close
Sayahna Sayahna
Search

നദിക്കരയിലേയ്ക്ക്


‌← ഇ.സന്തോഷ് കുമാർ

നദിക്കരയിലേയ്ക്ക്
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

നദിക്കരയിലേയ്ക്ക്

കാട്ടില്‍ നിന്നുള്ള വഴി ചെമ്മണ്‍ പാതയില്‍ ചേരുന്നിടത്ത്, ദൂരെ ഒരു കാളവണ്ടി പ്രത്യക്ഷപ്പെട്ടു. കാഴ്ചയില്‍ അത് ഒരു ചിത്രത്തിലേതുപോലത്രയും ചെറുതായിരുന്നു. ക്രമേണ, ചിത്രത്തിലെ കാളകള്‍ വലിപ്പമുള്ള ജീവികളായി, കുടമണികള്‍ കിലുക്കി അടുത്തുവരാന്‍ തുടങ്ങി.

വഴിക്കിണറിന്റെ അടുത്ത് ഒരു വലിയ മരത്തിന്റെ താഴെ ഇരുന്നുകൊണ്ട് കുട്ടി കാളവണ്ടി ശ്രദ്ധിച്ചു. വണ്ടിക്കാരന്‍ ഇറങ്ങിയശേഷം കാളകളെ അഴിച്ചിടുകയാണിപ്പോള്‍. അയാള്‍ കിണററില്‍ നിന്നും വെളളം കോരി ആദ്യം സ്വയം കുടിച്ചു; പിന്നെ പഴയൊരു കലം നിറയ്ക്കാന്‍ തുടങ്ങി. തലക്കട്ടായി ഉപയോഗിച്ചിരുന്ന മുഷിഞ്ഞ കാവിനിറമായ തുണികൊണ്ട് മുഖം തുടച്ച്, വലിയൊരു ഭാരമെടുക്കുന്നതുപോലെ കലം പൊക്കി കാളകളുടെ മുന്നിലേക്കുവച്ചു. കാളകള്‍ രണ്ടും വെളളം കുടിച്ചുകൊണ്ടു നില്ക്കുന്നത് കുട്ടി കൌതുകത്തോടെ നോക്കി. കലത്തിലെ വെളളം തീര്‍ന്നപ്പോള്‍, ഒരു കടല്‍ വറ്റിച്ചപോലെ കാളകള്‍ അയാളെ നോക്കി തലയാട്ടി. അയാള്‍ വീണ്ടും കലം നിറച്ചെങ്കിലും കാളകള്‍ മുഖം കുനിച്ചതേയില്ല.

കുട്ടി എഴുന്നേററ് കാളവണ്ടിയുടെ അരികിലായി ഒതുങ്ങിനിന്നു. വണ്ടിയുടെ പുറകുഭാഗത്ത് പനന്തട്ടികൊണ്ടു മറച്ച കൂട്ടിലേക്ക് അവന്‍ നോക്കി. ആ കൂടിന് വീര്‍ത്ത പളളകളുണ്ടായിരുന്നു. എന്തോ ഓര്‍ക്കുന്നതുപോലെ ഒരു കാള പതുക്കെ തലയാട്ടി. തലയാട്ടിക്കൊണ്ടുളള അതിന്റെ നില്പ് അവനു വളരെ ഇഷ്ടമായി. മടിച്ചുമടിച്ച് അവന്‍ വണ്ടിക്കാരനോടു ചോദിച്ചു. “…ഞാനുമ്പോരട്ടേ?”

കലം കമിഴ്ത്തി ബാക്കിവന്ന വെളളം കളഞ്ഞുകൊണ്ട് വണ്ടിക്കാരന്‍ അപ്പോള്‍ ആദ്യമായി അവനെ നോക്കി. തുണിയെടുത്ത് തലയില്‍ കെട്ടുന്നതിനിടയില്‍ അയാള്‍ പതുക്കെപ്പറഞ്ഞു: “വേണ്ട, എടല്യ.” അവന്‍ എവിടെ നിന്നാണെന്നോ, എങ്ങോട്ടാണെന്നോപോലും അയാള്‍ ചോദിച്ചില്ല. കുട്ടിക്കു വിഷമം തോന്നിയെങ്കിലും അവന്‍ ഒന്നും പറയാതെനിന്നു. വണ്ടിക്കാരന്‍ കാളകളെ തഴുകുമ്പോള്‍ അവയുടെ കഴുത്തിലെ കുടമണികള്‍ ശബ്ദിച്ചു. അവയുടെ കൊമ്പുകളില്‍ പച്ചയും ചുവപ്പും ചായംപൂശിയിരുന്നു. ഇടത്തേ കൊമ്പില്‍ പച്ച; വലത്ത് ചുവപ്പ്. മുതുകില്‍ ഉയര്‍ന്നുനിന്ന മുഴകള്‍. അത്ര ഭംഗിയുള്ള കാളകളെ അവന്‍ ആദ്യമായി കാണുകയായിരുന്നു.

സന്ധ്യയായിരുന്നു. നിരയൊപ്പിച്ച് പക്ഷികളുടെ ഒരു കൂട്ടം മടങ്ങിപ്പോകുന്നതുകണ്ടു. അവന്‍ പാട്ടയില്‍ ബാക്കിവന്ന വെളളം കുറെ കുടിച്ചു, കൈകാലുകള്‍ കഴുകി. പാട്ട നിലത്തുവച്ചപ്പോള്‍ അതില്‍ കെട്ടിയിരുന്ന ദ്രവിച്ചുതുടങ്ങിയ കയര്‍ പാമ്പിനെപ്പോലെ ചുരുണ്ടുവീണു.

വണ്ടിക്കാരന്‍ കാളകളെ പൂട്ടി. പഴയൊരു റാന്തലെടുത്തു കത്തിച്ച് വണ്ടിക്കുതാഴെ ഒരു തണ്ടില്‍ തൂക്കി. അതിന്റെ വെളിച്ചം കൊണ്ടുമായ്ക്കാവുന്ന ഇരുട്ടൊന്നുമുണ്ടായിരുന്നില്ല, എങ്ങും. അയാള്‍ അവനെ ശ്രദ്ധിക്കാതെ, മുന്‍വശത്തുവന്ന് വണ്ടിയില്‍ കയറിയിരുന്നു. പണി കഴിഞ്ഞുമടങ്ങുന്ന ചില സ്ത്രീകള്‍ അയാളെ നോക്കി കണ്ണിറുക്കുകയും പരസ്പരം ചിരിക്കുകയും ചെയ്തു. അയാള്‍ വിചിത്രമായൊരു ശബ്ദത്തില്‍ കാളകളോട് എന്തോ പറഞ്ഞു. കല്പന കൈക്കൊണ്ട കാളകള്‍ പതുക്കെ നടന്നുതുടങ്ങി.

