close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 02


അറിയാത്തലങ്ങളിലേയ്ക്ക് 02
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

കുറച്ചു കാലമായി സ്വപ്നങ്ങളില്ലാത്ത ഉറക്കം അപൂർവ്വമായിരുന്നു. ഒരർത്ഥവുമില്ലാത്ത സ്വപ്നങ്ങൾ. അതിനിടയ്ക്ക് ഞെട്ടിയുണരുന്നു. കുളിമുറിയിൽ പോയി വന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് കിടന്നാൽ അതുവരെ കണ്ടിരുന്ന സ്വപ്നം മനസ്സിൽ കടന്നുവരുന്നു. പിന്നെ ഉറക്കത്തിലേയ്ക്ക് വഴുതി വീണാലും ആ സ്വപ്നത്തിന്റെ തുടർച്ചയാവും കാണുക. അതുകൊണ്ട് വീണ്ടും ഉറങ്ങുകയായിരുന്നോ അതോ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചു കിടക്കുകയായിരുന്നോ എന്നു പറയാൻ പറ്റാത്ത ഒരവസ്ഥയിലായിരിക്കും.

ഇന്നലെ രാത്രി പക്ഷെ സ്വപ്നങ്ങളില്ലാത്ത ലോകത്തായിരുന്നുവെന്ന് രാവിലെ ആറു മണിയ്ക്ക് ഉണർ ന്നെഴുന്നേറ്റപ്പോഴെ മനസ്സിലായുള്ളു. ഇന്ദിര കൊണ്ടുവന്ന ചായ കുടിക്കുമ്പോൾ ഞാൻ ആലോചിച്ചു. ഇന്ന ത്തെ നടത്തം ഉണ്ടായില്ല. സാധാരണ അഞ്ചു മണിയ്ക്ക് എഴുന്നേറ്റ് ഒരു മണിക്കൂർ നടക്കാറുണ്ട്. സാരമില്ല. വന്ദന കുളിച്ച് നല്ല ഉടുപ്പിട്ട് മുമ്പിൽ വന്നുനിന്നു.

‘എന്റെ മോൾ സുന്ദരിയായിട്ടുണ്ടല്ലോ.’

‘ഇന്ന് അച്ഛന്റെ പിറന്നാളല്ലെ? ഞാനും അമ്മേം കൂടി അമ്പലത്തിൽ പോവ്വാണ്.’

ഇന്ദിരയും നേരത്തെ കുളിച്ചതിന്റെ കാര്യം അതാണ്. അല്ലെങ്കിൽ ജോലിയെല്ലാം കഴിഞ്ഞശേഷമേ കുളിക്കാറുള്ളൂ. അവർ എന്റെ ഇംഗ്ലീഷ്, മലയാളം പിറന്നാളുകൾ രണ്ടും ആഘോഷിക്കാൻതന്നെ തീർച്ചയാക്കിയിരിക്കുന്നു.

‘ഞങ്ങള് പ്രസാദം വാങ്ങി തിരിച്ചു വരുമ്പളയ്ക്ക് അച്ഛൻ കുളിയ്ക്കു.’

അവർ പടിയിറങ്ങിയ ഉടനെ ഞാൻ കുളിച്ചു. അവർ തിരിച്ചുവരാൻ ഇനിയും സമയമുണ്ട്. ഇന്ദിര അങ്ങിനെയാണ്. അമ്പലത്തിനുള്ളിൽ കടന്നാൽ അത്ര എളുപ്പമൊന്നും പുറത്തു കടക്കില്ല. അതുകൊണ്ട് എന്റെ അമ്പലയാത്ര മിക്കവാറും ഒറ്റയ്ക്കാണ്. ഓരോ നടയ്ക്കലും അവൾ നിന്നു തൊഴുതു പ്രാർത്ഥിക്കുന്നതു കാണാം. എനിയ്ക്കത്ര ക്ഷമയൊന്നുമില്ല. ഞാൻ പറയാറുണ്ട്.

‘നിന്റെ പ്രാർത്ഥനയുടെ നീളവും ചൂടും സഹിക്കാതെ ദൈവങ്ങൾ ശ്രീകോവിൽ വിട്ട് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും.’

