അറിയാത്തലങ്ങളിലേയ്ക്ക് 13
അറിയാത്തലങ്ങളിലേയ്ക്ക് 13 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | അറിയാത്തലങ്ങളിലേയ്ക്ക് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല് |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 85 |
ഒരിക്കൽ അവളെ സസ്പെൻസിൽ നിർത്തിയതിന് വന്ദന പകരം വീട്ടുകയാണെന്നു തോന്നുന്നു. എന്താണ് കിട്ടിയ അദ്ഭുതവസ്തു എന്നു പറയുന്നില്ല. പറയാം, എന്താ ധൃതി എന്നാണ് ചോദിയ്ക്കുന്നത്. ഒരിക്കൽ ഇന്ദിരയെ ഒറ്റയ്ക്കു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു.
‘എന്താണ് മോൾക്ക് കിട്ടിയ സാധനം?’
‘എനിക്കറിയില്ല.’ അവൾ കൈ മലർത്തി. ‘എന്തൊക്ക്യോ കടലാസ്സാണ്ന്ന് തോന്നുണു. ഞാൻ പറഞ്ഞൂന്ന് പറയല്ലേ.’
ശരിയ്ക്കും അവൾക്കറിയില്ല എന്നു തോന്നുന്നു. കാത്തിരിയ്ക്ക തന്നെ.
ഒരു വിധത്തിൽ പ്രാതൽ കഴിച്ചു. പെട്ടെന്ന് വന്ദന അപ്രത്യക്ഷയായി. സംഭവം ശരിയ്ക്കും സസ്പെൻസ് നിറഞ്ഞതുതന്നെ. ഒരു പത്തു മിനുറ്റ് കഴിഞ്ഞു കാണും വന്ദനയുടെ വിളി കേട്ടു.
‘അച്ഛാ വരു.’
എവിടെനിന്നാണെന്നു മനസ്സിലാവുന്നില്ല. ഞാൻ വിളിച്ചു ചോദിച്ചു.
‘നീ എവിട്യാണ്?’
‘ഞാൻ ഇവിടെണ്ട്, അച്ഛന് മനസ്സിലാവ്ണ്ല്ല്യേ?’
‘ഇല്ല മോളെ നീയൊന്ന് വന്നിട്ട് എന്നെ കൂട്ടിക്കൊണ്ടുപോ.’
നിത്യമുപയോഗിക്കുന്ന മുറികളിലൊന്നിലുമല്ല അവളുള്ളതെന്ന് മനസ്സിലായപ്പോൾ ഭയം തോന്നി. അവൾ പ്രത്യക്ഷപ്പെടാൻ കുറേ സമയമെടുത്തു.
‘വരൂ, അത് എവിട്യാണ്ന്ന് കാണിച്ചു തരാം.’
ഞാൻ അവളുടെ പിന്നാലെ പോയി. ഇടനാഴികയിലൂടെ നടന്ന് അവൾ ഒരു തുറന്നിട്ട മുറിയുടെ മുമ്പിലെത്തി നിന്നു. ‘വരൂ, ഇതിനുള്ളിലാണ്.’
മുറിയുടെ വാതിലിനു മുകളിൽ ഒരു കമാനമുണ്ട്. ആ നാലുകെട്ടിൽ മൂന്നോ നാലോ മുറികളുടെ വാതിലുകൾക്കു മാത്രമേ കമാനങ്ങളുള്ളൂ. പഴയ ശൈലിയാണ്. ഒരു കാലത്ത് എല്ലാ മുറികളും അങ്ങിനെയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഏതോ കാരണവരാണ് അതൊക്കെ മാറ്റിയത്. അന്ന് ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന കുറച്ചു മുറികൾ മാത്രമേ മാറ്റാത്തതുള്ളു. ദൈവമേ ഇത് ഇട്ടിരാമൻ കാരണവരുടെ മുറിയോ മറ്റൊ ആണോ?
കമാനമുള്ള ചെറിയ ജനലിലൂടെ വരുന്ന വെളിച്ചത്തിൽ മുറിയുടെ ഉൾഭാഗം പേടിപ്പെടുത്തുന്നതായിരുന്നു. എന്തിനാണ് ഈ പെണ്ണ് ഈ വക സാഹസത്തിനൊക്കെ നിൽക്കുന്നത്?
