close
Sayahna Sayahna
Search

ഹിജഡകള്‍


‌← ഇ.സന്തോഷ് കുമാർ

ഹിജഡകള്‍
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

ഹിജഡകള്‍

ഇവിടെ, തീപ്പെട്ടിക്കൂടുകള്‍ പോലുള്ള ഈ ഫാളാററുകളിലൊന്നില്‍ താമസം തുടങ്ങിയ കാലത്ത് ഞങ്ങള്‍ക്ക് ഏതിനോടും ഒരു വെറുപ്പ് തോന്നിയിരുന്നു. വിണ്ടുനരച്ച ചുമരുകള്‍, പഴക്കം പരുത്തുപോയ — കുഷ്ഠം പിടിച്ചതെന്നാണ് സരള പറയുക — നിലങ്ങള്‍, കൊളുത്തിടാന്‍ പാകത്തിന് ഒരിക്കലും അടയാത്ത ജനലുകള്‍.

ജനലിലൂടെ നോക്കുമ്പോള്‍ തെരുവിന്റെ ഓരം ചേര്‍ന്നു പോകുന്ന കാനയുണ്ട്. നഗരത്തിന്റെ പാപങ്ങളടിഞ്ഞു ചേര്‍ന്ന് കറുത്തു കട്ടിയായ ഒരു ദ്രവം അതിലെപ്പോഴും കെട്ടിനില്‍ക്കുന്നതു കാണാം. വശങ്ങളില്‍ തെരുവിലേക്കിറങ്ങി നില്‍ക്കുന്ന കടകളുടെ ചവിട്ടുപടികളില്‍ എപ്പോഴും ഹിജഡകളുണ്ടാവും. അവരെ കാണുമ്പോള്‍ത്തന്നെ ഞങ്ങളുടെ സകല വിശ്വാസവും നഷ്ടപ്പെടുമായിരുന്നു, ആദ്യം. പിന്നെ എല്ലാം പതിവായി. തലമുറകളുടെ ജീര്‍ണതയടിഞ്ഞു ചേര്‍ന്ന കാനയും, അതിലെ അസഹനീയമെന്ന് തോന്നിച്ച ഗന്ധവും, പൊട്ടുതൊട്ട് കണ്ണെഴുതി കടുംനിറമുളള ചേലകളില്‍ നൃത്തം ചെയ്യുന്ന ഹിജഡകളുമെല്ലാം ഞങ്ങള്‍ക്ക് സാധാരണമായിത്തീര്‍ന്നു.

ഓര്‍മ്മയുണ്ട്; ബാലന്‍ ആദ്യമായി വന്ന ദിവസം, തെരുവില്‍വച്ച് അവര്‍ അവനെ തടഞ്ഞുനിര്‍ത്തി. അവനു ബുദ്ധിമുട്ടുള്ള ഭാഷയില്‍ എന്തൊക്കെയോ ചോദിച്ചിരിക്കണം. കുറേ കഴിഞ്ഞേ പോകാനനുവദിച്ചുള്ളു. അവധി ദിനത്തിന്റെ ആലസ്യത്തില്‍ ടി. വി.യില്‍ ഒരു പഴയ മറാത്തി ചിത്രവും കണ്ടിരിക്കുകയായിരുന്നു ഞാന്‍. പുറത്തുനിന്നും കനംവെച്ച ശബ്ദത്തില്‍ അശ്ലീലഗാനങ്ങളും തപ്പുകൊട്ടുമെല്ലാം കേള്‍ക്കുന്നുണ്ട്. ഇതിങ്ങനെ തുടരും, രാവറെച്ചെന്നാലും അവര്‍ തെരുവിന് കാവല്‍ നില്‍ക്കുകയാവും.

ഈ ശിഖണ്ഡികളില്ലാത്ത ഒരിടം… സരള എപ്പോഴും പറയും. എന്നാല്‍ അങ്ങനെയൊരു സ്ഥലം നഗരത്തിലുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ നമ്മേപ്പോലുളളവര്‍ക്ക് അത് ഒതുങ്ങുമോ? ഞങ്ങളുടെ ചര്‍ച്ചകള്‍ വളര്‍ച്ച നിലച്ച ശിശുക്കളായി മാറുന്നതങ്ങനെയാണ്.

കോളിങ്ങ് ബെല്ലടിച്ചു. പതിവുപോലെ, വാതില്‍ തുറക്കുന്നതിന് മുമ്പ് ഞാന്‍ ലെന്‍സിലൂടെ നോക്കി. പുറത്ത്, തോള്‍ ബാഗുമായി നില്‍ക്കുന്ന ആളെ എനിക്ക് പിടികിട്ടിയില്ല. മുമ്പ്, ഈ ലെന്‍സിലൂടെ നോക്കി, നീളംവച്ച, മുഖം വല്ലാതെ വക്രിച്ച രൂപങ്ങള്‍ കാണുന്നത് ഞങ്ങള്‍ക്ക് രസമായിരുന്നു. (എല്ലാവരെയും ഇങ്ങനെ കാണാനാകുന്ന കണ്ണുകളുണ്ടായിരുന്നെങ്കില്‍ ഈ ലോകം കുറെക്കൂടി തമാശ നിറഞ്ഞതാവുമായിരുന്നു). വാതില്‍ തുറന്നപ്പോള്‍ ഉലഞ്ഞ വസ്ത്രങ്ങളുമായി ബാലന്‍ നില്‍ക്കുന്നു. ഒററനോട്ടത്തില്‍ത്തന്നെ എനിക്കവനെ മനസ്സിലായി. ഒന്നുരണ്ടു രാത്രിയിലെ ഉറക്ക ക്ഷീണവും യാത്രയും തളര്‍ത്തിയ മുഖം.

“ആ പെണ്ണുങ്ങള്‍ എന്റെ ദേഹം പിടിച്ചുവലിച്ചു.” ഒരു സംഭാഷണം തുടരുകയാണെന്ന മട്ടില്‍ ബാലന്‍ പറഞ്ഞു. “നാശം, അവററയുടെ കൈയിലൊക്കെ എന്തൊഴുക്കാണ്…”

“നീയെന്താ ഇവിടെ?”

നേരിയ അമ്പരപ്പിനു ശേഷം ഞാന്‍ ചോദിച്ചു. നാട്ടില്‍നിന്ന് വരുന്ന ഭാഗ്യാന്വേഷികളെ ഞങ്ങള്‍ ഉപദ്രവികാരികളായിത്തന്നെ കണ്ടു. കൂടെ താമസിപ്പിക്കാനും ഇന്റര്‍വ്യൂകള്‍ക്ക് കൊണ്ടുപോകാനും, മടങ്ങുമ്പോള്‍ ടിക്കറ്റെടുത്തു കൊടുക്കാനുമൊക്കെ ഞങ്ങള്‍ക്ക് നേരമില്ലായിരുന്നു. സരളക്കിതൊന്നും തീരെ മനസ്സിലാവുകയില്ല. നഗരത്തില്‍ വളര്‍ന്ന അവളുടെ ക്ലോക്കുകള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്നു. ജോലി, മകളുടെ ഡേ കെയര്‍ സെന്റര്‍, അടുക്കള… ആ വൃത്തം ആവര്‍ത്തിച്ചു. അവള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ സിനിമയിലെ പഴഞ്ചന്‍ പ്രണയരംഗങ്ങള്‍ കൂടുതല്‍ ആകാംക്ഷയോടെ നോക്കിയിരുന്നു.

