ചിത്രശാല
ചിത്രശാല | |
---|---|
ഗ്രന്ഥകർത്താവ് | ഇ. സന്തോഷ്കുമാർ |
മൂലകൃതി | ഗാലപ്പഗോസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗൃന്ഥകർത്താവ് |
വര്‍ഷം |
2000 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 98 |
ചിത്രശാല
ഇടയ്ക്കുവെച്ചാണ് അയാള്‍ പ്രദര്‍ശനശാലയിലേക്ക് കയറിവന്നത്. അപ്പോഴേക്കും ചിത്രം കുറച്ചുദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു. ആളുകള്‍ തീരെ കുറവായിരുന്നിട്ടും ഒരു സീററ് കണ്ടെത്താന്‍ അയാള്‍ വിഷമിക്കുന്നതുപോലെ തോന്നി. അത്രയും മങ്ങിയ വെളിച്ചമേ തിയേറററിനുള്ളിലുണ്ടായിരുന്നുള്ളു. സ്ക്രീനിലെ പ്രകാശവും ഒരു പാടപോലെ നേര്‍ത്തു പോയിരിക്കുന്നു. ഓരോ നിരയ്ക്കുമുന്നിലും വന്ന് അയാള്‍ കുറച്ചുനേരം നോക്കിനില്ക്കും. പിന്നെ കുറച്ചുകൂടി നടന്ന് അടുത്ത നിരയിലേക്ക്. ഇരിപ്പിടം തേടിയുള്ള നടത്തത്തിനിടയില്‍ പ്രോജക്ടറില്‍ നിന്നുളള പ്രകാശത്തെ തടഞ്ഞുകൊണ്ട് അല്പനേരം ഒരു വലിയ നിഴലായി അയാള്‍ സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. പിന്നെ ആകാശത്തിന്റെ തിളക്കം സ്ക്രീനില്‍ വന്ന ഒരു നിമിഷത്തില്‍ സീററു കണ്ടു പിടിച്ച് ഇരുന്നു. അത് എന്റെ അരികില്‍ത്തന്നെയായിരുന്നു. അയാള്‍ക്കു വലിയ ധൃതിയുള്ളതുപോലെ തോന്നി. കസേരയിലിരുന്നപ്പോള്‍, ആ ഇരിപ്പിന്റെ ശക്തിയില്‍ നിരയിലെ മററു കസേരകള്‍ പോലും കുലുങ്ങി.
“എവിടെ വരെയായി?”
എന്നെ തൊട്ടുകൊണ്ട് അയാള്‍ ചോദിച്ചു. ആ കണ്ണുകള്‍ ആകാംക്ഷകൊണ്ട് തിളങ്ങുന്നതു കാണാമായിരുന്നു. തിരശ്ശീലയില്‍ മുയല്‍ക്കുട്ടിയുടെ ക്ലോസപ്പ. അതിന്റെ വെള്ളാരങ്കണ്ണുകള്‍ എന്തോ തിരയുന്നുണ്ട്.
“ജന്തുക്കളുടെ പടമാണോ! ഒരു മിണ്ടാട്ടവുമില്ലല്ലോ.” അയാള്‍ ഖേദത്തോടെ തുടര്‍ന്നു. “വല്ല ആര്ട്ടുപടവുമാണോ മാതാവേ.”
ഇപ്പോള്‍ സ്ക്രീനില്‍ കുറെക്കൂടി വെളിച്ചമുണ്ട്. ഓടിക്കൊണ്ടിരുന്ന പെണ്‍കുട്ടി കോണിപ്പടികള്‍ കയറി ഒരെടുക്കില് നിന്നുകൊണ്ട് താഴേക്കു നോക്കി. അവള് കിതയ്ക്കുന്നുണ്ടായിരുന്നു. നീല റിബ്ബണ്‍ കൊണ്ടു കെട്ടിയ മുടിക്ക് നേരിയ വെയില്‍നിറം. അറിയാതെ, അവളില്‍ നിന്നും ഒരു തേങ്ങൽ പുറത്തുവന്നു.
