close
Sayahna Sayahna
Search

ദ്വീപ്


‌← ഇ.സന്തോഷ് കുമാർ

ദ്വീപ്
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

ദ്വീപ്

ലോകത്തിന് ഒരൊററക്കണ്ണുണ്ട് — ഈ മുറിയുടെ ചില്ലോട്. അതിലൂടെ ആരോ ഇവിടേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ആ നോട്ടത്തിന്റെ നേര്‍ത്ത വെളിച്ചം മുറിയില്‍ പാടകെട്ടിനില്ക്കുന്നതുപോലെ തോന്നും. ചുമരില്‍ കൂറകളുടെ അപഥ സഞ്ചാരം. മുഷിഞ്ഞ വിരിപ്പുകളില്‍ ദിവസങ്ങളായുള്ള വിയര്‍പ്പിന്റെ ഗന്ധമുണ്ട്.

വിരിപ്പുകളില്‍ മാററിയിരുന്നെങ്കില്‍ —

വേണ്ട, പെങ്ങള്‍ക്കു തിരക്കാവും. ഈയിടെയായി ഏതുനേരവും തയ്യല്‍യന്ത്രം ശബ്ദിച്ചുകൊണ്ടിരിക്കുന്നു.

ഇടയ്ക്കിടെ യന്ത്രത്തിന്റെ കുറുകല്‍ കുറയും. അപ്പേള്‍ അവള്‍ വസ്ത്രത്തിന്റെ അററമൊതുക്കുകയോ, ബട്ടന്‍ തുന്നുകയോ ആവും. ഈ ശബ്ദവും മൌനവും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങളായി അവള്‍ ഒരേ വസ്ത്രം തന്നെയാണ് തുന്നുന്നതെന്ന് ഞാൻ സംശയിച്ചു.പണ്ടൊരു കഥയിൽ കേട്ട, വലിപ്പമുള്ള ചുവന്ന മേലങ്കി. അത് ദൈവത്തിനുളളതാണ്. എല്ലാ അഴകും ചേര്‍ത്ത് അതു തുന്നിത്തീരുമ്പോള്‍, പക്ഷേ ദൈവം മരിക്കും. ഒരിക്കലും നിലയ്ക്കാത്ത മഴപെയ്യും. ഇടിയും മിന്നലുമുണ്ടാകും. മിന്നലിന്റെ മൂര്‍ച്ചയുള്ള നോട്ടം ചില്ലോടുഭേദിച്ചു ഈ മുറിയിലുമെത്തും. നരച്ച ചുമരുകള്‍, വിയര്‍പ്പുമണമുള്ള വിരിപ്പുകള്‍, ക്ലാവുപിടിച്ച ഒരു കോളാമ്പി, ചുമരില്‍ തൂക്കിയ അച്ഛന്റെ പഴയൊരു ചിത്രം: എല്ലാം ആ വെളിച്ചത്തില്‍ തിളക്കമുള്ളതായിത്തീരും. പകല്‍ പോലെ. പകല്‍…?‍

ജീവിതം നരകമാണെന്ന് പെങ്ങള്‍ പറയാറുണ്ട്. ഞാന്‍ ഉറക്കമാണെന്നു തോന്നുമ്പോള്‍ മാത്രം, സ്വയം ശപിച്ചുകൊണ്ട് അവള്‍ അതാവര്‍ത്തിക്കുന്നു. അല്ലാത്ത സമയങ്ങളില്‍, തിരക്കിനിടയിലും വന്ന് അവളെനിക്കു ഭക്ഷണം തരും. വിഴുപ്പുകള്‍ എടുത്തുകൊണ്ടുപോകും. അപ്പോഴെല്ലാം ഞങ്ങള്‍ അപൂര്‍വ്വമായേ സംസാരിച്ചിരുന്നുള്ളു. ചില്ലോടിലൂടെ കാണുന്ന ആകാശത്തില്‍ നരച്ച മേഘങ്ങള്‍ സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നതു നോക്കി ഞാന്‍ കിടക്കും.

പെങ്ങള്‍ വല്ലാതെ ശോഷിച്ചുപോയി. മുമ്പ് അവളൊരു സുന്ദരിയായിരുന്നു. പലതും മറന്നുപോയ കൂട്ടത്തില്‍ ചിരിക്കുവാനും അവള്‍ വിട്ടുപോയിരിക്കുന്നു.

പുറമേനിന്നും സുധാകരന്‍ മാത്രമേ ഇവിടെ വരാറുള്ളു. സ്ക്കൂളില്‍ പോകുന്ന സമയത്ത് അവനായിരുന്നു എന്റെ തുണ. ഇപ്പോള്‍ അവന്‍ വരുന്ന ദിവസമാണ് ‍ഞങ്ങളുടെ ഞാറാഴ്ച. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം അവനാണ് വാങ്ങിത്തരുന്നത്. ഈ മുറിയില്‍ വന്നിരുന്ന് അവന്‍ സിനിമാക്കഥകള്‍ പറയുന്നു. അവന്‍ കാണാത്ത സിനിമകളില്ല. അവനാണ് ലോകത്തിലേക്കുള്ള എന്റെ വാതില്‍; ലോകത്തില്‍ നിന്നും എനിക്കുള്ള തപാല്‍.

സുധാകരനാണ് എനിക്കു തീവണ്ടി കാണിച്ചുതന്നതും.

ആയിടയ്ക്ക് എനിക്കു പനിച്ചിരുന്നു; ഒരാഴ്ചയായിട്ടും വിട്ടുമാറാതെ. പെങ്ങള്‍ കരഞ്ഞു. അവള്‍ക്കാകെ പരിഭ്രമമായിരുന്നു. സുധാകരന്‍ അവന്റെ പഴയ റാലി സൈക്കിള്‍ തളളിക്കൊണ്ടു നടന്നു. പിന്നിലെ നീളമുള്ള ഇരിപ്പിടത്തില്‍ ശോഷിച്ച കാലുകളും തൂക്കിയിട്ട് ഞാന്‍ അളളിപ്പിടിച്ചിരുന്നു. മഴ നനഞ്ഞ ഒരു പക്ഷിക്കുഞ്ഞിനെപ്പാലെ. ഇടയ്ക്കിടെ അവന്‍ പിന്തിരിഞ്ഞുനോക്കി, “അണ്ണാ, നീി വീഴില്ലല്ലോ?” എന്നു ചോദിക്കും. മാസങ്ങളുടെ മൂപ്പ് എനിക്കാണത്രെ. പക്ഷേ, ആ വിളിയിലെ പരിഹാസം എനിക്കിഷ്ടമല്ല. (സത്യത്തില്‍, സുധാകരനേയും എനിക്കിഷ്ടമൊന്നുമില്ല.)

ആശുപത്രിയില്‍ നിന്നും മടങ്ങിവരുമ്പോള്‍ ഒരു ചെറിയ കടയുടെ മുന്നില്‍ നിര്‍ത്തി അവന്‍ പലതരം മാസികകള്‍ വാങ്ങിച്ചു. എന്തോ വലിയ കുററം ചെയ്യുന്നമട്ടില്‍ കടക്കാരനും അവനും തമ്മില്‍ ഗൂഢമായി സംസാരിച്ചിരുന്നു. പിന്നെ, തിരക്കുകള്‍ ഒഴിഞ്ഞ ഒരിടവഴിയിലേക്ക് ഞങ്ങള്‍ മാറിനടന്നു.

കുറച്ചിട നീങ്ങിയപ്പോള്‍ ആ ഇരമ്പം കേട്ടു.

“തീവണ്ടി വരുന്നു,” സുധാകരന്‍ പറഞ്ഞു. സുധാകരന്റെ സംഭാഷണത്തിലൂടെ മാത്രം എനിക്കു പരിചിതമായ തീവണ്ടി. അവന്‍ നഗരത്തിലേക്കു പോയിരുന്നത് അതിലായിരുന്നല്ലോ.

മുന്നില്‍ റെയിലുകളുടെ ഇണചേരാത്ത രേഖകള്‍. ഭൂമി കുലുങ്ങുന്നു. ഞാന്‍ സൈക്കിളിന്റെ സീററിനോട് പിടിച്ചിരുന്നു. അപ്പോള്‍ അകലെ നിന്നും ഒററപ്പൊട്ടുപോലെ അതു തെളിഞ്ഞു. പിന്നെ വലുതായി, ഘോരമായ ശബ്ദത്തില്‍ അതിന്റെ പെട്ടികള്‍ ഒന്നൊന്നായി കടന്നുപോയി. അതില്‍ നിന്നും കുട്ടികള്‍ കൈകളുയര്‍ത്തിക്കാണിച്ചു. ശബ്ദങ്ങള്‍ കുറഞ്ഞു വന്നു. സുധാകരന്‍ തീവണ്ടിയുടെ പോക്കിനെ ഒട്ടും വിസ്മയമില്ലാതെ നോക്കി നിന്നത് എനിക്കോര്‍മ്മയുണ്ട്. അവനെ അതു ബാധിച്ചതേയില്ല.

പക്ഷേ, തീവണ്ടി എന്റെ ഉറക്കങ്ങളെ പലപ്പോഴും ഉലച്ചു. കുറെക്കാലം ഞാന്‍ ഒരേ സ്വപ്നമാണ് കണ്ടത്. ഒരു റെയില്‍പ്പാത. അതിന്റെ ഇരുമ്പുകരങ്ങള്‍ ഇളകുന്നു. ഞാന്‍ ഒരു സൈക്കിളില്‍ പററിപ്പിടിച്ചിരിക്കുകയാണ്.

സൈക്കിള്‍, പക്ഷേ റെയിലിന്റെ നടുക്കു തന്നെയായിരുന്നു. ഇപ്പോള്‍ വരാമെന്നു പറഞ്ഞുപോയതാണ് സുധാകരന്‍. തീവണ്ടി പ്രത്യക്ഷമായിക്കഴിഞ്ഞു. അതിന്റെ വിറയ്ക്കന്ന ശരീരം എന്റെ നേരെ പാഞ്ഞു വരുന്നു, കൂവിയാര്‍ത്തുകൊണ്ട്… “അയ്യോ” ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ഉറക്കെ വിളിച്ചു. തീവണ്ടിയുടെ ശബ്ദം തയ്യല്‍ചക്രങ്ങളുടെ കറക്കത്തിലേക്ക് കൂടുമാറിയതുപോലെ.