“മാമ്പളളിയിലെ കുമാരേട്ടനെ സരളയറിയില്ലേ…” ഞാന്‍ ബാലനെ പരിചയപ്പെടുത്തി. “കുമാരേട്ടന്റെ മകനാണ് ബാലകൃഷ്ണന്‍.”

ചിരിച്ചെന്നു വരുത്തി അവള്‍ എഴുന്നേററു. കണ്ണുകളില്‍ ആ മറാത്തി ചിത്രത്തിന്റെ കുറുപ്പും വെളുപ്പും…

“ഞാന്‍ ചേച്ചിയെ കണ്ടിട്ടുണ്ട്. കല്ല്യാണത്തിന്… ” ബാലന്‍ ചിരിച്ചുകൊണ്ടറിയിച്ചു. പത്തുവര്‍ഷം മുമ്പത്തെ കാര്യമാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ മാത്രമാണ് നാട്ടില്‍ പോയത്.

ഇങ്ങോട്ട് വരേണ്ടകാര്യം അന്നേ ബാലന്‍ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ മറ്റെന്തോ പറഞ്ഞ് വിഷയം മാററിയത് എനിക്കോര്‍മ്മവന്നു. ഇവനിതെന്താണു ഭാവം? ബാലന്‍ ചായ കുടിക്കുന്നതു നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. എന്റെ വിഷമം അവനും മനസ്സിലായിക്കാണണം. വന്നതിന്റെ ഉദ്ദേശ്യത്തെപററിയോ, എവിടെ തങ്ങുമെന്നോ ഒന്നും ഞാന്‍ മനഃപൂര്‍വ്വം ചോദിക്കാതിരിക്കാതിരുന്നു. ഞങ്ങള്‍ നാട്ടുവിശേഷങ്ങളില്‍ മുഴുകി. സത്യത്തില്‍, നാട്ടില്‍ മാത്രമാണ് മാററങ്ങളുണ്ടാവുന്നതെന്ന് ഞാന്‍ ചിന്തിച്ചു.

“എന്റെ കൈയില്‍ ഒരു സ്നേഹിതന്റെ വിലാസമുണ്ട്.” അവന്‍ തോള്‍ബാഗിലെ കളളിയില്‍ നിന്നും ഒരു കടലാസ്സ് തുണ്ടെടുത്തു. പഴയൊരു സൌഹൃദം അതില്‍ മുഷിഞ്ഞുകിടപ്പുണ്ട്. പത്തോളം കിലോമീററര്‍ അകലെ, ഇലക്ട്രിക് ട്രെയിനുകളില്ലാത്ത, നഗരത്തിന്റെ ഒരു പ്രാന്തപ്രദേശം. ഞാന്‍ ആശ്വാസത്തോടെ അതു വായിച്ച് വിശദമായി വഴിപറഞ്ഞുകൊടുക്കാന്‍ തുടങ്ങി.

“ഇയാളിപ്പോള്‍ ഇവിടെ കാണുമോ എന്നറിഞ്ഞുകൂടാ. നോക്കട്ടെ… കോളേജില്‍ എന്റെ സീനിയറായിരുന്നു. ഞങ്ങളൊരുമിച്ച് കുറെ കൊടി പിടിച്ചിട്ടുണ്ട്.” വാതില്‍ക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞുനിന്ന് ബാലന്‍ ചിരിച്ചു. ‘ഇനി നാളെയാവാം’ എന്നുപോലും ഞാനോ സരളയോ പറഞ്ഞില്ല. അവന്റെ നോട്ടത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനായി ഞാന്‍ ജനലിലൂടെ താഴേയ്ക്കുനോക്കി.

“താഴെയിറങ്ങുമ്പോള്‍ ആ പെണ്ണുങ്ങള്‍ വളയുമോ?”

“പെണ്ണുങ്ങളോ? അവററ ഹിജഡകളാണ് ബാലാ…”

“ഹിജഡ…? നമ്മുടെ സുന്ദരി ഉണ്ണിമോന്റെ പോലെ…”

നാട്ടിലെല്ലാവരും നപുംസകമെന്നാരോപിക്കുന്ന ഒരു തൊഴിലാളിയാണ് ഉണ്ണിമോന്‍.

“അവറ്റെക്കെന്താ വേണ്ടത്?”

“എന്തെങ്കിലും ചില്ലറ കൊടുക്ക്. പുണ്യം കിട്ടുമെന്നാണ് ഇവിടുത്തെ വിശ്വാസം.”

അങ്ങനെ ഒരുപാടി വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ വന്ന നാള്‍ മുതല്‍ കേള്‍ക്കുന്ന നിരവധി കാര്യങ്ങള്‍. പക്ഷെ ആഭാസങ്ങളിൽ നിന്നും ദേഹോപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി മാത്രമെ ഈ പുണ്യപ്രവര്‍ത്തനത്തെ പലരും കരുതിയിരുന്നുള്ളു.

വിളറിയ വെയിലിലൂടെ ബാലന്‍ നീങ്ങുന്നത് ഞാന്‍ ജനലിലൂടെ കണ്ടു. കുറച്ചു നടന്നതും ആറോ ഏഴോ ഹിജഡകള്‍ അവനെ വലം വെക്കാന്‍ തുടങ്ങി. അവന്‍ തോള്‍ ബാഗില്‍ നിന്നും നാണയങ്ങള്‍ എടുത്തുകൊടുത്തപ്പോള്‍ ഹിജഡകള്‍ അവനു മുന്നില്‍ തപ്പു കൊട്ടി പാട്ടുപാടി കുറച്ചുനേരം നടന്നു. പുരുഷ ശബ്ദത്തില്‍ ഓരിയിട്ടു. നിറഞ്ഞ ചിരിയോടെ അവന്‍ കൈവീശുന്നതുകണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു. ഇവന് ഭാഷയറിയുമോ? വെറുതെ അലോസരം തോന്നി. ഇന്നെങ്കിലും ഇവിടെ തങ്ങാന്‍ പറയാമായിരുന്നു…

അതിന്റെ മൂന്നാംദിവസം കാലത്തുതന്നെ — ഞങ്ങള്‍ ഓഫീസുകളിലേക്കുപോകാന്‍ ബദ്ധപ്പെടുന്നതിനിടയില്‍ — ബാലന്‍ വന്നു. ട്രെയിന്‍ തെററുമോ… തെററിയാല്‍ സര്‍ദാര്‍ ലേററു മാര്‍ക്ക് ചെയ്യും. പാതി ദിവസം പോയേക്കാം എന്നൊക്കെ വിചാരിച്ച് ഞാന്‍ ചിരിക്കാന്‍ തന്നെ മറന്നുപോയി.

