എപ്പോഴും സ്തുതിയായിരിക്കട്ടെ 06
എപ്പോഴും സ്തുതിയായിരിക്കട്ടെ 06 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എപ്പോഴും സ്തുതിയായിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവലെറ്റ് |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 26 |
ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ ഒപ്പം വേണമെന്ന് ഷിജോ തീർച്ചയാക്കിയിരുന്നു. കുട്ടികൾക്കും അതിഷ്ടപ്പെടുമെന്ന് തോന്നി.
‘ഇനി എന്നും സാറ് ഞങ്ങടെ ഒപ്പം ഭക്ഷണം കഴിക്ക്യോ?’ രാവിലെ പ്രാതൽ കഴിക്കുമ്പോൾ ജിസി ചോദിച്ചു. അവളാണ് ഏറ്റവും മൂത്തവൾ.
‘നിങ്ങൾക്കൊക്കെ ഇഷ്ടാണോ സാറ് നിങ്ങടെ ഒപ്പം ഊണു കഴിക്കണത്?’
‘അതേ…’ ഒരു കോറസ്സായി അവർ പറഞ്ഞു.
‘അങ്ങന്യാണെങ്കിൽ ഞാനെന്നും നിങ്ങടെ ഒപ്പം ഭക്ഷണം കഴിക്കാം, ചായേം ഊണും ഒക്കെ മക്കള്‌ടെ ഒപ്പം ഇര്ന്നിട്ട്. പോരെ?’
ലിസി ചിരിക്കുകയാണ്. അവളിൽ പെട്ടെന്നു വന്ന വ്യത്യാസം കണ്ട് ഷിജോ അദ്ഭുതപ്പെട്ടു. ഇന്നും റവ ഉപ്പുമാവു തന്നെയാണ്, പക്ഷെ അതിൽ കൂടുതൽ ഉള്ളി വഴറ്റിയിരിക്കുന്നു. മാത്രമല്ല നല്ലവണ്ണം വേവുകയും ചെയ്തിരിക്കുന്നു. എല്ലാം തനിക്ക് ഈ വീട് നന്നാക്കിയെടുക്കാൻ പറ്റുമെന്നതിന്റെ ലക്ഷണങ്ങളാണ്. മാനേജർ പോയി എന്ന അറിവ് ലിസിയുടെ മനസ്സിൽ എന്തോ രാസപ്രക്രിയ നടത്തിയിരിക്കുന്നു. എന്തായാലും ആരും ഇന്ന് ഉപ്പുമാവ് ബാക്കിയിട്ടില്ലെന്നത് ഷിജോ പ്രത്യേകം ശ്രദ്ധിച്ചു.
ഇന്നുതന്നെയിരുന്ന് ഒരു മാസത്തെ ചിലവുകൾ എന്തൊക്കെയാണെന്നു നോക്കി ആകെ എന്തു വരുമെന്നതിന്റെ കണക്കുണ്ടാക്കി മാത്യു അച്ചനെ ഏല്പിക്കണം. മറ്റന്നാൾ രാവിലെയാണ് കമ്മിറ്റി മീറ്റിങ്ങ്. അതു പാസ്സാക്കി പണം കിട്ടിയിട്ടു വേണം താൻ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടത്താൻ. കുട്ടികൾ ഒന്നായി പുറപ്പെട്ടു പോയപ്പോൾ അയാൾ ഒരു പുസ്തകവും പെന്നുമായി അടുക്കളയിലേയ്ക്കു നടന്നു. ലിസിയോട് സംസാരിച്ചപ്പോൾ ഒരു മാസം എന്തൊക്കെ വേണ്ടിവരുമെന്നതിനെപ്പറ്റി ഒരു ഏകദേശരൂപം കിട്ടി. ഇനി അതുമായി മൊത്തപലചരക്കു കടയിൽ പോണം. എസ്റ്റിമേറ്റ് വാങ്ങിക്കാൻ. പള്ളിയുടെ വലതു വശത്തെ റോട്ടിൽ ഒരു ടെയ്‌ലറിങ് കടയുണ്ട്. ഒരു സ്ത്രീ നടത്തുന്നതാണ്. അവരെ കണ്ട് ഒന്ന് ആലയത്തിലേയ്ക്കു വരാൻ പറയണം. കുട്ടികളുടെ അളവെടുത്ത് അവർക്ക് വേണ്ട നൈറ്റി തുന്നിക്കണം. മറ്റു കാര്യങ്ങളെല്ലാം വഴിയെ ചെയ്യാം.
