സെല്ലുലാര്‍ ജയിലിന്റെ
ഇടനാഴിയില്‍
ഇഴഞ്ഞിഴഞ്ഞ്
ഞെരുങ്ങുന്ന
ഭൂതകാലത്തിന്റെ
ചങ്ങലയൊച്ചകള്‍.
അഴികളില്‍
മുഖം ചേര്‍ത്ത്
കൂര്‍ത്ത കണ്ണുകളുമായി
ഓര്‍മ്മയും
ചരിത്രവും.
അകത്ത്
വിങ്ങുന്ന
നിരാര്‍ദ്രതയില്‍
മാംസത്തിന്റെയും
മനസ്സിന്റെയും
മുറിവുകള്‍ പിളര്‍ന്ന്
ചോരയുടെ
നിമിഷകണങ്ങള്‍
ഇറ്റിക്കൊണ്ടേയിരിക്കുന്നു.
പൊടുന്നനെ
അഴികളില്‍
മുഖങ്ങള്‍
ഉരുവം കൊളളുന്നു.
കൂര്ത്തനോട്ടങ്ങളില്
എന്നെയും
കോര്‍ത്ത്
ചാത്തം ദ്വീപിനും
റോസ് ഐലണ്ടിനും
മേലേ,
ചിഡിയാതോപ്പിലെ
പക്ഷിമരങ്ങള്‍ക്കുമേലേയുലഞ്ഞ്,
പവിഴപ്പുറ്റുകളുടെ
തീരങ്ങള്‍ക്കുമേലെ
സമുദ്രജലോപരി പറന്ന്
ഒറീസ്സയ്ക്കും
ബംഗാളിനും മേലേ
പറന്ന്
ദില്ലിയിലെ
ധൂമാന്തരീക്ഷത്തിലേക്ക്.
തളര്‍ന്ന്
ചിറകൊടിഞ്ഞ്
ചോരയിറ്റുന്ന
ചുടുകണ്ണുകള്‍
തുറിച്ച്, ചരിത്രത്തിന്റെ അസ്വാതന്ത്ര്യങ്ങളിലേക്ക്
അടര്‍ന്നു
പതിക്കുന്നു.
റോസ് ഐലന്റിലെ
ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കുമേല്‍
വേരുകള്‍ പിണച്ച്
ചുറ്റുന്നത്
മരങ്ങളോ
കാലമോ?
നിശ്ശബ്ദതയിലേക്ക്
എഴുന്നുനില്ക്കുന്ന
കഴുമരത്തില്‍
കാറ്റിന്റെ
കണ്ഠം കുരുങ്ങി
പൊടുന്നനെ
കെട്ടുപോകുന്ന
ഒരു നിലവിളി.
കാലം
ഘനീഭവിക്കുന്ന
പളളിയുടെ
ഉള്‍മൗനത്തില്‍
വേരുകള്‍
പടര്‍ത്തിയ
വൃക്ഷം
കാറ്റില്‍
ദൈവത്തിലേക്ക്
വിതുമ്പുന്നു.
ഓഫീസേഴ്സ് മെസ്സ്…
ടെന്നീസ് കോര്‍ട്ട്
ബാര്‍…
ചര്‍ച്ച്…
പരേഡ് ഗ്രൗണ്ട്…
കോര്‍ട്ട്…
സൈന്‍ബോര്‍ഡുകളില്‍
അടര്‍ന്നു പൊളിയുന്ന
കാലം.
ബീച്ചില്‍നിന്ന്
വേച്ചുവേച്ചെത്തിയ
ഒരു കാറ്റ്
ഭൂതകാലത്തിന്റെ
മദ്യശാലയിലൂടെ
പളളിക്കു
മുകളിലെ
മരത്തിലേക്ക്
ചേക്കേറുന്നു.
തൂക്കുമരത്തില്‍
നിന്ന്
എത്തിയ നിലവിളിയില്‍
കാറ്റ്
ഇലകളായ്
അടര്‍ന്ന്
വിറച്ച്
പതിക്കുന്നു.
ചിഡിയാതോപ്പിലെ
സന്ധ്യയില്‍
ഇരുട്ടിന്റെ
വെളിച്ചമുളള
മരങ്ങളിലേക്ക്
ചേക്കേറുന്ന
ചിറകടികള്‍,
കൊക്കുരുമ്മലുകള്‍.
രക്താഭമായ
ആകാരത്തിലേക്ക്
കൂടണയാന്‍
വിസ്സമതിക്കുന്ന
ഒരു പക്ഷി.
സെല്ലുലാര്‍ ജയിലിന്റെ
മുകളില്‍നിന്ന്
കടലിലേക്ക്
നോക്കുമ്പോള്‍,
തിരകളുടെ,
സ്വിതന്ത്ര്യത്തിലേക്ക്
ചീറിപ്പായുന്ന
വെടിയുണ്ട.
രക്തം നിറഞ്ഞ
ഒരു വന്‍തിര
റോസ് ഐലന്റിനെ
വളഞ്ഞുപിടിക്കുന്നു.
രാത്രിയില്‍
ഞെട്ടിയുണരുന്ന
പക്ഷിസ്വരങ്ങള്‍
തിരയടിച്ചുയര്‍ന്ന്
ആകാശമറിയുന്ന
കടല്‍.