“ചേട്ടാ, ആ പുളളി ഗള്‍ഫില്‍ പോയി.”

“ഓഹോ, ഇനിയെന്തു ചെയ്യാനാണ് പ്ലാന്‍?”

“തല്‍ക്കാലം ഞാനൊരു കേബിള്‍ വര്‍ക്കില്‍ ചേര്‍ന്നു. ടെലഫോണ്‍ കോണ്‍ട്രാക്ടറുടെ… ഒന്നു രണ്ടാഴ്ച പണി കിട്ടും. താമസവും. അതുകഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യണം.”

“ടെലിഫോണ്‍ കേബിള്‍ പണിയോ?”

“കുഴികുത്തല്‍ തന്നെ.”

“നീയ്യ് എം. എ. പഠിച്ചതല്ലേ ബാലാ“”…”

“എമ്മേ! അതൊക്കെ കള ചേട്ടാ…” അവന്‍ വിടര്‍ന്നു ചിരിച്ചു.

“ചേട്ടന്‍ ഒരുപകാരം ചെയ്യണം. എന്റെ വീട്ടീന്നുള്ള കത്തുകള്‍ ഇവിടെ വരും… അഡ്രസ്സ് കൊടുത്തിട്ടുണ്ട്. അതൊന്ന് സൂക്ഷിച്ചുവെച്ചാല്‍ മതി.”

അത്രയേയുള്ളൂ. വീണ്ടും എന്തോ ആശ്വാസം തോന്നി. എന്തുകൊണ്ടോ ബാലനോട് സഹതാപവും. “അതിനെന്താ ബാലാ. വരുമ്പോള്‍ നീ കുറച്ചുകൂടി നേരത്തെ വരണം. കാലത്തെ തിരക്ക്…!”

അവനിറങ്ങുമ്പോള്‍ പിന്നെ ആലോചിച്ചു; അപ്പോള്‍ ഇവിടെ കൂടാമെന്നായിരുന്നോ അവന്റെ വിചാരം? അഡ്രസ്സ് കൊടുത്തത് പിന്നെന്തിനാണ്! ഏതായാലും ഇതാണ് ഭേദം. സരളയോടു പറഞ്ഞപ്പോള്‍ അവള്‍ കുറച്ചുകൂടി കടന്നുകണ്ടു.

“ഇതൊരു ശല്യമാവും അവസാനം… നമ്മളു കത്തുസൂക്ഷിക്കാനും അയാള്‍ ഇവിടെ കയറിയിറങ്ങാനും.”

ഞാനൊന്നും പറഞ്ഞില്ല. മാമ്പിളളിയിലെ കുമാരേട്ടന്‍ നാട്ടിലെ പരോപകാരികളില്‍ പ്രധാനിയായിരുന്നു. വിവാഹം, മരണം, ഉത്സവം എല്ലാത്തിനും സാന്നിദ്ധ്യം ഉറപ്പായിരുന്നു. ഒരിക്കല്‍, ആരുടേയോ വിവാഹത്തിന്റെ രാത്രി ഫ്യൂസുകെട്ടാന്‍ ശ്രമിക്കവേ ഷോക്കേററുവീണു. കുറെ നാള്‍ കിടപ്പിലായി. മരിച്ചിട്ട് അധികമൊന്നുമായില്ലല്ലോ…

ബാലന്‍ ഇറങ്ങിയതും ബഡാദാദ വന്നു വാതില്‍ക്കല്‍ മുട്ടി. അയാള്‍ അങ്ങനെയാണ്. കോളിങ് ബെല്‍ അടിക്കുകയില്ല. ഞാന്‍ മനസ്സില്‍ ശപിച്ചു. ദ്രോഹി, കയറിവരാന്‍ കണ്ട നേരം. ഇന്നത്തെ അര ലീവ് തുലഞ്ഞതുതന്നെ… ദാദയുടെ കിളരം കൂടിയ ശരീരം ലെന്‍സിലൂടെ കണ്ടു. കൂടുതല്‍ നീളത്തില്‍.

നെററിയിലെ മുറിപ്പാടു തടവി അയാള്‍ ചോദിച്ചു. “അനിയാ ആ ഇറങ്ങിപ്പോയവന്‍ ആര്?”

“അത്… ഒരു നാട്ടുകാരന്‍ പയ്യനാണ്.”

“ഓഹോ. അവന്റെ തൊഴിലെന്താണ്?”

“കിട്ടിയിട്ടില്ല ദാദാ. അന്വേഷിക്കുന്നു…”

“കിട്ടിയാല്‍” ദാദ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. “ദാദയെ കാണാന്‍ പറയണം. അയാള്‍ക്ക് പറ്റിയ ഒരു സ്ഥലം ശരിയാക്കി കൊടുക്കാം. അവന്‍ ബാബുവോ, ചപ്രാസിയോ? എന്തു പഠിപ്പുണ്ടവന്?”

“ജോലി കിട്ടട്ടെ ദാദാ, ‍ഞാന്‍ പറയാം.”

“ശരി. നിങ്ങളുടെ മാസപ്പടി?”

“ഇന്നാകെ വൈകി ദാദാ. സന്ധ്യക്ക് കണ്ടാല്‍ പോരെ?”

“ഉം.” ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ദാദ പറഞ്ഞു: “ഇന്നു വേണ്ട. നാളെ സന്ധ്യക്ക് മസ്ജിദിനുമുന്നിലെ പാന്‍കടയില്‍ ഞാന്‍ വരും… വേറെയെന്തൊക്കെയാണ്? എന്തെങ്കിലും പ്രശ്നങ്ങള്‍?”

ബഡാദാദയുടെ കുടംനിറമുളള വേഷം തെരുവിലൂടെ വേഗത്തില്‍ നീങ്ങുന്നത് തിരക്കിനിടയിലും ഞാന്‍ ശ്രദ്ധിച്ചു. ഹിജഡകള്‍ നിഴലുകളെപ്പോലെ അങ്ങുമിങ്ങും ചുററിപ്പററിനിന്നു. ഇതു വിചിത്രമായിരിക്കുന്നു. മറ്റാരുവന്നാലും അവര്‍, അയാളെ പരിഹസിക്കുകയോ പാട്ടുപാടി എതിരേല്‍ക്കുകയോ ചെയ്യും. ദാദ വരുമ്പോള്‍ മാത്രം ഒന്നുമില്ല. ആദരവില്ല. എന്നാല്‍ പേടിയുമില്ല (ആരെ പേടിക്കാന്‍?) ഒരു തരം പിണക്കം; അവഗണന. ദാദയെ മറ്റാരെങ്കിലും അവഗണിച്ചാല്‍ അയാളുടെ ഭാവം മാറും. എന്നാല്‍ ഹിജഡകളെ അയാളും ഒഴിവാക്കിയിരുന്നു. അതെന്തുകൊണ്ടാണെന്ന് ചിലപ്പോഴെല്ലാം ഞാനാലോചിക്കാറുണ്ട്.

