എപ്പോഴും സ്തുതിയായിരിക്കട്ടെ 01
എപ്പോഴും സ്തുതിയായിരിക്കട്ടെ 01 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എപ്പോഴും സ്തുതിയായിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവലെറ്റ് |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 26 |
ഒരു മയക്കത്തിൽ പെട്ടപ്പോഴാണ് വാതിൽക്കൽ മുട്ടു കേട്ടത്. ഷിജോ ഞെട്ടിയെഴുന്നേറ്റു, തിടുക്കത്തിൽ കട്ടിലിന്റെ തലക്കൽഭാഗത്തു മടക്കിവച്ച മുണ്ടെടുത്തുടുത്തു. എല്ലാ ഞായറാഴ്ചയും ഉന്തുവണ്ടിയുമായി വന്ന് ഒരാഴ്ചത്തെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുതരുന്ന തമിഴൻ നാലു രൂപയാണ് ചാർജ്ജ് ചെയ്യുന്നത്. അതുകൊണ്ട് ഉറങ്ങാൻ കിടക്കുന്നത് വെറും അടിവസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ്. ചുവരിനരികെ ഇട്ട സ്റ്റാന്റിൽ ഹാങ്ങറിൽ തൂക്കിയിട്ട ഷർട്ടെടുത്തിട്ടു. വാതിലിനടുത്ത ചുവരിന്മേലുള്ള സ്വിച്ചിട്ടു മുറിയിലെ ഒരേയൊരു സി.എഫ്.എൽ വിളക്കു കത്തിച്ചു, ഷർട്ടിന്റെ അവസാനത്തെ രണ്ടു ബട്ടനുകൾകൂടി ധൃതിയിലിട്ടുകൊണ്ട് ഷിജോ വാതിൽ തുറന്നു.
മുമ്പിൽ ആനി നിൽക്കുന്നു. ഒരു ഷിമ്മീസ് മാത്രമാണ് വേഷം. ഉറങ്ങാൻ കിടക്കുമ്പോൾ അവൾ നീല ടോപ്പും വെള്ള മിഡിയും നിറമുള്ള കോട്ടൺ യൂണിഫോം അഴിച്ചുവയ്ക്കും. ഒരു സെറ്റ് യുണിഫോം രണ്ടു ദിവസം ഇടണമെന്നാണ് നിയമം.
‘എന്താ ആനി, എന്താ വേണ്ടത്?’
ഈ അനാഥാലയത്തിൽ ജോലിയ്ക്കു ചേർന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അതുകൊണ്ട് അന്തേവാസികളുടെ ആവശ്യങ്ങൾ മുഴുവൻ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് രാത്രി ഉപയോഗിക്കാൻ കുറച്ചുകൂടി അയഞ്ഞ ഏതെങ്കിലും വസ്ത്രം വാങ്ങണം. വെറും ഷിമ്മീസിൽ അവരെ കാണാൻ വിഷമമുണ്ട്. മിക്കവാറും ഒരുമാതിരി എല്ലാ കുട്ടികളും പത്തു വയസ്സിനു മീതെ പ്രായമായിട്ടുള്ളവരാണ്. ആനിയ്ക്ക് പതിനാലു വയസ്സെങ്കിലും ആയിട്ടുണ്ടാകും.
‘എന്താ ആനി വേണ്ടത്?’
അവളുടെ മുഖത്ത് കണ്ട അദ്ഭുതഭാവം ഷിജോവിനു മനസ്സിലായില്ല.
‘എന്തെങ്കിലും ഗുളിക വേണോ?’
പെൺകുട്ടികൾക്ക് ചോദിക്കാൻ മടിയുണ്ടാകും. വീട്ടിൽ ലിജിമോൾ വേദനയുണ്ടാകുമ്പോൾ അമ്മയോടാണ് കുശുകുശുത്തു പറയാറ്. മിക്കവാറും രാത്രിയാണുണ്ടാവുക. ആ സമയത്ത് സൈക്കിളുമെടുത്ത് ടൗണിൽ പോയി ആശുപത്രിയ്ക്കടുത്ത് രാത്രി മുഴുവൻ തുറന്നിരിക്കുന്ന ഒരേയൊരു മരുന്നുകടയിൽനിന്ന് ഗുളിക വാങ്ങിക്കൊണ്ടുകൊടുക്കും.