കുട്ടി തനിച്ചായി. ഒരു നിമിഷം, എന്തുചെയ്യണമെന്നറിയാതെ അവന്‍ അകന്നുപോകുന്ന കാളവണ്ടിയും നേക്കിനിന്നു. പാതയില്‍ നോക്കെത്താവുന്നത്ര അകലത്തില്‍ അപ്പോള്‍ മററാരുമുണ്ടായിരുന്നില്ല. കുറച്ചുനേരം അങ്ങനെ ഒററയ്ക്കുനിന്നപ്പോള്‍ അവനുപേടി തോന്നി. പിന്നെ, ഒരിക്കല്‍കൂടി പുറകിലേക്കു തിരിഞ്ഞുനോക്കിയ ശേഷം അവന്‍ ആ വണ്ടിയെ പിന്തുടര്‍ന്ന് സാവധാനം നടന്നു. അതിന്റെ ചക്രങ്ങളുടെ ക്രമം തെററിയ കരച്ചിലുകള്‍, കാളകളുടെ കുടമണികളുടെ കിലുക്കം, ഞെട്ടി വിളിക്കുന്നതുപോലെ ഇടയ്ക്കിടെ വണ്ടിക്കാരന്റെ ഒച്ചകള്‍ — എല്ലാം കുറച്ചു കഴിഞ്ഞപ്പോള്‍ അവനു സ്വാഭാവികമായി. കാളകള്‍ എത്രദൂരം നടന്നു കഴിയുമ്പോഴാണ് അയാള്‍ ആ വിചിത്ര ശബ്ദം പുറപ്പെടുവിക്കുന്നതെന്ന് അവനു കൃത്യമായി പറയാമെന്നായിരിക്കുന്നു.

രാത്രിയായിക്കഴിഞ്ഞു. റാന്തലിന്റെ ഇളകുന്ന വെളിച്ചം ഇരുട്ടിനെ കുറെ ദൂരത്തേക്കു തെളിച്ചുകൊണ്ടുപോകുന്നതുപോലെ തോന്നിച്ചു. പനമ്പട്ടകൊണ്ടുണ്ടാക്കിയ ആ കൊച്ചുകൂട് വണ്ടിക്കാരനെയും കാളകളെയും അവന്റെ കാഴ്ചയില്‍ നിന്നും മറച്ചിരുന്നു. എതിരെ വരുന്ന അപൂര്‍വ്വം ചില വണ്ടികള്‍, ആള്‍ക്കൂട്ടങ്ങള്‍, മുനിഞ്ഞു കത്തുന്ന വിളക്കുകളുടെ അടയാളം വച്ച ചില കുടിലുകള്‍ ഇവയെക്കാണുമ്പോഴെല്ലാം വണ്ടിക്കാരന്‍ കൂടുതല്‍ ശബ്ദമെടുക്കും. അതുകേട്ടാല്‍ കാളകള്‍ അല്പം ധൃതിവയ്ക്കുകയായി. അപ്പോള്‍ വണ്ടിക്കൊപ്പമെത്താന്‍ കുട്ടിക്ക് ഓടേണ്ടിവരും.

“പിന്നെന്തുണ്ടായി?” വണ്ടിക്കാരന്‍ ഉറക്കെചോദിച്ചു. കുട്ടി അമ്പരന്നു. താന്‍ പിന്തുടരുന്നത് അയാള്‍ അറിഞ്ഞുവോ? അല്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞിരുന്നുവോ? അവന്‍ ശ്രദ്ധിച്ചു; അല്ല — അയാള്‍ ഒരു കഥ പറയുകയാണ്. അയാള്‍ കാളകളെ ശാസിക്കുന്നു. അവയോടു സംസാരിക്കുന്നു,

കഥകള്‍ പോലും പറയുന്നു. കുട്ടിക്ക് സന്തോഷം തോന്നി.

അയാള്‍ പറയുന്നത് ഒരു ചെമ്പോത്തിന്റെ കഥയായിരുന്നു എങ്കിലും കഥയുടെ തുടക്കമില്ലായ്മ അവനെ വിഷമിപ്പിച്ചു. ഒരു തുടര്‍ച്ചയില്‍ നിന്നും ആരംഭിച്ച കഥ, പക്ഷേ കാളകളെ അലോസരപ്പെടുത്തിയിരുന്നില്ല. അത് ആസ്വദിക്കുന്ന മട്ടില്‍ അവ നടത്തം തുടര്‍ന്നു.

അയാള്‍ കഥയുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍, കുട്ടി പാതയുടെ ഒരു വശത്തേക്കു നീങ്ങി മുന്നോട്ടുനോക്കി. നേരിയ കാററുവീശുമ്പോള്‍ ഇലകള്‍ അനങ്ങിയിരുന്നു. അനങ്ങുന്ന ഇലകള്‍ക്കിടയിലൂടെ. ദൂരെ വെളിച്ചങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും മായുകയും ചെയ്യുന്നത് അവന്‍ കണ്ടു. ഈ രാത്രിയും അതിന്റെ മൂകതയെ മുറിച്ചു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാളവണ്ടിയും റാന്തലിന്റെ പപ്പടവട്ടത്തിലുള്ള വെളിച്ചവും ദൂരത്തെ മ്ലാനമായ വിളക്കുകളുമെല്ലാം ആ വണ്ടിക്കാരന്റെ കഥയില്‍ നിന്നുള്ള ഒരു ഭാഗം പോലെയുണ്ടായിരുന്നു.