ഇന്ദിരയുടെ മുഖത്ത് ചിരിയുണ്ടാവില്ല. അവൾക്ക് ഇതെല്ലാം ദൈവനിന്ദയാണ്. അവൾ ഞാൻ കാണാതെ സ്വന്തം കവിളുകളിൽ അടിച്ച് പിഴയൊടുക്കുന്നുണ്ടാവും.

ഞാൻ മുകളിലേയ്ക്കു പോയി കമ്പ്യൂട്ടർ ഓണാക്കി. അവിടെയിരുന്നാൽ എനിയ്ക്ക് ആരെങ്കിലും പടികടന്ന് വരുന്നുണ്ടെങ്കിൽ കാണാം. മോണിറ്ററിൽ ഒരു പുതിയ ഷോർട്കട്ട് ഞാൻ ശ്രദ്ധിച്ചു. അതിനു താഴെ എഴുതിയിരിക്കുന്നു. ‘ഹാപ്പി ബർത്‌ഡേ ടു ഡാഡി’. വല്ല വൈറസ്സുമായിരിക്കുമോ എന്ന് ആദ്യം പേടിച്ചു. പിന്നെ മനസ്സിലായി. വന്ദന ഇന്നലെ വൈകുന്നേരം ഉണ്ടാക്കിയ എന്തോ സാധനമാണ്. രാത്രി പത്തു മണിവരെ ഇരുന്നുണ്ടാക്കിയ പിറന്നാൾ ആശംസകൾ. ഞാനാ ഷോർട്കട്ടിൽ അമർത്തി.

അതൊരു ജിഫ് അനിമേഷനാണ്. ചലിക്കുന്ന ചിത്രങ്ങൾ മോണിറ്ററിന്റെ നടുഭാഗം സജീവമാക്കുകയാണ്. അതിനൊടുവിൽ ഹാപ്പി ബർത്‌ഡേ ഡാഡി എന്ന വാക്കുകൾ ഓരോന്നോരോന്നായി ഉതിർന്നു വീഴുന്നു. വീണ്ടും ആദ്യം മുതൽ അതാവർത്തിക്കുകയാണ്. പെട്ടെന്ന് ഞാൻ ചിത്രങ്ങളുടെ പശ്ചാത്തലം ശ്രദ്ധിച്ചു. എന്റെ ദൈവമേ! അനങ്ങാൻ വയ്യാതെ ഞാൻ കമ്പ്യൂട്ടറിനു മുമ്പിൽ ഇരിക്കുകയാണ്. ആ ചിത്രം! അതൊരു ചതുരംഗപ്പലകയാണ്. നിറയെ കരുക്കളുള്ള ആ ചതുരംഗപ്പലക എവിടെയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന, പകുതിവച്ച് നിർത്തിയ ഒരു ചതുരംഗക്കളിയുടെ ചിത്രം കട്ടിയുള്ള ചെമ്പുതകിടിൽ എച്ചിങ് ചെയ്തുണ്ടാക്കിയ ആ പലക എനിയ്ക്ക് ഇരുപതിലേറെ വർഷമായി നഷ്ടപ്പെട്ടിരിയ്ക്കയായിരുന്നു. ശരിയ്ക്കു പറഞ്ഞാൽ പതിനെട്ടാമത്തെ വയസ്സിൽ ഞാൻ കോഴിക്കോട്ട് കോളജിൽ ചേരാനായി പോയ അന്നു മുതൽ. ഇരുപത്തിയേഴു കൊല്ലമായി നഷ്ടപ്പെട്ടിരുന്ന ആ ചതുരംഗപ്പലക വന്ദനയ്ക്ക് എങ്ങിനെ കിട്ടി?

വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിയ ഞാൻ വന്ദന വന്ന് പിന്നിൽ നിന്നത് അറിഞ്ഞില്ല.

‘എങ്ങനെണ്ട് അച്ഛാ?’

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. അവൾ കയ്യിലുള്ള ഇലച്ചീളിൽനിന്ന് ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ കുറിയിട്ടു. എന്റെ മുഖഭാവം അപ്പോഴായിരിക്കണം അവൾ ശ്രദ്ധിച്ചിട്ടുണ്ടാവുക. അവൾ ചോദിച്ചു.