മുറിയിൽ ഒരു പുരാതനമായ കട്ടിൽ കിടക്കുന്നുണ്ട്. ഇരട്ടയെന്നു പറയാൻ വയ്യ, എന്നാൽ ഒരുമാതിരി വീതിയുണ്ടു താനും. എതിർവശത്ത് മരത്തിന്റെ അലമാറി. അതല്പം തുറന്നിട്ടിരുന്നു. വന്ദന അവളുടെ പരതലിനായി തുറന്നിട്ടതായിരിയ്ക്കും. ഒരു മൂലയിലിട്ട മേശപ്പുറത്ത് ഒരു നിലവിളക്കുണ്ട്.
‘ഇതിനുള്ളിൽ കണ്ണു കാണ്ണില്ല.’
‘അതിന് ഞാൻ വഴി കണ്ടിട്ട്ണ്ട്.’ വന്ദന മേശപ്പുറത്തുനിന്ന് ഒരു തീപ്പെട്ടിയെടുത്ത് നിലവിളക്ക് കൊളുത്തി.
‘പോരെ അച്ഛന് വെളിച്ചം?’
‘ഈ നെലവെളക്ക് ഇവിടെണ്ടായിരുന്നതാണോ?’
‘അല്ലച്ഛാ, ഞാൻ കൊണ്ടന്നതാ. ഇവിടെണ്ടായിരുന്ന വെളക്ക് ഇതായിരുന്നു.’
അവൾ നിലത്തുനിന്ന് ഒരു റാന്തൽ എടുത്തുയർത്തി. പെട്ടെന്നാ റാന്തൽ അവളുടെ കയ്യിൽനിന്ന് കമ്പി പൊട്ടി വീണു ചില്ലു തകർന്നു, ഒരു ഭയങ്കര ശബ്ദത്തോടെ. വന്ദനയും ഒന്ന് ഞെട്ടി. കയ്യിലുണ്ടായിരുന്ന തൂക്കുകമ്പി നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
‘അച്ഛാ അതു പൊട്ടി വീണതാണ്.’
‘സാരല്ല്യ.’ ഞാനാ കമ്പി അവളുടെ കയ്യിൽ നിന്ന് വാങ്ങി നോക്കി. അതു മുഴുവൻ തുരുമ്പു പിടിച്ചിരിയ്ക്കയാണ്.
‘മോള് പോയി ഒരു ചൂല് എടുത്തുകൊണ്ടുവാ. ഈ ചില്ല് ഇപ്പത്തന്നെ അടിച്ചുവാരി ഒരു മൂലേല് ഇടാം.’
ചൂല് ഇടനാഴിയിലെവിടേയൊ ഉണ്ടായിരുന്നു. അവൾ, ഉള്ള വെളിച്ചത്തിൽ, ചില്ലും തുരുമ്പുപിടിച്ച കഷ്ണങ്ങളും മേശയ്ക്കു താഴേയ്ക്ക് അടിച്ചുകൂട്ടി.
‘ഇനി പറ എന്താണ് നീ കണ്ടു പിടിച്ച സാധനങ്ങള്. നമുക്ക് വേഗം പോണം ഇവിട്ന്ന്. എനിക്കീ സ്ഥലം ഇഷ്ടായില്ല്യ.’
അവൾ അലമാറി തുറന്ന് ഏതാനും കടലാസ്സു കെട്ടുകൾ എടുത്തു കൊണ്ടുവന്ന് മേശമേൽ വച്ചു. ആധാരം പോലുള്ള കെട്ടുകൾ. തൊടുമ്പോഴേയ്ക്ക് പൊടിഞ്ഞു പോകുന്ന പേജുകൾ സൂക്ഷിച്ചേ കൈകാര്യം ചെയ്യാൻ പറ്റു. ഞാൻ പറഞ്ഞു.
‘നമുക്ക് ഇതു പുറത്തു കൊണ്ടുപോയി പരിശോധിക്കാം. ഈ നിലവിളക്കിന്റെ വെളിച്ചത്തിൽ അച്ഛന് ഒന്നും കാണ്ണില്ല്യ. നീ മുമ്പില് നടക്ക്.’