നാലഞ്ചു മരബഞ്ചുകള്‍ നിരത്തിയിട്ട ഒരു വഴിയോര ഭക്ഷണശാലയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. നല്ല പ്രകാശമുളള ഒരു വിളക്ക് അവിടെ കത്തിച്ചു വച്ചിരിക്കുന്നു. നാലുപേര്‍ ഒരു ബെഞ്ചിലിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. വലിയ കുടങ്ങളും ചുറ്റികകളുമെല്ലാം നിലത്ത് നിരത്തിവച്ചിരിക്കുന്നതില്‍ നിന്നും അവര്‍ കല്പണിക്കാരാണെന്നു തോന്നി. അതിലൊരാള്‍ അഭിനയിച്ചുകൊണ്ട് ഏതോ സിനിമാക്കഥ വിവരിക്കുകയാണ്. ഒരു സ്റ്റണ്ടുരംഗം വര്‍ണ്ണിക്കുമ്പോള്‍ ശ്രോതാക്കളിലൊരുവന്‍ ആവേശത്തോടെ തന്റെ ഗ്ലാസെടുത്ത് ബഞ്ചിലിടിച്ചു.

വണ്ടിയില്‍നിന്നും ചാടിയിറങ്ങി നിവര്‍ന്നുനിന്ന് വണ്ടിക്കാരന്‍ കൈകള്‍ കുടഞ്ഞു. മറ്റൊരു ബെഞ്ചിലിരുന്നു് മാവുകുഴച്ചുകൊണ്ടിരുന്ന കച്ചവടക്കാരന്‍ പരിചയഭാവത്തില്‍ ചിരിച്ചു. “ഇത്തിരി വൈക്യോ?”

“ഇല്ല്യ, സമയമുണ്ട്. കാലത്തേക്കാ” വണ്ടിക്കാരന്‍ പറഞ്ഞു.

“ഏതായീ കുട്ടീ?” ചായക്കടക്കാരന്‍ അവനെ നോക്കി.

“കുട്ട്യോ?” വണ്ടിക്കാരന്‍ അപ്പോഴാണ് അവനെ കാണുന്നത്. “നീയെങ്ങനെ വന്നു?” അയാള്‍ വിസ്മയം കൊണ്ടു. “നടക്ക്വേ?”

കുട്ടി തലയാട്ടി.

“ആവൂ. കാല് തേഞ്ഞ്ട്ടുണ്ടാവൂലോ.” അയാള്‍ക്ക് കുററബോധമുണ്ടായിരുന്നു. “കേശ്വേട്ടാ. നല്ലൊരു ചായ്ട്ക്ക്വാ. ഈ ചെക്കന്‍ങ്ങനെ നടന്നുകൂട്ടുംന്ന് ഞാനറിഞ്ഞില്ല്യ.”

“എവട്ത്ത്യാ ഇവന്‍?”

“ആവോ! കുറെ മുമ്പ് വണ്ടീക്കേറട്ടേന്ന് ചോദിച്ചു. സ്ഥലല്ല്യാന്ന് ഞാമ്പറഞ്ഞതാ. അല്ല സ്ഥലല്ല്യേനും. എന്നാലും ഇത്ര നടന്ന്…!”

അവര്‍ രണ്ടുപേരും അവനെത്തന്നെ നോക്കുയായിരുന്നു.

“ചോറണ്ടാവ്‌ല്യേ, കേശ്വേട്ടാ?” വണ്ടിക്കാരന്‍ ചോദിച്ചു.

“രാത്രി ഇപ്പോ പൊറോട്ടേട പണ്യാണ്.”

“പൊറോട്ട. അത് തിന്നാല് എര വിഴുങ്ങ്യപോല്യാ. ശരി. ഇബനും കൊടുക്ക്വാ.”

“വേണ്ട.” കുട്ടി മടിയോടെ അവരെ നോക്കി.

“സാര്യല്ല്യ. നീ തിന്നോ. ഒന്നുല്ല്യേലും ഇത്ര നടന്നുകൂട്ടീല്ല്യേ.”

കഥ പറഞ്ഞിരുന്ന പണിക്കാര്‍ ഭക്ഷണം മതിയാക്കി എഴുന്നേററു. കൂടങ്ങളും ചുററികകളും എടുത്ത് തോളില്‍ വച്ച് വരിയൊപ്പിച്ച വലിയ ഉറുമ്പുകളെപ്പോലെ പുറത്തുകടന്ന് ഇരുളില്‍ മറഞ്ഞു.

“മൂരിക്കറി തിന്നുമ്പോ ചെലപ്പ സങ്കടം വരും.” വണ്ടിക്കാരന്‍ പറഞ്ഞു. “കൊറേക്കഴിഞ്ഞാ മ്മടെ കാളോള്‍ടെ ഗതി!”

“അതൊക്കെ ഓര്‍ത്താ ജീവിക്കാമ്പറ്റ്വോ. നമ്മളല്ലെങ്ങി വേറാള്‍ക്കാര് തിന്നും.” കച്ചവടക്കാരന്‍ ചിരിച്ചു. “പണ്ടൊക്കെ വെട്യെറച്ചി കിട്ട്യേരുന്നു…”

“അയ്യയ്യോ, ഇപ്പ വെട്യെറച്ചീന്ന് കേട്ടാ ജെയിലിലാവും.” വണ്ടിക്കാരന്‍ പേടിയഭിനയിച്ചു.

“അല്ലാ, നിയൊന്നും കൊണ്ടന്നില്ല്യേ?” അയാള്‍ പ്രതീക്ഷയോടെ വണ്ടിക്കാരനെ നോക്കി.

“ഒക്കെ തിയ്യിട്ടുകളഞ്ഞുത്രേ ഗാഡന്‍മാര്. ദാ ഇപ്പ മര്ന്ന്ന്ണ്ട്. രണ്ടു പൊകയ്ക്കിള്ളത് കേശ്വേട്ടന്‍ വയ്ക്ക്യാ.” വണ്ടിക്കാരന്‍ മടിക്കുത്തില്‍ നിന്നും രണ്ടു ബീഡിയെടുത്ത് അയാള്‍ക്കു കൊടുത്തു. നിധി വാങ്ങുന്നതുപോലെ അയാള്‍ അതേററുവാങ്ങി.

അവര്‍ കാളവണ്ടിക്കരികിലേക്കു നീങ്ങുമ്പോള്‍ കുട്ടി ശ്രദ്ധിച്ചു. ഏതോ ഒരു സുഗന്ധം കാററിലൂടെ വരുന്നില്ലേ?