‘വയറുവേദനണ്ടോ?’
ഇല്ലെന്നവൾ തലയാട്ടി.
‘പിന്നെ?’
‘സാറെ, ഇന്ന് ജിസിടെ ഊഴാണ്. അവൾക്ക് സുഖല്യാത്തോണ്ടാ ഞാൻ വന്നത്.’
‘ഊഴോ?’
അവൾ തലയാട്ടി.
‘എന്തിന്റെ ഊഴം?’
‘ഇന്ന് ചൊവ്വാഴ്ച്യല്ലെ. അവളാണ് ഇന്ന് സാറിന്റെ അട്‌ത്തേയ്ക്ക് രാത്രി വരണ്ടത്. പഴേ സാറ് അങ്ങിന്യാ ചട്ടംകെട്ടീര്ന്നത്. ചൊവ്വാഴ്ച ജിസി, വ്യാഴാഴ്ച ഞാൻ, ശന്യാഴ്ച ദീപ, പിന്നെ എടേല്‌ത്തെ ദിവസങ്ങളില് ആരെങ്കിലും വരണെങ്കില് അപ്പ പറയും.’
‘എന്തിന്?’
ചോദിച്ച ഉടനെ അയാൾക്കതിന്റെ അർത്ഥശൂന്യത മനസ്സിലായി. ഒരുപാട് കാര്യങ്ങൾ ഒരു നിമിഷംകൊണ്ട് അയാളുടെ മനസ്സിലേയ്ക്ക് തള്ളിക്കയറുകയാണ്. തകരുന്ന ഒരണക്കെട്ടിന്റെ മുമ്പിൽ നില്ക്കുന്ന ആൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന അനുഭവം. അയാൾ തളർന്നു. അയാൾ ആലോചിക്കുകയായിരുന്നു. കാട്ടിൽ മൃഗരാജാവിന്റെ അടുത്തേയ്ക്ക് ഓരോ ദിവസവും ഇരയായി പോകേണ്ടിവരുന്ന നിസ്സഹായരായ മൃഗങ്ങളെപ്പറ്റി. ഇന്ന് ഈ മാൻപേടയുടെ ഊഴമാണ്, അല്ലെങ്കിൽ തന്റെ സഹജീവിയ്ക്കു പകരം ഇവൾ വന്നതാണ്.
‘നീ ഇരിയ്ക്ക്.’ ചുമരരികിലിട്ട സ്റ്റൂൾ ചൂണ്ടിക്കാട്ടി ഷിജോ പറഞ്ഞു. കട്ടിലിന്റെ കാല്ക്കൽ ഇരിക്കാൻ പോയ അവൾ സ്റ്റൂളിൽ പോയിരുന്നു.
‘ഇനി പറേ, എന്തിനാണ് നീ വന്നത്?’
‘പോയ സാറ് ഒന്നും പറഞ്ഞില്ലെ സാർ?’
‘ഇല്ല, നിങ്ങളൊക്കെ നല്ല കുട്ടികളാണ്ന്ന് മാത്രം. പിന്നെ നിങ്ങടെ ദിനചര്യകള്, പഠിത്തത്തിന്റെ കാര്യം, അങ്ങിനെ ഓരോന്ന്.’
‘വേറൊന്നും പറഞ്ഞില്ലെ സാർ?’
‘ഇല്ല, പിന്നെ നീ പറഞ്ഞില്ലല്ലൊ, എന്തിനാപ്പൊ വന്നത്ന്ന്. പഴേ വാർഡൻ പോയില്ലേ.’
‘പുത്യ ആള് വന്നാലും ഇതൊന്നും മൊടക്കര്ത്ന്ന് ഞങ്ങളോട് പറഞ്ഞിരിക്ക്യാ സാറ്.’
