എപ്പോഴും സ്തുതിയായിരിക്കട്ടെ 07
എപ്പോഴും സ്തുതിയായിരിക്കട്ടെ 07 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എപ്പോഴും സ്തുതിയായിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവലെറ്റ് |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 26 |
കുട്ടികൾ കുറച്ചൊരാർത്തിയോടെത്തന്നെ ചിക്കനും ചപ്പാത്തിയും കഴിക്കുന്നത് ലിസി നോക്കിനിന്നു. ഷിജോവും അതുതന്നെയായിരുന്നു നോക്കിയിരുന്നത്. അതിനിടയ്ക്ക് സ്വന്തം ഭക്ഷണം കഴിക്കാനയാൾ മറന്നു.
‘ഇന്നെന്താ സാറിന്റെ ബർത്ത്‌ഡേയാണോ?’ എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന രേവതി ചോദിച്ചു.
ഷിജോ തലയാട്ടി. ‘ഇന്നു മാത്രല്ല. ഇനിതൊട്ട് എന്നും എന്റെ ബർത്ത്‌ഡേയാണ്.’
ആ എട്ടു വയസ്സുകാരിയുടെ മുഖത്ത് അദ്ഭുതം, സംശയം.
‘അതെങ്ങനാ എന്നും പിറന്നാള്ണ്ടാവണ്?’
‘നിങ്ങളൊക്കെ ഒപ്പള്ളപ്പോൾ എങ്ങിന്യാ എന്നും പിറന്നാളാവാതിരിക്കണത്?’
‘ഈ ജിസി ഒന്നും കഴിക്ക്ണില്ല്യല്ലോ?’ മേശയുടെ അങ്ങേത്തലയ്ക്കൽ ഇരിക്കുന്ന ജിസിയുടെ പിന്നിൽ നിന്നുകൊണ്ട് ലിസിച്ചേച്ചി പറഞ്ഞു. ഷിജോ നോക്കിയപ്പോൾ വിളമ്പിയതൊക്കെ അവളുടെ പ്ലെയ്റ്റിൽ അങ്ങിനെത്തന്നെ കിടക്കുന്നു.
‘എന്തു പറ്റി മോളെ?’
അവൾ ഒന്നുമില്ലെന്ന് ചുമൽ കുലുക്കിക്കാട്ടി, പിന്നെ എഴുന്നേറ്റ് വാഷ് ബേസിനിൽ പോയി കൈകഴുകി പുറത്തേയ്ക്കു പോയി. പിന്നാലെ ആനിയും പോകാനൊരുങ്ങി.
‘ജിസിയ്ക്ക് എന്തു പറ്റീ, ആനീ?’ ഷിജോ ചോദിച്ചു.
‘വയറുവേദനണ്ട്ന്ന് പറഞ്ഞിരുന്നു സാർ.’ അവളും പുറത്തേയ്ക്കു പോയി. മറ്റുള്ള കുട്ടികൾ ഭക്ഷണം തുടർന്നു.
ഷിജോ അസ്വസ്ഥനായി. തന്റെ പ്രശ്‌നങ്ങൾ തുടങ്ങാൻ പോകുന്നേയുള്ളു എന്ന ഉള്ളറിവ് അയാളെ ഭയപ്പെടുത്തി. അയാൾ ലിസിച്ചേച്ചിയെ നോക്കി. അവരും ആലോചനയിലായിരുന്നു. അയാൾ പറഞ്ഞു.
‘ലിസിച്ചേച്ചി ഒന്ന് പോയി നോക്കു. വരണവരെ ഞങ്ങള് സ്വന്തം എട്ത്ത് കഴിച്ചോളാം.’
അവർ പോയി. പഴയ വാർഡനെപ്പറ്റി അവർക്ക് എത്രത്തോളം അറിയുന്നുണ്ടാവുമെന്ന് ഷിജോ ആലോചിച്ചു. രാത്രി എട്ടര മണിയോടെ ഭക്ഷണം കഴിഞ്ഞാൽ പുറത്തേയ്ക്കുള്ള വാതിൽ അടച്ച് കുറ്റിയിടുകയാണ് പതിവ്. പിന്നെ ലിസിയ്ക്ക് ഈ പ്രദേശവുമായി യാതൊരു ബന്ധവുമില്ല. വാതിൽ തുറക്കുന്നത് രാവിലെ ആറു മണിയ്ക്കാണ്. അതുവരെ ഇവിടെ എന്തു നടക്കുന്നു എന്നതിനെപ്പറ്റി അവർ അജ്ഞയായിരിക്കും.
ഉച്ച ഭക്ഷണം ഗംഭീരമായി. ലിസിച്ചേച്ചി നല്ലൊരു പാചക വിദഗ്ദയാണെന്ന് മനസ്സിലായി. അവരുടെ പാചക വൈദഗ്ദ്യം പുറത്തു കാണിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല. അതുപോലെത്തന്നെ അവരിൽ ഒളിഞ്ഞു കിടക്കുന്ന മറ്റനേകം കഴിവുകൾ പുറത്തു കൊണ്ടുവരണം. അടുക്കളയെന്ന മടയിൽ ഒളിച്ചിരിക്കുന്ന അവരുടെ വ്യക്തിത്വം പുറത്തേയ്‌ക്കെടുക്കണം.