“ആട്ടെ, ഇന്നന്തോ കോളുണ്ടല്ലോ?” കടക്കാരന്‍ എത്തിനോക്കിക്കൊണ്ട് പറഞ്ഞു.

“ഏതോ കാശുകാരനാന്നാ തോന്നണേ. ആള്‍ക്കാരൊക്കെ എത്തീട്ടുവേണം.” പിന്നെ ഒരു രഹസ്യം പോലെ അയാള്‍ ശബ്ദം താഴ്ത്തി “പേടിണ്ടാരുന്നു. എന്നാലും ചെറുതൊന്നു മുറിച്ചു. ഇപ്പ ചുള്ള്യൊടിച്ചാ വരെ കുററാണ്.”

ചായക്കടയിലെ ചെറിയ ശബ്ദങ്ങളെയും വെളിച്ചത്തെയും കടന്ന് അവര്‍ നീങ്ങി. കുട്ടി വണ്ടിക്കാരന്റെ അരികിലിരുന്നു. ആ കുറഞ്ഞ സ്ഥലത്ത് ഇരിക്കാന്‍ വിഷമമായിരുന്നു.

“പിന്നില് തട്ടര്ത്.” വണ്ടിക്കാരന്‍ നിര്‍ദ്ദേശിച്ചു. “നീയ്യ് നടന്നു വരുമ്പോ പിന്നില് പിടിച്ച്വോ?”

“ഇല്ല്യ.” അവന്‍ പറഞ്ഞു. അയാള്‍ അവനെ സുക്ഷിച്ചു നോക്കുകയായിരുന്നു അപ്പോള്‍.

“ദെന്താ പിന്നില്?” വലിയ സന്ദേഹത്തോടെ അവന്‍ ചോദിച്ചു.

“ചെരട്ട,” അയാള്‍ കാളകളോട് വിചിത്രമായി സംസാരിക്കുന്നതിനിടയില്‍ പതുക്കെപ്പറഞ്ഞു “ശകലം വെറകും.”

“അദെന്തിനാ വെറക്?” കുട്ടി അയാളെ നോക്കി. അയാള്‍ മടിയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ച് രണ്ടുതവണ വലിച്ചു. പിന്നെ തീയണച്ച് ബീഡി വീണ്ടും മടിക്കുത്തില്‍ തന്നെ വച്ചു. ബീഡിയുടെ രൂക്ഷമായ ഗന്ധം കുറച്ചുനേരത്തേക്ക് തങ്ങിനിന്നു. അയാളുടെ കണ്ണുകള്‍ തിളങ്ങി.

“കുട്ട്യോളക്ക് അറിയില്ല ഇദൊന്നും.” വണ്ടിക്കാരന്‍ പറഞ്ഞു. “അദ്ന്ള്ള സമയായിട്ട്‌ല്യ.” പിന്നീട് ഒന്നും ചോദിച്ചില്ല. വണ്ടിച്ചക്രങ്ങള്‍ ഞരക്കത്തോടെ ഒരു കയററം കയറാന്‍ തുടങ്ങി. സന്ധ്യാസമയത്ത് അവന്‍കണ്ട കാളകളുടെ കൊമ്പിലെ വ്യത്യസ്തമായ ചായങ്ങള്‍ ഇപ്പോള്‍ ഇരുട്ടില്‍ ഒന്നായിരിക്കുന്നു…

“നീയ്യെവടന്നാ?” വണ്ടിക്കാരന്‍ ചോദിച്ചു. എന്തു പറയണമെന്നറിയാതെ കുട്ടി പിറകിലേക്ക് ചൂണ്ടുകമാത്രം ചെയ്തു. വണ്ടിക്കാരന്‍ ജ്ഞാനിയെപ്പോലെ അവനെ നോക്കി ഒന്നുമൂളി. പിന്നിലേയ്ക്കു തിരിയുമ്പോഴെല്ലാം കാറ്റിലൂടെ ഒരു സുഗന്ധം പ്രസരിക്കുന്നുണ്ടെന്ന് അവനു തോന്നിയിരുന്നു.

“പുറപ്പെട്ടു പോക്വാ?” പതുക്കെ കാളകളോടെന്നവണ്ണം അയാള്‍ ചോദിച്ചത് കുട്ടിക്കു മനസ്സിലായില്ല. കാളകള്‍ ഒന്നു നിന്നുവെന്നുതോന്നി. പിന്നെ പഴയവേഗത്തില്‍ അവ ഓടിത്തുടങ്ങി.

“എങ്ങോട്ടാ യാത്ര?” അയാള്‍ അവനെ നോക്കി. അവന്‍ ഒന്നും പറയാതെ ഇരുട്ടിലേക്കു ശ്രദ്ധിച്ചു.

“പൊഴേടടുത്തെത്ത്യാ എറങ്ങണം. അവടെവരേ ഉള്ളൂ.”

“അതെന്താ?” കുട്ടി പെട്ടെന്നു തിരിഞ്ഞു.

“കാളോള് നീന്ത്‌ല്ല്യ. അദന്നെ.” അയാള്‍ അല്പം വിഷാദത്തോടെ ചിരിച്ചുകൊണ്ടു തുടര്‍ന്നു. “എനിക്കും പുഴ വരെ അറിയൂ. അതിനപ്രം ഞാനും പോയിട്ട്ല്ല്യ.”

“തോണീ കടക്കാമ്പറ്റ്‌ല്യേ?” കുട്ടി അവന്റെ അറിവ് പ്രദര്‍ശിപ്പിച്ചു.

“കടക്ക്വേരിക്കും,” താല്പര്യമില്ലാത്ത മട്ടില്‍ വണ്ടിക്കാരന്‍ പറഞ്ഞു. “കുട്ട്യോള് അദൊന്നും നോക്കേണ്ട. ഈ പ്രായത്തില് അതിനപ്രം പോണ്ട കാര്യല്ല്യ.” അയാള്‍ കാളകളെ ശകാരിച്ചു. ചുററുപാടും നല്ല ഇരുട്ടായിരുന്നു. രാത്രിയുടെ ഏകാന്തതയെ ശപിക്കുന്ന വിധം ഒരു പക്ഷി കൂവി. വണ്ടിക്കാരന്‍ ഭയത്തോടെ പുറത്തേക്കു നോക്കി.

