close
Sayahna Sayahna
Search

സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം


‌← ഇ.സന്തോഷ് കുമാർ

സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം

നാല്പതുകളുടെ തുടക്കത്തിലെപ്പോഴോ, കുന്ദംകുളത്തെ പുരാതന പ്രസാധകരായിരുന്ന ഇയ്യുണ്ണി അച്ചുക്കൂടം തങ്ങളുടെ പഴയ മരപ്രസ്സില്‍ അച്ചടിച്ച് കവലകളിലും, ആളുകള്‍ കൂടുന്ന പൂരം, പെരുന്നാള്‍, ജാഥ തുടങ്ങിയ ഉല്‍സവങ്ങളിലുമെല്ലാം കൊണ്ടുവെച്ചു വിററിരുന്ന ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള പഴയൊരു പരസ്യം എന്റെ സുഹൃത്തും ‘ദൈവവചനം’ ദ്വൈമാസികയിലെ സഹപത്രാധിപരുമായിരുന്ന ഫിലിപ്പ അക്കരയാണ് ആദ്യം കണ്ടത്. അപ്പോള്‍തന്നെ, ഞാന്‍ കേള്‍ക്കുവാനായി അയാള്‍ അതുറക്കെ വായിച്ചു. കേള്‍ക്കുമ്പോള്‍, സാധാരണമെന്നു കരുതാവുന്ന രണ്ടു വാക്കുകള്‍ യോജിച്ച് വൈദ്യുതി പ്രസരിക്കുന്നതുപോലെയായിരുന്നു. സങ്കടമോചനമോ, കൈപ്പുസ്തകമോ വേറിട്ടുള്ള നിലനില്‍പ്പില്‍ എന്നെ ആകര്‍ഷിക്കുമായിരുന്നില്ല. എന്നാല്‍ ആ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍, കാലം കഥകളിലെ പഴയ ‘കുളമ്പടിയൊച്ച’യുമായി ഏറെ പിന്നിലേക്കു സഞ്ചരിക്കുകയാണെന്നു തോന്നിച്ചു. പഴക്കമായിരുന്നു ഞാന്‍ തേടിയിരുന്നതും. പുതിയ നൂററാണ്ടിലെ സാഹിത്യത്തെ നേരിടാന്‍ ശേഷിയില്ലാത്തതുകൊണ്ടാവാം, എന്നിലെ വായനക്കാരന്‍ മരിച്ചിരുന്നു. ക്രമേണ പുതിയതു മാത്രമല്ല, പഴയ സാഹിത്യവും ഞാന്‍ മറന്നു. എങ്കിലും ആദ്യകാലം മുതല്‍ ബൈന്റു ചെയ്തുവെച്ചിരുന്ന പുസ്തകങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും ശേഖരം എനിക്കുണ്ടായിരുന്നു. അവയെല്ലാം ഒരന്ധനെപ്പോലെ ഞാന്‍ തൊട്ടുനോക്കും. ഗന്ധം പിടിക്കും. പഴയ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുകയും ശേഖരിക്കുകയും എന്റെ ആഹ്ലാദകരമായ ജോലിയായിത്തീർന്നു.

ഈയൊരു താല്പര്യമായിരുന്നു, സത്യത്തില്‍ എനിക്കും ഫിലിപ്പിനും യോജിക്കാവുന്ന മേഖല. ഫിലിപ്പ്, പക്ഷേ വേദപുസ്തകങ്ങളുടെ പഴയ പതിപ്പുകള്‍ മാത്രം ശേഖരിച്ചു. അങ്ങനെയിരിക്കെ, ഏതോ കാലനിര്‍ണ്ണയത്തിനായി എന്റെ വശമുള്ള ആഴ്ചപ്പതിപ്പുകള്‍ പരതുമ്പോഴാണ് ഫിലിപ്പ് ആ പരസ്യം കണ്ടത്. കവിശ്രേഷ്ഠന്‍ സി. കെ. ഇയ്യുണ്ണി രചിച്ച ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ വായിക്കുക എന്നായിരുന്നു അതിന്റെ ഉള്ളടക്കം. പരസ്യത്തിലേറെ അതൊരു ആഹ്വാനമാണെന്നു തോന്നും. ‘അനുകരണങ്ങളാല്‍ വഞ്ചിതരാകാത്രിക്കുക’ എന്നൊരു മുന്നറിയിപ്പും. പ്രസാധകര്‍ ഇയ്യുണ്ണി അച്ചുക്കൂടം തന്നെയാണ്. വില കാണിച്ചിരുന്നില്ല.

പാതിരിമലയാളത്തില്‍ എഴുതപ്പെട്ടിരിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ഫിലിപ്പിന് താല്പര്യമുണ്ട്. പ്രായംകൊണ്ട് മഞ്ഞ ബാധിച്ചിരിക്കാന്‍ സാധ്യതയുള്ള ആ താളുകള്‍ തൊട്ടുനോക്കണമെന്ന ഒരാഗ്രഹം വൃദ്ധകാമം പോലെ എന്നെയും ചലിപ്പിച്ചു. കുന്ദംകുളത്തോ, തൃശ്ശൂരോ ഇയ്യുണ്ണി അച്ചുക്കൂടം തേടിയുളള ഞങ്ങളുടെ അന്വേഷണം വിഫലമായിരുന്നു. അല്ലെങ്കില്‍ത്തന്നെ ഏതൊരു പ്രസാധകനാണ് ഇക്കാലത്ത് ഈയൊരു പേരില്‍ പ്രവര്‍ത്തിക്കുക? ഒന്നുകില്‍ ആ പ്രസാധകശാലയും, അതിന്റെ സാഹിത്യവും നാടു നീങ്ങിക്കാണണം. അല്ലെങ്കില്‍, പുതിയൊരു പേരില്‍, പുതിയ രീതിയില്‍ അതിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാകണം.