വന്ദന നിലവിളക്കു കെടുത്തി പുറത്തു കടന്നു. ഞാനവളുടെ പിന്നാലെ ആ കടലാസ്സു കെട്ടുകളുമായി പുറത്തു കടന്നു. പെട്ടെന്നാണ് ഓർത്തത് ജനലടച്ചിട്ടില്ല എന്ന കാര്യം. ഞാൻ കെട്ടുകൾ വന്ദനയുടെ കയ്യിലേൽപ്പിച്ചു അകത്തേയ്ക്കുതന്നെ പോയി. ജനലും വാതിലും അടച്ചിരുന്നതുകൊണ്ടായിരിക്കണം മുറിയിൽ തട്ടിന്റെ വളയിൽ തൂങ്ങിനിൽക്കുന്ന നരിച്ചീറുകൾ വരാത്തത്. എനിയ്ക്കാ ജീവികളെ വളരെ പേടിയാണ്. അവരും മരിച്ചു പോയവരും തമ്മിൽ ബന്ധമുണ്ടെന്നൊക്കെ കുട്ടിക്കാലത്ത് കഥകൾ കേട്ടതുകൊണ്ടായിരിക്കണം. പാവം ജീവികൾ. ജനലടച്ച് തിരിച്ചുവന്ന് വാതിലടക്കുമ്പോഴാണ് ഞാനതു കണ്ടത്. നിഴൽ പോലെ മുറിയിലേയ്ക്ക് ഒരു കോണിയിറങ്ങി വരുന്നു. ഞാൻ അടയ്ക്കാൻ പോയ വാതിൽ ഒരിയ്ക്കൽക്കൂടി തുറന്നു നോക്കി. അതപ്രത്യക്ഷമായിരിക്കുന്നു. എന്റെ തോന്നലായിരിക്കണം.
‘എന്താ അച്ഛാ?’ വന്ദന ചോദിച്ചു.
‘ഏയ് ഒന്നുംല്ല്യ.’
വീണ്ടും ഇടനാഴികൾ.
‘നമുക്ക് മോളില് പോവാം.’ ഞാൻ പറഞ്ഞു. ‘അച്ഛന്റെ ഓഫീസ് മുറിയിലേയ്ക്ക്?’
‘ഓഫീസ് മുറിയോ?’
‘അതെ.’ അച്ഛന്റെയും കുട്ടമ്മാമയുടെയും കുട്ടിക്കാലത്തെ ഓഫീസ് മുറി ഏതാണെന്ന് ഞാനവൾക്കു കാണിച്ചു കൊടുത്തു. അച്ഛനും കുട്ടമ്മാമയും ഒരു കാലത്ത് കിടന്നിരുന്ന മുറിയാണ് ഞങ്ങൾ ഇപ്പോൾ കിടപ്പറയായി ഉപയോഗിക്കുന്നതെന്നത് അവളെ സംബന്ധിച്ചേടത്തോളം അല്പം ത്രില്ലുണ്ടാക്കുന്ന പുതിയ അറിവായിരുന്നു. അങ്ങിനത്തെ കാര്യങ്ങളൊന്നും ഇന്ദിര അവളോട് പറഞ്ഞിരുന്നില്ല.
ആദ്യം തുറന്ന കെട്ട് ഒരു ആധാരം തന്നെയായിരുന്നു. അത് വായിക്കണമെങ്കിൽ പഴയ മലയാളം അറിയുകതന്നെ വേണം. വല്ലാത്തൊരു ഭാഷ. മലയാളഭാഷയ്ക്ക് ഇങ്ങിനെയൊരു ശൈലിയുണ്ടായിരുന്നോ? സ്റ്റാമ്പ് പേപ്പറിൽ എഴുതിയ ആധാരം ഈ നാലുകെട്ടിന്റെയും അതിനു ചുറ്റുമുള്ള പറമ്പിന്റെയും ആണ്. അതെങ്ങിനെ മനസ്സിലായി എന്നൊന്നും ചോദിക്കരുത്. ഒരു പത്തു ശതമാനം മനസ്സിലായതിൽനിന്നാണ് പറയുന്നത്.
‘അച്ഛാ ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?’
‘പറയൂ.’
‘അച്ഛനെന്താണ് ആ മുറീടെ വാതിൽ ചാരാൻ നോക്കീട്ട് പിന്നീം തൊറന്നു നോക്ക്യത്?’
‘ഏയ് വെറുതെ?’
‘എന്തിനാച്ഛാ നൊണ പറേണത്. ഞാൻ പറയട്ടെ? അച്ഛനതിനുള്ളില് എന്തോ കണ്ടു അല്ലെ?’
‘ഏയ് എന്തു കാണാനാ? എന്താ നെണക്ക് അങ്ങിന്യൊക്കെ തോന്നാൻ കാരണം?’
‘ഞാൻ പറയട്ടെ അച്ഛൻ എന്താ കണ്ടത്ന്ന്. അച്ഛൻ അവിടെ ഒരു കോണി കണ്ടു അല്ലെ? പിന്നെ നോക്ക്യപ്പൊ അതു പോവും ചെയ്തു.’
ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല. വന്ദന അങ്ങിനെയാണ്. കാര്യങ്ങൾ തുറന്നു പറയും, അതും പെട്ടെന്ന്. നമുക്ക് തയ്യാറെടുപ്പിനുള്ള സമയം തരില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അവളും അതു കണ്ടിട്ടുണ്ടാവും. എന്താണെന്നു നോക്കാൻ വീണ്ടും നോക്കിയപ്പോളത് അപ്രത്യക്ഷമായിട്ടുണ്ടാവും. ഇതെല്ലാം എന്തിന്റെ നിമിത്തങ്ങളാണ്? എല്ലാം നിർത്തിവച്ച് തിരിച്ചു പോവണമെന്നാണോ ഇതിന്റെയൊക്കെ അർത്ഥം. എനിക്കാ കാരണവരെ ശരിയ്ക്കും ഭയമായിത്തുടങ്ങിയിരിക്കുന്നു. എന്തുദ്ദേശ്യമായാലും അത് കുറച്ചുകൂടി വ്യക്തമാക്കിത്തന്നുകൂടെ?
‘എന്താണച്ഛാ അത്?’
‘എനിക്കറിയില്ല മോളെ. അത് വല്ല നിഴലുമായിരിക്കും?’
‘എന്തിന്റെ നിഴൽ? അവിടെ വെളിച്ചം വരാൻ യാതൊരു വഴിയും ഇല്ല്യല്ലൊ.’
ഞാൻ വീണ്ടും മുമ്പിലിരിക്കുന്ന ആധാരക്കെട്ടു പരിശോധിക്കാൻ തുടങ്ങി. വെറും വൃഥാവ്യായാമം. പെട്ടെന്നാണ് ഒരു പേജ് എന്റെ കണ്ണിൽ പെട്ടത്. ഒരു സ്കെച്ചാണത്. ഒരു കെട്ടിടത്തിന്റെ പ്ലാൻ. സ്വന്തം കെട്ടിടത്തിന്റെ പ്ലാൻ വരച്ചതു നോക്കി നോക്കി ഞാനൊരു വിദഗ്ദനായി മാറിയിരുന്നു. ഒരു ബി. ആർക് ഡിഗ്രിയൊന്നും കിട്ടില്ലെങ്കിലും ഒരു പ്ലാൻ കണ്ടാൽ അതെന്തിന്റേതാണെന്നു മനസ്സിലാക്കാൻ മാത്രം വൈദഗ്ദ്യം ലഭിച്ചിട്ടുണ്ടെന്നർത്ഥം. കെട്ടിന്റെ എകദേശം നടുവിലായി സ്ഥിതി ചെയ്തതുകൊണ്ട് ആ പേജിന് അധികം കേടുപാടുകൾ പറ്റിയിട്ടില്ല. ഞാനതു പുറത്തെടുത്തു. ഒരു മണിക്കൂർ നേരത്തെ പഠനത്തിനു ശേഷം ഒരു കാര്യം മനസ്സിലായി. അതൊരു എട്ടുകെട്ടിന്റെ പ്ലാനാണ്. അതായത് ഇപ്പോഴുള്ള നാലുകെട്ടിന്റെ പഴയ രൂപം. ഒരു പ്രാകൃതമായ രൂപരേഖയാണ്. ഒരു പ്രൊഫഷനൽ തയ്യാറാക്കിയതല്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാം. ഒരു പക്ഷെ ആധാരമെഴുതുന്നവർ വരച്ചുണ്ടാക്കിയതായിരിക്കും. അല്ലെങ്കിൽ സർവ്വേ ഡിപ്പാർട്ടുമെന്റിൽ അന്നൊക്കെ അങ്ങിനത്തെ സ്കെച്ചുകളായിരിക്കും ഉപയോഗിക്കുന്നത്. സംഗതി എന്തുതന്നെയായാലും ആ സ്കെച്ച് വളരെ വ്യക്തമായിരുന്നു. മുറികൾ, ഇടനാഴികകൾ, നടുമിറ്റങ്ങൾ, പത്തായപ്പുര, രണ്ടു കിണർ, ഇത്രയും കാര്യങ്ങൾ വളരെ വ്യക്തമാണ്. പുറത്തുള്ള അളവുകളല്ലാതെ ഉള്ളിലുള്ള അളവുകളൊന്നും ചേർത്തിട്ടില്ല. ആ അളവുകൾ തന്നെ കോലിൽ ആയിരിയ്ക്കും. ഒരു കോൽ എന്നു പറഞ്ഞാൽ എത്ര അടിയാണെന്ന് ഏതെങ്കിലും മരപ്പണിക്കാരോടു ചോദിക്കണം. രണ്ടടിയാണെന്നു തോന്നുന്നു. ആ സ്കെച്ച് നോക്കിക്കൊണ്ടിരിയ്ക്കെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. ഈ കെട്ടിടം ഒരു നാലുകെട്ടല്ല, എട്ടുകെട്ടുമല്ല, അതിനുരണ്ടിനുമിടയിൽ കിടക്കുന്ന ഒന്നാണ്. എട്ടുകെട്ടു പൊളിച്ചു മാറ്റിയപ്പോൾ രണ്ടാം നടുമിറ്റത്തിന്റെ ഭാഗത്തുനിന്ന് അപ്പുറത്തേയ്ക്കേ പൊളിച്ചു മാറ്റിയിട്ടുള്ളു. അതാണ് ഈ വീട് ഇത്ര ഭീകരമായിരിക്കുന്നത്. രണ്ടുമല്ലാത്ത ഒരു ഭീകരജീവി.