“വെറകുമ്മെ തൊടേണ്ട — വേദനിക്കും” അയാള്‍ കുട്ടിയോടു നിര്‍ദ്ദേശിച്ചു. പിന്നെ ഒരു മൂളിപ്പാട്ടു പാടാന്‍ തുടങ്ങി. വണ്ടിയുടെ താഴെ കൊളുത്തിയ റാന്തല്‍ അരണ്ട വെളിച്ചം ചിതറി നിഴലുകളെ ഒഴിച്ചുകൊണ്ടിരുന്നു.

“വല്താവ്മ്പോ,” പൊടുന്നനെ മൂളിപ്പാട്ടുനിര്‍ത്തി വണ്ടിക്കാരന്‍ ചിരിയോടെ ചോദിച്ചു. “നിനക്കാരാവാനാ ഇഷ്ടം?”

അവന്‍ മടിച്ചു.

“നീയ്യ് പറഞ്ഞാ, ഇവടെപ്പോ ആരും കേക്കില്ല്യ”

“ഒരു കാളവണ്ടിക്കാരന്‍” അവന്‍ തലകുനിച്ചുകൊണ്ടു പറഞ്ഞു. അയാള്‍ ഉറക്കെയുറക്കെ ചിരിച്ചു. ആ ചിരിയുടെ സ്വാഭാവികതയില്‍ ഭയന്ന കാളകള്‍ വേഗം കുട്ടിയതുപോലെ.

“നീയ്യ് എത്രവരെ പഠിച്ചു?” അയാള്‍ അന്വേഷിച്ചു.

“മൂന്ന്.” അവന്‍ മൂന്നുവിരലുകള്‍ മടക്കി.

“ഞാനും അത്രെന്ന്യാ. പക്ഷേ ഇദ്നൊക്കെ അതുമതി. നെനക്കും മതി”

നിനക്കു കൂട്ടാനറിയ്വോ?”

“കുറേശ്ശെ” അവന്‍ പറഞ്ഞു.

“ഓന്നോര്‍ത്തോ ഇതിലത്ര കണക്കുംല്ല്യാ. ഞാനാണെങ്കില് കണക്ക് തീര്‍ക്കണ പരിപാട്യാ ചെയ്യണേ.” അയാള്‍ ചിരിക്കുന്നുതന്തിനാണെന്ന് അവനു മനസ്സിലായില്ല.

അയാള്‍ ബീഡിയെടുത്ത് പിന്നെയും വലിച്ചു. കുറച്ചുചെന്നപ്പോള്‍ കാളകള്‍ക്ക് എന്തോ ആജ്ഞകൊടുത്തു. മന്ത്രം പോലുള്ള ആ വാക്കുകള്‍ കേട്ട് കാളകള്‍ പെട്ടെന്നുനിന്നു. അവര്‍ മറ്റൊരു കയററത്തിന് താഴെയായിരുന്നു അപ്പോള്‍. കുട്ടി നോക്കിയപ്പോള്‍, ഉയരത്തില്‍ ഒററവെളിച്ചം കണ്ടു. സൂക്ഷിച്ചുനോക്കിയാല്‍ ഒരു കുടില്‍ കാണാം.

“നീയ് ഇബടിരി, ത്തിരിനേരം” അയാള്‍ പറഞ്ഞു. പിന്നെ പുറത്തിറങ്ങി രണ്ടുതവണ കൂവി. അപ്പോള്‍ മറുപടിയെന്നോണം ഉയരത്തിലെ വെളിച്ചം ആടുന്നതുകണ്ടു.

“ഇവിടെ നിൽക്കണം,” വണ്ടികാരന്‍ ആവശ്യപ്പെട്ടു. “പേടി തോന്ന്യാ ചെമ്പോത്തിന്റെ കഥ പറഞ്ഞോ”

“ചെമ്പോത്തിന്റെ കഥ?”

“അങ്. നീയ് മൂന്നില് പഠിച്ചട്ടില്ല്യേ?”

“ഇല്ല്യ.”

“എന്തൊരു പഠിത്താണ് ഇക്കാലത്ത്! ചെമ്പോത്തിന്റെ കഥീല്ല്യാത്ത മൂന്നാംതരം!” വണ്ടിക്കാരനു ദേഷ്യം വന്നു., “എന്റെ കാളോളക്കറിയാലോ കഥ.”

കുട്ടിക്കു സങ്കടം തോന്നി. അയാളില്‍ നിന്നും കേട്ട ഭാഗങ്ങള്‍ കൂടി ഓര്‍ക്കാന്‍ കഴിയുന്നില്ല.

“എന്താ പിന്നെ ചെയ്യ്വാ? അല്ലേലും ചെമ്പോത്തിന്റെ കഥ അറില്ല്യാന്നുവന്നാ കഴിഞ്ഞു. അതിന് ശേഷം കഥീണ്ടായിട്ടുണ്ടോ?” അയാള്‍ ഉയരത്തിലേക്ക് പതുക്കെ നടന്നുകയറി. കുറച്ചു ചെന്നപ്പോള്‍ അവിടെനിന്നും താഴേക്കു നോക്കി വിളിച്ചുപറഞ്ഞു: “എന്നാപ്പിന്നെ മിന്നാമിന്നിടെ പാട്ട്പാടിക്കൊട്ക്ക്. അവററയ്ക്കിഷ്ടാവും.”

അങ്ങനെയൊരു പാട്ടും തനിക്കറിയില്ലെന്ന കാര്യം കുട്ടി പറഞ്ഞില്ല. അവന്‍ രണ്ടു കാളകളെയും മാറിമാറി നോക്കിക്കൊണ്ട് അവിടെത്തന്നെയിരുന്നു. ഉയരത്തിലെ ഒററവെളിച്ചമൊഴിച്ചാല്‍ സര്‍വ്വത്ര ഇരുട്ടായിരുന്നു. ചുററുപാടും ആ സുഗന്ധം ഇപ്പോഴുമുണ്ട്. തണുപ്പുളള ഒരു കാറ്റുവീശി. കഥ പറയാതെ, പാട്ടുപാടാതെ അവനുറങ്ങിപ്പോയി.

