എപ്പോഴും സ്തുതിയായിരിക്കട്ടെ 09
എപ്പോഴും സ്തുതിയായിരിക്കട്ടെ 09 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എപ്പോഴും സ്തുതിയായിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവലെറ്റ് |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 26 |
‘ജിസിയ്ക്ക് എങ്ങനെണ്ട് ലിസിച്ചേച്ചീ?’ പച്ചക്കറികളുള്ള സഞ്ചികൾ ഏല്പിക്കുമ്പോൾ ഷിജോ ചോദിച്ചു.
‘ഇപ്പം കൊഴപ്പൊന്നും കാണ്ണില്യ. അവ്‌ട്യൊക്കെ എണീറ്റ് നടക്ക്ണ്ണ്ട്.’
‘ന്നാലും ഒരു കണ്ണ്ണ്ടാവ്വാ നല്ലത് ചേച്ചി. പിന്നെ, നമ്മള്ണ്ടാക്കീട്ട്ള്ള എസ്റ്റിമേറ്റ് സാങ്ഷനാക്കിത്തരാംന്ന് മാത്യു അച്ചൻ പറഞ്ഞിട്ട്ണ്ട്. എന്തൊക്ക്യാണ് വാങ്ങണ്ടത്ന്ന് ഒരു ലിസ്റ്റ്ണ്ടാക്കണം. നാളെ വാങ്ങിക്കൊണ്ടരാം. നാള്യല്ല, മറ്റന്നാള്, തിങ്കളാഴ്ച. പിന്നെ വേറൊരു കാര്യം. ജിസീടെ മൂത്രം ടെസ്റ്റ് ചെയ്യാൻ കൊടുക്കാൻ പറഞ്ഞിട്ട്ണ്ട്. നമ്മളൊന്നും ചെയ്യണ്ട. കുപ്പീലാക്കീട്ട് ഓഫീസില് സിസ്റ്റർ തെരേസടെ കയ്യില് കൊടുത്താ മതീന്ന് പറഞ്ഞിട്ട്ണ്ട്. അവര് ചെയ്‌തോളും. ഒരു ചെറ്യ കുപ്പി വേണം, ഇവ്‌ടെണ്ടാവ്വോ?’
‘മൂത്രം പരിശോധിച്ചാ മനസ്സിലാവ്വോ?’
‘ങും. കുപ്പിണ്ടോ?’
‘ണ്ടാവും, കഴ്കി എട്ക്കണം. ഞാൻ കഴുകിത്തരാം.’
‘ചേച്ചി വാങ്ങിവെച്ചാ മതി. ഇപ്പൊത്തന്നെ പറ്റില്ലേ?’
‘ചെയ്യാലോ.’
അയാൾ കുട്ടികളുടെ മുറിയിലേയ്ക്കു നടന്നു. ജിസിയും ആനിയും ഓരോ ടെക്സ്റ്റ് ബുക്കും തുറന്നുവെച്ച് സംസാരിക്കുകയായിരുന്നു. എന്തോ കാര്യമായ വിഷയമായതുകൊണ്ട് ഷിജോ മുറിയുടെ വാതിൽക്കൽ നിൽക്കുന്നതവർ കണ്ടില്ല. പെട്ടെന്ന് ആനി ചാടി എഴുന്നേറ്റു.
‘സാർ!’
‘എങ്ങിനെണ്ട് ജിസിയ്ക്ക്? ജിസി അവിടെത്തന്നെ ഇരുന്നോളു, എഴുന്നേൽക്കണ്ട.’
അവൾ പക്ഷെ ഇരുന്നില്ല.
‘ഇപ്പൊ ഭേദായി സാർ.’
‘ഗുഡ്.’ ഷിജോ വരാന്തയിലേയ്ക്കു കടക്കുമ്പോഴാണ് ലിസിച്ചേച്ചി കുപ്പിയുമായി വരുന്നത്. താൻ അതിനെപ്പറ്റി ജിസിയോട് ഒന്നും പറഞ്ഞില്ലെന്നയാൾ ഓർത്തു. സാരമില്ല. ചില കാര്യങ്ങൾ ലിസിച്ചേച്ചിയ്ക്ക് വിട്ടുകൊടുക്കുകയാണ് നല്ലത്.