വന്ദന വേറൊരു കെട്ടെടുത്ത് തുറന്നു നോക്കുകയായിരുന്നു. അതിനിടയ്ക്കാണ് എന്റെ കയ്യിൽ ഈ സ്കെച്ച് കണ്ടത്. അവൾക്ക് താല്പര്യമായി.
‘എന്താ അച്ഛാ അത്?’
‘ഇത് മോളെ നമ്മടെ വീടിന്റെ അസ്സൽ, എന്നുവച്ചാൽ ഒറിജിനൽ പ്ലാനാണ്. പണ്ടിതൊരു എട്ടുകെട്ടായിരുന്നു. നാലുകെട്ടിന്റെ ഇരട്ടി വലുപ്പമുള്ള ഒരു കെട്ടിടം. പിന്നീടത് ഒരു കാരണവരുടെ കാലത്ത് പൊളിച്ച് നാലുകെട്ടാക്കിത്തീർത്തു. പക്ഷെ ഇപ്പോഴാണ് അച്ഛന് മനസ്സിലാവണത് ഇത് നാലുകെട്ടാക്കിയിട്ടില്ലാന്ന്. എട്ടുകെട്ടിന്റെ ചെറിയൊരു ഭാഗേ പൊളിച്ചു മാറ്റീട്ടുള്ളു. അതാണ് ഇത്രയധികം മുറികള് ഈ വീട്ടിൽ കാണണത്. അച്ഛനും ആ ലോചിക്കാറ്ണ്ട്……’
വീടിന്റെ വാസ്തുവിദ്യയെപ്പറ്റിയുള്ള അറിവ് എ ന്നെ എവിടെയും എത്തിക്കുന്നില്ല. ചതുരംഗപ്പലകയുടെ അർത്ഥമെന്താണെന്നോ, ഞാനും കുട്ടേട്ടനും ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിധി അവിടെയുണ്ടോ എന്നുമറിയാൻ ഇനിയും കുറെയേറെ അദ്ധ്വാനിക്കണം. ദൈവമേ ഞാനെവിടെയാണ് അന്വേഷിച്ചു പോകേണ്ടത്?
അവൾ കണ്ടുപിടിച്ച വസ്തുക്കൾ കാര്യമായ ചലനങ്ങളൊന്നും എന്നിൽ ഉണ്ടാക്കിയില്ല എന്നറിഞ്ഞപ്പോൾ വന്ദനയ്ക്ക് നിരാശയായി.
‘ഞാൻ വിചാരിച്ചു…’
അവൾ വിചാരിച്ചതെന്തെന്ന് എനിയ്ക്കറിയാം. ഞാൻ കെട്ടുകളെല്ലാം മേശയുടെ ഒരറ്റത്തേയ്ക്ക് നീക്കിവച്ചു പറഞ്ഞു.
‘നമുക്ക് ചെസ്സ് കളിക്ക്യാ?’
ഉച്ചയുറക്കം കഴിഞ്ഞപ്പോൾ ഇന്ദിര തന്ന കടുപ്പമുള്ള ചായ കുടിച്ചു. ഒന്ന് പുറത്തിറങ്ങിയാൽ നന്നായിരിക്കും. ലീവ് റദ്ദാക്കി നാളെത്തന്നെ ഓഫീസിൽ പോയി ജോലി തുടങ്ങിയാലോ? ഈ അന്വേഷണം എവിടെയും എത്തുന്നില്ല. എത്താനും പോകുന്നില്ല. നിരാശ മാത്രം ബാക്കി. ഏതു ഭാഗത്തേയ്ക്കു നടക്കണമെന്ന് ആലോചിച്ച് പൂമുഖത്തിരിക്കയാണ് ഞാൻ. ഇന്ദിരയും വന്ദനയും അവരുടെ ദിവസേനയുള്ള അമ്പല സന്ദർശനത്തിന് ഇറങ്ങാൻ തയ്യാറായി വന്നു.