‘എന്താ അച്ഛാ, നന്നായിട്ടില്ലേ?’

‘നന്നായിട്ട്ണ്ട് മോളെ. മോള് ഇങ്ങിന്യൊക്കെ ഉണ്ടാക്ക്വോന്ന് ആലോചിക്ക്യായിരുന്നു അച്ഛൻ.’

അവൾ സന്തുഷ്ടയായി ഒരു കസേല വലിച്ചിട്ട് എന്റെ അടുത്തിരുന്നു. അവൾക്ക് ഇനിയും അവളുണ്ടാക്കിയ അനിമേഷനെപ്പറ്റി ഞാൻ പറയുന്നത് കേൾക്കണം. പക്ഷെ അതിനെപ്പറ്റിയൊന്നും പറയാതെ ഞാൻ ചോദിച്ചു.

‘ഈ ചതുരംഗപ്പലക! അതെവിടുന്നു കിട്ടി നിനക്ക്?’

‘അതോ, അതു സ്വകാര്യാണ്.’

അവൾ അല്പമൊന്ന് കൊഞ്ചാനാണ് തീർച്ചയാക്കിയിരിക്കുന്നത്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയോ തിടുക്കമോ അതു നശിപ്പിയ്ക്കണ്ട. അവളെ അനുനയിക്കാനായി ഞാൻ പറഞ്ഞു.

‘അച്ഛന്റെ മോളല്ലെ, പറയു, ഇതെവിടുന്നാണ് കിട്ടീത്?’

അനുനയത്തിനും മധുരവാക്കുകൾക്കും ഇടയിൽ അവൾ എന്റെ തിടുക്കവും ആകാംക്ഷയും കണ്ടുപിടിച്ചുവെന്നു തോന്നുന്നു. അവൾ കരുതലോടെ ചോദിച്ചു.

‘അച്ഛന് ശരിക്കും അറീല്ല്യേ?’

‘ഇല്ല മോളെ, സത്യം.’

‘എന്റെ കയ്യിലടിച്ചു സത്യം ചെയ്യു.’ അവൾ കൈനീട്ടി.

നീട്ടിയ കയ്യിലടിക്കാതെ ഞാനവളുടെ തലയിൽ കൈവച്ചു. ‘എന്റെ മോളാണ് സത്യം അച്ഛനറിയില്ല.’

‘എനിയ്ക്കത് അമ്മെടെ പെട്ടീന്ന് കിട്ടീതാ.’ വന്ദനയുടെ മുഖം വാടിയിരുന്നു. അച്ഛനറിയാതെ അമ്മ ഇങ്ങിനെയൊരു രഹസ്യം സൂക്ഷിക്കുന്നുവെന്നും അത് അവൾ കാരണം പുറത്തായി എന്നും അവൾ ഓർത്തു കാണും. എല്ലാറ്റിനുമുപരി ആ ചതുരംഗപ്പലകയ്ക്ക് എന്തോ പ്രാധാന്യമുണ്ട് അതവൾ അറിഞ്ഞിട്ടില്ല എന്നതും അവളെ വിഷമിപ്പിച്ചിട്ടുണ്ടാവണം. ഞാൻ വീണ്ടും മുമ്പിൽ ചലിച്ചുകൊണ്ടിരിക്കുന്ന പിറന്നാൾ ആശംസ നോക്കി. രണ്ടു മിനുറ്റു കഴിഞ്ഞു കാണും. വന്ദനയെ വീണ്ടും അഭിനന്ദിക്കാനായി അവളുടെ മുഖത്തു നോക്കിയപ്പോഴാണ് കണ്ടത്, അവളുടെ മുഖം ഇരുണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ പാകത്തിൽ നിൽക്കുന്നു.

‘എന്തു പറ്റീ മോളെ?’

അവൾ കരയാൻ തുടങ്ങി. അതിനിടയിൽ പറഞ്ഞു. ‘അച്ഛൻ അമ്മ്യോട് പറേണ്ട.’