ആ ഊഹം ശരിയായിരുന്നു. എറണാകുളത്തുള്ള ‘മോഡേണ്‍ പബ്ലീഷേഴ്സിന്റെ’ വേരുകള്‍ പഴയ ഇയ്യുണ്ണി അച്ചുക്കൂടത്തിലാണെന്ന് ഞങ്ങള്‍ കണ്ടെത്തി. പുസ്തകത്തിന്റെ ഒരു പ്രതി കിട്ടിയാല്‍ പഴയ പുസ്തകങ്ങളും ചേര്‍ത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. മോഡേണ്‍ പ്രസ്സിന്റെ ഇപ്പോഴത്തെ ഉടമ നഗരത്തിലെ ഒരു വ്യവസായ പ്രമുഖനാണ്. മാതൃകാ വ്യവസായി എന്ന നിലയില്‍ പലതവണ അയാള്‍ വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കേട്ടു.

ആ നിലയ്ക്കുള്ള അന്വേഷണവും, പക്ഷേ ഫലപ്രദമായില്ല. മേഡേണ്‍ ബുക്സിന്റെ ശീതികരിച്ച മുറിയിലിരിക്കുമ്പോള്‍ അത്തരത്തിലൊരു പഴയ പുസ്തകത്തെക്കുറിച്ച് തിരിക്കുക എന്നതുതന്നെ ഞങ്ങളില്‍ അപകര്‍ഷതാബോധമുണ്ടാക്കി. ചരിത്രത്തില്‍ തനിക്ക് താല്പര്യമൊന്നുമില്ലെന്ന് ഉടമ സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ ഇയ്യുണ്ണി അച്ചുക്കൂടം പ്രസിദ്ധം ചെയ്ത കൃതികള്‍ സൂക്ഷിക്കാനൊന്നും മിനക്കെട്ടില്ല. അതൊക്കെ പഴയ പുസ്തകങ്ങള്‍ തൂക്കിവില്‍ക്കുന്ന ആരുടെയെങ്കിലും കൈവശം കണ്ടേക്കുമെന്നും അയാള്‍ ലാഘവത്തോടെ പറഞ്ഞു. മേഡേണ്‍ പ്രസ്സിനെയും അതിന്റെ ഉടമസ്ഥനെയും കുറിച്ച് ഫിലിപ്പ് അക്കര ചിലതെല്ലാം എഴുതിയെടുത്തു. ‘ദൈവവചനം’ ദ്വൈമാസികയുടെ അടുത്ത ലക്കത്തില്‍ ‘വിശ്വാസവും വ്യവസായവും’ എന്ന വിഷയത്തോടു ചേര്‍ത്താണ് ഫിലിപ്പ് ലേഖനമെഴുതുന്നത്. മോഡേണ്‍ ബുക്സിന്റെ പുത്തന്‍ സാഹിത്യം അതിന്റെ ഗന്ധം കൊണ്ട് കുറച്ചുനേരത്തേക്ക് ഞങ്ങളെ അലോസരപ്പെടുത്തി എന്നു മാത്രം.

ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞു. തെരിവില്‍ നിരത്തിവെച്ചിരിക്കുന്ന പുസ്തകങ്ങളുടെ വ്യാജപ്പതിപ്പുകള്‍ക്കിടയില്‍ ഈ കൈപ്പുസ്തകം ഒരു തെററുപോലെയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോയെന്ന് തിരിക്കിക്കൊണ്ട് ഞാന്‍ സായാഹ്നങ്ങളില്‍ നഗരം ചുറ്റും. നഗരത്തിന്റെ വായനശാലയില്‍, ആക്രമിക്കപ്പെട്ടതെന്ന് തോന്നുന്ന തരത്തില്‍ പുസ്തകങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടപ്പായിരുന്നു. പല തവണ ശ്രമിച്ചിട്ടും അത്തരമൊരു ഗ്രന്ഥം ആഅരാജക കേന്ദ്രത്തില്‍ നിന്നും കണ്ടെത്താനായില്ല. അതിനിടയില്‍ ഫിലിപ്പിന്റെ ലേഖനം വന്നു. ‘അക്ഷരലോകത്തെ കര്‍മ്മയോഗി’ എന്നു മോഡേണ്‍ ബുക്സിന്റെ ഉടമ വിശേഷിപ്പിക്കപ്പെട്ടു. വിവരണങ്ങള്‍ക്കിടയില്‍ ഇയ്യുണ്ണി അച്ചുക്കൂടത്തേയും അവരുടെ ആദ്യകൃതിയായ ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകത്തെയും’ കുറിച്ചുള്ള ചില സൂചനകള്‍. ഇയ്യുണ്ണി എന്ന കവിയെപ്പററിയുള്ള ചെറിയ വിവരണം.

“അങ്ങനെ ഒന്നുണ്ടായിരുന്നു,” ലൈബ്രറിയന്‍ ഓര്‍മിച്ചു. “പണ്ടാണ്. കണ്ട ഓര്‍മ്മയെ എനിക്കുള്ളൂ.” അതൊരു പ്രണയ കാവ്യമാണെന്നുകൂടി അയാള്‍ ഓര്‍ക്കുന്നുണ്ട്. (അങ്ങനെയാണെങ്കില്‍ എന്തൊരു പേര്!)

“നിങ്ങള്‍ മോഡേണ്‍ ബുക്സില്‍ ചോദിച്ചോ?” അയാള്‍ തിരക്കി.

“അവരുടെയടുത്തില്ല.”