“അണ്ണാ, നീ കട്ടിലില്‍ നിന്നു വീണു. സ്വപ്നം കണ്ടു പോടിച്ചോ?” എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് സുധാകരൻ ചോദിച്ചു. ഞാന്‍ അവനെ സൂക്ഷിച്ചുനോക്കി. നീയൊന്നും പറയേണ്ട. ഇപ്പോള്‍വരാമെന്നുപറഞ്ഞ് പോയതല്ലേ; എന്നെ റെയിലിന്റെ നടുവില്‍ ഉപേക്ഷിച്ചിട്ട്? ആ തീവണ്ടി എവിടെയാണ്.

“പനി കുറയുന്നുണ്ട്,” പെങ്ങളുടെ മെലിഞ്ഞ കൈകള്‍ എന്റെ കഴുത്തിലും നെററിയിലും ഇഴഞ്ഞു. അഞ്ചു വിരല്‍പ്പാമ്പുകള്‍ — എനിക്കു പേടിയായി.

അന്ന്, എന്നെ സന്തോഷിപ്പിക്കാനെന്നതുപോലെ, സുധാകരന്‍ അവന്‍ വാങ്ങിയ മാസികയിലെ ചിത്രങ്ങള്‍ കാണിച്ചുതന്നു. ചുററുപാടും നോക്കി ആരുമില്ലെന്നുറപ്പുവരുത്തിയശേഷമാണ് അവന്‍ അങ്ങനെ ചെയ്തത്. അതൊക്കെ ഒരു നാടകം പോലെയുണ്ടായിരുന്നു; അവന്റെ അഭിനയം. ഇടയ്ക്കിടെ തളത്തിലേക്കുനോക്കും. പെങ്ങള്‍ കാണരുതത്രേ. എല്ലാം പെണ്ണുങ്ങളുടെ ചിത്രങ്ങള്‍. അവരുടെ നഗ്നമായ ശരീരങ്ങള്‍ പാല്‍ മണമില്ലാത്ത ആ മുലകള്‍. ഞാനൊരു സ്വപ്നം കാണുകയാണെന്നു വിചാരിച്ചു.

“കളളാ,” സുധാകരന്‍ കണ്ണിറുക്കിക്കൊണ്ട് വിളിച്ചു. പിന്നെ എന്റെ കാലുകളില്‍ കൈവിരലുകളോടിച്ച് ഇക്കിളിപ്പെടുത്താന്‍ ശ്രിമിക്കുകയും. എനിക്കു തളര്‍ച്ച തോന്നി. “വിടൂ, സുധാകരാ എനിക്കുവയ്യ.” ഞാന്‍ പതുക്കെപ്പറഞ്ഞു.

“നീ ശരിക്കുള്ളതു കാണണം” അവന്‍ വല്ലാത്തൊരു ചിരി ചിരിച്ചു. ഞാന്‍ ചില്ലോടിലൂടെ മേഘങ്ങളെ അന്വേഷിച്ചു.

“ഞാന്‍ നിന്നെ കൊണ്ടുപോകുന്നുണ്ട്; വിലാസിനിച്ചേച്ചിയെ കാണിക്കാന്‍” സുധാകരന്‍ തുടര്‍ന്നു.

“ആരാണത്?” ഞാന്‍ ചോദിച്ചു.

“ഒക്കെ ഒണ്ടെടാ. ഒരു ദിവസം നമുക്കു പോണം, ഒരുമിച്ച്. ആരോടും പറയരുത്.” അവന്‍ തളത്തിലേക്കു വീണ്ടും നോക്കി. തയ്യല്‍യന്ത്രത്തിന്റെ ശബ്ദം ഇപ്പോഴുമുണ്ട്. “ഈ മാസികയൊന്നം ആരും കാണാമ്പാടില്ല.”

എന്നാല്‍ അവന്റെ രഹസ്യമായ നീക്കങ്ങളെല്ലാം പാഴായിപ്പോയെന്ന് എനിക്കു പിന്നീടാണ് മനസ്സിലായത്. പാത്രങ്ങളെടുത്ത് അടുക്കളയിലേക്കു പോകാന്‍ തീടുക്കപ്പെടുന്ന പെങ്ങളുടെ കൈവശം അതേ മാസിക. എനിക്കു തെററിയോ? അതോ അവന്‍ മറന്നു വച്ചോ?

“സിനിമാക്കഥയുള്ളതാ.” ഞാന്‍ നോക്കുന്നതുകണ്ടപ്പോള്‍ പെങ്ങള്‍ പറഞ്ഞു. അവള്‍ എന്നെ നോക്കാതിരിക്കാന്‍ പണിപ്പെട്ടു. ഞങ്ങള്‍ക്കിടയിലെ സംഭാഷണം അവസാനിച്ചു.

രാത്രിയില്‍, ഉറങ്ങാന്‍ എനിക്കു പേടിയായിരുന്നു. ഓരോ ഉറക്കത്തിലും ഒരു തീവണ്ടി ഒളിച്ചു സഞ്ചരിക്കുന്നുണ്ട്.

