close
Sayahna Sayahna
Search

കുന്തിപ്പുഴ


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കുന്തിപ്പുഴ

ഇരുള്‍പച്ചയാം
കാടകം നൂഴ്ന്നുവന്നൊരു
ചില്ലമേല്‍ ചിറകൊതുക്കുന്നു
ഹരിതപീതമാര്‍ന്നൊരു
ചെറുപക്ഷി.
നറുംപുലരിപോല്‍
പ്രഭാവമാര്‍ന്നൊരീ
പുഴിയില്‍ നില്ക്കവേ
അകം നനച്ചിരുവശവുമായി
ചെറിതിര തല്ലിപ്പതയുമീ
ജലക്കുളിരില്‍ നില്ക്കവേ-
നിശ്ശബ്ദഭീതമാ-
മതിന്റെ നോട്ടമെന്നകമേ നീറുന്നു.
ചിതറുന്ന ധ്യാനം
പിളരുന്നു നേരം.
സ്‌മൃതിതന്നംബരേ
പറക്കുന്നൂ പക്ഷി
ഹരിതമേഖല
ഇരുള്‍വിതാനങ്ങള്‍
പ്രഭാതവും പിന്നെ
പ്രദോഷവും കടന്നൊടുവിലീ
പക്ഷി കരിഞ്ഞ ചില്ലമേലമര്‍ന്ന്
താഴ്ന്നിതാ
ഭയചകിതമാം
കൂറിയ നേത്രങ്ങള്‍
തുറക്കുന്നു. എന്നില്‍
തറയ്ക്കുന്നു കാഴ്ച.
എവിടെയോ
കൊക്കുരുമ്മുന്നു പക്ഷി
മുറിയുന്നു മനം
അകവൃക്ഷങ്ങളില്‍
കലമ്പുന്നൂ കാറ്റ്.
സിരകളില്‍ നദി
ഉഷസ്സുപോലെയോ
അകക്കടലിലെ
തിരകള്‍പോലെയോ
വനാന്തരങ്ങളില്‍
കൊടുങ്കാറ്റാണെന്നോ
അവിടെയെങ്ങുമേ
ചിതറിച്ചാടിയും
പറന്നകലേക്ക്
മറഞ്ഞു പിന്നെയും
അകമനസ്സിലേക്ക-
ണഞ്ഞ് താഴ്ന്നു
വന്നിരുളുപോലിപ്പോള്‍
മുനിഞ്ഞിരുന്നുകൊണ്ട-
തെന്റെ നേർക്കിതാ
നയനമാഴ്ത്തുന്നു.
സമയമേതാണ്?
സ്ഥലവുമേതാണ്
വനങ്ങളിലാരേ
മുഴങ്ങിനില്ക്കുന്നൂ
വിദുരരാണെന്നോ
അശ്വത്ഥാമാവെന്നോ
മറുയുന്നൂ വനം
മറയുന്നൂ പ്രാചി
പ്രതീചിഭേദങ്ങള്‍
എവിടെയുണ്മയും
എവിടെ ബോധവും
എവിടെയെന്റെയീ
നിശിതജീവിതം?
കാടിന്‍ സമയമായിതാ
ഒഴുകുന്നൂ കുന്തി.