“ഹോ, തൊടങ്ങി ചിണുങ്ങല്… എന്തിനാ ഈ പെങ്കൊച്ച് കിതയ്ക്കുന്നത്?” അയാള്‍ അസ്വസ്ഥതയോടെ എന്നോടു ചോദിച്ചു.
“അവളെ ഓടിക്കുകയാണ്.” ഒരു ശല്യമൊഴിവാക്കുന്നതുപോലെ ഞാന്‍ പറഞ്ഞു, പതുക്കെ.
“ആര്? എന്തിനാ ഓടിക്കുന്നേ?”
നരച്ച ജീന്‍സും കറുത്ത ജാക്കററുമായി ഒരു യുവാവ് പടികള്‍ കയറി വരുന്ന രംഗം. അയാളുടെ കാതുകളില്‍ വെളളനിറമുള്ള കമ്മലുകളുണ്ടായിരുന്നു. വീതികൂടിയ ബെല്‍ററിന്റെ ലോഹത്തകിടുള്ള മുന്‍ഭാഗം തിളങ്ങുന്നുണ്ട്. വിശക്കുന്ന കണ്ണുകളോടെ അയാള്‍ ചുററുപാടും നോക്കി.
“ഇവനാണോ ഓടിക്കുന്നേ” അയാള്‍ കുറച്ചുറക്കെ പറഞ്ഞു.
“കുറച്ചു വൈകിപ്പോയി… ഒരു മുടിഞ്ഞ ട്രാഫിക്! സ്കൂട്ടറെടുത്ത് ചുമിലിലേററി നടന്നാലും നേരത്തെയിങ്ങെത്താമായിരുന്നു.”
സ്ക്രീനില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ആ നരച്ച കെട്ടിടം വിദൂരദൃശ്യമായി കാണിച്ചു. മഴക്കാറുകള്‍ ആകാശത്തിന്റെ തെളിച്ചത്തെ മറയിക്കുയായി. അപ്പോഴെല്ലാം വിഷാദാത്മകമായ ഒരു സംഗീതം നേര്‍ത്ത സ്വരത്തില്‍ ചലച്ചിത്രത്തിലുണ്ടായിരുന്നു. ഓര്‍മ്മകളിലേക്ക് വഴുതിയിറങ്ങിപ്പോയ വയലിന്.
“എന്താ ഇതിനു മുമ്പത്തെ ഭാഗം?” അയാള്‍ ചോദിച്ചു. “” “ഒരു മുയല്…”
“ഓ അതു ഞാനും കണ്ടു… തെളിച്ച് പറ. എന്തിനാ മുയല്?”
“അവള് കളിക്കുകയായിരുന്നു…”
“ഈ നരകം പിടിച്ച വീട്ടില്‍? പിന്നെ…”
“അപ്പോഴാണ് അന് അവളെ കണ്ടത്?”
“അതെപ്പോഴാണ്? ഒത്തിരിയായോ?”
“ദാ, കുറച്ചുമുമ്പേ…”
“അങ്ങനെ വരട്ടെ. അപ്പോ സീനുകള്‍ കെടക്കുന്നേ ഒള്ളോ… ഞാനാകെ പേടിച്ചു… കാശും കൊടുത്തു, നേരോം വൈകി…”
ആരോ ചവിട്ടുപടികള്‍ കയറിവരുന്നതിന്റെ ഒച്ച തിയേറററില്‍ നിറഞ്ഞു. പേടിയോടെ അവള് അടുത്ത നിലയിലേക്ക് കയറാന്‍ തുടങ്ങി. താഴ്ന്ന ശ്രുതിയില്‍ തുടരുന്ന സംഗീതം. അത് നിലയ്ക്കുമ്പോള്‍ നിബിഡമായ നിശബ്ദത. ശബ്ദത്തിന്റെ ചിറകുകളരിഞ്ഞു വീഴ്ത്തിയതുപോലെ.