“ഞാന്‍ അതു വായിച്ചിട്ടില്ല.” എന്തോ മറിച്ചു നോക്കിക്കൊണ്ട് ലൈബ്രേറിയന്‍ പറഞ്ഞു. “ഇതാ ഒരു വിലാസം. പാപ്പു എന്നാണ് പേര്. റീഡര്‍ പാപ്പു എന്നു പറയും. ഇയ്യുണ്ണി അച്ചുക്കൂടത്തില്‍ പഴയ പ്രൂഫ് റീഡറായിരുന്നു. ജീവിച്ചിരിപ്പുണ്ട്.” അയാള്‍ വിലാസം പറഞ്ഞുതന്നു. “അയാളുടെ അടുത്തു കാണുമോ എന്നുറപ്പില്ല. ഉണ്ടാവാന്‍ സാധ്യത കുറവാണ്.” ലൈബ്രറിയന്‍ തുടര്‍ന്നു: “കുറെക്കാലമായി അത് പുറത്തിറങ്ങുന്നുമില്ല.”

പ്രൂഫ് റീഡര്‍മാര്‍ നല്ല വായനക്കാരാവണമെന്നില്ല. അവര്‍ ഒരക്ഷരം, ഒരു വാക്ക്, ഏറിയാല്‍ ഒരു വാക്യം — ഈ അതിര്‍ത്തികള്‍ വിട്ടുപോകാറില്ല. ഒത്തുചേരുന്ന ആശയങ്ങളുടെയും കഥകളുടെയുമെല്ലാം വനഭംഗികാണാതെ ഒററ മരങ്ങളില്‍ അവരുടെ ദര്‍ശനം നിലയ്ക്കുന്നു. അവയുടെ വൈകല്യങ്ങള്‍, തിരുത്തുകള്‍ അത്രമാത്രം — അവരുടെ ലോകം തീര്‍ന്നു.

കൈപ്പുസ്തകം ഒരു പ്രണയകാവ്യമാണെന്ന അറിവ് വൈദികസാഹിത്യതല്‍പരനായിരുന്ന ഫിലിപ്പ് അക്കരയില്‍ നടക്കമുണ്ടാക്കിയിരിക്കണം. പ്രണയത്തെപ്പോലെ, പ്രണയസാഹിത്യവും അനാവശ്യമാണെന്ന് ഫിലിപ്പ് അക്കര ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ പ്രുഫ്റീഡറെ അന്വേഷിച്ചുള്ള യാത്രക്ക് അയാള്‍ ഒരുക്കമായിരുന്നില്ല.

അന്നു രാത്രി കൈപ്പുസ്തകത്തെക്കുറിച്ചുള്ള പരസ്യം ഞാന്‍ വീണ്ടും വായിച്ചു. അക്കാലങ്ങളില്‍ അതു പല ആഴ്ചകളായി തുടര്‍ന്നുപോരുന്നുണ്ടായിരുന്നു. എത്ര നാള്‍വരെ അതിന്റെ പ്രചാരണം ഉണ്ടായിരുന്നുവെന്ന് നോക്കികൊണ്ട് എന്റെ ആ പരിശോധന നീണ്ടു. നിര്‍ഭാഗ്യവശാല്‍, ഇടയ്ക്കുവെച്ച് പല ആഴ്ചപ്പതിപ്പുകളും നഷ്ടപ്പെട്ടിരിക്കുന്നു. പിന്നീടുവന്ന പതിപ്പുകളിലാവട്ടെ, അതിനെക്കുറിച്ചുള്ള സൂചനയൊന്നും കണ്ടതുമില്ല.

പിറ്റേന്ന് പ്രൂഫ് റീഡറെ കണ്ടുപിടിക്കാനായി ഞാന്‍ അയാളുടെ താമസസ്ഥലത്തേക്കു തിരിച്ചു. ലൈബ്രേറിയന്‍ തന്ന വിലാസം ഏറെക്കുറെ വ്യക്തമാണ്. നഗരത്തില്‍ നിന്നും അത്ര അകലെയല്ലാത്ത, എന്നാല്‍ തിരക്കുകുറഞ്ഞ പ്രദേശത്തെ ഒരു വീടിന്റെ മുകള്‍ഭാഗത്താണ് അയാള്‍ താമസിച്ചിരുന്നത്.

ഒരു പക്ഷേ, അയാളെ അന്വേഷിച്ചുവരുന്ന ആദ്യത്തെ അപരിചിതന്‍ ഞാനായിരിക്കുമോ? “എന്നെത്തന്നെയാണോ?” എന്ന് അയാള്‍ പലതവണ

സംശയം തീര്‍ക്കുകയുണ്ടായി. പ്രായം വളരെയേറെ തോന്നിച്ചിരുന്ന ആ മനുഷ്യന്‍ എന്റെ ചൊദ്യവും പ്രതീക്ഷിച്ച് ചാരുകസേരയില്‍ കിടന്നു. ഞാന്‍ ആലോചിച്ചു. പരിചയപ്പെടുത്താന്‍ ഒന്നുമില്ല. എന്താണ് ഒരു തുടക്കത്തിനായി ഞങ്ങള്‍ക്കിടയിലുള്ളത്? ഞാന്‍ ‘സങ്കടമോചനത്തിനുള്ള കൈപ്പുസ്തകത്തെ’ക്കുറിച്ചുതന്നെ ചോദിച്ചു.

അയാള്‍ ചിരിച്ചു. “അത്ഭുതമായിരിക്കുന്നു. ഇക്കാലത്തും അതിനെപ്പററി ചോദിക്കുക. നിങ്ങള്‍ക്കറിയാമോ – ഈയിടെ ‘ദൈവവചനം’ എന്ന മാസികയിലും ഞാനതു കണ്ടു. പ്രാര്‍ത്ഥനയ്ക്കുള്ള മാസികയിലാണ് പ്രേമ കവിതയുടെ പരാമര്‍ശം.”

“ആ ലേഖനം എന്റെ സുഹൃത്ത് എഴുതിയതാണ്.”

“ഉവ്വോ?” അയാള്‍ ഒന്നുകൂടി ചിരിച്ചുകൊണ്ട് തുടര്‍ന്നു. “എങ്കില്‍ അതില്‍ ഒന്നുരണ്ടു തെററുകളുണ്ടെന്ന് സുഹൃത്തിനോടു പറയണം.”