പുറത്തിറങ്ങാൻ വേണ്ടി വാതിൽ കടക്കുമ്പോഴാണ് മാനേജർ വരുന്നത് കണ്ടത്. ഷിജോ ചിരിച്ചു.
‘മാഷ് പുറത്തിറങ്ങ്വാണോ?’
‘അതെ, ഇവിടെ അട്ത്ത് വരെ ഒന്ന് പോണം.’
‘ഒരര മണിക്കൂർ ഇരിക്കാൻ പറ്റ്വോ?’
‘ആവാലോ.’
മാനേജർ പൗഷിൽനിന്ന് താക്കോൽക്കൂട്ടമെടുത്ത് വാതിൽ തുറന്നു.
‘വരൂ.’
മാനേജർ നേരെ പോയി മുറിയുടെ ജനൽ തുറന്നു, പിന്നെ എവിടെനിന്നാണെന്നറിയില്ല ഒരു മാന്ത്രികന്റെ കൈവിരുതോടെ ഒരു തുണിയെടുത്ത് കസേല തുടച്ചശേഷം ഇരുന്നു. കുറച്ചുനേരം എതിർവശത്തിരിക്കുന്ന ഷിജോയെ നോക്കിയ ശേഷം പറഞ്ഞു.
‘കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടാവും അല്ലെ?’
‘എന്തു കാര്യം സാർ?’
‘ഞാനേയ് റിട്ടയർ ചെയ്യാണ്. വയസ്സ് പത്തെഴുപതായി. വയ്യ, ഇനി ചെറുപ്പക്കാരാരെങ്കിലും നോക്കട്ടെ. പുത്യ ആള് വരണവരെ കാത്ത് നിൽക്ക്ണില്യ. അപ്പൊ മാഷ്‌ടെ അട്ത്ത് എല്ലാം ഏൽപ്പിച്ചാ മതീന്ന് മാത്യു അച്ചൻ പറഞ്ഞിട്ട്ണ്ട്. ഇന്നലെവരെള്ള കണക്ക് കാണിച്ചു തരാം. ഇവിടെ ഇപ്പൊള്ള സ്റ്റോക്ക് എടുത്ത് അതും കയ്യില്ള്ള കാശും മാഷെ ഏൽപ്പിക്കാം. അടുക്കളേല്‌യ്ക്ക് വാങ്ങിയതിന്റെ സ്റ്റോക്ക് എട്ക്കാൻ പറ്റുംന്ന് തോന്ന്ണില്ല്യ, ദിവസോം അതീന്ന് എട്ത്ത് ഉപയോഗ്ക്ക്യാണല്ലോ. പിന്നെ ലിസിയ്ക്ക് കണക്ക് വെക്കാനൊന്നും അറീല്യ.’
‘അപ്പൊ സാറെന്താണ് പെട്ടെന്ന് പോണത്?’
‘എന്നെങ്കിലും ഒരു ദിവസം എറങ്ങണ്ടെ. അതിന്നാവാംന്ന് വെച്ചു. അത്ര്യന്നെ.’
മാനേജർ താക്കോൽക്കൂട്ടമെടുത്ത് അലമാറികൾ തുറന്ന് അതിലുള്ള ഓരോ സാധനങ്ങളായി പുറത്തെടുത്ത് എണ്ണാൻ തുടങ്ങി.
‘ഇതൊക്കെ രജിസ്റ്ററില്ണ്ടാവില്യേ?’
‘ണ്ടാവും. അതും ശരിക്ക്ള്ള സ്റ്റോക്കും കൂടി ടാലി ചെയ്യ്ണ്‌ണ്ടോന്ന് നോക്കണ്ടെ? ഹാന്റോവറ് ചെയ്യണേന്റെ മുമ്പെ അത് നോക്ക്വാ നല്ലത്. അല്ലെങ്കിൽ ആ ഐറ്റം ഇല്ല ഈ ഐറ്റം ഇല്ല എന്നൊക്കെ പിന്നെ പറഞ്ഞാൽ വിഷമാവും.’
‘ശരി.’