വണ്ടിക്കാരന്റെ മറ്റൊരു കൂവല്‍ കേട്ടുകൊണ്ടാണ് പിന്നെ അവനുണര്‍ന്നത്. അയാള്‍ മുകളിലേക്കു നേക്കിനില്‍ക്കുകയാണ്. ഉയരത്തിലെ വെളിച്ചം അപ്പോള്‍ രണ്ടുമൂന്നുതവണ ചലിച്ചു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ തലപുറത്തിട്ട് അയാള്‍ ഒന്നുകൂടി കൂവി. ഉയരത്തിലെ വെളിച്ചം അണയുന്നതു കണ്ടു. വണ്ടിക്കാരന്‍ എന്തോ മൂളുന്നുണ്ടായിരുന്നു. അയാളെ എണ്ണയും വിയര്‍പ്പും മണക്കുന്നുണ്ടെന്ന് കുട്ടിക്കു തോന്നി.

കുറെ ദൂരം ചെന്നപ്പോള്‍ വണ്ടിയുടെ തൊട്ടുമുന്നില്‍ വീണ്ടും വെളിച്ചം. ആരോ ടോര്‍ച്ചടിക്കുകയാണ്. വണ്ടിക്കാരന്‍ ചാടിയിറങ്ങി വളരെ ഭവ്യതയോടെ നിന്നു. ഒരു വയസ്സന്‍ പോലീസുകാരനായിരുന്നു മുന്നില്‍. അയാള്‍ ടോര്‍ച്ചുകെടുത്തിക്കൊണ്ട് ചോദിച്ചു. “എന്താടാ ചരക്ക്?”

“ചെരട്ട, ഏമാന്നേ”

“ചെരട്ട്യോ? കാട്ടിലെവിടന്നാടാ ചെരട്ട?”

“..കാട്ടീന്നല്ല ഏമാന്നേ.”

“നൊണ പറയണ്ടാ നിയ്യ്. നിന്നെ ഞാന്‍ കൊറേ നാളായില്ല്യേ കണ്ട്തൊടങ്ങീട്ട്.”

“ഇത്തിരി ചുള്ളീംണ്ട്”

“അങ്ങനെ വരട്ടേ… കാടുമുറിച്ച് കടത്തല്. നിയ്യിത് നിര്‍ത്താള്ള ഭാവല്ല്യേ”

“-യ്യോ. കുട്ട്യോള് പഷ്ണ്യാവും”

“അതൊന്നും എനിക്ക് കേക്കണ്ട. കുറ്റാണ്, വല്ല്യ കുറ്റം,” പോലീസുകാരന്‍ എന്തോ ആലോചിച്ചു “ആര്‍ക്കാദ്?”

“അകലം വഴിക്കാരാ,”

“ഊം” പോലീസുകാരന്‍ നീട്ടിമൂളി, “നല്ല കാലാണ് നിനക്ക്. ഒന്നാലോചിച്ചാ ആള്‍ക്കാരെ കൊന്നു തിന്ന്വല്ലേ നിയ്യ്. ചാവണേ, ചാവണേന്നാ നിന്റെ പ്രാര്‍ത്ഥന. ആട്ടെ, ഒന്നൂല്ല്യേ നിന്റെ കയ്യില്. കാട്ടീന്ന് വെറും കൈയോടെ വര്വോ?”

“ഇത്തിരി തേന്‍ കാണും”

“എടുക്ക്. കാട്ടുതേന്‍ കണ്ടട്ടന്നെ എത്രകാലായി!”

വണ്ടിക്കാരന്‍ പുറകില്‍ നിന്നും ഒരു സഞ്ചിയെടുത്തു.

“-ദെന്താ കണ്ണിലിറ്റിക്കാനാ?”

“അത്രേയുള്ളൂ ഏമാന്നേ”

“ഊം. ഇപ്പോ കാട്ടെറച്ചി കിട്ട്ണില്ല്യേ?” പോലീസുകാരന്‍ അടുപ്പം കാണിക്കുന്ന മട്ടില്‍ ചോദിച്ചു.

“അയ്യോ. ഭയങ്കര നോട്ടാണ്, ഗാഡന്മാര്.”

“പോകാമ്പറ. ഊപ്പകളോട്!”

“മുള്ളമ്പന്നി കിട്ട്വേരിക്കും… അന്വേഷിച്ചാ” “മുള്ളമ്പന്ന്യൊക്കെ നീയ്യ് തിന്നോ. എനിക്കൊരു കാട്ടുപോത്തിനെ കൊണ്ടുവന്നു തായോ. അതാ എന്റെ ബ്രാന്റ്.”

“കാട്ടുപോത്തൊന്നും അബടില്ല്യ.”

“ആരാ പറഞ്ഞേ!ചെലപ്പ ഈ വണ്ടീത്തന്നെ കാണും. ഞാനീകെട്ടു മുഴുവന്‍ പരിശോധിക്കും. ഞാന്‍ ജേല്‌ലിട്ടാ പിന്നെ പൊങ്ങില്ല്യാ നിയ്യ്.” പോലീസുകാരന്റെ ശകാരത്തില്‍ വാത്സല്യം നിറഞ്ഞുനിന്നു. വണ്ടിക്കാരന്‍ തൊഴുതു.

“ഏതാണ്ടാ ഈ കുരിപ്പ്? മോനാ?”

വണ്ടിക്കാരന്‍ നിഷേധിച്ചു തലയാട്ടി. പോലീസുകാരന്‍ കുട്ടിയെ സൂക്ഷിച്ചുനോക്കിക്കൊണ്ട് വണ്ടിക്കാരനോടു ചോദിച്ചു. “നീയിപ്പോ ആങ്കുട്ട്യോളോടായിട്ടാ എടവാട്?”

വണ്ടിക്കാരന്‍ ഒന്നും പറയാതെ കയറി. ഒന്നുകൂടി തൊഴുതുകൊണ്ട് കാളകളെ തൊട്ടു.

“ദെന്താ ഒര് മണം” പോലീസുകാരന്‍ മൂക്കുവിടര്‍ത്തി.

“ഏദ്?”