ഞാന്‍ വൃദ്ധനെ നോക്കിയിരുന്നു.

“ഒന്നാമത്, ഇയ്യുണ്ണി അച്ചുക്കൂടം ഇറക്കിയ ആദ്യത്തെ പുസ്തകമാണെന്ന ധാരണ. അതിനുമുമ്പ് എത്രയോ പുസ‌്തകങ്ങളിറങ്ങിയിരുന്നു.”

“അതൊരു അച്ചടിപ്പിശകാവാം” ഞാന്‍ വെറുതെ പറഞ്ഞു.

“അച്ചടിപ്പിശകുകള്‍!” അയാള്‍ കുറച്ചിട ആലോചിച്ചു. “എന്തോ, ആ പുസ്തകത്തിനും അച്ചടിപ്പിശകുകളുടെ ചരിത്രമാണ്.”

ഈ മനുഷ്യന് അതിനെക്കുറിച്ച് അറിവുണ്ടെന്നുതോന്നുന്നു. “പിന്നെ” അയാള്‍ നോക്കി, “ലേഖനത്തില്‍ സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം ഇയ്യുണ്ണി രചിച്ചതാണന്നല്ലേ?”

“അതേ, പരസ്യങ്ങളിലും അങ്ങനെയാണല്ലോ.”

“പരസ്യങ്ങള്‍” പാപ്പു ആലോചിച്ചു. “പരസ്യങ്ങള്‍ മാത്രമല്ല. പല പതിപ്പുകളിലും ഇയ്യുണ്ണിയുടെ പേരാണ്. പക്ഷേ ഇയ്യുണ്ണിയല്ല അതെഴുതിയത്.”

പിന്നെ ആരാണ് അതിന്റെ കര്‍ത്താവ്? ഒരു പ്രേമകഥ മറ്റൊരാളുടെ പേരില്‍ പുറത്തിറങ്ങിയെന്നുള്ളത് എനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് ഞാന്‍ പാപ്പുവിനോട് പറഞ്ഞു.

“വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ,” പാപ്പു എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പതുക്കെപ്പറഞ്ഞു. “എന്നാല്‍ അതാണു സത്യം. ഇയ്യുണ്ണി ഒരു നിരക്ഷരനായിരുന്നു.”

കാര്യങ്ങള്‍ കുറെക്കൂടി അവ്യക്തമാവുകയാണ്. കൈപ്പുസ്തകത്തിനുമേല്‍ ആരോ നിഗൂഢതയുടെ ഞൊറിവുകള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്.

* * *

“വലിയ അമ്പലങ്ങള്‍, പളളികള്‍, ഗോപുരങ്ങള്‍, പാലം, കെട്ടിടം, പ്രസ്ഥാനങ്ങള്‍” അല്പനേരം ആലോചിച്ചുകൊണ്ട് പാപ്പു പറഞ്ഞു. “എന്നു വേണ്ട, ഏതിന്റേയും ഉറപ്പിനു പിന്നില്‍ ഒരു നരബലിയുടെ ചരിത്രം കാണും.”

അയാള്‍ ഒരു കഥ പറയാന്‍ തുടങ്ങുന്നതു പോലുണ്ടായിരുന്നു.

“മോഡേണ്‍ ബുക്സിനുപിന്നിലും അതുണ്ട്.” അയാള്‍ ഒന്നിളകിയിരുന്നു.

“ചമരു,” പാപ്പു ആ പേര് ദൈവനാമമെന്നതുപോലെ ഉച്ചരിച്ചു. “തേലക്കര ചമരു. അതായിരുന്നു അയാളുടെ പേര്. മുട്ടിറങ്ങാത്ത മുണ്ടും മുഷിഞ്ഞ കുപ്പായവും ധരിച്ച കുററിത്താടിയുള്ള ഒരു കറുത്ത, കുറിയ മനുഷ്യന്‍, തലനരച്ചിരുന്നു. കണ്ടാല്‍ വലിയ പ്രായം തോന്നും. പക്ഷേ, ചെറുപ്പമായിരുന്നു.” കുറെ നേരം പാപ്പു നിശ്ശബ്ദനായിരുന്നു. വീട്ടിനുള്ളില്‍ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലെന്നു തോന്നുന്നു. പാപ്പുവിന്റെ ചെറിയസ്വരത്തിനുപോലും വലിയ മുഴക്കം. ജനാലകളില്‍ പിടിപ്പിച്ചിരുന്ന മുഷിഞ്ഞ കര്‍ട്ടനുകള്‍ നേര്‍ത്ത കാററില്‍ ഇളകിയാടി.

“ഓരോ വാക്കു പറയുമ്പോഴും ചമരു ചുമയ്ക്കും. ക്ഷയമായിരുന്നു. അക്കാലത്ത് അതൊരു മാറാരോഗമാണ്. ഏതോ ചില കള്ളക്കേസുകളില്‍ കുടുങ്ങി ജയിലില്‍ ഇടികൊണ്ടു കിടന്നതിന്റെ ഫലമായിരുന്നു ഈ ക്ഷയം.”

“അന്നൊരു ദിവസം ഉച്ച സമയത്ത് ഒരു കെട്ടു കടലാസ്സുമായി ഈ ചമരു ഇയ്യുണ്ണി അച്ചുക്കൂടത്തില്‍ കയറിവന്നു. ഞാനന്ന് തീരെ ചെറുപ്പമാണ്. പ്രസ്സില്‍ അധികകാലമായിട്ടില്ല. പഠിപ്പുകുറവാണെങ്കിലും അക്ഷരങ്ങളറിയാം. ശകലം വായനയും. വീട്ടില്‍ ബുദ്ധിമുട്ടുണ്ട്. ഇയ്യുണ്ണിമാപ്ല എന്തെങ്കിലും തരും. അതിനുമാത്രം മെച്ചത്തിലല്ല പ്രസ്സും. ചില പുരാണ ഗ്രന്ഥങ്ങളും മറും വിററുപോകും എന്നുമാത്രം.”