വളരെ കുറച്ച് സാധനങ്ങളേ അലമാറിയിൽ ഉണ്ടായിരുന്നുള്ളു. ഈ മനുഷ്യൻ ഒരു പഠിച്ച കള്ളനാണ്. ഒരു പക്ഷെ വാർഡൻ പോയതോടുകൂടി ഇങ്ങിനെയൊരു പ്രതിസന്ധി പ്രതീക്ഷിച്ച് അതിനുള്ള തയ്യാറെടുപ്പും നേരത്തെ തുടങ്ങിയിട്ടുണ്ടാവണം. സാധനങ്ങളെല്ലാം അലമാറിയിൽ തിരിച്ചു വെയ്ക്കാൻ അയാൾ മാനേജരെ സഹായിച്ചു. തിരിച്ച് കസേലയിൽ വന്നിരുന്ന് രജിസ്റ്ററിന്റെ അടിയിൽ ‘എല്ലാം കിട്ടിബോധിച്ചു’ എന്നെഴുതി ഷിജോ പെന്ന് മേശപ്പുറത്തു വെച്ചു. മാനേജർ മേശവലിപ്പിൽ നിന്ന് ഒരു പഴയ ബിസ്‌ക്കറ്റ് പെട്ടിയെടുത്തു തുറന്ന് അതിലെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. അതും ഡേബുക്കുമായി ടാലി ചെയ്യുന്നത് ഷിജോവിന് കാണിച്ചുകൊടുത്തു.
‘ഇതാ ഇതിൽ ഏഴായിരത്തി ഒരുനൂറ്റി അറുപതു രൂപ അമ്പത് പൈസ ഉണ്ട്. ഇതും കിട്ടിയെന്ന് എഴുതി ഒപ്പിട്ടുതരൂ.’ പെട്ടി ഷിജോവിനെ ഏല്പിച്ച ശേഷം അയാൾ എഴുന്നേറ്റു.
‘ഇനി എനിക്കിവിടെ ഒന്നും ചെയ്യാനില്ല. ഞാൻ പോട്ടെ. എന്തെങ്കിലും സംശയണ്ടങ്കില് ഫോണില് വിളിച്ചാ മതി. ഇതാ താക്കോൽക്കൂട്ടവും ഏല്പിക്കുണു.’
കാലൻ കുടയും ഇടത്തെക്കയ്യിൽ പൗഷുമായി വളരെ സാവധാനത്തിൽ പടിയിറങ്ങിപ്പോകുന്ന മനുഷ്യനെ ഷിജോ നോക്കി നിന്നു. ഒരുപക്ഷെ തന്റെ അനുകമ്പയ്ക്കു വേണ്ടിയായിരിക്കണം അയാൾ നടത്തം ക്ഷീണിച്ചപോലാക്കിയത്. സാധാരണ അയാളുടെ നടത്തത്തിൽ യാതൊരു ക്ഷീണവും കാണാറില്ല.
‘അയാള് പോയി അല്ലെ?’ അടുക്കളയിൽനിന്ന് നടന്നുവന്ന ലിസി ചോദിച്ചു.
‘പോയി ചേച്ചി.’
‘നന്നായി, വല്ലാത്തൊരു മനുഷ്യൻ.’
‘എന്താ ചേച്ചീ?’
‘ഒന്നുല്യ.’
അവർ എന്തോ മറച്ചുവെയ്ക്കുന്നുണ്ടെന്ന് ഷിജോവിനു തോന്നി. തോന്നലായിരിക്കാം. വഴിയെ മനസ്സിലാകും.
‘ഞാനൊന്ന് മാർക്കറ്റിൽ പോയി വരാം. മാസം എന്തു ചെലവു വരും എന്നത് കണക്കാക്കാൻ ഒരെസ്റ്റിമേറ്റ് വാങ്ങണം. എന്തെങ്കിലും അത്യാവശ്യം വാങ്ങേണ്ടതുണ്ടോ?’
‘അങ്ങിനെയൊന്നും ഇല്ല്യ. ശരിക്കു പറഞ്ഞാൽ എല്ലാം വാങ്ങേണ്ടതുതന്നെ.’
‘മറ്റന്നാളത്തെ കഴിയട്ടെ. മറ്റന്നാളാണ് കമ്മിറ്റി മീറ്റിങ്ങ്. അതു കഴിഞ്ഞാൽ അവർ പണം സാങ്ഷനാക്കും. ഇപ്പൊ തിരിച്ചു വരുമ്പോൾ കുറച്ചു ചിക്കൻ വാങ്ങിക്കൊണ്ടുവരാം. കുട്ടികൾക്ക് ഒരു സദ്യയാവട്ടെ.’