തെരുവില്‍ അപൂര്‍വ്വം വിളക്കുകള്‍ മാത്രമേയുള്ളു. അവതന്നെ ഇരുട്ടിനെ ഭയപ്പെട്ടുനില്ക്കുകയാണെന്നു തോന്നും.

സുധാകരന്‍ നടക്കുന്നു. അവന്റെ കഴുത്തില്‍ രണ്ടുകാലുകളും തൂക്കിയിട്ട് ഞാനും പോകുന്നുണ്ട്. പഴയൊരു കഥ ഓര്‍മ്മവന്നു. വേതാളത്തിന്റെ കഥ. എനിക്കു തിരിച്ചുപോകണം, അവനോട് ഏതെങ്കിലും ഒരു കഥ പറഞ്ഞുകൊണ്ട്, എളുപ്പത്തില്‍.

കഥകളെല്ലാം മുന്‍പു കേട്ടതാണ്. അന്ന് ഓടാനും ചാടാനുമെല്ലാം കഴിയുമായിരുന്നു. ഒരു പൂരത്തിന്റെ മധ്യത്തില്‍ അച്ഛന്രെ ചുമലിലിരുന്ന് ഒരു കുട്ടി ആനകളെ കണ്ടു; അവയുടെ നെററിയില്‍ പതിച്ച സ്വര്‍ണഗോളങ്ങള്‍. ഒട്ടൊരു മൌനത്തിനുശേഷം വിരിയുന്ന ആലവട്ടവും വെണ്‍ചാമരവും. കാററടിക്കുമ്പാള്‍ മന്ത്രം ചൊല്ലുന്ന വലിയ ബലൂണുകള്‍, പീപ്പികള്‍, മയില്‍ചിത്രങ്ങള്‍, വാദ്യങ്ങള്‍. ആ ഓര്‍മ്മയില്‍ നിന്നും ശബ്ദങ്ങള്‍ അററുപോയിരിക്കുന്നു. എല്ലാം ആംഗ്യംപോലെ തോന്നിച്ചു.

ഈ യാത്രയിലും ശബ്ദങ്ങളില്ലായിരുന്നു. സുധാകന്റെ ഉറപ്പിലാണ് പെങ്ങള്‍ രണ്ടാം സിനിമയ്ക്കു സമ്മതിച്ചത്. സ്ററണ്ട് പടമാണെന്ന് അവന്‍ സൂചിപ്പിച്ചു സിനിമ കണ്ടിട്ട് എത്രയോ കാലമായിരിക്കുന്നു. അവസാനം കണ്ട സിനിമയില്‍ സ്ററണ്ട് രംഗങ്ങള്‍ ഇല്ലായിരുന്നു; എല്ലാവരും കരയുന്ന ഒരു ചീത്തസിനിമ: തിയ്യറററിനു പുറത്തുപോകണമെന്ന് വാശിപിടിച്ചുകരഞ്ഞ ഒരു കുട്ടിയായി പഴയ ഓര്‍മ്മ.

അടഞ്ഞ കടകളും വീടുകളുമെല്ലാം നിറഞ്ഞ കുറെക്കൂടി വലിയൊരു പാതയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ചെറിയൊരു കയററം കയറുമ്പോള്‍ ഞാന്‍ കൈകള്‍ ഒന്നുകൂടി ചുററി സുധാകരനെ ബലമായി പിടിച്ചു.

“പതുക്കെപ്പിടിയടാ, ഞാന്‍ ചത്തുപോകും,” അവന്‍ പറഞ്ഞു. അവന്റെ സ്വരത്തില്‍ പരിഹാസമുണ്ടെന്ന് തോന്നി. എനിക്കു സിനിമ കാണണമെന്ന ആഗ്രഹമില്ലായിരുന്നു. ഈ ഇരുട്ടില്‍ നടക്കുമ്പോള്‍ ഞാന്‍ എന്റെ മുറിയെപ്പററിത്തന്നെയാണ് ആലോച്ചുകൊണ്ടിരുന്നത്. നിലാവുള്ള രാത്രികളില്‍ മുറിയുടെ ചില്ലോട് രഹസ്യങ്ങളിലേക്കുള്ള ഒരു കണ്ണാടിയാകും. മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍പോലെ കടന്നുപോകുന്നതുകാണാം. ഒരു സിനിമയിലും കാണാത്ത രംഗങ്ങള്‍.

കയററം കഴിഞ്ഞപ്പോള്‍ ഞാനാണ് വിയര്‍ത്തത്.

“നമ്മള് സിനിമയ്ക്കല്ലാ” സുധാകരന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. എനിക്കൊന്നും തോന്നിയില്ല. തിരിച്ച് മുറിയില്‍ത്തന്നെ ചെന്നുകിടക്കുകയായിരുന്നു നല്ലത്.

“നിനക്ക് ഞാന്‍ വിലാസിനിച്ചേച്ചിയെ പരിചയപ്പെടുത്തിത്തരാം.”

സുധാകരന്‍ തുടര്‍ന്നു. “ഒരസ്സല് ചേച്ചിയാണ്.”

