എപ്പോഴും സ്തുതിയായിരിക്കട്ടെ 11
എപ്പോഴും സ്തുതിയായിരിക്കട്ടെ 11 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എപ്പോഴും സ്തുതിയായിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവലെറ്റ് |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 26 |
ഒരാഴ്ച കഴിഞ്ഞു. ജീവിതം ഒരിക്കൽക്കൂടി സാധാരണ മട്ടായി… എന്നു തോന്നിച്ചു. ഭക്ഷണക്രമം മാറ്റി, കുട്ടികളുടെ മുഖത്ത് രക്തപ്രസാദമുണ്ടായി. പുതിയ ഉടുപ്പുകളിൽ അവർ ഓടിച്ചാടി നടന്നു. പകലും നൈറ്റിതന്നെയാണ് ഇടുന്നത്. വരട്ടെ അടുത്ത മാസം മാത്യു അച്ചനെക്കൊണ്ട് അവർക്കുള്ള പുതിയ ഉടുപ്പുകൾക്ക് സാങ്ഷൻ വാങ്ങിക്കണം. മുടക്കു ദിവസങ്ങളിൽ പകൽ നൈറ്റിയിടുന്നത് സുഖമില്ല. അതുപോലെത്തന്നെ ഒരു ടി.വി. സെറ്റും വേണം. അതാണ് കുട്ടികളുടെ പുതിയ ഡിമാന്റ്. കുട്ടികളുമായി കൂടുതൽ അടുത്തപ്പോൾ ലിസിച്ചേച്ചി ആകെ മാറിയിരിക്കുന്നു. അവർ ബീഡിവലി നിർത്തി. ഒരമ്മയെപ്പോലെ കുട്ടികളെ ശാസിക്കാനും അവർക്കുവേണ്ടി നല്ല ഭക്ഷണം പാകം ചെയ്തു കൊടുക്കാനും തുടങ്ങി. ഒരു പത്തു ദിവസം കൊണ്ട് ഇത്രമാത്രം മാറ്റം ആ വീടിനുണ്ടായി. അദ്ഭുതം തന്നെ.
ഞായറാഴ്ചത്തെ ബഹളം ഒന്നടങ്ങിയത് ഉച്ചയുറക്കം കഴിഞ്ഞ് എല്ലാവരും ഒന്നിച്ചിരുന്ന് ലിസിച്ചേച്ചിയുണ്ടാക്കിയ ഉള്ളിവടയും ചായയും കഴിച്ചപ്പോഴാണ്. ചായ കുടി കഴിഞ്ഞപ്പോൾ ഷിജോ പറഞ്ഞു.
‘ഇന്ന് ഞാനൊരു പുതിയ കളി പഠിപ്പിച്ചുതരാം.’
‘എന്തു കളി?’ എല്ലാവരും ഒന്നിച്ച് ചോദിച്ചു. ഓടിച്ചാടിയുള്ള കളികൾക്ക് അവർക്കീ സമയത്ത് താല്പര്യമുണ്ടായിരുന്നില്ല.
‘ഒരു ജിഗ്‌സോ പസിലാണ്. എന്നുവെച്ചാൽ പല കഷ്ണങ്ങളാക്കിയ ഒരു ചിത്രം വീണ്ടും അതാതിന്റെ സ്ഥാനത്ത് അടുക്കിവെച്ച് അതേ ചിത്രം ഉണ്ടാക്കുക.’
കുട്ടികൾക്ക് താല്പര്യം വന്നു. ഷിജോ ഓഫീസ് മുറിയിൽ പോയി ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നോട്ടീസ് ബോർഡും ചിത്രത്തിന്റെ മുറിച്ചുവെച്ച കുറേ കടലാസ് കഷ്ണങ്ങളുമായി തിരിച്ചുവന്നു. ഒപ്പംതന്നെ ചുരുട്ടിവെച്ച ഒരു ചിത്രവും.
‘ഈ കടലാസു കഷ്ണങ്ങൾ ഒരു വീടിന്റെ ചിത്രാണ്. അത് മുറിച്ച് കഷ്ണങ്ങളാക്കിയിരിക്ക്യാണ്. പതിനെട്ടു കഷ്ണങ്ങളാണുള്ളത്. ആദ്യത്തെ കഷ്ണം ഞാൻതന്നെ അതിന്റെ സ്ഥാനത്ത് വെയ്ക്കും. പിന്നെ നിങ്ങളോരോരുത്തരായി ഓരോ കഷ്ണം എട്ത്ത് അതാതിന്റെ സ്ഥാനത്ത് വെയ്ക്കണം. സംശയണ്ടെങ്കിൽ ഇതേ ചിത്രം മേശപ്പുറത്ത് ഇതാ നിവർത്തി വെയ്ക്ക്ണ്ണ്ട്, അതു നോക്ക്യാ മതി. ആദ്യം ലിസിച്ചേച്ചി വെയ്ക്കട്ടെ. പിന്നെ എറ്റവും വയസ്സു കുറഞ്ഞവര് തൊട്ട് ചെയ്യണം.’
‘ശരി സാാാർ…’ നീട്ടലോടുകൂടിയ സാർ വിളിയോടെ അവർക്കത് ഇഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി.