“ബാലാ നിനക്കു മൂന്നു കത്തുകളുണ്ട്.” പത്രത്തില്‍ നോക്കിയിരുന്നിരുന്ന അവനെ നോക്കി ഞാന്‍ പറഞ്ഞു ഒരാഴ്ചയിലേറെ കഴിഞ്ഞിരുന്നു. കത്തുകള്‍ പൊളിച്ച് ഒററയിരിപ്പിന് വായിച്ച ശേഷം കുറച്ചുനേരം നിശ്ശബ്ദനായി. പിന്നെ പഴയ പ്രസരിപ്പോടെ പറഞ്ഞു:

“ഒരു ചെറിയ തൊഴിലാവാന്‍ സാധ്യതയുണ്ട്.” മറുപടിക്കു കാക്കാതെ അവന്‍ തുടര്‍ന്നു. “ഏററവുമാശ്വാസം താമസിക്കാന്‍ ഒരിടം കിട്ടുമെന്നാണ്…”

“എവിടെ?‍” ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

“അതുപറയാനായിട്ടില്ല. കഴിഞ്ഞ ദിവസം ഞാനൊരു പയ്യനെ പരിചയപ്പെട്ടു. എന്റെ മുറിഹിന്ദി അവനു രസിച്ചിരിക്കണം. നാസര്‍ എന്നാണ് അവന്റെ പേര്…”

“നാസര്‍… എന്താണ് അവന്റെ പരിപാടി?”

“ഓരോ തരം കച്ചവടമാണത്രെ… മൊത്തവില്പനയാണ്. നാളെ മീന്‍കച്ചവടം ചെയ്യാനാണ് പ്ലാന്‍. എന്നോടും കൂടിക്കോളാന്‍ പറഞ്ഞു.”

“മീനോ? ഏതു തൊഴിലായാലും എന്താണല്ലേ? ഓന്നോർത്താല്‍ കക്കുകയൊന്നുമല്ലല്ലോ. നമമുടെ നാടുമല്ല.” ഞാന്‍ പതിവുരീതിയിലുളള ആശ്വാസത്തിനു ശ്രമിച്ചു.

“ഏയ്, അത്തരം വിഷമമൊന്നും എനിക്കില്ല ചേട്ടാ. എന്തായാലെന്താണ്? വീട്ടിലെ കാര്യങ്ങളെല്ലാം ആ നിലയിലാണിപ്പോള്‍. അച്ഛന്‍ പോവുമ്പോ കടമൊന്നും കൊണ്ടോയിട്ടില്ല്യ.” “അവന്‍ ചിരിച്ചു.” “ഒരു ഷോക്ക് ഞങ്ങള്‍ക്കും തന്നു…”

ഞാന്‍ അവനെ നോക്കി. മുടി താഴ്ത്തി വെട്ടിയിരിക്കുന്നു. കുറച്ചു കറുത്തിട്ടുമുണ്ട്. ഒരാഴ്ചയുടെ വെയില്‍ അവന്റെമേല്‍ പതിപ്പിച്ച മുദ്ര.

“പ്രശ്നമതല്ല. ദാ ഇവിടെയൊരു ഗുണ്ടയുണ്ടത്രേ… ബഡാദാദ, ചേട്ടനറിയുമായിരിക്കും. അയാളാണ് പ്രതി.”

“ബഡാദാദ… അയാള്‍ക്കാ പതിവു കൊടുത്താല്‍ പോരേ?”

“പോരാ. പതിവുകൊടുത്താല്‍ പററില്ലപോലും. ഈ നാസറിന്റെ ഉപ്പയെ തട്ടിയിട്ടാണ് അയാള്‍ ദാദയായതത്രേ. അതിനും മുമ്പ് നാസറിന്റെ ഉപ്പയായിരുന്നു. നാസര്‍ പ്രതികാരം ചെയ്യുമോയെന്ന പേടിയാണ് ബഡാദാദയ്ക്ക്… ജീവിക്കാന്‍ വിടില്ല അയാള്‍.”

“ഒരു ഛോട്ടായും ബഡായും. ഒക്കെ കണക്കാണ്.”

“നാസര്‍ പാവമാണു ചേട്ടാ. അവനു ജീവിച്ചു പോണമെന്നേയുള്ളു. ഇയാളു സമ്മതിക്കില്ല, ഒന്നിനും.”

ബാലനിറങ്ങുമ്പാള്‍ പതിവുപോലെ ഹിജഡകള്‍ അവനെ വലംവച്ചു. മുകളില്‍ നിന്നും ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

“ബാലാ, നീയാ ദാദയെ പിണക്കരുത്. സാധിച്ചാല്‍ നീയാ ചെക്കനുമായുള്ള ബന്ധം വിട്ടേക്ക്…”

ബാലന്‍ മുകളിലേക്കു നോക്കിക്കൊണ്ട് ചിരിച്ചു. അന്യഭാഷകേട്ട ഹിജഡകള്‍ താഴെ നിന്നും എന്നോട് കണ്ണിറുക്കിക്കാണിച്ചു അവരുടെ കണ്ണുകളില്‍ മഷിയെഴുതിയിരുന്നു.

പിന്നെ, ഏകദേശം ഒരു മാസത്തേക്ക് ബാലന്‍ വന്നില്ല. അവനു വന്ന മുന്നോ നാലോ കത്തുകള്‍ ഞാന്‍ പഴയ നിഘണ്ടുവിനു താഴെ സൂക്ഷിച്ചു വച്ചു. മറന്നുപോയ ഒരു വാക്ക് തിരയുമ്പോള്‍ മാത്രം ബാലനെ ഓര്‍മ്മിച്ചു.

ഒരു ദിവസം ആപ്പീസില്‍ നിന്നും മടങ്ങിവരുമ്പോള്‍ ബാലന്‍ എന്നെ കൈകാട്ടി വിളിക്കുന്നു. അടുത്തു ചെന്നപ്പോള്‍ അവന്‍ ദേഹമാസകലം പേനകള്‍കുത്തിക്കൊണ്ടു നില്‍ക്കുകയാണ്. എനിക്കത്ഭുതം തോന്നി. ദേഹത്താകെ നൂറുകണക്കിന് പേനകളുണ്ടാവും. ചുവപ്പും മഞ്ഞയും നീലയും നിറങ്ങളുള്ള പലതരം പേനകള്‍.

“ചേട്ടന്‍ പേടിക്കണ്ടാ. ഇതൊരു സ്ഥലം ലാഭിക്കലാണ്. ഇതാണിപ്പോള്‍ പരിപാടി. പേനകള്‍.”

അവനൊരു പേനയെടുത്ത് എനിക്കുതന്നു..

“നീന്റെ മീന്‍ കച്ചവടം എന്തായി?”

“ഒന്നും പറയേണ്ട. ആ ദാദയും ഗുണ്ടകളും ഒന്നിനും സമ്മതിക്കില്ല. മീന്‍വിററിരുന്നതിന്റെ തൊട്ട് ഒരു കോവിലുണ്ട്. അത് അശുദ്ധമാവുമെന്നു പറഞ്ഞ് അയാള്‍ കുറേ പോക്കിരികളെ ഇറക്കിവിട്ടു. മീനൊക്കെ അവര്‍ തട്ടിക്കളഞ്ഞു. ഇനി വിററാല്‍ വര്‍ഗീയലഹളയുണ്ടാക്കുമെന്ന് ദാദ നാസറിനോട് പറഞ്ഞു.”