അയാൾ കൈകഴുകി പുറത്തേയ്ക്കിറങ്ങി. കുട്ടികളുടെ മുറിയിൽ ജിസി കിടക്കുകയായിരുന്നു, ലിസിച്ചേച്ചി അടുത്തിരുന്ന് അവളുടെ പുറം തലോടുകയും. ഒരമ്മ ചെയ്യുന്നപോലെ തോന്നി ഷിജോവിന്. ലിസിച്ചേച്ചി പെട്ടെന്നെഴുന്നേറ്റു.
‘ചേച്ചി അവിടെ ഇരിക്കു. തലോടുമ്പോൾ അവൾക്ക് സുഖമുണ്ടെന്നു തോന്നുണു. ലിസി വീണ്ടും ഇരുന്നു.
‘വയ്യെങ്കിൽ ഇന്നിനി ക്ലാസ്സിൽ പോണ്ട.’ ഷിജോ പറഞ്ഞു. ജിസി അയാളെ നോക്കി. അവളുടെകണ്ണു നിറഞ്ഞൊഴുകി. ‘ആനിയ്ക്ക് ക്ലാസ്സ് കട്ട് ചെയ്യാൻ വല്യ വെഷമല്ല്യെങ്കില് അവളും നിൽക്കട്ടെ.’
എന്തുകൊണ്ടോ ജിസിയെ ഒറ്റയ്ക്കാക്കി പുറത്തു പോകാൻ ഷിജോ ഭയപ്പെട്ടു.
‘വല്ല മരുന്നും വേണോ മോളെ?’ അയാൾ ചോദിച്ചു. വേണ്ടെന്ന് അവൾ തലയാട്ടി.
കുട്ടികൾ ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തിയിരുന്നു. അവർ പുസ്തകസഞ്ചിയുമെടുത്ത് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.
‘എന്താ ജിസിച്ചേച്ചിക്ക് വയ്യായ സാർ?’ നന്ദിത ചോദിച്ചു.
‘വയറ് വേദന്യാണ് മോളെ. മോള് പൊയ്‌ക്കോളു.’
കുട്ടികൾ പോയശേഷം ഷിജോ ഓഫീസ് മുറിയിൽ പോയി കസേലയിൽ ഇരുന്നു. എന്താണിതിന്റെയൊക്കെ അർത്ഥം? എവിടെനിന്നാണ് തുടങ്ങേണ്ടതെന്നറിയാതെ ഷിജോ പകച്ചു നിന്നു. പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്. പഴയ വാർഡനെപ്പോലുള്ള ഒരു ചെന്നായയെ നിരാലംബരായ ഈ പെൺകുട്ടികളുടെ ഒപ്പം ഇത്രകാലം എന്തിന് വിട്ടു? ജിസിയോ ആനിയോ മറ്റ് പെൺകുട്ടികളോ ഇതിനിടയ്ക്ക് എന്നെങ്കിലും കുമ്പസാരിച്ചിട്ടുണ്ടാവില്ലെ? അപ്പോൾ മാത്യു അച്ചൻ ഇതിനകം കാര്യമെല്ലാം അറിഞ്ഞുകാണും. അങ്ങിനെയല്ലാതെ അദ്ദേഹം ഇതൊന്നും അറിയാൻ വഴിയില്ല. അച്ഛനും അമ്മയും ബന്ധുക്കളുമൊന്നുമില്ലാത്ത ശരിയ്ക്കും അനാഥയാണ് ജിസി. ആരും ചോദിക്കാൻ വരാനില്ല. വഴിയിലെവിടേയോ ഉപേക്ഷിക്കപ്പെട്ടു കിടന്ന കുട്ടിയാണവൾ.
വരാന്തയിലൂടെ ലിസിച്ചേച്ചി വരുന്നതു കണ്ടു. അയാൾ വിളിച്ചു. ‘ലിസിച്ചേച്ചീ.’
അവർ വന്ന് വാതിലിന്റെ കട്ടിള പിടിച്ചുകൊണ്ട് ചോദിച്ചു. ‘എന്താ സാർ?’
‘വരൂ, അല്ലെങ്കിൽ ഊൺമുറി വൃത്തിയാക്കിയ ശേഷം വന്നാലും മതി.’
‘സാരല്യ, അതു പിന്നെ ചെയ്യാം. കൊറച്ച് കഴിഞ്ഞാ ജിസിയ്ക്ക് എന്തെങ്കിലും കഴിക്കാൻ പറ്റ്വോന്ന് നോക്കണം.’
‘എന്നാൽ ഇരിയ്ക്കു.’
