യാക്കുകളെ മേച്ച് നീങ്ങുന്ന
തിബത്തന്‍ നാടോടി
മരങ്ങളെ കുറിച്ചാണ് ചോദിച്ചത്
ഏറെ ദൂരെയല്ല,
മാനസസരോവരം
എങ്ങനെ മരം?
ഇലകള്‍ കായ്കള്‍?
തണുപ്പില്‍, സൂര്യനില്‍
കരുവാളിച്ച മുഖത്ത്
ഒരു തളിരിന്റെ ഉദ്വേഗം.
അയാള്‍ മരം കണ്ടിട്ടില്ല
ഹിമക്കാറ്റുകളില്‍
നിറഞ്ഞങ്ങിനെ..
ഞാനെന്റെ
പച്ച സ്വെററര്‍ തൊട്ടുകാണിച്ചു
കൈകള്‍ വിടര്‍ത്തി വീശി.
പിന്നെയോ
എന്ന്
അയാളുടെ ഭാവം
കൈവിരലുകളില്‍
ഇലകളിളകി
ഇനിയോ എന്നയാള്‍
ചോദിക്കുംപോലെ
ഇനിയെന്തു പറയും?
ഞാന്‍ പറഞ്ഞു
മരം
മാനസസരോവരംപോലെ
പടര്‍ന്നു തെളിഞ്ഞ്
അലകളായുലഞ്ഞ്
സുതാര്യ സൂര്യജലപ്രഭാവമായ്
നീലാകാശമായ്
ഇലകള്‍
മഞ്ഞുപരല്‍ത്തിളക്കങ്ങളായ്
കായകള്‍.
പവിഴക്കല്ലുകളായ്
തണുത്തും
തണുപ്പിച്ചും
ഇളകിയുലഞ്ഞും
നിശ്ശബ്ദമൂകമായും.
പരന്നുകിടക്കുന്ന
പൊടിമണ്‍ ശൂന്യതയിലേക്കും
വെളിച്ചം ഉറഞ്ഞ
ഹിമപര്‍വ്വതങ്ങളിലേക്കും നോക്കി
ചിരി മറഞ്ഞ മുഖത്തോടെ
അയാള്‍…
പിന്നെ
വേരു നഷ്ടമായ
ഒരു വൃക്ഷംപോലെ
ചരല്‍ശൂന്യതയിലൂടെ
അയാള്‍
ഇടറിനീങ്ങി.