‘അതിനാണോ അച്ഛന്റെ മണ്ടി മോള് കരേണത്?’ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു. ‘അമ്മയോടു പറഞ്ഞാലെന്താ? ഈ ബോർഡ് അച്ഛന്റെ കുട്ടിക്കാലത്ത്ണ്ടായിര്ന്നതാണ്. അച്ഛൻ കോളജിൽ പഠിക്കാൻ പോയപ്പൊ കാണാൻല്ല്യാതായി. അമ്മയ്ക്കത് എവിട്‌ന്നെങ്കിലും കിട്ടി എടുത്തു വെച്ചതാവും. നമുക്ക് അമ്മ്യോട് ചോദിക്കാം. വരു.’ ഞാൻ എഴുന്നേറ്റു അവളുടെ ചുമലിൽ കൈയ്യിട്ട് താഴേയ്ക്ക് കൊണ്ടുപോയി.

താഴെ അടുക്കളയിൽ ദോശയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇന്ദിര പറഞ്ഞു.

‘എന്റെ അടുത്തൊന്നും ഇല്ല. അച്ഛനും മോളും കൂടീട്ടല്ലെ ചതുരംഗം കളിക്കാറ്. നിങ്ങള്തന്നെ അതെവിടെയെങ്കിലും വെച്ചിട്ടുണ്ടാവും. അവള്‌ടെ അലമാറീല് നോക്കിയോ?’

അവൾ ഞാൻ പറയുന്നത് മുഴുവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അന്വേഷിക്കുന്നത് ഞങ്ങൾ കളിക്കാനായി സാധാരണ ഉപയോഗിക്കാറുള്ള മരത്തിന്റെ ചെസ്സ് ബോർഡാണെന്നാണ് അവൾ കരുതിയത്. ആ സെറ്റ് ഞാനൊരു പിറന്നാളിന് വന്ദനയ്ക്കു സമ്മാനമായി കൊടുത്തതാണ്. അതിന്റെ കരുക്കൾ ചന്ദനം കൊണ്ടുണ്ടാക്കിയതാണ്.

‘അതല്ല, നമ്മടെ അട്ത്ത് പണ്ടുണ്ടായിരുന്നില്ലെ ചെമ്പുതകിടിൽ എച്ച് ചെയ്ത ഒരു ചതുരംഗപ്പലക? ഓർമ്മല്ല്യേ?’

ഇന്ദിര പെട്ടെന്ന് നിശ്ശബ്ദയായി. ചട്ടുകവും പിടിച്ചുകൊണ്ട് അവൾ ഏതോ പഴയ കാലത്തേയ്ക്കു പോയി. അടുപ്പത്ത് ദോശ കിടന്നു മൊരിയുന്നു. വന്ദന അമ്മയുടെ കയ്യിൽനിന്ന് ചട്ടുകം വാങ്ങി ദോശ വാങ്ങിവെച്ചു.

‘നമ്മടെ മോള് അതിന്റെ ചിത്രം കൊണ്ട് നല്ലൊരു ‘ഹാപ്പി ബർത്‌ഡേ’ അനിമേഷനുണ്ടാക്കിയിട്ട്ണ്ട്.’

‘മോളൊ? അവൾക്കെവിട്ന്നാണ് അതു കിട്ടീത്?’

അമ്മയുടെ മുഖഭാവത്തിലെ മാറ്റം അവളെ പേടിപ്പിച്ചുവെന്നു തോന്നുന്നു, വന്ദനയുടെ മുഖം വീണ്ടും ഇരുണ്ടു. ആ ചതുരംഗപ്പലകയിൽ എന്തൊക്കെയോ രഹസ്യാത്മകതയുണ്ടെന്നും അതു മനസ്സിലാവുന്നില്ല എന്നതു മാത്രമല്ല താൻ അതിന്റെയൊന്നും ഭാഗമല്ല എന്നതും അവളെ വിഷമിപ്പിക്കുന്നുണ്ട്. മുന്നാം വയസ്സിൽ അച്ഛന്റെയും അമ്മയുടെയും നടുവിൽ രണ്ടു പേരുടെയും മേൽ കുഞ്ഞിക്കൈ വെച്ചുകൊണ്ട് കിടന്നുറങ്ങിയ അസൂയാലുവാണ് അവൾ ഇപ്പോഴും. വന്ദന എന്നെ നോക്കി. ഞാൻ സാരമില്ലെന്ന അർത്ഥത്തിൽ അവളെ നോക്കി ചിരിച്ചു.