സാംപ്ൾ അടങ്ങിയ കുപ്പി കടലാസ്സിൽ പൊതിഞ്ഞ് കമ്മിറ്റി ഓഫീസിലേയ്ക്ക് നടക്കുമ്പോൾ കുട്ടികൾ സ്‌കൂൾ വിട്ടു വരികയായിരുന്നു. കുട്ടികളെല്ലാരുംകൂടി ഒന്നിച്ചാർത്തു വിളിച്ചു.
‘ഷിജോ സാർ…’
ആദ്യമായിട്ടായിരിക്കണം വാർഡനെക്കാണുമ്പോൾ അവർ ആർത്തുവിളിക്കുന്നത്. ഡൈനിങ്‌റൂമിൽ അവർക്ക് വേണ്ടി ചായയും എന്തെങ്കിലും പലഹാരവും കാത്തുകിടപ്പുണ്ടാവും. ചായ എന്നും പതിവുള്ളതാണ്. കുട്ടികൾ വൈകുന്നേരം സ്‌കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലും പലഹാരം ഉണ്ടാക്കിക്കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
കീശയിൽ വെച്ച ഫോൺ ശബ്ദമുണ്ടാക്കി. വീട്ടിൽ നിന്നാണ്. എന്താണ് വിളിക്കുക കൂടി ചെയ്യാത്തത് എന്ന പരാതി.
‘അമ്മേ ഞാൻ വളരെ തിരക്കിലാണ്. ഓടിച്ചാടി നടക്ക്വാണ്. ഇവിടത്തെ മാനേജരെ പറഞ്ഞുവിട്ടു. ഇപ്പൊ അങ്ങേര്‌ടെ ജോലീം ചെയ്യണം. ഞാൻ നാളെ വൈകീട്ട് വരാം. പോരെ…’
‘അതൊക്കെ നേരിട്ട് കാണുമ്പോ പറയാം. ലിജി എന്തു പറയുണു?…ശരി, ശരി.’
ഭാഗ്യത്തിന് സിസ്റ്റർ തെരേസ ഓഫീസിൽ ഒറ്റയ്ക്കായിരുന്നു. കുപ്പി കൊടുത്തപ്പോൾ അവർ പറഞ്ഞു. ‘ബാബുച്ചേട്ടൻ ഇപ്പൊ വരാംന്ന് പറഞ്ഞിട്ട്ണ്ട് ഇത് കൊണ്ടോവാൻ. അയാള് ഷിജോവിനെ കാണണ്ട. ആള് കൊറച്ച് ചെകഞ്ഞ് നോക്കണ ടൈപ്പാണ്. സ്വകാര്യൊക്കെ മനസ്സിൽ വെയ്ക്കും, പക്ഷെ അയാള് എന്തിനാണ് അറീണത്?’
‘ഇതിന്റെ റിസൾട്ട് എപ്പഴാണ് കിട്ട്വാ?’
‘വേഗം കിട്ടുംന്നാ തോന്നണത്. കിട്ട്യാൽ ഫോൺ ചെയ്ത് പറഞ്ഞാപ്പോരെ?’
‘ശരി.’
തിരിച്ച് സ്ഥാപനത്തിലേയ്ക്ക് നടക്കുമ്പോൾ അയാൾ ആലോചിച്ചു. ഇതൊരു വെറും ഉറപ്പാക്കൽ മാത്രാണ്. ഇനി? അയാളുടെ മുമ്പിൽ ആ പതിനഞ്ചുകാരിയുടെ ഭാവി മാത്രമായിരുന്നു അപ്പോൾ. മാത്യു അച്ചൻ എന്താണ് പറയുക എന്നറിയില്ല. കളയാൻ അദ്ദേഹം സമ്മതിക്കുമോ എന്നും അറിയില്ല. നമ്മുടെ മതം അതിനൊക്കെ എതിരാണ് എന്നൊക്കെ പറയുമോ ആവോ? പിന്നെ പതിനഞ്ചു വയസ്സ് പ്രായം മാത്രം. ഈ പ്രായത്തിൽ ഒരമ്മയാവുന്നതിന്റെ റിസ്‌ക് എന്തായിരിക്കും. പോട്ടെ അതൊക്കെ കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ആ കുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസികസമ്മർദ്ദവും നാണക്കേടും. ഒക്കെക്കഴിഞ്ഞ് ഈ കുറ്റകൃത്യം ചെയ്ത, ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ച ആൾക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. ഈ ലോകത്തിന് എന്തോ തകരാറുണ്ട്. ഒന്നുകിൽ തനിയ്ക്ക് ഇതിൽ നിന്നൊക്കെ ഒഴിവായിപ്പോകാം. അല്ലെങ്കിൽ ഇതിനൊക്കെ എതിരായി പൊരുതാം. ഒഴിവായിപ്പോകുന്നത് ഭീരുത്വമാണ്.