ബാലന്‍ തുടര്‍ന്നു: “എന്നാല്‍പ്പിന്നെ ഞങ്ങള്‍ ബ്രാഹ്മണരാവാമെന്നു വച്ചു. പച്ചക്കറി വിററുതുടങ്ങി. അപ്പോള്‍ ചുററുപാടുമുള്ള കച്ചവടക്കാര്‍ ചേര്‍ന്നു് വില കുറച്ചുവിററ് ഞങ്ങളെ പൊളിപ്പിച്ചു. അതിനുപിന്നിലും ആ കളളന്‍ തന്നെ…”

“പിന്നെ ഇതേ വഴിയുള്ളു. ദേഹം മുഴുവന്‍ പേനകള്‍. തിരക്കുള്ള സ്ഥലത്തേക്ക് നടന്നുചെന്ന് വില്ക്കാമല്ലോ. സഞ്ചാരസ്വതന്ത്ര്യം. നാസറിപ്പോള്‍ അതാ, ആ സ്റ്റേഷന്റെ മുന്നിലുണ്ട്.”

ഞാന്‍ ചിരിച്ചു. “സ്വന്തം ശരീരത്തിന് വാടക വേണ്ടല്ലോ.”

“അങ്ങനെയല്ല ചേട്ടാ” ബാലന്‍ തിരുത്തി. “ശരിക്കും ശരീരം വിററു ജീവിക്കുകയാണ് ഞാനിപ്പോള്‍. ദേഹത്തെ ഓരോ ഇഞ്ചിനും വിലയുണ്ട്.”

ആ കണ്ടുമുട്ടലിനു ശേഷം കുറച്ചുദിവസമായിക്കാണും. മകളുടെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മോളുണ്ടായത്. അതുകൊണ്ട് ഓരോ വാര്‍ഷികവലയവും കൃത്യമായി എണ്ണിയിരിക്കണമെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമായിരുന്നു. പിറന്നാള്‍ ദിവസമാണ് ഹിജഡകള്‍ ഫ്ളാററിനു മുന്നില്‍ വരുന്നത്. അന്നവര്‍ക്ക് ഭക്ഷണവും പണവും കൊടുക്കണം ഹിജഡകളെ പ്രീതിപ്പെടുത്തുന്നത് പുണ്യമാണെന്ന് എല്ലാവരും പറയുന്നു. ഞങ്ങൾക്കതില്‍ വിശ്വാസമുണ്ടായിട്ടില്ല. കുട്ടിയുടെ കാര്യത്തില്‍ ഒരു റിസ്ക്കെടുക്കേണ്ടല്ലോ. തന്നെയുമല്ല, അതെങ്ങാനും ഹിജഡകളറിഞ്ഞാല്‍ ഉപദ്രവിക്കാനും മതി. ഇതെല്ലാം കേട്ടറിവുകളായിരുന്നു. പുണ്യം നേടിത്തരുന്ന ഇവര്‍ തന്നെ തെറിപറയാനും പുച്ഛവും ദേഷ്യവും തോന്നിയാല്‍ ഉടുതുണി പൊക്കിക്കാണിച്ച് ആക്ഷേപിക്കാനും മടിക്കുകയില്ല.

കുഞ്ഞുടുപ്പുകളണിയിച്ച് മകളെ ഞങ്ങളൊരുക്കിനിര്‍ത്തി. ഹിജഡകള്‍ വരുന്നതിനു മുമ്പ് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. സരളയുടെ ആവശ്യപ്രകാരം, ഇത്തവണ മറ്റൊരു ചടങ്ങുകൂടി… പ്രയാസപ്പെട്ടാണെങ്കിലും മകള്‍ മൂന്നു മെഴുകുതിരികള്‍ ഊതിക്കെടുത്തി. ടിവിയില്‍ കേള്‍ക്കാറുള്ള റ്റ്യൂണുകളില്‍ ഹാപ്പി ബര്‍ത്ഡേ പറഞ്ഞു.

ഉച്ചയോടെ ഹിജഡകള്‍ വന്നു.

ബേബി എന്ന് എല്ലാവരും വിളിക്കുന്ന ഹിജഡയായിരുന്നു മുന്നില്‍. കണ്ണകള്‍ നീട്ടിയെഴുതി, മഞ്ഞയും ചുവപ്പും കലര്‍ന്ന ഒരു തരം നീണ്ട പാവാട ധരിച്ച്. മേല്‍ച്ചുണ്ടില്‍ വടിച്ചുകളഞ്ഞ മീശയുടെ നിഴല്‍. ബലിഷ്ഠമായ കൈകള്‍. എല്ലാവരം കുഞ്ഞിനുചുററും നിന്ന് തപ്പുകൊട്ടിക്കളിച്ചു. ഏതൊക്കെയോ പാട്ടുകള്‍ പാടി. അവള്‍ കരയുമോയെന്ന് ഞങ്ങള്‍ ഇക്കുറിയും പേടിച്ചു: ഇല്ല, അവളും അതാസ്വദിക്കുന്നതായി തോന്നി. ഭക്ഷണത്തിനും സമ്മാനമായിക്കൊടുത്ത പഴയ ഉടുപ്പുകള്‍, ഇവയ്ക്കെല്ലാം ഹിജഡകളുടെ പ്രത്യേകം പാട്ടുണ്ടായിരുന്നു.

അവര്‍ പോയിതിനുശേഷം ഞങ്ങള്‍ വിശ്രമിക്കുകയായിരുന്നു. താഴെ നിന്നുള്ള ആഹ്ലാദാരവങ്ങള്‍ കുഞ്ഞലകളായി മുറിയിലും വന്നുകൊണ്ടിരുന്നു.

“നോക്കൂ, ആ ബേബി ഇന്നു കുട്ടിയെ ഉമ്മവെച്ചു. എനിക്കാകെ മനം പിരട്ടുന്നതുപോലെ തോന്നി.” മകളുടെ മുഖത്ത് സോപ്പിട്ട് കഴുകിക്കൊണ്ടു വന്നപ്പോള്‍ സരള പറഞ്ഞു. പിന്നെ അവളുടെ മുടി കൊതിയൊതുക്കാന്‍ തുടങ്ങി.

അപ്പോള്‍, ഒട്ടും പ്രതീക്ഷിക്കാതെ ബാലന്‍ വന്നു.

“പുറത്തൊരു മേളയാണല്ലോ ചേട്ടാ. അവററയ്ക്കൊക്കെ മൂക്കുമുട്ടെ ഭക്ഷണം കിട്ടിയെന്ന് പറഞ്ഞു. മോളുടെ പിറന്നാളാണല്ലേ, അവരിപ്പോള്‍ എന്റെ വലിയ കമ്പനിയാണ്. ആ പേരിൽ എനിക്കും ഒരില ചോറുതരണം. ഒരൊഴിവുകഴിവും പറയരുത്.”