‘ജിസിയ്ക്ക് എന്താണ് അസുഖംന്ന് മനസ്സിലായോ?’
ലിസി ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു.
‘എന്താ ഒന്നും പറയാത്തത്?’
‘ഒരു ഡോക്ടറെ കാണിക്ക്യാ, അല്ലാതെ നമ്മളെന്തു പറയാനാ. കൊറച്ച് ദിവസായിട്ട് രാവിലെ എഴുന്നേറ്റാൽ ഛർദ്ദിണ്ടായിരുന്നു. അതിന്റെ കഷ്ടകാലം അല്ലാതെന്തു പറയാനാ?’
‘പഴയ വാർഡൻ സാറിനെപ്പറ്റി എന്താണഭിപ്രായം?’
ലിസി ഒന്നും പറയുന്നില്ല.
‘ഇനി മുതൽ ഒരു കാര്യം ചെയ്യണം. ചേച്ചിടെ കിടപ്പ് കുട്ടികള്‌ടെ മുറിയിലാക്കണം. അപ്പൊ അവര്‌ടെ പ്രശ്‌നങ്ങളൊക്കെ നേരിട്ട് മനസ്സിലാവും. എന്നോട് പറയാൻ പറ്റാത്ത പലതും ചേച്ച്യോട് പറയും. അതവർക്ക് ഗുണം ചെയ്യും. പിന്നെ, ഈ ഞായറാഴ്ച തുന്നക്കാരി വരും അളവെടുക്കാൻ. കുട്ടികൾക്കൊക്കെ ഈരണ്ടു നൈറ്റി തുന്നിക്കണം. ഒപ്പം ചേച്ചിക്കും രണ്ടെണ്ണം വേണം… എന്താ ഒന്നും മിണ്ടാത്തത്?’
‘ശരി.’
‘ഇനി ഈ പ്രശ്‌നം എങ്ങിനെ പരിഹരിക്കാംന്ന് ആലോചിച്ചുണ്ടാക്കട്ടെ. അതിനിടയ്ക്ക് അവളെ ഡോക്ടറെ കാണിക്ക്യാണെങ്കില് ചേച്ചി ഒപ്പം വരണം.’
ലിസി എഴുന്നേറ്റു.
ആദ്യമായി കമ്മിറ്റിയ്ക്കു കൊടുക്കാനായി ഒരെസ്റ്റിമേറ്റുണ്ടാക്കണം. കുട്ടികൾക്കുള്ള നൈറ്റികൾക്ക് ഏകദേശം എന്തു ചെലവു വരുമെന്ന് തുന്നക്കാരി പറഞ്ഞുതന്നിരുന്നു. അയാൾ കടലാസുമെടുത്ത് എഴുതാനിരുന്നു. ഇതു കഴിഞ്ഞിട്ടു വേണം മാത്യു അച്ചനെ കാണാൻ. ജിസിയുടെ കാര്യം എത്രയും വേഗം അദ്ദേഹത്തെ അറിയിക്കണം. താൻ ഒറ്റയ്ക്ക് ചെയ്താൽ ശരിയാവില്ല. എസ്റ്റിമേറ്റുണ്ടാക്കിയ കടലാസുമെടുത്ത് ഷിജോ പുറത്തിറങ്ങി വാതിൽ ഓടാമ്പലിട്ടു. താക്കോലിട്ടു പൂട്ടേണ്ട ആവശ്യമൊന്നും ഷിജോ കണ്ടില്ല. അത് വിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. ആരെയാണ് അവിശ്വസിക്കുന്നത്? ലിസിച്ചേച്ചിയെയോ, അതൊ തന്റെ അനുജത്തിയുടെ വയസ്സില്ലാത്ത കൊച്ചുകുട്ടികളെയോ?
കുട്ടികളുടെ മുറിയിൽ ജിസി കട്ടിലിൽ എഴുന്നേറ്റിരിയ്ക്കയാണ്. ലിസിച്ചേച്ചിയുടെ കയ്യിലുള്ള പ്ലെയ്റ്റ് ഒരുമാതിരി ഒഴിഞ്ഞിരിക്കുന്നു.
‘ജിസി വല്ലതും കഴിച്ച്വോ?’
‘ങും,’ ഒഴിഞ്ഞ പ്ലെയ്റ്റ് കാണിച്ചുകൊണ്ട് ലിസിച്ചേച്ചി പറഞ്ഞു. ‘ഇപ്പൊ അവൾക്ക് കൊഴപ്പൊന്നുംല്ല്യ. വേണങ്കീ സ്‌കൂളീപ്പോവാം.’
‘വേണ്ട അവള് വിശ്രമിക്കട്ടെ. ആനിയുംണ്ടല്ലൊ. ഞാനൊന്ന് പൊറത്തു പോയിട്ടു വരാം. ചേച്ചി എടക്കൊന്ന് വന്ന് നോക്കണംട്ടോ.’
ലിസി തലയാട്ടി.