‘വരുന്നോ അമ്പലത്തിലേയ്ക്ക്?’
‘അച്ഛാ വരു, രസാണ്.’
‘ഇല്ല നിങ്ങള് പോയി ഈശ്വരാനുഗ്രഹം വാങ്ങി വരൂ.’
‘എങ്ങട്ടേങ്കിലും പോവ്വാണെങ്കില് ദേവിയോട് പറഞ്ഞിട്ടു പോണം.’ ഇന്ദിര പറഞ്ഞു. ‘അവൾ വാതിലടച്ച് കുറ്റിയിട്ടോളും. അവള് അട്ക്കളേല്ണ്ട്.’
‘ശരി.’
ഞാൻ അകത്തേയ്ക്കു പോയി മുണ്ടും ഷർട്ടും മാറ്റിവന്നു. ഒന്ന് നടക്കണം, തീർച്ച. എങ്ങോട്ടു പോണമെന്നത് പടിപ്പുര കടന്നാൽ തനിയെ തീർച്ചയാവും. പടിപ്പുരയിൽനിന്ന് ഞാൻ തിരിഞ്ഞുനോക്കി. ഒരു കൂറ്റൻ വീട്. കുട്ടേട്ടൻ പറഞ്ഞ പോലെ അത് എന്തെങ്കിലും ചെയ്യണം, നാശമാവുന്നതിനുമുമ്പ്. ഇനിയുള്ള കാലത്ത് എന്തിനാണ് ഇത്ര വലിയ വീടുകൾ? വല്ല നഗരപ്രാന്തങ്ങളിലാണെങ്കിൽ ആർക്കെങ്കിലും ഇതൊരു ഹോട്ടലാക്കി മാറ്റാൻ കഴിയുമായിരുന്നു. ഇവിടെ, ഈ കാട്ടുമുക്കിൽ ആർക്കാണ് ഇതാവശ്യം? പൊളിച്ചു വിറ്റാൽ കിട്ടുന്ന മരത്തിന്റെ വിലകൊണ്ട് അവർക്ക്, കൊടുത്ത പണം മുതലാവും. അത്രതന്നെ.
ഞാൻ പാടത്തെത്തിയിരുന്നു. വീതിയുള്ള വരമ്പിലൂടെ നടക്കുമ്പോൾ ആലോചിച്ചു. ഒരു കാലത്ത് ഈ വയലുകളെല്ലാം ഞങ്ങളുടെയായിരുന്നു. അമ്മാമന്റെ അവസാന കാലത്തുതന്നെ മിക്കവാറും എല്ലാം വിറ്റഴിച്ചു. എനിയ്ക്കും കുട്ടേട്ടനും അതിന്റെ വീതം കിട്ടി.
‘എങ്ങട്ടാണാവോ?’
എതിരേ നടന്നുവന്നിരുന്ന വയസ്സനെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
‘മൂത്താശാര്യല്ലെ?’
‘അതെമ്പ്രാ.’
‘എന്തൊക്ക്യാണ് വിശേഷം?’
‘ഇങ്ങിന്യൊക്കെ കഴീണു.’
പെട്ടെന്ന് തേടിയ വള്ളി കാലിൽ തടഞ്ഞുവെന്ന് എന്റെ മനസ്സു പറയുകയാണ്. ഏതോ ഒരു ശക്തി ആ വള്ളി എന്റെ കാലിൽ കൊണ്ടുവന്നിട്ടതാണ്. അത് ഇട്ടിരാമൻ കാരണവർതന്നെയാവട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.
‘അച്ഛന് വിശേഷൊന്നുംല്ല്യല്ലൊ.’
‘ഇല്ലമ്പ്രാ. എന്നേക്കാൾ ആരോഗ്യണ്ട്. അങ്ങനെ പൊറത്തൊന്നും എറങ്ങാറില്ല.’