“ദാ.ഒര് നല്ലമണം, പെറകീന്നന്ന്യാണ്. നീ നിക്ക്. ഞാനൊന്ന് നോക്കട്ടെ. നിന്നെ വിശ്വസിക്കാമ്പറ്റ്‌ല്യ. കണ്ണടുത്താ നീ ആനമല കക്കും. അതാ ജാതി”

കുട്ടിയും ശ്രദ്ധിച്ചു. ആ സുഗന്ധം ഇപ്പോഴുമുണ്ട്.

“ശകലം…” വണ്ടിക്കാരന്‍ തല ചൊറിഞ്ഞു.

“എന്താ എന്താ?”

“ഒരു കൊള്ളി ചന്നനം-”

“ചന്ദനോ! മഹാപാപീ, ഒരുമ്പെട്ടറങ്ങീതാണ്, നിയ്യ്. എന്റെ പെന്‍ഷന്‍ മൊടക്കാന്‍.”

“ഒറ്റ കഷ്ണം ഏമാന്നേ.അവര്ടെ മക്കക്കൊരു നിര്‍ബ്ബന്ധം.”

“പരലോകത്തിക്ക് ഒരു പൂമണം. ഥൂ!” പോലീസുകാരന്‍ നടന്നുതുടങ്ങിയ കാളകളെ നോക്കിക്കൊണ്ടു പറഞ്ഞു. “പൊയ്ക്കോ. എനിക്ക് മൂന്ന് പെമ്പിള്ളേരാന്ന് നിയ്യ് മറക്കണ്ടാ.”

ചന്ദനഗന്ധമുള്ള ആ യാത്രയില്‍ വണ്ടിക്കാരന്‍ പാട്ടുപാടി. ഒന്നുരണ്ടുവരി പാടിയ ശേഷം അവനോടു പറഞ്ഞു: “മിന്നാമിന്നിന്റെ പാട്ടാണ്.”

കുട്ടിവെറുതെ മൂളി. ചക്രങ്ങളുടെ ശബ്ദങ്ങളൊഴിച്ചാല്‍ നിശ്ശബ്ദത തുടര്‍ന്നു.

“നിനക്കറിയ്യോ, ഞാനെന്തായീ മിന്നാമിന്നീന്റെ പാട്ടും ചെമ്പോത്തിന്റെ കഥേം പറഞ്ഞോണ്ടിരിക്കണേന്ന്?”

കുട്ടി അയാളെ നോക്കുക മാത്രം ചെയ്തു.

“അവറ്റ മരിക്കില്ല്യാ,” അയാള്‍ അറിയിച്ചു, “പ്രായാവ്മ്പോ ചെമ്പോത്ത് എങ്ങോട്ടെങ്കിലും പൂവ്വും. ദൂരദിക്കീന്ന് വേറൊന്ന് പകരം വരും. അല്ലാണ്ട് മനുഷമ്മാരടെ പോലെ ചാവല് അവറ്റയ്ക്കില്ല്യ.”

‘അപ്പ മിന്നാമിന്ന്യോ?” കുട്ടിക്ക് ആകാംക്ഷയായി.

“മിന്നാമിന്നി!” വണ്ടിക്കാരന്‍ ഒരു രഹസ്യം പറയുന്നതുപൊലെ തുടര്‍ന്നു.“അവറ്റ എങ്ങോട്ടേയ്ക്കും പൂവ്വില്ല്യ. വയസ്സാവുമ്പോ കണ്ണ് ചിമ്മി തന്നെ വെളിച്ചം കെടുത്തും. ദാ ഇബട്യൊക്കീണ്ടാവും. വെട്ടല്ല്യാത്തോണ്ട് കാണാമ്പറ്റില്ല്യാന്ന് മാത്രം.”

കുട്ടി താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ചെമ്പോത്തിനെയും രാത്രിയില്‍ പേടിവെളിച്ചവുമായി വരുന്ന മിന്നാമിനുങ്ങിനെയും കുറിച്ച് ആലോചിച്ചു. ഉറങ്ങുന്ന ഗ്രാമങ്ങള്‍ക്കരികിലൂടെ ആ വണ്ടി സഞ്ചരിച്ചു. ആരുടേയോ മങ്ങിത്തുടങ്ങിയ ഒരോര്‍മ്മപോലെ, പതുക്കെ.

“നിയ്യ് വല്‌താവുമ്പോ കാളവണ്ടിക്കാരനാവണ്ട.” അയാള്‍ അവനെ ഉപദേശിച്ചു. “ഒരാനക്കാരനാവാന്‍ നോക്ക്.” പിന്നെ എന്താ ആലോചിച്ചുകൊണ്ടുതുടര്‍ന്നു. “അല്ലെങ്കി വേണ്ട. ഒരു ലോറിഡ്രൈവറായിക്കോ. അതാപ്പോ ഗമ.

വഴിയോരങ്ങളില്‍ കടപുഴകി വീണ വലിയമരങ്ങള്‍ കിടപ്പുണ്ടായിരുന്നു. പാത മുടക്കിയിരുന്ന അവയുടെ ചില്ലകള്‍ മുറിച്ചു മാറ്റിയിട്ടുണ്ട്. കുറച്ചുദിവസം മുമ്പ് അവിടെ വലിയൊരു കൊടുങ്കാറ്റുണ്ടായിരുന്നുവെന്നും മരങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടുവെന്നും വണ്ടിക്കാരന്‍ അവനോടു പറഞ്ഞു. നദിയാണെങ്കില്‍ കരകവിഞ്ഞൊഴുകുകയാണ്. അയാള്‍ കാളകളെയും കൊണ്ട് മടങ്ങിപ്പോവുകയായിരുന്നു.

“പേട്യാവുല്ലേ?” കുട്ടിചോദിച്ചു.

“പേട്യാവോന്നോ! നിന്ന്യൊക്കെ കാറ്റ് എടുത്തുകൊണ്ടുപൂവ്വും. പക്ഷേ എനിക്ക് പേടില്ല്യാട്ടോ.”

“അതെന്താദ്?”

“അതെന്താന്ന് വച്ചാ, ഒരു കൊടുങ്കാറ്റ് സമയത്താ എന്റെമ്മ എന്നെ പെറ്റത്.”

കുട്ടി അയാളെ അത്ഭുതത്തോടെ നോക്കി.

