ശിലപാടും
മദഗന്ധം
ശിലകൊട്ടും
രതിതാളം
ശിലയാടും
പ്രണയഗോവിന്ദം.
രതിതാന്തസമയ-
ക്കൊടുംവര്ഷകാലം.
തനുഹരിതനിരകളി-
ലുലയുന്ന കാററ്
ഉടലിന്റെയാകാശ
മഴവില്‍നിറങ്ങള്‍.
ശിലയിവിടെ
സംഭോഗദ്രുതതാള
സമയങ്ങളില്‍
ചിന്നിയൊഴുകും
വിയര്‍പ്പ്;
ഇണമിഴിയിലലിയും
മഷിക്കറുപ്പ്.
തരളമൃദുവാക്കുക-
ളണിയുന്ന ചുണ്ടിന്
ചുവപ്പ്.
സ്തനമൃദുലസാന്ദ്രത.
അഴിയുന്ന പൂന്തുകില്‍
സുതാര്യത
തെളിയുന്ന
സ്നിഗ്ദ്ധമാം ഊരുകാണ്ഡം
പ്രതിനവരസോന്മേഷ
പരിണതിയിലണയുന്ന
സുഖശാന്തനിദ്ര;
നിശ്ശബ്ദത.
ശിലയിവിടെയോളങ്ങളുലയുന്ന
വേണീപ്രവാഹം
വിസ്മയദൃശ്യങ്ങള്‍
സ്പന്ദിക്കുമളകങ്ങള്
ഗജരാജഗതിയൊത്ത്
വിരിയുന്ന സുമധുര
നൂപുരധ്വനികള്തന്
വിവശീകൃതനടനങ്ങള്.
ശിലയിവിടെലയബദ്ധ-
മാനസവെളിച്ചവുമൊരു
ശാന്തസന്ധ്യതന്
രാഗാന്തരങ്ങളും
ഒരു പ്രഭാതത്തിന്റെ
കുളിര്മഞ്ഞുതുളളിയും
കുളിരിന് പുതപ്പിലെ
ഊഷ്മളമധുരവും
അലസമൊരു നിദ്രയും
സ്മൃതിവിസ്മൃതികളും
പുലരിയുടെ കവിതയും
അരുണകിരണങ്ങളും.
ശിലയിവിടെ-
യൊഴുകിച്ചിലയ്ക്കുന്ന കാട്ടാറ്
പ്രാകൃതവിശുദ്ധമാം വനമേഖല;
ഭൂവിന് നിറങ്ങള്‍
കിരാതന്റെ തോറ്റം
വസനങ്ങളണിയാത്ത ശുദ്ധത
കരിനാഗരൗദ്രത
ഉദ്ധൃതവീര്യാകരം
ക്ഷുഭിതവ്യാളീമുഖം
ആചാരമതിലുകള്
പിളരുന്ന ജീവിതം.
ശിലയിവിടെ
നൃത്തങ്ങളാടുന്ന ഗണപതി.
അതിസ്നിഗ്ദ്ധമുടലിന്റെ-
യുല്സവം പോലെത്തുമാ-
പാദമധുരാംഗിമാര്
ദേവതാരുണ്യങ്ങള്
ആനന്ദലോലരായ്
തരുണികളോടൊത്ത്
കൂടിയാടും
നിരാസക്തമുനിവൃന്ദം.
ചാന്ദ്രപ്രകാശത്തിലുടലിന്റെ
രാത്രിഗന്ധങ്ങള്
ശ്വസിക്കുന്ന കന്യക
കണ്ണാടി നോക്കും
ശരീരോല്സവം.
ശിലയിവിടെ ശില്പിതന്
ചോരച്ചുവപ്പ്
ശിലയിവിടെ നൃപതിതന്
മദഭരകലുഷമാം
രതിതാന്തരാത്രികള്
പുരനാരിമാര്തന്
മനംമുറിഞ്ഞുറയുന്ന
ശോണവിഷാദമുദ്ര.
അടിമയുടെ
ശിലാകഠിനജീവിതം.
ശിലയിവിടെ
ജീവിന്റെ നിത്യമാം തളിര്.
ശിലയിവിടെ ശില്പിതന്
നക്ഷത്രമാനസം
വിണ്ണിന് പ്രശാന്തതയിലുയരുന്ന
മണ്ണിന്റെ നിത്യസന്ദേശം.
ശിവശക്തിപ്രതീകമാം
ലിംഗസ്വരൂപം
വിസ്മയനിശ്ശബ്ദമാം
ക്ഷേത്രഗഹനത.
ശിലയിവിടെ
ദൈവത്തിന്റെ മണ്ണ്
ഐഹികത്തിന്
അനൈഹികനടനശ്രീ.