ഒരു കസേല ചുവരിനോട് അടുപ്പിച്ചിട്ട് അതിന്മേൽ നോട്ടീസ് ബോർഡ് ചാരിവെച്ചു. ചിത്രത്തിന്റെ കഷ്ണങ്ങൾ തിരഞ്ഞ് ഉമ്മറപ്പടിയുടെ ചിത്രം എടുത്ത് ബോർഡിന്റെ എറ്റവും താഴെ നടുവിലായി വെച്ച് ഒരു പിൻകൊണ്ട് ഉറപ്പിച്ചു. ഇനി ലിസിച്ചേച്ചിയുടെ ഊഴമായിരുന്നു. അല്പം മടിയോടെ, ഇതൊക്കെ കുട്ടികൾക്കുള്ള കളിയല്ലെ ഞാനെന്തിനാ എന്ന ഭാവത്തിൽ അവർ ഒരു കഷ്ണം എടുത്തു. അത് വാതിലിന്റെ താഴത്തെ പകുതിയായിരുന്നു. അതെളുപ്പമായിരുന്നു. ഉമ്മറപ്പടിയ്ക്കു മുകളിലായി അവരതു വെച്ചപ്പോൾ ഷിജോ അതൊരു ഡ്രോയിങ് പിന്നുകൊണ്ട് ഉറപ്പിച്ചു. അടുത്ത ഊഴം നന്ദിതയുടേതാണ്. അവൾക്കു കിട്ടിയ കഷ്ണം കുറച്ചു കുഴക്കുന്നതായിരുന്നു. മേശപ്പുറത്തു വെച്ച ചിത്രം കുറച്ചുനേരം നോക്കിയിട്ടും അവൾക്കത് എവിടെയാണ് വെയ്‌ക്കേണ്ടതെന്ന് മനസ്സിലായില്ല.
‘സാരല്യ, മറ്റു ചേച്ചിമാര് വെയ്ക്കട്ടെ. അതിനെടയ്ക്ക് മോൾക്ക് മനസ്സിലാവും എവിട്യാണ് സ്ഥാനംന്ന്. അപ്പൊ വെച്ചാ മതി.’
രേവതിയ്ക്കും കിട്ടിയത് അതേപോലെ കുഴക്കുന്ന ഒന്നായിരുന്നു. മേൽപ്പുരയുടെ ഒരു വശം. അവിടേയ്‌ക്കൊന്നും കെട്ടിടം പണിയായിട്ടില്ല. അവളോടും കാത്തുനിൽക്കാൻ പറഞ്ഞു. പിന്നെ ആലീസിന്റെ ഊഴമായിരുന്നു. അവൾക്ക് കിട്ടിയത് വാതിലിന്റെ മേൽഭാഗം. അതവൾ വേഗം അതിന്റെ സ്ഥാനത്ത് വെച്ചു. പിന്നെപ്പിന്നെ ഓരോരുത്തരായി ചിത്രം പൂർണ്ണമാക്കുമ്പോഴേയ്ക്ക് ആകെ ബഹളമായി. ആദ്യം സ്ഥാനം കിട്ടാതെ പിൻമാറിയവർക്ക് വഴി തെളിഞ്ഞുകണ്ടു. ‘ഞാൻ, ഞാൻ…’ എന്നു പറഞ്ഞ് അവർ തിരക്കു കൂട്ടി. ജിസിയുടെ ഊഴം വന്ന് അവൾ അവസാനത്തെ ചിത്രക്കഷ്ണമെടുത്തപ്പോൾ ഷിജോ പറഞ്ഞു.
‘മോളെ അതു വെയ്ക്കാൻ വരട്ടെ.’
ജിസി ഒരു ചോദ്യത്തോടെ അയാളെ നോക്കി. അയാൾ ചോദിച്ചു.
‘ഇപ്പോൾ ചിത്രം പൂർണ്ണായല്ലോ?’
‘ഇല്ലാ…?’ ചിത്രത്തിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. ‘മേൽപ്പുരേടെ നടുഭാഗം ഒഴിഞ്ഞ് കിടക്ക്വാണ്.’
‘ഇതിൽനിന്ന് എന്താണ് മനസ്സിലാവണത്?’ ഷിജോ ചോദിച്ചു.
ആരും ഒന്നും പറയുന്നില്ല. ഷിജോ തുടർന്നു. ‘നമ്മളിൽ ഓരോരുത്തരും കൂട്ടിച്ചേർത്താലേ ചിത്രം പൂർണ്ണാവൂ. അതുപോലെ നമ്മളെല്ലാവരും കൂടിച്ചേർന്നാലേ നമ്മുടെ ഈ വീട് പൂർണ്ണമാകൂ. അതിലൊരാൾ ഇല്ലെങ്കിൽ ആ വിടവ് അങ്ങിനെ നിലനിൽക്കും. മനസ്സിലായോ?’
കുട്ടികൾ തലയാട്ടി.
‘ഇനി ചിത്രം പൂരിപ്പിയ്ക്കൂ.’
ജിസി അവളുടെ കയ്യിലുള്ള കഷ്ണം അതിന്റെ സ്ഥാനത്ത് വെച്ചു. തിരിഞ്ഞുനോക്കിയപ്പോൾ അവളുടെ കണ്ണുകൾ ഈറനായിരുന്നു. എല്ലാവരും കൈകൊട്ടി.
‘നമ്മളെല്ലാരും എന്നും ഈ കളി ഓർമ്മിയ്ക്കില്ലേ?’
‘ഓർമ്മിയ്ക്കും സാർ.’ എല്ലാവരും ഒന്നിച്ചു പറഞ്ഞു.