close
Sayahna Sayahna
Search

എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 02


എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 02
EHK Novelette 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എപ്പോഴും സ്തുതിയായിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവലെറ്റ്
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 26

മാറ്റങ്ങൾക്കുള്ള ശ്രമത്തിൽ സഹകരിക്കുമോ എന്നറിയാൻ ഇനി ഒരാളെ ബാക്കിയുള്ളു. ഭക്ഷണം പാകം ചെയ്യുന്ന ലിസി. ആദ്യനോട്ടത്തിൽത്തന്നെ ഷിജോവിന് അവരെ ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ പ്രായമെന്താണെന്നറിയാനുള്ള ശ്രമം അയാൾ ഉപേക്ഷിച്ചു. മുപ്പതു തൊട്ട് അമ്പതിനിടയ്ക്ക് എന്തുമാകാം. ചുരുണ്ട് ചെമ്പിച്ച തലമുടി കഴുത്തുവരെ. ഇരുനിറമാണെങ്കിലും അതു മനസ്സിലാക്കാൻ കുറച്ചു വിഷമമാണ്. ഒരു ദിവസം കാണുമ്പോഴുള്ള നിറമായിരിക്കില്ല പിറ്റെ ദിവസം. നരച്ച ഒരു നൈറ്റിയാണ് വേഷം. അതിന്റെ നിറത്തെപ്പറ്റിയും അവരുടെ നിറത്തെപ്പറ്റി പറഞ്ഞപോലെ ഊഹങ്ങളാവാം.

രണ്ടു തട്ടിലായി പ്ലെയ്റ്റുകൾ നിരത്തിയ ട്രാളിയും ഉന്തിക്കൊണ്ട് ലിസി വരാന്തയിലൂടെ വന്നു. മാനേജർക്കുള്ള ചായ മുറിയിലേയ്ക്കു കൊണ്ടുപോയി അവർ തിരികെ വന്നു. അടുത്തുതന്നെയുള്ള വീട്ടിൽനിന്നു വരുന്നതുകൊണ്ട് മാനേജർക്ക് രാവിലത്തെ ഭക്ഷണമില്ല. അടുത്തത് തന്റെ ഊഴമാണ്. തനിയ്ക്കുള്ള പ്ലെയ്റ്റും ചായ നിറച്ച ഗ്ലാസ്സും മേശപ്പുറത്തു വച്ച് ലിസി പോയി. ഉപ്പുമാവ് തന്നെ. ഇത് മൂന്നാമത്തെ ദിവസമാണ് തുടർച്ചയായി ഒരേ വിഭവം തന്നെ കഴിക്കാൻ പോകുന്നത്. നന്നായി വെന്തിട്ടില്ലാത്ത ഉപ്പുമാവ്. ഒരു കട്ട ഉതിർത്താൽ നനഞ്ഞിട്ടില്ലാത്ത റവ കാണാം. ഇതു കഴിച്ചാൽ ഒരു മണിക്കൂറിന്നുളളിൽ നെഞ്ചിലെരിച്ചിൽ തുടങ്ങും. ഇന്നലെ വാങ്ങിക്കൊണ്ടുവന്ന അന്റാസിഡ് ഗുളികകൾ ബാക്കിയുണ്ട്. ഇന്നും വേണോ പരീക്ഷണം? അയാൾ ചായ ഒരു കവിൾ കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തു വച്ച് എഴുന്നേറ്റു. ഇന്ന് കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കാണണം.

കുട്ടികൾ ഊൺമുറിയിൽ വരിയായി നിൽക്കുകയാണ്, പ്രതീക്ഷകളോടെ. ലിസി മേശക്കരികെ പാർക്ക് ചെയ്ത ട്രാളിയിൽനിന്ന് ഓരോരുത്തരായി വന്ന് പ്ലെയ്റ്റുകൾ എടുത്തു കൊണ്ടുപോയി മേശക്കിരുവശത്തുമിട്ട ബെഞ്ചുകളിൽ തിങ്ങിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. വലിയ ഉത്സാഹമൊന്നും ആരിലും കാണാൻ കഴിഞ്ഞില്ല.

‘സാറ് കഴിക്കിണില്ല്യേ?’ ലിസി ചോദിച്ചു.

‘ഞാൻ കഴിക്കാം, ഇപ്പൊ മക്കള് കഴിക്കണത് കാണട്ടെ.’