അവന്‍ മകളെ വാരിയെടുത്ത് മുകളിലേക്കുയര്‍ത്തി. അന്നെന്തു കൊണ്ടോ സരള അതൃപ്തി കാട്ടില്ല.

“അമ്മ നിങ്ങളെ രണ്ടുപേരേയും അന്വേഷിച്ചു.”

അമ്മയ്ക്ക് സുഖമാണ്. കഴിഞ്ഞ മാസം കുറച്ച് രൂപ അയക്കാന്‍ സാധിച്ചു. ഇത്തവണ അതു നടക്കുമെന്ന് തോന്നുന്നില്ല.

“അതെന്താ, നിന്റെ പേനക്കച്ചവടത്തിനെന്തുപററി?”

“അതു നടക്കുന്നുണ്ട്… പക്ഷേ എത്രനാളാണന്നറിഞ്ഞുകൂടാ. ഇന്നലെ ബഡാദാദ നാസറിനെ തല്ലിനിരപ്പാക്കി. അവന്റെ പേനകളൊക്കെ വലിച്ചെറിഞ്ഞു. മുഖത്തൊക്കെ നീരുവന്നിരിക്കുകയാണ് പാവം.”

“നിനക്കുവല്ലതും പററിയോ?”

“ഇല്ല, കുറച്ചുനാളായി ഞാന്‍ അയാള്‍ക്ക് കരം കൊടുക്കുന്നുണ്ട്. ഇനി വേണോ എന്നാണാലോചന.”

“ബാലാ, വഴക്കിനുപോകേണ്ട. നമ്മുടെ നാടല്ലല്ലോ.”

“നമ്മുടെ നാടാണെങ്കില്‍…” അവനരിശത്തോടെ പറഞ്ഞു. “ഇവനൊക്കെ എന്നേ തട്ടിപ്പോയേനെ. ചിലപ്പോള്‍ എനിക്കങ്ങ് ഇരച്ചുകയറും”.

രണ്ടുമണിയുടെ ഉച്ച വെയിലിലേക്ക് ബാലന്‍ ഇറങ്ങി. ഒപ്പം എന്തോ വാങ്ങാനായി ഞാനും. ഹിജഡകള്‍ സന്തോഷത്തോടെ ഞങ്ങളെ എതിരേററു. പാട്ടും നൃത്തവും തുടര്‍ന്നു.

“നമ്മുടെ സുന്ദരി ഉണ്ണിമോന്‍ ഇപ്പോഴുമുണ്ടോ?”

നാട്ടിലെ നപുംസകത്തെക്കുറിച്ച് ഞാന്‍ ബാലനോട് തിരക്കി. പാതിപുരുഷ ശബ്ദമുള്ള മുടിവെട്ടിയ, സ്ത്രീകള്‍ക്കൊപ്പം മാത്രം കൂലികിട്ടുന്ന ഉണ്ണിമോന്‍, അയാള്‍ ഞങ്ങള്‍ക്കൊരു സമസ്യയായിരുന്നു. അയാളുടെ നടപ്പ്. ഇരിപ്പ്, വസ്ത്രധാരണം (അയാളൊരു പച്ചമുണ്ടു മാത്രം ധരിച്ചു) ഒരിക്കലും ഷേര്‍ട്ടിട്ടുകാണാത്തതുകൊണ്ട് അയാള്‍ക്ക് സ്ത്രീകളെപോലെ മുലകളില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഉണ്ണിമോനെ കാണുമ്പോൾ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കിച്ചിരിച്ചു. ചില വികൃതികള്‍ കല്ലെടുത്തെറിഞ്ഞു. പ്രായമായവര്‍ ചിലരെങ്കിലും ‘സുന്ദരീ’ എന്ന് പ്രേമപൂര്‍വ്വം വിളിച്ചു. അവന്റെ നഗ്നതയിലെ അപാരമായ ശൂന്യതയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഞങ്ങളെ അസ്വസ്ഥരാക്കി.

“ഇപ്പോള്‍ കാണാറില്ല.” ബാലന്‍ പറഞ്ഞു.

“ഈ ഹിജഡകളെ ദാദ വിരട്ടാന്‍ ചെന്നത്രെ… അവററ ആരെ പേടിക്കാനാണ്. തുണി പൊക്കിക്കാട്ടി അയാളെ നാണം കെടുത്തി. ഒന്നോര്‍ത്താല്‍ അയാള്‍ക്കെന്തുനാണം! ഇവററയാണ് അയാളുടെ ദൌര്‍ബല്യം എന്നും കേള്‍ക്കുന്നുണ്ട്…”

“നീയിതെല്ലാം പഠിച്ചുകഴിഞ്ഞല്ലോ…”

“അതാണു കേള്‍വി. ഒന്നുണ്ട്. ഇവരൊരു ഗുണ്ടയെ അവഗണിക്കുന്നുണ്ടല്ലോ. അത്രയും ആശ്വസം.”

ഞങ്ങള്‍ പിരിഞ്ഞ് കുറച്ചു നടന്നതും ബാലന്‍ തിരികെ വിളിച്ചു.

“പറയാന്‍ വന്ന കാര്യം മറന്നു ചേട്ടാ. ഇനി കത്തൊക്കെ എനിക്ക് നേരിട്ട് വരും. ചെറിയ അഡ്രസ്സായിട്ടുണ്ട്…”

കവലയുടെ വടക്കേത്തെരുവിനടുത്ത ഒരു ഇരുണ്ട ഗലിയുടെ വിലാസം അവനെനിക്കുതന്നു.

“അങ്ങോട്ടൊക്കെ ഒന്നിറങ്ങൂ. നമ്മുടെ മാളികയില്‍ ആറേഴുപേരുണ്ട്. പരിചയപ്പെടാം. കാര്യങ്ങളൊക്കെ അറിയാന്‍ പുറത്തൊക്കെ ഇറങ്ങുന്നതു നല്ലതല്ലേ?”

“വരാം.” ഞാന്‍ പറഞ്ഞു.

“ഊണു നന്നായെന്ന് ചേച്ചിയോട് പറയാന്‍ വിട്ടു… നിങ്ങളെ ഞാന്‍ വിലാസം കൊടുത്ത് കുറെ ബുദ്ധിമുട്ടിച്ചു അല്ലേ?”

മുറിയില്‍ വന്നപ്പോള്‍ മറ്റൊരു കാര്യം പെട്ടെന്നെനിക്കോര്‍മ്മവന്നു. ബാലനിപ്പോള്‍ ദാദയുടെ ശത്രുവാണ്. ഞാനും അവനും തമ്മില്‍ ബന്ധപ്പെടുന്നത് അയാളറിഞ്ഞാല്‍ ഉപദ്രവമാകും. ഏതായാലും ഭാഗ്യം തന്നെ അവനൊരു വിലാസമുണ്ടല്ലോ.

