close
Sayahna Sayahna
Search

പുളിമാന


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50

പുളിമാന

പ്രൊഫ. എന്‍. കൃഷ്ണപിളള

കഷ്ടിച്ച് മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞ ആ സാഹിത്യകാരന്റെ ചരമം അത്ര വലിയൊരു സംഭവമായി അധികമാരും കരുതിക്കാണുകയില്ല. സാഹിത്യകാരന്മാര്‍ സംഘടിച്ചു സാഹോദര്യം പുലര്‍ത്തണമെന്നു പറഞ്ഞ് ഓടിനടക്കുന്നവര്‍ പോലും ഈ സഹോദരന്റെ നിര്യാണം വരുത്തിവച്ച നിര്‍ഭാഗ്യത്തെപ്പററി അറിയേണ്ടിടത്തോളം അറിഞ്ഞിട്ടുണ്ടാവില്ല. ഇങ്ങനെ ഒരു സാഹിത്യകാരന്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നു എന്നു തന്നെ മരണവൃത്താന്തരം വായിച്ചപ്പോഴായിരിക്കും പലരും അറിയുക.

തീരെ അത്ഭുതപ്പെടേണ്ട കാര്യമല്ലിത്. അതങ്ങനെ വരാനേ നിവൃത്തിയുളളു. ശ്രീ. പുളിമാന പരമേശ്വരന്‍ പിളളയുടെ നെഞ്ചില്‍ അദ്ദേഹം ഒരു പരസ്യപ്പലക തൂക്കിയിരുന്നില്ല. ഒരു മാസം പട്ടിണി കിടന്ന പശുവിനെ കയറു തട്ടി വിട്ടാല്‍ നാടടക്കം പരക്കംപാഞ്ഞു മേയാന്‍ നടക്കുന്നതുപോലെ, കാസര്‍കോടു മുതല്‍ കന്യാകുമാരി വരെ അടിച്ചു വിടുന്ന മാസികകളിലും പത്രങ്ങളിലും അതുമിതുമെഴുതി പേരു പരത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നേയില്ല. മുഖ സ്തുതി നടത്താന്‍ നല്ല കഴിവുള്ള ഒരാരാധകസംഘത്തെ സൃഷ്ടിച്ച്, അവരുടെ നടുവില്‍ സിംഹാസന മുറപ്പിച്ചു്, അവരെക്കൊണ്ടു ലേഖനമെഴുതിച്ചും പ്രസംഗം ചെയ്യിച്ചും, സ്വന്തം പ്രശസ്തി നിലനിര്‍ത്തുവാന്‍ അദ്ദേഹം യത്നിച്ചതുമില്ല. കവിയശസ്സ് ഏതു ദിവസമാണു് ഇടിഞ്ഞുനിലത്തു വീഴുന്നതെന്ന ഭയം കൊണ്ടു് ഊണുമുറക്കവും ഉപേക്ഷിച്ചു് അസ്വസ്ഥനായിത്തീരുന്ന ഒരു സാഹിത്യകാരുനുമായിരുന്നില്ല ശ്രീ. പുളിമാന. തൂമ്പാ പിടിക്കുന്നവനും വണ്ടി വലിക്കുന്നവനും വായിച്ചാസ്വദിച്ച് സ്വര്‍ഗ്ഗീയ നിര്‍വൃതിയില്‍ ആറാടത്തക്ക സാഹിത്യമൊന്നും അദ്ദേഹത്തില്‍ ജന്മമെടുത്തിട്ടില്ല. അപ്പോള്‍ പിന്നെ, എന്താണൊരത്ഭുതം അദ്ദേഹത്തിന്റെ ചരമം അത്രയധികം പേരറിയാതെ പോകുന്നെങ്കില്‍!