“മലയാളത്തിലാണേല്…” അയാള്‍ പരിഹാസത്തോടെ വിലയിരുത്തി.
“ഏതേലും സുപ്പര്സ്റ്റാറുവന്ന് എടപെടും ഇപ്പോ…ഛീ! ഒരു റിയാലിററിയൊക്കെ വേണ്ടേ?”
ഞാന്‍ ഒന്നു പറഞ്ഞില്ല. കെട്ടിടത്തിന്റെ ഉയരം കുറഞ്ഞ ജനല്‍പ്പടിയില്‍ കയറിയിരുന്ന് മുയല് സംശയഭാവത്തില്‍ ചുററുപാടും നോക്കി. അതിന്റെ നീണ്ട ചെവികള്‍ എന്തോ കേള്‍ക്കാനെന്നവണ്ണം കൂര്‍ത്തുനിന്നു. വെളുത്ത രോമങ്ങള്‍ എന്തുകൊണ്ടോ ഒരു മഞ്ഞു കാലത്തെ ഓര്‍മ്മിപ്പിച്ചു.
“ഒരു മൊയലും കളീം…”
അയാള്‍ ശൃംഗാരത്തോടെ ചിരിച്ചു. അതു കുറച്ചുറക്കെയായിപ്പോയി.
പിന്നില്‍ നിന്നും ആരോ വിളിച്ചുപറഞ്ഞു:
“ഒന്നു മിണ്ടാതിരിക്കൂ…”
“എന്താ മിണ്ടിയാല്‍…?”
അയാള്‍ തിരിഞ്ഞ് പിന്നിരകളാടു പൊതുവായി ചോദിച്ചു. മറുപടിയുണ്ടായില്ല. പിന്‍നിരയിലെ കാണികള്‍ക്ക് പൊടുന്നനെ ചലനശേഷി നഷ്ടപ്പെട്ടുവെന്ന് തോന്നി.
“എന്നോടുവേണ്ട, അവമ്മാരുടെ ഉമ്മാക്കി.” അയാള്‍ പുച്ഛത്തോടെ തുടര്‍ന്നു: “ഞാനും തുട്ടുകൊടുത്തിട്ടാ. ഓശാരത്തിനല്ല.”
അവള് അവസാനത്തെ പടിയും കയറിക്കഴിഞ്ഞു. കെട്ടിടത്തിന്റെ മുകള്‍ ഭാഗമാണ്. അവിടവിടെയായി കൂട്ടിയിട്ടിരിക്കുന്ന ടിന്നുകള്‍, കാലൊടിഞ്ഞു കിടന്ന കസേരകളും മേശകളും, ദ്രവിച്ചുതുടങ്ങിയ മരക്കഷ്ണങ്ങള്‍, പഴഞ്ഞന്‍ ചാക്കുകള്‍…
അപ്പോഴും അടുത്തുകൊണ്ടിരിക്കുന്ന കാലൊച്ച…
അരികിലെ കാണി അസ്വസ്ഥത ഭാവിച്ചു. ഞങ്ങള്‍ തമ്മില്‍ സിനിമയുടെ ആദ്യഭാഗങ്ങളുടെ അകലമുണ്ടായിരുന്നിട്ടും, എത്രയോ വേഗത്തില്‍ അയാള്‍ എന്നെ പിന്തുടരുകയാണെന്നും, അടുത്ത ക്ഷണത്തില്‍ ആ അദ്യശ്യവലയത്തില് സ്വയം അകപ്പെട്ടു പോകുമെന്നും ഞാന്‍ ഭയന്നു.