എന്തുഭ്രാന്താണ് ഇവന്! ഈ രാത്രിയില്‍ ഏതോ വീട്ടിലേക്കുള്ള ഒററയടിപ്പാതയിലൂടെ സൂക്ഷിച്ചു നീങ്ങുമ്പോള്‍ ഞാനോര്‍ത്തു.

സു‌ധാകരന്‍ കുനിഞ്ഞ് വാതിലില്‍ മുട്ടി. അവന്‍ നിവര്‍ന്നുനിന്നാല്‍ എന്റെ തലയടിക്കും. വീട്ടിനുള്ളില്‍ എന്തോ ശബ്ദം കേട്ടു. പിന്നെ നിശ്ശബ്ദനായി. സുധാകരന്‍ വീണ്ടും മുട്ടി. ഇത്തവണ കുറച്ചുകൂടി ഉച്ചത്തിലാണ്.

“ആരാ?” അകത്തുനിന്നും പതറിയ സ്ത്രീശബ്ദം. “തുറന്നോ കുഴപ്പമില്ല, ഞാനാ” സുധാകരന്‍ അറിയിച്ചു. അവന്‍ പിന്നിലേക്കു നീങ്ങി നിവര്‍ന്നു നിന്നു. വളരെ ചെറിയൊരു വീടായിരുന്നു അത്.

വാതില്‍ തുറന്ന് അവള്‍ വന്നു. ഉലഞ്ഞ മുടി ഒരു വശത്തേക്ക് ചേര്‍ത്തിട്ടിരുന്നു. പാതി മാഞ്ഞ പൊട്ട്. കണ്ണുകളില്‍ ഉറക്കം നഷ്ടപ്പെട്ടതിലെ നിരാശ. കുറച്ചുനേരത്തേക്ക് അവളൊന്നും മിണ്ടിയില്ല.

“സന്ധ്യാവുമ്പോഴേക്കും തൊടങ്ങീലോ ഒറക്കം” സുധാകരന്‍ എന്നെ വീടിന്റെ അകത്തെ തിണ്ണയില്‍ വച്ചു. അവിടെയിരുന്നാല്‍ ചെറിയൊരു ജനവാതിലിലൂടെ പുറത്തെ വിജനമായ പ്രദേശങ്ങള്‍ കാണാം.

“സുധാകരന്‍ ചേട്ടനോ,” പരിഭവത്തില്‍ കുതിര്‍ന്ന ആഹ്ലാദത്തോടെ അവള്‍ ചോദിച്ചു. “ഈ പാവങ്ങളെയൊക്കെ മറന്നു കാണുമെന്നേ ഞാന്‍ കരുതീത്.”

“നീന്നെ ഞാന്‍ മറക്ക്വോ വില്ലു,” സുധാകരന്‍ അവളുടെ കവിളില്‍ തോണ്ടിക്കൊണ്ടുപറഞ്ഞു. “ഒരു മിനിട്ടൊഴിവുകിട്ടേണ്ടേ.”

“ഓ, ഞാനും കേൾക്കുന്നുണ്ടേ. ഇപ്പം വേറെ ചെല കുടുംബ പ്രാരാബ്ധണ്ടല്ലോ.”

സുധാകരന്‍ അവളോട് കണ്ണിറുക്കിച്ചിരിക്കുന്നത് എനിക്കു കാണാം. അവള്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ കാലുകള്‍ കാണരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഒരു ചെറിയ കാററുവീശി.

സുധാകരന്‍ സിഗറററു വലിക്കാന്‍ തുടങ്ങി. വീട്ടില്‍, എന്റെ മുറിയില്‍ വന്ന് രഹസ്യമായാണ് അവന്‍ സിഗറററു വലിക്കുക. പെങ്ങള്‍ കണ്ടാല്‍ വഴക്കുപറയുമത്രേ. അതെന്തായായും, പുകയിലയുടെ മണവും വട്ടം ചുററി ഉയരുന്ന പുകയും എനിക്കിഷ്ടമാണ്.

“ഓ നീയത്ര പറയാനും മററുമില്ല,” സുധാകരന്‍ പറഞ്ഞു. “ഞാനും കേള്‍ക്കുന്നുണ്ട് കുറേയൊക്കെ.”

“എന്തുകേക്കാനാ?”

“ആ തെക്കന്‍ കോണ്‍ട്രാക്ററര്‍ ഒരു – (സുധാകരന്‍ ഒരസഭ്യവാക്കു പറഞ്ഞു) നിന്റെ വലയില്‍ വീണില്ലേ?”

“ആളുകള്‍ക്കു പറയാം. എനിക്കു ജിവിക്കണ്ടേ? നിങ്ങളൊരെങ്കിലും തിരിഞ്ഞുനോക്കാറുണ്ടോ എന്നെ? അവള്‍ക്കു കരച്ചില്‍ വന്നു.”

“ഞീളണ്ട” സുധാകരന്‍ പാതിദേഷ്യത്തോടെ പറഞ്ഞു.