ആ തമ്പ്രാൻ വിളി കേൾക്കുമ്പോൾ വിഷമം തോന്നുകയാണ്. മൂത്താശാരിയുടെ മകൻ അനിൽ എന്റെ സഹപാഠിയാണ്. അയാൾ ബി. ആർക് കഴിഞ്ഞ് ദൂബായിൽ നല്ല ജോലിയിലാണ്. ഇവിടെ അവരുടെ പഴയ കൊച്ചു വീട് പൊളിച്ച് ഒരു വലിയ ഇരുനില വീടുണ്ടാക്കിയിട്ടുണ്ട്. പണക്കാർ എന്നു പറയാം. എന്നാലും മൂത്താശാരി ഇപ്പോഴും പറയുന്നത് ‘അടിയൻ’ എന്നും, സ്വന്തം വീടിനെ ‘കുടി’യെന്നുമാണ്. ഒരു കാലത്ത് സവർണ്ണർ ചെയ്തുവച്ച ദ്രോഹം!
‘എനിയ്ക്ക് അച്ഛനെയൊന്ന് കാണണംന്ന്ണ്ട്. കൊറേ കാലായി കണ്ടിട്ട്.’
‘പോവ്വാലോ.’
വലിയ മൂത്താശാരിയ്ക്ക് എന്നെ പരിചയപ്പെടുത്തേണ്ടി വന്നു. അദ്ദേഹത്തിന് ചുരുങ്ങിയത് തൊണ്ണൂറ് വയസ്സായിട്ടുണ്ടാവും. ഏകദേശം ഇരുപതു കൊല്ലമായിട്ട് അദ്ദേഹം പണിയ്ക്കൊന്നും പോവാറില്ല. അതിനു മുമ്പ് ആ ദേശത്തെ മാത്രമല്ല, അടുത്ത ദേശങ്ങളിലെ പ്രധാനപ്പെട്ട വീടുപണി മുഴുവൻ വലിയ മൂത്താശാരിയുടെ മേൽനോട്ടത്തിലായിരുന്നു. എന്തായാലും ചോദിച്ചു നോക്കാം.
‘അല്ലാതെന്താ? അതൊക്കെ ചെയ്തത് ഞാന്തന്ന്യാ. നിങ്ങടോടെണ്ടായിര്ന്ന എട്ടുകെട്ട് മുഴുവൻ പൊളിച്ചിട്ടില്ല. പൊളിയ്ക്കാൻ തൊടങ്ങ്യപ്പഴാ ഇട്ടിരാമത്തമ്പ്രാൻ പറഞ്ഞത് മുഴുവൻ പൊളിക്കണ്ടാന്ന്. അങ്ങന്യങ്ങട്ട് നിർത്താൻ പറ്റ്വോ? ഞാമ്പറഞ്ഞു, ഇതിന് ചെല നെയമങ്ങളൊക്കെ ഇല്ല്യേ. ഇത്രേല് നിർത്ത്യാ താമസിക്കണോർക്ക് നന്നല്ലാന്ന്. മുപ്പര് വല്ലാത്ത ആളായിര്ന്നു. നന്നല്ലെങ്കീ നന്നല്ല, ഇത്ര മതി. ഇത്രേം പൊളിച്ചാ മതീന്ന്. എന്നിട്ടാ തിരുമേനീനെ കൊണ്ടന്ന് പ്രശ്നം വെച്ചു നോക്കീത്. തിരുമേനി പറഞ്ഞു. ഇത്രേ പൊളിച്ചാ മത്യെങ്കീ അത്രേം മതി. പക്ഷെ പൊളിച്ച സ്ഥലത്ത് ഭഗവതീനെ പ്രതിഷ്ഠിക്കണംന്ന്. അല്ലെങ്കീ കെട്ടിടത്തിന്റെ തൂക്കം ശരിയാവില്ലാന്ന്. പിന്നെ അദ്ദേംതന്നെ പ്രശ്നം വച്ചുനോക്കി. അപ്പളാ മനസ്സിലായത് അവിടെ അമ്പലം പാടില്ലാന്ന്. അമ്പലത്തിന്റെ സ്ഥാനം തെക്കു ഭാഗത്താണ്ന്ന്. അപ്പൊ ഇട്ടിരാമൻ തമ്പ്രാൻ പറഞ്ഞു. അങ്ങന്യാണെങ്കീ അങ്ങനെ. എന്താ രാമാ തനിയ്ക്ക് അമ്പലംണ്ടാക്കാൻ അറിയ്യോ? അടിയൻ പറഞ്ഞു, അടിയനറിയില്ലെങ്കീപ്പിന്നെ ഇവിടെ ആർക്കും അറിയൂല. ന്നാ ഒടനെ പണി തൊടങ്ങിക്കോ രാമാന്ന് പറഞ്ഞ് തമ്പ്രാൻ. അടിയനന്ന് വയസ്സ് ഇരുപത്തഞ്ച്.’