‘ചിക്കനോ?’ ലിസിയുടെ കണ്ണുകൾ വികസിച്ചു. അവളും ചിക്കനോ ഇറച്ചിയോ മീനോ കഴിച്ചിട്ട് വർഷങ്ങളായിക്കാണും.
‘ങാ, അതോ ബീഫാണോ വേണ്ടത്?’
‘ചിക്കൻ മതി. മറ്റേത് എല്ലാ കുട്ടികൾക്കും ഇഷ്ടായീന്ന് വരില്ല. കോതമ്പ് മാവ് ഇരിക്ക്ണ്ണ്ട്. അതോണ്ട് ചപ്പാത്തീംണ്ടാക്കാം.’
ഗെയ്റ്റ് കടക്കുമ്പോൾ ഷിജോവിന്റെ മനസ്സിലുണ്ടായിരുന്ന ചിത്രം പതിനാറു പെൺകുട്ടികൾ മേശക്കു ചുറ്റുമിരുന്ന് ചിരിച്ചു കളിച്ചുകൊണ്ട് ചിക്കൻ കറി കൂട്ടി ചപ്പാത്തി തിന്നുന്നതാണ്.
വളരെ കുട്ടിക്കാലത്താണ്. ഒരിക്കൽ അപ്പൻ എന്തോ ചെറിയ സഹായം ചെയ്തു കൊടുത്ത ഒരാൾ രാവിലെ ഒരു വലിയ ചിക്കൻ കൊണ്ടുവന്നു. തനിക്കും അനിയത്തിയ്ക്കും വളരെ സന്തോഷമായി. ഭക്ഷണത്തിൽ ചിക്കൻ എന്നൊരു വിഭവം കണ്ടിട്ട് കാലം കുറേയായി. തങ്ങൾ അതിനു ചുറ്റിപ്പറ്റി നിന്നു. അപ്പൻ പുറത്തുവന്നു കാര്യം ഇതാണെന്നു മനസ്സിലായപ്പോൾ വല്ലാതെ ക്ഷോഭിച്ചു.
‘ഞാൻ തനിക്ക് ചെയ്തു തരേണ്ട ഒരു കാര്യം മാത്രേ ചെയ്തിട്ടുള്ളു. അതിനാണോ താൻ ഇങ്ങനെ ഒരു കൈക്കൂലി കൊണ്ടുവന്നു തന്നത്?’
‘അയ്യോ കൈക്കൂലിയോ. എനിക്കു സന്തോഷായപ്പൊ കൊണ്ടുവന്നതാ സാർ. അങ്ങിന്യൊന്നും വിചാരിക്കരുത്.’
എന്തു പറഞ്ഞാലും അപ്പൻ സമ്മതിക്കില്ല. അവസാനം അയാൾക്കതു തിരിച്ചു കൊണ്ടു പോകേണ്ടി വന്നു. അപ്പൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വാടിയ രണ്ടു കൊച്ചു മുഖങ്ങളാണ്. അപ്പൻ വല്ലാതായി. കുറച്ചു നേരം നോക്കി നിന്ന ശേഷം തന്നെ അടുത്തു വിളിച്ചു ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
‘മോനെ, അപ്പന്റെ കയ്യിൽ കാശു വരുമ്പൊ വാങ്ങിക്കൊണ്ടുവരാം. ഇങ്ങിനത്തെ കാശും സാധനങ്ങളും നമുക്ക് വേണ്ട.’
അഞ്ചെട്ടു ദിവസങ്ങൾക്കുള്ളിൽ അപ്പൻ പ്രതിജ്ഞ നിറവേറ്റി. പക്ഷെ ഒരാഴ്ച മുമ്പുണ്ടായ ഇഛാഭംഗം കടുത്തതായിരുന്നു. കിട്ടുമെന്ന് പ്രതീക്ഷിച്ച ഇഷ്ടപ്പെട്ട ഒരു സാധനം കൺമുമ്പിൽവച്ച് തട്ടിമാറ്റുകയായിരുന്നു. ഒരുപക്ഷെ അച്ഛന്റെ ധാർമ്മികത തന്നിലേയ്ക്കു പകർന്നുകിട്ടാൻ ആ ഒരു സംഭവം കാരണമായിട്ടുണ്ടാകണം.