അറിയാത്തലങ്ങളിലേയ്ക്ക് 18
അറിയാത്തലങ്ങളിലേയ്ക്ക് 18 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അറിയാത്തലങ്ങളിലേയ്ക്ക് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 85 |
ഞാൻ തിരിച്ചു വന്നപ്പോഴേയ്ക്ക് ഇന്ദിര ശ്രീകൃഷ്ണനെ മാത്രമല്ല അദ്ദേഹം ഓടക്കുഴൽ വിളിച്ച് നിന്നിരുന്ന പീഠം കൂടി മാറ്റിവച്ച് അവിടെ തുടയ്ക്കുകയാണ്.
‘ഇപ്പോൾ തുടക്കേണ്ടിയിരുന്നില്ല. എന്തായാലും മണ്ണും പൊടീം ആവും.’
‘അതു സാരല്ല്യ. ജോലി തുടങ്ങുമ്പൊ വൃത്തിള്ള സ്ഥലത്തിരിക്കാലോ. ഇപ്രാവശ്യം ഞാനീ പീഠത്തിന്റെ അടീലൊന്നും തൊടച്ചിട്ട്ണ്ടായിര്ന്നില്ല.’
പീഠം രണ്ടടി നീളവും കഷ്ടിച്ച് അരയടി ഉയരവുമുള്ള ഒരു മേശയാണ്. കടഞ്ഞ കാലുകളും വശങ്ങളിൽ ചിത്രപ്പണികളുമുള്ള ഈട്ടിയിൽ തീർത്ത ഒരു മേശ. ചുമരിൽ മേശയിട്ടിരുന്ന സ്ഥാനത്ത് ഒരു ഇരുണ്ട പാടു വന്നിരുന്നു. അവിടെത്തന്നെ പൊളിക്കാൻ തുടങ്ങാം. ഞാൻ പിക്കാക്സെടുത്തു.
ആ ചുമരുണ്ടാക്കിയത് ഇഷ്ടികകൊണ്ടായതിനാൽ പൊളിക്കുന്നത് കുറച്ചുകൂടി എളുപ്പമായിരുന്നു. മറ്റു ചുമരുകളെല്ലാം വലിയ വെട്ടുകല്ലുകൊണ്ടുണ്ടാക്കിയതാണ്. കാരണവരുടെ മുറിയിലെ അടഞ്ഞ മുറിയുടെ ചുവരു പോലും വെട്ടുകല്ലുകൊണ്ടു തീർത്തതായതുകൊണ്ട് പൊളിക്കാൻ നന്നെ പാടുപെട്ടു.
നാല് ഇഷ്ടികയുടെ വലുപ്പത്തിൽ പ്ലാസ്റ്റർ എടുത്തുമാറ്റി. ആദ്യത്തെ ഇഷ്ടിക എടുക്കാൻ പറ്റുമെന്നായപ്പോഴേയ്ക്ക് കറന്റു പോയി. കൂരാക്കൂരിരുട്ട്. പുറത്ത് കാറ്റിന്റെയും മഴത്തുള്ളികൾ ഓട്ടിൻപുറത്ത് വന്നടിക്കുന്നതിന്റെയും ഭീകരശബ്ദം. ഞാൻ പെട്ടെന്നു പകച്ചു നിന്നുപോയി.
‘ഞാനിപ്പോൾ ടോർച്ച് എടുത്തു കൊണ്ടുവരാം.’ വന്ദന പറഞ്ഞു.
‘വേണ്ട മോളെ.’ ഞാനവളെ വിലക്കി. ‘നീ ഒറ്റയ്ക്ക് ഇപ്പൊ പോണ്ട. പോരാത്തതിന് ടോർച്ചുകൊണ്ട് കാര്യം നടക്കില്ല. കറന്റ് വരട്ടെ.’
ഇന്ദിര പീഠത്തിൽ വച്ച തീപ്പെട്ടി ഉരച്ച് നിലവിളക്കു കൊളുത്തി.