ലിസിയുടെ മുഖത്ത് ഒരു വികാരവുമില്ല. ഭക്ഷണം കഴിക്കുന്ന കുട്ടികൾ അദ്ഭുതത്തോടെ ഷിജോവിനെ നോക്കി. അവരുടെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരാൾ അവർ ഭക്ഷണം കഴിക്കുന്നത് താല്പര്യത്തോടെ നോക്കിനിൽക്കുന്നത്.

ലിസി ട്രാളി അവിടെത്തന്നെ ഇട്ട് പുറത്തേയ്ക്കു പോയി. ഷിജോ മേശക്കരികിലേയ്ക്കു നടന്നു. ഏറ്റവും ചെറിയ കുട്ടിയുടെ അടുത്തു ചെന്നു. ഇന്നലെ രജിസ്റ്ററിൽ അവളുടെ പേർ കണ്ടതയാൾ ഓർമ്മിച്ചു. എട്ടു വയസ്സായ നന്ദിത. മെലിഞ്ഞ് ഇരുനിറത്തിലുള്ള ഒരു കുട്ടി. ഒരായുഷ്‌കാലത്തിനുള്ളിൽ അനുഭവിക്കേണ്ടതെല്ലാം എട്ടു വയസ്സിനുള്ളിൽ അനുഭവിച്ചു തീർത്തിട്ടുണ്ടാകും ആ കുട്ടി.

‘നന്ദിത മോൾ ഏതു ക്ലാസ്സിലാണ് ഇപ്പൊ?’

അവൾ കുനിഞ്ഞിരുന്ന് എന്തോ പറഞ്ഞു.

‘നന്ദിത രണ്ടാം ക്ലാസ്സിലാണ് സാർ.’ ആനിയാണ് പറഞ്ഞത്. ഒരു രാത്രിയിലെ പരിചയം കാരണം അവൾക്കയാളുമായി അടുപ്പമുണ്ടായപോലെ.

‘മോക്ക് പുസ്തകൊക്കെല്ല്യെ?’

‘ന്റെ പെൻസില് കഴിയാറായി.’ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

‘അത്യോ? ഇന്ന്തന്നെ വാങ്ങിത്തരാം.’

‘എല്ലാർക്കും മത്യാവ്ണ്‌ണ്ടോ ഭക്ഷണം?’ അയാൾ എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും തലയാട്ടി.

‘എല്ലാർക്കും ഇഷ്ടാവ്ണ്‌ണ്ടോ ഭക്ഷണം?’ അയാൾ വീണ്ടും ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. അയാൾ ഓരോരുത്തരുടേയും മുഖത്തു നോക്കി. ഒരു വികാരവുമില്ലാതെ ഇരിക്കുകയാണവർ. ചോദ്യത്തിന് വലിയ അർത്ഥമില്ലെന്നയാൾക്കു മനസ്സിലായി.

ലിസി വന്നു. ‘എന്താ കഴിഞ്ഞില്ലേ പിള്ളാരേ?’

കുട്ടികൾ ഓരോരുത്തരായി പ്ലെയ്റ്റുമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങി. പലരുടെ പ്ലെയ്റ്റിലും ഉപ്പുമാവ് ബാക്കി കിടപ്പുണ്ട്. ഇതൊരു നിത്യസംഭവമായതിനാലായിരിക്കണം ലിസി ഒന്നും പറഞ്ഞില്ല. കുട്ടികൾ കൊണ്ടുവന്ന് കൊടുക്കുന്ന കഴുകിയ പ്ലെയ്റ്റുകൾ ട്രോളിയിൽ അടുക്കിവച്ച് അതും ഉന്തിക്കൊണ്ട് അവൾ പോയി. കുട്ടികൾ ഓരോരുത്തരായി അവരുടെ മുറിയിലേയ്ക്കു പോയി. ഇനി അവർ പുറപ്പെട്ട് സ്‌കൂളിൽ പോകും, ഉച്ചഭക്ഷണത്തിനായി ഒരു മണിയ്ക്കു വരും.

കുട്ടികൾ വെള്ള സ്‌കർട്ടും നീല ടോപ്പുമുള്ള യൂണിഫോമിട്ട് ഒന്നായി പുറത്തിറങ്ങി. അയാൾ വാതിൽക്കൽ നിന്ന് അവർ പോകുന്നത് നോക്കിനിന്നു. പള്ളി വക സ്‌കൂൾ അടുത്ത പറമ്പിൽത്തന്നെയാണ്. പെട്ടെന്ന് അവരുടെ ഇടയിൽ നിന്ന് നന്ദിത അയാളുടെ നേരെ ഓടിവന്നു.