അതു പറയലും വിതുമ്പലും ഒന്നിച്ചു കഴിഞ്ഞു. ആ കൊച്ചുകുട്ടിയുടെ മാനസിക സമ്മർദ്ദം എത്രത്തോളമുണ്ടാകും? അവൾ തേങ്ങിത്തേങ്ങി കരയുകയാണ്. അടുത്തു പോയി ആശ്വസിപ്പിക്കണോ എന്നയാൾ ഒരു നിമിഷം ആലോചിച്ചു. പിന്നെ അതിനു മിനക്കെടാതെ വെറുതെ നോക്കിയിരിക്കുക മാത്രം ചെയ്തു. കണ്ണീർ അവളുടെ നേരിയ ഷിമ്മീസിൽ പതിയ്ക്കുന്നത്, അത് മാറിൽ അസുഖകരമായൊരു നനവുണ്ടാക്കുന്നതു കണ്ടപ്പോൾ ഷിജോ കൺ തിരിച്ചു. അയാൾ പറഞ്ഞു.
‘നിർത്തു, കരച്ചിൽ. ഞാൻ അതിനുമാത്രൊന്നും ചോദിച്ചില്ലല്ലൊ. പിന്നെ നിങ്ങൾക്ക് രാത്രി ഇടാൻ നൈറ്റിയൊന്നും ഇല്ലെ?’
‘ഊംങും.’
‘ഞാൻ നാളെത്തന്നെ തുന്നക്കാരിയോട് വരാൻ പറയാം.’
‘മറ്റെ സാറ് തിരിച്ചു വര്വോ സാർ?’ ആനി സംശയിച്ചുകൊണ്ട് ചോദിച്ചു.
‘ഇല്ല, എന്തേ?’
അവളുടെ മുഖത്ത് ഭയം. അവൾ ആലോചിക്കുകയായിരുന്നു. പുതിയ സാറിനോട് പറയാൻ പറ്റുമോ അവരുടെ പ്രശ്‌നങ്ങൾ? പറയാമെങ്കിൽത്തന്നെ എത്രത്തോളം പറയാം?
‘എന്താ മോളെ, എന്താ ആ സാറിനെ അത്രയ്ക്ക് പേടിയാണോ?’
‘സാറിത് ആരോടെങ്കിലും പറയോ? പറഞ്ഞാൽ ഞങ്ങടെ കഥ കഴിയ്ക്കും.’
‘ഇല്ല, ഞാനാരോടും പറയ്ണില്ല. മാത്രല്ല. നിങ്ങക്ക് എന്തെങ്കിലും പ്രശ്‌നണ്ടെങ്കില് എന്നോട് പറയണം. നിങ്ങടെ കാര്യങ്ങള് നോക്കാനാണ് എന്നെ ഇവിടെ ജോലിക്ക് വെച്ചിരിക്കണത്. ആട്ടെ എന്താ നിങ്ങക്കൊക്കെ പഴേ സാറിനെ ഇത്രയ്ക്ക് പേടി?’
‘അങ്ങേര് ഞങ്ങളെ വല്ലാതെ ഉപദ്രവിച്ചിരുന്നു സാർ. എന്തെങ്കിലും എതിര് പറഞ്ഞാൽ ഇവിട്ന്ന് പൊറത്താക്കുംന്നാ പറഞ്ഞിര്ന്നത്.’
അവൾ വീണ്ടും കരയാനുള്ള ഭാവമാണ്.
‘കരയും ഒന്നും വേണ്ട ആനി, വെഷമാണെങ്കില് പറയണ്ട. മോളിപ്പൊ പൊയ്‌ക്കൊ. സമാധാനായി കെടന്നൊറങ്ങിക്കൊ.’