‘ഇനി ഇപ്പഴൊന്നും കറന്റ് വരുംന്ന് തോന്ന്ണില്ല്യ.’ ഇന്ദിര പറഞ്ഞു. ‘ഈ കാറ്റും മഴേംള്ളപ്പൊണ്ടോ അവര്‍ ലൈൻ റിപ്പയർ ചെയ്യുണൂ? വല്ല മരോം വീണ് കമ്പി പൊട്ടീതായിരിയ്ക്കും.’
‘കറന്റ് വരുമ്പൊ വരട്ടെ. അല്ലെങ്കിൽ നമുക്ക് നാളെ പകല്‍ ചെയ്യാം.’ ഞാൻ പറഞ്ഞു. ‘ഈ ചുമര് പൊളിച്ചാ എന്താ കാണ്വാന്ന് ദൈവത്തിനു മാത്രേ അറിയൂ.’
‘അതു മതി അമ്മേ.’ വന്ദനയും പറഞ്ഞു. അമ്മയുടെ അവസാനനിമിഷത്തിലെ ധൃതി കാണുമ്പോൾ അവൾക്കു ഭയമാവുന്നുണ്ടെന്നു തോന്നി. ‘അച്ഛൻ പറഞ്ഞതാ കാര്യം. അതിനുള്ളിലെന്തായിരിയ്ക്കുംന്ന് നമുക്കറിയില്ല. നല്ല വെളിച്ചള്ളപ്പൊ നോക്ക്യാൽ മതി.’
‘ഞാനൊരു പാനീസ് കത്തിച്ചു കൊണ്ടുവരാം. അതിന്റെ വെളിച്ചൊക്കെ മതി. ഇത് തൊടങ്ങിയ സ്ഥിതിയ്ക്ക് ഇന്നന്നെ തീർക്കാം. എന്താ അച്ഛനും മോക്കും ഇത്ര പേടി?’
ഇന്ദിര പാനീസെടുക്കാൻ പോയിക്കഴിഞ്ഞു. നിമിഷങ്ങൾക്കകം അവൾ റാന്തൽ കൊളുത്തിക്കൊണ്ടു വന്നു. വിളക്ക് നിലത്ത് വെച്ച ശേഷം അവൾ കൈ നീട്ടി.
‘പിക്കാക്സ് തരൂ, ഞാൻ പൊളിക്കാം.’
‘വേണ്ട, ഞാൻ ചെയ്തോളാം.’ ഞാൻ ചുമര് പൊളിക്കാൻ തുടങ്ങി. രണ്ടു ഇഷ്ടിക എടുത്തു മാറ്റിയപ്പോഴാണ് വന്ദന വിളിച്ചു പറഞ്ഞത്.
‘അച്ഛാ, നോക്കൂ, അതിനകത്ത് എന്തോണ്ട്!’
ഞാൻ ഞെട്ടി പിൻമാറി. ഇന്ദിര അകത്തേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു.
‘അതൊരു ചെപ്പുകുടം മാതിരിണ്ട്.’
ശരിയാണ്. സാമാന്യം ക്ലാവു പിടിച്ച് മങ്ങിയ വലിയൊരു ചെപ്പുകുടത്തിന്റെ ഭാഗം കാണാനുണ്ട്.
അവസാനം! ഇതിനാണ് ഞാൻ ഇത്ര കാലം അലഞ്ഞത്.
‘മൂന്നോ നാലോ വരി ഇഷ്ടിക എടുക്കണ്ടിവരുംന്നാ തോന്നണത്.’ ഇന്ദിര പറഞ്ഞു. ‘എന്നാൽ കുടം ചെരിച്ചുവച്ച് എടുക്കാം.’