പക്ഷേ, അപൂര്‍വ്വം പേരെങ്കിലും ആ മഹാനഷ്ടം മനസ്സിലാക്കിയിട്ടുണ്ടു്. അത്ര എളുപ്പം നികത്താന്‍ വയ്യാത്ത ഒരു വിടവു് നമ്മുടെ കലാസര്‍ഗ്ഗരംഗത്തില്‍ ഇതാ ഉണ്ടായിക്കഴിഞ്ഞു എന്നു് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വിലപിക്കുന്ന ചുരുക്കം ചിലര്‍ നമ്മുടെയിടയിലുണ്ടു്. കലാബോധത്തിന്റെ പേരില്‍ കളളനാണയങ്ങള്‍ വിററഴിക്കുകയും ജന്മസിദ്ധമായ സര്‍ഗ്ഗവാസനയെ വ്യഭിചരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ശ്രീ. പുളിമാന അപൂര്‍വ്വം ചില കലോപാസകന്മാര്‍ക്കെങ്കിലും ആശാകേന്ദ്രമായിരുന്നു. “ജന്മസിദ്ധികൊണ്ടു് കര്‍മ്മസിദ്ധികൊണ്ടും അനുഗൃഹീതനായ” ആ യുവാവിന്റെ ഭാവനാപതംഗം ഒറ്റച്ചാണല്ല, അനവധി ചാണുകളല്ല, അവ്യക്ത വിദൂരമായ അന്തരീക്ഷത്തില്‍ പാറിപ്പറക്കാന്‍ പോരുന്ന ഒന്നാണെന്നു സ്വാഭിമാനം വിശ്വസിക്കുന്ന ഒരു സഹൃദയലോകമുണ്ടു്. അത്തരം ഒരു സഹൃദയലോകത്തിന്റെ അഭിമാനം മാത്രമേ പുളിമാന ആഗ്രഹിച്ചിരുന്നുള്ളു. അവര്‍ക്കായി മാത്രമേ അദ്ദേഹം കലാസൃഷ്ടി നിര്‍വ്വഹിച്ചിട്ടുള്ളു. ഒരു പാര്‍ട്ടി സാഹിത്യകാരനായിരുന്നെങ്കില്‍ പുളിമാന ഇന്നു കേരളം മുഴുവന്‍ മാറ്റൊലി കൊളളുന്ന ഒരു നാമധേയമായിരുന്നേനെ. പക്ഷേ, അദ്ദേഹത്തിനു ഒരു പാർട്ടി സാഹിത്യകാരനാകാൻ ഇഷ്ടമില്ലായിരുന്നു. ഇഷ്ടമുണ്ടായാല്‍ തന്നെ, അദ്ദേഹത്തിനതു കഴിയുകയില്ലായിരുന്നു. ഒരേ ഒരിടവഴിയില്‍ക്കൂടി ഒററക്കണ്ണു കൊണ്ടു മാത്രം നോക്കി സഞ്ചരിക്കണമെന്ന് അദ്ദേഹത്തോടു ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂര്‍ത്തുമൂര്‍ത്തുള്ള പരിഹാസവാക്കുകളായിരിക്കും മറുപടി ലഭിക്കും. ഇരുമ്പു ചട്ടങ്ങള്‍ക്കും വരണ്ട ചിട്ടകള്‍ക്കും വഴങ്ങി, യന്ത്രത്തെപ്പോലെ ജീവിക്കാന്‍, വ്യക്തിപ്രഭാവ ധനികായ പുളമാന ഒരുക്കമല്ലായിരുന്നു. തനിക്കു തോന്നുന്ന കാര്യങ്ങളെപ്പററി, എഴുതാന്‍ തോന്നുന്ന സമയത്തെഴുതുക, എഴുതിയതുതന്നെ നശിപ്പിക്കാന്‍ തോന്നിയാല്‍ നശിപ്പിക്കുക, വീണ്ടും അതേ കാര്യത്തെപ്പററി എഴുതണമെന്നു തോന്നിയാല്‍ എഴുതകയോ അല്ലാത്തപക്ഷം ആ വിചാരമേ മനസ്സില്‍ നിന്നു വിടുകയോ ചേയ്യുക — ഇങ്ങനെയാണ് അദ്ദേഹത്തിന്റെ പോക്ക്. ‘ക്രമീകൃതമല്ലാത്ത ജീവിതം’ ‘ശുദ്ധമേ അലസനായ ഒരു മിടുക്കന്‍’ എന്നിങ്ങനെ സാഹിത്യലോകത്തിലെ സ്ഥിരം ഉത്തേജകന്മാരായ ഒരുക്കൂട്ടര്‍ അദ്ദേഹത്തെപ്പററി മനസ്താപം പ്രകടിപ്പിക്കാറുണ്ടായിരുന്നു. അക്കൂട്ടര്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തന്നെ പുളിമാന അവരെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. പരിമിതികളോ നിയന്ത്രണങ്ങളോ കൃത്യനിഷ്ഠാദാസ്യമോ ഒന്നും തന്നെ തന്റെ സൃഷ്ടി കര്‍മ്മത്തില്‍ കൈകടത്തുന്നതു് അദ്ദേഹം തീരെ സഹിച്ചിരുന്നില്ല. മരിക്കുന്നതിനു മുമ്പ് ഇത്ര ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊള്ളാമെന്ന് ഈശ്വരനോടു കരാര്‍ ചെയ്തതിനുശേഷം ഭൂജാതനായിട്ട്, സംഖ്യ തികയാത്തതുകൊണ്ടു തലയില്‍ പുഴുത്ത പട്ടികളെപ്പോലെ നിസ്സഹായനായി പാഞ്ഞു നടക്കുന്ന ഒരാളല്ല പുളിമാന. അദ്ദേഹം ആകെ മൂന്ന് ഗ്രന്ഥങ്ങളെ പ്രസിദ്ധീകരിച്ചിട്ടുള്ളു. കൂടിപ്പോയാല്‍ രണ്ടോ മൂന്നോ ഗ്രന്ഥങ്ങള്‍ കൂടി പ്രസിദ്ധം ചെയ്യാന്‍ വേണ്ട കരുക്കള്‍ ഇനി കാണുകയും ചെയ്തേക്കാം. പക്ഷേ, ഗ്രന്ഥസംഖ്യയല്ല, കലാമൂല്യമാണ് വിജയത്തിന്റെ മാനദണ്ഡമെങ്കില്‍ അസുലഭമായ ഭാവനാസമ്പത്തും അഗ്ര്യപൂജയര്‍ഹിക്കുന്ന പ്രതിഭാശാലിത്വവും നിരവദ്യമായ രചനാകുശലതയും തികഞ്ഞ പുളിമാന, അപൂര്‍വ്വ സൗഭാഗ്യം കൈവന്ന ഒരു സാഹിത്യകാരനാണ്. ഈ സിദ്ധികളെപ്പററി ഏറെക്കുറെ പുളിമാന തന്നെ മനസ്സിലാക്കിയിരുന്നുതാനും. അവ അങ്ങാടിയില്‍ നിരത്തിവയ്ക്കാനും കണ്ടവന്റെ ചവിട്ടേല്ക്കാന്‍ വലിച്ചെറിഞ്ഞു കൊടുക്കാനും അദ്ദേഹം പരമാവധി വിസമ്മതം കാണിച്ചു. കൊഞ്ചിക്കുഴഞ്ഞു വശീകരിക്കാനോ, പൊട്ടിച്ചിരിപ്പിച്ച് ആകര്‍ഷിക്കാനോ, ഉപദേശി വേഷം കെട്ടി അന്യരുടെ തലയില്‍ ചുമടിറക്കാനോ അദ്ദേഹത്തിന്റെ കാവ്യകല കാംക്ഷിച്ചിരുന്നില്ല. അല്ലെങ്കിലെന്തിന്? - അതിനുള്ള കഴിവേ ഇല്ലായിരുന്നു അദ്ദേഹത്തിന്.

പിന്നെന്തെല്ലാമായിരുന്നു അദ്ദേഹത്തിന്റെ കഴിവുകള്‍? പുളിമാന ഒന്നാന്തരം ഒരു ഗായകനായിരുന്നു. സഹജമായ ശാരീര ഭംഗിയോടുകൂടി സ്നേഹിത സംഘത്തിന്റെ ആനന്ദനിര്‍വൃതിക്കായി അല്ല, സ്വയം മനസ്സുഖത്തിനുവേണ്ടി അദ്ദേഹം പാടുമ്പോള്‍ ആ സംഗീതനിര്‍ത്ധരിയില്‍ മുഴുകി എത്രയെത്ര സ്നേഹിതന്മാര്‍ ആത്മവിസ്മൃതിയിലമര്‍ന്നു പുളകമണിഞ്ഞിട്ടില്ല! അനുഗൃഹീതനായ ഒരു നടനെന്ന നിലയില്‍ ദുരൂഹമായ മാനസികവ്യാപാരങ്ങളെപ്പോലും പ്രേക്ഷകന്മാരുടെ കണ്‍മുമ്പില്‍ അദ്ദേഹം ആവിഷ്കരിക്കുമ്പോള്‍ ആ അസാമാന്യകലാകാരന്റെ മുമ്പില്‍ അഭിനന്ദന പരവശരായി മാത്രമേ ഹൃദയമുളളവര്‍ക്കു വര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളു. പക്ഷേ, അവയെല്ലാം താരതമ്യേന അദ്ദേഹത്തിന്റെ നിസ്സാരമായ സിദ്ധികളാണ്.