കാണുമ്പാള്‍ ഇവള്‍ക്ക് ഞങ്ങളേക്കാളും പ്രായം കൂടുതല്‍ തോന്നുന്നുണ്ട്. എന്നിട്ടും സുധാകരന്റെ സ്വരത്തിലെ അധികാരം ഞാന്‍ ശ്രദ്ധിച്ചു. സിഗറററു തീര്‍ന്നപ്പോള്‍ അവന്‍ അവളോടു ചേര്‍ന്നുനിന്ന് എന്തോ രഹസ്യം പറഞ്ഞു. അപ്പേള്‍ അത്രയും നേരമായിട്ടും കാണാത്ത ഒരാളെ നോക്കും വിധം അവള്‍ എന്റെ നേരെ തിരിഞ്ഞു. പിന്നെ വിടര്‍ന്നു ചിരിച്ചു. ആ ചിരിയുടെ പ്രകാശത്തേലേക്കു നോക്കാന്‍ എനിക്കു ഭയമായിരുന്നു. ഞാന്‍ ചൂളിപ്പോയി. കൈകള്‍ തളര്‍ന്നുശോഷിച്ച കാലുകളില്‍ പതിപ്പിച്ച് ഞാന്‍ കുനിഞ്ഞിരുന്നു.

“കൊച്ചുങ്ങളെ വരെ ചീത്തയാക്കും, ദുഷ്ടന്‍” അവള്‍ സുധാകരനെ നേക്കി കളിയാക്കുന്ന മട്ടില്‍ പറഞ്ഞു.

“വില്ലു, അവന്‍ കൊച്ചൊന്നുമല്ല. എന്നേക്കാളും മൂപ്പാ. അണ്ണനെന്നാ വളിക്കേണ്ടത്, ശരിക്കും.”

തിണ്ണയില്‍ പൊട്ടിപ്പോയ സിമന്റിന്റെ അടരുകള്‍. ജനല്‍ കടന്നുവന്ന കാററില്‍ എനിക്കു തണുത്തു.

അവള്‍ കട്ടിലില്‍ എന്റെ വശം ചേര്‍ന്നിരുന്നു. മുറിയില്‍ അവസാനിക്കാറായ ഒരു റാന്തല്‍ നാളം മാത്രം ബാക്കിയായിരുന്നു. ‍ഞങ്ങളുടെ നിഴലുകള്‍, ആ മങ്ങലില്‍, ചുമരിലെ പ്രേതക്കാഴ്ചയായി. അവളുടെ ചിരിയില്‍ ഞാന്‍ തളര്‍ച്ച ബാധിച്ചപോലെ ഇരുന്നു. പിന്നെ ആ കൈകള്‍ എന്നെ തലോടാന്‍ തുടങ്ങി. അതില്‍ നിന്നും ഒളിച്ചുപോകാന്‍ ഞാന്‍ ആശിച്ചു. അപ്പോള്‍ അവള്‍ എന്റെ ശിരസ്സില്‍ കൈവച്ചുകൊണ്ടുപറഞ്ഞു “പാവം.”

എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അവളോടു വെറുപ്പുതോന്നുകയാണ്. ആ കൈകള്‍ എന്റെ കാലുകളിലൂടെ സഞ്ചരിക്കരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. മുറിയുടെ കതക് ചാരിയിരുന്നു. കതകിനു നേരെ മുകളില്‍, അയയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ തൂങ്ങിക്കിടന്നു. മച്ചില്‍ ഒരററത്ത് പതുക്കെ ആടിക്കൊണ്ടിരിക്കുന്നു ഉറി. ചുമരില്‍ ഉറിയുടെ വൃത്താകാരമായ നിഴല്‍.

റാന്തല്‍ കെട്ടുപോയി. എല്ലാ നിഴലുകളും വളര്‍ന്ന് ഇരുട്ടായി മാറി. എന്നിട്ടും ഞാന്‍ ഭയപ്പാടോടെ കണ്ണുകളിറുക്കിയടച്ചു.

അവള്‍ റാന്തല്‍ വീണ്ടും കൊളുത്തി. ജനല്‍പ്പടിയില്‍ അടക്കിവച്ച ഒരു കെട്ടുപുസ്തകങ്ങളില്‍ എന്തോ പരതുകയായിരുന്നു വിലാസിനി.

സുധാകരന്‍ കാണിച്ചുതന്ന അതേ മാസിക. അതിന്റെ പുറം ചട്ട നഷ്ടമായിരിക്കുന്നു. “ദാ, ഇതു കണ്ടോ,” ഒരു കളിപ്പാട്ടം നീട്ടുന്നരീതിയില്‍ അവള്‍ ആ മാസികയെടുത്തു കാണിച്ചു. നഗ്നമായ മാറിടങ്ങള്‍. പിന്നെ പെട്ടെന്ന് ബ്ലൌസിന്റെ കുടുക്കുകളൂരി, പുസ്തകത്തിലെ ചിത്രത്രിലേക്കും സ്വന്തം മാറിലേക്കും മാറിമാറിനോക്കി ചിരിക്കാന്‍ തുടങ്ങി.