കഴിയുന്നത്ര കുറച്ച് ഇഷ്ടികകൾ എടുക്കുകയാണെങ്കിൽ ആ ഭാഗം വീണ്ടും പടുത്ത് തേക്കാൻ എളുപ്പമാണ്. ഞാൻ പൊളിക്കുന്നത് തുടർന്നു. ചെപ്പുകുടം നല്ല കനമുണ്ട്. ഞാനും ഇന്ദിരയുംകൂടി അതു പുറത്തെടുത്തു. അതിന്റെ മൂടി ഒരു ചെമ്പുതകിടുകൊണ്ട് ഉറപ്പിച്ചിരിയ്ക്കയാണ്. ഒരു തുണികൊണ്ട് കുടം തുടച്ചു വൃത്തിയാക്കിയപ്പോൾ മൂടിവച്ച തകിടിൽ ത്രികോണങ്ങളെക്കൊണ്ടു നിറഞ്ഞ ഒരു രൂപം തെളിഞ്ഞുവന്നു. നിരവധി ത്രികോണങ്ങളുള്ളതിലെല്ലാം ഓരോ അക്ഷരങ്ങളുമുണ്ട്. അതെന്തു മാരണമാണാവോ?
‘ഇനി ഈ കുടം എങ്ങിനെ തുറക്കും?’
‘അതൊക്കെ ഞാൻ തുറന്നുതരാം. നന്ദേട്ടൻ അത് മോളിലേയ്ക്ക് എടുക്കു.’
ഇന്ദിര റാന്തലുമായി മുമ്പിൽ നടന്നുകഴിഞ്ഞു. ഭാരമുള്ള ചെപ്പുകുടവുമായി കോണി കയറുക എളുപ്പമായിരുന്നില്ല. മുകളിലെത്തിയപ്പോൾ ഞാൻ കിതച്ചിരുന്നു. ഭാരം മാത്രമല്ല, കഴിഞ്ഞ ഏതാനും നിമിഷങ്ങളിലുണ്ടായ ഇളകിമറിച്ചിൽ എനിയ്ക്കു സഹിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. ഇന്ദിര നേരെ പോയി കിടപ്പുമുറിയുടെ ജനലടച്ചു.
‘ഇവിടെ നിലത്തു വച്ചാ മതി.’ അവൾ പറഞ്ഞു. അവിടെ ഒരു പുൽപ്പായ വിരിച്ചതിനു മീതെ ഞാനാ കുടം വച്ചു. അതിന്നുള്ളിൽനിന്ന് ഒരു കിലുകിലുശബ്ദം പുറത്തുവന്നു. നാണയങ്ങളുടെ ശബ്ദം പോലെ. ഇന്ദിര അതിന്റെ മൂടി പരിശോധിക്കുകയാണ്.
‘ഈ അടപ്പ് തിരിച്ചു തൊറക്കണ്ടതാണ്.’ അവൾ പറഞ്ഞു. ‘ഞാനൊന്ന് ശ്രമിച്ചുനോക്കട്ടെ.’
അവൾ തുറക്കാൻ ശ്രമിയ്ക്കുകയാണ്.
‘അമ്മേ, ഞാൻ തൊറക്കാം.’ വന്ദന പറഞ്ഞു.
‘പറ്റില്ല, ഇത് കറ പിടിച്ച് ഉറച്ചുപോയിരിക്കുണു. നന്ദേട്ടൻതന്നെ തൊറക്കു.’ അവൾ കിതച്ചുകൊണ്ട് പറഞ്ഞു.
ഞാനത് പിടിച്ച് ആവുന്നത്ര ശക്തി ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചു. ആദ്യത്തെ ശ്രമത്തിൽത്തന്നെ അത് തുറന്നുവന്നു. ഞാൻ പ്രയോഗിച്ച ശക്തി മുഴുവൻ ഉപയോഗിക്കാതെത്തന്നെ. ഇന്ദിരയും വന്ദനയും ഒരാശ്ചര്യശബ്ദമുണ്ടാക്കി അന്യോന്യം നോക്കി, കണ്ടില്ലെ എന്ന മട്ടിൽ. എനിയ്ക്ക് ഭയമാണുണ്ടായത്. ഓരോ പ്രാവശ്യം തട്ടിൻപുറത്തെ എഴുത്തുപെട്ടി തുറക്കാൻ കഴിഞ്ഞപ്പോഴുമുണ്ടായ അതേ ഭയം.
