close
Sayahna Sayahna
Search

തിബത്തന്‍ പെണ്‍കുട്ടി സരോവരം കാണുന്നു


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിബത്തന്‍ പെണ്‍കുട്ടി സരോവരം കാണുന്നു

അവള്‍
തിബത്തന്‍ ചരല്‍നിലങ്ങളിലെ
വിളര്‍ത്ത പകല്‍
പറക്കും മുടിനാരുകള്‍.
വാക്കുകളില്‍ ചിലമ്പിക്കുന്ന
അനുനാസികം.
ദൂരെയല്ല,
മാനസസരോവരത്തിന്റെ
ആകാശജലാഭ.
വരണ്ട ഹിമക്കാറ്റുകള്‍
അലവീശുന്ന കണ്ണുകളില്‍
ചരല്‍നിറം.
യാക്കിന്റെ ചൂര്.
ജീവിതത്തിലേക്കലകൊളളുന്ന
ഭൂമിയും കാലവും.
പൊടിപുരണ്ട ചുവരകങ്ങളിലേക്ക്
അവളുടെ ക്ഷണം.
ഞാന്‍ കൈലാസത്തില്‍-
നിന്ന് മടങ്ങുകയാണ്.
വെളളിവെളിച്ചത്തില്‍നിന്ന്
സരോവരത്തിന്റെ
ആകാശമൗനത്തിലേക്ക്
അവള്‍ പൊടിമണ്‍ കാറ്റിലേക്ക്.
വൈശാഖപൗര്‍ണ്ണമിയില്‍
സരസ്സ്, സമയതടാകം
അകത്തേക്ക് വിങ്ങിയെത്തുന്ന
ജലനിശ്ശബ്ദത
ആകാശമേ ജലം
പ്രകാശമേ ജലം.
നിഴലനക്കംപോലെ നേര്‍ത്ത്
സരോവരത്തില്‍ കാല്‍ നനച്ച്
ഇതാ അവള്‍.
ജലത്തിലേക്ക് വിതാനിക്കുന്ന
കണ്ണുകളില്‍
നിലാവിന്റെ വാള്‍മുനകള്‍.
മോക്ഷകാമങ്ങളിലേക്ക്
ഒളിവെട്ടുന്ന ഒരു നോട്ടം
പര്‍വ്വതങ്ങളില്‍നിന്ന്
മരവിപ്പിക്കുന്ന കാറ്റ്.
അശാന്തമേ ജലം
അശാന്തമേ
മാനസസരോവരം…