ഏതോ ഒരദൃശ്യ പ്രേരണയില്‍ ഞാന്‍ കതകിനടുത്തേക്ക് ഇഴഞ്ഞു. കൈമുട്ടുകള്‍ തറയിലുരഞ്ഞ് വേദനിച്ചു. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മഴയിലേക്ക് പുകയൂതിയെറിഞ്ഞുകെണ്ട് സുധാകരന്‍ തിണ്ണയിലിരിക്കുകയാണ്. അവന്‍ എന്നെയെഴുന്നേല്‍പ്പിച്ച് തിണ്ണയിലേക്കു കയററിയിരുത്തി. ശരീരത്തില്‍ ഇക്കിളിപ്പെടുത്തിക്കൊണ്ട്. “കളളാ”യെന്നു വളിച്ചു. പലതവണ. “വിലാസിനിച്ചേച്ചി എന്തുപറഞ്ഞടാ?” അവന്‍ ചോദിച്ചു. ഞാന്‍ മുഖം താഴ്ത്തിയിരുന്നു.

കതക് ഒന്നുകൂടി കരഞ്ഞു. തിണ്ണയിലിരുന്ന്, അരണ്ട വളിച്ചത്തില്‍ ഞാന്‍ മഴ കാണുകയായിരുന്നു. ആദ്യമായി കാണുന്നതുപോലെ. മഴയുടെ തോരാശബ്ദങ്ങള്‍ ഉത്സവവാദ്യങ്ങളായിത്തോന്നിച്ചു. ഇടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടോ? അങ്ങനെ ചെവിയോര്‍ത്തിരിക്കുമ്പോള്‍ അകത്തുനിന്നും ചിരിയുടെ അലകള്‍ പൊങ്ങി. തുടര്‍ച്ചയായ ചിരി. അവര്‍ എന്നെക്കുറിച്ചു പറയുകയാവും. രോഷവും സങ്കടവും എന്നില്‍ നീറി. എന്റെ കാഴ്ചയില്‍നിന്നും മഴ മാഞ്ഞുപോയിരിക്കുന്നു. അശാന്തമായ ഒരാരവം മാത്രം അവശേഷിച്ചു.

ഒരുപാട് നേരം കഴിഞ്ഞപ്പോള്‍ സുധാകരന്‍ എന്നെ തട്ടിവിളിച്ചു. “നിയെന്തിനാ കരയുന്നേ?” അവന്‍ ആശ്ചര്യപൂര്‍വ്വം എന്നെനോക്കി. “എന്താവില്ലു, നീയവനെ പേടിപ്പിച്ചോ? നിനക്കല്ലേലും കുറച്ചൊരു ഹുങ്കുണ്ട്” എന്നു പറഞ്ഞുകൊണ്ട് അവന്‍ ചിരിക്കാന്‍ തുടങ്ങി. അവള്‍ വാതില്‍ ചാരി നിന്ന് മുടി കോതിയൊതുക്കുകയായിരുന്നു. ഇപ്പോള്‍ അവള്‍ വലിയൊരു പെണ്ണായിരിക്കുന്നു. മുഖ്യമുയര്‍ത്തി സുധാകരനെ കടാക്ഷിച്ചുകൊണ്ട് അവള്‍ കൊഞ്ചി, “എന്താ സുധാകരന്‍ കുട്ടീ, നിനക്കിന്നങ്ങനെ തോന്നാന്‍?”

“ഊം, എന്നാണ് തോന്നാത്തത്?” സുധാകരന്‍ ഇരുത്തിമൂളി. “ആ കോണ്‍ട്രാക്റററ് കൊറേ വെഷമിക്കും” അവര്‍ ഇരുവരും പൊട്ടിച്ചിരിച്ചു.

എന്റെ മനസ്സില്‍ കോപത്തിന്റെ ഒരു സമുദ്രം തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ അവള്‍ക്കരികില്‍ ഒരു കുഞ്ഞായി നില്‍ക്കുകയാണ്. ഞാന്‍ ആരുമല്ലാതായി മാറി.

മഴയുടെ ശക്തി കുറഞ്ഞു.

ചാററല്‍ മഴയിലേയ്ക്ക് ഞങ്ങളിറങ്ങി. ഒരു കുട നിവര്‍ത്തിത്തന്ന് വിലാസിനിപറഞ്ഞു “കുട ചൂടിക്കോ, മഴ നനഞ്ഞാല്‍ പനിക്കും.” ആ സ്വരത്തില്‍ വാത്സല്യമായിരുന്നു. ഞാന്‍ അവളെ നോക്കിയതേയില്ല.

തെരുവിലെ അരണ്ട വെളിച്ചത്തിലൂടെ ഞങ്ങള്‍ മടങ്ങുകയാണ്. എന്റെ കഴുത്തില്‍, ഒരു ബാധപോലെ ആ കുട തൂങ്ങിനിന്നു. റോഡിന്റെ ഒരററമെത്തിയപ്പോള്‍ സുധാകരന്‍ നിന്നു. മഴവെളളം കെട്ടിനില്ക്കുകയാണവിടെ. “എന്താ ചെയ്യ്വാ?” സുധാകരന്‍ ചോദിച്ചു. “അണ്ണോ നിനക്കു വേണ്ടിയാ ഈ ബുദ്ധിമുട്ടൊക്കെ.” അവന്‍ മുണ്ട് ഒന്നു മാടിക്കെട്ടി തളം കെട്ടിയ വെളളത്തിലേക്കിറങ്ങി. ഒന്നു വേണ്ടിരുന്നില്ല; ഞാന്‍ വിചാരിച്ചു. ഒന്നും സംഭവിച്ചിരുന്നില്ലെങ്കില്‍, ഈ നിമിഷം അവന്‍ നടക്കുന്നതുതന്നെ നിര്‍ത്തിയിരുന്നെങ്കില്‍, ഈ വെളളത്തില്‍ ഇറങ്ങിനില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ – അഴുക്കായാലും ഇതിലൂടെ നീന്തിപ്പോകാമായിരുന്നു. അല്ലെങ്കില്‍ മുങ്ങിമരിക്കാമായിരുന്നു. അപ്പോള്‍ സുധാകരന്‍ എനിക്കൊരുമല്ലാതാവും. അവന് എനിക്കുവേണ്ടി പ്രയാസപ്പെടേണ്ടിവരില്ല.