ആനി കണ്ണു തുടച്ചുകൊണ്ട് പോയി. അടുത്ത മുറി ഊണുകഴിക്കുന്ന മുറിയാണ്. അത് ദിവസത്തിൽ മൂന്നു നേരം മാത്രമേ തുറന്നിരിയ്ക്കയുള്ളു. രാവിലെ ഏഴുമുതൽ എട്ടുമണിവരെ, ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടുവരെ, രാത്രി എഴര മുതൽ എട്ടര വരെ. ബാക്കി സമയങ്ങളിൽ കുട്ടികൾക്ക് എന്തെങ്കിലും തിന്നണമെന്നു തോന്നിയാൽ, ചായ കുടിക്കണമെന്നു തോന്നിയാൽ ഒരു നിവൃത്തിയുമില്ല. വളർത്തു നായ്ക്കൾക്ക് സമയം നോക്കി തിന്നാനിട്ടുകൊടുക്കുന്ന പോലെ. അടുക്കളയിലേയ്ക്ക് ഒരു ഇടനാഴികയിലൂടെ പോകണം. അവിടേയ്ക്കുള്ള വാതിൽ രാത്രി അടച്ചിടുകയാണ് പതിവ്. അവിടെനിന്ന് പതിനാറ് കുട്ടികൾക്കുള്ള ഭക്ഷണം തിട്ടപ്പെടുത്തി പ്ലെയ്റ്റുകളിലാക്കി ട്രോളിയിൽ കൊണ്ടുവരും. ഷിജോവിനുള്ള ഭക്ഷണം മുറിയിൽ കൊണ്ടുവന്നുതരും. ഊൺമുറിയ്ക്കുമപ്പുറത്തുള്ള വലിയ മുറിയിലാണ് എട്ട് ചെറിയ കട്ടിലുകളിട്ടിട്ടുള്ളത്. കട്ടിലുകളെന്ന് കഷ്ടിച്ച് പറയാമെന്നേയുള്ളു. നാലു മരക്കാലുകൾക്കുമീതെയുണ്ടാക്കിയ ഫ്രെയിമിന്മേൽ പാഴ്മരപ്പലകകൾ അടിച്ചിരിക്കയാണ്. ആ കട്ടിലുകളിലാണ് ആ പതിനാറു കുട്ടികളും കിടന്നുറങ്ങുന്നത്. കട്ടിലിട്ടാൽ കഷ്ടിച്ചു നീങ്ങാനുള്ള സ്ഥലമുണ്ട്. ആ മുറിയിലാണ് അവർ വളരുന്നത്. അവർക്കതിൽ പരാതിയൊന്നുമില്ല. അവരിൽ പലർക്കും വീടില്ല, കുടുംബമില്ല. വീടുള്ളവർക്കാണെങ്കിലോ തിരിച്ചു പോകാൻ ഒട്ടും താല്പര്യമില്ല. വീട്ടിലേയ്ക്കു തിരിച്ചു പോകുന്നതിലും ഭേദം തെരുവിലുറങ്ങുന്നതാണ്.
അയാൾക്ക് കുട്ടികളോട് സഹതാപം തോന്നി. ഇങ്ങിനെയൊക്കെയാണോ വളർന്നുവരുന്ന കുട്ടികളോട് പെരുമാറേണ്ടത്? സ്‌നേഹമുള്ള ഒരു വീട്ടിലാണെങ്കിൽ ഇങ്ങിനെയാണോ? ഒരനാഥാലയമെന്നാൽ ഇങ്ങിനെയൊക്കയാണ് വേണ്ടത് എന്നുണ്ടോ. സ്‌നേഹം നിറഞ്ഞ ഒരു വീട്ടിൽ സ്‌നേഹമുള്ള അച്ഛനമ്മമാർക്കൊപ്പം, സ്‌നേഹമുള്ള ഒരു അനുജത്തിയുമായി വളർന്നുവന്ന ഷിജോവിന് ഇത് അസഹ്യമായി തോന്നി. ഇതൊക്കെ പോരാത്തതിന് രാത്രിയുള്ള അവഹേളനങ്ങളും പീഡനങ്ങളും. അതെത്രത്തോളമുണ്ടായിരുന്നുവെന്ന് ആലോചിക്കാൻ കൂടി അയാൾ ഇഷ്ടപ്പെട്ടില്ല.
എന്താണ് ഇവർ ചെയ്ത അപരാധം?
അയാൾ കുട്ടികളുടെ രജിസ്റ്ററെടുത്തു നോക്കി. എട്ടു വയസ്സു തൊട്ട് പതിനഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികൾ. ആനിയുടെ വയസ്സ് പതിമൂന്നാണ്. പതിമൂന്ന്! അവളേക്കാൾ പ്രായമുള്ളവർ രണ്ടു പേർ മാത്രം. പതിനഞ്ചു വയസ്സായ ജിസിയും പതിനാലു തികയാത്ത ദീപയും. അയാൾ പുസ്തകമടച്ചുവെച്ചു.