മുറിയിലെത്തിയ ഉടനെ ആനി വന്നു.
‘സാർ, ഒരു കാര്യം പറയാന്ണ്ടായിരുന്നു.’
‘പറേ മോളെ.’
‘എനിക്ക് ജിസിടെ കാര്യത്തില് പേട്യായിരിക്കുണു.’
‘എന്തേ?’
‘അവളിന്ന് പറയ്യാണ്…’ ഭയത്തോടെ പിന്നിലേയ്ക്കു നോക്കിക്കൊണ്ട് അവൾ തുടർന്നു. ‘നിനക്കെന്റെ ഒപ്പം ചാവാൻ പറ്റ്വോന്ന്. അവൾക്ക് ഒറ്റയ്ക്ക് ചാവാൻ വയ്യ, അപ്പൊ രണ്ടുപേരും കൂടി മരിക്കാംന്ന്.’
‘നീ എന്തു പറഞ്ഞു?’
‘എനിക്ക് പറ്റില്ലാന്ന്. അവളും ചാവണ്ട, സാറ് എന്തെങ്കിലും വഴി കണ്ടുപിടിക്ക്ണ്ണ്ടാവുംന്ന് പറഞ്ഞു.’
‘ഞാൻ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്ക്യാണ്. ആത്മഹത്യ ഒരു പരിഹാരല്ല, പ്രശ്‌നങ്ങള് പരിഹരിക്ക്യാണ് വേണ്ടത്. നിങ്ങളിത് മറ്റു കുട്ടികളോടൊന്നും പറഞ്ഞിട്ടില്ലല്ലൊ?’
‘ഇല്ല സാർ.’
‘ഇപ്പൊ ഞാനും ലിസിച്ചേച്ചീം മാത്യു അച്ചനും മാത്രെ അറിഞ്ഞിട്ടുള്ളു. എന്തെങ്കിലും ചെയ്യാമെന്നു പറയു. പിന്നെ, അവളെ ഒന്ന് ശ്രദ്ധിക്കണം, ഒറ്റയ്ക്ക് എങ്ങട്ടും വിടര്ത്.’
‘ശരി സാർ, ഞാൻ പോട്ടെ. ജിസി ബാത്ത്‌റൂമില് പോയ തക്കം നോക്കി വന്നതാ ഞാൻ.’
രാത്രി എട്ടു മണിയോടെ സിസ്റ്റർ തെരേസ വിളിച്ചു. പരിശോധനാഫലം പോസിറ്റീവാണ്.
‘മാത്യു അച്ചൻ ഇപ്പൊ ഫ്രീയാണോ?’ ഷിജോ ചോദിച്ചു.
‘പള്ളിമേടയില്ണ്ട്. ഒന്ന് ഫോൺ ചെയ്തിട്ട് പോയാൽ മതി.’
ഫോൺ ചെയ്തു.
‘തന്നെ വിളിക്കാൻ നിക്ക്വായിരുന്നു ഞാൻ, റിസൾട്ട് അറിഞ്ഞില്ലെ? ഇവിടെ വരു, സംസാരിക്കാം.’
ഷിജോ അടുക്കളയിൽ പോയി.