അഴുക്കിന്റെ ആ നദി ഞങ്ങള്‍ താണ്ടിക്കൊണ്ടിരിക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞു. “നിന്നെ എനിക്കിഷ്ടമായതുകൊണ്ടാണ് ഈ രാത്രി ഇങ്ങനെ നടക്കുന്നത്.” ഒരു രഹസ്യം പറയുന്നതുപോലെ അവന്‍ തുടര്‍ന്നു. “വിലാസിനി പാവമാണ്, ഞാന്‍ അവളോടു ചോദിക്കുകയായിരുന്നു. നിന്നെ അവള്‍ക്കു വല്ല്യ ഇഷ്ടമായി. നീ ആളു വിചാരിക്കുമ്പോലെയല്ല…”

അപ്പോള്‍ എന്റെ കാലുകളില്‍ രക്തം ഇരച്ചുകയറുകയാണെന്നു തോന്നി. ശൈശവത്തിന്റെ കവാടങ്ങള്‍ മുന്നില്‍ തുറന്നുവരുന്നതുപോലെ. പ്രാകൃതമായ ശക്തിപ്രവാഹം. ഞാന്‍ എന്റെ ശോഷിച്ച കാലുകള്‍കൊണ്ട് അവന്റെ കഴുത്തില്‍ ഇറുക്കാന്‍ തുടങ്ങി. എന്റെ കണ്ണുകള്‍ തുറിച്ചിരുന്നു. കഴിത്തില്‍ വെച്ച കുട നിലത്തുവീണുപോയി. ഞങ്ങളിരുവരും ചാററല്‍മഴ കൊള്ളുകയാണ്. അവന്റെ ശിരസ്സിലെ നീണ്ട മുടിയിഴകള്‍ ഞാന്‍ പിടിച്ചു വലിച്ചു. കാലുകള്‍ മുറുകിക്കൊണ്ടേയിരുന്നു. പെടുന്നനേ, ആടിയാടി അവന്‍ നിലമടിച്ചു വീണു. ഞാനും അവന്റെ മേല്‍ തെന്നി വീഴുകയായിരുന്നു. പിന്നെ എന്റെ പിടി അയഞ്ഞു. ശക്തിയെല്ലാം ചോര്‍ന്നുപോയതുപോലെ.

“മോനേ, നിന്നെ ഞാനരിയും” എഴുന്നേററുകൊണ്ട് സുധാകരന്‍ അലറി. ആ ചെളിവെളളത്തില്‍ അവനെന്നെ പലതവണ മുക്കി. എനിക്കൊരു വേദനയും തോന്നിയില്ല. ബോധത്തിന്റെ ഒരു കുഞ്ഞുനാളം മാത്രം അണയാന്‍ മടിച്ചുകൊണ്ട് ബാക്കിനിന്നു.

കൈകള്‍ പിണച്ച് ഞാന്‍ ചുരുണ്ടുകിടന്നു — നനഞ്ഞുകൊണ്ട്.

* * *

മുറിയുടെ നരച്ച പകലിലേക്ക് തിരിച്ചുവരുമ്പോള്‍ ആ നനവായിരുന്നു ശേഷിച്ചത്. പുറത്ത് ശബ്ദമില്ലാതെ മഴ പെയ്യുന്നുണ്ടെന്ന് തോന്നി. വിരിപ്പുകളില്‍ വിയര്‍പ്പിന്റെ അതേ ഗന്ധം. തളത്തില്‍ തയ്യല്‍ചക്രങ്ങളുടെ ശബ്ദം നിലച്ചിരുന്നു.

– ആ ദിവസമായിരിക്കുന്നു.

ദൈവത്തിന്റെ മേലങ്കി തുന്നിക്കഴിഞ്ഞു കാണണം.

അതുധരിക്കുന്നതോടെ ദൈവം മരിക്കും. മഴ തുടരുന്നുണ്ടാവും, അപ്പോഴും.

മഴ –

ഇതുപോലെ, ശബ്ദം കേള്‍പ്പിക്കാതെ.

– എനിക്കു തണുക്കുന്നു.

മുകളിലെ ചില്ലോടിലൂടെ ആരുടെ നോട്ടമാണ് ഈ മിന്നല്‍?

– കാണരുതേ.

എല്ലാ വെളിച്ചവും മായ്ച്ചുകളയുന്ന ഒരു ഇരുണ്ട മേഘത്തെ ഞാന്‍ ചില്ലോടിലൂടെ അന്വഷിച്ചു.