ഇപ്പോള്‍ ടെറസ്സിനു മുകളില്‍ നിന്നും ക്യാമറ താഴേക്കു സഞ്ചരിക്കുന്നു. ഇഷ്ടികകൊണ്ടു കെട്ടിയ ചെറിയൊരു കൈവരിക്കരികെ നിന്നുകൊണ്ട് പെണ്‍കുട്ടി താഴേക്കു നോക്കുകയായിരുന്നു. താഴെ വിജനമായ പാതയും അതിനുമപ്പുറം ഒരു തരം നീലപ്പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന വയലും കണ്ടു. വയലിനുമെത്രയോ അപ്പുറത്താണ് ഒററയൊററ വീടുകള്‍. മഴ പെയ്തേക്കും. ആകാശത്ത് ഒരു മിന്നല്‍ പ്രത്യക്ഷപ്പെട്ടു.
യുവാവ് തന്റെ ബെല്‍ററിന്റെ ലോഹഭാഗത്ത് കൈയമര്‍ത്തിക്കൊണ്ട് വികൃതസ്വരത്തില്‍ ചിരിച്ചു. തണുത്ത ചിരി. പെണ്‍കുട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ഉറച്ച കാല്‍വയ്പുകളോടെ നടന്നടുക്കുന്നതുകണ്ടു. ഒരൊററ വയലിന് മാത്രം നേര്‍ത്ത സംഗീതത്തിന്റെ പടവുകള്‍ സാവധാനം കയറിത്തുടങ്ങുന്നു.
ഇപ്പോള്‍ ഇവര്‍ തമ്മില്‍ ഇഞ്ചുകളുടെ വ്യത്യാസം മാത്രം. അവള് കൈവരിയിലേക്ക് കുറെക്കൂടി ചേര്‍ന്ന് ദേഹം വളച്ചുപിടിച്ചു. ഭയക്കുന്ന കണ്ണുകളുടെ സമീപദൃശ്യം തിരശ്ശീലയില്‍ നിറഞ്ഞു.
“ദാ, കിട്ടിപ്പോയ്…”
അരികിലെ കാണി കുറച്ചുറക്കെപ്പറഞ്ഞതും, അതുകേട്ടു ഞെട്ടിയ പോലെ പെണ്‍കുട്ടി കൈവരിയുടെ മുകളിലൂടെ നിലതെററി താഴേയ്ക്കുവീണു…
ആ ഒരു വയലിനും നിലച്ചു. എല്ലാം മൂകമായി. കാലം ഒരു മഞ്ഞു പാളിയായി ഉറച്ചു.
സദസ്സ് ശീതനിദ്രയിലേക്കു വീണുപോയിരിക്കുന്നു. സ്ക്രീനില്‍, മങ്ങിയ വെളിച്ചത്തില്‍ തെളിഞ്ഞ ആ കെട്ടിടവും സ്തംഭിച്ചു നില്ക്കുകയാണെന്നുതോന്നും.
ഇരിപ്പിടത്തില്‍ നിന്നും ധൃതിവച്ച് അയാള്‍ എഴുന്നേററു. ഇപ്പോള്‍ പരിചിതമായിക്കഴിഞ്ഞ ആ മ്ലാനമായ വെളിച്ചത്തിലൂടെ അയാള്‍ EXIT ന്റെ ചുവന്ന കണ്ണുകള്‍ ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ കോപത്താടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
തണുത്തുറഞ്ഞുപോയ സ്ക്രീനിലേക്ക് അല്പം വെളിച്ചം വന്നു ചേര്‍ന്നു. ഓരോര്‍മ്മപോലെ സംഗീതവും.
മുയല് അപ്പോഴും ഒററയ്ക്കായിരുന്നു. കുറച്ചുനേരം കൂടി കാത്തതിനുശേഷം അത് ജനല്പ്പടികളില്നിന്നും ചാടി നിലത്തിറങ്ങി കോണിക്കരികിലേക്കു നീങ്ങി. പിന്നെ, ചുററുപാടും ഒന്നുകൂടി നേക്കിയിതിനുശേഷം സാവധാനം കോണിപ്പടികള്‍ കയറാനാരംഭിച്ചു.