ഇന്ദിര കുടം അവളുടെ അടുത്തേയ്ക്കു നീക്കിവച്ച് അടപ്പു മാറ്റി അത് പുൽപ്പായിലേയ്ക്കു ചെരിച്ചു. അതിൽ നിറയെ സ്വർണ്ണ നാണയങ്ങളായിരുന്നു. നിറം അല്പം മങ്ങിയിട്ടുണ്ടെന്നല്ലാതെ കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. ഞങ്ങൾ ആ നാണയങ്ങൾ കയ്യിലെടുത്തു. ബ്രിട്ടിഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പേരിൽ ഇറക്കിയ പവൻനാണയങ്ങളാണ് അവ. ആദ്യം കയ്യിലെടുത്തത് ജോർജ്ജ് അഞ്ചാമന്റെ തലയോടെ 1911ൽ ഇറക്കിയ നാണയമാണ്. അവയുടെ തിളക്കം അധികം നഷ്ടപ്പെട്ടിട്ടില്ല.
ഇന്ദിര കുടം മുഴുവനും പായിലേയ്ക്കു കമിഴ്ത്തി. ഒറ്റ നോട്ടത്തിൽ എണ്ണം ഊഹിച്ചെടുക്കാൻ കഴിയാത്ത വിധം നിരവധി നാണയങ്ങൾ, അതിനിടയിൽ തുണിയുടെ കൊച്ചുകൊച്ചു സഞ്ചികൾ. ഇന്ദിര ഒരു തുണിസഞ്ചിയെടുത്തു തുറന്നു. അതിൽ സ്വർണ്ണാഭരണങ്ങളാണ്. മാലകൾ, വളകൾ, കടകം, കമ്മലുകൾ, കൊടക്കടുക്കനുകൾ.
‘നമുക്ക് ആദ്യം ഈ പവനൊക്കെ എണ്ണിനോക്കാം.’ ഇന്ദിര ഉത്സാഹത്തോടെ പറഞ്ഞു. പറയുന്നതിനു മുമ്പ് അവൾ നാണയങ്ങൾ പത്തെണ്ണത്തിന്റെ അട്ടിയായി വെയ്ക്കാൻ തുടങ്ങി. അമ്മയുടെ അത്യുത്സാഹത്തിൽ അല്പം രസക്കേടു കാണിച്ചിരുന്ന വന്ദനയും ക്രമേണ അമ്മയോടു ചേർന്നു നാണയങ്ങൾ അട്ടിയാക്കാൻ തുടങ്ങി.
‘ഇതൊക്കെ സ്വർണ്ണാണോ അച്ഛാ?’
‘അതെ, ഇതാണ് ശരിയ്ക്കുള്ള ബ്രിട്ടിഷ് പവൻ. ഇതൊക്കെ 22 കാരറ്റ് ശുദ്ധിള്ള സ്വർണ്ണാണ്. ഓരോ രാജാക്കന്മാരുടെ കാലത്ത് അവരുടെ ചിത്രാണ് ഈ നാണയങ്ങളിലൊക്കെ പതിയ്ക്കാറ്. കണ്ടില്ലെ, ജോർജ്ജ് അഞ്ചാമൻ, എഡ്വേർഡ് ഏഴാമൻ, വിക്ടോറിയ രാജ്ഞി. എനിയ്ക്കു തോന്നണത് ഇതിനൊക്കെ ഇപ്പോൾ സ്വർണ്ണത്തിന്റെ വിലയല്ല കിട്ടുക എന്നാണ്. കാരണം ഇതൊക്കെ കലക്ടേഴ്സ് ഐറ്റമാണിപ്പോൾ. സ്വർണ്ണത്തിന്റെ വില കിട്ടിയാൽത്തന്നെ ഇതെത്രണ്ടാവുംന്നാ വിചാരം? നാണയങ്ങളുടെ അട്ടികൾ കൂടിക്കൂടി വരികയാണ്. എന്തുകൊണ്ടോ അത് എണ്ണി തിട്ടപ്പെടുത്താൻ എനിയ്ക്കു ഭയമായി. ഒറ്റ നോട്ടത്തിൽ നൂറിലധികം അട്ടികളുണ്ട്. ഇനിയും അട്ടിയാക്കാൻ പായിൽ ബാക്കി കിടക്കുകയാണ്. ദൈവമേ എന്താണിതിനൊക്കെ അർത്ഥം?
