിലും പകലിലും ഭ്രാന്തനെപ്പോലോടുന്നു.’

എന്നു് ജി. ശങ്കരക്കുറുപ്പ്.

‘ഒന്നു ഞാന്‍ ചോദിക്കട്ടെ തെന്നലേ ഭവാനെയും
എന്നെയും തപിപ്പിക്കുമശ്ശക്തിയൊന്നല്ലയോ
അല്ലെങ്കിലെന്തിനു നാം രണ്ടാളുമൊരുപോലെ
യല്ലിലും പകലിലുമലഞ്ഞുനടക്കുന്നൂ’

എന്നു് രാഘവന്‍പിള്ള.

ഇടപ്പളളിയുടെ നില്‍ക്കുക നിമ്ന്ഗേ എന്നു തുടങ്ങുന്ന കാവ്യം സ്പെന്‍സറിന്റെ ഒരു കാവ്യത്തിന്റെ തര്‍ജ്ജമയാണ്. അദ്ദേഹത്തിന്റെ

കാനനലക്ഷ്മിതന്നങ്കേയാണെന്‍
കാതരേ നീ ജനിച്ചതും

എന്നാരംഭിക്കുന്ന കാവ്യം അമേരിക്കന്‍ കവി ബ്രയന്റിന്റെ ഒരു കാവ്യത്തിന്റെ ഭാഷാന്തരീകരണമാണ്.

അപ്പോള്‍ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത എവിടെയിരിക്കുന്നു?

കേട്ടാലും:

എന്നുള്‍ത്തടത്തിൻ തുടിപ്പുപോലെ
പൊന്നുഷത്താരം ചലിച്ചുനില്‍ക്കും.
മാമകചിന്തകളെന്നപോലെ
മാമലക്കൂട്ടമുയര്‍ന്നുകാണും
ഓമനസ്സ്വപ്നങ്ങളെന്നപോലെ
വ്യോമത്തില്‍ മേഘങ്ങളോടിപ്പോകും.
അല്ലിനോടുള്ളൊരെന്നവലാതി
യെല്ലാം കിളികളെടുത്തുപാടും
അന്തരാത്മാവിന്‍ രഹസ്യമെല്ലാം
ബന്ധുരസൂനത്തില്‍ ദൃശ്യമാകും
ഗൂഢമാണെന്‍ പ്രേമമെന്നമട്ടില്‍
മൂടല്‍മഞ്ഞെങ്ങും പരന്നിരിക്കും.

ഇവിടെ വാക്കുകള്‍ക്കു വര്‍ണ്ണമുണ്ടാകുന്നു. ലയം മൃദുലമാകുന്നു. മഞ്ഞുത്തുള്ളിയില്‍ പ്രപഞ്ചം നിന്നു വിറയ്ക്കുന്നപോലെ വികാരം ഈ വരികളില്‍ പ്രകമ്പനം കൊള്ളുന്നു. മഹാകവിത്രയത്തിലെ ഒരു കവിയുടെ അലങ്കാര ബഹുലമായ കവിതാംഗനയുടെ മുന്‍പില്‍ ഒററ സ്വര്‍ണ്ണച്ചെയിന്‍മാത്രം ധരിച്ചുനില്‍ക്കുന്ന ഇടപ്പളളിക്കവിതയ്ക്കു് കൂടുതല്‍ ആകര്‍ഷക്വമുണ്ട്. അല്ലെങ്കില്‍ റൂഷ് പുരട്ടി ചെമ്പനിനീരലരിന്റെ കാന്തിയോടു കൂടിനില്‍ക്കുന്ന ആ മഹാകവിയുടെ കവിതയ്ക്കു സ്വാഭാവികാരുണിമയാര്‍ന്ന കവിള്‍ത്തടങ്ങളോടുകൂടി നില്‍ക്കുന്ന ഇടപ്പളളിയുടെ ഗ്രാമീണ കാവ്യാഗനയുടെ മുന്‍പിൽ പരാജയം സംഭവിക്കുന്നു. കാരണം ജീവിതസ്മരണകള്‍ പ്രേമമെന്ന വികാരവുമായി സമ്മേളിക്കുകയാണിവിടെ. ഓര്‍മ്മകളെ വികാരവുമായി കൂട്ടിയിണക്കുന്ന ലിറിക് കവിയാണ് ഇടപ്പളളി. അതിനു നിദര്‍ശകമായി ചില വരികള്‍:

കനകമഴ പൊഴിയുമൊരുകാല്യ സൂര്യോജ്ജ്വലല്‍
ക്കിരണ പരിരംഭണാലുള്‍പ്പുളകാംഗിയായ്
കളി പതിവുപോള്‍ക്കഴിഞ്ഞിറനുടുത്തുതന്‍
പുരി കുഴലൊരശ്രദ്ധമട്ടില്‍ത്തിരുകിയും
ഇടതുകരവല്ലിയില്‍ നാനാകുസുമങ്ങ
ളിടകലരുമക്കൊച്ചുപൂത്തട്ടമേന്തിയും
അപകകരമാമന്ദമാട്ടിയറിഞ്ഞിടാ–
തുടുപുടവതന്‍ തുമ്പിടയ്ക്കിടെത്തട്ടിയും
അലയിളകി നാമംകുണുങ്ങിച്ചിരിചൊരി
ഞ്ഞൊഴുകുമൊരു കാനനപ്പൂഞ്ചോലപോലെവെ
‘വനജ’ വരവേണിയാളമ്പലത്തിങ്കലേ
യ്ക്കനുജനോടുകൂടിത്തൊഴാന്‍ ഗമിക്കുന്നതും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രേമത്തിന്റെ നൗകാഭംഗമുണ്ടാകുമ്പോള്‍ കവി ധിഷണയുടെ തീരത്തിലേക്കു നീന്തിച്ചെല്ലുന്നില്ല എന്നതാണ് കവിത്വത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതു്.

കവിതയെ അന്വേഷിച്ചുപോകുന്ന കവികളുണ്ട്. ഇടപ്പളളി അങ്ങനെയുള്ള കവിയായിരുന്നില്ല. കവിത അദ്ദേഹത്തേയാണ് അന്വേഷിച്ചുവന്നതു്. ഒരു ദിവസം ഇന്നത്തെ യൂണിവേഴ്സിറരി കോളേജിന്റെ ഗെയിററിനടുത്തു് മരു മുറിക്കയ്യന്‍ ഷര്‍ട്ടിട്ട് മുഷിഞ്ഞ മുണ്ടുടുത്തു് ഒരാള്‍ ചിന്താധീനനായി നില്‍ക്കുകയായിരുന്നു. അന്നു പതിനാലുവയസ്സുള്ള എന്നോട് ആരോ പറഞ്ഞു ആ നില്‍ക്കുന്ന ആളാണ് ഇടപ്പളളി രാഘവന്‍പിള്ളയെന്നു്. ഞാന്‍ അടുത്തുചെന്നു ഇടപ്പളളി രാഘവന്‍പിള്ളയാണോ എന്നു ചോദിച്ചു: ‘വരു, വരു, നമ്മളെല്ലാവരും ഇടപ്പളളി രാഘവന്‍പിള്ളമാര്‍തന്നെ’ എന്നു് അദ്ദേഹം പറഞ്ഞു. മറ്റൊരു ദിവസം സന്ധ്യകഴിഞ്ഞ വേളയില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിയൂരിനടുത്തു പാററൂര്‍ ജംഗ്ഷനില്‍വച്ചു കണ്ടു. ക്രസ്തുമസുകാലം. ഒരു പെണ്‍കുട്ടി ക്രിസ്തുമസ് ദീപം കത്തിച്ചു അവളുടെ വീട്ടിന്റെ രണ്ടാമത്തെ നിലയില്‍ തൂക്കി! അതിന്റെ പ്രകാശമേററ് അവളുടെ മുഖം കൂടുതല്‍ തിളങ്ങി. കവിത ആഗമിക്കുകയാണെന്ന് എനിക്കു തോന്നി.

അപ്പോള്‍ മലയാള സാഹിത്യത്തില്‍ ഇടപ്പളളി രാഘവന്‍പിളളയുടെ സ്ഥാനമെന്തു്? ഒരു ശബ്ദത്തില്‍ ഒരു രാഗം പാടുന്ന കവികളുണ്ട്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുണ്ട്. ഉദാഹരണം ഹോമര്‍, വാല്മീകി, വ്യാസന്‍, ഷേക്സ്പീയര്‍. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയവരാണ് വെര്‍ജിലും കാളിദാസനും. ഒരു ശബ്ദത്തില്‍ ഒരു രാഗം പാടിയവരാണ് ഷെല്ലിയും കീററിസും. അവര്‍ക്കു സദൃശനല്ലെങ്കിലും ഒരു ശബ്ദത്തില്‍ ഒരു രാഗംമാത്രം പാടിയ കവിയാണ് ഇടപ്പളളി രാഘവന്‍പിളള.

കവികള്‍ ആദ്യകാലങ്ങളില്‍ ഉപത്യകകളില്‍ സഞ്ചരിച്ച് പില്‍ക്കാലത്തു് അധിത്യകളിലേയ്ക്കു കയറുന്നു. വളളത്തോള്‍ താഴ്വരയിലായിരുന്ന കാലത്തു്

പ്രേമത്തോടും പരിണയിച്ചുവധുടിയെത്തന്‍
ധാമം നയിച്ചുപചരിച്ചു ദരിദ്രര്‍പോലും
ഈ മന്ദഭാഗ്യനെ വരിച്ചതുമൂലമെന്നാ
രോമല്ക്ക ബന്ധഗൃഹമായതു ബന്ധുഗേഹം

(1089) എന്നു് എഴുതി. പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം മേല്‍ത്തട്ടിലായി.