“നല്ല കാറ്റടിച്ചാ ഏതു മരോം വീഴും.” അയാള്‍ വീണുകിടക്കുന്ന മരങ്ങളെ നോക്കിക്കൊണ്ടു പറഞ്ഞു.

അയാള്‍ കുറച്ചുനേരം ഒന്നും പറയാതെയിരുന്നു. പിന്നെ അവനോടു ചോദിച്ചു. “നീയിവിടെ നിൽക്കുന്നോ? എന്റെ കൂടെ. വയറുനെറച്ച് ഭക്ഷണം തരാം. കാളവണ്ടീല് കയറൂം ചെയ്യാം.”

“എനിക്ക് പോണം” അവന്‍ പറഞ്ഞു.

എങ്ങോട്ടാണെന്ന മട്ടില്‍ വണ്ടിക്കാരന്‍ അവനെ നോക്കി. അവന്‍ മുന്നിലേക്കു ചൂണ്ടിക്കാണിച്ചു, ദൂരേക്ക്.

“പൊഴ കടന്നട്ടോ? അയാള്‍ വിഷാദത്തോടെ ചിരിച്ചു. ഒരു പതിവുശീലമെന്ന മട്ടില്‍ കാളകളെ ശകാരിച്ചപ്പോള്‍ അവ കുടമണികള്‍ തുള്ളിച്ചുകൊണ്ട് വേഗം കൂട്ടിയതുപൊലെ.

അകലെ ആകാശം ചുവന്നു നില്ക്കുന്നു.

ഭീമാകാരങ്ങളായ ചില വൃക്ഷങ്ങള്‍ ഭൂതങ്ങളുടെ ജഡങ്ങള്‍ പോലെ വീണുകിടന്ന വഴിയോരങ്ങള്‍. കാളകളുടെയും അവസാനിക്കുന്ന രാത്രിയുടെയും ശബ്ദങ്ങള്‍. അവന്‍ മങ്ങുന്ന കാഴ്ചകളില്‍ നിന്നും അകന്ന് വീണ്ടും ഉറക്കത്തിലേക്കു പോയി.

കണ്ണുതുറന്നപ്പോള്‍ അകലെ വെളിച്ചങ്ങള്‍. നദിയില്‍നിന്നും പുറപ്പെട്ട കാറ്റിന് തണുപ്പുണ്ടായിരുന്നു.

“എന്താദ്?” അവന്‍ വണ്ടിക്കാരനോടു ചോദിച്ചു. സൂക്ഷിച്ചുനോക്കിയാല്‍ അകലെ ഒരു ഇരുണ്ട രേഖപോലെ കാണാവുന്ന നദി. അതിന്റെ കരയില്‍ സഹസ്രസൂര്യന്മാരെപ്പോലെ തെളിഞ്ഞ വെളിച്ചങ്ങള്‍.“ചെതകള് കത്ത്വാണ്” വണ്ടിക്കാരന്‍ പതുക്കെപ്പറഞ്ഞു.

പിന്നെ മറുകര കാണാനാവാത്തത്രയും വിസ്തൃതമായൊരു നദിയും അതിന്റെ ഒഴുക്കിന്റെ ശബ്ദങ്ങളും തെളിഞ്ഞു. കരയില്‍ കൂടിനിന്നവരില്‍ ചിലര്‍ വണ്ടിക്കടുത്തേക്കെത്തി. പിന്‍ഭാഗത്തെ കയറഴിച്ച് വണ്ടിക്കാരന്‍ പനമ്പുതട്ടിക വിടര്‍ത്തിയപ്പോള്‍ കുറച്ചു ചിരട്ടകളും വിറകും കുതറി നിലത്തു വീണു.

ചന്ദനത്തിന്റെ ഗന്ധം അവിടെ വ്യാപിച്ചു.

അവന്‍ വിറകെടുത്തുമാറ്റുന്ന ആളുകളെ ശ്രദ്ധിച്ചു. അവര്‍ അധികമൊന്നും സംസാരിച്ചിരുന്നില്ല.

വണ്ടിക്കാരന്‍, കരയില്‍ നിശ്ചലമായിക്കിടന്ന രണ്ടു തോണികള്‍ കടന്ന് നദിയിലേക്കിറങ്ങി. നിദ്രയിലെന്നപൊലെ, കുട്ടി കരയിലിരുന്ന് അയാളെ നോക്കി. അയാള്‍ തലക്കെട്ടും ഉടുത്തിരുന്ന മുണ്ടും അഴിച്ച് കരയിലേക്ക് ചുരുട്ടിയെറിഞ്ഞ്, മിക്കവാറും നഗ്നനായി. ഒന്നു മുങ്ങി നിവര്‍ന്ന ശേഷം അവനെ ക്ഷണിച്ചു.

“തണുക്കും” അവനു മടിയായിരുന്നു.

“സാരല്യ. ഒന്നുമുങ്ങ്യാ കുളിര് പൂവ്വും.” അയാള്‍ പ്രോത്സാഹിപ്പിച്ചു.” മൂന്നുതവണ മുങ്ങണം. അതാ കണക്ക്.”

അതെന്തിനാണ് അവന്‍ ചോദിച്ചില്ലെ. അതു ചോദിക്കാന്‍, ഒരു പക്ഷേ അവനു പ്രായമായിക്കാണില്ല.

പാദത്തിലൂടെ, കാല്‍മുട്ടിലൂടെ, അരയില്‍, നെഞ്ചില്‍, ശിരസ്സിലേക്ക് തണുപ്പ് ഇഴഞ്ഞുകയറി. കുട്ടി മൂന്നുതവണ മുങ്ങി. അസഹ്യമായതണുപ്പില്‍ പല്ലുകള്‍ കൂട്ടിയിടിക്കുന്നു.

“ഇത്രേള്ളൂ,” കരയില്‍നിന്നും തലതുവര്‍ത്തുന്ന വണ്ടിക്കാരന്‍ ആശ്വാസത്തോടെ പറഞ്ഞു.

വെള്ളത്തില്‍ നിന്നു നോക്കുമ്പോള്‍, കരയില്‍ കുറച്ചകലെയായി മറ്റൊരു ചിതകൂടി കത്തിയുയരുന്നത് കുട്ടി കണ്ടു.

നനഞ്ഞ കിളിയെപ്പോലെ അവന്‍ വിറച്ചു.