വന്ദനയുടെ ഇരുപത്തെട്ടിന് ഒരു സ്വർണ്ണമാലയും അരഞ്ഞാണും ഉണ്ടാക്കിക്കാൻ കാശില്ലാതെ, ഇന്ദിരയുടെ ഒരു വളകൊടുത്താണ് ചെറിയൊരു മാല വാങ്ങിച്ചത്. സർണ്ണ അരഞ്ഞാൺ ഒരു മോഹം മാത്രമായി അവശേഷിച്ചു. ആ അച്ഛന്റെയും അമ്മയുടെയും മുമ്പിലാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കുമിഞ്ഞുകൂടിയിട്ടുള്ളത്! എന്തോ കഥ! എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല.
ഞാൻ സമയം നോക്കി. പതിനൊന്ന്. ഇപ്പോൾ കുട്ടേട്ടൻ ഓഫീസിലായിരിക്കും. ഞാൻ മൊബൈൽ ഫോണെടുത്തു ഡയൽ ചെയ്യാൻ തുടങ്ങി. കുട്ടേട്ടൻ ഫോണെടുക്കില്ല. എന്നോട് പറഞ്ഞിട്ടുള്ളത് ഞാൻ വെറുതെ റിങ് ചെയ്താൽ മതിയെന്നാണ്. അദ്ദേഹം ഇങ്ങോട്ടു തിരിച്ചു വിളിക്കും. ഒരു മിനുറ്റിനുള്ളിൽ ഫോണടിച്ചു.
‘എന്താ നന്ദു വിശേഷം?’
‘നമ്മടെ പഴയ ചെസ്സ് ബോർഡ് ഓർമ്മല്ല്യേ? നമുക്ക് തട്ടിൻപൊറത്ത്ന്ന് കിട്ടീത്?’
‘പിന്നെ ഓർമ്മല്ല്യാതിരിക്ക്യോ? നമ്മളെ ഇട്ട് കറക്ക്യ സാധനല്ലെ? എന്താ വല്ല തുമ്പും കിട്ട്യോ?’
‘തുമ്പല്ല, സാധനംതന്നെ കിട്ടി. കൊറേ ബ്രിട്ടിഷ് സ്വർണ്ണനാണയങ്ങള്‍, ആഭരണങ്ങള്‍. എത്രണ്ടാവുംന്നറിയില്ല. പെങ്ങള് ഇരുന്ന് എണ്ണി തിട്ടപ്പെടുത്ത്ണ്ണ്ട്.’
‘ആര്യാണ് അഭിനന്ദിക്കേണ്ടത്? എന്റെ മരുമകളെത്തന്ന്യായിരിക്കും അല്ലെ? നിങ്ങള്‍ രണ്ടുപേരും മരമണ്ടനും മരമണ്ടിയും ആണെന്ന് എനിക്കറിയാലോ.’
ഞാൻ ചിരിച്ചു.
‘എവിട്യായിരുന്നു ഇട്ടിരാമൻ കാരണോര് അതൊളിപ്പിച്ചു വച്ചത്?’
‘പൂജാമുറീല്. ശ്രീകൃഷ്ണന്റെ പ്രതിമടെ പിന്നില്‍ ഒരു മുറിണ്ട്. ഒന്നര അടി വീതീല്. അതിലായിരുന്നു. ശരിയ്ക്കും ആ പ്രതിമടെ പിന്നിൽത്തന്നെ.’
‘അത് ശരി, അപ്പൊ നമ്മള് പ്രാർത്ഥിച്ചിരുന്നത് മുഴുവനും പണത്തിനോടായിരുന്നു അല്ലെ? പിന്നെ എങ്ങിന്യാ ഗുണം പിടിക്ക്യാ? ബ്രിട്ടിഷ് രാജാക്കന്മാര്ടേം രാജ്ഞിമാര്ടേം തലവച്ച് പൂജിച്ച ആരെങ്കിലും നന്നായിട്ടുണ്ടോ?’
ഞാൻ ചിരിച്ചു.