‘എന്താ മോളെ? വല്ലതും മറന്നോ?’

‘ഊംങും.’

‘പിന്നെ?’

കുനിഞ്ഞിരുന്ന് അവളുടെ രണ്ടു കൈകളും പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു. ‘പിന്നെ, എന്താ?’

അവൾ അയാളുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു. ‘പെൻസിലിന്റെ അറ്റത്ത് റബ്ബറും വേണം. എനിക്ക് വേറെ റബ്ബറില്ല സാർ.’

‘വാങ്ങിത്തരാം, ഉച്ചയ്ക്ക് മോൾ വരുമ്പൊ അറ്റത്ത് റബ്ബറുള്ള പെൻസില്ണ്ടാവും ഇവിടെ.’

അവൾ സന്തോഷത്തോടെ ഓടിപ്പോകുന്നതയാൾ നോക്കി നിന്നു.

‘എന്താ ആ കുട്ടി സാറിനോട് സ്വകാര്യം പറഞ്ഞിര്ന്നത്?’

മാനേജരായിരുന്നു. അയാൾ ഗെയ്റ്റു കടന്ന് വരികയായിരുന്നു. എട്ടു മണി മുതലാണ് മാനേജരുടെ ജോലി സമയം.

‘അവൾക്കൊരു സാധനം വാങ്ങണംന്ന് പറഞ്ഞതാ.’

‘ഇതാ, കണ്ട അതുമിത്വൊന്നും വാങ്ങിക്കൊട്ത്ത് കുട്ട്യോള്‌ടെ സ്വഭാവം കേടുവരുത്തണ്ടാ, പറഞ്ഞേക്കാം.’

‘അവൾക്ക് വേണ്ടത് ഒരു പെൻസിലാണ്.’

‘പെൻസിലല്ലെ എന്റെ അട്ത്ത്‌ള്‌ളത്? ഞാൻ പെട്ടി കണക്കിന് വാങ്ങി വെയ്ക്കും.’

‘അത്യോ?’ ശരിക്കു പറഞ്ഞാൽ ആരാണ് കുട്ടികൾക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുക എന്നയാൾക്കറിയില്ലായിരുന്നു. മാനേജരായിരിക്കണം. അപ്പോൾ എന്തിനാണാ കുട്ടി തന്നോടതു ചോദിച്ചത്?

‘വരു, കാണിച്ചു തരാം. ഇനിതൊട്ട് കുട്ടികളെന്തെങ്കിലും ചോദിച്ചാൽ എന്നോട് ചോദിക്കാൻ പറഞ്ഞാൽ മതി. ഇതിനൊക്കെ ഒരു കണക്ക്ണ്ട്. മാസത്തില് ഒരു പെൻസില്, ഒരു റീഫില്ല്, നാലു കുട്ടികൾക്ക് കൂടി ഒരു സോപ്പ്, അങ്ങിന്യൊക്കെ.’

ഷിജോ മാനേജരുടെ പിന്നാലെ അയാളുടെ മുറിയിലേയ്ക്കു കടന്നു. മാനേജർ കയ്യിലുള്ള സഞ്ചി മേശപ്പുറത്തു വച്ച്, കസേല ഒരു പഴന്തുണിയെടുത്ത് തുടച്ച് അതിന്മേൽ ഉപവിഷ്ടനായി. മേശപ്പുറത്തു വച്ച പൗഷ് സാവധാനത്തിൽ തുറന്ന് ഒരു താക്കോൽക്കൂട്ടമെടുത്ത് എഴുന്നേറ്റു.

‘വരൂ.’