“ചമരു ഒരു കവിത എഴുതിക്കൊണ്ടുവന്നിരിക്കുകയാണ്. സാധനം അച്ചടിക്കാന്‍ പററുമോ എന്നറിയാന്‍. ചോദിക്കാനും ധൈര്യം കുറവ്. ആജാനുബാഹുവായ ഇയ്യുണ്ണി ചമരുവിനെ ഒന്നു നോക്കി ‘പിന്നെ വാ’ എന്നു പറഞ്ഞു. സത്യത്തില്‍ കവിത എന്നു കേട്ടാല്‍ അയാള്‍ക്കു കലി വരും. പക്ഷെ ആയിടയ്ക്ക് രമണന്‍ വിററുപോകുന്നുണ്ടെന്ന് അയാള്‍ കേട്ടിരുന്നു. ഒരല്പം അശ്ലീലവും മേമ്പാടിയുമൊക്കെയുള്ള സാഹിത്യത്തോടാണ് ഇയ്യുണ്ണിയുടെ ചായ്‌വ്. അതും വായിക്കാനൊന്നുമല്ല. വിറ്റുപോകുമെന്ന തോന്നല്‍. കവിത എന്നെയാണ് ഏല്‍പ്പിച്ചത്. രാത്രിയില്‍ പ്രൂഫ് വായിക്കുന്നതുപോലെത്തന്നെ വരിവിടാതെ ഞാനതു സൂക്ഷിച്ചുവായിച്ചു. വാസ്തവം പറഞ്ഞാല്‍ എന്റെ കണ്ണുനിറഞ്ഞു. അത്ര സങ്കടമായിരുന്നു അതിലെ ഇതിവൃത്തം. ഇത്രയും സുന്ദരമായൊരു കാവ്യം ഈ വിരൂപനായ മനുഷ്യനെക്കൊണ്ടെഴുതിച്ചതില്‍ എനിക്കു ദൈവത്തോടുള്ള മതിപ്പ് വര്‍ദ്ധിച്ചു. ആ പുസ്തകം ദുഃഖങ്ങള്‍ക്കുള്ള നിവാരണമാര്‍ഗംപോലുമായിരുന്നു. സങ്കടങ്ങള്‍ കൊണ്ടുതന്നെയുള്ള ഒരു സ്നാനം.”

“പിറ്റേന്ന് ഞാന്‍ ഇയ്യുണ്ണിയോടു പറഞ്ഞു. ഇയ്യുണ്യാപ്ലേ ഇത് അച്ചടിക്കണം. രമണനേക്കാളും നന്നായി വിൽക്കും.”

ഇയ്യുണ്ണി ഒന്നു രണ്ടു ജീവിനക്കാരെയും കൂടി കാണിച്ചു. സംഗതി ചെലവാകുമെന്ന് തോന്നിയപ്പോള്‍ കയ്യെഴുത്തി പ്രതിയെടുത്ത് കവിതയുടെ ഭാരം അളക്കുന്നതുപോലെ പറഞ്ഞു. “ഒരമ്പതു പേജ് വരും.”

മറ്റൊരുച്ച ചമരു വീണ്ടും വന്നു. “ചമര്വോ, നിന്റെ കവിത തരക്കേടില്യ. അച്ചടിക്കാന്‍ നോക്കാം. വല്യ കാശൊന്നും പ്രതീക്ഷിക്കണ്ട. തയ്യാറാണ്ങ്കില് ഒരു കരാറെഴുതാം. ഒരു മനഃസമാധാനത്തിന്. ചെറിയൊരുകാശ് ഞാന്‍ തരും. ആലോചിച്ചു തീരുമാനിക്ക്.”

ചമരുവിന് ആലോചിക്കാനൊന്നുമില്ല. അയാള്‍ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വരുമോയെന്ന് ഞാന്‍ സംശയിച്ചു. കരാര്‍ പിറ്റേന്നുതന്നെ ഒപ്പിട്ടു. ഒന്നുമെഴുതാതെ ഒരു മുദ്രപത്രം. താഴെ ചമരുവിന്റെ ഒപ്പ്. ഒപ്പുകളില്‍ വലിയ വിശ്വാസം തോന്നാത്തതുകൊണ്ടാവാം, ഇയ്യുണ്ണി ചമരുവിന്റെ വിരലടയാളവും വെയ്പിച്ചു.

ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ പുസ്തകം തയ്യാറായി. നല്ല അച്ചടിയോ കടലാസോ ഒന്നുമില്ല. ഒരു പുസ്തകം എന്നുപറയാമെന്നുമാത്രം. പുസ്തകം ആയോ എന്നറിയാന്‍ അതിനിടെ ചമരു പല തവണ വന്നിരുന്നു. തയ്യാറായ പുസ്തകത്തിന്റെ താളുകള്‍ മറിച്ചുകൊണ്ട് അയാള്‍ അഭിമാനത്തോടെ നില്‍ക്കുന്ന രംഗം ഞാനോര്‍ക്കുന്നുണ്ട്.

– പിന്നെപിന്നെ ആ മുഖത്തെ സന്തേഷം ഇല്ലാതായി.

“എന്താ ചമര്വോ? എങ്ങനീണ്ട്?” ഇയ്യുണ്ണി ചോദിച്ചു.

“ഒരു കാര്യം വിട്ടുപോയി” ചമരു പറഞ്ഞു.

“എന്താദ്?”

“എന്റെ പേരില്ല്യ.”

ഇയ്യുണ്ണി പുസ്തകം വാങ്ങി തിരിച്ചും മറിച്ചും ചിത്രപാഠം പോലെ പരിശോധിച്ചു. അവിശ്വാസത്തോടെ എന്റെ നേരെ നോക്കി.