‘ഞാനത് സൂക്ഷിച്ചു വച്ചതായിരുന്നൂലോ. എന്തിനാപ്പത് പൊറത്തെടുത്തത്?’

‘അതിരിക്കട്ടെ, കഴിഞ്ഞ ഇരുപത്തേഴു കൊല്ലായിട്ട് ഇതെവിട്യായിരുന്നു?’ ആദ്യം നീ ഈ കാര്യങ്ങൾ വിശദീകരിച്ചു താ എന്ന മട്ടിൽ ഞാൻ പറഞ്ഞു.

‘ദോശയ്ക്ക് ചായയോ അതോ കാപ്പ്യോ വേണ്ടത്?’ അവൾ ക്ക് വിഷയം മാറ്റണമെന്നുണ്ട്. തൽക്കാലം അതാണ് നല്ലതെന്ന് എനിയ്ക്കും തോന്നി. ഇന്ന് ഉച്ച വരെ മാത്രമെ ഓഫീസുള്ളു. നേരം വൈകിയാൽ ശരിയാവില്ല. ഇന്ദിരയുമായി സംസാരിക്കാൻ നിന്നാൽ സമയം പോകുന്നതറിയില്ല. പിന്നെ അത്രതന്നെ സുഖമുള്ള സംസാരമായിരിക്കില്ല എന്നും എനിയ്ക്കു തോന്നി. പിറന്നാൾ ദിവസമല്ല അതിനു പറ്റിയ സമയം. ഞാൻ പറഞ്ഞു.

‘എനിയ്ക്ക് കാപ്പി മതി.’ ദോശയുടെ ഒപ്പം കാപ്പി കുടിക്കാനാണ് വന്ദനയ്ക്കിഷ്ടം. എനിക്കിഷ്ടം ചായയാണെങ്കിലും മകൾക്കു വേണ്ടി ഞാൻ കാപ്പിയാക്കി.

എന്റെ അസ്വസ്ഥ ദിനങ്ങൾ വീണ്ടും വരികയാണെന്ന് എനിയ്ക്കു മനസ്സിലായി. മുപ്പതു കൊല്ലം മുമ്പ് എന്റെ ഉറക്കം അപഹരിച്ച് മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തിയ ഒരു കാര്യം വീണ്ടും എന്നെത്തേടി എത്തിയിരിക്കുന്നു.

എം.ജി. റോഡിലെ ഓഫീസ് കെട്ടിടത്തിന്റെ നാലാം നിലയിലെ ഓഫീസിലേയ്ക്കുള്ള ലിഫ്റ്റിൽ കയറുമ്പോൾ ഞാൻ ഓർമ്മകളെ മനസ്സിന്റെ കച്ചറപ്പെട്ടിയിലേയ്ക്ക് തട്ടുകയായിരുന്നു. ഇന്ന് എന്തായാലും സമയത്തിനു തന്നെ ഓഫീസിൽനിന്നിറങ്ങണം. ശനിയാഴ്ച ഒന്നരമണിവരെയാണ് സമയമെങ്കിലും അക്കൗണ്ട്‌സിലുള്ളവർക്ക് അക്കൗണ്ടന്റിന് പ്രത്യേകിച്ചും അഞ്ചു മണിയാവാതെ പുറത്തിറങ്ങാൻ പറ്റാറില്ല. ആ വകുപ്പിലുള്ളവരുടെ വിധിയാണതെന്നു തോന്നുന്നു. അച്ഛന്റെ പിറന്നാളിന് ഒപ്പമിരുന്നുണ്ണാൻ വന്ദന കാത്തുനിൽക്കും. അതു മാത്രമല്ല കാരണമെന്ന് മനസ്സു പറയുന്നുണ്ടെങ്കിലും ഞാൻ എന്നെത്തന്നെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആ ശ്രമം ഫലിക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എനിക്കിന്ന് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. ഓർമ്മകൾ റീസൈക്കിൾ ബിന്നിലേയ്ക്കു പോയിട്ടില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. അത് ധാരാളം സ്ഥലം എടുത്തുകൊണ്ട് എന്റെ ഹാർഡ് ഡിസ്‌കിൽ ചടഞ്ഞുകൂടിയിരിക്കയാണ്.