ഷിജോ നിൽക്കുകതന്നെയായിരുന്നു. മാനേജർ ചുമരരുകിൽ വച്ച രണ്ട് ഇരുമ്പലമാറകളിലൊന്ന് തുറന്നു. ശരിയാണ്, എല്ലാം പെട്ടികണക്കിന് വാങ്ങി വച്ചിട്ടുണ്ട്. മേൽത്തേയ്ക്കുന്ന സോപ്പുകൾ, തിരുമ്പാനുള്ള ബാർ സോപ്പുകൾ, ടൂത്ത് പേയ്സ്റ്റ്, നോട്ടുപുസ്തകങ്ങൾ പെൻസിലുകൾ…

ഷിജോ, അട്ടിയാക്കിവച്ച പെൻസിൽ പെട്ടികളിലൊന്ന് പുറത്തേയ്‌ക്കെടുത്ത് നോക്കി. ഒറ്റനോട്ടത്തിൽ മനസ്സിലായി അത് മാർക്കറ്റിൽവെച്ച് ഏറ്റവും വില കുറഞ്ഞവയാണെന്ന്. അനാഥക്കുട്ടികൾക്ക് അതൊക്കെ മതിയാവും. എല്ലാം അറ്റത്ത് റബ്ബറില്ലാത്തവയാണ്.

‘കുട്ടികൾക്ക് റബ്ബർ കൊടുക്കില്ലെ?’

‘പിന്നേ? സ്‌കൂൾ തൊറക്കുമ്പൊ ഒരെണ്ണം കൊടുക്കും, പിന്നെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂൾ തൊറക്കുമ്പഴും.’

നന്ദിതയുടെ റബ്ബർ നഷ്ടപ്പെട്ടിട്ടുണ്ടാവും, അല്ലെങ്കിൽ തേഞ്ഞുപോയിട്ടുണ്ടാവും. എന്തായാലും വാക്കു കൊടുത്ത സ്ഥിതിക്ക് അത് വാങ്ങിക്കൊടുക്കാം.

ഷിജോ പുറത്തിറങ്ങി. ലിസിയെ കണ്ട് ഭക്ഷണത്തിന്റെ കാര്യം സംസാരിക്കണം. രാവിലത്തെ ഭക്ഷണം കുറച്ചുകൂടി നന്നാക്കാൻ വല്ല വഴിയുംണ്ടോന്ന് നോക്കണം. രാവിലത്തെ മാത്രമല്ല പൊതുവേ ഭക്ഷണം നന്നാക്കാൻ. എങ്ങിനെയെന്നതിനെപ്പറ്റി വലിയ രൂപമൊന്നുമില്ല ഷിജോവിന്. ശ്രമിക്കാമെന്നു മാത്രം.

അടുക്കളയിലേയ്ക്കു കടക്കും മുമ്പു തന്നെ അയാൾക്ക് ബീഡിപ്പുകയുടെ മണം അനുഭവപ്പെട്ടു. വാതിൽ കടന്ന ഉടനെ അതെവിടെനിന്നു വരുന്നുവെന്നും മനസ്സിലായി. വലതുകൈ പിന്നിലേയ്ക്കു പിടിച്ചിരുന്നെങ്കിലും മൂക്കിൽനിന്ന് പുറത്തേയ്ക്കു വരുന്ന പുക നിസ്സഹായയായി നോക്കി നില്ക്കാനേ ലിസിയ്ക്കു പറ്റിയുള്ളൂ.

‘ലിസിച്ചേച്ചി ആ ബീഡി നശിപ്പിക്കണ്ട, വലിച്ചോളു.’

‘ഇല്ല, അതു കഴിയാറായി…’ ഒരു ചമ്മലോടെ പറഞ്ഞുകൊണ്ട് അവർ ബീഡി അടുക്കളത്തിണ്ണമേൽ കുത്തിക്കെടുത്തി ചവറ്റുകൊട്ടയിലിട്ടു.

‘ആരും വരാറില്ലാ, അടുക്കളേല്ക്ക്…’ അവർ തുടർന്നു. ‘വേറെ ഒന്നും ചെയ്യാനില്ലല്ലൊ…’

‘സാരല്യ. ഞാൻ വന്നത് ഒരു കാര്യം ചോദിക്കാനാണ്.’

‘എന്തേയ്?’

‘നമുക്ക് രാവിലെ ഓരോ ദിവസം വെവ്വേറെ പലഹാരം ഉണ്ടാക്കിക്കൂടെ? എന്നും ഈ ഉപ്പുമാവ് തന്ന്യാവുമ്പോ കുട്ടികൾക്ക് മട്ക്കില്ല്യേ.’