“പേരു വിട്ടുപോയി.” കുററബോധത്തോടെ ഞാന്‍ പറഞ്ഞു. ഇയ്യുണ്ണി എന്നെ പിരിച്ചുവിടുമെന്ന് ഞാന്‍ പേടിച്ചു.

“ആട്ടെ.” കുറച്ചുനേരത്തിനുശേഷം ഇയ്യുണ്ണി ചമരുവിനോട് സമാധാനം പറഞ്ഞു: “മ്മക്ക് അതെഴുതിച്ചേര്‍ക്കാം. അല്ലെങ്കില് വില്‍ക്കുമ്പോ ഞങ്ങള് പറഞ്ഞോളാം. ചമരു ഇപ്പ പൊയ്ക്കൊ.”

കിട്ടിയ ചെറിയ തുകയുമായി ചമരു മടങ്ങി. ആ ചുമകള്‍ മാത്രം അച്ചുക്കുടത്തിന്റെ ശബ്ദങ്ങള്‍ക്കിടയ്ക്ക് തങ്ങിനില്‍ക്കുന്നുതുപോലെ. വില്പനയുടെ സമയത്തും ചമരുവിന്റെ പേര് ഉപേക്ഷിക്കപ്പെട്ടു. വില്‍പ്പന നന്നായി നടന്നു. ഒരു പതിപ്പുകൂടി വന്നു. അവിടെ നിന്നാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. അതില്‍ ചമരുവിന്റെ പേരു വേണ്ടെന്നു തന്നെ ഇയ്യുണ്ണി ചട്ടംകെട്ടി.

“ഇപ്പ വിററുപോണ്‌ണ്ട്. ഇനി ആ പേരും വെച്ചോണ്ട് വഴി മൊടക്കണ്ട.” ഗ്രന്ഥകര്‍ത്താവിന്റെ പേരിലും മറ്റും ഇയ്യുണ്ണി വിശ്വസിച്ചുതുടങ്ങിയിരുന്നില്ല. ചമരു ഒരപശകുനമായേക്കുമെന്ന് അയാള്‍ പേടിച്ചിരിക്കണം. അന്നൊക്കെ ശകുനങ്ങളില്‍ വിശ്വസിക്കാത്ത ആരുമില്ല. തന്നെയുമല്ല ഇയ്യുണ്ണി അച്ചുക്കൂടത്തിലെ പതിവുകാരായിരുന്ന ചില മലയാളം മുന്‍ഷിമാരും കാവ്യ നിരൂപകരും ഈ കൃതിയെ പ്രശംസിച്ചു. ഇയ്യുണ്ണി കേള്‍ക്കെത്തന്നെയായിരുന്നു സ്തുതി. ഇതിന്റെ പിന്നില്‍ ഇയ്യുണ്ണി തന്നെയല്ലേയെന്ന് കാവ്യനിരൂപകര്‍ സംശയം പ്രകടിപ്പിക്കുകയും. ഇയ്യുണ്ണി അതില്‍ വീണു. ഒരു പു‌ഞ്ചിരിയോടെ, മറുപടിപറയാതെ എല്ലാം കേട്ടിരുന്നു. അതാണ് അയാളുടെ തന്ത്രം. ഒന്നും അറിയില്ലെന്ന് ആരോടും സമ്മതിക്കില്ല. ഒരു പുഞ്ചിരിയില്‍ ഒരു ലോകംതന്നെ ഒളിപ്പിക്കും എന്നൊക്കെ പറയാറില്ല?

മൂന്നാമത്തെ പതിപ്പില്‍ ഗ്രന്ഥകര്‍ത്താവ് മറനീക്കിവന്നു. കവിശ്രേഷ്ഠന്‍ സി. കെ ഇയ്യുണ്ണി.

ചമരു ഓടിപ്പിടഞ്ഞ് പ്രസ്സില്‍ കയറിവന്നു. നിര്‍ത്താതെ ചുമച്ചു.

“കൊരയ്ക്കാണ്ട് കാര്യ പറയ് നീയ്യ്” ഇയ്യുണ്ണി ആവശ്യപ്പെട്ടു.

“കൊലച്ചത്യായി ഇയ്യുണ്യാപ്ലെ,” ചമരു വീണ്ടും ചുമച്ചു.

“നെനക്കെന്തെങ്കിലും തരാം ചമര്വോ. ഇങ്ങനെപോട്ടെ.” അതിലത്ര തെറ്റൊന്നും ഒരു ശുദ്ധകച്ചവടക്കാരനായ ഇയ്യുണ്ണി കണ്ടില്ല. കുറച്ചു തുക കൊടുത്താല്‍ പ്രശ്നം തീരുമെന്ന് അയാള്‍ കരുതി.

“കുടുട്യോളെ കാശിനു ചോദിക്കണ പോല്യാണ്” ചമരു വിങ്ങിപ്പൊട്ടി. “നിങ്ങക്കെതിരെ ഞാന്‍ കേസുപൂവ്വും.”

ഭീഷണി കേട്ടപ്പോള്‍ ഇയ്യുണ്ണി ജ്വലിച്ചു. “കേസു കൊടുക്ക്വോ! കരാറ് എന്റടുത്താണ്. അതില് എനിക്ക് തോന്നീതെഴുതീണ്ടാക്കും ഞാന്‍. നീ ജേലീന്ന് വന്നതല്ലേ ചമര്വോ. നിന്നെ അവടയ്ക്കയക്കാനും എനിക്ക് വഴീണ്ട.”