കിടക്കുമ്പോൾ ഷിജോ ഓർത്തു, രണ്ടു ദിവസം മുമ്പു വരെ ആ കട്ടിലിൽ കിടന്നിരുന്ന മനുഷ്യനെ. വൃത്തികെട്ട മനുഷ്യൻ! അയാൾക്ക് പാപപങ്കിലമായ ആ കട്ടിലിൽനിന്നു താഴെയിറങ്ങി വെറും നിലത്ത് കിടക്കാൻ തോന്നി.
പുറത്തേയ്ക്കുള്ള വാതിൽ കഴിഞ്ഞ ഉടനെയാണ് മാനേജരുടെ മുറി. ഒരിടുങ്ങിയ മുറി. അതിൽ ഒരു പഴഞ്ചൻ മേശയ്ക്കു പിന്നിൽ മേശയേക്കാൾ പഴഞ്ചനായ മാനേജർ ഇരിക്കുന്നു. രാവിലെ എട്ടു മണി മുതൽ ഒരു മണിവരെ. അതു കഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെ. എല്ലാം ഒത്തു വന്നിരിയ്ക്കുന്നു. വരാന്തയിലിട്ട കസേരയിലിരുന്ന് പത്രം വായിക്കുമ്പോൾ ഷിജോ ആലോചിച്ചു. ഈ മനുഷ്യനോട് എങ്ങിനെയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. വർത്തമാന പത്രത്തിന്റെ കാര്യം ഇന്നലെ സംസാരിച്ചപ്പോൾത്തന്നെ ഷിജോവിനതു മനസ്സിലായിരുന്നു.
‘പത്രത്തിന്റ്യൊക്കെ ആവശ്യം എന്താണ്? അതൊന്നും മാനേജ്‌മെന്റ് സമ്മതിക്കില്ല്യാന്നാ തോന്നണത്.’
‘ഇതിനൊക്കെ എന്തിനാണ് മാനേജ്‌മെന്റിന്റെ സമ്മതം? മാനേജർക്ക് സ്വന്തം തീരുമാനം എടുത്തുകൂടെ?’
‘നല്ല കാര്യായി. എന്റെ ജോലി തെറിപ്പിക്കണംന്ന് നിർബ്ബന്ധള്ള പോലെ?’
‘മാഷെ നിങ്ങടെ ജോല്യൊന്നും ഈയൊരു കാര്യംകൊണ്ട് തെറിക്കില്ല.’
അയാൾ ഷിജോവിനെ വല്ലാത്തൊരു ഭാവത്തോടെ നോക്കി.
‘നിങ്ങക്കതു പറയാം, നിങ്ങള് ചെറുപ്പാണ്. എനിക്ക് വയസ്സ് എഴുപതായി. വീട്ടിലിരിക്കണേതിന് പകരം ഇവിടെ വന്നിരിക്കുണു. അതിന് മാസം മൂവ്വായിരം കിട്ടുണുംണ്ട്. ഇങ്ങിന്യൊക്കെ അങ്ങട്ട് കഴിഞ്ഞുപോട്ടെ.’
ഈ മനുഷ്യനിൽനിന്ന് ഒരു സഹകരണവും പ്രതീക്ഷിക്കേണ്ട എന്ന് ഷിജോവിനു മനസ്സിലായി. ഇപ്പോൾ പത്രം വായിക്കണമെന്നു തോന്നിയാൽ പുറത്തിറങ്ങി ഏറ്റവും ക്ഷോഭജനകമായ തലേക്കെട്ടുള്ള ഏതെങ്കിലും പത്രം വാങ്ങിക്കൊണ്ടുവരും. അതിന്റെ തമാശ ഇതാണ്. രാവിലത്തെ തിരക്കുള്ള പണികൾ കഴിഞ്ഞാൽ മാനേജർ മുറിയിലേയ്ക്കു വരുന്നു പത്രം കടം വാങ്ങാൻ. നാണമില്ലാത്ത മനുഷ്യൻ. പത്രത്തിന്റ്യൊക്കെ ആവശ്യമെന്താണ് എന്നു ചോദിച്ച ആളാണ് വായിച്ചുവെയ്ക്കാൻ ക്ഷമയില്ലാതെ പത്രമെടുത്തു കൊണ്ടുപോകുന്നത്.