അന്നു വൈകീട്ട് തെരുവില്‍ പതിവില്ലാത്ത വിധം ആള്‍ക്കൂട്ടം കണ്ടു. ഹിജഡകളുമുണ്ട്. മുഖഭാവങ്ങള്‍ അളക്കാന്‍ മുകളില്‍ നിന്നാവുകയില്ല. അഹ്ലാദിക്കുകയോ, കരയുകയോ എന്നറിഞ്ഞുകൂടാ. പക്ഷേ, എന്തോ പതിവില്ലാതെ സംഭവിച്ചിട്ടുണ്ട് എന്ന അറിവ് ഞങ്ങളെ അസ്വസ്ഥരാക്കി.

അടുത്ത ഫ്ളാററിലെ സര്‍ദാര്‍ പറഞ്ഞു; ബഡാദാദയെ ആരോ വെട്ടിയത്രെ. പക്ഷേ, കാര്യമായി ഏററില്ല. ചെറിയ മുറിവേ ഉള്ളു. അയാള്‍ ഹാലിളകി നടക്കുകയാണ്. എല്ലാവരും കയറി വീട്ടിനുളളിലിരിപ്പായി. വെളിച്ചം കുറഞ്ഞ തെരുവുവിളക്കുകള്‍ക്ക് താഴെ അലഞ്ഞുതിരിയുന്ന ഹിജഡകള്‍ മാത്രം ബാക്കിയായി. അവര്‍ സ്വന്തം നിഴലുകൾ അളന്നു നടന്നു.

ഏഴരമണിയുടെ വാര്‍ത്തകള്‍ ടി. വിയില്‍ കഴിഞ്ഞു. പുറത്ത് ബഹളമാണ്; വെളിച്ചവും പന്തങ്ങളുമായി ഒരു സംഘം പേര്‍ അലറിവിളിച്ചുനടക്കുന്നു.

“ആ ജനലുമടച്ചേക്കൂ.” സരള പറഞ്ഞു. “വല്ലതുമെടുത്തെറിഞ്ഞാലോ. ഭാഗ്യത്തിന് കുഞ്ഞ് ഉറങ്ങി.”

തെരുവിലെ വെളിച്ചങ്ങള്‍ മിക്കവാവും ഞങ്ങള്‍ക്കന്യമായി.

തെല്ലിട കഴിഞ്ഞപ്പോള്‍ വാതിലില്‍ ശക്തമായ മുട്ടുകേട്ടു.

കോളിങ്ങബെല്ലല്ല. ഇടവിട്ടുള്ള മുടുകള്‍…!

ബഡാദാദ…

അയാളുടെ നെററിയില്‍ ഒരു തുന്നലുണ്ട്. പഴയ മുറിപ്പാടിനടുത്തുതന്നെ. കൈമുട്ടിനുതാഴെ ചുററിക്കെട്ടിയിരിക്കുന്നു. ആയുധങ്ങളും വടികളുമൊക്കെയായി കുറെ ആളുകള്‍ അകമ്പടി കൂടിയിരിക്കുന്നു.

“അനിയാ, ആ പട്ടി ഇവിടെയുണ്ടോ? സാവധാനം നിര്‍ത്തിനിര്‍ത്തി ദാദ ചോദിച്ചു. ഞാന്‍ ഒരു ഹിന്ദി സിനിമ കാണുകയാണെന്നു വിചാരിച്ചു.

“ആരാണ് ദാദാ?”

വിറയ്ക്കുന്നത് പുറത്തുകാട്ടാതെ ഞാന്‍ അയാളെ നോക്കി.

“അവന്‍… നിന്റെ നാട്ടുകാരന്‍ ഒരു പട്ടി. അവനെ എനിക്കു വേണം. ചിലതു തീര്‍ക്കാനുണ്ട് ഞങ്ങള്‍ തമ്മില്‍…”

“ഇവിടെയില്ല ദാദാ”

അയാള്‍ സംശയത്താടെ എന്നെ നോക്കി.

“ദാദ നോക്കിക്കോളൂ” ഞാന്‍ ഉറപ്പോടെ പറഞ്ഞു.

അതു പറഞ്ഞതും അനുചരന്‍മാര്‍ മുറിയിലേക്ക് കടക്കാന്‍ തുനിഞ്ഞു. മുറിവിന്റെ കെട്ടുള്ള കൈയുയര്‍ത്തി ദാദ അവരെ തടഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു.

“അവനെ കണ്ടാല്‍ ബഡാദാദ പുറകിലുണ്ടെന്ന് പറയണം. അവന്റെ ആസനം ഞാന്‍ പിളര്‍ത്തും…”

തെരുവില്‍ പന്തങ്ങള്‍ ഉലഞ്ഞ്, മറ്റേ അററം ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ വെളിച്ചം ജനലിലൂടെ വന്നു. കുററപ്പെടുത്തുന്ന മട്ടില്‍ സരള എന്നെ നോക്കിയിരിപ്പാണ്. ‘ആദ്യമേ പറഞ്ഞതല്ലേ’ എന്ന മട്ടില്‍.

അര മണിക്കൂര്‍ കഴിഞ്ഞതേയുള്ളു. ആരവങ്ങള്‍ വിദൂരമായപ്പോള്‍ കോളിങ്ങ്ബെല്ലടിച്ചു. ദാദയല്ല (അയാള്‍ മുട്ടുകയേ ഉളളു) ഞാന്‍ സരളയെ നോക്കി. അവള്‍ എന്നെയും. ആരും ശ്രദ്ധിക്കാതെ ടി. വി. യിലെ പരസ്യങ്ങള്‍ വന്നും പോയുമിരുന്നു. കുറച്ചുനേരം. പിന്നെയും ബെല്ലടിച്ചു. ഓര്‍മ്മപ്പെടുത്തല്‍ പോലെ.

വാതില്‍ തുറന്നപ്പോള്‍ — ബാലനാണ്. അവനാകെ വിയര്‍ത്തും ചെളിപുരണ്ടുമിരിക്കുന്നു.

“രക്ഷിക്കണം ചേട്ടാ… നാസറാണ് വെട്ടാന്‍ നോക്കിയത്. ഞാനൊന്നുമറിഞ്ഞിട്ടില്ല.”

ഞാന്‍ അമര്‍ഷത്തോടെ അവനെ നോക്കി.

“കഷ്ടകാലത്തിന് ഞാനയാള്‍ക്ക് കരംകൊടുക്കില്ലെന്നു പറഞ്ഞു പോയി. സന്ധ്യയ്ക്ക്… അതുകഴിഞ്ഞാണ് എല്ലാം നടന്നത്. അയാളിപ്പോള്‍ എന്റെ പിന്നിലുണ്ട്. ഞാനും നാസറും കൂടിയായിരുന്നു എന്നാണയാളുടെ ധാരണ…”

“അതിന്?” ‍ഞാന്‍ ശബ്ദമെടുത്തു ചോദിച്ചു.