ജയിലെന്നു കേട്ടതും ചമരുവിന്റെ ധൈര്യമെല്ലാം മാഞ്ഞു. അയാളുടെ കവിതയിലെയും പ്രതിസ്ഥാനത്ത് ജയിലും ഭരണകൂടവുമൊക്കെയായിരുന്നു. പടിയിറങ്ങുമ്പോള്‍ ചമരു ആത്മവിശ്വാസം വീണ്ടെടുത്തതുപോലെ തോന്നി. “ഒരു കവിത്യല്ലേ നിങ്ങളു കട്ടുള്ളു.” ചമരു ചുമച്ചുകൊണ്ടു വിളിച്ചുപറഞ്ഞു. “ഞാനൊരു കവ്യാണ്. മനസ്സു കക്കാന്‍ നിങ്ങക്കാവ്വോ? ഇതിലും നല്ലത് ഇനീം ഞാനെഴുതും.”

ശാപം നിറഞ്ഞ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഇയ്യുണ്ണി ഭയന്നു. ഈ പറയുന്നത് സംഭവിക്കുമോ? ഇനിയും എഴുതി ചമരു തന്നെ തോല്‍പ്പിച്ചാല്‍? കൈപ്പുസ്തകത്തിന്റെ വില്‍പ്പന ഏറിവരികയാണ്. അതെല്ലാം കണ്ടുകൊണ്ടാണ് ഇയ്യുണ്ണി പുതിയ അച്ചടിയന്ത്രങ്ങൾ ഏല്‍പ്പിച്ചിരിക്കുന്നത്. തൃശൂരിലും എറണാകുളത്തും വില്‍പനശാലകള്‍ തുറന്നത്. എല്ലാ ശാഖകളും സാഹിത്യസംവാദങ്ങളുടെ കളരിയാണിപ്പോള്‍.

“ചമരു പിന്നെ എഴുതിയോ?” ഞാന്‍ ചോദിച്ചു.

“കൈപ്പുസ്തകത്തേക്കാള്‍ കൂടുതല്‍ ദുഃഖകരമായ കവിതകള്‍ക്ക് ചമരു ശ്രമിച്ചു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. വരികളില്‍ ചമരു മുടന്തി. വാക്കുകളെ വിക്കുബാധിച്ചു. നല്ലൊരു വരിയോ കെല്‍പുള്ള കഥയോ കിട്ടാതെ ചമരു പനിപിടിച്ചവനെപ്പോലെ വിറച്ചു. അയാള്‍ സ്വയം അനുകരിച്ചു. പല വരികള്‍പോലും കൈപ്പുസ്തകത്തിലേതായിരുന്നു.”

“പിന്നെ എഴുതി. ഒന്നല്ല, രണ്ടു കവിതാ പുസ്തകങ്ങള്‍.” ‘കണ്ണീരിന്റെ കരിങ്കടല്‍,’ ‘ആലംബഹീനര്‍ക്ക് ഒരത്താണി’ എന്നിങ്ങനെ. സകലതും വിററ് അയാള്‍ അത് തൃശ്ശൂരിലെ ഒരു പ്രസ്സില്‍ അച്ചടിപ്പിച്ചു. ഇയ്യുണ്ണി ആ ഗ്രന്ഥങ്ങള്‍ വരുത്തി വായിച്ചുകേട്ടു. പഴയതുപോലെ, ഈ രചനകളും അയാള്‍ക്കു മനസ്സിലായില്ല.

മുഖസ്തുതിക്കാരായ മുന്‍ഷിമാര്‍ വിലയിരുത്തി:

– ഇതനുകരണമാണ്.

– ന്ന്വച്ചാല്‍? ഇയ്യുണ്ണി പരുങ്ങി.

– പകര്‍പ്പ്! നമ്മടെ കവിത കോപ്പ്യടിച്ചയ്ക്ക്യല്ലേ കള്ളന്‍. ഒന്നാമത്തെ മുന്‍ഷി ഒരു വരി വായിച്ചു. കൂടെയിരുന്ന കാവ്യനിരൂപകര്‍ അതിനു സദൃശമായ ഒരു വരി കൈപ്പുസ്തകത്തില്‍ നിന്ന് വായിച്ച് ഉറക്കെ ചിരിച്ചു.

– ശരിക്ക് പിടിച്ചോ ചമരു ജേല്യേപ്പോവും. അവര്‍ പറഞ്ഞു.

– അതുവരട്ടെ. വേറെന്താ വഴി? ഇയ്യുണ്ണി ചോദിച്ചു.

മുന്‍ഷിമാര്‍ ആലോചിച്ചു:

– പരസ്യം കൊടുക്കണം. പററിക്കപ്പെടരുത്. അനുകരണങ്ങളില്‍ കുടുങ്ങരുത്. യഥാര്‍ത്ഥമായ ‘സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം’ വാങ്ങി വായിക്കുക…

പരസ്യം വന്നു. ആഴ്ചപ്പതിപ്പുകളിലും, വില്‍പനശാലകളുടെ മുന്നിലും എല്ലാം. പ്രചരണം മൂലം ഇയ്യുണ്ണിയുടെ ഗ്രന്ഥം കൂടുതല്‍ വ്യാപകമായി വില്‍ക്കപ്പെട്ടു. ഒരു സ്വീകരണം നടത്തണം എന്നായി സ്തുതിപാഠകര്‍. സ്വീകരണത്തിന് മുണ്ടശ്ശേരിയെ കൊണ്ടുവരും. ടെക്സ്ററ് ബുക്കാക്കണം എന്ന് കാവ്യ നിരൂപകര്‍ ആവശ്യപ്പെട്ടു. അവരുടെയും ചില പുസ്തകങ്ങള്‍ ഇയ്യുണ്ണി അച്ചുക്കൂടം പ്രസാധനം ചെയ്തു.