‘ലിസിച്ചേച്ചി, ഞാൻ മാത്യു അച്ചനെ കാണാൻ പോവ്വാണ്. കുട്ടികൾക്ക് ഭക്ഷണം ആയാൽ അവർ കഴിച്ചോട്ടെ. എന്നെ കാത്ത്‌നിൽക്കണ്ട. പിന്നെ ജിസീടെ കാര്യം. റിസൾട്ട് കിട്ടി, നമ്മള് ഭയന്നത് തന്ന്യാണ്. അവളെ ഒന്ന് നല്ലോണം ശ്രദ്ധിക്കണം. ആനി ഇപ്പൊ പറയ്യാണ് അവളോടും ജിസീടെ ഒപ്പം മരിക്കാൻ പറ്റ്വോന്ന് ചോദിച്ചൂന്ന്. കുഴപ്പൊന്നുംണ്ടാക്കാതെ നോക്കണേ.’
മാത്യു അച്ചൻ മുമ്പിലുള്ള കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി എന്തോ ബ്രൗസ് ചെയ്യുകയായിരുന്നു. ഷിജോവിനോട് ഇരിക്കാൻ ആംഗ്യം കാണിച്ച് അദ്ദേഹം മോണിറ്ററിലേയ്ക്ക് തിരിഞ്ഞു. ഒരഞ്ചു മിനുറ്റിന്റെ വിടവിനു ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി.
‘ഷിജോ, നമ്മടെ മുമ്പില് രണ്ട് വഴികളാണ്ള്ളത്. ആദ്യത്തേത് പോലീസിലറിയിക്കലാണ്. രണ്ടാമത്തേത്, എനിക്ക് ഒരു പുരോഹിതൻ എന്ന നിലയിൽ പറയാൻ വിഷമണ്ട് അതായത് ഒരു പുതിയ ജീവൻ അവസാനിപ്പിച്ച് ആ പെൺകുട്ടിയെ രക്ഷിക്ക്യാന്ന്ള്ളതാണ്. കർത്താവിന് നിരക്കാത്ത ഒരു കാര്യം ചെയ്ത മനുഷ്യനെ ഇനി ഒരിക്കലും പാപം ചെയ്യാനാവാത്ത വിധം ഒരു നിലയിലാക്കും ചെയ്യാ. ഇതിൽ ആദ്യത്തേതാണ് നമുക്ക് സേയ്ഫായിട്ടുള്ളത്. പോലീസ് കാര്യങ്ങൾ നടത്തിക്കൊള്ളും.’
‘അതു വേണ്ട അച്ചോ. അതാ കുട്ടിയ്ക്ക് വെഷമാവും.’
‘അതാണ് ഞാൻ പറയാൻ പോണത്. അവർ ആ കുട്ടിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും പോലീസ് സ്റ്റേഷനിലേയ്ക്കും ഇടുക്കിയിലേയ്ക്കും കോടതിയിലേയ്ക്കും കൊണ്ടോവും. മാധ്യമങ്ങളൊക്കെ അങ്ങിനെയൊരു കാര്യം കിട്ടാൻ കാത്ത്‌നിൽക്കാണ്. അവരിതിന്റെ പിന്നാലെയായിരിക്കും. പിന്നെ കൊറേ ദിവസം ഈ കുട്ട്യായിരിക്കും സ്‌ക്രീനിലും പത്രങ്ങള്‌ടെ പേജ്കളിലും നെറഞ്ഞ് നില്ക്വാ. അതോടെ ആ കുട്ടീടെ ജീവിതം നശിച്ചു. കുറ്റവാളി വല്ല രാഷ്ട്രീയ സ്വാധീനത്തിൽ രക്ഷപ്പെട്ടൂന്നും വരും.’
‘ശര്യാണ്. നമുക്ക് വേണ്ടത് ആ കുട്ട്യേ എങ്ങിനേങ്കിലും രക്ഷിക്കലാണ്.’
‘നാളെത്തന്നെ തെരേസ്യോട് അവ്‌ടെ വന്നിട്ട് ആ കുട്ടീനെ കൂട്ടി നഴ്‌സിങ്‌ഹോമിലേയ്ക്ക് കൊണ്ടുപോവാൻ പറയാം. അതിനെടയ്ക്ക് ലിസ്യോട് അവളെ പറഞ്ഞ് മനസ്സിലാക്കാൻ പറയണം, അവളടെ സമ്മതം വേണ്ടിവരും. പ്രായപൂർത്തിയാവാത്തതോണ്ട് രക്ഷാകർത്താവിന്റെ സമ്മതം മത്യായിരിക്കും.’