‘പിന്നെ ഒരു കാര്യം. ഇതില്‍ പകുതി കുട്ടേട്ടനുള്ളതാണ്. അതിവിടെ എടുത്തുവെയ്ക്കാം.’
‘എന്റെയടുത്ത്ന്ന് കേക്കണ്ട.’ കുട്ടേട്ടന്റെ ശബ്ദം കനത്തു. ‘പണ്ട് ഞാൻ നിനക്ക് കണക്ക് ട്യൂഷനെടുത്തിരുന്നത് ഓർമ്മണ്ടോ?’
‘ഉണ്ട് കുട്ടേട്ടാ…’
‘അപ്പൊ നീ കണക്കു തെറ്റിയ്ക്കുമ്പൊ തലയ്ക്ക് കിട്ടാറ്ള്ള കിഴുക്കിന്റെ സ്വാദ് ഓർമ്മണ്ടോ? അതിനീം വേണോ? നോക്ക് നിനക്ക് ആ വീടുണ്ടാക്കിയതിന്റെ പേരില്‍ ധാരാളം കടംണ്ട് ഇല്ല്യേ? എന്റെ കണക്കില്‍ രണ്ടു ലക്ഷത്തിലധികം വരും. ആദ്യം അതൊക്കെ വീട്ട്വാ. പിന്നെ മോളടെ വിദ്യാഭ്യാസത്തിന് വേണ്ട പണം എടുത്തു വയ്ക്ക്യ. എന്നിട്ടും ബാക്കിയുണ്ടെങ്കിൽ അതവളുടെ കല്യാണച്ചെലവിന് വേണ്ടി കരുതി വയ്ക്ക്യാ. എന്നിട്ട് പിന്നീം വല്ലതും ബാക്കി വര്വാണെങ്കിൽ നിങ്ങൾ തന്തേം തള്ളേം നന്നായി കഴിയ്യാ. എനിയ്ക്ക് വേണ്ടതൊക്കെ അമേരിക്കൻ സായ്പ് തര്ണ്ണ്ട്. വേണ്ടതിലും അധികം എന്റെ മദാമ്മയും മക്കളുംകൂടി ഉണ്ടാക്ക്ണ്ണ്ട്. മനസ്സിലായോ? ഇനി മുതൽ ഇങ്ങിനെ വല്ലതും പറഞ്ഞാൽ എന്താ കിട്ട്വാന്നറിയില്ലേ?’
ഞാൻ കരയുകയായിരുന്നു.
‘എന്തിനാ കഴുതേ കരയണത്? എന്റെ മരുമകൾക്ക് കൊടുക്ക് ഫോൺ…’
എല്ലാം എടുത്തുവച്ച് ഒഴിഞ്ഞ ചെപ്പുകുടം അലമാറിയിൽ ഒളിപ്പിച്ച ശേഷം ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഉറക്കം വരുമെന്ന വിശ്വാസമില്ലായിരുന്നു.
‘നാളെ നേരത്തെ എഴുന്നേറ്റ് പൂജാമുറീല് നമ്മള് എടുത്ത ഇഷ്ടിക്യൊക്കെ ആ പൊത്തില്ത്തന്നെ തൽക്കാലം വച്ച് അവിട്യൊക്കെ ഒന്ന് വൃത്തിയാക്കണം.’
‘അത് ചെയ്യാം.’ ഇന്ദിര പറഞ്ഞു. ‘അല്ലെങ്കിലും കുഴപ്പൊന്നുംല്ല്യ. ദേവി ഇനി മൂന്നു ദിവസത്തേയ്ക്ക് പൂജാമുറീല് പോവില്ല്യ. അവള് പൊറത്തായിരിക്ക്യാണ്. നാളെ നന്ദേട്ടൻ പൂറത്തു പോമ്പൊ കൊറച്ച് സിമന്റ് കൊണ്ടരണം. മണല്‍ കെഴക്കെ കൊളത്തീന്ന് എടുക്കാം. നാളെ രാത്രി ആ ചുവര് പടുത്ത് ശര്യാക്കാം. പിന്നെ ആ മുറി മുഴുവനും ഒന്ന് വെള്ള വലിയ്ക്കണം. അതുപോലെ കാര്ണോര്ടെ മുറിടെ അട്ത്ത്ള്ള മുറീം ഒന്ന് ശരിയാക്കണം. അവിടെ ആ ചുമര് മാത്രം വെള്ള വലിച്ചാ മതി.’