ദുബായിൽ നിന്നു കൊണ്ടുവന്ന പതുപതുത്ത കുഷ്യനുള്ള സോഫയിലിരുന്ന് ഞാനാ കഥകൾ കേട്ടു. അപ്പോൾ എന്റെ ഊഹം ശരിതന്നെയാണ്. എട്ടുകെട്ട് മുഴുവൻ പൊളിച്ചുമാറ്റിയിട്ടില്ല. സാധാരണ എട്ടുകെട്ടുകളിലും നാലുകെട്ടുകളിലും പത്തായപ്പുര തൊട്ടടുത്തുതന്നെ കാണാറുണ്ട്. ആ പറമ്പിലെന്താണ് അങ്ങിനെയൊരു പുര ഉണ്ടാവാഞ്ഞത്? ഞാൻ എന്റെ സംശയം മൂത്താശാരിയോട് ചോദിച്ചു.
‘നിങ്ങടെ പത്തായപ്പെരേലാണ് ഇപ്പ ശങ്കരൻ നായര്ടെ കുടുംബം താമസിക്കണത്? പത്തായപ്പെര കൊറച്ച് വിട്ടിട്ടായിരുന്നു. പത്തേക്ര പറമ്പായിരുന്നു അത്ന്ന് കേട്ട്ട്ട്ണ്ട്. ഓരോ കാരണവന്മാരായിട്ട് മുറിച്ച് വിറ്റതാ. ഇത്രേം വല്യ പറമ്പ് നോക്കിണ്ടാക്കല് എളുപ്പാണോ?’
‘ആരാ ശങ്കരൻ നായര്?’
‘ങാ, അതറീല്ല്യേ? നിങ്ങടെ തെ ക്കേ പറമ്പില് താമസിക്കണ ഭാർഗ്ഗവിയമ്മ ഇല്ലെ? അവര്ടെ ഭർത്താവ്. നിങ്ങടെ തറവാടില് കാര്യസ്ഥനായിരുന്നു. നേരത്തെ മരിച്ചു.’
അതെനിയ്ക്ക് പുതിയ അറിവായിരുന്നു. അപ്പോൾ ആ എട്ടുകെട്ട് എന്നത് ഒരു ഭീകരവസ്തു തന്നെയായിരുന്നു. ഞാൻ ചോദിച്ചു.
‘ആ എട്ടുകെട്ട് ഉണ്ടാക്കീത് വലിയ മൂത്താശാര്യാണോ?’
‘അയ്യോ അതൊക്കെ അട്യന്റെ അച്ഛന്റെ കാലത്ത്ണ്ടാക്ക്യതാണ്. ജാതവേദൻ തിരുമേനിയാണ് അതി ന്റെ കണക്കൊക്കെ കൊടുത്തത്. അച്ഛനെപ്പോലത്തെ എട്ട് മൂത്താശാരിമാര്ണ്ടായിരുന്നു. പോരാത്തതിന് ചെറിയ ആശാരിമാര് വേറീം. അതൊക്കെ കേട്ടറിവേള്ളൂ.’
‘ഒരു കാര്യം ചോദിക്കട്ടെ? എട്ടുകെട്ട് ശരിയ്ക്ക് പകുതി പൊളിക്കാത്തതോണ്ട് എന്തെങ്കിലും കൊഴപ്പംണ്ടായ്യോ?’
‘എന്താണ്ടാവാതെ. തമ്പ്രാന്റെ ഏട്ടൻ മൂന്നാമത്തെ കൊല്ലം മരിച്ചുപോയില്ല്യേ. മൂന്നു കൊല്ലം കഴിഞ്ഞപ്പോ ഇട്ടിരാമത്തമ്പ്രാനും മരിച്ചു. കൊറേക്കാലം കെടന്നിട്ടാ മരിച്ചത്?’
‘എന്തായിരുന്നു അസുഖം?’
‘അതൊന്നും ആർക്കും അറീല്ല്യാ. അന്നൊക്കെ ആ തറവാട്ടില് നടക്കണ കാര്യങ്ങള് അത്ര എളുപ്പൊന്നും പൊറത്ത് കേക്കില്ല. ഓരോന്ന് പറഞ്ഞ് കേക്കും. അതൊക്കെ ശര്യാവണംന്ന്ല്ല്യ.’