‘ശരി, അച്ചോ.’
‘ഷിജോ പരിഭ്രമിക്ക്യൊന്നും വേണ്ട. എല്ലാം തെരേസ ചെയ്‌തോളും. പിന്നെ അവൾക്ക് രാവിലെ കാര്യായിട്ട് ഭക്ഷണൊന്നും കൊടുക്കണ്ട. ഓപ്പറേഷൻന്നൊന്നും പറയാനില്യ, വെറും ഒരു ഡി. ഏന്റ് സി യാണ്. ടെസ്റ്റ് റിസൾട്ട് അറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഞാൻ നെറ്റിലിരിക്കാൻ. എന്താണ് പ്രതിവിധി എന്ന് അറിയാൻ വേണ്ടി. പിന്നെ പഴയ വാർഡന്റെ കാര്യത്തിലും വേണ്ടത് ചെയ്യ്ണ്ണ്ട്. വേറെ ആളെ ചാർജ്ജെട്ക്കാൻ പറഞ്ഞയച്ചിട്ട്ണ്ട്. നാളെ പുതിയ ആള് പോയി ചാർജ്ജെടുക്കും. പിന്നെ പഴയ വാർഡൻ കാരണം ഒരു കുട്ടീം നശിക്കില്ല.’
‘നന്ദി, അച്ചോ.’
‘നന്ദി എനിക്കല്ല ഷിജോ, കർത്താവിന് പറേ. കർത്താവല്ലെ വഴി കാണിച്ചു തന്നത്?’ തലയ്ക്കു മുകളിൽ ചുമരിൽ തൂങ്ങുന്ന ചിത്രത്തിലേയ്ക്ക് ചൂണ്ടിക്കൊണ്ട് മാത്യു അച്ചൻ പറഞ്ഞു. ഡാവിഞ്ചിയുടെ ‘അവസാന അത്താഴം’ എന്ന ചിത്രത്തിൽ യേശുവിന്റെ ഇടത്തുവശത്തിരിക്കുന്ന ശിഷ്യൻ മുകളിലേയ്ക്കു ചൂണ്ടിക്കാട്ടുന്നതുപോലെ തോന്നി ഷിജോവിന്. ‘പിന്നെ, വേറൊരു കാര്യം ഇതൊന്നും ആരും അറിയണ്ട, പ്രത്യേകിച്ച് ഒപ്പംള്ള കുട്ട്യോള്. ജിസിടെ ഭാവിയ്ക്ക് അത് ദോഷം ചെയ്യും.’
‘ശരി, അച്ചോ.’
ഒരു പുരോഹിതന് നൽകാവുന്നത്ര സാന്ത്വനം മാത്യു അച്ചൻ തന്നിരിക്കുന്നു. തിരിച്ചു നടക്കുമ്പോൾ ഷിജോവിന്റെ മനസ്സ് ശാന്തമായിരുന്നു. കാര്യങ്ങളൊന്നും വിചാരിക്കുന്നത്ര പ്രശ്‌നങ്ങളുള്ളതല്ലെന്നും ഏതാനും ദിവസത്തിനുള്ളിൽ കലങ്ങിത്തെളിയാവുന്നതു മാത്രമാണെന്നും മനസ്സിലായി. നാളെ എന്തായാലും അമ്മയെ കാണണം. അമ്മയെ ഓർത്തപ്പോഴാണ് ലിജിയ്ക്ക് മിട്ടായി വാങ്ങിക്കൊടുക്കാറുള്ളത് ഓർമ്മ വന്നത്. ഇന്ന് കുട്ടികൾക്ക് ഓരോ മിട്ടായി വാങ്ങാം. അയാൾ കടയിൽ കയറി.
ഗെയ്റ്റിലെത്തിയപ്പോഴാണ് അവിടെ ആകെ ഭൂകമ്പമായി എന്നു കണ്ടത്. ആനി കരഞ്ഞുകൊണ്ട് ഓടിവന്നു.
‘സാർ ജിസ്യെ കാണാല്യ.
‘കാണാൻല്യെ? എന്തായീ പറേണത്?’