‘ശരി, ഇനി നീ ഉറങ്ങാൻ നോക്ക്.’
മറുവശത്തുള്ള കട്ടിലിൽ കിടന്ന് വന്ദന ഉറക്കമായിരുന്നു.
‘നന്ദേട്ടാ, ആയിരത്തി ഇരുനൂറ് സൂവറിൻ എന്നുവച്ചാൽ എത്ര്യാവും?’
‘പവന്റെ ഇപ്പഴത്തെ വെല നോക്ക്വാണെങ്കില് നല്ലൊരു സംഖ്യാവും.’
‘ന്നാലും പറയു എത്ര്യാവും?’
‘പത്തെഴുപത് ലക്ഷത്തിലധികണ്ടാവും.’
‘പിന്നെ ആഭരണങ്ങളൊക്കെല്ല്യേ? അത് തന്നെണ്ടാവും പത്തഞ്ഞൂറ് പവൻ. അതൊക്കെ നാളെ ദേവി പോയേന് ശേഷം എടുത്ത് നോക്കണം. നമ്മള് പണക്കാരായി അല്ലെ?’
എനിക്ക് ഇന്ദിരയോട് ആ നിമിഷത്തിൽ അനുകമ്പ തോന്നി. കല്യാണം കഴിഞ്ഞ ഉടനെ വീടുപണി കഴിഞ്ഞിരുന്നു. പണി കഴിഞ്ഞു എന്നു മാത്രം. പക്ഷെ ഒരുപാടു കടം ബാക്കിയുണ്ടായിരുന്നു. പലതും ഉടനെ കൊടുത്തു തീർക്കേണ്ടത്. ശമ്പളം കയ്യിൽ കിട്ടിയാൽ വീട്ടിൽ കൊണ്ടുവരാനൊന്നും ഉണ്ടായിരുന്നില്ല. ആ കാലത്തു തന്നെയാണ് ഇന്ദിര വന്ദനയെ ഗർഭം ധരിച്ചത്. അവൾക്ക് ഒരുപാട് ആഗ്രഹങ്ങളും കൊതിയുമുണ്ടായിരുന്നു. എനിക്കാണെങ്കിൽ ഒന്നും വാങ്ങിക്കൊടുക്കാനും പറ്റാത്ത സ്ഥിതി. അവൾ ഓരോന്ന് ആവശ്യപ്പെട്ട് വാശി പിടിയ്ക്കുമ്പോൾ എനിയ്ക്കു ദേഷ്യം വരും. സന്തോഷത്തോടെ കഴിയേണ്ട ഒരു സമയത്ത് അവൾക്ക് ധാരാളം ചിത്ത കേട്ടിട്ടുണ്ട്.
ഞാൻ പറഞ്ഞു. ‘ശരിയാണ് ഇന്ദിരെ, അവസാനം നമ്മള് പണക്കാരായി.’
ഞാൻ ഉറക്കമായി. ഉണർന്നപ്പോൾ മുറിയിൽ വെളിച്ചമുണ്ട്. ക്ലോക്കിൽ നോക്കിയപ്പോൾ സമയം മൂന്നു മണി. ഒരുപക്ഷെ വിളക്കിന്റെ സ്വിച്ചിട്ടു വെച്ചതായിരിയ്ക്കും. കറന്റ് വന്നപ്പോൾ താനെ കത്തിയിട്ടുണ്ടാവും. ഞാൻ തിരിഞ്ഞു കിടന്നു. വിളക്കു കെടുത്താൻ എഴുന്നേറ്റ് നല്ലൊരുറക്കം നശിപ്പിയ്ക്കണ്ട. അപ്പോഴാണ് ഇന്ദിര കിടയ്ക്കയിലില്ലെന്നു മനസ്സിലായത്. അവൾ എവിടെപ്പോയി?