close
Sayahna Sayahna
Search

വലിയ വാഴക്കാട്


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വലിയ വാഴക്കാട്

വലിയ വാഴക്കാട്ടി[1]ലൊരു
രാത്രി വളരുന്നു.
ശിലാമേളിതം അരുവിതന്‍
ജലഹൃദയത്തിലൂടൊരു-
രാത്രിയൊഴുകിയെത്തുന്നു.
സാന്ദ്രവനങ്ങളിലിരുളു പെയ്യുന്നു.
ജലപാതഘോഷവും
ചെറുകാറ്റിനൊലികളും
നക്ഷത്രശൂന്യമാം രാത്രിയും
അശാന്തമാം
വനാന്ധകാരത്തിന്റെ
ശാന്തിയും.
വലിയ വാഴക്കാട്ടിലൊരു
ശിലാകൂടപ്പരപ്പില്‍
ജ്വലിക്കുന്നൊരഗ്നിക്കു ചുററും
ഞങ്ങളിരിക്കുന്നു.
കാടിപ്പോളിരുളിന്റെയജ്ഞത
മൂകമാം അദൃശ്യത.
അഗ്നിബിന്ദുക്കൾപോലോർമ്മകൾ
ചിതറുമ്പോള്‍
കാഴ്ചകള്‍ കാടിന്റെ
ഹൃദയത്തിലെത്തുന്നു.
ഹരിതപ്രശാന്തിയും
കിളികളും കാറ്റും
ചോലക്കുളിര്‍മ്മയും
കുളിര്‍ജലശുദ്ധമാം
കുന്തിപ്പുഴയും
കാട്ടുവഴികളും പൂക്കളും
കണ്ണിലേക്കുണരുന്നു.
ഈ വനപഥം
കാടിന്റെ ഹൃദയത്തിലേക്കു
പോകുന്നു.
ഈ വനാപഗ
കാടിന്റെ സ്നേഹ-
പ്രഭാതമായൊഴുകുന്നു.
ഈ വനസഖന്‍
കാടിന്റെ മൊഴികളും
ചൊല്ലി പറന്നുപോകുന്നു.
ഈ വനസ്പതി
അമൃതപരമ്പരയാമൊരു
കഥപോല്‍ ഗഹനമാകുന്നു.
ഒരു പുല്‍ത്തട്ടിന്‍ ശരീരമായ്
ഒരു വനഗംഗതന്‍ കുളിരായ്
പച്ചമണ്ണിന്റെ ഭാഷയായ്
ഇലകളുടെ കരുണയായ്
കരളിലേറ്റുന്നതേത്
മഹാപ്രാകൃതജീവിതം.
കാറ്റും ഭയങ്ങളും
ചിന്നംവളികളും
നിദ്രയുമുണര്‍ച്ചയും
കൂടിക്കുഴയുന്നു.
മൃഗപാദപതനങ്ങള്‍
വന്യസഞ്ചാരങ്ങള്‍
അതിഗൂഢസമയങ്ങള്‍
രാവിന്റെ പേടികള്‍.
ഏഴരവെളുപ്പിനോ,
കാടിന്റെ സോപാനവേദികളിലൊരു
പക്ഷിഗീതം
സ്നിഗ്ദ്ധനിര്‍മ്മല-
മാരണ്യരാഗം
ചില്ലകള്‍ക്കിടയിലൂടെത്തുന്നു
ഹര്‍ഷപ്രകാശലസിതം
സൂര്യനയനങ്ങള്‍.
കാട്ടുവഴികളില്‍ പൂക്കളില്‍
ഹരിതവൃക്ഷങ്ങളില്‍
മലകളില്‍ ചരിവുകളില-
മൃതജലതടിനികളില്‍
സൂര്യമന്ത്രത്തിന്‍
പ്രാഭാതചൈതന്യം.
ഋഷിദര്‍ശനപ്പുലരികള്‍
ഇതിഹാസദുഃഖങ്ങള്‍
കഥകളില്‍ പൂക്കുന്ന കാടിന്‍
മഹാപുരാണങ്ങളിലൊരു
സൂര്യതേജസ്സുണര്‍ന്നുനില്ക്കുന്നു.
ഒരു തളിരിലൊരു
മഹാകാനനം തെളിയുന്നു.
ഓര്‍മ്മയായ് മാറുന്നു.


  1. വലിയ വാഴക്കാട്: സൈലന്റ് വാലിയിലെ ഒരു സ്ഥലം.