‘എനിക്ക് വാങ്ങിത്തരണ സാധനം കൊണ്ടല്ലേ ണ്ടാക്കാൻ പറ്റൂ? അരീം ഉഴുന്നും വാങ്ങിത്തന്നാൽ ഇഡ്ഡ്‌ലീം ദോശീം ണ്ടാക്കാം. മാവരക്കാൻ ഇവ്‌ടെ ഗ്രൈന്ററ്ണ്ട്. അരിപ്പൊടീം കടലെം വാങ്ങിത്തന്നാൽ പിട്ടും കടലക്കൂട്ടാനുംണ്ടാക്കാം. ഇവ്‌ടെ ആകെ വാങ്ങണത് റവ്യാണ്. ഇതാ ഞാൻ പറഞ്ഞൂന്നൊന്നും മാനേജരോട് പറയല്ലെ? അന്നം മൊടക്കാൻ നീർക്കോലി മതി.’

‘അത്‌പോലെ രാത്രി ഭക്ഷണും കൊറച്ചുകൂടി നന്നാക്കാൻ പറ്റ്വോ?’

‘സാറെ ഇവ്‌ടെ ഇങ്ങന്യൊക്കേ നടക്കൂ. ഞാൻ വേണങ്കീ സാറിന് സ്‌പെഷലായിട്ട് എന്തെങ്കിലുംണ്ടാക്കിത്തരാം, മാനേജരറിയാതെ. മറ്റൊന്നും നടക്കുംന്ന് തോന്ന്ണില്ല്യ. സാറിന് മുമ്പ് ഇവിടെണ്ടായിര്ന്ന വാർഡൻ അങ്ങേര്ക്ക് മാത്രായിട്ട് മീനും, മൊട്ടേം എറച്ചീം വാങ്ങിക്കൊണ്ടരാറ്ണ്ട്, ആരും അറിയാതെ.’

‘അതു ശരിയല്ല.’ ഷിജോവിനത് വളരെ അരോചകമായി തോന്നി. ‘കുട്ടികളെന്തു കഴിക്കുണ്വോ അത് തന്നെ മതി എനിക്കും. അത് കൊറച്ചൂടെ നന്നാക്കാനെന്തു ചെയ്യണംന്നാ ഞാൻ ആലോചിക്കണത്.’

ലിസി കൈ മലർത്തി.

‘ഇപ്പൊ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ? ഞാൻ പുറത്ത് പോവ്വാണ്.’

‘എന്തെങ്കിലും വേണങ്കീ മാനേജരോടെ പറയാവൂന്നാ. വേറെ ആരോടും പറേര്ത്ന്ന് ചട്ടം കെട്ടീട്ട്ണ്ട്.’

‘ശരി…’

ഷിജോ പുറത്തു കടന്നു. മാനേജരോട് സംസാരിക്കണം. കാര്യമുണ്ടാവുമോ എന്നൊന്നും അറിയില്ല. മാനേജർ അന്നത്തെ ചൂടുള്ള വർത്തമാനത്തിൽ മുഴുകിയിരിക്കയാണ്. താൻ അകത്തു കടന്നതൊന്നും അറിഞ്ഞിട്ടില്ല. ഷിജോ മുരടനക്കിയപ്പോൾ മാനേജർ പത്രത്തിൽനിന്ന് തലയുയർത്തി നോക്കി. ഷിജോ വന്നതെല്ലാം താൻ അറിഞ്ഞിരിക്കുന്നുവെന്ന മട്ടിൽ ചോദിച്ചു.

‘എന്തേയ്?’

‘ഒന്നുംല്ല്യ, ഞാൻ ടൗണിലേയ്ക്ക് പോവ്വാണ്, എന്തെങ്കിലും വാങ്ങാന്‌ണ്ടെങ്കിൽ പറഞ്ഞാ മതി.’

‘ഏയ്, ഒന്നുംല്ല്യ. എല്ലാം ഞാൻ മൊത്തക്കച്ചവടക്കാര്‌ടെ അട്ത്ത്ന്ന് വാങ്ങിവെയ്ക്ക്യാണ്. ഇപ്പൊ തല്ക്കാലം ഒന്നും ആവശ്യല്ല്യ.’

‘പിന്നെ, നമ്ക്ക് രാവിലത്തെ ഭക്ഷണം കൊറച്ചുകൂടി നന്നാക്കിക്കൂടെ?’

‘എങ്ങനെ?’

‘ഓരോ ദിവസം ഓരോ ഐറ്റംണ്ടാക്കാലോ. ഒരീസം ഉപ്പുമാവാണെങ്കിൽ അടുത്ത ദിവസം പിട്ടും കടലീം, പിന്നെ ഒരു ദിവസം ഇഡ്ഡ്‌ലി, അങ്ങിനെ.’