ചമരുവിന്റെ ശരീരത്തെ ക്ഷയവും മനസ്സിനെ സ്വന്തം സാഹിത്യവും പീഡിപ്പിച്ചു കൊണ്ടിരുന്നു. പല നീരുപകരെയും അയാള്‍ കണ്ടു സങ്കടം പറഞ്ഞു. “ഒര് തെളിവുല്ല്യ. അതില്ല്യാണ്ട് ഞങ്ങളെന്തു പറയും? പിന്നെ തന്റെ ഈ രണ്ടു കവിതകളും കണ്ടാ അതാരോ സമ്മതിക്ക്യ? വൃത്തം ശരിയായിട്ടില്ല. പ്രാസഭംഗീണ്ടോ? അതുല്ല്യ. ചമര്വോ, അസൂയപ്പെട്ടിട്ട് കാര്യല്ല്യ, ഇയ്യുണ്ണി ഒരു പ്രതിഭാസാണ്.”

ചമരു തോററു. അയാള്‍ക്ക് സ്വന്തമായി പിന്നെ ഒന്നും ശേഷിച്ചിരുന്നില്ല. അററകൈക്ക് അയാളൊരു പ്രയോഗം നടത്തി —

ഒരു ദിവസം അച്ചുക്കൂടെ തുറക്കാന്‍ ചെല്ലുമ്പോള്‍ മുമ്പിലെ ഉത്തരത്തിന്മേല്‍ തുറന്നുവെച്ച കണ്ണുകളുമായി ചമരു കിടന്നാടുന്നു. ചെറ്യൊരു കാററടിച്ചാ മതി. അപ്പൂപ്പന്‍താടിപോലെ ഇളകും. കഴുത്തില്‍ വലിയൊരു എഴുത്ത്: “ഇത് അനുകരണമല്ല. തേലക്കര ചമരു.” ആ കണ്ണ്യേ നോക്ക്യാ അറിയാം. ചമരുന് ഇനി ഒന്നും പറയാനില്ല്യ.

മനസ്സിലാവാത്ത അക്ഷരങ്ങള്‍ നോക്കി ഇയ്യുണ്ണി കിതച്ചു. മലയാള ലിപികള്‍ക്ക് ക്ഷുദ്രശക്തിയുണ്ടെന്ന് അയാള്‍ക്കു തോന്നി.

ഇയ്യുണ്ണിയുടെ പണം കേസൊതുക്കിയതുകൊണ്ട് എല്ലാം രഹസ്യമായി അവസാനിച്ചു. എങ്കിലും തുറന്ന കണ്ണുകളുമായി ചമരു തന്നെ പിന്തുടരുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. രാത്രികളില്‍ ചമരുവിന്റെ ചുമകള്‍ അയാളുടെ ഉറക്കത്തെ പിഴുതെറിഞ്ഞു. അയാള്‍ക്ക് പേടിയായി. സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം പിന്നെ അച്ചടിക്കാതായി. ഉള്ളവതന്നെ പിന്‍വലിക്കപ്പെട്ടു.

കാലക്രമേണ അത്തരം പ്രണയകാവ്യങ്ങള്‍ ഇല്ലാതായി. ഭാഷ മറ്റൊരു വഴി കണ്ടെത്തി അതിന്റെ യാത്ര തുടര്‍ന്നു.

അച്ചുക്കൂടത്തിന്റെ ചുമതല ഇയ്യുണ്ണി മക്കളെ ഏല്‍പ്പിച്ചു. അയാള്‍ രോഗബാധിതനായിക്കഴിഞ്ഞിരുന്നു. ഒടുവില്‍, സാഹിത്യ അക്കാദമിയിലെ ഒരു ഛായാചിത്രമായി അയാള്‍ അവസാനിച്ചു. സാഹിത്യ നിരൂപകരും മലയാളം മുന്‍ഷിമാരും പിന്നെ അയാളെ ഓര്‍മ്മച്ചതേയില്ല.

പാപ്പു പറഞ്ഞുനിര്‍ത്തി. “ഇയ്യുണ്ണീടെ പേര്ളള ഒരു പുസ്തകം ഇവിടെ കാണും. അതോര്‍ക്കുമ്പോഴെല്ലാം എനിക്കു കുററബോധമാണ്. എന്റെ ഒരു പിഴവാണ് എല്ലാത്തിനും കാരണമെന്നും തോന്നും. അടുത്ത ദിവസം വരു. ഞാനത് തെരഞ്ഞുവെക്കാം.”

പക്ഷേ, പിന്നെ ഞാന്‍ അവിടെ പോയതേയില്ല. ഇയ്യുണ്ണിയുടെ പേരച്ചടിച്ച ആ വ്യാജഗ്രന്ഥം കാണണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു.

പിന്നീട്, പഴയ ആഴ്ചപ്പതിപ്പുകളിലൂടെ കടന്നുപോകുമ്പോഴെല്ലാം ഒരു കാര്യം ഞാനോര്‍മ്മിച്ചു. ചില എഴുത്തുകാര്‍, പുസ്തകങ്ങള്‍, ഒരുപക്ഷേ, സാഹിത്യശാഖകള്‍പോലും ഭാഷയില്‍നിന്നും തിരോധാനം ചെയ്യുന്നുണ്ട്. ഒരു വ്യക്തി മരിക്കുമ്പോള്‍, പ്രായശ്ചിത്തമെന്നോണം തങ്ങളുടെ പരിമിതമായ ഭാഷയില്‍നിന്നും ഒരു വാക്കുവീതം ഉപേക്ഷിക്കുന്ന ഒരാദിമ ഗോത്രത്തെക്കുറിച്ച് പണ്ടൊരിക്കല്‍ ഞാനൊരു നോവലില്‍ വായിച്ചിരുന്നു. നോവലുകള്‍ അങ്ങനെയാണ് — എല്ലാം കാലേക്കൂട്ടി പ്രവചിക്കും. ജീവിതം അവയുടെ ഛായ മാത്രമാണെന്നു തോന്നാറുണ്ട്.

— എന്റെ ഭാഷയില്‍, തേലക്കര ചമരുവിനു വേണ്ടി ഉപേക്ഷിക്കപ്പെടേണ്ട വാക്ക് ഏതാണ്?