സാഹിത്യകലയായിരുന്നു ആ സര്‍ഗ്ഗമര്‍മ്മജ്ഞന്റെ സമുന്നതമായ കര്‍മ്മരംഗം. മായാനരുതാത്തതും മറക്കാന്‍ കഴിയാത്തതുമായ സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ചത് ആ കലാസരണിക്കാണ്. തനിക്കു താന്‍ പോരുന്ന മഹത്ത്വവും പ്രകാശവും അവയുടെ സുവ്യക്തമുദ്രകളാണ്. ‘സമത്വവാദി’ എന്ന നാടകവും ശോകമധുരമായ ചില ഖണ്ഡകവനങ്ങളുമൊഴിച്ചാല്‍ ഏതാണ്ട് നാല്പതോളം വരുന്ന ചെറുകഥകളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അവയില്‍ തന്നെ പതിനാലെണ്ണം മാത്രമേ ‘മഴവില്ല്’ ‘കാമുകി’ എന്നീ സമാഹാര ഗ്രന്ഥങ്ങളില്‍ക്കൂടി പുറത്തു വന്നിട്ടുള്ളു. രൂപത്തിലും അന്തശ്ചൈതന്യത്തിലും വൈവിദ്ധ്യമുള്ള ആ കഥകള്‍ ഇനം തിരിച്ചു പട്ടികയെഴുതി വിധി കല്പിക്കാന്‍ പുറപ്പെടുന്ന നിരൂപകനെ അവ തികച്ചും അന്ധാളിപ്പിക്കുക തന്നെ ചെയ്യും. വസ്തുനിഷ്ഠങ്ങളും ആത്മനിഷ്ഠങ്ങളും ആയ ആ കഥാ ശില്പങ്ങളുടെ രചനയില്‍ പുളിമാന മലയാളത്തിലെ ഒരൊററ കഥാകൃത്തിന്റെയും കാല്പാടുകളെ പിന്‍തുടരുന്നില്ല. ഏകാന്ത ദീപ്തമായ ഒരു ചെറുകഥാ പദ്ധതിയുടെ വിധാതാവാണ് പുളിമാന. ആ പദ്ധതിയില്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ തന്നെ ആരും ധൈര്യപ്പെട്ടിട്ടുമില്ല. ആത്മവത്തയുടെ വൈജയന്തികളായ ആ കഥകളിലോരോന്നിലും അനുകരിക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍, അലിഞ്ഞു ചേര്‍ന്നു കിടപ്പുണ്ട്. വികാര നിര്‍ഭയമായജീവിതം പേറുന്ന കഥാപാത്രങ്ങളേ മാത്രമേ അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളു. അവയിലോരോന്നും ഉടലെടുത്തിട്ടുള്ളത് ഭാവതരംഗിതവും സൗന്ദര്യസമ്പൂര്‍ണ്ണവും ആയ ഒരു ഹൃദയത്തില്‍ നിന്നാണെന്ന് അനുപദം നമ്മെ മനസ്സിലാക്കിത്തരുന്നുമുണ്ട്. ‘അപ്രഗത്ഭനായ ഒരു കലാകാരന്റെ കയ്യില്‍ ഈ കഥകളില്‍ പലതും അതിവൈകാരികത്വം (’’Sentimentalism’’) എന്ന ദുര്‍ഗ്ഗുണത്തിനു നിദര്‍ശനങ്ങളാകുമെന്നിരിക്കെ, പുളിമാന ആ പടുകുഴിയുടെ വക്കില്‍ ചെന്നു നിന്ന് പല അഭ്യാസങ്ങളും കാണിച്ചു നമ്മെ അമ്പരിപ്പിക്കുന്നതല്ലാതെ അതിലേക്ക് ഒരിക്കലും വഴുതിപ്പോകുന്നില്ല.’* അതുപോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു വസ്തുത വികാരതീവ്രതയുടെ വേലിക്കുള്ളില്‍ വിചാരകന്ദങ്ങള്‍ പാകിവളര്‍ത്തുന്ന മഹാത്ഭുതമാണ്. പ്രാമാണികമെന്നു പലനാളായി കരുതിപ്പോരുന്ന വിശ്വാസങ്ങളേയും ആദര്‍ശങ്ങളെയും പിടിച്ചുലയ്ക്കാന്‍, ചിലപ്പോള്‍ അവയുടെ ജീര്‍ണ്ണിച്ച വേരുകളെപ്പോലും പറിച്ചെടുത്തു കാണിക്കാന്‍, ധൈര്യമുള്ള ഒരു കൈയും അത്യന്തം മൃദുലങ്ങളായ ഭാവങ്ങളെപ്പോലും മായാത്ത മനോഹാരിതയില്‍ പൊതിഞ്ഞ അസൂയാര്‍ഹമായ ലാഘവവും സൂക്ഷ്മതയും ദീക്ഷിച്ച് അവതരിപ്പിക്കുന്ന ഒരു തൂലികയും ഈ കഥകള്‍ക്കിടയിലുള്ള ഉജ്ജ്വലസത്യങ്ങളാണ്. മധുരമായ വേദനകള്‍ക്കും വേദനിപ്പിക്കുന്ന മാധുര്യത്തിനും, പ്രസാദത്തിന്റെ അടിത്തട്ടില്‍ ഓളം വെട്ടുന്ന വിഷാദത്തിനും വിഷാദത്തിന്റെ പെരുമ്പരപ്പില്‍ രജതരേഖ തുന്നിപ്പിടിപ്പിക്കുന്ന പ്രസാദത്തിനുമായി വിഭജിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ അന്തസ്സാരം കണ്ടെത്താന്‍ ഏകാഗ്രതയോടെ ഉഴലുന്ന ദൃഷ്ടികളാണ് ഈ കഥകളില്‍ നമ്മെ പിടിച്ചു നിറുത്തുന്നത്. സര്‍വ്വോപരി, അതിലോലങ്ങളായ ഭാവരേഖകളെയും അതിസൂക്ഷ്മങ്ങളായ ചിന്താതന്തുക്കളെയും അയത്നലളിതമായി അവതരിപ്പിക്കാന്‍ പര്യാപ്തമായ, മിതവും സുശക്തവും ലക്ഷ്യഗ്രാഹിയുമായ, ഒരു ഭാഷാശൈലിയും. കവിയും കാഥികനും കൈകോര്‍ത്തു നിന്നു കളിയാടുന്ന ആ ഓരോ കഥയും ഓരോ കറതീര്‍ന്ന കലാശില്പമാണ്. ആ ശില്പമാതൃകകളിലെ ഘടകങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്തു നോക്കാന്‍ പുളിമാന നമ്മെ അനുവദിക്കുകയില്ല. അത്രകണ്ടു സര്‍വ്വാംഗീണമായ ഒരു ലയവിശേഷമുണ്ട് ആ സുന്ദര സൃഷ്ടികള്‍ക്ക്. ഉടനീളം കുടികൊള്ളുന്ന വികാര സാന്ദ്രതയാണോ, അതല്ല, ഭാവഗാംഭീര്യത്തിന്റെ അടിത്തറയായി കെട്ടിപ്പടുത്തിട്ടുള്ള ചിന്താബന്ധമാണോ, അതുമല്ല, അവ രണ്ടിന്റെയും പ്രകാശികയായ ആഖ്യാന രീതിയാണോ, കൂടുതല്‍ നമ്മെ ആകര്‍ഷിക്കുന്നതെന്നു തീര്‍ത്തു പറയുവാന്‍ നിവൃത്തിയില്ല. ഒരു ഘടകം എവിടെ തുടങ്ങുന്നു വേറൊന്ന് എവിടെ ആരംഭിക്കുന്നു എന്നു നമുക്കു പിടികിട്ടുന്നില്ല. ഈ കലാമയത്വം ആണ് പുളിമാനയെ മററു പല പേരെടുത്ത കഥാകൃത്തുകള്‍ക്കും മുകളിലായി ചിലപ്പോള്‍ പ്രതിഷ്ഠിക്കുന്നതെന്നു തോന്നുന്നു.