‘മാഷെ, ഇതൊരു അനാഥാലയാണ്. നമ്മള് ഇപ്പ ചെയ്യണതോണ്ടന്നെ അവർക്ക് സന്തോഷാ. മാഷ് അവര്‌ടെ തലേല് അങ്ങിനത്തെ ഐഡ്യൊന്നും കേറ്റണ്ട. മാഷ്‌ക്ക് കഴിക്കാനെന്താ വേണ്ടത്ച്ചാ അത് സ്‌പെഷലായിണ്ടാക്കിത്തരാൻ ഞാൻ ലിസ്യോട് പറയാം.’

‘അത് വേണ്ട.’

ഷിജോ പുറത്തു കടന്നു. താൻ അങ്ങിനെ സമ്പന്നതയിൽ വളർന്ന ആളൊന്നുമല്ല. അപ്പനുണ്ടായിരുന്ന കാലം തൊട്ടെ വീട്ടിൽ പണത്തിന് വിഷമമുണ്ടായിരുന്നു. അപ്പൻ നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായി, പള്ളിക്കാർക്ക് വേണ്ടപ്പെട്ടവനായി. പക്ഷെ വീടു നോക്കുന്ന കാര്യത്തിൽ കുറച്ച് പിന്നോക്കമായിരുന്നു. വേണമെന്നു വച്ചിട്ടല്ല. ജനപ്രീതിയും ആൾക്കാരുടെ ബലഹീനതകളും മുതലെടുത്ത് പണമുണ്ടാക്കുന്ന കാര്യത്തിൽ വിമുഖനായിരുന്നു അദ്ദേഹം. ഫലം പലപ്പോഴും അടുക്കളയിൽ ഒഴിഞ്ഞ പാത്രങ്ങളും, ഉടുക്കാൻ തുന്നിക്കൂട്ടിയതോ ദാനം കിട്ടിയതോ ആയ പഴകിയ വസ്ത്രങ്ങളും മാത്രം.

വസ്ത്രങ്ങളുടെ കാര്യം ഓർത്തപ്പോഴാണ് മറ്റൊരു കാര്യം മനസ്സിൽ വന്നത്. കുട്ടികൾക്ക് നൈറ്റി വാങ്ങണം. പറഞ്ഞിട്ടു കാര്യമില്ല എന്നറിഞ്ഞിട്ടും അയാൾ തിരിച്ചു പോയി ചോദിച്ചു.

‘മറ്റൊരു കാര്യം.’

‘എന്തേയ്?’

‘നമ്മുടെ കുട്ടികൾക്ക് ഈരണ്ടു നൈറ്റി വാങ്ങണം. അവരിപ്പോൾ വെറും ഷിമ്മീസിട്ടാണ് ഒറങ്ങണത്. അത് ശരിയല്ല.’

‘അതൊന്നും കമ്മിറ്റി സമ്മതിക്കില്ല മാഷെ. അതുമിത്വൊന്നും ചിന്തിക്കാതെ മാഷ് മാഷടെ പണീം നോക്കിയിരിക്ക്യാ നല്ലത്. ചെറുപ്പല്ലെ, അങ്ങന്യൊക്കെ തോന്നും.’

മാനേജർ തിരിച്ച് പത്രത്തിലേയ്ക്ക് ഊളിയിട്ടു.

ഇനി? തിരിച്ച് സ്വന്തം മുറിയിൽ പോയി മേശക്ക് മുമ്പിലിട്ട കസേലയിലിരിക്കുമ്പോൾ ഷിജോ വല്ലാതെ ക്ഷോഭിച്ചിരുന്നു. ഒരു ചായ കുടിക്കണം. ലിസിയോട് പറഞ്ഞാൽ ഉണ്ടാക്കിത്തരും. ചിലപ്പോൾ അതു കുടിക്കേണ്ടിയിരുന്നില്ല എന്നു തോന്നാം. പിന്നെ നന്ദിതയ്ക്ക് പെൻസിൽ വാങ്ങണം. നന്ദിതയെ കാണുമ്പോൾ ഓർക്കുന്നത് ലിജിയുടെ ബാല്യമാണ്. അവളും നന്ദിതയെപ്പോലെ തലമുടി രണ്ടു ഭാഗത്തേയ്ക്കും പിന്നിയിടുകയാണ് ചെയ്യാറ്. അയാൾ പുറത്തിറങ്ങി.