“ഇന്നു രാത്രി ഞാനിവിടെ കൂടട്ടേ ചേട്ടാ… ഇനി അയാള്‍ ഇവിടെ വരില്ല. കാലത്തെഴുന്നേററ് ഞാന്‍ പോകാം. മറ്റെങ്ങോട്ടെങ്കിലും…നാട്ടിലേക്കായാലും”

“ബാലാ…” ആവുന്നത്ര ശാന്തനായി ഞാന്‍ വിളിച്ചു. “ഗുണ്ടകള്‍ തമ്മിലുള്ള അടിയാണ്. നീയിപ്പോള്‍ പഴയ ബാലനല്ല. അവരിലൊരാളാണ്. ഞങ്ങള്‍തന്നെ പേടിച്ചാണ് ഇവിടെ കൂടുന്നത്. ഒരു കുടുംബത്തിന്റെ ബുദ്ധിമുട്ട് നിനക്കറിയില്ല. ഇനി നീയല്ല അയാളെ വെട്ടിയതെന്ന് ആര്‍ക്കറിയാം.”

“ഇന്നു രാത്രി ഞാനെവിടെയൊളിക്കും?”

“നരകത്തില്‍!” എനിക്ക് വല്ലാതെ ദേഷ്യംവന്നു. “എവിടെയായാലും എനിക്കെന്താണ്? ഞാന്‍ പറഞ്ഞോ നിന്നോട് നാസറിനോടൊപ്പം കൂടാന്‍. കരം കൊടുക്കാതിരിക്കാന്‍ നിനക്കെന്താ പ്രത്യകത? ഇവിടെ നിന്റെ നാട്ടിലെ കൊടിയും വടിയുമൊന്നു നടക്കില്ല.”

“ചേട്ടാ പ്ലീസ്. ‍ഞാനെന്തും കേള്‍ക്കാം.”

“ഞാന്‍ പറയുന്നത് നീ കേള്‍ക്ക്. ഇപ്പോള്‍ പറുത്തുപോ.”

വാതില്‍ ശക്തിയായടച്ച് ഞാന്‍ കിതച്ചു ആ ദുഷ്ടന്‍ ദാദ ഇപ്പോള്‍ കയറിവന്നാല്‍?

സരള പറഞ്ഞു: “ഓരോരുത്തന്മാര്‍ വരും… ജീവിക്കാന്‍ വിടില്ല. ദാദയും കൂദയും. കെട്ടിയെടുത്ത് കുറേ നാട്ടുകാരും!”

പടവുകളിറങ്ങിപ്പോകുന്ന ശബ്ദം. തീര്‍ച്ചയായും അവനത് കേട്ടിരിക്കണം. വാതിലടക്കുമ്പോള്‍ അവനെന്നെ ദയനീയമായി നോക്കിയത് ഒരു മുള്ളായി ബാക്കി കിടന്നു.

പൊടുന്നനെ ആരവങ്ങള്‍ തിരിച്ചുവന്നു പന്തങ്ങള്‍ പൈശാചികമായി നൃത്തംവെച്ചു. അട്ടഹാസങ്ങള്‍ മുഴങ്ങി ഇടയില്‍ ഹിജഡകള്‍ കൂവുകയോ, കരയുകയോ ചെയ്തു. എന്തെല്ലാമോ തകര്‍ന്നടിയുന്ന ശബ്ദം തുടര്‍ന്നു.

രാത്രിയില്‍ ഈ നപുംസകങ്ങല്‍ എന്തുചെയ്യുകയാണാ? നിലവിളികളും ഘോരമായ മുഴക്കങ്ങളും കഴിഞ്ഞ് ഏറെ നേരമായപ്പോള്‍ ചുഴററുന്ന സൈറണ്‍ വിളികളുമായി പോലീസ് വാഹനങ്ങള്‍ വന്നു. അതു പതിവുള്ളതാണ്. ഏററവും ഒടുവില്‍ വരുന്നവരാണ് ഇവിടത്തെ പൊലീസുകാരെന്ന് പണ്ടേ ആളുകള്‍ കളിയാക്കി പറയുമായിരുന്നു. മകള്‍ക്കരികില്‍ അവളുറങ്ങുന്നതും നോക്കി ഞങ്ങളിരുന്നു. പിന്നീടെപ്പോഴോ, അകലെ സ്റ്റേഷനില്‍ നിന്നും അവസാനത്തെ ട്രെയിനിന്റെ ശബ്ദം നിലച്ചപ്പോഴും ഞങ്ങള്‍ ഉറങ്ങിയിരുന്നില്ല.

രാവിലത്തെ റേഡിയോവിലൂടെ തെരുവുകളോളം പടര്‍ന്നു പിടിച്ച ലഹകളെക്കുറിച്ച് ഞങ്ങള്‍ കേട്ടു. ചേരികള്‍ പലതും ചാരമായിരിക്കുന്നു. കവര്‍ച്ച ചെയ്യപ്പെട്ട വീടുകളും കച്ചവടസ്ഥാപനങ്ങളും. തെരുവിലിറക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയ്ക്ക് അടയാളങ്ങള്‍ പോലെ കിടന്ന അനാഥ ശവങ്ങള്‍. ഇവയ്ക്കിടെ ഉയരുന്ന കരച്ചിലിന്റെ ശബ്ദമൊഴിച്ചാല്‍ എല്ലാം മൂകമായിരുന്നു. എല്ലായിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

വിഷലിപ്തമായ പുകയുടെ മേഘങ്ങള്‍ നാളുകളോളം അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

കുറച്ചു നാളുകള്‍ കഴിഞ്ഞ് നിത്യജീവിതത്തിന്റെ ഘടികാരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ചലനങ്ങളിലേക്ക് മടങ്ങിവരുമെന്ന് തോന്നിച്ച ഒരു പ്രഭാതത്തില്‍, തീര്‍ന്നുപോയ സോപ്പും ടൂത്ത്പേസ്ററും വാങ്ങുവാന്‍ ഞാന്‍ പുറത്തിറങ്ങി. കരിഞ്ഞ പന്തങ്ങളുടേയും വടികളുടെയും ഉപേക്ഷിക്കപ്പെട്ട ഉടലുകള്‍ തെരുവില്‍ കിടപ്പുണ്ട്.

അതിനരികില്‍ ബേബി എന്ന ഹിജഡ നില്‍പ്പുണ്ടായിരുന്നു; കണ്ണെഴുതി, പൊട്ടുതൊട്ട്. എന്നെ കണ്ടതും അയാള്‍ എന്തോ വിളിച്ചുപറഞ്ഞു. എവിടെനിന്നോ മററ് ഹിജഡകളും ഓടിക്കൂടി എന്നെ വളഞ്ഞു. സ്ത്രൈണത അററുപോയ അതേ ശബ്ദത്തില്‍ അവരെന്നെ ചീത്തവിളിക്കാന്‍ തുടങ്ങി. പുരുഷ നര്‍ത്തകരുടേതുപോലുള്ള അവരുടെ കണ്ണുകളിലെ കൃഷ്ണണമണികള്‍ ഇരുവശങ്ങളിലേക്കും മാറി മാറി സഞ്ചരിച്ചിരുന്നു.

പിന്നെ എന്റെ മൗനത്തെ പരിഹസിക്കുന്നതുപോലെ നേര്‍ക്കു തിരിഞ്ഞ് അവര്‍ കടും നിറമുള്ള ചേലകള്‍ ഉയര്‍ത്തിക്കാണിച്ചു.