പുളിമാന ഒരു നാടകവും നിര്‍മ്മിച്ചിട്ടുണ്ട് - ഒരേ ഒരു നാടകം. അധികം പേര്‍ അതിന്റെ പേര്‍ തന്നെ കേട്ടുകാണുകയില്ല. നാലഞ്ചുവര്‍ഷമായി ‘സമത്വവാദി’ എന്ന ആ കൃതി പ്രസിദ്ധീകരിച്ചിട്ടു്. സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ നിലയമെന്നും നടനകലാവിദഗ്ദ്ധന്മാരുടെ സങ്കേതമെന്നും അഭിമാനിക്കുന്ന തിരുവനന്തപുരം പട്ടണത്തില്‍പ്പോലും നിസ്തുലമായ ആ നാടകം ഇതുവരെ അഭിനയിക്കപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം എത്രയെത്ര നാടകങ്ങളും നാടകാഭാസങ്ങളും കൊണ്ട് വിദ്യസമ്പന്നരായ അഭിനയകലാപ്രവീണര്‍ അരങ്ങേറി ഈ തിരുവനന്തപുരത്ത്! പക്ഷേ, മലയാള നാടക സാഹിത്യത്തിലെ ഒരു മഹാസംഭവമായ ‘സമത്വവാദി’ അഭിനയിക്കാന്‍ ഇന്നുവരെ നടന്മാരും നടനസമിതികളും ഉണ്ടായില്ല. കാഴ്ചയില്‍ തീരെ ചെറിയ ആ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്. ഭാവാത്മകപ്രസ്ഥാനം (’’Expressionism’’) എന്ന കലാ സങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’യുടെ കര്‍ത്താവാണ്. വേറൊരു ഭാവാത്മകനാടകം കൂടി ഇന്നുവരെ സാഹിത്യത്തിലുണ്ടായിട്ടുമില്ല. ദുഷിച്ചു നാറിയ ഫലിതച്ചളിക്കുണ്ടില്‍ നിന്നും തൊട്ടാവാടി പ്രേമത്തിന്റെ പേക്കൂത്തില്‍ നിന്നും മലയാള നാടകം രക്ഷപ്പെട്ട്, മാനനീയമായി ഒരു ഭാവിയിലേക്കു കണ്ണുകളുയര്‍ത്തി നോക്കി നില്കുക്കുന്ന ഒരു ചിത്രമാണ് ‘സമത്വവാദി’ വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുക. ആ കൃതിയിലെ പ്രമേയത്തെപ്പററി പുളിമാന എന്നോടൊരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി. “ഇതാണ് ഞാന്‍ ചെയ്തത് ഈ അരിസ്റ്റോക്രസി (പ്രഭുത്വം) ഉണ്ടല്ലോ, അതിനെ ഒരുപിടി മണ്ണുവാരി തറയിലിട്ട് ചികഞ്ഞുനോക്കുന്നതുപോലെ ഉദാസീനമായി, പക്ഷേ, ഒരു ദാക്ഷിണ്യവുമില്ലാതെ, ഞാന്‍ ഒന്നു പരിശോധിച്ചു; അത്രേയുള്ളൂ.” പുളിമാനയുടെ തൂലിക ‘സമത്വവാദി’യുടെ ഒന്നുരണ്ടു പിന്‍ഗാമികളെയെങ്കിലുംകൂടി സൃഷ്ടിച്ചിരുന്നു എങ്കില്‍ എന്ന നമ്മുടെ ആശയ്ക്ക് നിര്‍ഭാഗ്യത്തിന്റെ കണ്ണുനീരിറക്കി ആശ്വസിക്കാനല്ലേ നിവൃത്തിയുള്ളു!