ഫാലത്തിലമ്പിളി മുറിക്കുറിയല്ല കുന്ത
ളാലംബിയാം സ്മരഭടന്റെ കുലച്ച ചാപം
ഓലക്കമാണ്ട കവിളത്തനുരക്തി ചേടി
യാലക്ഷ്യമാക്കിയൊരകൃത്രിമ കുങ്കുമാങ്കം.
ഭൃംഗസ്ഫുരന്മഷി മുകര്‍ന്ന ദൃഗബ്ജ പത്രം
മംഗല്യകച്ചരടു മാത്രമിയന കണ്ഠം
തുംഗസ്തനത്തില്‍ നവചന്ദന ചര്‍ച്ച കാഞ്ചി
സംഗപ്രഭോദയമടുത്ത നിതംബബിംബം
ഹ പുഷ്പമേ യധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവില സ്ഥിര, മസംശയമിന്നു നിന്റെ
യാ ഭൂതിയെങ്ങ് പുനരെങ്ങു കിടപ്പിതോര്‍ത്താല്‍

എന്നു കുമാരനാശാന്‍ ഉപത്യകയില്‍.

ഹേമക്ഷ്മാധര കൂടകല്പക മലര്‍ക്കാവിന്റെ ഭാഗങ്ങളില്‍
പ്രേമത്തില്‍ സുര യൗവനങ്ങളനിശം പാടുന്നു മദ്വാണികള്‍
സാമഞ്ജസ്യമെഴും ഭവല്‍ ഫണിതിയില്‍ സഹാദ്ര്യസാനുക്കളില്‍
ഭൂമന്‍, ഭൌകുമാരരോതുവതെനിക്കേകുന്നു രോമോദ്ഗമം

എന്നു അദ്ദേഹം അധിത്യകയില്‍

എത്ര ശാകുന്തളത്തിങ്കുലൂടെന്‍
ചിത്ത സരിത്തു തളര്‍ന്നൊഴുകി
എത്രയോ രാധകളെന്നിലൊരോ
നര്‍ത്തനം ചെയ്തു പിരിഞ്ഞുപോയി

എന്നു ചങ്ങമ്പുഴ ഉപത്യകയില്‍

നീളവേ ചില്ലൊളിപ്പൂള്ളികള്‍ മിന്നുമ
നീലിച്ച പീലി നിവര്‍ത്തി നിര്‍ത്തി
കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര്‍
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി
പത്തിവലിച്ചു വിരിച്ചു വാലിട്ടടി
ച്ചത്രയ്ക്കുവശമായ് വായ് പിളര്‍ത്തി
മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍
മുന്നോട്ടു മുന്നോട്ടു ചീററി നീട്ടി
ഉജ്ജ്വല പ്രാണ ദണ്ഡത്താൽ പുളയുമൊ
രുഗ്ര സർപ്പത്തെയും കൊക്കിലേന്തി
തഞ്ചത്തിൽ തഞ്ചത്തിൽ തത്തിജ്ജ്വലിക്കുന്ന
മഞ്ചാടി ച്ചെങ്കനൽ കണ്ണുരുട്ടി
ആരാലെൻ മുന്നിലൊരാൺമയിലായി വ-
ന്നാടി നിൽക്കുന്നു ഹാ പാപമേ നി

എന്നു് അധിത്യകയിൽ.

ഇടപ്പള്ളി രാഘവൻപിള്ളയും ചങ്ങമ്പുഴ ക്യഷ്ണപിള്ളയും കുറച്ചു കാലമെ ജീവിച്ചിരുന്നുള്ളൂ. ചങ്ങമ്പുഴ മേൽത്തട്ടിലേയ്ക്ക് കയറി. ഇടപ്പള്ളി താഴ്വരയിൽത്തന്നെ നിന്നു.

കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യത്തിന്റെ രൂപം ക്ളാസിക്കലാണ്. ഇടപ്പള്ളിയുടേതു് ഇംപ്രഷറിസ്റ്റിക്കാണ്. കുമാരനാശാന്റെയും വള്ളത്തോളിന്റെയും സുശക്തമായ വക്ഷസ്സുകളിൽ നിന്നുയരുന്ന ശബ്ദം പ്രായോഗികതലത്തിലൂടെ ആദർശാത്മകമായി ലോകത്തേയ്ക്ക് ഉയരുന്നു. അപ്പോൾ പ്രപഞ്ചത്തോടൊരുമിച്ചു നമ്മൾ സഞ്ചരിക്കുന്നു. ഇടപ്പള്ളി രാഘവൻപിള്ളയുടെ ദുർബലവക്ഷസ്സിൽ നിന്നുയരുന്ന ശബ്ദം സ്നേഹത്തിന്റെ പ്രായോഗിക തലത്തിലൂടെ സഞ്ചരിക്കുന്നു. ആ സഞ്ചാരം കാണാൻ കൗതുകമുണ്ട്.