ആകെക്കൂടി അസാധാരണമായ ഒരു കലാലോകം, അല്ലേ? എന്നാല്‍ അതുപോലെ തന്നെ അസാധാരണമായിരുന്നു ആ കലാലോകം നിര്‍മ്മിച്ച പുളിമാനയുടെ ജീവിതവും. ചിട്ടപ്പെടുത്തി ചിന്തേരിട്ടു മിനുക്കിയ ശീലങ്ങളും സ്വാഭാവങ്ങളും ആ ജീവിതത്തില്‍ ദൃശ്യമായിരുന്നില്ല. അനുപദം ഭാഗ്യലക്ഷ്മി കളിയാടിയ ഒരു രംഗമായിരുന്നില്ല ഹ്രസ്വമായ ആ കാലഘട്ടം. പരാജയത്തില്‍ നിന്നും പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഭാഗ്യഹീനനായിരുന്നു പുളിമാന. വിദ്യാഭ്യാസജീവിതത്തിലെ പരാജയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അനാരോഗ്യത്തിന്റെ ക്രൂരഹസ്തങ്ങള്‍ അദ്ദേഹത്തെ പിടികൂടി. സാധാരണ സാമ്പത്തിക നിലയില്‍ നിന്ന് യാദൃഛികമായി സമൃദ്ധിയുടെ മടിത്തട്ടിലേക്കു ചെന്നു വീണപ്പോഴേക്കും ആ യുവാവ് ശാരീരികയാതനകളുടെ ദുര്‍ഭാരം ചമുക്കുന്ന ഒരു ദയനീയ രൂപമായി മാറിക്കഴിഞ്ഞിരുന്നു. ഒരു പക്ഷേ, നൈരാശ്യനിബിഡമായ ഈ അന്തരീക്ഷമായിരിക്കണം, കലാകാരന്മാര്‍ക്കു സഹജമായ സ്വച്ഛന്ദ സഞ്ചാരത്തോടു കൂടി സമ്മേളിച്ച്, ചിട്ടയും ചടങ്ങും അടുക്കുമില്ലാത്ത ഒരു വ്യവസ്ഥിതത്വത്തില്‍ അദ്ദേഹത്തെ എത്തിച്ചത്. ചിരിയും കളിയും കൊണ്ടുപിടിച്ചു മേളിച്ചു കഴിയുമ്പോഴും അണയ്ക്കാന്‍ കഴിയാത്ത ഒരു തീക്കട്ട ആ ഹൃദയത്തില്‍ കത്തിക്കൊണ്ടിരുന്നു എന്ന് വളരെപ്പേര്‍ അറിഞ്ഞിരുന്നില്ല. രോഗം മെയ്ക്കെട്ടുകയറിയ ഒടുവിലത്തെ രണ്ടുവര്‍ഷം ആ കലാപ്രേമി എന്തുമാത്രം നരകദുഃഖം അനുഭവിച്ചിരിക്കുകയില്ല! ക്ഷയരോഗബാധിതനായ അദ്ദേഹത്തിന്റെ ജിവശക്തിയെ കരണ്ടു കൊണ്ടിരുന്ന ആ നാളുകളില്‍ അദ്ദേഹത്തിന്റെ കലാവൈഭവം എത്ര തന്നെ ശ്വാസംമുട്ടിയിരിക്കുകയില്ല! അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പാടാന്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഗാനത്തിന്റെ നാദഭംഗികള്‍ നുകര്‍ന്ന്, ഏകകാലത്തു തന്നെ ആനന്ദിച്ചും കണ്ണുനീര്‍ പൊഴിച്ചും ആ ഹൃദയം തുടിച്ചിരുന്നിരിക്കണം.” എന്നാല്‍ ഈ നിര്‍ഭാഗ്യത്തിന്റെ കരിനിഴലില്‍ കൂടി സഞ്ചരിച്ചിരുന്നപ്പോഴും, താന്‍ ഒരു കലാകാരനാണെന്ന അഭിമാനവും അഹങ്കാരവും അദ്ദേഹത്തിന് ആശ്വാസദായകമായിരുന്നു. ആ അഭിമാനവും അഹങ്കാരവുമാണ് പുളിമാനയ്ക്ക് സ്നേഹിതന്‌രെയും ശത്രുക്കളേയും സമ്പാദിച്ചു കൊടുത്തത്. അദ്ദേഹം സമ്പാദിച്ച സ്നേഹിതന്മാര്‍ ഒരിക്കലും അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല. ശത്രുക്കളോടു ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുമില്ല. വിചിത്രമായ ഒരു പരമാര്‍ത്ഥം ഈ ബന്ധങ്ങളില്‍ ഒളിഞ്ഞു കിടപ്പുണ്ട്. തൊലിക്കങ്ങേപ്പുറം കടക്കാത്ത സ്നേഹം പുലര്‍ത്തുന്ന അതിവിപുലമായ ഒരു സ്നേഹിത മണ്ഡലത്തെ അദ്ദേഹത്തിനാവശ്യമില്ലായിരുന്നു. ഹൃദയം കൊണ്ടു ഹൃദയത്തെ അറിയാന്‍ കഴിയുന്ന ചുരുക്കം ചില സ്നേഹിതന്മാരെയാണ് അദ്ദേഹം ആശിച്ചത്. ആ സുഹൃത്തുക്കളോടു് എന്തു സ്വാതന്ത്ര്യവും കാണിക്കാന്‍ അദ്ദേഹത്തിന് ലൈസന്‍സുണ്ടായിരിക്കണം. ആ ലൈസന്‍സ് പുളിമാന ഉപയോഗിക്കുകയും ചെയ്തു. അതില്‍ പരാതിപ്പെട്ട് വല്ല അല്പന്മാരും കൂടുവിടുകയാണെങ്കില്‍ അദ്ദേഹത്തിനു തീരെ മനസ്താപമില്ല. താന്‍ എടുക്കുന്നിടത്തോളമോ അതില്‍ കൂടുതലോ സ്വാതന്ത്ര്യം അവര്‍ തന്നോടു കാണിക്കുന്നത് പരമ സന്തോഷവുമായിരുന്നു. എന്നാല്‍ തനിക്കു് ഹൃദയംഗമമായി അടുക്കാന്‍ കഴിയാത്ത ആളുകള്‍ ചെറുതായൊന്നു പരിഹസിച്ചാല്‍ മതി, പെട്ടെന്നു പുളിമാനയുടെ ഭാവം മാറുകയായി. നിശിതമായ ഉടക്കുളികള്‍ അവരുടെ മേല്‍ വലിച്ചെറിയാന്‍ പിന്നെ യാതൊരു മടിയുമില്ല. അദ്ദേഹത്തിന് ഉള്ളുകൊണ്ട് പിണങ്ങേണ്ടിവന്ന ആളുകളില്‍ ഇനിയൊരു വര്‍ഗ്ഗമുണ്ട്. കലാസ്വാദന ശക്തിയോ സൃഷ്ടികർമ്മത്തെ സംബന്ധിച്ചിടത്തോളം ദരിദ്രാവസ്ഥപോലുമോ ഇല്ലാത്തപലരും തങ്ങളുടെ നിസ്സ്വാര്‍ഥത മറച്ചുവെച്ച്, പലപ്പോഴും ഇരന്നും മോഷ്ടിച്ചും പരസ്യമായി ധനികവേഷം കെട്ടിയാടുന്നതു കാണുന്ന കാഴ്ചയില്‍ക്കവിഞ്ഞ് അദ്ദേഹത്തെ അരിശം കൊളളിക്കാന്‍ വെറൊന്നിനും കഴിഞ്ഞിരുന്നില്ല. സ്വകാര്യജീവിതത്തില്‍ വെറുപ്പിനോ വിരോധത്തിനോ യാതൊരു കാരണവും ഇല്ലാതെ തന്നെ പലരോടും ഇക്കാര്യത്തില്‍ അദ്ദേഹത്തിനു പിണങ്ങേണ്ടിവന്നിട്ടുണ്ട്, സഹൃദയത്തിന്റെ പേരില്‍ ആ പിണക്കം സഹിക്കുകയാണ് ഒരു കലാകാരന്റെ കടമയെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇങ്ങനെ അസാധാരണ പ്രകൃതിയായിരുന്ന ആ കലാകാരന്‍ ചില അസാധാരണ സ്വഭാവങ്ങളുടെ ഉടമസ്ഥനായ ഒരു മനുഷ്യനായിരുന്നു.

ആ മനുഷ്യന്‍ ഇനി അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഹൃദയങ്ങളില്‍ മാത്രമേ ജീവിക്കുകയുള്ളു. ആ അസാധാരണ കലാകാരന്‍ കൈരളിയുടെ നിത്യയുവത്വംപൂണ്ട സന്താനമായി എക്കാലവും ശോഭിക്കുകതന്നെ ചെയ്യും.

പ്രൊഫ. എന്‍. കൃഷ്ണപിളള